ദൈവമേ...നീ ...ഞാൻ ...അല്ല നമ്മളെവിടെയാണ്?
ഒരു ദിവസം കൂടി കഴിയുമ്പോൾ ആരാധനാലയങ്ങൾ തുറക്കാം എന്ന് സർക്കാർ പറയുന്നു. എല്ലാം രാഷ്ട്രീയമാകുന്ന കാലത്ത് ആരാധനാലയങ്ങൾ തുറക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. ഇല്ലെങ്കിൽ വോട്ട് ബാങ്കുകളാണ് മൊറട്ടോറിയം പ്രഖ്യാപിക്കുക. ആരോഗ്യപാലനം, രോഗനിയന്ത്രണം ഇവ സംബന്ധിച്ച് ആരാധനാലയങ്ങൾ തുറക്കേണ്ട എന്ന് വിചാരിക്കുന്നതിലെ ശാസ്ത്രീയതയും അതറിഞ്ഞിട്ടും തുറന്നില്ലെങ്കിൽ എന്തോ സംഭവിക്കും എന്ന് വാദിക്കുന്നതിലെ അശാസ്ത്രീയതയും ഒരു തരം ഉറപ്പില്ലായ്മായിൽ മുഖാമുഖം നടത്തുന്നു. ഒരു ചൂതാട്ടത്തിനുള്ള സമയമല്ല ഇതെന്നറിഞ്ഞിട്ടും ആരാധനാലയങ്ങൾ തുറക്കാം എന്ന് തന്നെ തീരുമാനിക്കപ്പെടുന്നു. എല്ലാം തുറക്കാമെങ്കിൽ അതുമാത്രമായിട്ട് കുറയ്ക്കുന്നതെന്തെന്ന് ആരെങ്കിലും സാമാന്യബുദ്ധി പ്രയോഗിച്ചു ചോദിച്ചാൽ അതിനുത്തരം പറയണമെങ്കിൽ വുഹാൻ മുതൽ തുടങ്ങേണ്ടി വരും. 'പോ, പോയി എന്തോ ചെയ്തോ' എന്ന് പറഞ്ഞൊഴിവാകാനേ കഴിയൂ.
ലോക്ക്ഡൌൺ കാലത്ത് പല ക്ഷേത്രപരിസരങ്ങളിലും സൈക്കിൾ ചവുട്ടി പോയിരുന്നു. തൊഴാനല്ല, വെറുതെ ഒന്ന് കാണാൻ. ക്രിസ്ത്യൻ പള്ളികളിലും മുസ്‌ലിം പള്ളികളിലും സന്ദർശനം നടത്തി. ഭക്തി രക്തത്തിൽ കലർന്ന് പോയവരെല്ലാം ലോക്ക് ഡൌൺ ഇളവിന്റെ സ്വഭാവം അനുസരിച്ചു, സർക്കാർ പറയുന്ന നിബന്ധനകളെല്ലാം പാലിച്ചു അടഞ്ഞു കിടക്കുന്ന ക്ഷേത്രങ്ങളുടെ മുന്നിൽ തൊഴുകൈകളുമായി നിൽക്കുന്നുണ്ടായിരുന്നു. ഏകാന്തനായി പൂജാരി ഏകാന്തയോ ഏകാന്തനോ ആയ ദൈവത്തെ പൂജിക്കുന്നു. അവിടെ അങ്ങനെ നടക്കുന്നുണ്ടാകും എന്ന് കരുതി പുറത്ത്, സാമൂഹിക അകലം കുറിയ്ക്കാൻ വരച്ചിട്ട വൃത്തങ്ങളിൽ ആളുകൾ നിൽക്കുന്നു. ഇവരെല്ലാം ഏതെങ്കിലും പ്രതിലോമ പ്രത്യയശാസ്ത്രത്തിന്റെ ആളുകളാണെന്ന് കരുതേണ്ട കേട്ടോ. സാധാരണ മനുഷ്യരാണ്. പക്ഷെ ഇവരെ പ്രതിലോമ പ്രത്യയശാസ്ത്രങ്ങൾക്ക് വരുതിയിലാക്കാൻ എളുപ്പമാണ്. ദൈവത്തിന്റെ പേര് പറഞ്ഞാൽ മതി. ഒരാന പാർവതിയായത് കണ്ടു കണ്ണ് അടഞ്ഞത് പോലുമില്ല.
അശരണനാണ് മനുഷ്യൻ. പ്രത്യയശാസ്ത്രങ്ങളാൽ കൈയൊഴിയപ്പെട്ട മനുഷ്യർ. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഒന്നും ഇല്ല; അധികാരത്തിനു പുറത്തും അകത്തും നിൽക്കുന്നവർ മാത്രം. ഭയമാണ് ഏക വികാരം. അവനാണ് വെളുപ്പാൻ കാലത്ത് അടഞ്ഞു കിടക്കുന്ന അമ്പലത്തിനു മുന്നിൽ, പള്ളിയ്ക്കും, ചാപ്പലുകൾക്കും കപ്പേളകൾക്കും മുന്നിൽ തൊഴുകൈയും പ്രതീകക്കുരിശുമായി നിൽക്കുന്നത്. രാഷ്ട്രീയവും ഭരണകൂടവും ഉത്പാദനകേന്ദ്രങ്ങളും ഒക്കെ കൈയൊഴിഞ്ഞ മനുഷ്യർ. അവർക്കാശ്രയം എല്ലാം കാണുന്നു എന്ന് അവർ കരുതുന്ന ദൈവം മാത്രം. ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും തയാറാണ് സാർ എന്ന് പറയുന്നത് ഇപ്പോൾ തമാശയല്ല. ജീവിക്കാൻ വേണ്ടി മരണത്തിലേയ്ക്ക് മുഖം മൂടിയും കയ്യുറയും സാനിറ്റയ്‌സറുമില്ലാതെ നടന്നു കയറാൻ മനുഷ്യൻ തയാറാണ്. അവരെ തെരുവുകളിൽ കാണാം. വെറുതെ കറങ്ങാനിറങ്ങുന്നവന്റെ ആനന്ദഭാവമല്ല മുഖങ്ങളിൽ. മരണത്തിലേയ്ക്ക് തുറിച്ചു നോക്കുന്നവന്റെ ഭ്രാന്ത് കലർന്ന നോട്ടമാണവിടെ.
ഒരു ആൽമരത്തിന്റെ ചുവട്ടിൽ വെച്ചിരിക്കുന്ന പണപ്പെട്ടിയിൽ ഒരു നാണയം നിക്ഷേപിച്ചു നടന്നു പോകുന്ന സ്ത്രീ എന്താകാം ആ നിമിഷം പ്രാർത്ഥിക്കുന്നത്? എൽ എം എസ് ജംക്ഷനിൽ എന്നും രാവിലെ ആറര മുതൽ ഏഴര വരെ മഴയത്തും വെയിലത്തും ഇരുട്ടിലും വെളിച്ചത്തിലും ഒരു സ്ത്രീയെക്കാണാം. അവർ നടപ്പാതയിൽ നിന്ന് വിറയ്ക്കുകയും വിറളി പൂണ്ടവളെപ്പോലെ യേശു യേശു എന്ന് വിളിച്ചു പറയുകയും ചെയ്യുന്നു. ഇടതു കൈകൊണ്ട് മാറോട് ചേർത്ത് പിടിച്ചിരിക്കുന്ന ഒരു വേദപുസ്തകം. നീണ്ട പാവാടയും ആണുങ്ങളുടേത് പോലുള്ള ഉടുപ്പും. തലയിൽ ഒരു നേരിയ തുണി വലിച്ചിട്ടിട്ടുണ്ട്. ആളുകളുടെ നോട്ടങ്ങൾ അവർ കാണുന്നില്ല. അവർ ആരെയും കാണുന്നില്ല. അവർ കാണുന്നത് യേശുവിനെ മാത്രം. യേശു അവരെ കാണുന്നുണ്ടോ? ഇപ്പോൾ കാണുന്നില്ലെങ്കിൽ ഒരു ദിവസം കാണുക തന്നെ ചെയ്യും എന്ന് അവർ അതി ഗാഢമായി വിശ്വസിക്കുന്നുണ്ട്. അടുത്ത അതികാലത്ത് അവിടെ തിരികെ വരും വരെ അവർ ചെയ്യുന്നതെന്താകാം?
പ്രാർത്ഥന ഏകാന്തത്തിൽ ചെയ്യേണ്ടതാണ് എന്ന് പറയുന്നു. ജീവിതത്തിൽ ഏകാന്തനായിപ്പോയ മനുഷ്യൻ എവിടെ നിന്ന് പ്രാർത്ഥിച്ചാലെന്ത് അവിടം ഏകാന്തമല്ലയോ. പക്ഷെ അവൻ അമ്പലത്തിലേയ്ക്കും പള്ളിയിലേയ്ക്കും പോകുന്നു. ആദിമമായ വാസന. കൂട്ടുകൂടാനുള്ള പ്രവണത. കുറഞ്ഞപക്ഷം ദൈവമെങ്കിലും അവനെ കാണുമെന്ന തോന്നൽ. ഈ തോന്നലിലാണ് രാഷ്ട്രീയവും മതാധികാരവും പണാധികാരവും വേര് പിടിക്കുന്നത്. ആ കൂട്ടത്തിൽ താനുമുണ്ടെന്ന്, താൻ സംരക്ഷിതനാണെന്ന് ചെറിയൊരു ഉറപ്പ് മതി പാവം മനുഷ്യന്. ഈ മനുഷ്യരുടെ ആത്മീയതയിലേക്ക് അതിന്റെ തന്നെ ശാസ്ത്രത്തെക്കൂടി ആർക്കാണ് കടത്തി വിടാൻ കഴിയുക? ദൈവമേ ഞാൻ നീ തന്നെ, നീ ഞാൻ തന്നെ എന്ന് ആരെ നോക്കിയും വിളിക്കേണ്ടതില്ലെന്ന്, ഞാൻ നടക്കുമ്പോൾ നീയും നടക്കുന്നുണ്ടെന്ന്, നീയും ഞാനുമെന്നത് മനോഹരമായ ഭാവനകളാണെന്ന്, അതിന്റെ സാക്ഷാത്കാരത്തിന് ശാസ്ത്രം കൂടി വേണമെന്ന് ഒരു വാട്ട്സ്ആപ്പ് മെസേജ് ആയെങ്കിലും ആരാണ് ഇവർക്ക് പറഞ്ഞു കൊടുക്കുക!
നിരാലംബനാണ് താനെന്ന ബോധത്തിൽ വിനീതനാവുകയല്ല മനുഷ്യൻ. അതിനെ മറയ്ക്കാനുള്ള അഹന്ത അവൻ എല്ലാ അക്രമങ്ങളെയും സങ്കൽപ്പിച്ചു കൊണ്ട് സൃഷ്ടിച്ചെടുക്കുന്നു. എന്നിട്ട് ആ അഹന്തയെ മാപ്പാക്കുവാൻ ദൈവങ്ങളെ കണ്ടെത്തുന്നു. കണ്ടെത്തിയ ദൈവങ്ങളെ സ്വന്തം വരുതിയിൽ നിർത്താൻ അവരെക്കൂടി മനുഷ്യഭാവത്തിലാക്കി പ്രീണിപ്പിക്കാൻനോക്കുന്നു . കൈക്കൂലി വാങ്ങുന്ന ദൈവത്തിനെ ആരാധിക്കാൻ താൻ അല്പം കൈക്കൂലി വാങ്ങിയാലെന്താണ്? എന്റെ ദൈവം നിന്റെ ദൈവത്തെക്കാൾ നല്ലതെന്ന് സ്ഥാപിച്ചെടുക്കാൻ നിന്നെത്തന്നെ കൊല്ലാൻ എനിയ്ക്ക് മടിയുണ്ടാകാതിരുന്നാൽ മാത്രം മതിയല്ലോ. കൊന്നത് ഞാനല്ലല്ലോ, ദൈവമല്ലേ, ദൈവത്തിനു വേണ്ടിയല്ലേ? ഞാൻ ചെയ്തത് എന്നിൽ നിയോഗിക്കപ്പെട്ട കർമ്മം മാത്രമല്ലേ? അങ്ങനെ പോകുന്നു അതിജീവനത്തിന്റെ ഭാവനാവിലാസങ്ങൾ. ഇതൊന്നും അറിയാതെ മഴയത്ത് നനഞ്ഞു കുതിർന്ന സെക്യൂരിറ്റി യൂണിഫോമും ധരിച്ച് ഒരു മനുഷ്യൻ അടഞ്ഞ കോവിലിനു മുന്നിൽ കൈകൂപ്പുന്നു. മേഘങ്ങളിൽ യേശുവിനെ കണ്ട് ഒരു സ്ത്രീ നിലവിളിക്കുന്നു.
- ജോണി എം എൽ
Comments
Post a Comment