പുരുഷ നോട്ടങ്ങളിൽ പിടയുന്ന സ്ത്രീജീവിതങ്ങളുടെ ചിത്രകാരി: സ്മിത ജി എസ്



(സ്മിത ജി എസ് )

ബാല്യകാലസഖി എന്ന നോവലിനെ കുറിച്ച് എം പി പോൾ പറഞ്ഞത്, 'ഇത് ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയെടുത്ത ഒരേടാണ്. ഇതിന്റെ വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു.' മറ്റൊരു സന്ദർഭത്തിൽ അദ്ദേഹം അതിശയിക്കുന്നുണ്ട്, എന്തേ എഴുത്തുകാരന്റെ ജീവിതവീക്ഷണം ഇത്ര ഇരുണ്ടു പോയി! സ്മിതാ ജി എസ്സിന്റെ പെയിന്റിങ്ങുകൾക്ക് മുന്നിൽ നിൽക്കുമ്പോൾ വാക്കുകൾ ഓർക്കാതിരിക്കാൻ കഴിയില്ല. ചിത്രങ്ങളെ സാഹിത്യവിമര്ശനത്തിന്റെ തൊഴുത്തിൽ കൊണ്ട് ചെന്ന് കെട്ടുവാനുള്ള ശ്രമമല്ലിത്. തീർച്ചയായും കലാകാരിയുടെ ജീവിതവീക്ഷണം ഇത്ര ഇരുണ്ടതും ചുവന്നതും ചാരനിറമാർന്നതും വിഷാദഭരിതമായതും എന്തുകൊണ്ടെന്ന് 'മാനസം കല്ലുകൊണ്ടാല്ലാത്തവർക്ക്' ചിന്തിക്കാതിരിക്കാൻ കഴിയില്ല. സൂക്ഷിച്ചു നോക്കൂ, ചിത്രങ്ങളുടെ വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. എഡ്വേഡ്മുങ്ക് എന്ന കലാകാരന്റെ 'സ്ക്രീം' അഥവാ നിലവിളി എന്ന ചിത്രം ഉയർത്തിയ അലകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല ലോകത്തിൽ. കലാകാരൻ നിലവിളി കേട്ട് വരയ്ക്കുക മാത്രമല്ല, കലാകാരി തന്നെ നിലവിളിക്കുകയാണ്. അതുമല്ലെങ്കിൽ കലാകാരി തന്നെ ഒരു നിലവിളി ആയി മാറുകയാണ്.



മൂങ്കിനെയാണ് താരതമ്യത്തിനായി എടുക്കുന്നതെങ്കിൽ സ്മിതയുടെ ചിത്രങ്ങളിൽ ശബ്ദവീചികളുടെ ദൃശ്യപ്രതിധ്വനി കേൾക്കാൻ കഴിയുകയില്ല. എന്നാൽ സുശിക്ഷിത ശ്രോതങ്ങൾക്കും നേത്രങ്ങൾക്കും കേൾക്കാതിരിക്കാനും കാണാതിരിക്കാനും കഴിയാത്ത രീതിയിൽ വേദനയുടെ അലകൾ സ്മിതയുടെ ചിത്രങ്ങളിൽ ഉണ്ട്. ജീവിതത്തിന്റെ ഇരുണ്ട അനുഭവങ്ങളുടെ ചിത്രമെഴുത്തുകാരിയാണ് സ്മിത. അതിന്റെ വക്കിൽ പൊടിയുന്ന രക്തത്തെ കാൻവാസിലേക്ക് പടർത്തുമ്പോൾ അവിടെ ആദിമമായ വന്യവും ആസക്തിയുളവാക്കുന്നതുമായ സസ്യപുഷ്പഫലജാലങ്ങൾ പ്രത്യക്ഷപ്പെടുന്നു. അവയ്ക്കിടയിൽ ഒളിയ്ക്കാനും കളിയ്ക്കാനുമായി പതുങ്ങിയിരിക്കുകയാണ് ദിനോസാറുകളുടെ വംശപരമ്പരയിലെ അംഗങ്ങളെപ്പോലെ തോന്നിപ്പിക്കുന്ന ഓന്തുകൾ. ചിത്രകാരി വർത്തമാനത്തിനെ ഭൂതകാലത്തിനുമപ്പുറത്തുള്ള ചരിത്രാതീത കാലങ്ങളിലേയ്ക്ക് നീക്കി നിറുത്തുന്നു. ലോകത്തെ മികച്ച കലാകാരന്മാരെല്ലാം ചെയ്തിട്ടുള്ള ഒരു തന്ത്രമാണ് ലാക്ഷണികതയിലേയ്ക്കും മൃഗകഥകളിലേയ്ക്കും നീങ്ങുക എന്നത്. സ്മിത ഒരു അതീതാകാല കഥയുടെ പല ഏടുകൾ മാറി മാറി മറിയ്ക്കുകയാണെന്നു തോന്നും. വസ്തുസ്ഥിതിയാഥാർഥ്യത്തെയും സമൂഹത്തിന്റെ ക്രൂരതയെയും രാഷ്ട്രീയത്തിന്റെ നൃശംസതയെയും നേരിട്ടെതിർക്കാൻ കഴിയാതെ വരുമ്പോൾ കലാകാരി ലാക്ഷണിക കഥകളുടെ ലോകത്തേയ്ക്ക് നീങ്ങി നിൽക്കുന്നു. 'നിങ്ങൾക്ക് പിടിക്കാൻ കഴിയുമെങ്കിൽ ഓടൂ.ഞാനൊരു ഇഞ്ചിറൊട്ടിപെണ്ണ്.'.





ബാല്യകാലകഥകളിലെ കഥാപാത്രങ്ങളെപ്പോലെ ചിത്രകാരി ഓടുകയാണ്. സമൂഹത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും വസ്തുസ്ഥിതിയാഥാർഥ്യങ്ങളിൽ നിന്നും. ഇതു മൂന്നും സ്മിതയുടെ ജീവിതത്തിൽ കടന്നു വരുന്നത് പുരുഷരൂപങ്ങളായാണ്. പുരുഷാധിപത്യസമൂഹത്തിൽ ജീവിക്കേണ്ടി വരുന്ന ഏതൊരു പെണ്ണിനും ലാക്ഷണികകഥയുടെ സുരക്ഷിതത്വത്തിലേയ്ക്ക് നീങ്ങി നിൽക്കേണ്ടി വരുമെന്ന് സ്മിത വിശ്വസിക്കുന്നു. 'പുരുഷൻ സ്ത്രീയ്ക്കെതിരെ നടത്തുന്ന ഏറ്റവും വലിയ അക്രമം ഏതാണെന്ന് അറിയുമോ?' സ്മിത ചോദിക്കാറുണ്ട്. അവർക്ക് തന്നെ ഉത്തരവുമുണ്ട്. 'അത് പുരുഷന്റെ നോട്ടമാണ്.' ഇതിനെ 'ഗെയ്സ്' എന്ന ആശയം കൊണ്ട് ലോറ മുൾവേയെപ്പോലുള്ള സൈദ്ധാന്തികൻ വിശദീകരിച്ചിട്ടുണ്ട്. ബാര്ബറാ ക്രൂഗർ എന്ന് പേരുള്ള അമേരിക്കൻ കലാകാരി പരസ്യങ്ങളെ അനുസ്മരിപ്പിക്കുന്ന തന്റെ ചിത്രങ്ങളിലൊന്നിൽ പറയുന്നത്, 'നിന്റെ നോട്ടം എന്റെ മുഖത്തിന്റെ വശത്ത് വീഴുന്നു' എന്നാണ്. അതൊരു പ്രഹരമാണ്. അതിൽ നിന്നുള്ള രക്ഷപെടലാണ്. ഓരോ സ്ത്രീയ്ക്കും നിത്യജീവിതം. 'ഇങ്ങനെയല്ലാതെ നിങ്ങൾക്ക് നോക്കാൻ കഴിയുന്നില്ലെങ്കിൽ ഇങ്ങനെയല്ലാതെ എനിയ്ക്ക് ചിത്രങ്ങളും വരയ്ക്കാൻ കഴിയില്ല' എന്ന് സ്മിത പറയും. 



'ഞാൻ വസ്ത്രം മാറി നോക്കി. കണ്ണുകളെഴുതുന്നത് നിർത്തി നോക്കി. മുടി കെട്ടുന്ന രീതി മാറ്റി. സമൂഹം ആവശ്യപ്പെടുന്നതെന്തിനെയും അനുസരിച്ചു നോക്കി, എന്നിട്ടും നോട്ടം വിടാതെ പിന്തുടരുകയാണ്,' തന്റെ ചിത്രങ്ങളിലെ ഓന്തുകളെ വിശദീകരിക്കുമ്പോൾ സ്മിത പറയുന്നു. ഓന്തുകൾ സ്മിത തന്നെയാണ്. അതിജീവനത്തിനായി പ്രകൃതിയുടെ നിറങ്ങളിലേയ്ക്ക് നിരന്തരം തർജ്ജമ ചെയ്യപ്പെടുന്ന ജീവികളിൽ ഒന്നാണ് ഓന്ത്. നിറം മാറുന്ന ജീവി എന്ന നിലയിൽ അതിനു വിശ്വാസ്യത ഒട്ടും ഇല്ലതാനും. ജീവിക്കാൻ വേണ്ടി നിറം മാറുന്ന ഒരാളെ അഭിപ്രായസ്ഥിരതയില്ലാത്ത ആളാക്കി ചിത്രീകരിക്കുന്നതാണല്ലോ ലോകം.എന്നിട്ടും സ്മിത സ്വയം ഓന്തായി സങ്കൽപ്പിച്ചു നോക്കി. പുരാതനമായ വന്യതയിലേയ്ക്ക് സ്വയം പ്രക്ഷേപിച്ചു നോക്കി. അവിടെയെല്ലാം തന്നെ പിന്തുടരുന്ന നോട്ടങ്ങൾ മാത്രം. സ്മിതയുടെ ചിത്രങ്ങൾ വ്യക്തിപരം ആകുന്നിടത്തോളം ഏതൊരു സ്ത്രീയുടെയും അദൃശ്യമായ എന്നാൽ അനുഭവിക്കപ്പെടുന്ന യാഥാർഥ്യം കൂടിയാണ്. 'സ്വപ്നങ്ങളിൽ പോലും വിടാതെ പിന്തുടരുകയാണ് നോട്ടങ്ങൾ,' സ്മിത പറയുന്നു. ഓന്തായി, ഒച്ചായി, പുഴുവായി, ഇലയായി- ജിംനോസ്പെമുകളിൽ നിന്ന് ആഞ്ജിയോസ്പെമുകളിലേക്കുള്ള പരിവർത്തനത്തിന്റെ ഭാഗമായി ജീവിവര്ഗങ്ങളുടെ പരിണാമവും സംഭവിക്കുന്നതിൽ പങ്കെടുക്കുന്നു എന്നത് പോലെ തന്നെ മറയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് സ്മിതയുടെ ചിത്രലോകത്തെ കഥാപാത്രങ്ങൾ.



സ്മിതയുടെ ചിത്രങ്ങൾ പക്ഷെ ആദ്യനോട്ടത്തിൽ ഇത്തരം സങ്കീർണ്ണതകളെ വെളിപ്പെടുത്തുന്നതിന് പകരം പുരുഷനോട്ടത്തിന്റെ കൗതുകങ്ങൾക്ക് മുന്നിൽ വഴങ്ങുന്ന ബിംബസമൃദ്ധികൾ വരച്ചിടുകയാണെന്നു തോന്നിപ്പോകും. അത് പക്ഷെ സ്വപ്നദർശനം പോലെ മങ്ങിപ്പോകുന്നതാണെന്നും അതിനു കീഴെ പച്ചയായ സ്ത്രീയാഥാർഥ്യം നമ്മുടെ 'നോട്ടത്തെ' കാത്തിരിപ്പുണ്ടെന്നും കൂടുതൽ നോക്കുന്നതോടെ തിരിച്ചറിയാൻ കഴിയുന്നു. രതിയുടെ മഹാഭീതികൾ അതിൽ അടങ്ങിയിരിപ്പുണ്ട്. അസ്ഥിപഞ്ജരമായ ഒരു ജീവിയെ ഭോഗിക്കാൻ ശ്രമിക്കുന്ന മറ്റൊരു ജീവിയെ ഒരിടത്ത് സ്മിത ചിത്രണം ചെയ്യുന്നുണ്ട്. ചുറ്റുപാടും തകർന്ന അസ്ഥിഖണ്ഡങ്ങൾ കാണപ്പെടുന്നു. ഒരു ആൽഫാ മെയിലിന്റെ കാമാവേഗങ്ങളിൽ തകർന്നു പോയ സ്ത്രീജീവിതങ്ങളോ അല്ലെങ്കിൽ അതിനു മുന്നിൽ പരാജയപ്പെട്ട കരുണയുറ്റ പുരുഷജീവിതങ്ങളോ ആകാം. പക്ഷെ ഒന്നിന്റെ 'അസ്തിത്വത്തെ' പോലും ഭോഗിച്ചൊതുക്കുന്ന പുരുഷന്റെ ആധിപത്യവാസന കാമത്തിലൂടെ മാത്രം വെളിപ്പെടുന്നുവെന്ന ഗാർഹിക-ലോക രഹസ്യം അല്പം ധൈര്യത്തോടെ തന്നെ വരച്ചിടുകയാണ് സ്മിത ചിത്രത്തിൽ.



ഓന്തുകൾക്ക് ഇരട്ട വ്യക്തിത്വം ലഭിക്കുന്നുണ്ട് സ്മിതയുടെ ചിത്രങ്ങളിൽ. ഒരിടത്ത് അതിജീവിക്കാൻ ശ്രമിക്കുന്ന ഒരു [പുരാതന ജീവി. സ്ത്രീയുടെ അതിജീവന-സഹനങ്ങൾ അത്രയേറെ പുരാതനമാണെന്നുള്ള സൂചനയാകാം. മറ്റൊരിടത്ത് അവ ലിംഗരൂപങ്ങൾ ആവുകയാണ്. മൽസ്യം, സർപ്പം, ഓന്ത് തുടങ്ങിയവ അടക്കിവെച്ച കാമത്തിന്റെയോ ലൈംഗികതയെക്കുറിച്ചുള്ള ഭീതിയുടെയോ പ്രതീകങ്ങളാകാം എന്നുള്ള ഫ്രോയ്ഡിയൻ വായനയിലേക്കാണ് പൊതുവെ നാം എത്തിച്ചേരുന്നത്. എന്നാൽ ഇതൊരു വൈക്തികമായ ആവശ്യം എന്ന നിലയിലുള്ള തെറ്റിദ്ധാരണയാണ് പലപ്പോഴും ഉണ്ടാകുന്നത്. 'അതുപോലും പുരുഷന്റെ നോട്ടത്തിന്റെ ഫലമാണ്' എന്നാണ് സ്മിത പറയുന്നത്. പുരുഷന് സ്ത്രീയുടെ അസ്തിത്വത്തെ ഭോഗത്തിലൂടെ മാത്രമേ നിർവചിക്കാൻ കഴിയുന്നുള്ളൂ എന്നിടത്താണ് പരിണാമത്തിന്റെയും സംസ്കാരത്തിന്റെയും പരാജയം വന്നുകൂടുന്നതെന്ന് സ്മിതയുടെ ചിത്രങ്ങൾ നോക്കുമ്പോൾ മനസ്സിലാകും. സ്ത്രീയെ ലൈംഗികാവയവം മാത്രമാക്കി ചുരുക്കുന്ന പുരുഷനോട്ടത്തെ, എങ്കിൽ കണ്ടുകൊള്ളൂ എന്ന് പറഞ്ഞു വെല്ലുവിളിക്കുന്നുണ്ട് ചിത്രകാരി. സ്വന്തം സ്വപ്നങ്ങളെയും സ്ത്രീലോകത്തിന്റെ പൊതുഭീതികളെയും സവിശേഷമായ ഒരു ചിത്രനശൈലിയിലൂടെ സ്മിത വരയ്ക്കുന്നു.



അങ്ങനെ വരയ്ക്കുന്നത് കൊണ്ട് ഒരു കലാകാരി നേരിടുന്ന പ്രശ്നങ്ങൾ ഭീകരമാണ്. വരയ്ക്കുകയോ എഴുതുകയോ ചെയ്യുന്ന സ്ത്രീ 'അത്' ആവശ്യപ്പെടുന്നു എന്നാണ് പുരുഷനോട്ടം നിഗമനം ചെയ്യുന്നത്. അവൾക്കത് വേണ്ടായിരുന്നെങ്കിൽ അവൾ അത് വരയ്ക്കില്ലായിരുന്നല്ലോ എന്ന ദയനീയ യുക്തി. സ്മിതയുടെ ചിത്രപ്രദര്ശനങ്ങളിലെല്ലാം 'കാഴ്ചപ്പാട്' ഒളിഞ്ഞും തെളിഞ്ഞും വന്നിട്ടുണ്ട്. സ്ത്രീയുടെ നഗ്നതയെപ്പോലും പുരുഷന് കൈകാര്യം ചെയ്യാം പക്ഷെ അവളുടെ സ്വകാര്യമായ ലോകത്തെ പുരുഷന് കൈകാര്യം ചെയ്യാൻ കഴിയില്ല. അത് പുരുഷനെ അൺസെറ്റിൽ ചെയ്തുകളയുന്നു. അവന്റെ കാൽച്ചുവട്ടിൽ നിന്ന് ഭൂമി ഇളകി മാറിപ്പോകുന്നു. സ്മിതയുടെ ചിത്രങ്ങൾ പുരുഷലോകത്തിനു നേർക്ക്, പുരുഷനോട്ടത്തിനു നേർക്ക് ഉയർത്തുന്ന വെല്ലുവിളി ഇതാണ്. സ്ത്രീയുടെ നഗ്നതയെയോ, സ്വന്തം ശരീരത്തിന്റെ ഉണ്മയെയോ മറയില്ലാതെ വരച്ചു വെക്കുന്നില്ല ചിത്രകാരി. മറിച്ച് തന്റെ ആന്തരിക ലോകത്തെ വെളിപ്പെടുത്തുകയാണ്. അവിടെ പുരുഷനെ അവൾ നിർവചിക്കുന്നു; ലിംഗരൂപിയായി പരിണമിക്കുന്ന ഓന്തായി, യോനീക്ഷേത്രത്തിൽ നിസ്സഹായമായി വന്നു നിൽക്കുന്ന കേസരമായി, വന്യമായ വിതാനങ്ങളിൽ ആദിമമായ സ്ത്രൈണതയെ കൊതിനോക്കിയിരിക്കുന്ന നീചജന്തു സാന്നിധ്യമായി.



സ്മിത എന്ന കലാകാരി താൻ വരയ്ക്കുന്ന ചിത്രങ്ങളാൽ തന്നെ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. ഇത്തരമൊരു ബിംബപരമ്പര ഉരുത്തിരിഞ്ഞു വരുന്നതിനു മുൻപുള്ള ചിത്രസഞ്ചയത്തെ നോക്കി പലരും പറയും, ഇങ്ങനെയൊക്കെ ചെയ്താൽ മതിയായിരുന്നു. സ്ത്രീകൾക്ക് പോലും തന്റെ ചിത്രങ്ങളെ നേരിടാൻ പ്രയാസമുണ്ടെന്ന് സ്മിതയ്ക്ക് തോന്നുന്നുണ്ട്. അവർക്ക് അതിനോട് വെറുപ്പില്ല, പക്ഷെ തങ്ങൾ കൂടി പങ്കെടുക്കുന്ന ആന്തരികലോകത്തെ അവിചാരിതമായി പുറത്തെടുത്തിടുമ്പോൾ ഉണ്ടാകുന്ന അങ്കലാപ്പ്. അത് പുരുഷൻ കാണുമെന്നത് കൊണ്ടല്ല. പുറത്തെടുത്ത ലോകത്തെ കാഴ്ചക്കാരായി സഹജീവികളുമായി പങ്കുവെയ്ക്കാൻ വേണ്ട വാക്കുകളോ പ്രതീകങ്ങളോ ശരീരഭാഷയോ തന്റേടമോ പലപ്പോഴും സ്ത്രീകൾക്ക് ഇല്ലാതായിപ്പോകുന്നു എന്നത് തന്നെയാണ് കാരണം. ഒറ്റപ്പെടുന്നു എന്ന കാരണത്താൽ ചിത്രം വരയെ മറ്റൊന്നാക്കാൻ സ്മിത ഉദ്ദേശിക്കുന്നില്ല. ബിരുദതലത്തിലും സ്കൂൾ തലത്തിലും പഠിക്കുന്ന രണ്ടാൺകുട്ടികളുടെ 'അമ്മ കൂടിയായ സ്മിതയ്ക്ക് 'വരയ്ക്കാനറിയാവുന്ന' മക്കൾക്ക് അമ്മയുടെ ചിത്രങ്ങൾ കാണുമ്പോൾ വിചിത്രബോധമോ നാണമോ തോന്നുന്നില്ല എന്നുള്ളതിൽ അഭിമാനമുണ്ട്.



ആരാണ് സ്മിതയെ പ്രചോദിപ്പിക്കുന്ന ഒരു കലാകാരി? ആലോചിച്ചു നോക്കുമ്പോൾ അങ്ങനെയൊരാളില്ലെന്നാണ് സ്മിതയ്ക്ക് തോന്നുന്നത്. പിന്നെ ടി കെ പത്മിനിയെക്കുറിച്ചു ചിലത് പറയാനുണ്ടവർക്ക്. 'ടി കെ പത്മിനി വരച്ച നഗ്നരായ സ്ത്രീകൾ കേവലം നഗ്നകൾ ആയിരുന്നില്ല. ഒരുപക്ഷെ നഗ്നത ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമേ ആയിരുന്നില്ല. എന്നാൽ പത്മിനി ചിത്രങ്ങളിലൂടെ തുറന്നിട്ട ലോകം, അതൊരു ഇരുണ്ട ലോകമായിരുന്നു. അത് ചിത്രകാരിയുടെ മനസ്സ് തന്നെയായിരുന്നു. വെളിച്ചത്തിലേക്ക് കുതിയ്ക്കാൻ തുടങ്ങുകയായിരുന്നു അവർ." എന്നാൽ പത്മിനിയുടെ ചിത്രശൈലിയോ വിഷയത്തിന്റെ തെരെഞ്ഞെടുപ്പോ അല്ല സ്മിതനടത്തുന്നത് . ഓരോ ചിത്രകാരിയുടെയും ആന്തരലോകം വ്യത്യസ്തമാണെന്ന് സ്മിതയെയും പത്മിനിയെയും ചേർത്ത് വായിക്കുമ്പോൾ മനസ്സിലാകും. വിഷയങ്ങൾക്കപ്പുറം തന്റെ ചിത്രങ്ങൾ നിറങ്ങളുടേത് കൂടിയാണ് എന്ന് സ്മിത വിശ്വസിക്കുന്നു. പദ്മിനിയ്ക്ക് ചാരനിറം കലർന്ന നിലയിൽ നിന്നും തവിട്ടിൽ നിന്നും രക്ഷപെടാൻ കഴിഞ്ഞില്ല. കാലത്തിന്റെ പിടിയിൽപ്പെട്ടുപോയ ചിത്രകാരിയായിരുന്നു പത്മിനി. സ്മിതയാകട്ടെ കാലത്തിനുള്ളിൽ നിൽക്കവേ തന്നെ പത്മിനിക്കില്ലാതിരുന്ന സ്വാതന്ത്ര്യത്തെ ഉപയോഗിച്ച് കാലത്തെ അതിജീവിക്കാൻ ശ്രമിക്കുന്നവളും.



കോഴിക്കോട്ടെ പേരാമ്പ്രയ്ക്കടുത്തുള്ള കാവിൽ എന്ന സ്ഥലത്താണ് സ്മിത ജനിച്ചു വളർന്നത്. മരങ്ങളും ചെടികളും കാവുകളും സമൃദ്ധമായിരുന്നു സ്ഥലം തന്നെയാണ് തന്റെ ചിത്രങ്ങളിലെ നിറങ്ങളെ പ്രചോദിപ്പിച്ചതെന്ന് സ്മിത പറയുന്നു. ചിത്രകാരിയെന്ന നിലയിൽ താനെന്താണെന്നു ചോദിച്ചാൽ, നിറങ്ങളുടെ ആരാധികയാണെന്ന് പറയുമെന്നാണ് സ്മിതയുടെ വാദം. അതിനാൽ ഹെൻറി മത്തീസിനെയും ഫോവിസ്റ്റുകളെയും വളരെ ഇഷ്ടം. പന്ത്രണ്ടാം ക്ലാസ്സ് വരെയേ അക്കാദമിക് വിദ്യാഭ്യാസം ചെയ്തുള്ളൂ. വരയ്ക്കുക മാത്രമായിരുന്നു ഇഷ്ടം. അതിനാൽ കോഴിക്കോടുള്ള യൂണിവേഴ്സൽ ആർട്സ് എന്ന സ്ഥാപനത്തിൽ കലാപഠനത്തിനായി ചേർന്നു. അവിടെ നിന്നും ഡിപ്ലോമ നേടിയ ശേഷം ശില്പശാലകളിൽ സജീവമായി. വിദ്യാർത്ഥികളുമായി ഉള്ള ക്യാമ്പുകളും ചെയ്യാറുണ്ട്. പത്തോളം ഏകാംഗ പ്രദർശനങ്ങളും നടത്തി. കേരള ലളിതകലാ അക്കാദമിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. മുഴുവൻ സമയകലാകാരിയായി മാത്രമേ ജീവിക്കുകയുള്ളൂ എന്ന ഉറപ്പോടെ എല്ലാ എതിർപ്പുകളെയും നേരിട്ടുകൊണ്ട് സ്മിത ജി എസ് കോഴിക്കോടുള്ള തന്റെ സ്റ്റുഡിയോയിൽ ചിത്രങ്ങൾ വരച്ചു കൊണ്ടേയിരിക്കുന്നു.

- ജോണി എം എൽ


Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്