ഒരു ഗ്രാമത്തിന്റെ കഥ 1: ചരിത്രസത്യം, മുനീറിന്റെ കാഴ്ച്ചയിൽ
"മാക്കക്കുട്ടി
അവിട്ടി ചതപ്പ ഇട്ടി." ചില്ലുകൾ നഷ്ടപ്പെട്ട് അക്ഷരമേളപ്പറമ്പിൽ കൈവിട്ടു പോയൊരു കുട്ടിയെപ്പോലുള്ള ഈ വാചകം കാണുമ്പോൾ
നിങ്ങൾക്കെന്ത് തോന്നുന്നു? ഏതോ പെന്തക്കോസ്ത് പാസ്റ്റർ പറയുന്ന മറുഭാഷയാണെന്നോ, ഏതെങ്കിലും വിദൂര രാജ്യത്തെ ആദിമമായ ഭാഷയാണെന്നോ? ഒന്നുമല്ല. പണ്ട്, പണ്ടൊരിക്കൽ ഒരു മലയാളി ബാലൻ എഴുതിയതാണ് ഈ വാചകം. ഇതിൽ
വലിയൊരു അറിവ് ഒളിഞ്ഞിരിക്കുന്നുണ്ട്. എട്ടാം ക്ലാസ്സിലെ ചരിത്ര ക്ളാസ്സിലെ ടെസ്റ്റ്
പേപ്പറിന്, അക്ബറുടെ ഭരണപരിഷ്കാരങ്ങൾ എന്തൊക്കെ എന്ന ചോദ്യത്തിന് മുനീർ എന്ന് പറയുന്ന എന്റെ സഹപാഠി എഴുതിയ ഉത്തരമാണ് നിങ്ങൾ വായിച്ചത്. ഇത് കേട്ട് ക്ളാസ് ഒന്നടങ്കം
ചിരിച്ചു. അടിക്കാൻ ചൂരലുമായി കലിതുള്ളി നിന്ന യുവഅദ്ധ്യാപകനും ചിരിച്ചു പോയി. പക്ഷെ മുനീറിന് മാത്രം മനസ്സിലായില്ല എന്തുകൊണ്ടാണ് എല്ലാവരും തന്നെ നോക്കി ചിരിക്കുന്നതെന്ന്. അധ്യാപകൻ എന്നെ മുന്നോട്ട് വിളിച്ചു. ഞാൻ 'പഠിക്കുന്ന' കുട്ടിയായിരുന്നല്ലോ. അതിനാൽ, എന്റെ കൂട്ടുകാരനെ ഒരിക്കൽക്കൂടി അപമാനിക്കാനുള്ള ചുമതല അധ്യാപകൻ എനിയ്ക്ക് തന്നെ നൽകി. ഞാൻ വായിച്ചു: 'മാക്കക്കുട്ടി അവിട്ടി ചതപ്പ ഇട്ടി." ക്ലാസ്സ് ഒരിക്കൽക്കൂടി ചിരിച്ചു."
മുനീർ
മറന്നു പോയിട്ടുണ്ടാകണം ഈ സംഭവം. ഇപ്പോൾ
വളരെ പ്രായം ചെന്ന അധ്യാപകനും അന്ന് നമുക്കൊപ്പം ക്ലസ്സിലുണ്ടായിരുന്നിട്ട് ഇപ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് ചിതറിപ്പോയ കൂട്ടുകാരും ഒക്കെ ഇത് മറന്നു പോയിട്ടുണ്ടാകണം. പക്ഷെ ആ വാചകം, അന്ന്
ക്ലാസിൽ ഉറക്കെ വായിക്കുമ്പോൾ എന്റെ ഉള്ളിൽ കയറിയതായിരുന്നു. അതൊരിക്കലും ഇറങ്ങിപ്പോയില്ല.
എപ്പോഴൊക്കെ ഞാൻ ആ വാചകം ഓർക്കുമോ
അപ്പോഴൊക്കെ ഞാൻ മുനീറിനെ ഓർക്കും. അവനു സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ഓർക്കും.ഇന്ത്യയിൽ പലേടത്തും ജീവിച്ച ഞാൻ, പല സന്ദർഭങ്ങളിലും ചരിത്രം
ചർച്ചാ വിഷയമാകുമ്പോൾ ഈ കഥ കൂട്ടുകാർക്ക്
വേണ്ടി പറയും. അവരെല്ലാം ആ മറുഭാഷയുടെ അർത്ഥമറിയാതെ
എന്നെ നോക്കും. അത് അക്ബറുടെ ഭരണപരിഷ്കാരത്തിന്റെ ആകെത്തുകയായിരുന്നെന്നും ഇങ്ങനെയാണ് എന്റെ സുഹൃത്ത് അതേക്കുറിച്ച് എഴുതിയതെന്നും പറയുമ്പോൾ അവരും ചിരിക്കും. നിഷ്കളങ്കമായ ആ തമാശ ഇന്ന്
ഇപ്പോൾ ഈ എഴുത്തിൽ എത്തി
നിൽക്കുന്നു.
ഗ്രാമപാതയിലൂടെ
അന്ന് സ്കൂൾ വിട്ട്
ഞാനും മുനീറും നടന്നു പോവുകയാണ്. സൗന്ദര്യശാസ്ത്രപഠിപ്പ് അരികിൽക്കൂടി പോലും കടന്നു പോയിട്ടില്ലാത്ത ശ്രീനിയണ്ണൻ എന്ന തയ്യൽക്കാരൻ തയ്ച്ചു തരുന്ന പാവാട പോലുള്ള കാക്കി നിക്കറും മഞ്ഞ നിറമുള്ള റേഷൻ തുണി വെട്ടിത്തയ്ച്ച ഷർട്ടും ധരിച്ച അനാഗതശ്മശ്രുക്കളുടെ തന്മാത്രാ പ്രവാഹമാണ് അപ്പോൾ ഇടവഴികളിൽ. സ്കൂളിൽ നിന്നുള്ള
പ്രധാന ഇടവഴി വന്നിറങ്ങുന്നത് ചന്തമുക്കിലാണ്. അവിടെ സ്വദേശാഭിമാനി പ്രിന്റിങ് പ്രസ്സും അതിനുള്ളിൽ നിന്ന് നിരന്തരം കേൾക്കുന്ന പ്രെസ്സിന്റെ ശബ്ദവും ഉണ്ടായിരുന്നു. തൊട്ടടുത്ത് കടയ്ക്കാവൂർക്കാരന്റെ പലചരക്ക് കട. അതിനപ്പുറത്ത് ഒരു വലിയ വാതിൽ. ആ വാതിലിലൂടെ മറ്റൊരു
യന്ത്രത്തിന്റെ ശബ്ദവും ശുദ്ധമായ വെളിച്ചെണ്ണയുടെയും പിണ്ണാക്കിന്റെയും മണം വന്നുകൊണ്ടിരിക്കും. ആ വാതിലിനോട് ചേർന്നാണ്
എന്റെ ഗ്രാമത്തിലെ ഒരേ ഒരു കൈത്തറി വസ്ത്രങ്ങൾ വിൽക്കുന്ന കട. ഹാൻടെക്സ് എന്ന് ഞങ്ങൾ അതിനെ വിളിച്ചു. ഈ നിരക്കെട്ടിടങ്ങൾക്ക് മുകളിൽനിന്നു മറ്റൊരു
യന്ത്രത്തിന്റെ ശബ്ദം നിരന്തരം വന്നു കൊണ്ടിരുന്നു. അത് ടൈപ് റൈറ്ററുകളുടെ ശബ്ദമായിരുന്നു.
അവിടെയാണ്
പ്രശസ്തമായ പിറ്റ്മാൻസ് ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട്. ഒരു കുടുംബമാണ് അത് നടത്തുന്നത്. അക്കാലത്ത് ഏതെങ്കിലും കെട്ടിടത്തിന് ഒരു രണ്ടാം നിലയുണ്ടെങ്കിൽ മുകളിലത്തെ നില ഉറപ്പായും ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു. ഇന്ന് കമ്പ്യൂട്ടർ പഠിക്കുന്നത് പോലെയാണ് അന്ന് ടൈപ്പ് റൈറ്റിങ് പഠിക്കുന്നത്. ഞാനും ഈ ഇന്സ്ടിട്യൂട്ടിലാണ് പത്താം ക്ളാസ് കഴിഞ്ഞയുടൻ ടൈപ്പ് പഠിക്കാൻ പോയത്. എ എസ് ഡി
എഫ് ജി എഫ്, എൽ
കെ ജെ എച്ച് ജെ
എന്ന് അടിച്ചു കൊണ്ട് തുടങ്ങുന്ന ആ യജ്ഞം ലോവറും
ഹയ്യറും പാസാകുന്നതിൽ ചെന്ന് നിൽക്കും. പത്താം ക്ളാസും മേൽപ്പറഞ്ഞ
ക്വാളിഫിക്കേഷനും ഉണ്ടെങ്കിൽ അക്കാലത്ത് ജോലി ഉറപ്പായിരുന്നു. ജോലി കിട്ടിയാലും ഇല്ലെങ്കിലും പെൺകുട്ടികളെ സിക്സ്ത് പാസായി ടൈപ്പും പഠിച്ചു കഴിഞ്ഞാൽ കെട്ടിച്ചു വിടും. ടൈപ്പ് പഠിക്കുന്നത് തന്നെ കല്യാണാലോചനകൾ വരുന്നത് വരെ പെണ്ണിനെ ഒന്ന് എൻഗേജ് ചെയ്ത് നിർത്തുന്നതിന് വേണ്ടിയായിരുന്നു. പത്താം ക്ലാസ്സ്, പ്രീഡിഗ്രി, ഡിഗ്രി തുടങ്ങിയ ക്ളാസ്സുകൾ പാസായ
യുവാക്കളും ടൈപ്പ് പഠിച്ചിരുന്നു. അക്കാലത്തു മിക്കവാറും പുരുഷന്മാർ വിവാഹം കഴിച്ചിരുന്നത് മുപ്പത്തിയഞ്ചാമത്തെ വയസ്സിലായിരുന്നു. പെണ്ണും ചെറുക്കനും തമ്മിൽ പത്തു വയസ്സിന്റെയെങ്കിലും വിടവ് ഉണ്ടാകാൻ കാരണം ഈ ജോലി കിട്ടലുമായി
ബന്ധപ്പെട്ട കാത്തിരിപ്പായിരുന്നു. അതിനാൽത്തന്നെ എല്ലാ ഗ്രാമങ്ങളിലും സ്വവർഗാനുരാഗം ആരുമറിയാതെ നടന്നിരുന്നു.
ഇടവഴിയിൽ
നിന്ന് ഇടത്തേക്ക് തിരിഞ്ഞു വേണം നമുക്ക് പോകാൻ. അപ്പോൾ ചന്തമുക്കിൽത്തന്നെയുള്ള ഭാനുവാശാന്റെ ചായക്കട കാണും. ഏറ്റവും നല്ല പഴഗുണ്ടുകൾ ലഭിച്ചിരുന്ന കടയായിരുന്നു അത്. ഭാനുവാശാൻ ആ പലഹാരം മാത്രമേ
ഉണ്ടാക്കിയിരുന്നുള്ളൂ.
ഗുണ്ടും ചായയും ആയിരുന്നു ഏതു ചായക്കടയിലും കിട്ടുന്ന പ്രധാനവിഭവങ്ങൾ. ഗോതമ്പുമാവിൽ പഴം ചേർത്ത് ഞെരടി (ഞവിടി എന്നാണ് പറയുന്നത്) വലിയ ഉണ്ടകളാക്കി ഉരുട്ടി എണ്ണയിൽ പൊരിച്ചെടുക്കുന്നതാണ് ഇത്. അതിലൊന്ന് വാങ്ങിത്തിന്ന് കുറെ വെള്ളം കുടിച്ചാൽ മൂന്നു നാല് മണിക്കൂർ വിശപ്പേ കാണില്ല. സ്കൂളിലെ പല
കുട്ടികളും ഒരു ഗുണ്ടിലും വെള്ളത്തിലുമാണ് ജീവിച്ചിരുന്നത്. ഭാനുവാശാന്റെ കടയുടെ പ്രത്യേകത എന്തെന്ന് വെച്ചാൽ, ആ ഒറ്റനില കെട്ടിടത്തിന്റെ
മുന്നിൽ പാരപ്പെറ്റിനു മധ്യത്തായി തലയിൽ മത്തങ്ങാ പോലൊരു സംഗതി വെച്ചിട്ട് ഒരു കൈ അതിലും മറു
കൈ സ്വന്തം ലിംഗത്തിലും പിടിച്ചു കൊണ്ടിരിക്കുന്ന ഒരു കുരങ്ങന്റെ പ്രതിമ ഉണ്ടായിരുന്നു. ആ പ്രതിമയെ നോക്കി
സ്കൂൾകുട്ടികൾ എല്ലാവരും ചിരിച്ചിരുന്നു.
ഗ്രാമത്തിൽ
പ്രതിമയുള്ള വീടുകൾ കുറവായിരുന്നു. പ്രതിമയുള്ള വീടുകൾക്ക് വേറെ എന്ത് പേരുണ്ടായിരുന്നുവെങ്കിലും അവയെ തിരിച്ചറിഞ്ഞിരുന്നത് ആ പ്രതിമകളുടെ പേര്
പറഞ്ഞു കൊണ്ടാണ്. ഗൾഫ് ബൂം വരുന്നതിന് മുൻപ് തന്നെ കയർ ബിസിനസും നാളികേര ബിസിനസും കൊണ്ട് സമ്പന്നരായവരുടെ വീടുകളുടെ പടിപ്പുരകളിലായിരുന്നു ഇത്തരം പ്രതിമകൾ ഉണ്ടായിരുന്നത്. ആ വീടുകളിൽ ഏറെയും
ഓടിട്ടവയും മുന്നോട്ടു തള്ളി നിൽക്കുന്ന പൂമുഖവും വശങ്ങളിലേക്ക് വിടരുന്ന മുറികളും ഉള്ള, ക്ലാവറിന്റെ ആകൃതിയുള്ള (കൂവളത്തിലയുടെ രൂപമുള്ള) വീടുകളായിരുന്നു. അടുക്കളഭാഗം മിക്കവാറും വീടിന്റെ ഇടത് വശത്തു പിന്നിലായി വശത്തേയ്ക്ക് നീണ്ടു പോയിരുന്നു. രണ്ടു സിംഹങ്ങൾ പടിപ്പുര കാക്കുന്ന വീടുകളിലൊന്ന് തോപ്പിക്കവിളാകം എന്ന് പറയുന്ന സ്ഥലത്തും രണ്ടാമത്തേത് എന്റെ വീടിനു തൊട്ടടുത്തുള്ള പുളിമൂട്ടിലും ആയിരുന്നു. രണ്ടു തത്തകൾ പുറംതിരിഞ്ഞിരിക്കുന്ന പടിപ്പുരയുള്ള വീട് അബുവിന്റേതായിരുന്നു. അബു ഇപ്പോൾ തിരുവനന്തപുരം മ്യൂസിയത്തിന്റെ ഡയറക്ടറും ചീഫ് ക്യൂറേറ്ററും ആണ്. ഗൾഫ് ബൂം വന്നതോടെ സിംഹങ്ങൾ, കോമാളികൾ, കുടമേന്തിയ സുന്ദരി, കുരങ്ങ് എന്നിവ പിൻവാങ്ങുകയും ആ സ്ഥാനങ്ങളിൽ ദൈവങ്ങളുടെ
പ്രതിമകൾ സ്ഥാനം പിടിക്കുകയും ചെയ്തു. പിന്നെ പുതുതായി ഉയർന്ന ഒറ്റനില കോൺക്രീറ്റ് വീടുകൾക്ക് മുന്നിൽ ഒരു ഷോ വാൾ ഉണ്ടായി.
ഈ ഷോ വാളിൽ കമേഴ്സ്യൽ കലാകാരന്മാർ സീനറികൾ എന്നറിയപ്പെടുന്ന പ്രകൃതിദൃശ്യങ്ങളോ കിളികളുടെ പടമോ വരച്ചു ചേർത്തു. ഏറെക്കാലം കഴിഞ്ഞ്, ഗൾഫിൽ നിന്ന് പലരും തിരികെ എത്തി, സാമ്പത്തികമായി അരക്ഷിതാവസ്ഥയിൽ എത്തിയതോടെ ഈ ഷോ വാളുകൾ
വെയിലേറ്റ് മങ്ങിക്കിടന്നു.
മുനീറും
ഞാനും കുറെ നേരം മിണ്ടാതെ നടന്നു. അവനു നല്ല ഉറച്ച ശരീരമുണ്ട്; എനിയ്ക്കാകട്ടെ അമുൽ ബേബിയുടെ തുള്ളിത്തുളുമ്പുന്ന ശരീരവും. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴേ അവന്റെ തോളുകൾ വിരിഞ്ഞിരുന്നു. അവന്റെ കൈപ്പത്തികൾക്കുള്ളിൽ തഴമ്പുകൾ ഉണ്ടായിരുന്നു. എന്റെ സഹപാഠികളിൽ ഏറെപ്പേരും കൂലിപ്പണി ചെയ്യുന്നവരുടെ വീട്ടിൽനിന്ന് വരുന്നവരാകയാൽ കുട്ടിക്കാലത്തെ തന്നെ എന്റെ കൂട്ടുകാരും ഒഴിവു ദിവസങ്ങളിൽ മാതാപിതാക്കളെ അവരുടെ പണിയിൽ സഹായിച്ചിരുന്നു. എന്റെ കൂട്ടുകാരിൽ മിക്കവർക്കും ഒരു ഹോബി ഉണ്ടായിരുന്നു. അവരുടെ പരുക്കൻ കൈ വെച്ച് എന്റെ
മാംസളമായ തുടകളിൽ അടിക്കുക! തികച്ചും അപ്രതീക്ഷിതമാകും ഈ അടി. കണ്ണിൽ
നിന്ന് പൊന്നീച്ച പറക്കും. തുടയിൽ അവരുടെ കൈപ്പാട് തിണർത്തു വരും. മുനീർ എന്നെ അടിക്കില്ലായിരുന്നു. എങ്കിലും അവന്റെ കൈകളിൽ സ്പർശിക്കുമ്പോൾ എനിയ്ക്ക് ഭയം തോന്നിയിരുന്നു. അവന്റെ വാപ്പയും സഹോദരങ്ങളും വള്ളം ഊന്നുന്നവരായിരുന്നു. കായിക്കര എന്ന ഗ്രാമത്തിനും വക്കം എന്ന് പേരുള്ള നമ്മുടെ ഗ്രാമത്തിനും ഇടയിലുള്ള അഞ്ചുതെങ്ങ് കായലിൽ പലേടത്തും കടത്തുണ്ട്. അതിൽ കായിക്കര കടത്ത് കൈകാര്യം ചെയ്തിരുന്നത് മുനീറും കുടുംബവുമായിരുന്നു. മുനീറിന് കുട്ടിക്കാലത്ത് തന്നെ നീന്താനും വള്ളം ഊന്നാനും അറിയാമായിരുന്നു.
കുറെ
ദൂരം കഴിഞ്ഞപ്പോൾ ഞാൻ മുനീറിനോട് ചോദിച്ചു: "എന്താണ് നീ അങ്ങനെ എഴുതിയത്?"
അവൻ എന്റെ മുഖത്ത് നോക്കി. "അത് അക്ബർ ചക്രവർത്തിയുടെ ഭരണപരിഷ്കാരങ്ങൾ ആണ്," അവൻ ഉറപ്പിച്ചു പറഞ്ഞു. "എങ്കിൽ നീയത് ഒന്ന് പറഞ്ഞു തരൂ," ഞാൻ ആവശ്യപ്പെട്ടു. അവൻ പറഞ്ഞു തുടങ്ങി: "മുഗൾ ചക്രവർത്തിമാരിൽ ഏറ്റവും പ്രധാനിയായിരുന്നു അക്ബർ ചക്രവർത്തി. അദ്ദേഹത്തിന്റെ ഭരണകാലം മതസൗഹാർദ്ദത്തിന്റേതും കലകളുടേതും ആയിരുന്നു. അദ്ദേഹം വിവാഹം കഴിച്ചത് ജോധാഭായി എന്ന രജപുത്ര വനിതയെ ആയിരുന്നു. അദ്ദേഹത്തിന് മതസഹിഷ്ണുത ഉണ്ടായിരുന്നു. അദ്ദേഹം ഹിന്ദു മതത്തിലെയും ഇസ്ലാം മതത്തിലെയും എല്ലാ നല്ല വശങ്ങളും കൂട്ടിച്ചേർത്ത് ദീൻ ഇലാഹി എന്നൊരു മതം ഉണ്ടാക്കി," മുനീർ വിദൂരതയിലേക്ക് നോക്കി പറഞ്ഞു. അപ്പോഴേയ്ക്കും നമ്മൾ ഗ്രാമത്തിലെ രണ്ടാമത്തെ ടൈപ്പ് റൈറ്റിങ് ഇന്സ്ടിട്യൂട്ടും രണ്ടാമത്തെ ആയുർവേദ വൈദ്യശാലയും രണ്ടാമത്തെ പ്രസ്സും രണ്ടാമത്തെ തുന്നൽക്കടയും രണ്ടാമത്തെ ചാരായഷാപ്പും കടന്നു പോയിരുന്നു. "പിന്നെ നീ എന്തിനാണ് മാക്കക്കുട്ടി
അവിട്ടി ചതപ്പ ഇട്ടി എന്നെഴുതിയത്," ഞാൻ ചോദിച്ചു. "ഞാൻ അങ്ങനെയല്ല എഴുതിയത്. ഇപ്പോൾ പറഞ്ഞതാണ് എഴുതിയത്," മുനീർ ഉറപ്പിച്ചു പറഞ്ഞു.
മനസ്സിലുള്ളത്
അത് പോലെ ഭാഷയിലേക്ക് പകർത്താൻ കഴിയാത്ത തരത്തിൽ ഡിസ്ലെക്സിയ പോലുള്ള എന്തോ ഒരു പ്രശ്നം ആയിരുന്നിരിക്കാം അക്കാലത്ത് മുനീറിനുണ്ടായിരുന്നത്. പക്ഷെ അത് തിരിച്ചറിയാൻ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. സ്കൂളിൽ മുനീർ
പലപ്പോഴും ചിരിക്കു കാരണമായി. മുനീറിന്റെ മാത്രമല്ല പലരുടെയും ഉത്തരക്കടലാസുകളിൽ വിചിത്രമായ പല ഉത്തരങ്ങളും പ്രത്യക്ഷപ്പെട്ടു.
ഒരിക്കൽ വളരെ നിഷ്കളങ്കമായി ഞാനും അതുപോലൊരു ഉത്തരം എഴുതി. ഒമ്പതാം ക്ലസ്സിലായിരുന്നു അന്ന് ഞാൻ. വിഷയം ചരിത്രം തന്നെ. ചോദ്യം ഇതായിരുന്നു: കേരളചരിത്രരചന ദുഷ്കരമായിരിക്കുന്നത് എന്ത് കൊണ്ട്? എത്ര ആലോചിച്ചിട്ടും എനിയ്ക്ക് ആ ചോദ്യത്തിന്റെ പൊരുൾ
മനസ്സിലായില്ല. അതിനാൽ ഞാൻ എഴുതിയ ഉത്തരം ഏകദേശം ഇങ്ങനെ ഇരുന്നു: "കേരളചരിത്ര പാഠപുസ്തകം വന്നത് തന്നെ ഓണപ്പരീക്ഷ കഴിഞ്ഞിട്ടാണ്. പല പാഠങ്ങളും മനസ്സിലാക്കാൻ
കഴിയാത്ത വിധത്തിൽ സങ്കീർണ്ണമാണ്. പിന്നെ ക്ളാസിൽ അദ്ധ്യാപിക
വായിച്ചു പറഞ്ഞു തരികയാണ് പതിവ്. അത് പലപ്പോഴും മനസ്സിലാവാറില്ല." ആ പരീക്ഷയിൽ എനിയ്ക്ക്
ചരിത്രത്തിന് മാർക്ക് കുറവായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സത്യത്തിൽ, കേരളം ചരിത്ര രചനയ്ക്കാവശ്യമായ പല ഗവേഷണ സാമഗ്രികളും
ലഭ്യമല്ലാത്തതിനാലാണ്
ചരിത്രരചന ദുഷ്കരമായിരിക്കുന്നത് എന്നതായിരുന്നു അതിനുള്ള ഉത്തരം. ഗ്രാമപ്രമുഖനും രാഷ്ട്രീയനേതാവുമൊക്കെ ആയിരുന്നു എന്റെ അച്ഛൻ എന്നതിനാൽ മുനീറിന് നേരിടേണ്ടി വന്ന വിചാരണ എനിയ്ക്ക് നേരിടേണ്ടി വന്നില്ല. അതൊരു അനീതിയായി ഞാൻ പിൽക്കാലത്ത് തിരിച്ചറിഞ്ഞു.
വർഷങ്ങൾ
കടന്നു പോയി. മറ്റെല്ലാ ചെറുപ്പക്കാരെയും പോലെ മുനീറും തന്റെ ഭാഗ്യം ഗള്ഫ നാടുകളിൽ പരീക്ഷിച്ചു; കുറെ വർഷങ്ങൾക്ക് ശേഷം അവൻ തിരികെ വന്ന് വള്ളം ഊന്നലിലേയ്ക്ക് തിരിഞ്ഞു. ഒപ്പം പള്ളിയിലെയും മദ്രസയിലെയും കാര്യങ്ങളിൽ അവൻ വല്ലാതെ മുഴുകി. മുനീറിന്റെ സഹോദരിമാരും, അത് പോലെ എനിയ്ക്ക് പരിചയമുണ്ടായിരുന്ന പല മുസ്ലിം
കുട്ടികളും അവരുടെ മക്കളുമൊക്കെ പർദ്ദയും മറ്റും അണിഞ്ഞു തുടങ്ങി. പക്ഷെ അത് ഗ്രാമത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അകൽച്ചയ്ക്കൊന്നും കാരണമായില്ല. കുറെ ചെറുപ്പക്കാർ തമ്മിൽ അടിയുണ്ടാക്കി, അതിലൊരു പയ്യനെ എതിർകക്ഷികൾ തൊപ്പിക്കവിളാകത്തിട്ട് മർദ്ദിച്ചു കൊന്നു. മരിച്ച മുസ്ലിം യുവാവ് പുത്തൻനട എന്ന ക്ഷേത്രത്തിലെ ഒരു മുഖ്യ പ്രവർത്തകനായിരുന്നു. അവന്റെ മരണം നടന്ന വര്ഷം ക്ഷേത്രം ഭാരവാഹികൾ അവനോടുള്ള ബഹുമാനാർത്ഥം ഉത്സവം നടത്തിയില്ല. പക്ഷേ മുനീർ മറ്റൊരാളായി മാറി. അവൻ ചരിത്രത്തിലും മഹാഭാരതം, രാമായണം, ഖുർആൻ, ബൈബിൾ എന്നിവയിലും നിഷ്ണാതനായി. വള്ളമൂന്നവെ യാത്രക്കാരോട് അവൻ മതദർശനങ്ങൾ പറഞ്ഞു അവരെ അത്ഭുതപ്പെടുത്തി. കായൽ പോലെ പരന്നതും അഗാധവുമാണ് ജീവിതമെന്നും അതിന്റെ സത്ത ജലത്തിലെ നനവ് പോലെ എല്ലായിടത്തും ഒന്നാണെന്നും അവൻ പറഞ്ഞുകൊണ്ടേയിരുന്നു. ഇപ്പോഴും അവൻ അത് ചെയ്യുന്നുണ്ടാകണം. ഞാനിപ്പോൾ മുനീറിനെക്കണ്ടിട്ട് ഒരു പാട് വര്ഷങ്ങളായി.
-- ജോണി
എം എൽ
Comments
Post a Comment