നിന്റെയീ ധവള നിശകൾ എനിയ്ക്കു നൽകൂ: ഹാൻ കാങ്-ന്റെ ദ് വൈറ്റ് ബുക്കിനെ കുറിച്ച്


(ഹാൻ കാങ്)


'ദൈവമേ... ഏകാന്തത എന്റേതായിരുന്നെങ്കിൽ. ശൂന്യത, നിരാസം ഒക്കെയും എന്റേതായിരുന്നെങ്കിൽ.' എന്ന് നിശബ്ദമായി നിലവിളിച്ചു കൊണ്ടാണ് ഞാൻ ഹാൻ കാങ്ങിന്റെ 'ദ് വൈറ്റ് ബുക്ക്' (വെളുത്ത പുസ്തകം) വായിച്ചു തീർത്തത്. സ്കാന്ഡിനേവിയൻ രാജ്യങ്ങളിലെ വെളുത്ത രാത്രികളെ എനിക്കോർമ്മ വന്നു. അവിടെ സ്വീഡനിൽ ഒരു പള്ളിയിൽ ഒരു പിയാനോയ്ക്ക് മുന്നിൽ ഒറ്റയ്ക്കിരുന്നു സംഗീതാത്മകമായ നിലവിളിക്കുന്ന ബുദ്ധമതാനുയായിയായ ഒരു പഞ്ചാബി ചിത്രകാരനെ ഓർമ്മ വന്നു. ഒറ്റയ്ക്ക് ഞാൻ ലണ്ടനിലെ ഹൈഡ് പാർക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന സെർപ്പന്റൈൻ ഗ്യാലറിയിലേയ്ക്ക് മഞ്ഞുപൊഴിയുന്ന ഒരു ഡിസംബർ രാത്രിയിൽ കയറിച്ചെന്നത് ഓർമ്മ വന്നു. എന്റെ ദൈവമേ.. ഏകാന്തത എന്റേതായിരുന്നെങ്കിൽ.  ഞാൻ ദൈവ വിശ്വാസിയല്ല. എങ്കിലും പുരാതനപരിചയത്താൽ വിളിച്ചു പോവുകയാണ്. ഒരു നോവലിന്  ഇത്രയേറെ ഏകാന്തതയിലേയ്ക്ക് കൊണ്ട് ചെല്ലാൻ കഴിയുമോ ഒരാളെ?

മാർകേസിന്റെ പ്രമുഖ നോവലുകളായ ഏകാന്തതയുടെ നൂറു വർഷങ്ങളിലും ആരും കേണലിനു കത്തെഴുതുന്നില്ലയിലും രാവണൻ കോട്ടയിലെ മേജറിലും എല്ലാം ഏകാന്തത വായനക്കാരൻ അനുഭവിക്കുന്നത് ചരിത്രത്തിന്റെ മൂർച്ചയുള്ള ഉരുക്കും വെടിമരുന്നു പ്രണയവും പാപവും അവിഹിതബന്ധങ്ങളും ഒക്കെ ചേർന്നുണ്ടാകുന്ന ശബ്ദായമാനതയിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു അനുഭവമായാണ്. ഇവയില്ലെങ്കിൽ ഏകാന്തതയും ഇല്ല. ഡോസ്റ്റോവ്സ്കിയുടെ നോവലുകളിലെ ഏകാന്തതയുടെ പിന്നിൽ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഒടുങ്ങാത്ത പാപബോധമുണ്ട്. ഹാൻ കാങ് വെളുത്ത പുസ്തകം എന്ന നോവലിലൂടെ അബുഭവിപ്പിക്കുന്ന ഏകാന്തതയ്ക്കു സമാനമായി എടുത്തുപറയാൻ സാഹിത്യത്തിൽ ഞാൻ കാഫ്കയെ പരാമർശിക്കണമോ അതോ സാൻഡോർ മാരായിയെ പരാമർശിയ്ക്കണമോ? മാരായിയുടെ കനലുകൾ എന്ന നോവലിൽ പ്രതികാരവാഞ്ഛയുടെ കാത്തിരിക്കുന്ന ഒരു വൃദ്ധനായ മേജർ ഉണ്ട്. അയാളുടെ ഏകാന്തത ഹാൻ കാങ്-ന്റെ നോവലിലെ കഥ പറയുന്ന അവളുടെ/ആളുടെ ഏകാന്തതയുമായി താരതമ്യം ചെയ്യാനാകുമെന്ന് ഞാൻ കരുതുന്നു.

നോവലെന്ന് കരുതി തുറക്കുമ്പോൾ കവിതയുടെ ഘടനയുള്ള അധ്യായങ്ങൾ. നോവൽ കവിതയിലേക്ക് പകരുന്നതാണോ അതോ കവിത നോവലായി പകരുന്നതാണോ എന്നറിയാൻ കഴിയാത്തവിധം സന്നിഗ്ദവും സ്നിഗ്ദ്ധവും ആയ ഘടന നോവലിനെ ലളിതപാരായണസുഖമുള്ളതാക്കുന്നു. വെളുത്ത പുസ്തകം ആയതു കൊണ്ടാകാം അധ്യായങ്ങൾ, അവയിലെ വാക്കുകൾ, കഥ ഒക്കെയും കടലാസിന്റെ വെളുപ്പിനെ ശല്യപ്പെടുത്താതിരിക്കാൻ വേണ്ടി ക്ഷമാപണത്തോടെ ഒതുങ്ങി നിൽക്കുകയാണെന്ന് തോന്നാം. പുസ്തകത്തിലാകെ മഞ്ഞു വീണത് പോലെ. ഇരുണ്ട തവിട്ടു നിറമുള്ള മണ്ണിനു മേൽ മഞ്ഞുപൊഴിഞ്ഞു വീണു കിടക്കുന്നു. ആരോ അതുവഴി നടന്നത് കൊണ്ടാകാം, അല്ലെങ്കിൽ മഞ്ഞുരുകുന്നത് കൊണ്ടുമാകാം ഇടയ്ക്കിടെ ഉമിക്കരി പോലെ മണ്ണ് മഞ്ഞിനടിയിൽ നിന്ന് കാണുന്നുണ്ട്. ഇതിലൂടെ ഒറ്റയ്ക്ക് നടക്കുകയാണ് കഥാനായിക. അവളുടെ ലോകം മാറി മാറിപ്പോകുന്നു. ചിലപ്പോൾ കൊറിയയിൽ, ചിലപ്പോൾ ലണ്ടനിൽ, ചിലപ്പോൾ സ്കാന്ഡിനേവിയയിൽ. അങ്ങിനെ വരുമ്പോൾ അവ അവൾ ഒരിടത്തും പോകുന്നില്ലെന്നും, അവളെവിടെയാണോ അവിടെനിന്നു കൊണ്ട് ജാലകത്തിലൂടെ മഞ്ഞുവീണു മറഞ്ഞു കിടക്കുന്ന ഓർമ്മകളിലേക്ക് നോക്കി നിൽക്കുകയാണെന്ന് തോന്നിപ്പോകും.



ഇരുപത്തിരണ്ടു വയസ്സുള്ള 'അമ്മ വീട്ടിലൊറ്റയ്ക്കാണ്. ഗർഭം തികയുന്നതിനു രണ്ടു മാസം മുൻപേ അവളുടെ നീർക്കുടം പൊട്ടി. ഭർത്താവ് അധ്യാപകനാണ്. തിരികെ വരാൻ മണിക്കൂറുകൾ ബാക്കി. യുവതി ഏന്തി വലിഞ്ഞു അവളുടെ തയ്യൽക്കൂടയിൽ നിന്ന് ഒരു വൃത്തിയുള്ള തുണിയെടുക്കുന്നു. കത്രികയോ കത്തിയോ ചൂടാക്കി രോഗാണുവിമുക്തമാക്കുന്നു. നിലത്തു കിടന്ന് അവൾ പ്രസവിക്കുന്നു. പൊക്കിൾക്കൊടി ബന്ധം സ്വയം മുറിച്ച്, തുണിയിലേയ്ക്ക് അവൾ കുഞ്ഞിനെ പൊതിഞ്ഞെടുക്കുന്നു 'മരിക്കരുത്. ജീവിക്കൂ' എന്ന് മാത്രം അവൾ കുഞ്ഞിനോട് പറയുന്നു. അന്ന് വൈകിട്ട് ചെറുപ്പക്കാരനായ ഭർത്താവ് കുഞ്ഞുമൃതദേഹത്തെ മലമുകളിൽ കൊണ്ടുപോയി മറവു ചെയ്യുന്നു. നമ്മുടെ ആഖ്യാതാവ് ഇത് കേട്ടറിയുന്നതാണ്. പക്ഷെ, നേരത്തെ മണ്ണടിഞ്ഞു പോയ കുട്ടികളുടെ ദാനമാണ് തന്റെ ജീവിതം എന്നറിയുന്നു. തന്റെ അമ്മയുടെ കുഞ്ഞുങ്ങൾ ജീവിച്ചിരുന്നെങ്കിൽ താനുണ്ടാകുമായിരുന്നില്ല. അവരില്ല, അതിനാൽ താനുണ്ട്. അപ്പോൾ 'ഞാൻ കാണുന്ന ലോകം ആരിലൂടെയാണ്. അവരുടെ മനസ്സുകൊണ്ട് അവരുടെ കണ്ണിലൂടെ കാണുന്ന ഒരു പുതിയ ശരീരം മാത്രമാണ് ഞാൻ." ഇത് കഥാനായികയെ എല്ലായിടവും പിന്തുടരുന്നു. അവളുടെ ലോകം കാഴ്ചകളുടേതായി മാറുന്നു; അവൾ വെളുത്ത വസ്തുക്കളെ മാത്രം കാണാൻ ശ്രമിക്കുന്നു. എന്താണ് വെളുത്ത വസ്തുക്കൾ? അവൾ അവയൊക്കെയും കുറിച്ചിടുന്നു. എന്നാൽ വെളുത്ത വസ്തുക്കൾ അവളെ നിരന്തരം ഓർമ്മിപ്പിക്കുന്നത് തന്റെ 'അമ്മ കുഞ്ഞിനെ/കുഞ്ഞുങ്ങളെ പൊതിഞ്ഞ തുണിയെയാണ്.

ചരിത്രം ഒരു പക്ഷെ പൂർണ്ണമായും അപ്രത്യക്ഷമാണ് നോവലിൽ നിന്ന് എന്ന് വേണമെങ്കിൽ പറയാം. ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റു താനൊരു വലിയ പ്രാണിയായി മാറി എന്നറിയുന്ന ഗ്രിഗർ സാംസയും (മെറ്റമോർഫോസിസ് -കാഫ്ക), തന്റെ 'അമ്മ മരിച്ചത് ഇന്നാണോ ഇന്നലെയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത മ്യൂർസാൾട്ടും (സ്ട്രെയ്ഞ്ചർ - കാമു) ഇത്തരത്തിൽ ചരിത്ര നഷ്ടം അനുഭവിക്കുന്നുണ്ട്. എന്നാൽ സമകാലത്തിൽ ചരിത്രത്തെ കൈപ്പിടിയിൽ ഒതുക്കാൻ കഴിയാത്ത, മാറിമറിയുന്ന സംഭവങ്ങളെ തന്റെ അനുഭവങ്ങളുടെ ഭാഗമാക്കാൻ കഴിയാത്ത ഒരു വ്യക്തി എങ്ങിനെ പൂർണ്ണമായും തന്റെ അസ്തിത്വത്തിലേയ്ക്ക് മാത്രം ചുരുങ്ങിപ്പോകുന്നു എന്നതിന്റ പ്രതീകമാണ് വെളുത്ത പുസ്തകം. ഇതിലെ ആഖ്യാതാവ് ലോകത്ത് പലേടത്തും ജീവിക്കാൻ കഴിവുള്ളവളാണ്. അവളുടെ ജീവിതം, പല അർത്ഥങ്ങളിലും വിജയമാണ്. പക്ഷെ തന്റെ വിജയത്തിന് ഏതെങ്കിലും ഒരു ചരിത്രവുമായി ബന്ധപ്പെട്ടു നിൽക്കാൻ കഴിവില്ലാത്തത് അവൾ തിരിച്ചറിയുന്നു. ഇത് വർത്തമാന കാലത്തെ ഏതൊരു മനുഷ്യന്റെയും അടിസ്ഥാന പ്രശ്നം തന്നെയാണ്. സമൂഹത്തെ നിഷേധിച്ചു പൂർണ്ണമായും വ്യക്തിയാകാൻ പറയുന്ന സാമൂഹിക വ്യവസ്ഥ ഒരു വശത്ത് (സ്വന്തം വീട്, സ്വന്തം കാർ, സ്വന്തം പൂന്തോട്ടം, സ്വന്തം ക്ലബ്, സ്വന്തം ഇരിപ്പിടം, സിനിമ കാണാൻ സ്വന്തം ഹോം തീയറ്റർ), സമൂഹത്തിന്റെ ഭാഗമായി മാത്രമായി നിൽക്കാൻ ആവശ്യപ്പെടുന്ന പ്രത്യയശാസ്ത്രങ്ങൾ (ദേശീയത, മതം, സംസ്കാരം, വസ്ത്രം, പാരമ്പര്യം) ഇവയ്ക്കിടയിൽ തികച്ചും വ്യക്തത നഷ്ടപ്പെടുന്ന ജീവിതങ്ങൾ. ഇവിടെ വ്യക്തി മാർക്സിയൻ അർത്ഥത്തിൽ അന്യവൽക്കരണം അനുഭവിക്കുന്നില്ല. എന്നാൽ താൻ തന്നെ പൂർണ്ണമായും പരുവപ്പെടുത്തിയെടുക്കുന്ന ജീവിതത്തിലെ അന്യവൽക്കരണം വ്യക്തിക്ക് അസഹനീയമാവുകയാണ്. അവിടെ ആശ്രയിക്കാൻ സ്വന്തം ഓർമ്മകൾ മാത്രം ബാക്കിയാവുകയാണ്.

നോവലിൽ നിന്ന് ഒരുഭാഗം ഞാൻ വിവർത്തനം ചെയ്തു ചേർക്കാൻ ആഗ്രഹിക്കുന്നു:

വെളുത്ത മുടി

അവൾ തന്റെ മേലുദ്യോഗസ്ഥരിൽ ഒരുവനായിരുന്ന ഒരു മധ്യവയസ്കനെ ഓർത്തു. തനിയ്ക്ക് തന്റെ പൂർവകാല പ്രണയഭാജനത്തെ വാർധക്യത്തിൽ ഒരിക്കൽക്കൂടി കാണാൻ എന്താഗ്രഹമുണ്ടെന്ന് പറയുമായിരുന്നു, അപ്പോൾ അവളുടെ മുടി തൂവൽ പോലെ വെളുത്തു കഴിഞ്ഞിരിക്കും. 'നമ്മൾ ശരിക്കും വൃദ്ധരാകുമ്പോൾ ...നമ്മുടെ ഓരോ മുടിനാരിഴയും വെളുത്തു കഴിയുമ്പോൾ, തീർച്ചയായും, എനിയ്ക്കവളെ കാണണം.'

അയാൾക്ക് അവളെ എന്നെങ്കിലും കാണണമെന്നുണ്ടായിരുന്നെങ്കിൽ അത് മാത്രമായിരുന്നു അതിനു പറ്റിയ സമയം.

യുവത്വവും മാംസവും വീണു കഴിയുമ്പോൾ.
ആസക്തിയ്ക്ക് ഇടമില്ലാതായിക്കഴിയുമ്പോൾ.
കൂടിക്കാഴ്ച കഴിയുമ്പോൾ പിന്നെ ഒരു കാര്യം മാത്രമേ ചെയ്യുവാൻ ബാക്കിയുണ്ടാവൂ: വേർപിരിയാൻ. അവരുടെ സ്വന്തം ശരീരങ്ങളിൽ നിന്ന് വേർപെടാൻ, അങ്ങിനെ എന്നെന്നേയ്ക്കുമായി വേർപിരിയാൻ.

ഇങ്ങനെ അനേകം അധ്യായങ്ങളിലൂടെ പുരോഗമിക്കുന്ന നോവൽ, വായനക്കാരെ ഇടയ്ക്കിടെ കസേരയിൽ ഒന്നിളകിയിരിക്കാൻ പ്രേരിപ്പിക്കും; പുസ്തകം വിതുർത്തിടുന്ന ഏകാന്തതയിൽ വീണുപോകാതിരിക്കാൻ വേണ്ടി മാത്രം. വായിച്ചു കഴിയുമ്പോൾ ജാലകത്തിലൂടെ പുറത്തെ വേനലിലും മഞ്ഞുവീണിട്ടുണ്ടോ എന്ന് നിങ്ങൾ നോക്കിപ്പോയില്ലെങ്കിൽ, ഒന്ന് കൂടി വായിക്കൂ എന്ന് മാത്രം ഞാൻ പറയും.

ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)