മോഹൻലാൽ: നടനും എഴുത്തുകാരനും ഇടയിലെ പ്രതിസന്ധി




ആനയുടെ ചെരിവ് (ആന മരിക്കുന്നില്ലല്ലോ) ഉണ്ടാക്കിയ കോലാഹലങ്ങളിൽ പെട്ട്  പേരുടെ നാണവും മാനവും ഒക്കെ പൊയ്ക്കൊണ്ടിരിക്കുകയാണ്. നാണം കെട്ട ചിലർ വസ്തുതാവിരുദ്ധമായ സംഗതികൾ വിഷയത്തിൽ ആരോപിച്ചു വർഗ്ഗീയകാലുഷ്യം ഉണ്ടാക്കാനും ശ്രമിക്കുന്നു.  ഇതിനിടയിൽ ഒന്നും പറയാതെ നിൽക്കുന്ന ചില ആളുകളും ചെളിവാരിയെറിയലിനു വിധേയമാകുന്നുണ്ട്. മോഹൻലാൽ എന്ന താരം അതിലൊരാളാണ്. തന്റെ ജീവിതത്തിന്റെ ഒരു സവിശേഷ സന്ദർഭത്തിൽ ബ്ലോഗുകൾ എഴുതി തുടങ്ങി എന്നുള്ളതാണ് മോഹൻലാൽ ചെയ്ത ഏറ്റവും വലിയ അബദ്ധം എന്ന് തോന്നും. അതിലൂടെ അദ്ദേഹം പറഞ്ഞതും പറയാത്തതുമൊക്കെയാണ് ഇപ്പോൾ വ്യക്തിവിരോധമായും ആക്ഷേപമായും ഒക്കെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.


മോഹൻലാൽ അതുല്യനടനാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ അദ്ദേഹം സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക- സാംസ്കാരിക-ആത്മീയ വിഷയങ്ങളിൽ എടുക്കുന്ന പല നിലപാടുകളും പ്രതിലോമകതയോളം ചെല്ലുന്നവയാണ്. എന്നാൽ മോഹൻലാൽ പറയുന്നത് പോലുള്ള കാര്യങ്ങൾ അതേപടിയോ അതിൽ ഒരു ഡിഗ്രി കൂടിയോ പറയുന്നവരും ജീവിതത്തിൽ പ്രവർത്തിക്കുന്നവരും ഉണ്ട്. അവരാരും തന്നെ പ്രതിലോമകാരികളായി ഇങ്ങനെ അധിക്ഷേപിക്കപ്പെടാറുമില്ല. അപ്പോൾ മോഹൻ ലാൽ ആയിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സ്വകാര്യമായ വീക്ഷണങ്ങളെയും കാഴ്ചപ്പാടുകളെയും പ്രശ്നവൽക്കരിക്കുന്നത്. അതിനും പുറമെ, തികച്ചും നിഷ്കളങ്കമായി കാര്യങ്ങളെ സമീപിച്ചു കൊണ്ട് പൊതുമണ്ഡലത്തിൽ അദ്ദേഹം അഭിപ്രായങ്ങൾ എഴുതിയിടുകയും ചെയ്യുന്നു, ചിലപ്പോൾ പറയുകയും.




വലതുപക്ഷം എന്നത് അത്രമോശം പക്ഷമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. കൺസർവേറ്റിവുകൾ അഥവാ പാരമ്പര്യവാദികൾ മാത്രമായിരുന്നവർ ആണ് വലതുപക്ഷം. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം പാർലമെന്റിൽ സഭാധ്യക്ഷന്റെ ഇടതും വലതും ഇരുന്നവർ പുരോഗമനപക്ഷവും പാരമ്പര്യപക്ഷവും ആയതിനാലാണ് വലതുപക്ഷം ഇന്ന് അങ്ങനെ അറിയപ്പെടുന്നത്. പാരമ്പര്യവാദികളുടെ കുഴപ്പം അവർ സമൂഹത്തെ നിശ്ചലമായ ഒരു പൂർവ്വനിർമ്മിത മൂല്യവ്യവസ്ഥയായി കാണുന്നു എന്നുള്ളതാണ്. അത് കൊണ്ടുള്ള കുഴപ്പം എന്നത് പുതിയ കാര്യങ്ങളെ അംഗീകരിക്കാൻ അവർ വിമുഖരാവുകയും സാമൂഹ്യപുരോഗതിയെ ഒട്ടൊക്കെ തടസ്സപ്പെടുത്താൻ അവർ കാരണമാവുകയും ചെയ്യുന്നു എന്നുള്ളതാണ്. ശുദ്ധി വാദം, അടഞ്ഞ സമൂഹങ്ങളിൽ ഉള്ള വിശ്വാസം, സ്വയം പര്യാപ്തതയിലുള്ള അമിതവിശ്വാസം ഒപ്പം അതിനു വിരുദ്ധമായ സാമ്പത്തിക നയം, സാമ്രാജ്യത്തോടുള്ള അഭിലാഷവും വിധേയത്വവും, പുരുഷാധിപത്യപ്രവണത, നേർരേഖാ വാദം തുടങ്ങി പൊതുസമൂഹത്തിനു വിരുദ്ധമായതെന്തും അവർക്ക് പ്രിയമാണ്.


പിതൃസ്വരൂപനായ ഒരു നേതാവിലുള്ള അചഞ്ചലമായ വിശ്വാസവും പുരാവൃത്തങ്ങളിൽ സമകാലത്തിലേക്കുള്ള എല്ലാ പരിഹാരങ്ങളും ഉണ്ടെന്ന കാഴ്ചപ്പാടും എന്നാൽ മനുഷ്യനന്മയെക്കുറിച്ചുള്ള പ്രഘോഷണവും ഒക്കെ ഇവരെ പുരോഗമനവാദികളിൽ നിന്ന് വ്യത്യസ്തരാക്കുന്നു. എന്നാൽ വലതുപക്ഷ തീവ്രവാദികൾ ഒരുപടി കൂടി കടന്ന് ഭൂതകാലത്തെ കേവലമായ മൂല്യവ്യവസ്ഥയായി മാത്രമല്ല ഒരു സാമൂഹിക യാഥാർഥ്യം കൂടിയായി കാണുവാൻ ശ്രമിക്കുകയും അതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന എന്തിനെയും ശാരീരികമായ ആക്രമണങ്ങളിലൂടെ ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലാ വലതുപക്ഷവും തീവ്രവാദമാകുന്നത് അവസ്ഥയിലാണ്.




മോഹൻലാൽ ഒരു വലതുപക്ഷ തീവ്രവാദി അല്ല. അദ്ദേഹംഒരു പാരമ്പര്യവാദി ആണ്; അതായത് പഴയ ഒരു വലതുപക്ഷക്കാരൻ. ലോകനന്മയിലും മനുഷ്യസ്നേഹത്തിലും കരുണയിലും വിശ്വാസം അർപ്പിക്കുന്ന അദ്ദേഹം ലോകത്തിന്റെ ബഹുസ്വരതയെയും ഭിന്നരുചികളെയും തന്റെ കാഴ്ചവട്ടത്തിൽ നിന്നും മാറ്റിനിർത്തുന്നു. ഞാൻ -അപരൻ എന്ന ദ്വന്ദഭാവത്തെ ഇല്ലാതാക്കണമെന്ന് പറയുമ്പോൾപ്പോലും ഞാൻ എന്നത് സവിശേഷമായ ഒരു സംഗതിയായി തുടരുന്നു എന്ന ബോധം അദ്ദേഹത്തെ ഭരിക്കുകയും ചെയ്യുന്നു. രാജ്യത്തെ നയിക്കുന്നത് ആരായാലും അവർക്കൊപ്പമാകണം താൻ കാരണം രാജ്യത്തെ നയിക്കുന്നവർ രാജ്യത്തെ തകർക്കാൻ ശ്രമിക്കില്ല എന്ന ബോധം അദ്ദേഹത്തിൽ വിവാദരഹിതമാം വിധം ലീനമായിരിക്കുന്നു. അതിനാൽ കേന്ദ്രത്തിൽ മോദിയെയും കേരളത്തിൽ പിണറായിയേയും ഒരുപോലെ പിന്തുണയ്ക്കുന്നതിൽ അദ്ദേഹത്തിന് ഒരു വിഷമവും തോന്നുന്നില്ല. എല്ലാം പൊതുനന്മയ്ക്ക് വേണ്ടിയാണല്ലോ എന്ന നിഷ്കളങ്കാവിശ്വാസമാണ് അദ്ദേഹത്തിന്.


താനൊരു രാഷ്ട്രീയക്കാരൻ അല്ല എന്ന് വീണ്ടും വീണ്ടും പറയുന്ന ആളാണ് മോഹൻലാൽ. രാഷ്ട്രീയക്കാർക്ക് നല്ല നടന്മാർ ആകാനാകും; മറിച്ചും. പക്ഷെ മോഹൻലാൽ നല്ല നടൻ മാത്രമാണ്. അതിൽ ശരിയും ഉണ്ട്. രാഷ്ട്രീയപരമായ ഒരു ഓട്ടോഡിഡാക്ററ് അഥവാ സ്വയം പഠിതാവ് അല്ല മോഹൻലാൽ. അതിനാൽ അദ്ദേഹം പറയുന്നതിൽ രാഷ്ട്രീയ ശരികൾ ഇല്ലാതെ പോകുന്നു. ഒരാൾ എല്ലായ്പോഴും രാഷ്ട്രീയശരികൾ തന്നെ സംസാരിക്കണം എന്ന നിർബന്ധം ഇല്ല. എന്നാൽ താൻ മോഹൻലാൽ ആണെന്ന ഉത്തരവാദിത്തം സ്വയം ബോധ്യപ്പെടേണ്ടതുണ്ട് അദ്ദേഹത്തിന് കാരണം അദ്ദേഹത്തിനെ ഗൗരവമായി ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ അവരുടെ ചിന്താഗതികൾ പ്രതിലോമകരമാകാനുള്ള സാദ്ധ്യതകൾ ഉണ്ട്. ഒരു ഫീൽ ഗുഡ് വായന മാത്രമാണ് ലക്ഷ്യമിടുന്നതെങ്കിൽ അദ്ദേഹത്തിന്റെ ബ്ലോഗ് വായിക്കുന്നതിൽ തെറ്റില്ല (വിവാദവിഷയങ്ങളായ ബ്ലോഗുകൾ മാത്രമാണ് ഞാൻ വായിച്ചിട്ടുള്ളത്). തനിയ്ക്കൊരു അഭിപ്രായമുണ്ട് അത് പറയുന്നതിൽ എന്താണ് പ്രശ്നം എന്ന നിഷ്കളങ്കമായ രീതിയാണ് മോഹൻലാലിന്റേത്. അദ്ദേഹം വാങ്ങിക്കൂട്ടുന്ന വിമർശനങ്ങൾ രാഷ്ട്രീയ നിഷ്കളങ്കതയുടെ പേരിലാണ്. ശുദ്ധൻ ദുഷ്ടന്റെ ഫലമാണ് ചെയ്യുന്നതെന്ന് മോഹൻലാൽ തിരിച്ചറിയണം.




ഞാൻ മറ്റൊരു കാര്യത്തിലാണ് ഊന്നുന്നത്. മോഹൻലാൽ ആനയെക്കുറിച്ച് എഴുതാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന് അതിനുള്ള ധാർമ്മികാധികാരം ഇല്ലെന്ന് സ്വയം മനസ്സിലാക്കി പിൻവാങ്ങി എന്നാണ് കളിയാക്കലും വിമർശനവും. ഒരു ആനക്കൊമ്പ് കേസ് അദ്ദേഹത്തിനെതിരെ ഉള്ളതാണ് പരാമര്ശവിഷയം. പക്ഷെ നാം ചോദിക്കേണ്ടത്, ഒരു ഭയം മാത്രമാണോ മോഹൻലാലിനെക്കൊണ്ട് എഴുതിക്കാത്തത്? ഒരുപക്ഷെ തനിയ്ക്കൊന്നും അതേക്കുറിച്ചു പറയാൻ ഇല്ലെന്ന് വന്നാലോ? നിളാതീരത്ത് ഇട്ട ചാപ്പൽ സീറ്റിനെ വലതുപക്ഷ ഗുണ്ടകൾ ആക്രമിച്ചപ്പോൾ മോഹൻലാൽ എന്ത് പറയുന്നു എന്ന് ആളുകൾ കൗതുകം പൂണ്ടു. പക്ഷെ അദ്ദേഹം ഒന്നും പറഞ്ഞില്ല. പറയാതിരിക്കാൻ ഉള്ള അധികാരം മോഹൻലാലിനുണ്ട്. പക്ഷെ ധാർമ്മികത നിഷേധിക്കപ്പെടുന്നത് താൻ അകപ്പെട്ട രാഷ്ട്രീയ നിഷ്കളങ്കത മൂലമാണെന്ന് അദ്ദേഹം തിരിച്ചറിയുമോ? മോഹൻ ലാൽ നായരാണ്, സവർണ്ണനാണ്, ബ്രാഹ്മണ്യ മൂല്യങ്ങൾ പുലർത്തുന്നവനാണ് എന്നൊക്കെ പറയുമ്പോഴും ഇതിനെയൊക്കെ മറികടക്കാനുള്ള സാംസ്കാരിക ഇന്ധനം ഒരു നടൻ എന്ന നിലയിൽ കൈവശം ഉള്ള ഒരാളാണ് അദ്ദേഹം. അതിനു കഴിയുന്നില്ല എന്നത് അദ്ദേഹം ചെന്നുപെട്ട ഒരു പ്രതിസന്ധിയാണ്. പ്രതിസന്ധി മറ്റൊരു തലത്തിൽ അദ്ദേഹത്തിന്റെ ആരാധനാമൂർത്തിയായ അമൃതാനന്ദമയിയും നേരിടുന്നു എന്നുള്ളത് അറിയുമ്പോൾ ലേശം കൗതുകം തോന്നാതിരിക്കില്ല. താൻ എന്താണോ അത് പൂർണ്ണമായും ആകാൻ കഴിയാത്തവിധത്തിലുള്ള ഒരു അന്തരീക്ഷത്തിൽ അതിജീവനം നടത്തുക എന്നതാണ് പ്രതിസന്ധി. രമണ മഹർഷിയ്ക്കും കമൽ ഹാസനും പ്രതിസന്ധി ഇല്ല എന്ന് കാണാം. താരതമ്യം എന്തെന്ന് ആലോചിച്ചാൽ മനസ്സിലാകും.


എന്തൊക്കെ പറഞ്ഞാലും മോഹൻലാൽ തന്റെ നാട്യ ജീവിതത്തെ കുറിച്ച് പറയുന്നത് മാത്രമാണ് ബാക്കിയാവാൻ പോകുന്നത്. ബാക്കി അദ്ദേഹം എഴുതിയതെല്ലാം ശിവകാശിയിൽ പടക്കം പൊതിയാനുള്ള പേപ്പറുകളായി മാറാനുള്ള സാധ്യത ഏറെയാണ്. എന്നാൽ തന്റെ നടനകലയെക്കുറിച്ചും നടൻ എന്ന ജീവിതത്തെക്കുറിച്ചും അദ്ദേഹം നടത്തിയ വിലയിരുത്തലുകൾ ലോകത്തെ ഏതു മികച്ച നടന്റെയും അന്തർയാത്രകളുടെ ബഹിർസ്ഫുരണത്തിനു കിടപിടിക്കുന്നവയാണ്. മോഹൻലാലിനെ മാത്രമാണ് നാം വായനയ്ക്കായി എടുക്കേണ്ടത്. വിഷയങ്ങളിൽ അഭിപ്രായം പറയുന്ന മോഹൻലാൽ പ്രക്ഷിപ്തപ്പെടുകയും സ്വന്തം ജീവിതത്തിൽ നിന്നുതന്നെ കിഴിച്ചു മാറ്റപ്പെടുകയും ചെയ്യും. അതിനാൽ അദ്ദേഹത്തെ കല്ലെറിയുന്നത് നിറുത്തിയിട്ട് നമുക്ക് യഥാർത്ഥ പ്രശ്നങ്ങളുടെ പരിഹാരത്തിലേയ്ക്ക് ശ്രദ്ധ തിരിക്കാം.

-ജോണി എം എൽ


Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്