ചിത്രത്തിന്റെ വൃത്തവും സ്ത്രൈണഭാവനയുടെ ചരിത്രവും: നീതു ബാബുവിന്റെ ചിത്രങ്ങൾ


(നീതു ബാബു. )

തിരുവനന്തപുരത്താണ് ഈ ചിത്രകാരിയുടെ വീട്. ഔപചാരികമായി ചിത്രം വര പഠിക്കാതെയാണ് കലാരംഗത്തേയ്ക്ക് പ്രവേശിച്ചത്. എങ്കിലും ലോകത്തെമ്പാടുമുള്ള ചിത്രങ്ങളെ നേരിട്ടും പകർപ്പുകളിലൂടെയും കണ്ടിട്ടുണ്ട്. ജീവിതത്തിലെ പല യാത്രകൾക്കിടയിൽ കുറെ വർഷങ്ങൾ അമേരിക്കയിൽ. തിരികെ എത്തുമ്പോൾ ചില്ലറ ആരോഗ്യപ്രശ്നങ്ങൾ. എന്തായാലും പഠിച്ചത് വിവരസാങ്കേതിക മേഖലയിലെ ജോലി. അതിനാൽ അത് തന്നെ തുടർന്നു. പക്ഷെ ശീതീകരിച്ച മുറികളിൽ ഇരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം പോലെ. ജോലി വീട്ടിലേയ്ക്ക് മാറ്റി. ചിത്രം വര അപ്പോഴെല്ലാം കൂട്ടിനുണ്ടായിരുന്നെങ്കിലും അത് ജീവിതോപാധിയാകുമെന്ന് കരുതിയിരുന്നില്ല. ഒടുവിൽ ഇപ്പോൾ ചിത്രം വരയ്ക്കുന്നു; അതിൽ നിന്നുള്ള വരുമാനം കൂടി ചേരുമ്പോൾ മനുഷ്യാന്തസ്സിൽ നിന്ന് വീണുപോകാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അവർക്ക് കഴിയുന്നു. ചിത്രകാരിയുടെ പേര് നീതു ബാബു.



നീതു ചിത്രകല ഔപചാരികമായി അഭ്യസിച്ചില്ല എന്ന് പറയുന്നത് പൂർണ്ണമായും ശരിയല്ല. പ്രമുഖ ചിത്രകാരനായ ബി ഡി ദത്തന്റെ ശിഷ്യയാണ് നീതു. കൃത്യമായി ക്ലാസ്സുകളിൽ പങ്കെടുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം കലാകാരർ തിരുവനന്തപുരത്തുണ്ട്. അവർ 'ദത്തം' എന്ന പേരിൽ വര്ഷം തോറും ചിത്രപ്രദര്ശനമെല്ലാം നടത്താറുമുണ്ട്. ബിന്ദു ഗോപിനാഥ്, ജി ബി ഹരീന്ദ്രനാഥ് തുടങ്ങിയവർ ചിത്രകലയിൽ സജീവമാണ്. നീതു ബാബു ഒരു ചിത്രപ്രദർശനം നടത്തുവാൻ തയാറാവുകയായിരുന്നു. കൊറോണയെത്തുടർന്നുണ്ടായ അടച്ചു പൂട്ടലിൽ ഒരുപാട് കലാപ്രദർശനങ്ങൾ നിന്ന് പോയി. ഇളവുകൾ ക്രമേണ വന്നിട്ടും ഇന്നും തുറക്കാതെ കിടക്കുന്നത് ഗ്യാലറികളും മ്യൂസിയങ്ങളും. ചിത്രപ്രദർശനം നടത്താൻ ഹാളുകൾ അന്വേഷിക്കുമ്പോൾ തിരിച്ചറിയുന്നത്, തിരുവനന്തപുരത്ത് വളരെക്കുറച്ച് ഇടങ്ങളെ അതിനായുള്ളൂ. ഉള്ളവയാകട്ടെ പൂട്ടിക്കിടക്കുകയാണ്.



സ്വന്തം ചിത്രങ്ങളെക്കുറിച്ച് അമിതമായ ആത്മവിശ്വാസമോ സങ്കോചമോ നീതുവിനില്ല. താൻ ചിത്രം വരയ്ക്കുന്നത് ജീവിതത്തിലെ സംഘർഷങ്ങൾ ലഘൂകരിക്കാനോ സമയം അർത്ഥപൂർണ്ണമായ ചെലവഴിക്കാനോ ആത്മാവിഷ്കാരം നടത്താനോ ലോകപ്രശസ്തയായ കലാകാരിയാകാനോ ഒന്നുമല്ല മറിച്ച് ചിത്രം വരയ്ക്കുക എന്നത് രണ്ടു തരത്തിലുള്ള അതിജീവനത്തിന്റെ വിഷയമാണ് നീതുവിന്. ഒന്നാമതായി, വരയ്ക്കാനല്ലാതെ തനിയ്ക്ക് മറ്റെന്താണ് അറിയുക എന്ന ആത്മനിഷ്ഠമായ ചോദ്യത്തിന്റെ ഉത്തരം വരയ്ക്കാൻ മാത്രമേ അറിയൂ എന്നതാണ്. ശമ്പളം കിട്ടുന്ന ഒരു തൊഴിലിൽ കൃത്യമായി ഇടപെടാൻ കഴിയാത്ത ഒരവസ്ഥയിൽ ചിത്രകലയിലൂടെയുള്ള അതിജീവനം എന്നത് ഒരു തൊഴിൽ കൂടിയാകുന്നു.ആന്തരികമായ വ്യക്തിബോധത്തിനു തൃപ്തി തരുന്ന രീതിയിൽ ഒരു തൊഴിൽ ചെയ്യുക എന്നത് തന്നെയാണ് പ്രൊഫെഷണൽ കലാകാരർ ചെയ്യുന്നത് എങ്കിൽ നീതു ബാബു ഒരു പ്രൊഫെഷണൽ കലാകാരിയുടെ തലത്തിലേയ്ക്ക് ഉയർന്നു നിൽക്കുന്നു.



നീതുവിനെ കലാലോകം ഒരു പക്ഷെ സമകാലിക കലയുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി കാണാൻ മടിച്ചേയ്ക്കാം. പക്ഷെ ഒരു കലാവിമർശകൻ കൂടിയായ എനിയ്ക്ക് ഈ ചിത്രങ്ങളിൽ ചിലതിനെ ഫേസ്ബുക്കിൽ കണ്ടപ്പോൾ തോന്നിയത് ഈ ചിത്രങ്ങൾ ആളുകൾ കാണേണ്ടവയാണ് എന്നൊരു കാര്യമായിരുന്നു. ചിത്രങ്ങൾ ചെറിയ വൃത്തങ്ങളാണ്. ഒരു കലാകാരിയെ സംബന്ധിച്ചിടത്തോളം അവളുടെ ഫെമിനൈൻ എന്ന് പറയാവുന്ന സ്ത്രൈണസ്വത്വത്തിലേയ്ക്ക് ചുരുക്കിയെടുക്കാൻ കഴിയുന്ന ഒരു രൂപഘടനയാണ് ആ ചെറുവൃത്തം. അത് കേവലം ഒരു ജ്യാമിതീയ രൂപം മാത്രമല്ല. അതിനൊരു ചരിത്രം കൂടിയുണ്ട്. സ്ത്രീകളെ തുന്നൽപ്പണിക്കാരായും അലങ്കാരകലയുടെ പഠിതാക്കളായും മാറ്റി സുന്ദരമായ കുടുംബാന്തരീക്ഷങ്ങളെ സൃഷ്ടിക്കാനായി നടത്തിയ പ്രത്യയശാസ്ത്രപരമായ ഒരു നീക്കത്തിന്റെ ഫലമായാണ് സ്ത്രീകൾ എംബ്രോയിഡറി, തുന്നൽ, റേന്ത തുന്നൽ, ചിത്രം വര തുടങ്ങിയവ പഠിക്കുവാൻ തുടങ്ങിയത്. ഇത് വിക്ടോറിയൻ ബ്രിട്ടന്റെ പ്രത്യയശാസ്ത്രപരമായ സൗന്ദര്യശാസ്ത്ര നിർമ്മിതിയും സ്ത്രീകളുടെ സാമൂഹികമായ അവസ്ഥാനിർവചനവും കൂടിയായിരുന്നു.



കൈക്കൊതുങ്ങുന്ന അലങ്കാരപ്പണികൾ സ്ത്രീകളുടെ മേഖലയും അതിനു പുറത്തുള്ള സങ്കീർണ്ണമായ സാമൂഹിക-സാംസ്‌കാരിക ഇടങ്ങൾ പുരുഷന്റെ മേഖലയും ആയി വിഭജിക്കപ്പെട്ടു. ഈ ദ്വന്ദം പണ്ട് കാലത്തെ നിലനിൽക്കുന്ന ഒന്നാണ്. സ്ത്രീ പ്രകൃതിയും പുരുഷൻ സംസ്കാരവും ആണെന്ന വിശ്വാസം. പ്രകൃതിയെ മെരുക്കുന്നവനാണ് പുരുഷൻ. മനുഷ്യൻ എന്ന അസ്തിത്വം പോലും അപ്പോൾ പുരുഷന് മാത്രമാണ്. പുരുഷനിരപേക്ഷമായ സ്ത്രീ സ്വത്വം എന്നത് ചിന്തിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല. സ്ത്രീകൾക്ക് ആത്മാവുണ്ടോ എന്ന കാര്യം കത്തോലിക്കാ സഭ പത്തൊമ്പതാം നൂറ്റാണ്ടിൽ വോട്ടിട്ട് തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വൃത്താകൃതിയുള്ള ചട്ടത്തിൽ വലിച്ചു കെട്ടിയ തുണിയിൽ എംബ്രോയിഡറി ചെയ്യുന്ന സുന്ദരിയായ ഒരു സ്ത്രീ എന്ന സ്റ്റീരിയോടൈപ്പിനെ നാം കാണുന്നത്. വിക്ടോറിയൻ ചിത്രങ്ങളിൽ ഇത്തരം സ്ത്രീകളെ കാണാം. പ്രത്യക്ഷാർത്ഥത്തിൽ നീതു ബാബു സ്വീകരിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ഈ കാൻവാസുകൾ ഇത്തരമൊരു ചരിത്രത്തെ മുന്നോട്ട് കൊണ്ടുവരുന്നു.



കലയുടെ സ്ത്രൈണവൽക്കരണത്തെ ബോധപൂർവം നീതു നിരാകരിക്കുന്നുണ്ട്. പക്ഷെ വൃത്താകൃതിയിലുള്ള കാൻവാസിന്റെ തെരെഞ്ഞെടുപ്പ് അത്രയും തന്നെ ബോധപൂർവകവുമാണ്. തിരുവനന്തപുരം പോലുള്ള നഗരത്തിൽ കല വാങ്ങുന്നവർക്ക് അവരവരുടേതായ ചില സങ്കല്പങ്ങളുണ്ട്. ചെറുതും സുന്ദരവുമായ കാര്യങ്ങളെ ശേഖരിക്കാൻ ശ്രമിക്കുന്നവരുണ്ട്. അത് കൊളോണിയൽ കാലത്തിന്റെ ഒരു ബാക്കി പത്രമാണെന്ന് വേണമെങ്കിൽ പറയാം. അക്കാലത്ത് ഇന്ത്യൻ സുവനീറുകൾ വിദേശികൾക്ക് വളരെ പ്രധാനമായിരുന്നു. ഇന്ത്യയിലെ മനുഷ്യരുടെ ചിത്രങ്ങൾ, തൊഴിലാളികളുടെയും സന്ന്യാസിമാരുടെയും ആനകളുടെയും സ്മാരകങ്ങളുടെയും ഒക്കെ ചിത്രങ്ങൾ ഇങ്ങനെ ചെറിയ രൂപത്തിൽ അവർ വരച്ചെടുത്തു വിദേശത്തേയ്ക്ക് കൊണ്ടുപോയി. ഓർമ്മകളുടെ ഒരു ആൽബം എന്ന കണക്കിനായിരുന്നു അത്. കാബിനറ്റ് ഓഫ് ക്യൂരിയോസ് അഥവാ കൗതുകവസ്തുക്കളുടെ അലമാര എന്നൊരു സങ്കല്പം തന്നെ അവർക്കുണ്ടായിരുന്നു. അതിന്റെ ഒരു വിദൂരസ്ഥബന്ധു വേഷം മാറി നമ്മുടെയുമൊക്കെ വീടുകളിൽ താമസമുണ്ട്. അതിന്റെ പേരാണ് ഷോ കേസ്. അതിനുള്ളിൽ നമ്മളും ചെറിയ താജ്മഹലും കൊമ്പിൽ തീർത്ത കൊക്കിനെയും ഒക്കെ വാങ്ങി വെയ്ക്കുന്നു. ഇപ്പോൾ അത് കുട്ടികളുടെ പ്രതിഭാപ്രകടനത്തിനു കിട്ടിയ ട്രോഫികൾ വെയ്ക്കാനുള്ള ഇടമായി.



നീതുവിന്റെ ചിത്രങ്ങൾ വാങ്ങുന്നവർക്ക് ഇത്തരമൊരു ശേഖരപാരമ്പര്യം ഉണ്ടായിരിക്കണം. അലങ്കാരമെന്നു തോന്നുന്ന ചിത്രങ്ങൾ; അവയുടെ ആകൃതി വൃത്തത്തിൽ. അപ്പോൾ പരമ്പരാഗതമായ ഒരു ലാവണ്യപരമായ ആവശ്യത്തെ ഈ ചിത്രങ്ങൾ പ്രത്യക്ഷത്തിൽ നിറവേറ്റുന്നുണ്ട്. എന്നാൽ എന്റെ കാഴ്ചപ്പാടിൽ, നീതു ലാവണ്യപരമായ അട്ടിമറി നടത്താതെ തന്നെ തന്റെ കലാസമീപനങ്ങളിൽ ചില വ്യത്യസ്തതകൾ വരുത്തുന്നുണ്ട്. പൊതുവെ നോക്കിയാൽ ഈ ചിത്രങ്ങൾക്ക് ഒരു സുവനീർ സ്വഭാവം ഉണ്ടെങ്കിലും അവയിലെ ബിംബങ്ങളെ സൂക്ഷിച്ചു നോക്കിയാൽ അവയ്ക്ക് കലയുടേത് മാത്രമായ ഒരു ഉണ്മയെ സൃഷ്ടിയ്ക്കുന്ന സ്വഭാവം ഉണ്ടെന്നു കാണാം. തിരുവനന്തപുരത്തെ പഴയ സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റിലൂടെ കാണുന്ന ഒരു ദൃശ്യം നീതു വരച്ചിട്ടുണ്ട്. അതിൽ ഒരു മയിലും ഉണ്ട്. സ്റ്റാച്യു ജംക്ഷനിൽ പോയിട്ടുള്ളവർക്ക് അറിയാം അതൊരു അസാധ്യതയാണ്. പക്ഷെ കലാകാരിയെ സംബന്ധിടത്തോളം അതൊരു സാധ്യതയാണ്. പരിചിതവും അപരിചിതവുമായ ഇടങ്ങൾ ഈ ചിത്രങ്ങളിൽ വരുന്നു. എന്നാൽ അവയൊന്നും തന്നെ ഒരിടത്ത് ഉള്ളതോ വർത്തമാനകാലത്തിൽ അതേപടി നിലനിൽക്കുന്നതോ അല്ല. തന്റെ കൈപ്പിടിയിൽ ജീവിതത്തെ താനുദ്ദേശിക്കുന്ന തരത്തിൽ ഒതുക്കാനുള്ള കാല്പനികമായ ഒരു അഭിലാഷത്തിന്റെ പൂർത്തീകരണമായാണ് നീതു ബാബുവിന്റെ ചിത്രങ്ങൾ സംഭവിക്കുന്നത്.



ഇനി ഈ ചിത്രങ്ങളുടെ വിപണനസാധ്യതയിലേയ്ക്ക് വരാം. താൻ ഈ ചിത്രങ്ങളെ ചെറിയ തുകയ്ക്ക് വിൽക്കുന്നുവെന്നും അത് തന്റെ ജീവിതത്തെ സഹായിക്കുന്നു എന്നും നീതു പറയുന്നു. എല്ലാ ചിത്രങ്ങളും പക്ഷെ നീതു ഈ രീതിയിൽ അല്ല ചെയ്യുന്നതും. ശൈലീപരമായി ഇമ്പ്രെഷനിഷത്തോടും പോയിന്റിലിസത്തോടും ഒരു പക്ഷപാതം നീതുവിനുണ്ട്. അതിരിക്കെ തന്നെ ഈ ചിത്രങ്ങൾക്ക് താൻ താമസിക്കുന്ന നഗരത്തിൽ ആവശ്യക്കാരുണ്ടെന്ന് നീതു പറയുന്നു. തന്റെ ലാവണ്യബോധത്തിനു യാതൊരു തരത്തിലുമുള്ള നീക്കുപോക്കുകൾ നടത്താതെ ചിത്രങ്ങളിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഈ കലാകാരിയ്ക്ക് കഴിയുന്നുണ്ട് എന്ന് പറയുമ്പോൾ അത് സാധ്യമാക്കുന്നത് പ്രതിലോമകരമായ ലാവണ്യസങ്കേതത്തിലൂടെ അല്ല എന്നുകൂടി എടുത്തു പറയേണ്ടിയിരിക്കുന്നു. ഈ ചിത്രങ്ങൾ കണ്ടപ്പോൾ ഇവയെ പ്രദര്ശിപ്പിച്ചാലോ എന്ന് എനിയ്ക്ക് തോന്നുകയുണ്ടായി. അതിനായി നീതുവിനോട് സംസാരിച്ചപ്പോൾ, ഒരു പ്രദർശനം വരെ കാത്തുവെയ്ക്കാനുള്ള ക്ഷമയില്ലെന്നും അതിനിടെ ഇവയെ വിൽക്കുന്നതിലൂടെ മാത്രമേ ജീവിതത്തിൽ പലകാര്യങ്ങളും ചെയ്യാൻ കഴിയുകയുള്ളൂ എന്നും നീതു പറഞ്ഞപ്പോൾ അതിലെ സത്യസന്ധമായ സമീപനം ഞാൻ തിരിച്ചറിഞ്ഞു.



കല കലയ്ക്ക് വേണ്ടിയല്ല, കല ജീവിതം തന്നെ എന്നുമാണ് നാം പറയുന്നത്. കല കലയ്ക്കു വേണ്ടിയായിരിക്കുമ്പോൾത്തന്നെ അത് ജീവിതം കൂടിയാണെന്ന് നാം തിരിച്ചറിയുമ്പോൾ ഒരു പക്ഷെ നമ്മുടെ മനസ്സിലാക്കൽ പൂർണ്ണമാകുന്നു. ഇത് മഹത്തായ കല, അത് കേവലം അലങ്കാരം എന്ന് പറഞ്ഞു മാറ്റിനിർത്താമെങ്കിലും, അലങ്കാരം കൂടിയുള്ള കല ചെയ്യുന്നതിന് സാമൂഹികവും സാമ്പത്തികവുമായ ചില ആവശ്യങ്ങൾ കൂടിയുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്റ്റുഡിയോയിൽ നിന്നിറങ്ങിപ്പോയി കാലാവസ്തുവിന്റെ പിതാവിനെയോ മാതാവിനെയോ തേടി നാം പോകേണ്ടതില്ലെന്നും കലയെ പാഠമായി മാത്രം വായിച്ചാൽ മതിയെന്നും പറയാറുണ്ട്. അത് ശരിയുമാണ്. മാതാപിതാക്കളുടെ അന്തർഗതം സാധിക്കുന്നവരാണ് മക്കൾ എന്ന് കരുതേണ്ടതില്ല. എങ്കിലും ചില സന്ദർഭങ്ങളിൽ കലയെ തെറ്റിദ്ധരിക്കാതെയിരിക്കണമെങ്കിൽ കലാകാരിയുടെ നിലപാട് കൂടി പഠിക്കേണ്ടി വരും. നീതുവിന്റെ കലയിൽ അതിജീവനത്തിന്റേതായ ഒരു സമരം കൂടി സുന്ദരമായി നടക്കുന്നുണ്ട്. എന്നാൽ ഈ ഒരു രൂപഘടനയില്ലാത്ത ചിത്രങ്ങളിൽ നീതു, പ്രത്യേകിച്ചും തന്റെ ഫോട്ടോഗ്രാഫി കലയിൽ സ്ത്രൈണതയെ ഒരു വശത്തേയ്ക്ക് മാറ്റി നിർത്തിക്കൊണ്ട് സ്ത്രീ വ്യക്തിസ്വത്വത്തിന്റെ രാഷ്ട്രീയത്തിലേക്ക് കൂടി പ്രതീകാത്മകമായി തിരിയുന്നുണ്ട്.

- ജോണി എം എൽ 

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്