ഒരു ഗ്രാമത്തിന്റെ കഥ 24: അരങ്ങിലെ അനശ്വര വക്കം നടന്മാർ
(നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ നിന്ന്) വക്കം നാടകത്തിന്റെ കൂടി നാടാണ് . നാടകം എന്നത് ഏറ്റവും ജനകീയമായ ഒരു കലാപ്രസ്ഥാനമായി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ കേരളത്തിലും വേര് പിടിച്ചിരുന്നു . വെള്ളരി നാടകങ്ങൾ എന്നായിരുന്നു ആദ്യകാല നാടകങ്ങൾക്ക് പേര് . കൊയ്തൊഴിഞ്ഞ പാടങ്ങളിൽ കെട്ടിയുയർത്തിയ പന്തലുകളിൽ അവതരിപ്പിച്ചിരുന്ന ഹാസ്യ - ശ്രുംഗാര രസപ്രധാനമായ നാടകങ്ങളെയാണ് അങ്ങനെ വിളിച്ചിരുന്നത് . ഉത്തരകേരളത്തിൽ രണ്ടു വിളകൾക്കിടയിൽ ഇടവിളയായി വെള്ളരി നടാറുണ്ടായിരുന്നു . രാത്രി കള്ളന്മാരും വന്യജീവികളും വന്നു വെള്ളരി കട്ടുകൊണ്ടു പോകാതിരിക്കാൻ ചെറുപ്പക്കാർ ഉറക്കമിളച്ചു കാത്തിരിക്കും . അപ്പോൾ അവർ രസിക്കുന്നതിനായി നാടകങ്ങൾ ചമച്ച് അവതരിപ്പിക്കും . പഴയ തമിഴ് പാട്ട് നാടക ശൈലിയിലാണിത് . ഒരിക്കലും അഭിനയസമ്പൂർണ്ണതയോ രംഗാവിഷ്കാര പൂർണ്ണതയോ ഉണ്ടായിരിക്കില്ല . എങ്കിലും ഗ്രാമീണരെ രസിപ്പിക്കുന്നതിനായി വെള്ളരി വിളവെടുപ്പ് കഴിഞ്ഞാലുടൻ പാടത്ത് പന്തൽ കെട്ടി പെട്രോമാക്സിന്റെ വെളിച്ചത്തിൽ ഈ നാടകം അവതരിപ്പിക്കും . ആളുകൾക്...