ബറോഡയിലൊരു സൈക്കിൾ കഥ





ബറോഡയിൽ അന്ന് സൈക്കിൾ ഒരു അവശ്യ വാഹനം ആണ്. തൊണ്ണൂറുകളുടെ തുടക്കം. ഞാൻ ചെന്നിറങ്ങുന്നത് കൊടും വേനലിലാണ്. മീനമാസത്തിലെ സൂര്യൻ എന്ന് കേരളത്തിൽ നിന്ന് പറയുമ്പോൾ അതിനൊരു പരിധിയുണ്ട്. എന്നാൽ വെയിലിന്റെ ഫാക്ടറിയാണ് ബറോഡ. കണ്ണ് കത്തിപ്പോകുന്ന വെളിച്ചം. ഹോസ്റ്റലിൽ കിട്ടിയ ഇരുമ്പു കട്ടിൽ ചൂടേറ്റ് പഴുക്കുമ്പോൾ മൂട്ടകൾ പ്രാണരക്ഷാർത്ഥം വരിവെച്ചിറങ്ങിപ്പോകുന്നത് കാണാം. കൊല്ലണമെന്ന് തോന്നുകയില്ല. മരിയ്ക്കാൻ പോകുന്നവയെ കൊല്ലുന്നതെന്തിന്? രാത്രിയൊത്തിരി ചെല്ലുമ്പോൾ കിടക്ക തണുക്കും. ഏകദേശം ബ്രാഹ്മമുഹൂർത്ത സമയം. വി കെ എൻ തന്റെ ഒരു നായകൻറെ ഒരു സംബന്ധത്തെക്കുറിച്ചു പറയുന്നത് ഓർമ്മവരും. നമ്പൂതിരിയ്ക്ക് ബ്രാഹ്മമുഹൂർത്തത്തിൽ ഉണരണം. ഇതറിയാവുന്ന സംബന്ധങ്ങൾ കൃത്യം മുഹൂർത്തത്തിൽ അയാളെ വിളിച്ചുണർത്തും. ഉണരുന്നതെങ്ങനെയെന്നു അയാൾ അത്ഭുതം കൂറി. അവൾ പറഞ്ഞു, ബ്രാഹ്മമുഹൂർത്തത്തിൽ താലി തണുക്കും. അപ്പോൾ ഞാൻ ഉണരും. രണ്ടാമത്തെ സംബന്ധത്തോടും നമ്പൂതിരി ഇതേ ചോദ്യം ചോദിച്ചു. അവൾ നാണിച്ചു പറഞ്ഞു: എനിയ്ക്ക് തൂറാൻ മുട്ടും.

ബീഡിയും കട്ടൻചായയും ചർച്ചയും കഴിഞ്ഞു ഹോസ്റ്റലിന്റെ മതിലിൽ നിന്ന് താർക്കികന്മാർ ഹോസ്റ്റലിലേക്ക് പ്രവേശിയ്ക്കുമ്പോൾ ബ്രാഹ്മമുഹൂർത്തം ആകും. ശുനകനിദ്രയാണ്. അല്പം മതി. ക്ളാസിൽ ഉറങ്ങാമല്ലോ ബാക്കി എന്ന ആശ്വാസമാണ്. എട്ടുമണിയോടെ ഉണർന്ന് മെസ്സിൽ നിന്ന് ബ്രെഡ് ബട്ടറോ പോഹയോ  (വെളുത്ത അരിയിടിച്ചുണ്ടാക്കുന്ന അവിലിൽ മഞ്ഞളും ഉള്ളിയും പച്ചമുളകും മല്ലിയിലയും ചേർത്തുണ്ടാക്കുന്ന ഒരു ആഹാരം. അതിന്റെ മേൽ സേവ് അഥവാ മിക്സ്ചർ ഇടും. കടലാസിലോ രൂപരഹിതമായ സ്റ്റീൽ പ്ളേറ്റിലോ തരും) കഴിച്ച ശേഷം ഫാക്കൽറ്റിയിലേയ്ക്ക് പോകും. അവിടെയാണ് ഞാൻ പഠിക്കുന്നത്. കലാചരിത്രം എം . പക്ഷെ ഹോസ്റ്റലിൽ പ്രവേശനം ലഭിക്കുന്നതിന് മുൻപ് വേറൊരു സംഭവം കൂടി നടന്നു. അത് മുതലാണ് ബറോഡയിൽ എന്റെ സൈക്കിൾ ജീവിതം ആരംഭിക്കുന്നത്.



(വി കെ എന്നും ഭാര്യയും)

ഹോസ്റ്റലിൽ പ്രവേശനം കിട്ടാൻ ഒരുപക്ഷെ കുറച്ചു താമസിക്കും. അതുവരെ ഒന്നുകിൽ മറ്റാരുടെയെങ്കിലും മുറിയിൽ കൂടാം. അല്ലെങ്കിൽ പുറത്തെവിടെയെങ്കിലും താമസിക്കാം. അന്ന് ഗോപൻ പെരുമ്പട ശിൽപം എം എയ്ക്ക് പഠിക്കുന്നു. അതെ മുറിയിൽ സലിം പെയിന്റിങ് എം വിദ്യാർത്ഥിയായി ഉണ്ട്. ഒരു മലയാളി ഘെറ്റോ. അവിടുന്നാണ് തുടക്കം. ഏതോ ഗുരുസ്വാമി കനിഞ്ഞു കത്തിച്ചു നൽകിയ ചരസ്സ് വലിച്ചു കൊണ്ട് ജീവിതം ആരംഭിച്ചു. അപ്പോഴാണ് അന്ന് ഡിപ്പാർട്മെന്റിലെ അധ്യാപകരിൽ ഒരാൾ ഒരു നിർദ്ദേശം വെയ്ക്കുന്നത്: "ഒരു ഒന്നര മാസം ഒരു വീട്ടിൽ താമസിക്കാമോ? ഒരു സെമി കെയർ ടേക്കർ? ഉടമസ്ഥർ കുറച്ചു നാൾ അമേരിക്കയിൽ പോവുകയാണ്. വരും വരെ താമസിക്കാം." പശുവിന്റെ കടിയും മാറും കാക്കയ്ക്ക് തിന്നാനും കിട്ടും എന്ന അവസ്ഥ. ഉടനടി ഞാൻ സമ്മതിച്ചു, അടുത്ത ദിവസം അധ്യാപകൻ തന്നെ വന്നു ബാഗും മറ്റുമൊക്കെ എടുത്ത് അയാളുടെ ബജാജ് പ്രിയ സ്കൂട്ടറിൽ വീട്ടിൽ കൊണ്ട് ചെന്നാക്കി. ഫുള്ളി ഫർണിഷ്ഡ് വീട്- ഫ്രിഡ്ജ്, ടെലിവിഷൻ, ഗ്യാസ്, സോഫകൾ, കിടക്ക, അങ്ങനെ എല്ലാ സൗകര്യങ്ങളും. ഞാൻ അവിടെ താമസം ആരംഭിച്ചു.

ഡാൻസർ ചന്ദ്രശേഖർ എന്നാൽ പ്രശസ്തനായ ഭരതനാട്യം മാസ്ട്രോ ആണ്. അദ്ദേഹത്തിന്റെ വീടാണ്. മലയാളി ആയതിനാൽ ആകണം ഒരു മലയാളിയെത്തന്നെ കെയർ ടേക്കർ ആക്കാൻ തീരുമാനിച്ചത്. ബറോഡയിൽ സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗം സ്ഥിതിചെയ്യുന്ന എം കഴിഞ്ഞു വേണം വീട്ടിലേയ്ക്ക് പോകാൻ. ഫാക്കൽറ്റിയിൽ നിന്ന് നല്ല ദൂരമുണ്ട്. ആദ്യത്തെ കുറെ ദിവസങ്ങളിൽ മേൽപ്പറഞ്ഞ അധ്യാപകൻ എന്നെ രാവിലെ വന്നു സ്കൂട്ടറിൽ കയറ്റിക്കൊണ്ടു പോകും. വൈകുന്നേരം തിരികെ കൊണ്ട് വിടുകയും ചെയ്യും. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് എന്നോട് ചില മൃദുലവികാരങ്ങൾ ഉണ്ടെന്ന് തോന്നിത്തുടങ്ങി. ഒരിക്കൽ യാത്രയ്ക്കിടയിൽ, പ്രണയത്തിനു ജൻഡർ ഇല്ലെന്നു അദ്ദേഹം എന്നോട് പറയുകയും ചെയ്തു. ഞാനാകട്ടെ ഹൃദയം ചോദിച്ച മുതലപ്പുറത്തിരിക്കുന്ന കുരങ്ങന്റെ അവസ്ഥയിൽ സ്കൂട്ടറിന്റെ പിന്നിൽ ഇരിക്കുകയാണ്. തിരുവനന്തപുരത്തുള്ള ഒരു അത്തി മരത്തിന്റെ പൊത്തിൽ ഹൃദയം സൂക്ഷിച്ചു വെച്ചിരിക്കുകയാണെന്ന് പറഞ്ഞു ഞാൻ പ്രണയാഭ്യര്ഥനയെ നിഷ്കരുണം തള്ളി. അദ്ദേഹത്തിന് അതിന്റെ ചിനപ്പ് പിൽക്കാലത്തുടനീളം ഉണ്ടായിരുന്നു.


(നർത്തകൻ സി വി ചന്ദ്രശേഖർ)

ഭഗ്നപ്രണയത്താൽ ആകുലനായ അധ്യാപക കാമുകൻ പിന്നെ എന്നെ വിളിക്കാൻ വരാതായി. അപ്പോഴാണ് ഫാക്കൽറ്റിയിൽ പോകാൻ ഒരു സൈക്കിൾ വേണം എന്ന ആവശ്യം ഉയർന്നു വന്നത്. ബറോഡയിൽ കൂട്ടുകാരോട് പറഞ്ഞപ്പോൾ സൈക്കിളോ, അതിത്ര  കാര്യമാണോ എന്ന അർത്ഥത്തിൽ അവരെന്നെ നോക്കി. പിന്നെ എന്നെ അവർ ഹോസ്റ്റലിന്റെ ഫോയറിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വിശാലമായ ഗോവണിപ്പടികൾക്ക് കീഴെ സൈക്കിളിന്റെ ഒരു കൂമ്പാരം. 'ഇതിൽ ഏതു വേണമെങ്കിലും എടുക്കാം. അടുത്തുള്ള റിപ്പയർ ഷോപ്പിൽ കൊടുത്താൽ റെഡിയാക്കിത്തരും,' അവർ പറഞ്ഞു. മധുരപലഹാരങ്ങളുടെ ബുഫെയിൽ ചെന്നുപെട്ടവനെപ്പോലെയായി ഞാൻ. ഏതെടുക്കണം എന്നറിയാൻ വയ്യ. കള്ളൻ പവിത്രനിൽ നെടുമുടി വേണു കിണ്ടി തേടി മുതലാളിയുടെ സ്റ്റോറിൽ കേറുന്ന രീതിയിൽ ഞാൻ ഇരുമ്പിന്റെ കുന്നിലേയ്ക്ക് കയറി, അതോ സൈക്കിളുകളുടെ താഴ്വാരത്തിലേയ്ക്ക് ഇറങ്ങുകയായിരുന്നോ? എന്തായാലും നല്ലത് നോക്കി ഒന്ന് എടുത്തു. റിപ്പയർ ചെയ്തു കിട്ടിയപ്പോൾ കുട്ടപ്പനായി. ഇവൻ പിന്നെ രണ്ടു വര്ഷം ബറോഡയിൽ എന്റെ സഹചാരിയാകും.

ബറോഡയിൽ അങ്ങനെയാണ്. പഠനം കഴിഞ്ഞു പോകുന്ന കുട്ടികൾ അവിടെ സൈക്കിളുകൾ ഉപേക്ഷിച്ചു പോകും. ആർക്ക് വേണമെങ്കിലും അതെടുക്കാം. പോകുമ്പോൾ ആരും ഒന്നും കൂടെക്കൊണ്ടു പോകുന്നില്ല എന്ന സിദ്ധാന്തപ്രകാരം ഞാനും എന്റെ സൈക്കിൾ എടുത്തിടത്ത് തന്നെ കൊണ്ട് വെച്ചിട്ടു സലാം പറഞ്ഞു പോവുകയായിരുന്നു. പുതുക്കിയ സൈക്കിളിൽ ഞാൻ കോളേജിൽ വന്നു തുടങ്ങി. അപ്പോഴാണ് അറിയുന്നത്, വേറൊരു മലയാളി കൂടി എന്റെ ക്ളാസിൽ ഉണ്ട്. ഒരു യുവതി. എം സാമ്പത്തികശാസ്ത്രം ഒക്കെ പഠിച്ചിട്ടു വന്നിരിക്കുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ആണ് അവർ. അവർക്കും ഹോസ്റ്റൽ കിട്ടാതെ ഒരു സുഹൃത്തിനോടൊപ്പം താമസിക്കുകയാണ്. എവിടെന്നോ ഒരു സൈക്കിൾ അവരും സംഘടിപ്പിച്ചു. രണ്ടു പേരും ഒരേ വഴിക്കാണ്. ഒരു കാര്യം ഞാൻ കണ്ടു പിടിച്ചു. അവരെ കോളേജിൽ കൊണ്ടുവരുന്നതും കൊണ്ട് പോകുന്നതും എല്ലാം നേരത്തെ നമ്മൾ കണ്ട അധ്യാപകനാണ്. ജൻഡർ പ്രശ്നമല്ലാത്ത ഒരാൾ. എന്തായാലും അവർക്കും സൈക്കിൾ കിട്ടിയപ്പോൾ, ആദ്യം അവർ എന്റെ വീട്ടിൽ വരും, ഞാൻ അവർക്ക് ചായ ഇട്ടു കൊടുക്കും. കുറെ നേരം ഇരുന്നു സംസാരിക്കും. എന്നിട്ട് ഒരുമിച്ചു കോളേജിലേക്ക് സൈക്കിളിൽ പോകും.



കൂടുതൽ പരിചയപ്പെട്ടപ്പോൾ അവർ വിവാഹമോചിതയാണെന്ന് അറിഞ്ഞു. അവരോട് എനിയ്ക്ക് വേറെ അടുപ്പം ഒന്നും തോന്നിയതും ഇല്ല. അതിന് പ്രത്യേകിച്ച് ഒരു കാരണം ഉണ്ടായിരുന്നു. അവരുടെ പേരിൽ ജാതിവാൽ ഉണ്ടായിരുന്നു. ജാതിയെയോ വാലിനെയോ അല്ലായിരുന്നു എനിയ്ക്ക് പേടി. ചുള്ളിക്കൊണ്ട് അടികൊണ്ട പൂച്ചയ്ക്ക് മിന്നാമിനുങ്ങിനെ കണ്ടാലും ഭയം എന്ന് പറയുന്നത് പോലെ, ഏതാണ്ട് അതേപോലൊരു ജാതി വാലുള്ള പെണ്കുട്ടിയുമായുള്ള ഇഷ്ടം എന്നെ തിരുവനന്തപുരത്ത് കൊണ്ടെത്തിച്ച പൊല്ലാപ്പുകൾക്ക് ഒരു അന്തവുമില്ലായിരുന്നു. എല്ലാത്തിൽ നിന്നും വിടചൊല്ലി മേലിലിനി പ്രേമവും പൊക്കണവും ഒന്നും ഇല്ലെന്ന് സ്വയം പറഞ്ഞുറപ്പിച്ചു ബറോഡയിലേയ്ക്ക് വണ്ടി കയറിയവനായിരുന്നു ഞാൻ. അവരുടെ പേര് മറ്റവളുടെ പേരിനെയും അവളെയും നിരന്തരം അനുസ്മരിപ്പിച്ചു കൊണ്ടിരുന്നതിനാൽ ഞാൻ വളരെ സൂക്ഷിച്ചു മാത്രമാണ് അവരോട് ഇടപെട്ടിരുന്നത്. ഒരു ദിവസം അവർ സൈക്കിൾ ചവുട്ടിയപ്പോൾ വല്ലാതെ കിതയ്ക്കുകയും വിയർക്കുകയും ഒക്കെ ചെയ്തു. എനിയ്ക്കാകെ ഭയമായി. ഒടുവിൽ ഫാക്കൽറ്റിയുടെ അടുത്തെത്തി സൈക്കിൾ പരിശോധിച്ചപ്പോഴാണ് അറിയുന്നത്, അതിന്റെ ബ്രെക്ക് ജാമായി ഇരിക്കുകയായിരുന്നു.

ഡാൻസർ ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് പോകാറായപ്പോഴേയ്ക്കും എനിയ്ക്കും അവർക്കും ഹോസ്റ്റലൊക്കെ കിട്ടിക്കഴിഞ്ഞിരുന്നു. അവർ ക്രമേണ സൈക്കിൾ ഉപേക്ഷിച്ചു, ഞാൻ സൈക്കിളിൽ തുടരുകയും ചെയ്തു. സൗഹൃദവും ക്രമേണ തേഞ്ഞുമാഞ്ഞില്ലാതായി. കോളേജിനുള്ളിലെ വിവിധങ്ങളായ അന്തർധാരകൾ അതിനു കാരണമായിരുന്നു എന്ന് പിന്നീടാണ് അറിയുന്നത്. ബറോഡയിൽ സൈക്കിളിൽ ഞാൻ ഡബിൾസ് വെച്ച് ചവുട്ടിയിട്ടില്ല. ഒരേ ഒരാൾ മാത്രമേ ഡബിൾസ് ഇരുന്നുള്ളൂ. അവൾ പിന്നീട് ജീവിതത്തിന്റെ സൈക്കിളിലും കുറെ നാൾ ഡബിൾസ് ഇരുന്നു. ഒരുമിച്ചു ചവിട്ടാൻ പറ്റില്ലെന്നായപ്പോൾ ഞാൻ വാഹനങ്ങളൊക്കെയും ഉപേക്ഷിച്ചു ഇറങ്ങി നടക്കാൻ തുടങ്ങി. ഇപ്പോൾ ആലോചിക്കുന്നത്, ബറോഡയിൽ സൈക്കിളിനു സമീപത്തു നിൽക്കുന്ന ഒരു ചിത്രം പോലും കൈയിലില്ലല്ലോ എന്നാണ്. സൈക്കിൾ പിന്നെയും ആരെങ്കിലുംഉപയോഗിച്ചു കാണും. ഉപയോഗിച്ച ആളുകൾ ഇപ്പോൾ ചിത്രകാരന്മാരോ ശാസ്ത്രകാരന്മാരോ കഞ്ചാവിനടിമകളോ ഒക്കെ ആയിരിക്കാം. സൈക്കിൾ ഇരുമ്പായി തുരുമ്പായി മറ്റെന്തോ ആയി മാറിയിരിക്കാം. ആർക്കറിയാം ഇപ്പോൾ ഞാൻ ഓടിക്കുന്ന സൈക്കിളിന്റെ ഇരുമ്പ്, പഴയ സൈക്കിളിന്റെ ഇരുമ്പും കൂടി ഉരുകി ഉണ്ടായതാണെങ്കിലോ!

ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)