മഹാപീഡനകാലത്തിന്റെ കങ്കാള നൃത്തം: സൗമെൻ ഭൗമിക്കിന്റെ ചിത്രങ്ങളിലൂടെ




(സൗമെൻ ഭൗമിക്ക്)

"മറ്റാരെങ്കിലും അതാകേണ്ടിയിരിക്കെ ഞാൻ അതായി തുടരുക തന്നെ ചെയ്യും."  മലയാളം കണ്ട അരാജക കവികളിൽ ഏറ്റവും ഉന്നതസ്ഥാനീയനായ (അതെത്രമേൽ അവ്യാകൃതമായിരിക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ) അയ്യപ്പൻ തന്റെ ബലിക്കുറിപ്പുകൾ എന്ന ചെറിയൊരു കവിതാസമാഹാരത്തിനു മുഖക്കുറിപ്പായി അമേരിക്കൻ നാടകകൃത്തായ എഡ്വേഡ്ആൽബിയുടെ വാക്കുകൾ എടുത്തു ചേർത്തിരുന്നു. സ്വയം ബലിയാടായി ജീവിച്ച അയ്യപ്പൻ നിയോഗം മറ്റാരെങ്കിലും തന്നിൽ നിന്നെടുത്തുമാറ്റും വരെ അങ്ങനെ തുടരുകയായിരുന്നു. അതോ മറ്റാരെങ്കിലും അതാകുന്നതിൽ നിന്ന് അയാളെ രക്ഷിക്കുന്നതിനായി അയ്യപ്പൻ അയാൾക്കും ദുരന്തങ്ങൾക്കും ഇടയിൽ നില്ക്കുകയായിരുന്നോ? ക്രിസ്തുജീവിതത്തിന്റെ അലച്ചിലിൽ ആമഗ്നനായിപ്പോയ ഒരുവനെ വീണ്ടും വീണ്ടും ഓർമ്മ വരും സ്വയം ബലിയാടാകാൻ തയാറായി നടക്കുന്ന സൗമെൻ ഭൗമിക് എന്ന കലാകാരനെ കാണുമ്പോൾ. ടി കെ ഹരീന്ദ്രൻ എന്ന ഡൽഹി കേന്ദ്രിതമായി പ്രവർത്തിക്കുന്ന മലയാളി കലാകാരന്റെ ആത്മാർപ്പണം നിറഞ്ഞ കലാജീവിതത്തിനു സമാനമായി ഒരാളുടെ ജീവിതത്തെ കണ്ടെത്താമെങ്കിൽ അത് സൗമെനിൽ ആയിരിക്കും. പക്ഷെ ഗിരിശ്രുംഗങ്ങളിൽ നിന്നുത്ഭവിച്ചു തട്ടിപ്പതഞ്ഞു താഴേയ്ക്കൊഴുകി സമതലങ്ങളിൽ വിശ്രാന്തിയുടെ അഗാധവും പരന്നതുമായ സമുദ്രസമാനമായ സാന്നിധ്യമാണ് ഹരീന്ദ്രനെങ്കിൽ തലതല്ലിപ്പാഞ്ഞൊഴുകുന്ന വന്യതടിനിയാണ് സൗമെൻ.






(എ അയ്യപ്പൻ, കെ സച്ചിദാനന്ദൻ, ടി  കെ ഹരീന്ദ്രൻ)

ഇന്റർനെറ്റ് വന്നു ചിതറിച്ചു കളഞ്ഞതാണ് ഡൽഹിയിലെ കലാഭൂമിക. പണ്ട്, ദിനോസറുകൾക്കും മുമ്പല്ല, കവി സച്ചിദാനന്ദൻ കേന്ദ സാഹിത്യഅക്കാദമിയിൽ ഇന്ത്യൻ ലിറ്ററേച്ചറിന്റെ എഡിറ്ററായിരുന്ന അത്രയും പണ്ട്, കലാകാരന്മാർക്ക് തമ്മിൽ കാണുവാൻ മണ്ഡി ഹൌസിലെ ലളിത കലാ അക്കാദമി ലൈബ്രറിയിലോ കാന്റീനിലോ ഗ്യാലറികളുടെ മുന്നിലോ ചെന്ന് നിന്നാൽ മതിയായിരുന്നു. ടെലിപ്പതിയിലെന്ന പോലെ, തീനാളത്തിൽഈയാംപാറ്റകളെന്ന പോലെ കലാകാരന്മാർ വൈകുന്നേരം നാലുമണിയ്ക്കും അഞ്ചു മണിയ്ക്കുമൊക്കെ അവിടെയെത്തും. മഹാഭാരതം പോലായിരുന്നു മണ്ഡി ഹൌസിലെ കലാസായാഹ്നങ്ങൾ. അവിടെ ഇല്ലാത്തത് മറ്റെവിടെയും കാണുകയില്ല. "സ്വന്തം കുരുതിയിലേയ്ക്ക് നടന്നു പോകുന്ന കൊമ്പു ചുവന്ന അറവു മൃഗങ്ങളായി' കലാകാരന്മാർ അവിടെ ഒത്തുകൂടി. നാളെയൊരു പുലരി ഇല്ലാത്തവണ്ണം അവർ തമ്മിൽപ്പറഞ്ഞു ഉറഞ്ഞു തുള്ളി. അങ്ങനെയിരിക്കെ ഇന്റർനെറ്റ് വന്നു. ബാബേൽ ഗോപുരത്തിൽ ഭാഷ കലമ്പിപ്പോയ മനുഷ്യരെപ്പോലെ അവർ തമ്മിൽ തമ്മിൽ പറയുന്നത് മനസ്സിലാകാതായി. കാലം കടന്നു പോയി. എല്ലാവരും മണ്ഡി ഹൌസ് ഉപേക്ഷിച്ചിട്ടും ഉപേക്ഷിക്കാത്തവരായി ചിലർ ഉണ്ടായി. അതിലൊരാളാണ് സൗമെൻ.



(സൗമെൻ ഭൗമിക്കിന്റെ ചിത്രങ്ങൾ)



(ബാലചന്ദ്രൻ ചുള്ളിക്കാട്)

സൗമേനെ കാണുമ്പോൾ ചുള്ളിക്കാടിന്റെ വരികൾ ഓർമ്മ വരും. "കരളിലാളുന്ന കവിതയും കരുണ പെയ്യുന്ന മിഴികളുമായി നടന്നു പോയവൻ, കരച്ചിലിൽ ചെന്ന് കലങ്ങുമോർമ്മ തൻ ജ്വര പ്രവാഹത്തിൽ ഒലിച്ചു പോയവൻ." വിരൽത്തുമ്പുകളിൽ സൗമെന് ചിത്രങ്ങൾ ആളുകയാണ്. മറ്റാരെങ്കിലും ബലിയാടാകേണ്ടിയിരിക്കെ താൻ അതാകാം എന്ന ഉറപ്പിൽ വലതുപക്ഷ തീവ്രവാദത്തെയും വലതുപക്ഷ തെരുവ് അധികാരത്തെയും താൻ വരയ്ക്കുന്ന ചിത്രങ്ങളിലൂടെ ചോദ്യം ചെയ്യുന്നവൻ. ഒരു പക്ഷെ സൗമെൻ ഒരു ജന്മനാ നിഷേധിയാണെന്ന് തോന്നുന്നു. ഡൽഹിയിൽ, കലയുടെ കമ്പോളം ഒരൂഞ്ഞാൽ പോലെ മേലോട്ട് പൊന്തുമ്പോൾ (പലരും കരുതി ഊഞ്ഞാൽ ഇനി താഴേയ്ക്ക് വരില്ലെന്ന്. അത് വന്നിട്ട് ആടിയാടി ഇപ്പോൾ പിന്നോട്ട് മാത്രം ആടുന്ന ഒരൂഞ്ഞാലായി കലയുടെ കമ്പോളം) സൗമെന് രക്ഷപെടാൻ സാധ്യതകൾ ഒരുപാടുണ്ടായിരുന്നു. അക്കാലങ്ങളിൽ സൗമെൻ ചെയ്തത് ഡൽഹിയിലെ മ്യൂസിയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും കുട്ടികൾക്കായി ക്ലാസ്സുകൾ എടുക്കുകയായിരുന്നു. തൊഴിലിടങ്ങളിൽ ചെന്ന് മുഴുവൻ സമയ അടിമയാകുന്നതിനെ പുച്ഛത്തോടെ കണ്ടിരുന്ന സൗമെൻ പണത്തിനെ തന്റെ ജീവിതത്തിന്റെ മുഖ്യമായ അടിസ്ഥാനമാക്കിയില്ല. എതിർപ്പിന് ഒരു ലഹരിയുണ്ട്. ലഹരി മറ്റേത് ലഹരി പോലെയും അഡിക്റ്റിവ് ആണ്. എതിർപ്പിന്റെ ലഹരിയിലാണ് സൗമെൻ ഇപ്പോഴും. അത് തെറ്റോ ശരിയോ എന്ന് നാമല്ല വിധിക്കേണ്ടത്; കാലമാണ്.



(സൗമെൻ ഭൗമിക്കിന്റെ ചിത്രം)



അങ്ങനെ കാലത്തിന് വിധിക്കാനായി സൗമെന്റെ കയ്യിൽ ധാരാളം പെയിന്റിങ്ങുകൾ ഉണ്ട്. ഡൽഹി കോളേജ് ഓഫ് ആർട്ടിൽ നിന്ന് പെയിന്റിങിലെ ബിരുദമെടുത്ത് ഇറങ്ങിയ അന്ന് മുതലുള്ള വർക്കുകൾ കയ്യിലുണ്ട്. ബംഗാളിയായതു കൊണ്ടാകാം സാഹിത്യവും വിപ്ലവവും ദർശനവും സ്വപ്നവും നിഷേധവും സൗമെനു കൂടെപ്പിറപ്പായിരുന്നു. അതിനാൽ തന്റെ കലയിൽ സമൂഹത്തിലെ ഏറ്റവും അധസ്ഥിതനായ മനുഷ്യന്റെ ഉത്ഥാനത്തിന് വേണ്ടി ഉതകുന്നതാകണം തന്റെ കല എന്ന് ആഗ്രഹിച്ചു. അത് തനിയ്ക്കോ തന്റെ കലയ്ക്കോ സാധ്യമല്ലെന്നു കണ്ടപ്പോൾ മനുഷ്യന്റെ പതനത്തിനു കാരണമായ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ ശക്തികളെ തുറന്നെതിർക്കുന്ന ഒരു ശൈലിയിലേക്ക് കടന്നു. അസ്ഥിപഞ്ജരങ്ങളായ മനുഷ്യരാണ് സൗമെന്റെ ചിത്രങ്ങൾ നിറയെ. അവർ അധികാരികളായും കോമാളികളായും മർദ്ദകരായും മർദ്ദിതരായും ഒക്കെ പ്രത്യക്ഷപ്പെടുന്നു. ഒരു കാർണിവൽ ആണ്, തെറിയും തെരുവും ആട്ടവും പാട്ടും നഗ്നതയും ഒക്കെ ഒത്തു ചേരുന്ന ഒരു തെരുവാണ് അയാളുടെ ചിത്രങ്ങൾ എന്ന് തോന്നും. ഒരു തരാം ആഭിചാരക്രിയയിലെന്ന പോലെ, കാവുതീണ്ടലെന്ന പോലെ അസ്ഥിപഞ്ജരങ്ങൾ ഉറഞ്ഞു തുള്ളുകയാണ് ചിത്രങ്ങളിൽ. പീറ്റർ ബ്രൂഗലിന്റെയും ഹെറോണിമസ് ബോഷിന്റെയും ഒക്കെ ചിത്രങ്ങളിൽ കാണുന്ന അസ്ഥിക്കൂടങ്ങളുടെ ആവേശ നൃത്തം പോലെ. പക്ഷെ സൗമേന്റെ ചിത്രങ്ങളിൽ അവരൊന്നും മരണത്തെ സൂചിപ്പിക്കുന്നില്ല; അവർ മരണഹേതുക്കൾ മാത്രമാണ്. അധികാരിയുടെ കൈകളിലാണ് സാധാരണ മനുഷ്യന്റെ മരണം.



(ചിത്രപ്രസാദ്‌ ഭട്ടാചാര്യയും ഒരു ചിത്രവും)


ബംഗാളി ആക്സെന്റ് കലർന്ന ഇംഗ്ലീഷും ഹിന്ദിയും സൗമെൻ സംസാരിക്കുന്നത് കേട്ടുനിൽക്കാൻ ഭംഗിയുണ്ട്. പക്ഷെ ഭയം തോന്നും. നിങ്ങളിൽ പഴയൊരു വിപ്ലവകാരിയുടെ ഒരംശമെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ മാത്രമേ സൗമെൻ നിങ്ങൾക്ക് അഭിമതനാകൂ. ഇല്ലെങ്കിൽ, ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ എന്നത് പോലെ നിങ്ങൾക്ക് തോന്നും അയാളുടെ വാക്കുകൾ. കാരണം നിങ്ങളെല്ലാം മനുഷ്യരിൽ നിന്ന് ഒളിച്ചോടുമ്പോൾ അയാൾ മനുഷ്യരെക്കുറിച്ചു മാത്രമാണ് സംസാരിക്കുന്നത്. അയാളുടെ ചിത്രങ്ങളിൽ ഉള്ള മനുഷ്യർ കേവലം അസ്ഥിപഞ്ജരങ്ങൾ ആയിരിക്കുന്നതിനു കാരണം അവർ പട്ടിണിക്കോലങ്ങൾ കൂടിയാണെന്ന് വരുന്നത് കൊണ്ടാണ്. ബംഗാളികളായ രണ്ടു ചിത്രകാരന്മാരാണ് ഇന്ത്യയിൽ പട്ടിണിയെ ഡോക്യുമെന്റ് ചെയ്തിട്ടുള്ളത്. ഒന്നാമത്തേത് ചിത്തോപ്രസാദ്ഭട്ടാചാര്യയായിരുന്നു. 1943 ലെ മനുഷ്യനിർമ്മിത ക്ഷാമത്തിൽ ബംഗാളിലെ ഗ്രാമീണ മേഖലയിൽ പട്ടിണി കാട്ടുതീയായി. ജനങ്ങൾ നഗരങ്ങളിലേക്ക് ഒഴുകി. അസ്തിപ്രായമായ മനുഷ്യർ കൽക്കട്ടയിലെ തെരുവുകളിൽ പുഴുക്കളെപ്പോലെ വീണു മരിച്ചു. ആരോഗ്യത്തോടെ ജീവിക്കുന്നവരെ അർദ്ധപ്രാണികൾ ശപിച്ചു. മുടിഞ്ഞു പോകട്ടെ. കമ്യൂണിസ്റ്റ് പാർട്ടിയാണ് ചിത്തപ്രസാദിനെ അവിടേയ്ക്ക് നിയോഗിച്ചത്. ചിത്തപ്രസാദിന്റെ ചിത്രങ്ങളിലൂടെയും വരകളിലൂടെയും അസ്ഥിപഞ്ജരങ്ങളായ മനുഷ്യർ ഇന്ത്യയുടെ ദൃശ്യകലാസംസ്കാരത്തിലേയ്ക്ക് കടന്നു. അതെ കാലത്ത് അവിടെ പ്രവർത്തിച്ച സോമനാഥ് ഹോർ പിൽക്കാലത്ത് തന്റെ അനുഭവങ്ങൾ ചേർത്ത് മനുഷ്യനെ നിർമ്മിച്ചപ്പോൾ അവരും കുഴൽക്കാലുകളും കൈകളും ഉള്ളവരായി. സൗമെനിൽ ചിത്തപ്രസാദും സോമനാഥ് ഹോറും ഉണ്ട്. പക്ഷെ അവരെക്കാൾ തീ സൗമെന്റെ കണ്ണുകളിൽ നിന്ന് പാറുന്നുണ്ട്.



(സോമനാഥ് ഹോറും ഒരു ചിത്രവും)

ആനകളുടെ പുറത്ത് കയറിയെഴുന്നള്ളുന്നത് ദയാമൂർത്തികളല്ല; മഴയുമല്ല. കർക്കിടകത്തേവർ ഇവിടെ മനുഷ്യസ്നേഹിയല്ല. അവന്റെ ഭുജമുസലങ്ങളിൽ സ്വസ്തിക അടയാളം ചുറ്റിക്കെട്ടിയിട്ടുണ്ട്. അവൻ ഇറങ്ങി വരുന്നത് ചരിത്രത്തിന്റെ ഇരുളടഞ്ഞ ഗുഹകളിൽ നിന്നാണ്. ബങ്കറിൽ വെച്ച് ആത്മഹത്യ ലോകപ്രമാണിയുടെ തുളവീണ കപാലം അവിടവിടെയായി കാണാം. അയാൾക്ക് ചുറ്റും പറകൊട്ടിയാർക്കുന്നത് മനുഷ്യർ തന്നെയാണ്. മുഖവും പേരും ഊരും നാളും മറന്നു പോയ മധ്യവർഗ മനുഷ്യർ. അവർ ഒരു ആജ്ഞയ്ക്കായി കാത്തു നിൽക്കുകയാണ്. ഏതു നിമിഷവും അവർ പരസ്പരം ഒറ്റുകൊടുക്കാം. അവർ പീഡിതരായ മനുഷ്യരെ കാണുന്നതേയില്ല. ആദ്യമാദ്യം ചിത്രശൈലിയിലേയ്ക്ക് കടന്നു വരുമ്പോൾ സൗമെന് ചില നിറങ്ങൾ കൂടി ഇവയ്ക്ക് കൊടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. കടലാസിൽ ബോൾ പെൻ കൊണ്ടാണ് വരയ്ക്കുന്നത്. പല നിറങ്ങളുള്ള പേനകൾ ഒപ്പമുണ്ടാകും. പക്ഷെ രണ്ടു നിറങ്ങളിലേയ്ക്ക് സൗമെൻ തന്റെ ലോകത്തെ ചുരുക്കി. കറുപ്പും വെളുപ്പും. എന്നിട്ടതിലെ കഥാപാത്രങ്ങൾക്ക് 'മാനുസ്' എന്ന് പേരുമിട്ടു. മാനുസ് എന്നാൽ മനുഷ്യൻ. മറ്റൊരു അർത്ഥത്തിൽ വേണമെങ്കിൽ 'മനൂസ്' എന്ന് വായിക്കാം. മനുവിന്റെ ലോകമാണിത്; പുരുഷാധിപത്യത്തിനു ഹിന്ദു കോഡുണ്ടാക്കിയ മനുഷ്യന്റെ പേര്. സൗമെൻ മാനുസ് എന്ന് പറയുമ്പോൾ അതിൽ മനൂസും ഉൾപ്പെടാതെ പോകില്ല.



(സൗമെൻ ഭൗമൈക്കിന്റെ മാനുസ് എന്ന പുസ്തകത്തിന്റെ കവർ)

സ്വർണ്ണം പൂശിയത് പോലെ ചെമ്പിച്ചതാണോ മുടിയെന്നും മീശയെന്നും തോന്നും സൗമേനെ നോക്കി നിൽക്കുമ്പോൾ. ആദ്യം ഓർമ്മ വരുന്നത് വിൻസെന്റ് വാന്ഗോഗിനെ. ഒട്ടിയ കവിളും നേർത്ത താടിയും കാണുമ്പോൾ മുറിഞ്ഞ ചെവി കൂടി ഉണ്ടോ എന്ന് നോക്കിപ്പോകും. ചെവി മാത്രമല്ല ഹൃദയം കൂടി മുറിഞ്ഞവനാണ് സൗമെൻ. ഇത്രയും വേദനപ്പെട്ടു നീറിപ്പുകഞ്ഞു നടക്കുന്ന മറ്റൊരു കലാകാരനെ ഞാൻ കണ്ടിട്ടില്ല. പുരാതന ഡൽഹിയിൽ നിന്ന് എന്നും മണ്ഡി ഹൌസിൽ വന്നിരുന്ന സുശീൽ എന്ന ഒറ്റപ്പേരിൽ അറിയപ്പെടുന്ന ഒരു കലാകാരനുണ്ടായിരുന്നു. എന്തിനെയും വിമർശിക്കുന്ന ഒരു പെർഫോമൻസ് ആർട്ടിസ്റ്റ്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരിസരത്തു നിന്ന് കൈയിൽ ഒരു ബുദ്ധശിരസ്സും പേറി നഗ്നനായി എൽ ടി ജി ഓഡിറ്റോറിയം വരെ നടന്നു ആദ്യമായി നഗ്ന പെർഫോമൻസും ഒപ്പം ഹിന്ദുത്വത്തിനെതിരെ ബുദ്ധിസത്തെ തിരികെയും വെച്ചവൻ. അത് തൊണ്ണൂറുകളുടെ പകുതിയിലായിരുന്നു. സുശീൽ ക്രമേണ നിശബ്ദനായി. സൗമെൻ സുശീലിന്റെയും സുഹൃത്തായിരുന്നു. പിന്നീട് സൗമെൻ സുശീലിനെയും വിട്ടുമാറി. സൗമെൻ പിന്നീട് സുഹൃത്തുക്കളാക്കിയത്, നാടകരംഗവും കലാരംഗവും ഗാനരംഗവും നൃത്തരംഗവും ഒക്കെ നിഷ്കാസനം ചെയ്ത ആളുകളെയായിരുന്നു. അവർക്കൊപ്പം സൗമെൻ ശ്രീധരണി റൗണ്ടിലും വഴിയോര ചായക്കടയ്ക്കു മുന്നിലെ മരത്തണലിരുന്നും ആർട്ട് ഹെറിറ്റേജിന്റെ ഓപ്പൺ എയർ തീയറ്ററിലിരുന്നും ചിത്രങ്ങൾ വരച്ചു. മനുഷ്യരെ വരച്ച സൗമെൻ ഇടയ്ക്കിടെ ത്രിവേണി ഗാലറിയിലും മറ്റും പ്രദർശനങ്ങളും നടത്തി.


(സൗമെൻ ഭൗമിക്കിന്റെ ചിത്രം)

കൊറോണയുടെ നാളുകളിലായിരുന്നു ഇന്ത്യ റിവേഴ്സ് മൈഗ്രെഷൻ എന്തെന്നറിഞ്ഞത്; അതിന്റെ ഭീകരത എന്താണെന്ന് കണ്ടത്. നഗരം വിട്ട് ഗ്രാമങ്ങളിലേക്കുള്ള പലായനം. സ്വന്തം കുരുതിയിലേക്കുള്ള നടപ്പ്. വെന്തു പൊള്ളിയ കുഞ്ഞു പാദങ്ങൾ. റോഡരികിലെ കുക്കുട ശിക്ഷ, ആഞ്ഞുവീഴുന്ന ലാത്തികൾ, വഴിയിൽ വീണു പോകുന്ന വൃദ്ധർ...ഒരു യുഗത്തിന്റെ ഭീകരമായ സഹനം ടെലിവിഷൻ നറേറ്റിവ് ആവുകയായിരുന്നു ഇന്ത്യയിൽ. റോഡിന്റെ ചൂട് തട്ടാതെ സ്വീകരണ മുറിയിൽ കപ്പലണ്ടി കൊറിച്ചു കൊണ്ട് ആത്മരോഷം കൊണ്ട മധ്യവർഗ്ഗത്തെ പണ്ടേ കണ്ടു വരച്ചവനാണ് സൗമെൻ. മനുഷ്യരുടെയും അധികാരി വർഗത്തിന്റെയും കപാല നൃത്തം വരച്ചിട്ട ചിത്രങ്ങളെയും അവരുടെ പോട്രെയ്റ്റുകളെയും ചേർത്തുവെച്ചപ്പോൾ വലിയൊരു പുസ്തകം പിറന്നു. സെല്ഫ് പബ്ലിഷ് ചെയ്ത 'മാനുസ്' എന്ന പുസ്തകം സൗമെന്റെ ജീവിതത്തിന്റെ, കലയുടെ ഒരു സംഗ്രഹം ആണെന്ന് പറയാം. അത് വളരെ കുറച്ച് ആളുകളുടെ കൈകളിൽ മാത്രമേ എത്തിയിട്ടുള്ളൂ, ഒരു കാലത്ത് അത് കളക്റ്റേഴ്സ് ഐറ്റം ആയി വിൽക്കപ്പെടും എന്നത് ഉറപ്പാണ്.



(സൗമെൻ ഭൗമിക്കിന്റെ ചിത്രം)


കെട്ട കാലത്തിന്റെ വേദനകൾ സൗമെൻ സ്വന്തം ഉടലിലും ആത്മാവിലും ധിഷണയിലും ഏറ്റുവാങ്ങിയിരിക്കുന്നു. കൊറോണാ കാലത്തിന്റെ ഭീകരതകൾ സൗമെൻ വരച്ചിടുന്നു. പക്ഷെ കൊറോണ എന്നത് കേവലം ഒരു രോഗം മാത്രമല്ല, അധികാരി വർഗത്തിന് ഒരു ജനതയെ അടിമയാക്കാൻ വേണ്ട അവസരം കൂടിയായി സൗമെൻ നിർവചിക്കുന്നു. അതിനാൽ സൗമിന്റെ ചിത്രങ്ങളിൽ അധികാരി വർഗ്ഗത്തിന്റെ ഛായാചിത്രങ്ങൾ നിറയുന്നു. ചായക്കറ കൊണ്ട് നിഴൽ കൊടുത്ത രൂപങ്ങളിൽ അധികാരപ്രമത്തത അട്ടഹസിക്കുന്നത് കാണാം. പീഡിപ്പിക്കപ്പെട്ട ഉടലുകൾക്കുള്ളിൽ ഇരിക്കുന്ന അസ്ഥിക്കൂടവും അധികാരിയുടെ ഗർവ്വം നിറഞ്ഞ ജീവിതാടിസ്ഥാനവും രണ്ടും രണ്ടാണെന്ന് സൗമെൻ ചിത്രങ്ങളിലൂടെ പറയുന്നു. അധികാരി, മരിച്ചവരുടെ എല്ലുകളിൽ ആണ് അയാളുടെ കൊട്ടാരങ്ങൾ പണിതുയർത്തിയിരിക്കുന്നത്. വലതുപക്ഷ സാമ്രാജ്യത്വ വാദി ഒരു രാജ്യതലസ്ഥാനത്തെ പുതുക്കിപ്പണിയാൻ ഒരുമ്പെടുമ്പോൾ അത് കെട്ടിപ്പൊക്കാൻ തൊഴിലാളികളില്ല എന്ന സത്യം കൂടി അയാളും നമ്മളും തിരിച്ചറിയുന്നു. സൗമിന്റെ ചിത്രങ്ങൾ തെരുവിൽ നിന്ന് രാജാവ് ക്രൂരനാണെന്ന് വിളിച്ചു പറയുന്നു. ഒരു വാൾത്തലപ്പിനു കീഴെ കഴുത്തു കാട്ടിക്കൊണ്ട് ചിത്രം വരയ്ക്കുന്നു. ഹുസൈനെ ആക്രമിച്ചവർക്ക് കിട്ടുവാൻ വലിയൊരു പ്രചാരണം ഉണ്ടായിരുന്നു. സൗമേനെ അവർ വെറുതെ വിടുന്നു. പാവം കലാകാരന് എന്ത് ചെയ്യാനാകും എന്ന പുച്ഛം. എന്നാൽ പീഡനത്തിൽ മരിച്ച മനുഷ്യരുടെ രൂപങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നും അസ്സാന്നിധ്യങ്ങളിൽ നിന്നും അവരുടെ അസ്തിചിത്രങ്ങൾ വരച്ചെടുത്ത സൗമിന്റെ ചിത്രങ്ങൾ നിലവിളിക്കുന്നു, കവി പറഞ്ഞത് പോലെ: വരൂ തെരുവുകളിലെ രക്തം കാണൂ.

- ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്