കാല്പനികസൂക്ഷ്മതയിലെ അതീതലോകങ്ങൾ- ബിരേശ്വർ സെന്നിന്റെ ചിത്രങ്ങളിലൂടെ
ബിരേശ്വർ സെൻ (1897-1974).
മലയാളികൾക്ക്
അധികം പരിചയമില്ലാത്ത ഒരു ചിത്രകാരനാണ് ബിരേശ്വർ സെൻ (1897-1974). ബംഗാളിയും ചിത്രകാരനും ടാഗോർ ത്രയങ്ങൾ എന്നറിയപ്പെട്ടിരുന്ന രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ, ഗഗനേന്ദ്രനാഥ ടാഗോർ എന്നിവരുമായി അടുത്ത സമ്പർക്കത്തിലിരിക്കുകയും ശാന്തിനികേതനിൽ ടാഗോർ സ്ഥാപിച്ച സർവ്വകലാശാലയായ വിശ്വഭാരതിയിലെ കലാവിദ്യാഭ്യാസ സ്ഥാപനമായ കലാഭവനിലെ ആദ്യത്തെ മാസ്റ്റർ മോശായ് എന്നറിയപ്പെടുന്ന, ദേശീയവാദിയും അതിനാൽത്തന്നെ രബീന്ദ്രനാഥ ടാഗോറിന്റെ ആശയപദ്ധതിയിൽ നിന്ന് അല്പം വ്യത്യസ്തനുമായിരുന്ന നന്ദലാൽ ബോസിൻെറ സവിധത്തിൽ നിന്ന് കലയുടെ പാഠങ്ങൾ പഠിക്കുകയും ചെയ്ത ബിരേശ്വർ സെന്നിനെ സ്വാഭാവികമായും മലയാളികൾക്ക് പരിചയമുണ്ടാകേണ്ടതാണ്; പക്ഷെ അതുണ്ടായില്ല. മലയാളികൾക്ക് പോട്ടെ ഇന്ത്യയിലെ മിക്കവാറും കലാസ്വാദകർക്കും ബിരേശ്വർ സെൻ ഏകദേശം രണ്ടായിരത്തി പത്ത് വരെ അപരിചിതൻ തന്നെയായിരുന്നു. സെന്നിന്റെ പൗത്രൻ ഡൽഹി ആസ്ഥാനമാക്കി സ്ഥാപിച്ച ബിരേശ്വർ സെൻ ഫൗണ്ടേഷന്റെ പ്രവർത്തനഫലമായി അദ്ദേഹത്തിന്റെ ചിത്രങ്ങൾ ക്രോഡീകരിക്കപ്പെടുകയും പ്രമുഖ കലാചരിത്രകാരനായ ബി എൻ ഗോസ്വാമി
ബിരേശ്വർ സെന്നിനെ കലാലോകത്ത് ഒരിക്കൽക്കൂടി പരിചയപ്പെടുത്തുകയും ചെയ്തു. നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ട്, ന്യു ഡൽഹിയിൽ 2017 -ൽ അദ്ദേഹത്തിന്റെ രണ്ടാമത്
റെട്രോസ്പെക്ടീവ് നടക്കുകയുണ്ടായി. അതിൽ കാറ്റലോഗ് രചിച്ചത് ഞാനായിരുന്നു എന്തുകൊണ്ടോ ആ കാറ്റലോഗ് പ്രസിദ്ധീകരിക്കപ്പെട്ടില്ല.
(ബിരേശ്വർ സെന്നിന്റെ പെയിന്റിങ്)
ബിരേശ്വർ
സെൻ ജീവിച്ചിരുന്നപ്പോൾ വളരെയധികം പ്രശംസകൾ നേടിയ ഒരു കലാകാരനായിരുന്നു. എന്നാൽ മരണശേഷം പൊടുന്നനെ ആളുകൾ അദ്ദേഹത്തെ മറന്നു പോയത് പോലെ. അത് ആദ്യമായല്ല കലാകാരന്മാരുടെ കാര്യത്തിൽ സംഭവിക്കുന്നത്. കലാകാരന്മാരെ കാലം വീണ്ടെടുക്കുകയാണ് ചെയ്യുന്നത്. ഇന്ന് ലോകത്ത് കൊണ്ടാടപ്പെടുന്ന മിക്കവാറും ഇമ്പ്രെഷണിറ്റുകളെയും പോസ്റ്റ് ഇമ്പ്രെഷനിസ്റ്റുകളെയും പിൽക്കാല കലാചരിത്രം വീണ്ടെടുക്കുകയായിരുന്നു. ഇല്ലായിരുന്നെങ്കിൽ ബൊഹീമിയൻ ജീവിതത്തിന്റെ ഗാനങ്ങൾ 'പകുതിയിൽ പതറി നിർത്തി' അവർ ജീവിതത്തിൽ നിന്ന് തന്നെ ഇറങ്ങിപ്പോകുമായിരുന്നു. അങ്ങനെ ഇറങ്ങിപ്പോയവരെ തിരികെ കൊണ്ടുവരിക എന്ന കർത്തവ്യമാണല്ലോ ചരിത്രകാരന്മാരും മ്യൂസിയം ക്യൂറേറ്റര്മാരും ചെയ്യുന്നത്. എന്താണ് ചരിത്രം എന്ന ചോദ്യത്തിന് 'അനന്തരം; എന്ന സിനിമയിലൂടെ അടൂർ ഗോപാലകൃഷ്ണൻ ഒരു ഉത്തരം നൽകുന്നു.മനസികവിഭ്രാന്തിയുള്ളവനായി പിൽക്കാലത്ത് മാറുന്ന അശോകൻ അവതരിപ്പിക്കുന്ന അജയൻ എന്ന കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിക്കുന്ന സുധീഷിലൂടെ (അതെ മണിച്ചിത്രത്താഴിലെ കിണ്ടി തന്നെ) ചരിത്രമെന്നാൽ മുങ്ങിപ്പോയ ഒരു കപ്പലിൽ നിന്ന് അതിനുള്ളിലെ സമ്പത്തുകൾ മുങ്ങിയെടുത്തു പുറത്തുകൊണ്ടു വന്നവതരിപ്പിക്കുന്നതാണ് ചരിത്രം എന്ന് പറയുന്നു. തന്റെ ഒരു ലേഖനത്തിൽ വാൾട്ടർ ബെഞ്ചമിൻ ഉദ്ധരിച്ചു കൊണ്ട് സുനിൽ പി ഇളയിടം ചരിത്രത്തെക്കുറിച്ചു
പറയുന്നത് ഇങ്ങനെയാണ്: "ചരിത്രം ഭൂതകാലത്തെ ഓർത്തെടുക്കലല്ല മറിച്ച് ആപത്തിന്റെ നിമിഷങ്ങളിൽ മനസ്സിലൂടെ മിന്നിമായുന്ന ഓർമ്മകളെ കൈയെത്തി പിടിക്കലാണ്."
(മാധവ മേനോന്റെ പെയിന്റിങ്)
വിസ്മൃതിയുടെ
ആഴങ്ങളിൽ മുങ്ങിപ്പോയ ഒരു കപ്പലാണ് ബിരേശ്വർ സെൻ എന്ന കലാകാരന്റെ കലാജീവിതം. അതിനെ പൊക്കിയെടുക്കാൻ ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതേസമയം ബെഞ്ചമിന്റെ നിരീക്ഷണവും ഇവിടെ ഉപകാരപ്രദമാണ്. നമ്മുടെ കലാരംഗം ഒരു ആപത്തിനെ നേരിടുകയാണ്; ശരാശരിത്വം എന്ന ആപത്ത്. ആ നിമിഷങ്ങളിൽ മനസ്സിലൂടെ
മിന്നിമായുന്ന പ്രതിഭകളുടെ ഓർമ്മകളെ നമുക്ക് കയ്യെത്തിപ്പിടിക്കുന്നതിലൂടെ
ചരിത്രത്തിൽ നമുക്ക് പങ്കാളികളാകാം. അങ്ങനെ വിസ്മൃതിയിലേക്ക് തള്ളപ്പെട്ടവരിൽ അനേകം പേരുണ്ട്. കേരളത്തിൽ നിന്ന് കമലാ ദാസ് ഗുപ്ത. അവർ ആദ്യകാലത്ത് ശാന്തിനികേതനത്തിലേയ്ക്ക് ശിൽപ്പകല പഠിക്കാൻ പോയവരാണ്. ശാന്തിനികേതനം ഇണകളെ കണ്ടെത്താനുള്ള അവസരം കൂടി സൃഷ്ടിച്ചുകൊണ്ട് നവലോകം ഭാവനചെയ്യുന്നുണ്ട്. വംശശുദ്ധികളെയും ജാതിവിവേചനങ്ങളെയും ഒക്കെ ശാന്തിനികേതനത്തിന്റെ കാല്പനികവും ബൗദ്ധികവുമായ അന്തരീക്ഷം തകർത്തു കളയുന്നു. നിങ്ങളുടെ ഇണയെ നിങ്ങൾ ആത്മാവ് കൊണ്ട് കണ്ടെടുക്കുന്നു. രാമചന്ദ്രൻ ചമേലിയെ, രാധാകൃഷ്ണൻ മിമിയെ, പ്രഭാകരൻ കവിതാ മുഖോപാധ്യായയെ...അങ്ങനെ പട്ടികയ്ക്ക് എത്രവേണമെങ്കിലും നീളാം. പക്ഷെ കമലാ ദാസ് ഗുപ്ത അവർ വിവാഹം കഴിച്ച പ്രോദോഷ് ദാസ് ഗുപ്ത എന്ന വിശ്രുത ശില്പിയുടെ നിഴലിൽപ്പെട്ട് വിസ്മൃതിയിലേക്ക് പോയി. അന്തരിച്ച പ്രഖ്യാത ഫാഷൻ ഫോട്ടോഗ്രാഫർ പ്രബുദ്ധ ദാസ് ഗുപ്തയും ഇപ്പോൾ വയനാട്ടിലും വീടുവെച്ചിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫർ പ്രദീപ്
ദാസ് ഗുപ്തയും കമലാ ദാസ് ഗുപ്തയുടെ മക്കളാണ്. ശാന്തിനികേതനത്തിൽ പഠിക്കാൻ പോയതാണ് മാധവ
മേനോനും. ആദ്യത്തെ പരിസ്ഥിതി ചിത്രകാരൻ എന്ന് വേണമെങ്കിൽ അദ്ദേഹത്തെക്കുറിച്ചു പറയാം. പൗരസ്ത്യ ലാവണ്യശാസ്ത്രത്തെ തന്റെ ചിത്രങ്ങളിലേക്ക് കടത്തിവിട്ട മാധവമേനോന് കേരളം നൽകിയത് ഒരു മോണോഗ്രാഫ് മാത്രം. ഈ ലേഖനം പോലും
അങ്ങനെ നോക്കുമ്പോൾ ഒരു ചെറിയ വീണ്ടെടുപ്പാണ്.
ബിരേശ്വർ
സെൻ ചിത്രകാരനാകാൻ വേണ്ടി മാത്രം ജനിച്ച വ്യക്തിയായിരുന്നില്ല. അദ്ദേഹം തന്റെ നിയോഗമായി തെരെഞ്ഞെടുത്തത് ഇംഗ്ലീഷ് സാഹിത്യമായിരുന്നു. ഇംഗ്ലീഷ് സാഹിത്യം പ്രഫുല്ലവസ്ഥയിലായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ. രബീന്ദ്രനാഥ ടാഗോറിനെ കൂടാതെ മൈക്കേൽ മധുസൂദന ദത്ത്, അദ്ദേഹത്തിന്റെ പെണ്മക്കളായ തോരു ദത്ത്, ആരു ദത്ത് എന്നിവർ നമ്മുടെ കമലാദാസിന്റെ മുൻഗാമികൾ ആയിരുന്നെന്നു പറയാം. ബംഗാളുമായി മറ്റൊരു അരുന്ധതി
റോയിയുടെയും മുൻഗാമികളായിരുന്നു അവർ. ഇംഗ്ലീഷ് സാഹിത്യത്തെക്കുറിച്ചു നിന്നിരുന്ന ഉത്പതിഷ്ണുതാ ബോധമാകണം കൽക്കട്ടയിലെ പ്രെസിഡന്സി കോളേജിൽ ബിരേശ്വർ സെന്നിനെ സാഹിത്യം പഠിക്കാനായി പ്രേരിപ്പിച്ചത്. കൽക്കട്ട ഇന്ത്യൻ നവോത്ഥാനത്തിന്റെയും സാഹിത്യകലാശ്രമങ്ങളുടെയും ഒക്കെ കേന്ദ്രമായിരുന്നു. ദേശീയപ്രസ്ഥാനം ഗാന്ധിജിയുടെ വരവോടെ 1920 കളിൽ പൂർണ്ണമായും ബോംബയിലേയ്ക്കും ഡൽഹിയിലേക്കും അലഹബാദിലേയ്ക്കും ലക്നൗവിലേയ്ക്കും ഒക്കെ മാറുന്നതിന് മുൻപ് കൽക്കട്ടയായിരുന്നു ഇന്ത്യയുടെ തലസ്ഥാനം മാത്രമല്ല, സാംസ്കാരിക തലസ്ഥാനവും. ബംഗാളികൾ എന്താ ഇങ്ങനെ എന്ന് ചോദിച്ചാൽ അവർക്ക് അങ്ങനെയല്ലാതെ മറ്റൊന്നും ആകാൻ കഴിയില്ല. കൽക്കട്ടയിലെ തെരുവീഥികളിൽ ഇപ്പോഴും കേൾക്കുന്നത് രബീന്ദ്ര സംഗീതമാണ്; തീവണ്ടികളിൽ ബാവുൽ സംഗീതവും.
(നിക്കോളാസ് റോറിക്കും അദ്ദേഹത്തിന്റെ ഒരു പെയിന്റിങ്ങും)
വിദ്യാഭ്യാസത്തിനു
ശേഷം പാറ്റ്നയിലെ നാഷണൽ കോളേജിൽ അധ്യാപകനായി പ്രവേശിച്ച ബിരേശ്വർ സെൻ സാഹിത്യത്തോടൊപ്പം ചിത്രകലയെയും ഗൗരവമായി എടുത്തു. നന്ദലാൽ ബോസിൽ നിന്ന് ഔപചാരികമായ പാഠങ്ങൾ ലഭിച്ചുവെങ്കിലും സെന്നിന്റെ കലയിൽ നാം ഇന്ന് സംഭവിച്ചത്
ഒരു കൂടിക്കാഴ്ചയിലൂടെയാണ്. അക്കാലത്ത് ഹിമാചൽ താഴ്വരയിൽ താമസിക്കുകയായിരുന്നു ഋഷിതുല്യനായ ചിത്രകാരൻ നിക്കോളാസ് റോറിക്ക്. റോറിക്കിന്റെ ചിത്രണ ശൈലി സെന്നിനെ വല്ലാതെ ആകർഷിച്ചു. നിക്കോളാസ് റോറിക്ക് ആധ്യാത്മിക നേതാവും ടോൾസ്റ്റോയിയെപ്പോലെ തത്വചിന്തകനും യാത്രികനും ചിത്രകാരനും കവിയുമൊക്കെയായിരുന്നു. റഷ്യൻ വിപ്ലവത്തിന് ശേഷം അമേരിക്കയിലേയ്ക്ക് പോയ അദ്ദേഹം ഒടുവിൽ പൗരസ്ത്യനാടുകളൊക്കെ സന്ദർശിച്ച ശേഷം കുളു താഴ്വരയിൽ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ ആത്മീയമായ പശ്ചാത്തലമായിരുന്നു റോറിക്കിന്റെ പ്രചോദനം.
അദ്ദേഹത്തിന്റെ പുത്രനായിരുന്നു സ്വേറ്റൊസ്ളാവ് റോറിക്ക്. പ്രമുഖ ഹിന്ദി ചലച്ചിത്ര നടിയായ ദേവികാ റാണിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. വളരെ പ്രശസ്തനായ ഒരു പോർട്രൈറ് ചിത്രകാരനായിരുന്ന സ്വേറ്റൊസ്ളാവ് റോറിക്ക് നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരുടെ അടുത്ത സുഹൃത്തുമായിരുന്നു. പിതാവിന്റെയും പുത്രന്റെയും ചിത്രങ്ങളിൽ പ്രധാനപ്പെട്ട ചിലത് തിരുവന്തപുരത്തെ ചിത്രാലയം മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
(ബിരേശ്വർ സെന്നിന്റെ പെയിന്റിങ്)
നിക്കോളാസ്
റോറിക്ക് വലിയ ചിത്രങ്ങളും ചെറിയ ചിത്രങ്ങളും ഒരുപോലെ വരച്ചിരുന്നു. എന്നാൽ ബിരേശ്വർ സെന്നിന് ഇഷ്ടമായത് ചെറിയ ചിത്രങ്ങളെ ആയിരുന്നു. വലുപ്പത്തെക്കാൾ
ഏറെ അദ്ദേഹത്തെ ആകർഷിച്ചത് അതിലെ കാല്പനികമായ ഭൂവിഭാഗങ്ങൾ ആയിരുന്നു. വിദൂരമായ കുന്നുകൾ, അവയ്ക്ക് മുകളിലെ ക്ഷേത്രങ്ങൾ, അതിനു മുന്നിൽ താപസന്മാർ, ഗുഹകൾ, അഗ്നി കുണ്ഡങ്ങൾ, വനങ്ങൾ, മരങ്ങൾ, കാട്ടുപാതകൾ ഒക്കെയും സെന്നിന് ആവേശം പകർന്നു. അവയുടെ അതിഭൗതികമായ നിലപാടും നിലനിൽപ്പും അദ്ദേഹത്തിന്റെ ഹൃദയത്തെയും ധിഷണയെയും ഒരുപോലെ ചലിപ്പിച്ചു. അതേസമയം ഒരു തീരുമാനം സെന്നിന് എടുക്കണമായിരുന്നു. റോറിക്കിന്റെ കാൽപ്പാടുകൾ അതെപടി പിന്തുടരണോ അതോ ആ ലാവണ്യബോധത്തിൽ ഉറച്ചു
നിന്നുകൊണ്ട് തന്റേതായ ഒരു പാത വെട്ടിത്തെളിക്കണമോ? രണ്ടാമത്തെ വഴിയാണ് ബിരേശ്വർ സെൻ ഏറ്റെടുത്തത്. അതോടെ അദ്ദേഹം ആവേശിതനെപ്പോലെ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. ഒരു സിഗരറ്റ് കവറിന്റെ വലുപ്പമേയുള്ളൂ ആ ചിത്രങ്ങൾക്ക്. അവയെ
കാണണമെങ്കിൽ വിപുലീകരണകാചം അഥവാ ലെന്സ് ഉപയോഗിക്കണം. ഗ്യാലറിയിൽ അവയെ പ്രദര്ശിപ്പിക്കുമ്പോൾ ഓരോ ചിത്രത്തിന് സമീപവും ഓരോ ലെൻസും വെച്ചിരിക്കും. അല്ലാത്തപക്ഷം ഓരോ സന്ദര്ശകനും ഓരോ ലെന്സ് നൽകും (നമ്മൾ ത്രീഡി ചലച്ചിത്രം കാണാൻ പോകുമ്പോൾ കണ്ണട കിട്ടുന്നത്
പോലെ). ഭൂതക്കണ്ണാടിയിലെ ഏകകോശത്തിൽ നിന്ന് വിപുലമായ പ്രപഞ്ചങ്ങൾ ഉണര്ന്നു വരുന്നത് പോലെ ബിരേശ്വർ സെന്നിന്റെ ചിത്രങ്ങളിൽ നാം കാണാത്ത ലോകങ്ങൾ തെളിഞ്ഞു വരുന്നു. അവിടെ കാണുന്ന ഓരോ പ്രതീകവും ബിംബവും ഹൃദയത്തെ വല്ലാതെ തൊടുന്നവയാണ്. അവ എങ്ങനെ അവിടെ
എത്തി എന്ന ചോദ്യമാണ് ഉണ്ടാകുന്നത്? ഈ കലാകാരൻ അങ്ങനെയുള്ള
രംഗങ്ങളെ എങ്ങനെ ഭാവനചെയ്തെടുത്തു എന്ന ചോദ്യവും പ്രസക്തം തന്നെ.
(ബിരേശ്വർ സെന്നിന്റെ പെയിന്റിങ്)
സാങ്കേതികമായും
പ്രതലപരമായും പറഞ്ഞാൽ ഇവ മിനിയേച്ചർ പെയിന്റിങ്ങുകൾ
എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. മിനിയേച്ചർ പെയിന്റിങ്ങുകൾ ശാന്തിനികേതൻ ലാവണ്യബോധത്തിൽ ഒരു ഘടകമായിരുന്നു. അബനീന്ദ്രനാഥ ടാഗോറിന്റെ പല ചിത്രങ്ങളും മിനിയേച്ചർ
ലാവണ്യബോധത്തിൽ നിന്ന് ഉണ്ടായതാണ്. ക്രമേണ ഇത് പൗരസ്ത്യമായ ബ്രഷ് സ്ട്രോക്കുകളെയും വിതാനവിന്യാസങ്ങളെയും സ്വീകരിക്കുന്നത് കാണാം. നന്ദലാൽ ബോസ് , ബിനോദ് ബിഹാരി മുഖർജീ, റാം കിങ്കർ ബെയ്ജ്, തുടങ്ങി മാധവ മേനോൻ, കെ ജി സുബ്രമണ്യൻ,
എ രാമചന്ദ്രൻ വരെയുള്ള ചിത്രകാരന്മാരിൽ ഈ ഒരു പൗരസ്ത്യലാവണ്യ
ബോധം കാണാം. ഈ പശ്ചാത്തലത്തിൽ നോക്കിയാൽ
ബിരേശ്വർ സെന്നിന് മിനിയേച്ചർ പ്രതലങ്ങളോട് ഇഷ്ടം കൂടുക സ്വാഭാവികമാണ്. എന്നാൽ അതിന് മറ്റൊരു സംസ്കാരിക കാരണമാണ് ഞാൻ കണ്ടെത്താൻ ആഗ്രഹിക്കുന്നത്. രബീന്ദ്രനാഥ ടാഗോർ തന്റെ ചിത്രരചന ആരംഭിക്കുന്നത് ഏകദേശം അറുപത് വയസ്സ് കഴിഞ്ഞതിന് ശേഷമാണ്. അപ്പോഴേയ്ക്കും അദ്ദേഹം തന്റെ ലിറ്റററി ഔട്ട് പുട്ട് ഏകദേശം പൂർത്തിയാക്കി കഴിഞ്ഞിരുന്നു. കവിതകളുടെ കയ്യെഴുത്തു പ്രതിയിലെ വരികളെ മഷി കൊണ്ട് മായ്ച്ചു കൊണ്ടാണ് അദ്ദേഹം തന്റെ ചിത്രരചനയ്ക്ക് തുടക്കം കുറിക്കുന്നത്.
(ബിരേശ്വർ സെന്നിന്റെ പെയിന്റിങ്)
എല്ലാത്തരത്തിലുള്ള
കലകളെയും തന്റെ സർഗ്ഗസ്വത്വത്തിന്റെ അവിഭാജ്യഘടകങ്ങളായി കരുതിയിരുന്ന ടാഗോറിനെ എഴുത്തിൽ നിന്ന് കാതങ്ങൾ ദൂരെയുള്ള പ്രക്രിയയായി ഒരിക്കലും ചിത്രരചനയെ കാണുവാൻ കഴിഞ്ഞിട്ടുണ്ടാവില്ല. എഴുത്ത് തന്നെ ചിത്രമാണെന്ന തിരിച്ചറിവിലാകണം അദ്ദേഹം അങ്ങനെ അക്ഷരങ്ങളിൽ നിന്ന് ചിത്രങ്ങളെ കണ്ടെടുത്തത്. എഴുത്തുകാരന്റെ ഉപകരണങ്ങളിൽ പ്രധാനമാണ് മേശ, എഴുത്തുപലക, തൂലിക, മഷിപ്പാത്രം തുടങ്ങിയവ. അത് പല തലങ്ങളിൽ എഴുത്തുകാരനുമായ
ഒരു ഇന്റിമേറ്റ് ബന്ധം സ്ഥാപിക്കുന്നുണ്ട്. തന്റെ ശരീരത്തിന്റെ ഒരു എക്സ്റ്റൻഷൻ ആയിട്ടാകും എഴുത്തുകാർ അതിനെ കാണുന്നത്. മിനിയേച്ചർ പെയിന്റർമാരും അത്തരത്തിൽ അടുത്ത് വെച്ചാണ് വരച്ചിരുന്നത്. മിനിയേച്ചർ എന്ന രൂപം തന്നെ അടുത്ത് പിടിച്ചു കാണുന്നതിന് വേണ്ടിയാണ്. അത് ആൽബങ്ങൾ ആയിട്ടാണ് വിഭാവനം ചെയ്തിരുന്നത്. ബിരേശ്വർ സെന്നും എഴുത്തുകാരൻ ആയിരുന്നു. അദ്ദേഹത്തിന് ഏറ്റവും സുഖമുള്ള ഒരു അകലം എന്നത് എഴുത്തിന്റെ അകലമാണ്. അവിടെയിരുന്നു കൊണ്ട് സൂക്ഷ്മലോകങ്ങളെ ആവിഷ്കരിക്കുക എന്നതായിരുന്നു അദ്ദേഹം ചെയ്തത്. അതിൽ ഒരു പഴയകാലത്തിന്റെ ലാവണ്യബോധവും പുതിയകാലത്തിന്റെ പ്രായോഗികതയും ഒത്തു ചേരുന്നുണ്ട്. ചിത്രരചന അദ്ദേഹം ഡയറിക്കുറിപ്പ് പോലെയാണ് നടത്തിയത്. ഓരോ ചിത്രത്തെക്കുറിച്ചും അദ്ദേഹം അതെ വലുപ്പത്തിൽ നോട്ടുകൾ തയാറാക്കി സൂക്ഷിച്ചിരുന്നു.
ഇനി
എന്ത്കൊണ്ടാണ് ബിരേശ്വർ സെൻ ചിത്രങ്ങൾ രചിക്കുവാൻ കാർഡുകൾ തെരെഞ്ഞെടുത്തത് എന്ന് നോക്കാം. അതിന്റെ ഉത്തരവും നമുക്ക് അദ്ദേഹത്തിന്റെ അധ്യാപക, ഗവേഷണ, എഴുത്തു ജീവിതത്തിൽ നിന്ന് തന്നെ ലഭിക്കും. പഴയ തരാം ലൈബ്രറി കാറ്റലോഗിങ്ങിന് ഉപയോഗിക്കുന്ന ഇൻഡക്സ് കാർഡുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. അവയുമായാണ് ബിരേശ്വർ സെന്നിന് ഏറ്റവും വലിയ അടുപ്പം ഉണ്ടായിരുന്നത്. അതിനാൽ ആ ഫോർമാറ്റിൽ എന്തുകൊണ്ട്
ചിത്രങ്ങൾ രചിച്ചു കൂടാ എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകണം. കടലാസിന്റെ ലഭ്യതയോ അലഭ്യതയോ ആയിരുന്നില്ല അങ്ങനെയൊരു ഫോർമാറ്റ് തെരഞ്ഞെടുക്കുന്നതിന് കാരണം. അതിന് മാനസികമായ ഒരു സുഖാവസ്ഥയുമായി ബന്ധമുണ്ട്. കംഫോര്ട്ടബിൾ എന്ന് നാം പറയുന്ന ഒരു അവസ്ഥ. അതിനാൽ 1930 മുതലുള്ള ചിത്രങ്ങളെല്ലാം ഈ വലുപ്പത്തിലുള്ളവയാണ്. എന്നാൽ പ്രായോഗികമായ
കാരണങ്ങളാൽ ചെറിയ കടലാസുകൾ തെരഞ്ഞെടുക്കുന്ന അനേകം കലാകാരന്മാർ ഉണ്ട്, 1970 കളുടെ രണ്ടാം പാദത്തിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പഠിച്ചിരുന്ന അനേകം ചിത്രകാരാ വിദ്യാർഥികൾ സിഗരറ്റ് കൂടുകളെ അകംപുറം തിരിച്ചു ചിത്രങ്ങൾ വരച്ചിരുന്നു. മിക്കവാറും പോർട്രേറ്റുകളും ലൈഫ് സ്റ്റഡികളും ആയിരുന്നു അവ. ഒരിടത്ത് ദീർഘനേരം ഇരുന്ന് അസ്തിത്വ ചിന്തയിൽ മുഴുകുകയോ കൂട്ടുകാരുമായി സംവാദത്തിൽ ഏർപ്പെടുകയോ ചെയ്യുമ്പോൾ ഒപ്പം വരച്ചുകൊണ്ടേയിരിക്കാം എന്നുള്ള ഒരു സൗകര്യം ഈ കാർഡുകൾക്ക് ഉണ്ടായിരുന്നു.
സിസേർസ്, ചാർമിനാർ തുടങ്ങിയ സിഗരറ്റ് കവറുകളാണ് ഉപയോഗിച്ചിരുന്നത്. സുരേന്ദ്രൻ നായർ ഇത്തരത്തിലുള്ള കാർഡുകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. അത് സാക്ഷി ഗ്യാലറിയിൽ നടന്ന ഏകാംഗ പ്രദർശനത്തിൽ പ്രദർശിപ്പിച്ചിരുന്നു.
(വാൻഡറെർ എബോവ് ദി സീ - കാസ്പർ ഡേവിഡ് ഫ്രഡറിഷ് ന്റെ പെയിന്റിങ്)
രാം കിങ്കർ
ബെയ്ജ്ഉം സൂസയും ഹുസൈനും ഒക്കെ സജീവമായിരുന്ന ഒരു കാലത്താണ് ബിരേശ്വർ സെന്നും ചിത്ര
രചനയിൽ ഏർപ്പെട്ടിരുന്നതെന്ന് അറിയുന്നത് നല്ലതായിരിക്കും. ഒരുതരത്തിലുള്ള ഇന്ത്യയെക്കണ്ടെത്തൽ
ആയിരുന്നു ഈ കലാകാരന്മാർ ഒക്കെ ചെയ്തിരുന്നത്. സമൂഹത്തിന്റെ മാറ്റങ്ങളും സമ്മർദ്ദങ്ങളും
വ്യക്ത്യധിഷ്ഠിതമായ ഒരു ഭാഷയിലൂടെ കൈകാര്യം ചെയ്യാൻ ഈ ചിത്രകാരന്മാർ ശ്രമിച്ചിരുന്നു.
ആ സന്ദർഭത്തിൽ അതിലൊന്നും ഉൾപ്പെടാതെ തികച്ചും മറ്റൊരു പാതയിലൂടെ നടക്കുകയായിരുന്നു
ബിരേശ്വർ സെൻ. ഒരുപക്ഷെ അദ്ദേഹത്തിന് ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിൽ താത്പര്യം
ഉണ്ടാകാതെ പോയതാകാം. അല്ലെങ്കിൽ റോറിക്കിന്റെ സ്വാധീനത്തിൽ ഒരുതരം ആത്‌മീയ യാത്രയിൽ
അദ്ദേഹം പെട്ടിരുന്നിരിക്കാം. അതുമല്ലെങ്കിൽ ഭൗതികമായ ലോകത്തിന്റെ കാര്യങ്ങളിൽ നിന്ന്
മാറി തികച്ചും ഏകാന്തവും പ്രശാന്തവുമായ ഒരു ഇടത്ത് മിത്തിക്കൽ എന്നൊക്കെ പറയാവുന്ന
തരത്തിലുള്ള ഒരു ജീവിതം നയിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം. അത്തരത്തിലുള്ള
കലാ ചിന്തകൾ കലാലോകത്തിൽ പതിവാണ്. പ്രത്യേകിച്ച് ചിത്രകലാ പ്രസ്ഥാനത്തിലെ റൊമാന്റിക്കുകൾ
പ്രകൃതിയിലേക്ക് പിന്മടങ്ങുന്നതോ പ്രകൃതിയെ ഉപാസിക്കുന്നതോ ആയ രചനകൾ ധാരാളമായി ഇപ്പോഴും
നിർവഹിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആയിരുന്നു റൊമാന്റിക്കുകൾ
സജീവമായിരുന്നത്. കാസ്പെർ ഡേവിഡ് ഫ്രഡറിഷിന്റെ 'വാൻഡറെർ എബോവ് ദി സീ' എന്ന ചിത്രം അതിന്
വ്യക്തമായ ഉദാഹരണമാണ്.
(ബിരേശ്വർ സെന്നിന്റെ പെയിന്റിങ്)
പത്തൊമ്പതാം
നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ബാർബിസൺ സ്കൂൾ ഓഫ്
പെയിന്റിങ് എന്ന പേരിൽ കലാകാരന്മാർ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും പർവതങ്ങളുടെ താഴ്വരകളിലേയ്ക്കും കാടുകളുടെ അതിരുകളിലേയ്ക്കും അരുവികളുടെ കരയിലേയ്ക്കും ഒക്കെ പോയി പെയിന്റിങ് ചെയ്തിരുന്നു. മില്ലേ, ആൽബർട്ട് ഷാർപ്പിൻ തുടങ്ങി അനേകം കലാകാരന്മാർ ഈ പ്രസ്ഥാനത്തിൽ അംഗങ്ങൾ
ആയിരുന്നു. ഫ്രാങ്സ്വാ മില്ലേ ഉൾപ്പെടെയുള്ള കലാകാരന്മാർ പിന്നീട് റീയലിസത്തിലേയ്ക്ക് നീങ്ങി. റൊമാന്റിക്കുകൾ അവരവരുടെ അനുഭൂതിതലങ്ങളെ ചിത്രരൂപത്തിലാക്കിയെങ്കിൽ ബാർബിസണ് സ്കൂളിലുൾപ്പെട്ടവർ ചെയ്തത് ഒരുതരം അനുഭൂതിസാന്ദ്രമായ പലായനത്തെ പ്രാവർത്തികമാക്കുകയും അവിടെ നിന്ന് കൊണ്ട് കണ്ടതിനെ വരയ്ക്കുകയുമായിരുന്നു. റീയലിസ്റ്റുകൾ ആകട്ടെ തങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ, ഉന്നതവും അഭിജാതവുമായ വിവിധങ്ങളായ ആഖ്യാനങ്ങൾക്ക് പുറത്തു നിൽക്കുന്നവരെ, പാറപൊട്ടിക്കുന്നവരെയും വയലിൽപ്പണിയെടുക്കുന്നവരെയും
ഒക്കെ ചിത്രങ്ങളിലേക്ക് കൊണ്ടുവരികയായിരുന്നു. ഷിബു നടേശൻ ഇപ്പോൾ ബാർബിസൺ സ്കൂൾ കലാകാരന്മാരെപ്പോലെയാണ്
പ്രവർത്തിക്കുന്നത്. ബിരേശ്വർ സെന്നിൽ ബാർബിസൺ സ്കൂളിന്റേതായ ചില
അംശങ്ങൾ ഉണ്ട് എന്നാൽ അതിന്റെ മുഖമുദ്ര എന്നത് അതിഭൗതികമായ ഒരു അനുഭവപരിസരമാണ്. സെന്നിന്റെ ചിത്രങ്ങളിലെ കാഴ്ചകൾ റൊമാന്റിക്കാണ് പക്ഷെ ആ രൂപങ്ങൾ അവിടെയുണ്ട്-ഇല്ല എന്ന അവസ്ഥയിലാണ്. അത് സവിശേഷമായൊരു ധ്യാനാത്മകതയിലേയ്ക്ക് കാഴ്ചക്കാരെ നയിക്കുന്നു. അതിന്റെ രൂപം കാണികളെ ചിത്രങ്ങളിലേക്ക് ശാരീരികമായും അടുപ്പിച്ചു നിർത്തുന്നു. വർത്തമാനകാലത്തിൽ നിന്ന് ഭൂതകാലത്തിലേക്ക് ശരീരം കൊണ്ടുകൂടി കടന്നു ചെല്ലാൻ ബിരേശ്വർ സെന്നിന്റെ ചിത്രങ്ങൾ ക്ഷണിക്കുന്നുണ്ട്.
-ജോണി
എം എൽ
Comments
Post a Comment