വീടായാൽ വിളക്കു വേണം എന്ന പാട്ടും രഹ്ന ഫാത്തിമയും കുടുംബ മൂല്യങ്ങളും
രഹ്ന
ഫാത്തിമ വിഷയത്തിൽ നേരത്തെ ഒരു ലേഖനം കലാചരിത്രത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയപ്പോൾ എനിയ്ക്ക് ലഭിച്ച പ്രതികരണങ്ങളിൽ പ്രധാനം രഹ്നയുടെ പെർഫോമൻസ് കുടുംബ ബന്ധങ്ങളെ അതിന്റെ പവിത്രതയോടെ കാണാതിരിക്കുകയും കുടുംബങ്ങൾക്ക് അപമാനം വരുത്തുന്ന മാതൃകകൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതായിരുന്നു. അപ്പോഴാണ് കുടുംബം എന്ന സംവിധാനത്തെക്കുറിച്ച് നാം എന്താണ് മനസ്സിലാക്കിയിരിക്കുന്നത്,
അങ്ങനെ മനസ്സിലാക്കാനുള്ള കാരണങ്ങൾ എന്താണ്, ഏതൊക്കെ മാധ്യമങ്ങളിലൂടെയാണ് ആ മനസ്സിലാക്കൽ നടന്നിരിക്കുന്നത്
എന്നതിനെക്കുറിച്ച് ചില വിശദീകരണങ്ങൾ ആവശ്യമാണെന്ന് തോന്നിയത്. കുടുംബം എന്നത് ഒരു സാമ്പത്തികയൂണിറ്റാണെന്ന് മാർക്സിയൻ പണ്ഡിതന്മാർ നിരീക്ഷിക്കുന്നു. ഉത്പാദനവും വിപണിയിലൂടെയുള്ള വിതരണവുമായി ബന്ധപ്പെട്ടാണ് കുടുംബങ്ങളും അതുമായി ബന്ധപ്പെട്ട പവിത്രസങ്കല്പങ്ങളും വളർന്നത് എന്ന് കാണാം. മതത്തിന്റെ ആശീർവാദത്തോടെ മൂലധനത്തിനു ലാഭമുണ്ടാക്കാൻ കഴിയുന്ന അടിസ്ഥാന യൂണിറ്റുകളായാണ് കുടുംബം വർത്തമാനകാലത്തിൽ നിലനിൽക്കുന്നത്. ഒരു കുടുംബം എന്നാൽ ഉപഭോഗത്തിലൂടെ നിർവചിക്കപ്പെടുന്ന, അഴുക്ക് ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾ ആയി മാറിയിരിക്കുന്നു.
കുടുംബത്തിന്
ഒരു മൂല്യവ്യവസ്ഥയുണ്ട് എന്ന് പറയുന്നു. അത് സമൂഹവുമായി ഇഴചേർന്നു പോകുന്ന മൂല്യങ്ങളാണ്. അധികാരസ്വരൂപങ്ങളോട് വിധേയമായി നിൽക്കുകയും അതിജീവനത്തിനായി നിരന്തരം നീക്കുപോക്കുകൾ നടത്തുകയും ചെയ്യുന്ന അടിസ്ഥാന യൂണിറ്റുകൾ ആണ് കുടുംബങ്ങൾ. അനുസരണയുള്ള പൗരന്മാരെ വളർത്തിക്കൊണ്ടു വരേണ്ട ഒരു ചുമതല അദൃശ്യമായി കുടുംബങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നു. അധികാരത്തിന്റെ എല്ലാ മർദ്ദകസ്വഭാവങ്ങളും കുടുംബം വെച്ച് പുലർത്തുന്നു. അതിനാൽ അതിനെ ആശയപരമായ ഭരണകൂട മർദ്ദനയന്ത്രങ്ങളിൽ ഒന്നായി ലൂയി അൽത്തൂസർ നിർവചിക്കുന്നു. അധികാരം പുരുഷകേന്ദ്രിതമാണ്. ആ കേന്ദ്രീകൃതത്വത്തിലൂടെ ഉണ്ടായ സവർണ്ണ പുരുഷാധിപത്യമൂല്യങ്ങളാണ് വ്യാവസായിക വിപ്ലവത്തിന് ശേഷം പാശ്ചാത്യലോകത്തു പോലും മതത്തിലൂടെയും സാമൂഹികഘടനയിലുണ്ടായ മാറ്റങ്ങളിലൂടെയും സാംസ്കാരിക മാധ്യമങ്ങളിലൂടെയും മനുഷ്യരുടെ ബോധത്തിലേക്ക് വിനിമയം ചെയ്യപ്പെട്ടത്. ഹിപ്നോപീഡിയ എന്ന് ആൽഡസ് ഹക്സ്ലി പറയുന്ന നിദ്രാബോധന സമ്പ്രദായം പോലെ ഒന്നാണ് അങ്ങനെ സിനിമയുടെയും ടെലിവിഷനിലൂടെയും ജനങ്ങളിലേക്ക് എത്തിച്ചേരുകയും അത് മൂല്യവ്യവസ്ഥയായി അടയാളപ്പെടുത്തപ്പെടുകയും ചെയ്തത്.
സോപ്പ്
ഓപെറകൾ എന്നാണ് ആദ്യകാല ടെലിവിഷൻ സീരിയലുകളെ വിളിച്ചിരുന്നത്. അമേരിക്കയിൽ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടെ സോപ്പ് ഓപെറകളുടെ തള്ളിക്കയറ്റം തന്നെയുണ്ടായി. ജോലിയ്ക്ക് പോകുന്ന ഭർത്താവ്, അയാളെ സന്തോഷത്തോടെ പറഞ്ഞു വിടുന്ന ഭാര്യ, സന്തുഷ്ടരായി സ്കൂളിലേക്ക് പോകുന്ന
കുട്ടികൾ, വീടിനെ വൃത്തിയായി, ഭംഗിയായി സൂക്ഷിക്കുന്ന വീട്ടമ്മ, അവൾ സുസ്മേരവദനയായി വൈകുന്നേരം കുട്ടികളെ സ്വീകരിക്കുന്നു, അതിനേക്കാൾ പ്രണായാന്വിതയായി ഭർത്താവിനെ പെരുവിരലിലൂന്നിയ ചുംബനത്തോടെ സ്വീകരിക്കുന്നു. ഭർത്താവും കുട്ടികളും പുറത്തുപോയിക്കഴിഞ്ഞാൽ വീടിന്റെ അധികാരി സ്ത്രീയാണ്; അവളാണ് ആ വീടിനെ 'സംസ്കാരസമ്പന്നമായ'
ഒരു ഭവനമായി സൂക്ഷിക്കേണ്ടത്. അവൾക്ക് തുണികൾ അലക്കണം. അതിനായി വാഷിങ് മെഷിൻ. അതിലിടാൻ സോപ്പ് പൊടി. തറ വൃത്തിയാക്കാൻ വാക്വമക്ളീനർ.
അടുക്കളയിൽ ഗ്യാസ്, മിക്സർ, സ്വീകരണമുറിയിൽ ടെലിവിഷൻ. വൃത്തിയാക്കാൻ സോപ്പും സോപ്പ് പൊടിയും വേണം. അത് പരസ്യം ചെയ്യാനാണ് നീണ്ടുപോകുന്ന കഥകളുള്ള ടെലിവിഷൻ സീരിയലുകൾ ഉണ്ടായത്. അതിലെല്ലാം സ്ത്രീയാണ് കുടുംബത്തിന്റെ അത്താണി. അവൾ ഭർത്താവിന്റെയും കുട്ടികളുടെയും സുഖം മാത്രം ലക്ഷ്യമിട്ടു സുസ്മേരവദനയായി ജീവിക്കുന്നു. അവൾ എത്ര ജോലി ചെയ്താലും വിയർപ്പു നാറ്റം പാടില്ല. അതിനാൽ സുന്ദരിയും സുഗന്ധിയുമായിരിക്കാൻ മറ്റനേകം ഉപഭോഗവസ്തുക്കൾ. അങ്ങനെ പരോക്ഷമായി സ്ത്രീയെ ഉപഭോഗത്തിന്റെ കേന്ദ്രമാക്കുകയും, അവൾ പുരുഷവിപണിയുടെ ഒരു വസ്തുവും അടിമയും ഉപഭോക്താവും ആയി മാറുകയും ചെയ്തു.
കൊട്ടിഘോഷിക്കപ്പെടുന്ന്
ഇന്ത്യൻ സംസ്കാരത്തിൽ ഇത് നൂറ്റാണ്ടുകൾക്ക് മുൻപേ ഉണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്ന് കരുതുന്ന നീതിസാരത്തിലെ ഒരു ശ്ലോകമാണ് ഇതിന് ആധാരം. 'കാര്യേഷു ദാസി (കാര്യത്തിൽ ദാസി), കരണേഷു മന്ത്രി (കർമ്മത്തിൽ മന്ത്രി), ഭോജേഷു മാതാ (ഭക്ഷണം നൽകുന്നതിൽ മാതാവ്), ശയനേഷു വേശ്യാ (കിടക്കയിൽ വേശ്യയെപ്പോലെ), രൂപേഷു ലക്ഷ്മി (രൂപത്തിൽ ലക്ഷ്മിയെപ്പോലെ), ക്ഷമയേഷു ധരിത്രി (ക്ഷമയിൽ ഭൂമിയെപ്പോലെ), ഷഡ് ധർമ്മയുക്താ (ഈ ആറു ലക്ഷണങ്ങളും
ഒത്തവൾ), കുലധർമ്മ പത്നി (അവളാണ് കുലത്തിൽ പിറന്ന ധർമ്മ പത്നി)". ഇതിനും മുൻപ് പൊതു വർഷം മൂന്നാം നൂറ്റാണ്ടിൽ ക്രോഡീകരിക്കപ്പെട്ട മനുസ്മൃതിയിൽ പറയുന്നത്, 'പിതാ രക്ഷതി ബാല്യേ, ഭർത്രോ രക്ഷതി യൗവനേ, പുത്രോ രക്ഷതി വാർദ്ധക്യെ, ന സ്ത്രീ സ്വാതന്ത്ര്യമർഹതി'
(പിതാവ് ബാല്യത്തിലും, ഭർത്താവ് യൗവനത്തിലും, പുത്രന്മാർ വാർധക്യത്തിലും രക്ഷിക്കാനുള്ളതിനാൽ ഒരു സ്ത്രീയ്ക്കും സ്വാതന്ത്ര്യം ആവശ്യമില്ല). മനുസ്മൃതിയിൽത്തന്നെ മറ്റൊരിടത്ത്, 'യത്ര നാര്യസ്തു പൂജ്യന്തേ തത്ര രമന്തേ ദേവതാ' എന്നും പറയുന്നുണ്ട് (എവിടെയാണോ സ്ത്രീ പൂജിക്കപ്പെടുന്നത് അവിടെയാണ് ദൈവം വസിക്കുന്നത്). സൂക്ഷിച്ചു നോക്കിയാൽ സ്ത്രീയുടെ കാലിൽ കെട്ടിയ ചങ്ങലകളാണ് ഈ നിയമങ്ങൾ എന്ന്
നമുക്ക് കാണാം.
ഇന്ത്യൻ
എന്ന് പറയപ്പെടുന്ന ഈ സവർണ്ണ പുരുഷാധിപത്യ
ആശയങ്ങളും സോപ്പ് ഓപ്പെറയിലൂടെ കടത്തിവിട്ട പാശ്ചാത്യമായ സ്ത്രീവിരുദ്ധാശയങ്ങളും കൂടിചേർന്നുണ്ടാക്കിയ ഒരു കുടുംബമൂല്യമാണ് ഇന്ന് നമുക്കുള്ളത്. അത് തികച്ചും സ്ത്രീവിരുദ്ധമാണ് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ കുടുംബത്തിന്റെ നിലവിലുള്ള മൂല്യവ്യവസ്ഥ അലംഘനീയമാണെന്നും അനിഷേധ്യമാണെന്നും അമൂല്യമാണെന്നും ഒക്കെ കരുതുന്നവരാണ് ഒരു സ്ത്രീ തന്റെ ഉടലിന്റെ അധികാരം ഏറ്റെടുക്കുമ്പോൾ വിറളി പൂണ്ട് അവളെ അറസ്റ്റ് ചെയ്യുന്നതിന് പോലും തയാറാകുന്നത്. തികച്ചും വിപ്ലവവിരുദ്ധമായ ഈ സമീപനത്തെയാണ് പലരും
പാവനമായ മൂല്യവ്യവസ്ഥ എണ്ണുന്നത്. വീട്ടിന്റെ പടിവാതിലിൽ ചെരുപ്പ് ഊരി വെയ്ക്കുന്നത് പോലെ പലരും നവോത്ഥാനമൂല്യങ്ങളും പുരോഗമനാശയങ്ങളും വാതിൽപ്പുറത്ത് അഴിച്ചു വെച്ചിട്ട് തികഞ്ഞ പുരുഷാധികാരികളായാണ് വീട്ടിനുള്ളിൽ പ്രവേശിക്കുന്നത്. അത് കൊണ്ട് തന്നെ വീട്ടിനുള്ളിൽ ഇരിക്കേണ്ടവർ എന്ന്
പുരുഷൻ വിശ്വസിക്കുന്ന സ്ത്രീകൾ ആ നാല് ചുവരുകൾ
സാങ്കല്പികമായോ പ്രതീകാത്മകമായോ അതിവർത്തിക്കുന്നു എന്ന് കണ്ടാൽ അതീനെ എന്ത് ശക്തി ഉപയോഗിച്ചും ഇല്ലാതാക്കാൻ ശ്രമിക്കും എന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് രഹ്ന ഫാത്തിമാ വിഷയത്തിൽ കണ്ടത്. സമൂഹം, ഭാര്യ, 'അമ്മ, പെങ്ങൾ, മൂല്യം, നിയമം, കുട്ടികളുടെ അവകാശം, ധാർമ്മികത, വൈകൃതം, അഗമ്യഗമനം എന്നിങ്ങനെ പുരുഷമനസ്സിൽ അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാ പ്രതിലോമ ആശയങ്ങളും അതിശക്തമായി ഈ വാക്കുകളിലൂടെ പുറത്തു
വരും.
ഏകദേശം
ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ് സിനിമയ്ക്ക് കേരളത്തിൽ ഉള്ളത്. ഏറ്റവും പ്രചാരം സിദ്ധിച്ച കലാവിഷ്കാരങ്ങളിൽ ഒന്നാണ് സിനിമ. സിനിമയിൽ സ്ത്രീകൾ അഭിനയിക്കാൻ തുടങ്ങിയതും സ്ത്രീകൾ സിനിമ കാണാൻ പോയിത്തുടങ്ങിയതുമൊക്കെ വലിയ സാമൂഹ്യവിപ്ലവങ്ങളുടെ ചരിത്രഭാഗമായിരിക്കുന്നു. എന്നാൽ ഈ യാത്രകളുടെയെല്ലാം ഫലശ്രുതിയിൽ പുരുഷാധിപത്യമൂല്യങ്ങളുടെ
ഊട്ടിയുറപ്പിക്കൽ നടന്നിട്ടുണ്ട് എന്ന് ഒരു ഉദാഹരണത്തിലൂടെ തെളിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മലയാളം സംസാരിക്കാത്ത, മലയാളഭാഷ അറിഞ്ഞു കൂടാത്ത, ബിരുദ തലത്തിലുള്ള എന്റെ വിദ്യാര്ഥിനികൾക്കായി ഞാൻ മൂന്നു വർഷങ്ങളിൽ നടത്തിയ ക്ലാസ്സ് മുറി പരീക്ഷണത്തിന്റെ വെളിച്ചത്തിലാണ് ഇനിയുള്ള ഭാഗം എഴുതുന്നത്. 1965 -ൽ, എസ് എൽ
പുരം സദാനന്ദൻ രചിച്ച് എസ് ആർ പുട്ടണ്ണ സംവിധാനം
ചെയ്‌ത് നസീർ, സത്യൻ, അംബിക തുടങ്ങിയവർ അഭിനയിച്ച ഒരു ചിത്രമാണ് 'ചേട്ടത്തി'. അതിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വയലാർ രാമവർമ്മയും സംഗീതം എം എസ് ബാബുരാജുമാണ്.
അതിലെ വീടായാൽ വിളക്ക് വേണം എന്ന ഗാനം ഞാൻ എന്റെ വിദ്യാർത്ഥിനികളെ കാണിച്ചു. പാട്ടിന്റെ വരികളുടെ അർഥം അറിയാത്തതിനാൽ അവർക്ക് ദൃശ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നാൻ വേഗം കഴിഞ്ഞു. എവിടെയാണ് രംഗം നടക്കുന്നത്, എന്താണ് നായകനും നായികയും തമ്മിലുള്ള ബന്ധം, അവർ എന്താണ് പരസ്പരം പറയാനും അറിയാനും ശ്രമിക്കുന്നത്? ഈ ചോദ്യങ്ങൾക്കെല്ലാം കുട്ടികൾ കൃത്യമായ
ഉത്തരം നൽകി എന്ന് മാത്രമല്ല, അതിലടങ്ങിയിരിക്കുന്ന പ്രത്യയശാസ്ത്ര വിവക്ഷകൾ അവർക്ക് മനസ്സിലാവുകയും ചെയ്തു. ഞാൻ ആ ഗാനത്തെ ചെറുതായൊന്ന്
അപനിർമ്മിക്കുകയാണിവിടെ.
വീടായാൽ
വിളക്കു വേണം എന്ന പാട്ട് ആരംഭിക്കുന്നത് തന്നെ മനോഹരമായ ഒരു അടുക്കളയുടെ ദൃശ്യങ്ങളിലൂടെയാണ്. ക്യാമറ ചലിക്കുന്നത് അടുക്കളയിൽ എന്തൊക്കെയുണ്ട് എന്ന് കാട്ടിക്കൊണ്ടാണ്. അത് ചെന്ന് നിൽക്കുന്നത് ഒരു ഇരട്ടക്കിടക്കയുള്ള കിടപ്പു മുറിയിലാണ്. അത് മനോഹരമായി വിരിച്ചിരിക്കുന്നു. അതായത് അടുക്കളയിൽ നിന്ന് കിടപ്പുമുറിയിലേയ്ക്ക് ഉള്ള ഒരു സ്ത്രീയുടെ യാത്രയെ ഗാനം തുടങ്ങുമ്പോൾത്തന്നെ കാണികളുടെ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞു. അപ്പോഴാണ് നായകൻറെ ശബ്ദത്തിൽ വീടായാൽ വിളക്ക് വേണം എന്ന പാട്ട് തുടങ്ങുന്നത്. പക്ഷെ കാണികൾ വിളക്കിനു പകരം നായികയായ അംബികയുടെ ഒരു ഫോട്ടോഗ്രാഫാണ് കാണുന്നത്. അതിൽ നോക്കി നായകനായ സത്യൻ പാടുന്നു: വീടായാൽ വിളക്കു വേണം, വിളക്കിനു തിരി വേണം, വാതിൽക്കൽ കൊളുത്തി വെയ്ക്കാൻ വള കിലുങ്ങണ കൈവേണം.
അടുത്ത
രംഗത്തിൽ നാം കാണുന്നത് നായികയുടെ രംഗപ്രവേശമാണ്. അവൾ ശ്രീരാമനും സീതയും നിൽക്കുന്ന ഒരു ചിത്രത്തെ പൂജിയ്ക്കുകയാണ്. അതോടെ അവൾ നിൽക്കുന്ന പവിത്രമായ ഇടവും അവളുടെ ചാരിത്ര്യവും എത്രമാത്രം ശുദ്ധമാണെന്നു സ്ഥാപിക്കാൻ സംവിധായകന് കഴിയുന്നു. തുടർന്ന് അവളെ ആരാണ് കാണുന്നതെന്ന് നോക്കൂ: അത് സത്യന്റെ ഒരു ഫോട്ടോഗ്രാഫാണ്. നായകന്റെ നോട്ടത്തിലൂടെ കാണപ്പെടുന്നവൾ മാത്രമാണ് നായിക/സ്ത്രീ എന്ന് തെളിയുന്നു. പുരുഷൻ നോക്കുകയും സ്ത്രീ കാണപ്പെടുകയും ചെയ്യുന്നു എന്നാണ് സൈദ്ധാന്തികർ വിമർശനാത്മകമായി പറയുന്നത്. അടുത്തതായി നാം കാണുന്നത് നായികയുടെ പ്രതിബിംബം കണ്ണാടിയിൽ പതിയുന്നതാണ്. അതായത്, അവളുടെ നേർ സ്വത്വത്തിനേക്കാൾ പ്രധാനമാണ് മറ്റൊരു മാധ്യമത്തിലൂടെ/ കണ്ണിലൂടെ അവളെ കാണുക എന്നത്. അവൾ നായകൻറെ ചിത്രം നോക്കി നാണിക്കുകയും പുളകം കൊള്ളുകയും ചെയ്യുന്നു. ചുറ്റും കുളം വേണം ചെന്താമര വേണം, സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം എന്നാണ് അടുത്ത വരി. ആ സമൂഹത്തിൽ സ്ത്രീയ്ക്ക്
പുരുഷന്റെ സഹായമില്ലാതെ ഉറങ്ങാനും സ്വപ്നം കാണാനും കൂടി കഴിയില്ലെന്നും അതാണ് അവളുടെ സന്തോഷമെന്നും കൂടി പറഞ്ഞു വെയ്ക്കുന്നു.
അടുത്ത
വരികളിലേക്കുള്ള സംഗീതത്തിന്റെ ഇടവേളയിൽ നമുക്ക് അറിയാൻ കഴിയുന്നത് (തുടക്കത്തിൽത്തന്നെ അറിയാമെങ്കിലും കിടപ്പറ എന്നത് കൃത്യമായും ആരുടെ കിടപ്പറയാണെന്ന് അപ്പോൾ വ്യക്തമല്ല) നായകൻ ഒരിടത്തും നായിക വീട്ടിലാണെന്നും ആണ്. നായികയുടെ ചലനം, അത്രയും ഭംഗിയായി ഉടുത്തൊരുങ്ങിയിട്ടും വീട്ടിന്റെ ഉള്ളിൽത്തന്നെയാണ്. എന്നാൽ നായകൻ ആകട്ടെ തന്റെ ജോലി സ്ഥലത്താണ്. അവിടെ അയാൾ അടുത്ത നിമിഷം നായികയുടെ ചിത്രം കിടക്കയിലേക്ക് വലിച്ചെറിഞ്ഞു അവളെ പരിരംഭണം ചെയ്യാൻ തുടങ്ങുന്നു (ശയ്യേഷു വേശ്യാ). അവളെക്കൊണ്ട് അതുമാത്രമാണ് അയാളുടെ ആവശ്യം എന്ന് തോന്നും. 'കാർകൂന്തൽ കെട്ടാതെ കുളിച്ചീറൻ മാറാതെ കാലത്തെയുണർത്തുവാൻ തോഴി വേണം'(കാര്യേഷു ദാസി) എന്ന് പാടുന്നു. പിന്നെ അവളെ കാമാതുരനായി നോക്കുന്ന നായകനെ അവൾ നായിക സങ്കൽപ്പിക്കുന്നു. അതിനുശേഷം രതിയുടെ മറച്ചു വെച്ച ആവിഷ്കാരമാണ്. "മോതിരക്കൈ നീട്ടി, മോഹത്തിൻ മധുരങ്ങൾ ചോദിച്ചു വാങ്ങുവാൻ ആള് വേണം." ആ ആള് ആരാണെന്ന്
പറയേണ്ടതില്ലല്ലോ.
തുടർന്നുള്ള
രംഗം കുടുംബത്തിന്റെ ഹൈന്ദവമായ, പുരുഷാധിപത്യപരമായ
ഊട്ടിയുറപ്പിക്കലാണ്.
'മുത്തണിയരമണി കിലുകിലെ കുലുങ്ങേണം, മുറ്റത്ത് കൊച്ചു കാൽ പൂവിടേണം," എന്ന് നായകൻ പാടുമ്പോൾ അയാളുടെ മുന്നിൽ കാണുന്നത് കലണ്ടറിൽ ഇരിക്കുന്ന ഉണ്ണികൃഷ്ണനെയാണ്. അതായത് കൃഷ്ണനെപ്പോലെ ഒരു പുത്രനെ പ്രസവിക്കണം എന്ന് തന്നെയാണ് (ആദ്യത്തെ കണ്മണി ആണായിരിക്കണം എന്ന പാട്ട് ഓർമ്മയുണ്ടല്ലോ). നായകൻ ആ വരികൾ പാടിത്തുടങ്ങുമ്പോൾ
ഒരു റേഡിയോ പശ്ചാത്തലത്തിൽ ഉണ്ട്. അത് സൂചിപ്പിക്കുന്നത് ആധുനികതയുമായി അയാൾക്കുള്ള ബന്ധമാണ്; അത് വൈരുധ്യാത്മകവും സംഘര്ഷങ്ങള് നിറഞ്ഞതുമാണ്. അയാളുടെ ലോകവുമായുള്ള ബന്ധം അയാളുടെ അടിസ്ഥാനമൂല്യങ്ങളെ മാറ്റിമറിച്ചിട്ടില്ല എന്നാണർത്ഥം. ഒടുവിൽ വീടായാൽ വിളക്കു വേണം എന്ന് പറയുന്നിടത്ത് നായകൻ നായികയുടെ ചിത്രത്തെയും, വിളക്കിനു തിരിവേണം എന്ന് പറയുന്നിടത്ത് നായിക നായകന്റെ ചിത്രത്തെയും പുണരുന്നു. അവസാനരംഗത്തിൽ അവർ ഒരു കിടക്കയിലാണ് സന്ധിക്കുന്നത്; രണ്ടു മുറികളിലെ രണ്ടു കിടക്കകൾ. പക്ഷെ അവർക്ക് സന്ധിക്കാൻ കിടക്കയല്ലാതെ, സ്വീകരണ മുറിയിലെ കസേരകളോ, റെസ്റ്റാറാന്റോ സിനിമാ തീയറ്ററോ, വഴിയോ, ഉദ്യാനമോ ഒന്നും തന്നെയല്ല ഉള്ളത് എന്നതാണ് 'കുടുംബ മൂല്യങ്ങളുടെ' സന്ദേശം എത്ര ശക്തമാണെന്ന് നമ്മെ മനസ്സിലാക്കിക്കുന്നത്. ഇതാണ് കാലാകാലങ്ങളായി സ്ത്രീകൾ തങ്ങളുടേതായ മൂല്യമായി വിശ്വസിച്ചു പോരുന്നത്; അതാണ് അവരിൽ കുലസ്ത്രീകൾ എന്നൊരു വിഭാഗം ഉണ്ടായി വരുന്നത്. ആ കുലസ്ത്രീകളുടെ തോളിൽ
വെച്ചാണ് പുരുഷാധിപത്യം സ്വതന്ത്രരായ സ്ത്രീകളുടെ നേർക്ക് വെടിയുതിർക്കുന്നത്. വീടിനു പൊന്മണി വിളക്കു
നീ തറവാടിന് നിധി നീ കുടുംബിനി എന്ന
ഗാനത്തിലും (കുടുംബിനി 1964), പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ എന്ന ഗാനത്തിലും (രാക്കുയിലിൻ രാഗസദസ്സിൽ 1986 ) ഇത് കേൾക്കാം. ഇതിന്റെ തന്നെ പല രൂപങ്ങളാണ് സിനിമാഗാനങ്ങളായി
നാം കേട്ടുകൊണ്ടിരിക്കുന്നതും 'അങ്കത്തിലിരുത്തിയെൻ കൊങ്കക്കുടങ്ങൾ കരപങ്കജം കൊണ്ട് തലോടും' എന്നതും 'തിരുവില്വാമലയിൽ നീ നേദിച്ചു കൊണ്ടുവരും
ഇളനീർ കുടം ഉടയ്ക്കുന്നതും' ആയ ശ്രുംഗാരങ്ങളെ കൊണ്ടാടുന്നതും,
'പൂവിനു കോപം വന്നാൽ അത് മുള്ളായി മാറുമോ തങ്കമണീ,' എന്നും 'മുത്തിയമ്മ പ്രിന്സിപ്പാള് രാജിവെക്കണമെന്നും' 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ഇത് പെണ്ണുങ്ങൾ കലിതുള്ളും നൂറ്റാണ്ട്' എന്നും 'മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ' എന്നും ഒക്കെ പാടി സ്ത്രീകളെ കൂവിത്തോൽപ്പിക്കുന്നതും.
-
ജോണി
എം എൽ
-
Comments
Post a Comment