ഉന്മാദിനിയുടെ തന്നടക്കം: ഉമാ ത്രിദീപിന്റെ "പൂക്കാൻ നേരം ഇല്ലിക്കാട് പറഞ്ഞത്" എന്ന കവിതാസമാഹാരം വായിക്കുമ്പോൾ
ഉമാ
തൃദീപ് എന്ന കവിയെ മുഖ്യധാരാ മലയാള സാഹിത്യരംഗം നെഞ്ചേറ്റിയില്ലെന്നറിയുമ്പോൾ
ആ രംഗത്തിനുണ്ടായ നഷ്ടത്തെക്കുറിച്ചു ഓർത്ത് അതുഭുതപ്പെടുകയായിരുന്നു ഞാൻ അവരുടെ 'പൂക്കാൻ നേരം ഇല്ലിക്കാട് പറഞ്ഞത്' എന്ന കവിതാസമാഹാരം വായിച്ചു കൊണ്ടിരിക്കുമ്പോൾ. കവിതയ്ക്ക് വൃത്തം വേണമോ വേണ്ടയോ എന്ന ചർച്ച ഇപ്പോഴും സജീവമായിരിക്കുന്ന മലയാള കവിതാരംഗത്ത് ഛന്ദോബദ്ധത കവിതയ്ക്ക് ഒരു വിലങ്ങുതടിയല്ലെന്നു വിളിച്ചു പറയാൻ ശക്തിയുള്ളതാണ് ഉമാ തൃദീപിന്റെ കവിതകൾ. വൃത്തത്തിനായി വരികൾ മുറിയ്ക്കുമ്പോൾ വ്യർത്ഥവാക്കുകൾ ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നും നീട്ടിയും കുറുക്കിയും വാക്കുകളെ കെട്ടുമ്പോൾ അനുഭവത്തിന്റെ സമഗ്രതയ്ക്കും ആർജ്ജവത്തിനും ഭംഗം വരുന്നുണ്ടെന്നും പറയുന്നവർ ചെറിയൊരു മുൻവിധിയോടെയാണ് കവിതകളെ സമീപിക്കുന്നത് എന്ന് കാണാം. ഞാൻ ഇടയ്ക്കിടെ ഉദ്ധരിക്കാറുള്ള അഡോണോയുടെ വാക്കുകൾ ഇവിടെയും പറയുന്നു, ഭാവഗീതങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത ഒരു അവസ്ഥയാണ് ഓഷ്വിറ്റ്സ് ഉണ്ടാക്കി വെച്ചത്. കവിതയ്ക്ക് പിന്നെയും പുതിയ രൂപങ്ങളിലേയ്ക്ക് പരിണമിക്കേണ്ടിയിരുന്നു. നീട്ടി നീട്ടിക്കുറുക്കി കുറുക്കി കാട്ടിൽ നീളെ കരിങ്കുയിൽ കൂകുന്ന ഗാനപരിണാമങ്ങൾ യൂറോപ്പിന് സഹിക്കാവതായിരുന്നില്ല.
ഇന്ത്യയിലും
കേരളത്തിലും പക്ഷെ അങ്ങനെയായിരുന്നില്ലല്ലോ കാര്യങ്ങൾ. അഡോർണോ ഓഷ്വിറ്റ്സിനെയും കവിതയെയും കുറിച്ച് പറയുന്ന അതെ കാലത്ത്, ബൂർഷ്വ സമൂഹം അതിന്റെ തന്നെ ആത്മരതിപരതയിലേയ്ക്ക് വീണ്ടും വീണ്ടും വീണുകൊണ്ട് സ്വയം സംസ്ഥാപിതമാകുന്ന അതെ കാലത്ത് ചങ്ങമ്പുഴയെയും ഇടപ്പള്ളി രാഘവൻ പിള്ളയേയും പോലുള്ള കവികൾ ഭാവഗീതങ്ങൾ എഴുതുന്നുണ്ടായിരുന്നു എന്ന് മാത്രമല്ല അന്ന് കേരളത്തിൽ ഉയർന്നു വന്നിട്ടില്ലാത്ത ബൂർഷ്വ സമൂഹത്തിന്റെ സ്ഥാനത്ത് കാണാമായിരുന്നു ഫ്യൂഡലിസത്തിനെതിരായി ആ കവിതകളിലൂടെ ശബ്ദമുയർത്തുകയും
ചെയ്തിരുന്നു. ഏതാണ്ട് കേരളത്തിൽ 1956 -ൽ നടന്ന കമ്യൂണിസ്റ്റ്
അധികാര ആരോഹണം വരെയുള്ള കാലത്ത് ഭാവഗീതങ്ങളെയും പടപ്പാട്ടുകളെയും ആശ്രയിച്ചായിരുന്നു സമൂഹത്തെ കവിതയിലേക്ക് പരാവർത്തനം ചെയ്തു കൊണ്ടിരുന്നത്. അതിനാൽ കവിതയുടെ അസാധ്യതയല്ല, കവിതയുടെ മറ്റൊരു സാധ്യത കൂടി ഇത്തരത്തിൽ തെളിഞ്ഞു വന്നിരുന്നു. യൂറോപ്യൻ വിശകലന ഉപകരണങ്ങളെ നേരിട്ട് പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ആശയക്കുഴപ്പം ഇവിടെയും നിലനിന്നിരുന്നു. എന്നാൽ അഡോർണോ തെറ്റാണെന്നല്ല മറിച്ച് അഡോർണോയെക്കൊണ്ട് അത് പറയിച്ച സാഹചര്യം നമുക്ക് അന്നില്ലായിരുന്നു എന്ന് വേണം കരുതാൻ.
പിൽക്കാലത്ത്
ആ സാഹചര്യം ഉണ്ടായി. 2014 മുതൽ ഇന്ത്യയുടെ ചരിത്രം മാറി മറിയാൻ തുടങ്ങി. വലതുപക്ഷത്തിന്റെ അധികാരം ഇന്ത്യയെ പുതിയൊരു ചരിത്ര സന്ദര്ഭത്തിലേയ്ക്ക് ആനയിച്ചു. അതോടെ കവിതകളും മാറി എന്ന് വേണം കരുതാൻ. അതിനു മുൻപ് കവിതകൾ മാറുന്ന രണ്ടു സന്ദർഭങ്ങൾ ഫെമിനിസത്തിന്റേതും ദളിത് ഉയർച്ചയുടേതുമാണ്. ആ രണ്ടു ധാരകളും
കൂടി ഇപ്പോൾ വലതുപക്ഷ ചരിത്രത്തിലെ പ്രതിരോധിക്കുന്നതിലേയ്ക്ക്
വന്നു ചേർന്നിരിക്കുന്നു. അതേസമയത്ത് തന്നെ തന്നിലേക്ക് തന്നെ ഒരു മഴ പോലെ പെയ്തു
വീഴുമ്പോഴും, തന്നിലേക്ക് തന്നെ ഒരു പുഴ പോലെ ഒഴുകി ചേരുമ്പോഴും താനാകുന്ന എടുപ്പിന്റെ തടവറയിലെ ജാലകത്തിലൂടെ പുറംലോകത്തെ കാണുന്ന കവികൾ ഉണ്ടാകാറുണ്ട്. അവർ പ്രത്യക്ഷത്തിൽ രക്ഷപെടുത്താൻ കഴിയാത്ത വിധം കാല്പനികർ ആണെന്ന് തോന്നിപ്പോകും. കുതറിമാറി പ്രതിരോധത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങാൻ കഴിയാതെ ഗാർഹികാന്തരീക്ഷത്തിൽ തളഞ്ഞു കിടക്കുമ്പോഴും അതിനെതിരെയുള്ള സൂക്ഷപ്രതിരോധങ്ങളും പ്രകരണങ്ങളും പ്രതികരണങ്ങളുമായി അവരുടെ കവിതകൾ തെഴുക്കുന്നു. അതിനൊരു ഭംഗിയുണ്ട്. വിപ്ലവത്തോട് ചേരാനായില്ലെങ്കിലും വിപ്ലവം കടന്നു പോയ വഴിയേ പൊടിയടങ്ങും മുൻപ് വീണു കിട്ടിയൊരു കൊടിയുമുയർത്തിപ്പിടിച്ചു ഒറ്റയ്ക്കൊരു ജാഥ പോകുന്ന പെൺകുട്ടിയുടെ ധീരതയും നിസ്സഹായതയും സ്നേഹവും ഇക്കവിതകളിൽ ഉണ്ട്.
കുമാരനാശാനെയും
ബാലാമണിയമ്മയെയും വൈലോപ്പള്ളിയെയും കക്കാടിനെയും ഇങ്ങ് ബാലചന്ദ്രൻ ചുള്ളിക്കാടിനെയും വരെ ചേർത്ത് പിടിച്ചിരിക്കുന്ന ഒരു കവിയാണ് ഉമാ തൃദീപ്. തന്റെ കവിതകൾ ഒരു കുട്ടിയാണെന്നും താൻ അതിന്റെ അമ്മയാണെന്നും തുടക്കത്തിലേ പറയുന്ന കവി ആ കുട്ടിയുടെ തെറ്റുകുറ്റങ്ങൾ
വളർത്തു ദോഷമായി മാത്രം കണ്ടാൽ മതിയെന്ന് സൗമ്യമായി പറയുന്നു. പക്ഷെ ആ സൗമ്യത പലപ്പോഴും
നമ്മളെ വികാരപ്രക്ഷോഭത്തിലേയ്ക്ക് നയിക്കുന്ന പ്രചണ്ഡവാതങ്ങളായും വെയിലിൽ തണുപ്പിക്കുന്ന കാറ്റായും മഴത്തുള്ളിയായും മാറുന്നതും നമുക്ക് കാണാം. ഓണത്തെക്കുറിച്ചുള്ള ഒരു കവിത നോക്കൂ.
"വഴിപ്പച്ചയ്ക്കിടയ്ക്കാരോ
ജലച്ചായം
കമഴ്ത്തുന്നു
അവയൊക്കെപ്പലവർണ്ണ-
പ്പുതുപ്പൂക്കൾ
വിടർത്തുന്നു"
കവിതയിലെ
ഓരോ ബിംബവും ഓരോ വരിയും ഇതുപോലെ താളബന്ധവും പേലവവുമാണ്. എന്നാൽ കരുണയുമായും പ്രയോഗികമതിത്വവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളെ ജീവിതത്തിൽ കൈകാര്യം ചെയ്യുമ്പോൾ അവയുടെ തെരെഞ്ഞെടുപ്പുണ്ടാക്കുന്ന ആശയക്കുഴപ്പത്തെ എത്രമനോഹരമായാണ് ഉമാ തൃദീപ് കൈകാര്യം ചെയ്യുന്നതെന്ന് നോക്കുക. നേന്ത്രവാഴയിൽ ഒരു കുലയുണ്ടായി. ആ കുലയുടെ തണ്ടിൽ
ഒരു കിളി കൂടുവെച്ചു മുട്ടയിട്ടു. അവ വിരിഞ്ഞപ്പോഴേയ്ക്കും കുല വെട്ടാൻ
സമയമായി. "കുലവാഴക്കൂട്' എന്ന കവിതയിൽ ഉമാ തൃദീപ് എഴുതുന്നു:
"കാത്തു
കാത്തു രണ്ടാഴ്ച കടന്നു പോയ്
നേന്ത്രവാഴ
തൻ കായ്കൾ പഴുത്തിതാ !
അടയിരിപ്പു
താൻ പതിവുപോൽ പെൺകിളി
ഇടയിടയ്ക്കായ്
വരുന്നുണ്ട് താതനും"
കവിത
അവസാനിക്കുന്നതിങ്ങനെ:
"അരുമയായ്ക്കാത്ത
ഫലമുപേക്ഷിക്കണോ
അരുമകൾക്കിന്നു
കാവൽ നിൽക്കണോ?....
ഹൃദയമെപ്പോഴും
കനിവിനാൽ സ്പന്ദിതം
യുക്തിബന്ധിതം
മസ്തിഷ്ക മണ്ഡലം
ഏതൊന്നു
മറ്റേതിനെജ്ജയിച്ചീടണം
എന്നതാണെപ്പോഴും
ഹാ, ധർമ്മ സങ്കടം!"
കുമാരനാശാനും
ചങ്ങമ്പുഴയും സൃഷ്ടിച്ച കാവ്യാനുഭൂതിയും കാവ്യരൂപഘടനയും ഇക്കവിതയിൽ നിന്ന് ലഭ്യമാകുന്നത് ഒരു കുറ്റമായി കരുതുവാൻ ഞാനാളല്ല, എന്ന് മാത്രമല്ല അതീവമായ പാരായണക്ഷമതയാൽ ഇക്കവിതകളെ ചൊല്ലിയും കൊണ്ടാണ് വായിച്ചു തീർത്തതും. ഗദ്യകവിത മാത്രമേ കവിതയാകുന്നൂ എന്നൊന്നില്ല.
അഥവാ
ഇക്കവി പുരാതന കാവ്യപാരമ്പര്യത്തിന്റെ നേരംതെറ്റിയെത്തിയ വേണ്ടിയാണെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ രണ്ടു കവിതകളിലെ രണ്ടു സന്ദർഭങ്ങൾ കൂടി എടുത്തു കാട്ടി ആ തെറ്റിദ്ധാരണ തിരുത്താമെന്നു
കരുതുന്നു, 'സഹയാത്ര' എന്ന കവിത ഒരു പ്രണയകവിതയാണ്. അതിന്റേതായ ഘടനയും താളവുമാണ് അതിനുള്ളത്:
"ചെറുമഴയിൽ
നനുനനഞ്ഞു
കവിത
ചൊല്ലുവാൻ
മഴ
നനയും കടല് നോക്കി
മണലിലമരുവാൻ
...
ചേർന്നു
നിന്നു ചെവിയിലോതും
നിൻ
പിരാന്തുകൾ
എന്റെയുള്ളിലുള്ളതെന്ന-
റിഞ്ഞു
നിറയുവാൻ...!"
ഇതെഴുതിയ
കവി തന്നെയാണ് താഴെപ്പറയുന്ന വരികൾ "ഇരുളക്കിനാവുകൾ" എന്ന കവിതയിൽ എഴുതുന്നത്. പുരുഷൻ കണ്ട രാത്രികളെ തനിയ്ക്ക് വേണ്ടെന്ന്, അതേക്കുറിച്ചുള്ള മധുരഭാഷണങ്ങളെ തനിയ്ക്ക് വേണ്ടെന്ന് അവൾ പറയുന്നു:
"പറഞ്ഞിടേണ്ട
നീ, എന്നോടിന്നു നിൻ
രസം
തുളുമ്പിടും രാത്രിയാത്രകൾ
എനിക്കൊരിക്കലും
വിധിച്ചിടാത്തൊരാ
ഇരുൾപ്പകിട്ടുകൾ,
നിലാക്കിനാവുകൾ ....
രാത്രി
ബസിലെ തനിച്ചു പോക്കുകൾ
രാമഴ
നനഞ്ഞീരനോർമ്മകൾ
ടോർച്ചു
മിന്നലിൽ നീ നടക്കുന്ന, ചീ
-
വീടലയ്ക്കുന്ന
നാട്ടിടവഴി..."
കവിതയവസാനിക്കുന്നത്
ഇങ്ങനെ:
"നിനക്ക്
മാത്രമായ് ലഭിച്ച കാഴ്ചകൾ
അതുല്യഭംഗികൾ
നിഴൽപ്പകർപ്പുകൾ
കേട്ടറിഞ്ഞീടാൻ,
കൊതിച്ചിടാനുമാ-
നെനിയ്ക്ക്
രാത്രിതൻ തനിച്ചു യാത്രകൾ."
രാത്രി
തെരുവിടങ്ങൾ സ്ത്രീകളുടേതുമാണെന്ന് പറയുന്ന ഒരു സമൂഹത്തിൽ ഇനിയും സ്ത്രീകൾക്ക് തെരുവുകൾ അപ്രാപ്യമാണെന്ന് മനോഹരമായി പറഞ്ഞു വെച്ചിരിക്കുകയാണ് ഉമാ തൃദീപ്.
സമകാലത്തിന്റെ
മനുഷ്യബന്ധങ്ങളെ തികച്ചും നിർമമമായി ഗൃഹാതുരത്വ ലേശമന്യേ പഴയൊരു കാലത്തിലെ ബന്ധങ്ങളുമായി ചേർത്ത് വെച്ച് നോക്കുന്ന ഒരു മ്യൂസിയം കാഴ്ചയാണ് 'അങ്ങനെയൊരു കാലം' എന്ന കവിതയിൽ:
"ഇടവഴി
ഒടുങ്ങി
ആറ്റിൻകടവിലേക്കിറങ്ങുന്നതിന്
മുൻപ്
ഇടത്തെ
വശത്തെ
വലിയ
പാറയുടെ പിന്നിലായിരുന്നു
മെസഞ്ചർ
ഇൻബോക്സ്.
നാലായി
മടക്കി വെച്ച്
അതിനുമേൽ
ആടലോടകത്തില പൊട്ടിച്ചു വെച്ച്
പറന്നു
പോകാതിരിക്കാൻ
ആറ്റിൽ
നിന്നൊരു ഉരുളൻകല്ല് വെച്ച്
അതിനുമേൽ
നാട്ടുന്ന
എരുക്കിൻ
പൂവായിരുന്നു നോട്ടിഫിക്കേഷൻ...."
അങ്ങനെ
ഭൂതകാലവും വർത്തമാനകാലവും രണ്ടു സാങ്കേതികതകളിൽ അഭിരമിച്ചതിന്റെ മനോഹരചിത്രങ്ങൾ വരച്ചിട്ട ശേഷം കവി കവിത പൂട്ടുന്നതിങ്ങനെ:
"എങ്കിലും
എങ്ങിനെയോ
ഒക്കെയും
ഡെലിവേഡ് ആയിരുന്നു എന്നതാണ് സത്യം.
സെന്റ്
ആകാതെ നോക്കിയാലും
റിസീവ്ഡ്
എന്ന്
നീലിച്ച
ഡബിൾ ടിക്ക് ചിരിക്കും..
"ചില
മനസ്സുകളിലെങ്കിലുമുണ്ടാവും
അങ്ങനെ
ചിലത് ഇപ്പോഴും.
പുതിയ
പുതിയ ഫോൾഡറുകളുടെ തിരക്കിൽ
റീസൈക്കിൾ
ബിന്നിലേയ്ക്ക് ഇടം മാറിയവ.
എന്നെങ്കിലുമൊരിക്കൽ
റെസ്റ്റോർ ചെയ്യപ്പെട്ടെങ്കിലെന്ന്
രഹസ്യമായി
മോഹിച്ച്,
ചില
ആർക്കൈവ്ഡ് പ്രൊഫൈലുകൾ."
ചില
കവിതകളിലെ ചില അംശങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഉമാ തൃദീപിനെ വായിക്കുന്നതിലേയ്ക്ക് നിങ്ങളെ തയാറെടുപ്പിക്കാം എന്ന് കരുതുന്നു.
"എന്റെ
മനസ്സിന്റെ മുറ്റത്ത് നിന്നാണ്
നിന്റെ റെയിൽപ്പാത
തുടങ്ങുന്നത്.
പ്രതീക്ഷയുടെ
പച്ചക്കൊടി കാട്ടി
ഞാൻ
ഓരോ തീവണ്ടിക്കും യാത്രാനുമതിയേകും
...മുൻപ്
ഞാനയച്ച വണ്ടികളിൽ നിന്ന്
ചിതറി
വീണ സ്വപ്നങ്ങളും വാക്കുകളും
വഴിയോരത്താകെ
സ്വയം പാകി മുളച്ച്
പൂപ്പാടങ്ങളായി
നിൽക്കുന്നുണ്ടാകണം.."
(പാത
പിരിയുന്നേരം)
'വിരുന്നുകാലങ്ങൾക്കിടയിൽ'
എന്ന കവിതയിൽ മാധവിക്കുട്ടിയോളം ഉയരുന്ന സെൻസിബിലിറ്റി പ്രവർത്തിക്കുന്നു:
"എഴുതി
മുഴുമിപ്പിച്ചൊരു കവിതയുടെ
അടിവരയിൽ
നിന്ന്,
പിറക്കാനിരിക്കുന്ന
ഒന്നിന്റെ
തലക്കെട്ടിലേയ്ക്ക്
നീളുന്ന
അനിശ്ചിതത്വത്തിന്റെ
താള് പോലെ" യാണ് വിരുന്നുകാർ വന്നു തിരിച്ചു പോയ വീടെന്ന ഉമാ തൃദീപ് കണ്ടെത്തുന്നു.
"ഈഗോ
ക്ലാഷ്" എന്ന ചെറുകവിത നോക്കുക:
"ഞാനെഴുതിയതിനെ
ചവറെന്ന്
നീ
പുച്ഛിച്ചതിന്റെ
പ്രതികാരമായാണ്
നിന്റെ
ചവറെഴുതുകളെയെല്ലാം
ഭേഷ്
ഭേഷ് എന്ന് ഞാൻ കൊമ്പിലേറ്റുന്നത്."
ഗൃഹത്തിനുള്ളിൽ
എല്ലാം ഒതുക്കിപ്പിടിച്ചു കഴിയുന്ന അനേകം സ്ത്രീകളുടെ ഒരു മാനിഫെസ്റ്റോ എന്ന് പറയാവുന്ന കവിതയാണ് 'ഉന്മാദിനി'. തുറന്നു പറയുമ്പോൾ നിനക്ക് ഭ്രാന്താണെന്ന് പറയുന്ന എല്ലാവര്ക്കും വേണ്ടിയാകണം കവി ഇതെഴുതിയിരിക്കുന്നത്.
"നീയാണ്
നീയാണ്
എന്നെയങ്ങനെ ആദ്യം വിളിച്ചത്.
ഉള്ളിലല്പം
സൂക്ഷിച്ചിരുന്നു എന്നത് നേര്,
എങ്കിലും
മാളോരു കാണാതെ
ഇത്രനാളും
ഒളിപ്പിച്ചു
എന്നിട്ടിപ്പോൾ
നീയെന്നെ...
പൊട്ടിച്ചിരിക്കാൻ
തോന്നിയപ്പോഴൊക്കെ
മന്ദഹാസത്തിലൊതുക്കി...
...ആഞ്ഞു
നടക്കുമ്പോഴൊക്കെ
കണങ്കാലിലൊരു
ചങ്ങലമുറുക്കം കുരുങ്ങിയിരുന്നു
കൈത്തണ്ടിലൊരു
ലോഹക്കിലുക്കം വലിഞ്ഞിരുന്നു
മസ്തിഷ്ക
മടക്കുകളിൽ
തലങ്ങും
വിലങ്ങും കറുത്തുകുറുകിയ
കൃമികൾ
നുരച്ചിരുന്നു ..
പക്ഷെ
ഒന്നും ഭാവിച്ചില്ല....
...അണിഞ്ഞതൊക്കെ
പറിച്ചെറിയാൻ തോന്നിയിട്ടും
ഉടുത്തൊരുങ്ങി
ഉഷ്ണിച്ചു
മുളച്ചു
വന്ന ചിറകുകൾ വിടരാനാഞ്ഞപ്പോഴൊക്കെ
ചേർത്തൊതുക്കി
വെച്ച്
മേലുടുപ്പാൽ
മറച്ചു
അരുതാത്തതൊന്നും
പറയാതെ
അപ്രിയമൊന്നും
ചെയ്യാതെ
അലറുന്ന
കടലാവാതെ
ആളുന്ന
തീയാവാതെ
എള്ളോളവും
ഞാനാകാതെ ...
എന്നിട്ടും
നീ
എന്നിട്ടും
നീയെന്നെ..."
കവിതയിൽ
ഒരിടത്തും ഉന്മാദിനി എന്ന വാക്കില്ലാതെ ഉമാ തൃദീപ് കവിത കൊണ്ടവസാനിപ്പിക്കുന്ന ഇടം നോക്കൂ. "എന്നിട്ടും നീയെന്നെ..." ഇത് കൃഷ്ണന്റെ രാധ പറയുന്ന വാക്കുകളായാണ് കവിതയുടെ ചരിത്രത്തിൽ വന്നിട്ടുള്ളതാണ്. പക്ഷെ വലിയൊരു അട്ടിമറിയിലൂടെ ഉമാ തൃദീപ്, എന്നിട്ടും നീയെന്നെ ഉന്മാദിനി എന്ന് വിളിച്ചു അല്ലേ എന്ന ചോദ്യം അദൃശ്യനായ പുരുഷന്റെ നേർക്ക് വലിച്ചെറിയുകയാണ്.
ഈ
അടുത്ത കാലത്ത് വായിച്ച കവിതകളിൽ ഏറ്റവും ശ്രദ്ധേയമായ കവിതകൾ എന്ന് നിസ്സംശയം എനിയ്ക്ക് ഈ സമാഹാരത്തെക്കുറിച്ചു പറയാൻ കഴിയും.
ഇതിൽ നിന്ന് എടുത്തു കളയേണ്ട ഒരു കവിതയുണ്ട്. 'ആക്ടിവിസ്റ്റ്' എന്നാണ് അതിന്റെ പേര്. എന്തുകൊണ്ടെന്ന് കവിയ്ക്കും പ്രസാധകനും തിരിച്ചറിയാമെന്നു വിശ്വസിക്കുന്നു. സ്വദേശാഭിമാനി പബ്ലിക്കേഷനാണ് പുസ്തകം ഇറക്കിയിരിക്കുന്നത്. കവിതയെ സ്നേഹിക്കുന്നവർ എല്ലാവിധ ജാഡകളും മാറ്റിവെച്ചു വായിക്കേണ്ട കവിതകൾ. വില 125 രൂപ.
- ജോണി
എം എൽ
Comments
Post a Comment