തീപ്പൊരി ; ബന്ന ഇലയ്യയുടെ കവിത



(ബന്ന ഇലയ്യ)




ഇരുട്ടിന്റെ ചിത്രപടത്തിനു പിറകിൽ
ഒരേ ഒരു നിറം മാത്രമേ കാണുന്നുള്ളൂ
കറുപ്പ് മാത്രം, ഇരുണ്ടത്, ടാറിന്റെ കറുപ്പ്
ജീവിത ദുരിതങ്ങളുടെ നിറം -
ഇന്നിന്റെ കവിതയുടെ മൂല പദം


2

നോക്കൂ, ഞാൻ പുതിയ അടിസ്ഥാന പദങ്ങളുണ്ടാക്കുകയാണ്.
പഞ്ചാക്ഷരികളെല്ലാം തീർച്ചയായും
പഞ്ചമ വർണ്ണത്തിന്റെ അക്ഷരങ്ങളാകാൻ പോകുന്നു
ഇവിടെത്തന്നെ,

എവിടെയാണോ ഒരു വഞ്ചനയും അറിയാതിരുന്നത്
എവിടെയാണോ ഒരു കൗടില്യവും മനസ്സിലാക്കാതിരുന്നത്.
ആരാണ് ജാതിപ്പടിയിൽ എവിടെയെന്ന്
എന്തുകൊണ്ടെന്ന് അറിയാതെ
നമുക്കത് നഷ്ടപ്പെട്ടുപോയിരുന്നു.


ഇവിടെയാണ്
വർണ്ണശബളമായ ജീവിതം
അതിന്റെ പൂർണ്ണതയിൽ നഷ്ടമായത്.
എങ്ങിനെയാണ് നമ്മുടെ കൈകളിൽ നിന്ന്
ജീവിതം വഴുതിപ്പോയത്
ചരിത്രത്തിന്റെ ആഴങ്ങളിൽ ഒന്ന് നോക്കൂ
എത്ര ഹരിതവനങ്ങളാണ് നമ്മെ കൈവിട്ടുകളഞ്ഞത്
നമ്മുടെ അസ്തിത്വത്തിനെത്തന്നെ അവഗണിച്ചു കൊണ്ട്
എത്ര വന്യവാതങ്ങളാണ് വീശിക്കടന്നത്.
നമ്മുടെ സ്ഥലങ്ങൾക്ക്, തുറസ്സുകൾക്ക്, പാടങ്ങൾക്ക്
വസ്തുവകകൾക്ക്, നഷ്ടപ്പെട്ട അവകാശങ്ങൾക്ക്
അവയെന്തു കൊണ്ട് നഷ്ടപ്പെട്ടുവെന്നതിന്
ഖനികളിലെ  നീക്കിയിരിപ്പുകൾ തന്നെ
മതിയായ തെളിവുകൾ.
ഗ്രാമമധ്യത്തിലെ മൂകശില
ആദ്യത്തെ ദൃക്സാക്ഷിയായതാ നിൽക്കുന്നു.


എല്ലാം നഷ്ടപ്പെട്ടിട്ടും ബാക്കി വന്നതെന്താണ്?
ചരിത്രത്തിനറിയാം


എല്ലാം നഷ്ടപ്പെട്ടിട്ടും
എന്താണ് നമ്മിൽ അവശേഷിക്കുന്നതെന്ന്;
അധികമായി നമ്മിലവശേഷിക്കുന്നതെന്ത്,
അതാരുടെ കൈകളിൽ, എന്തുകൊണ്ട്
എന്താണ് നഷ്ടപ്പെട്ടത്.


ഞാൻ, ചരിത്രത്തിന്റെ അരികുകളിൽ വെച്ച്
പറ്റിക്കപ്പെട്ടവൻ, എനിയ്ക്കും അതറിയാം.
നഷ്ടമായത് തിരിച്ചു കിട്ടും വരെ
സമരം അനിവാര്യമായിരിക്കുന്നു.

3

നഷ്ടപ്പെട്ടിടത്തു തിരയുക എന്നതാണ്
ഇന്നിന്റെ നൈതികത.
എത്ര നദികളിലെ അണകൾ പൊട്ടിച്ചാലാണ്
നഷ്ടമായത് തിരികെക്കിട്ടുക
അതെന്റെ കൈകൾക്കറിയാം.
എത്ര സമുദ്രങ്ങൾക്കാണ് കവിഞ്ഞു പൊന്തേണ്ടിയിരുന്നത്
എന്റെ ഹൃദയത്തിനറിയാം.
എത്ര പാത്രങ്ങളിലാണ് ചോര നിറച്ചു വെക്കേണ്ടത്
കാലത്തിന് അറിയാം.
അതിരിക്കട്ടെ
ഒരാളെ നേരിടേണ്ടത് എങ്ങിനെയെന്നറിയുമോ?
പരസ്പരം കാണാത്ത കണ്മണികളാണ് നാം
പിന്നെയെങ്ങനെ നീയതറിയും?
ഒന്നിൽ നിന്ന് രണ്ട് എങ്ങിനെ പിരിയുമെന്ന
മാർക്സിസ്റ്റ് വൈരുദ്ധ്യാത്മക വെറുംവാദം
നിങ്ങൾക്ക് ആവർത്തിച്ച്  ചൊല്ലാനെ കഴിയൂ.
ഞാൻ വീണ്ടും പറയുകയാണ്,
ഒരു പക്ഷെ നമുക്ക് നഷ്ടപ്പെട്ടത്
സ്വപ്നങ്ങളുടെ നിറമുള്ള ഒരു ചിത്രമാകാം,
നമുക്ക് നഷ്ടപ്പെട്ടത് നിങ്ങൾ പരിരക്ഷിച്ചു.

നിങ്ങളുടെ പ്രസ്ഥാനങ്ങളിൽ നിന്ന്
നിങ്ങൾ ഞങ്ങളെ നിഷ്കാസനം ചെയ്തു
ഞങ്ങളുടെ ചരിത്രത്തിൽ പുകക്കറ തേച്ചു പിടിപ്പിച്ച്
നിങ്ങൾ ഞങ്ങളെയാകെ അസ്പൃശ്യരാക്കി.
എന്താണ് വേണ്ടത് അത് കിട്ടും വരെ
ഞങ്ങൾ സ്വപ്നം കാണുക തന്നെ ചെയ്യും,
വേണ്ടിവന്നാൽ ഒറ്റയ്ക്ക്.

രണ്ടു കണ്ണുകൾ കൊണ്ട് ഞാൻ സ്വപ്നം കാണും
രണ്ടും രണ്ടും ചേർന്ന നാല് കണ്ണുള്ള സ്വപ്നം.
നാം നടക്കുന്ന വഴികളിൽ
നാമന്വേഷിക്കുന്നത് ചിതറി വീഴും വരെ
സ്വപ്നങ്ങൾ നമുക്ക് വഴിവിളക്കുകളാകും.
സത്യത്തിൽ എന്റെ സ്വപ്നം എന്റേത് മാത്രമല്ല.
ഒരു സമൂഹത്തിന്റെ കാഴ്ചയിൽ നിന്നുരുവാകുന്ന
നക്ഷത്രത്തിളക്കമാണ് എന്റെ കവിത. 



4


നാളുകളിലെല്ലാം
നമുക്കൊപ്പം നിന്ന ഭാഷ എന്നത്
കണ്ണുനീരായിരുന്നു.
ഇതുവരെ നാം ശീലിച്ച വാക്കുകളുടെ
സാരാംശം എന്നത് വിശപ്പായിരുന്നു.
ഇതുവരെ നാം പഠിച്ചത്
നിങ്ങളുടെ മുന്നിൽ തലകുനിച്ചു
അനുസരണയോടെ വിധേയപ്പെടാനായിരുന്നു.
ഇപ്പോൾ നമ്മുടെ വാക്ക് 'ആത്മാഭിമാനം' എന്നാണ്
ഇപ്പോൾ നമ്മുടെ പാത 'വിമോചന'ത്തിന്റേതാണ്.
കാരണം നമ്മുടെ ശ്രമങ്ങൾക്ക്
വിശ്രമമെന്നൊന്നില്ല.

അന്തമില്ലാത്ത വേലപ്പാട്ടിൽ
രണ്ടു കൈകളാകുന്ന കഞ്ഞി വെള്ളത്തിൽ, രണ്ടു കാലുകളിൽ
രണ്ടും രണ്ടും നാല് ദിവസത്തെ ഉണ്ണാവ്രതത്തിൽ
ജീവിതം കൊണ്ട് നാമറിഞ്ഞത് ഇത്രമാത്രം;
നിങ്ങളെ സേവിക്കുക, ഒടുക്കം വരെ സേവിക്കുക.
മൂന്നു ഘട്ടങ്ങളിലെല്ലാം, ഇപ്പോഴും
അപമാനനത്തിന്റെ തീജ്വാലകളാണ്.

പണിയെടുപ്പിന്റെ മൂന്നു തവണകളിൽ
ജനിച്ച കണ്ണുനീർത്തുള്ളി
ആത്മാഭിമാനത്തിന്റെ കൊടുവാളായി ഉയരുന്നു.
മൂന്നു കൈവഴികളായിപ്പിരിഞ്ഞ
മുഴുവൻ ശരീരവും
ഇപ്പോൾ പ്രതിഷേധം കൊണ്ട് ചുവക്കുന്നു.
അതെ ജീവിതം മുഴുവൻ
നമ്മൾ പ്രതിമകളായി, പുരാവസ്തുക്കളായി
കഴിയുകയായിരുന്നു എന്ന് നമുക്കറിയാം.
ത്യാഗം നമ്മുടെ സ്വഭാവം ആയിരിക്കുന്നു.
അലസജീവിതവും ആഡംബരവും നിങ്ങളുടേതായിരിക്കുന്നു.

5
ഇരുണ്ട വഴികളിലൂടെ, ഇരുണ്ട ഗുഹകളിൽ നിന്ന്
ഇരുണ്ട താവളങ്ങളിൽ എന്റെ ആളുകൾ
ഇട്ടേച്ചു പോയ കാലാടിപ്പാടുകളാണ്
എന്റെ കാവ്യഭാഷയ്ക്കു ശബ്ദം കൊടുക്കുന്നത്.
എന്റെ കുരലിലെ ശബ്ദങ്ങൾക്ക്
അവ ഭൂമിയുടെ മണം  പകുത്തുകൊടുക്കുന്നു.

എന്നിട്ടും ഇത് ചത്ത കാളയുടെ
പുഴുത്ത ശവത്തിന്റെ ഭാഷായാണിതെന്ന്
നിങ്ങൾ പറയുകയാണോ,
ചോരപുരണ്ട ചോദ്യങ്ങൾ
എന്തുകൊണ്ട് ഞങ്ങളിൽ നിന്ന് വരുന്നെന്നോ,
ഇതിൽ ഇരുണ്ട ചിത്രങ്ങളുടെ നിഴലുകൾ എന്തുകൊണ്ടെന്നോ,
നിങ്ങൾ ഇപ്പോഴും വിഷം വമിച്ചു കൊണ്ട്
ചരിത്രത്തിന്റെ മൂലയിൽ വെച്ച്
ഒരിക്കൽക്കൂടി പിന്നിൽ നിന്ന് കുത്താൻ തയ്യാറെടുക്കുകയാണോ!
അങ്ങിനെയെങ്കിൽ വശം തന്നെ പിടിച്ചുകൊള്ളൂ
നിലപാട് തന്നെ എടുത്തുകൊള്ളൂ.
ദുർബലരായ ശത്രുക്കളായി തുടരൂ.
പക്ഷെ നമുക്ക് വേണ്ടത് പ്രതിഷേധത്തിന്റെ ചരിത്രമാണ്.
നമുക്ക് വേണ്ടത് ഭൂതകാലത്തിന്റെ സത്യകഥനമാണ്.
പഞ്ച -വർണ്ണത്തിന്റെ ചരിത്രത്താളുകളിൽ
നമ്മുടെ വായ്ക്കു മുന്നിൽക്കെട്ടിയായ
തുപ്പലക്കുടങ്ങൾ ഞങ്ങൾ എന്നേ ഉടച്ചു കഴിഞ്ഞു.
നിങ്ങൾ തന്ന ഈർക്കിൽച്ചൂലുകൾ
ഞങ്ങൾ പൊളിച്ചെറിഞ്ഞു കഴിഞ്ഞു.
നമുക്ക് വേണ്ടത്
നാം നേടാൻ ആഗ്രഹിക്കുന്നത്
നിങ്ങളുടെ വിവരണങ്ങളിൽ നിന്ന്
മറഞ്ഞു പോയിരിക്കുന്നു,
നിങ്ങളുടെ മേൽക്കോയ്മയും
ജാതി മർദ്ദനവും.

ഇന്ന് നമ്മുടെ ചോര പുരണ്ട വാക്കുകൾ
നോക്കൂ എങ്ങിനെ ചരിത്രസ്മരണകളെ ജ്വലിപ്പിക്കുന്നുവെന്ന്!

6
നിഴൽഘടികാരങ്ങളിൽ നിന്ന്
ജലഘടികാരങ്ങളിൽ നിന്ന്
കൂർത്ത ശിലായുധങ്ങൾക്ക് മേലെ
ലോഹവാളുകളുടെ മൂർച്ചയിലൂടെ
ഞാനാണ് പാമ്പുകളുമായി സഖ്യം ചെയ്തത്
ഞാൻ കൃത്യതയോടെ അൾത്താരകൾക്കു മുന്നിൽ
യജ്ഞങ്ങളിൽ, യാഗങ്ങളിൽ അനുഷ്ഠാനങ്ങളിൽ
ഉരുണ്ട തലയുടെ എണ്ണം എടുത്തത്.

ഞാൻ ഭൂതകാലത്തിനു മുതൽക്കൂട്ടിയിരിക്കുന്നു
അതിൽ നിന്ന് ഞാൻ വർത്തമാനകാലത്തെ കുറയ്ക്കും
പിന്നെ എന്റെ കണക്കിൽ ഞാൻ ഭാവിയെ വരവ് വെയ്ക്കും.

ഓരോ വാളിലും കാണപ്പെടുന്ന വിരൽപ്പാടുകൾ
ആരുടേതാണെന്ന് ഞാൻ പറയണോ

നമ്മുടെ തലകൾ കുനിച്ചു കളഞ്ഞ ക്രൂരത
ആരുടെ മനസ്സിലാണ് ഇഴുകിയിരിക്കുന്നതെന്ന്
ഞാൻ വെളിപ്പെടുത്തണോ,

ധർഷണം ചെയ്യപ്പെട്ട ഓരോ ചാരിത്ര്യത്തിലും
ആരുടെ പതനമാണ് കാണുന്നതെന്ന് ഞാൻ വിവരിക്കണോ!
ഇന്നത്തെ ജാതി നമ്മുടെ ജീവിതങ്ങളുടെ
ദുരന്ത സംഗീതം മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്
എന്നതിൽ അതിശയിക്കേണ്ടതില്ല.

7

ഭൂതകാലത്തിൽ മനുഷ്യൻ എങ്ങിനെ
മുന്നോട്ടു നടന്നു എന്നതിന്റെ
ചരിത്രപശ്ചാത്തലം എനിയ്ക്കു നിർണ്ണയിക്കാം
എന്ന് മാത്രമല്ല എനിയ്ക്കു ഭാവിയുടെ
താളം കൂടി പിടിച്ചെടുക്കാനാകും.
കാലങ്ങൾ മുന്നേ ഇരുണ്ട സാമ്രാജ്യങ്ങൾക്കു മേൽ
നിങ്ങളുടെ കാട്ടാളത്വം പരമാധികാരം നടത്തേ
നമ്മൾ കൂടില്ലാത്ത പക്ഷികളായിപ്പോയി.
പിന്നീടും
നമ്മൾ പേരില്ലാത്ത കടവാവലുകളായി തുടർന്നു.
നമ്മളെ നടക്കാൻ പഠിപ്പിച്ച അതെ കാലം
നിങ്ങൾക്ക് കുടയുടെ തണലേകി.
എന്നിട്ടും നമ്മൾ നമ്മുടെ മുറിവുകളെ തുറന്നിട്ടോ
നമ്മുടെ സഹനങ്ങളെ ആരോടെങ്കിലും പറഞ്ഞോ?
അതുകൊണ്ടാണ്
നമ്മുടെ കഥകളെല്ലാം
മുള്ളുനിറഞ്ഞ പാതകളിലൂടെയും
'മുല്ലമൊട്ടുകളുടെ നിഴലുകളുടെ ചുവട്ടിലൂടെയും'
വിശ്രമമറിയാതെ നടന്ന കാലുകൾ
വിവരിക്കുന്ന ദുരിതഗാഥകൾ ആയിപ്പോയത്.



8
നമ്മുടെ ജീവിതങ്ങളുടെ മേൽ
കാര്മേഘങ്ങളുടെ ശവക്കച്ച മൂടിയപ്പോൾ
മറ്റുള്ളവരുടെ ജീവിതങ്ങളിൽ വെളിച്ചം തിളങ്ങി.
നിങ്ങൾക്ക് എപ്പോഴെങ്കിലും
ജീവിതത്തിന്റെ അഗാധതയിലേയ്ക്ക് നോക്കാൻ കഴിയുമോ>
ഞങ്ങൾ വെറും അസ്ഥിക്കൂമ്പാരങ്ങൾ ആണെന്നും
നടക്കുന്ന പ്രേതങ്ങൾ ആണെന്നും നിങ്ങൾ കരുതുന്നുണ്ടോ?
മൃതദേഹങ്ങളെ പാടങ്ങളുടെ തുറസ്സുകളിൽ
വീണ്ടും പിന്തുടർന്ന് കൊള്ളുന്ന ഹീനകുറ്റം നിങ്ങൾ ഓർക്കുന്നുണ്ടോ?

ആരുടെ അവകാശ താൽപമാണ് മണ്ണ്,
ചരിത്രം ആരുടെ കാവൽനായയാണ് !
മൊട്ടായിരിക്കുമ്പോൾ ഞങ്ങളെ ചവുട്ടിയരച്ചു കളഞ്ഞപ്പോൾ
നിങ്ങൾ വിടർന്നു പൂവാവുകയായിരുന്നു.
ഋതുക്കളുമായി ഞങ്ങൾക്ക് ഒരിടപാടുമില്ലായിരുന്നു
നിങ്ങൾ ആജ്ഞാപിച്ച പണിയെടുക്കുക മാത്രമായിരുന്നു
ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നത്.
ദേഹം കൊണ്ട് മടയ്ക്കാനല്ലാതെ
മറ്റൊന്നിനും നിങ്ങൾക്ക് ഞങ്ങളെ വേണ്ടായിരുന്നു.
ഋതുക്കൾ മാറിയപ്പോൾ ഞങ്ങളുടെ ശരീരങ്ങൾ
അവയെ അനുസരിക്കുക മാത്രം ചെയ്തു.

പ്രകൃതി ഞങ്ങൾക്ക് പിറന്നതാണ്.
കാടുകളെ ഞങ്ങൾ കീഴടക്കി
നദികൾ കടന്നു
ജലപ്രവാഹങ്ങളുടെ ഗതികളെ
ഞങ്ങൾ നിയന്ത്രിച്ചു
കാറ്റുകൾ ഞങ്ങൾക്കൊപ്പം നടന്നു.
അധികം താമസിയാതെ ഞങ്ങളുടെ അധ്വാനത്തെ
നിങ്ങൾ സൗകര്യപൂർവം നിങ്ങളുടേതാക്കി;
ശരീരം, അത് പഞ്ചഭൂതം മാത്രമെന്നണ് നിങ്ങൾ പറഞ്ഞു
വീണ്ടും വീണ്ടും പറഞ്ഞു, അതിനെ മന്ത്രമാക്കി
എന്നിട്ടത് കൊണ്ട് നിങ്ങൾ ഞങ്ങളുടെ വിധിയെ നിയന്ത്രിച്ചു.
നിങ്ങൾ ഞങ്ങളുടെ അധ്വാനത്തെ
വെറും മന്ത്രമാക്കിക്കളഞ്ഞു.

9
എന്തോ ആയിക്കോട്ടെ, ഞങ്ങൾ ആരാണ്?
എന്താണ് നമ്മളുടെ അസ്തിത്വം?

ഞങ്ങൾ അടിച്ചമർത്തപ്പെട്ടവരായിരുന്നു
അടിമകളെപ്പോലെ, ശൂദ്രരായി
പഞ്ചമരായി, ജാതിയില്ലാത്തവരായി
അനാര്യന്മാർ.

എന്തായാലും, ഞങ്ങൾ ആരാണ്?
എന്താണ് നമ്മുടെ സ്വത്വം?
ഞങ്ങൾ മനുഷ്യരാണ്, ഞങ്ങൾ ആണുങ്ങളാണ്.
നമ്മുടെ അസ്തിത്വമാണ് സംസ്കാരം
നമ്മുടെ ഉൾച്ചേരലാണ് മാനവികത.

ജാതിയില്ലാവർക്കു നമ്മൾ
ചാരിത്ര്യമുള്ളവരും വിശ്വസ്തരും ആയി നിന്നില്ലേ,
ഞങ്ങൾ ആകാശത്തിലെ അരുന്ധതി നക്ഷത്രമായില്ലേ?

നമ്മുടെ വംശമാണ് കലപ്പ കണ്ടുപിടിച്ചത്
നമ്മുടെ ജാതിയാണ് മഴുവിന് മൂർച്ചയിട്ടത്
നമ്മുടെ കൈകളാണ് സമൂഹത്തിന്റെ അഴുക്കു വാരിയത്
നമ്മുടെ കൈകളാണ് തുണികൾ നെയ്തത്
ഇലകൾക്ക് പകരം നിങ്ങൾക്ക്
ഉടുക്കാൻ തന്നത്.
ഞങ്ങൾ തന്നെയാണ് ശിൽപികൾ;
നമ്മൾ തല മുണ്ഡനം ചെയ്ത്, ഉളി പിടിച്ച്
നിങ്ങളെ മനുഷ്യരാക്കി.
കടലിൽ ഞങ്ങൾ വലയെറിഞ്ഞു
സമൂഹത്തെ കരയ്ക്കു വലിച്ചു കയറ്റി.
പ്രകൃതിയ്ക്ക് നിറം കൊടുത്തത് ഞങ്ങളാണ്
നമുക്ക് വർണ്ണമില്ലെന്നു പറയുന്നത് എത്ര  കുൽസിതമാണ്?
എന്നിട്ടും ഞങ്ങൾ ആരെന്നു നിങ്ങൾക്ക് സംശയമോ ?
പൊള്ളുന്ന ചൂടിൽ, വേനൽ മണലിൽ
ദേഹം എരിഞ്ഞവർ നമ്മൾ.
പാടങ്ങളിൽ താളത്തിൽ
വിയർപ്പുചാലുകൾ ഒഴുക്കിയവർ നമ്മൾ
മണ്ണിനെ സ്നേഹിച്ചു വശത്താക്കിയവർ നമ്മൾ
കതിർക്കറ്റകൾക്കു മണൽശക്തി
വളമാക്കി പകർന്നവർ നമ്മൾ.

അഞ്ചു വിരലുകളും തുല്യമെന്ന് ധരിച്ച്
സംസ്കാരത്തിന്റെ ചക്രഗതി നമ്മൾ നിയന്ത്രിച്ചു.
എന്നാൽ ഞങ്ങളുടെ തള്ളവിരലുകൾ
ഗുരുവിന്റെ ചൂഷണത്തിൽ പൊയ്പോയി.
അവർ വിശ്രമിച്ചിരുന്ന ശിഖരങ്ങൾ
മുറിച്ച കൈകളാണിവ;
പക്ഷെ ഞങ്ങൾ അംഗഹീനരായിപ്പോയി.

മനു ജനിയ്ക്കും മുൻപ്
സംസ്കാരത്തിന് പ്രശസ്തിയുടെ
കോട്ടകൾ കെട്ടിയത് നമ്മളായിരുന്നു
പുരുഷസൂക്തത്തിന്റെ വിത്തിടും മുൻപ്
ഞങ്ങൾ മണ്ണിനെ തൊട്ടിലാട്ടി
ഭൂമിയ്ക്ക് താരാട്ടു പാടി.

ഋഗ്വേദത്തിന്റെ തൈ പ്രത്യക്ഷപ്പെടും മുൻപ്
പ്രദേശമാകെ നമ്മൾ പടർന്നിരുന്നു.
നിങ്ങൾ തെളിവ് ചോദിക്കുകയാണോ?
എല്ലാ നദീ തടങ്ങളും ഞങ്ങളെ തെളിവായി എടുത്തുകാട്ടും
പച്ചപ്പുല്മേടുകൾ പോലെ ഞങ്ങളും തഴച്ചു.
തുള്ളുന്ന പശുക്കുട്ടിയുടെ ആഹ്ലാദ സ്വരങ്ങളിൽ നിന്ന്
ഞങ്ങൾ കാലത്തെ മൃദുവായി, മെല്ലെ നയിച്ചു
അതിന് ജീവശ്വാസം നൽകി, വഴികാട്ടി.
ദിനരാത്രങ്ങൾ പാലൂട്ടി, ഉണർത്തി
ഭൂമിയ്ക്കും ആകാശത്തിനുമിടയിൽ
പ്രപഞ്ചത്തിന്റെ അപാരമായ രൂപത്തെ
നമ്മൾ  ദൃശ്യവൽക്കരിച്ചു.

നിങ്ങൾക്കറിയില്ലേ, ഞങ്ങളീ മണ്ണിൽ നിന്ന് കൊയ്തത്
വിയർപ്പും രക്തവും കലർന്ന നമ്മുടെ അധ്വാനത്തിന്റെ
വിത്തുകൾ പാകിയുയർത്തിയ വിളകളാണെന്ന്.
ആരുടെ അറകളാണ് വിളകൾ കൊണ്ട് നിറഞ്ഞതെന്ന്
നിങ്ങൾക്കറിയില്ലേ? കൊടുംചൂടിൽ ആരുടെ ജീവിതങ്ങളാണ്
വരണ്ടു പോയെതെന്ന്?
നിറയറകളെല്ലാം നമ്മുടെ വിയർപ്പുതുള്ളികളുടെ
പർവതക്കൂനകളാണെന്ന് അറിയില്ലേ?

വിയർപ്പുതുള്ളികളുടെ വിത്തുകൾ പാകിയത് നമ്മളാണ്
നിങ്ങളെ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ
വിള -മഴകളെ തുറന്നു വിട്ടത് ഞങ്ങളാണ്.

ഇന്ന് നമ്മൾ വെറും വയൽപ്പണിക്കർ
ദിവസക്കൂലിക്കാർ.
ഇന്ന് നമ്മുടെ പാത്രങ്ങളെല്ലാം മൺചട്ടികൾ
നമ്മുടെ ആഭരണങ്ങളെല്ലാം കറുത്ത വളകൾ.
നമ്മൾ കറുപ്പാണ്
നമ്മുടെ ശ്വാസം പോലും കറുപ്പാണ്
നമ്മുടെ തലയ്ക്കു മീതെയുള്ള ആകാശം പോലും കറുപ്പാണ്.
കൃഷ്ണമണികൾ കറുപ്പാണ്
ചരിത്രം മുഴുവൻ കറുത്തവരുടെ രേഖപ്പെടുത്തലുകളാണ്
കറുത്ത മൈൽക്കുറ്റികളുടെ കണക്കുപുസ്തകം.

ഒരേ ഒരു വിശ്വാസം മാത്രം
ദിവസങ്ങൾ മാറിപ്പോയിരിക്കുന്നു
ഏകാധിപത്യങ്ങൾ തുലഞ്ഞിരിക്കുന്നു
കവികൾ മാറിപ്പോയിരിക്കുന്നു
കാവ്യശബ്ദങ്ങൾക്ക് രൂപാന്തരം വന്നിരിക്കുന്നു.

ഇനി നിങ്ങൾ ദൂരെപ്പോകൂ
ഉഴുതു മറിച്ച വയലുകളിൽപ്പോയി
നമ്മളുടെ വിരലടയാളങ്ങൾ തിരയൂ.
അമിതവിളവ് തരുന്ന നിങ്ങളുടെ
വയലുകളുടെ പച്ചയിൽ ഞങ്ങളുടെ
കാലടിപ്പാടുകൾ പരതൂ
കലപ്പച്ചാലുകളിലും, കലപ്പക്കൈകളിലും
നമ്മുടെ അധ്വാനത്തിന്റെ കയ്യൊപ്പിനായി നോക്കൂ.

മണ്ണിന്റെ വിളിയ്ക്കു മറുവിളി കേട്ട്
ഇരുണ്ടമേഘങ്ങളായി അലിഞ്ഞിറങ്ങിയത് നമ്മളാണ്
ഭൂമാതാവിന്റെ ഹൃദയത്തിലേക്ക്
മൃദുവായ ചോള മഴ ചൊരിഞ്ഞത് നമ്മളാണ്
പോകൂ, പോയി നമ്മളുടെ വിയർപ്പിന്റെ വിലാസം അന്വേഷിക്കൂ.

ചാരത്തിൽ പൊതിഞ്ഞ കനലുകളെപ്പോലെ
ഒളിഞ്ഞിരുന്ന പാണ്ഡവരാണ്
നമ്മളെന്ന് തിരിച്ചറിഞ്ഞ എഴുത്തുകൾ
നമ്മെ ഭ്രഷ്ടരാക്കുകയായിരുന്നോ?
പ്രശംസ ചൊരിഞ്ഞ പുസ്തകങ്ങൾ
അവയുടെ താളുകൾ അടച്ചു കളഞ്ഞോ?
ജാതി തിരിച്ചറിഞ്ഞ മുല്ലപ്പൂക്കൾ
തിരികെ മൊട്ടുകളായിപ്പോയോ?
മഴവില്ലുകളിൽ ഞാന്നു കിടന്ന സ്വപ്നങ്ങൾ
കൊടുങ്കാറ്റുകളെ ക്ഷണിച്ചു കൊണ്ട് അപ്രത്യക്ഷമായോ?

പൊള്ളയായ സദാചാരത്തെയും
വഞ്ചനയെയും ഗൂഢാലോചനകളെയും
കുല്സിതത്വങ്ങളെയും പ്രകടനങ്ങളെയും
കുത്തിനിറച്ച പുസ്തകങ്ങൾക്ക് ഞാൻ
മരണ ശിക്ഷ വിധിക്കുകയാണ്.

10
യുദ്ധസന്നദ്ധകൈവളകൾ കാണാൻ കൂടി കണ്ണാടി
വേണമെന്നായിരിക്കുന്നു
എനിയ്ക്കു പകൽവെളിച്ചത്തിൽ വിശ്വാസമുണ്ട്.
ഇരുണ്ട പാളികളിലൂടെ തുളഞ്ഞു വരുന്ന അതിനെ
സ്വന്തമാക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.
ദളിതുകളുടെ ശരീരങ്ങളിൽ നിന്നും
സൂര്യനുദിക്കും .
ഞാനത് വീണ്ടും പറയുകയാണ്:
എത്തേണ്ട ലക്ഷ്യങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ തന്നെയാണ്.
ഒരു ലക്ഷ്യത്തിലേക്കു പായുന്ന അമ്പുകളാകണം എല്ലാവരും.
പൊട്ടാൻ വെമ്പുന്ന ഒരു കുഴിബോംബാകണം ഓരോ ആത്മാവും.

മുറിവേറ്റ പട്ടാളക്കാരെക്കൊണ്ട് നിറഞ്ഞെങ്കിലും
യുദ്ധസന്നദ്ധരായ അവരാകുന്ന
നമ്മുടെ ഹൃദയങ്ങൾ യുദ്ധഭൂമിയിലെ
സൈനിക ദളങ്ങളാകണം.

നമ്മുടെ വിളക്കുകാലുകൾ ആത്മവിശ്വാസമാണ്
നമ്മുടെ വർത്തമാനം അപാരമായ ആത്മവിശ്വാസമാണ്
നമ്മുടെ ഭാവിയും കഴിവിന്റെ കുന്നും അത് തന്നെ.
ഭൂതകാലത്തെയോർക്കുമ്പോൾ
ജ്വലിക്കുന്ന ഹൃദയങ്ങളിൽ വെള്ളമൊഴിക്കരുത്.
കത്തിപ്പടരുക, എരിഞ്ഞുയരുക,
വികസിക്കുന്ന ഹൃദയങ്ങളിൽ കത്തിപ്പിടിക്കുക
വെളിച്ചം പകരുക, സമുദായത്തെ വെളിച്ചം കൊണ്ട് നിറയ്ക്കുക.

11

ഇവയെ നോക്കുക:
നൂറ്റാണ്ടുകളുടെ അപമാനമുറങ്ങുന്ന
പാതിയെരിഞ്ഞു ചാരം പുതഞ്ഞ കനലുകൾ.
ഇരുട്ടിന്റെ ചിത്രങ്ങൾക്ക് പിറകിൽ
കത്തുന്ന ക്രോധത്തിന്റെ കറുത്ത മുഷ്ടികൾ.

അവരെ നോക്കുക:
'ഗുലാംഗിരി' യുടെ നിഴലിൽ
ഒരു തീപ്പന്തം.

നിവർന്നു നിൽക്കുന്ന
'ആത്മാഭിമാനം'.

ജാതിമതിലുകളെ വെല്ലുവിളിച്ച
'ക്രോധത്തിന്റെ മുഷ്ടികൾ'

യഥാർത്ഥ മനുഷ്യൻ എന്നത്
സ്വയം പാഠം പഠിക്കുകയും
വർത്തമാനകാലം നിങ്ങൾക്ക്
നൽകുകയും ചെയ്യുന്നവനാണ്.

വ്യാജ ദൈവങ്ങളെ
രശ്മികളാകുന്ന തൂക്കുകയറിൽ
കൊരുക്കുന്ന
ജ്വലിക്കുന്ന ദളിത് സൂര്യനെ നോക്കൂ.

ഇപ്പോൾ ഓരോ ദളിതനും പൊട്ടാൻ തയാറാണ്,
തീപ്പന്തത്തിന്റെ ജ്വലിക്കുന്ന രോഷമാണവർ.

-----

ഗുലാംഗിരി- ജ്യോതിബ ഫൂലെയുടെ ഒരു പുസ്തകത്തിന്റെ പേര്
ആത്മാഭിമാനം- ഡോക്ടർ അംബേദ്കറുടെ പരികല്പന
ക്രോധത്തിന്റെ മുഷ്ടി- പെരിയാർ ജാതിമതിലുകളെ വെല്ലുവിളിച്ചത്.

തെലുങ്കിൽ നിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്: കെ. ദാമോദര റാവു.

ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്: ജോണി എം എൽ




Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)