ഹരിതയുടെ പ്രതികാരവും മാറുന്ന ഭൂപടങ്ങളും



ദേശത്തെ ഒരു സവാള ഉള്ളിയായി സങ്കല്പിച്ചാൽ അതിന്റെ ഏറ്റവും അവസാനത്തെ അല്ലിയാണ് പഞ്ചായത്ത്. അതിൽ വേർതിരിക്കാവാതെ വാർഡുകൾ ഇരിപ്പുണ്ടാകും. ആ അല്ലിയും ഇളക്കിക്കളഞ്ഞാൽ പിന്നെ ദേശം ഇല്ല. ദേശഭാവനകൾ ഇങ്ങനെ പലപ്പോഴും ശൂന്യതയിൽ ചെന്നാണ് നിൽക്കുന്നത്. പക്ഷെ ദേശമില്ലെങ്കിലും ഒരു ജനതയ്ക്ക് നിലനിൽക്കാൻ കഴിയും; അവർ പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ തങ്ങൾക്കാവശ്യമായ ദേശത്തെ ഭാവനയിൽ സങ്കൽപ്പിച്ചു കൊണ്ടേയിരിക്കും. ഇപ്പോൾ ഭൂപടങ്ങൾ മാറ്റിവരയ്ക്കപ്പെടുന്ന കാലം കൂടിയാണ്. റാഡ്ക്ലിഫ് തിരക്കിട്ട് മേശപ്പുറത്ത് വിരിച്ചിട്ടൊരു കടലാസിൽ വരച്ചൊരു വര അഭയാർത്ഥികളാക്കി മാറ്റിയത് ദശലക്ഷക്കണക്കിന് ആളുകളെ; ചൊരിഞ്ഞത് ഗ്യാലൻ കണക്കിന് രക്തം. സ്ത്രീകളിലേയ്ക്ക് അത് നിശബ്ദത പൈൽ അടിക്കുന്നത് പോലെ ഭീഷണമായി അടിച്ചു കയറ്റി. പാർലമെന്റിന്റെ രണ്ടു മണ്ഡലങ്ങളും പാസാക്കിയാൽ ഭൂപടം മാറ്റാം. ഇല്ലാത്തൊരു തലപ്പാവിനെ ഉണ്ടെന്ന് സങ്കൽപ്പിച്ചും ഭൂപടം വരയ്ക്കാം. ആ സാഹചര്യത്തിലാണ് വെള്ളാപ്പാറ പഞ്ചായത്തിലെ കുറെ ആളുകൾ കുന്നുംപുറം സ്‌കൂളിൽ ഒരു മീറ്റിങ് കൂടുന്നത്. വിഷയം ഒരു സാമൂഹിക അടുക്കളയുടെ തുടക്കം. ജേക്കബ് എബ്രഹാം എഴുതിയ 'ഹരിതവിപ്ലവം' എന്ന കഥയാണ് ഇവിടെ പരാമര്ശിക്കപ്പെടുന്നത്.




മഹേഷ് എന്ന യുവ നേതാവ് വെള്ളാപ്പാറ പഞ്ചായത്തിനെ തന്റെ വാക്കുകളിലൂടെ പുനഃസൃഷ്ടിക്കുകയാണ്. അതൊരു ഭൂപട രചനയാണ്. അതിൽ സർക്കാരോ ദേശീയഭരണകൂടമോ നൽകുന്ന വരകളും നിറങ്ങളും അളവുകളുമില്ല. അതിലുള്ളത് ആ പഞ്ചായത്തിൽ ജീവിക്കുന്ന മനുഷ്യരുടെ പുരയിടങ്ങളിൽ പിടിച്ചു കിടക്കുന്ന വാഴയും വഴുതനയും ചേമ്പും കപ്പയുമൊക്കെയാണ്. ഭക്ഷ്യവസ്തുക്കൾ കൊണ്ട് അവിടെ ഒരു ഭൂപടം തയാറാകുന്നു. അതിന് സമാന്തരമായി ഭൂതകാലത്തിലെ വർത്തമാനകാലത്തിലും അഭിരമിയ്ക്കുന്ന പല ഭൂപടങ്ങളും അവിടെയിരിക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ വരയ്ക്കപ്പെടുന്നുണ്ട്. മീറ്റിംഗിന്റെ സെക്രട്ടറിയായ ഹരിത എന്ന യുവതി വരയ്ക്കുന്ന ഭൂപടത്തിൽ ഒരു പഴയ പ്രൈമറി സ്‌കൂളാണ്. അതിന്റെ ഒരതിരിൽ അവളുടെ കരച്ചിലും മറ്റേ അതിരിൽ അവളുടെ പറന്നു പോയ കുട തങ്ങിക്കിടക്കുന്ന മരക്കൊമ്പുമാണ്. ഭൂപടത്തിൽ നോക്കിനിൽക്കുന്ന ആളിന്റെ മുകൾഭാഗം വടക്ക്, കീഴ്ഭാഗം തെക്ക്, വലതു ഭാഗം കിഴക്ക്, ഇടത് ഭാഗം പടിഞ്ഞാറ്-- അങ്ങനെയാണല്ലോ ഭൂപടം വായിക്കപ്പെടുന്നത്. പടിഞ്ഞാറേക്ക് കൈകൊണ്ട് ആങ്കർ പിടിച്ച്, കിഴക്ക് വശത്തു നിന്ന് കൈവലിച്ചൊരേറു കൊടുക്കാൻ തയാറായി നിൽക്കുകയാണ്, ഭൂപടത്തിന്റെ പൂർത്തീകരണമെന്ന പോലെ മഹേഷ് എന്ന ബാലൻ. ഹരിതയ്ക്ക് മഹേഷിനെ അന്നേ ഇഷ്ടമായിരുന്നു. മഹേഷാകട്ടെ തന്റെ ഭൂപടത്തിന്റെ അതിർത്തി വർദ്ധിപ്പിക്കുന്നതിൽ തത്പരനും. അതിനാൽ അവൻ കടാക്ഷശാസ്ത്രത്തിൽ രഹസ്യമായി എം എ യ്ക്ക് പഠിച്ചുകൊണ്ടിരുന്ന ഹരിതയുടെ കൺ നോട്ടങ്ങളൊന്നും കണ്ടില്ല. അവളുടെ ഭൂപടത്തിലേയ്ക്ക് കാലം ചെല്ലേ മറ്റൊരു ഭൂപടം വന്നു കയറി.



ഇതിനിടെ സ്‌കൂളിന്റെ ഹാളിൽ പല മനസ്സുകളിലും മഹേഷിന്റെ പ്രഭാഷണത്തിന് ഒപ്പിച്ച്, കൃത്യമായി പറഞ്ഞാൽ മഹേഷ് പറഞ്ഞുപറഞ്ഞു അവിടേയ്ക്ക് എത്തുന്നതിന് മുൻപ് തന്നെ, താന്താങ്ങളുടെ പുരയിടവും അവിടെ വിളഞ്ഞു കിടക്കുന്ന പലതും ദിവ്യദര്ശനത്തിലെന്ന പോലെ വരുന്നുണ്ടായിരുന്നു. തന്റെ കദളിവാഴക്കുലകളിൽ രണ്ടെണ്ണത്തിൽ ഒന്ന്  ആരും ചോദിച്ചില്ലെങ്കിലും കൊടുക്കാൻ തയാറായിരിക്കുന്ന ഓട്ടോക്കാരൻ അനിൽ അൾട്രൂയിസ്റ്റിക് പെരുമാറ്റത്തിന്റെ മികച്ച ഉദാഹരണമാണ്. അപ്പോഴാണ് ഹരിത അത് തിരിച്ചറിയുന്നത്-താൻ അവന്റെ ഓട്ടോയിൽ ഇതുവരെ കയറിയിട്ടില്ലല്ലോ എന്ന കാര്യം. മേലിൽ അതിൽ കയറും എന്ന തീരുമാനം അവൾ എടുക്കുകയാണ്. ഒരു സമൂഹത്തിന്റെ പരസ്പരാശ്രിതത്വം നിറഞ്ഞതും അപരപ്രിയത്വം തൻ പ്രിയമാവതുമായ ഒരു ചിത്രം അവിടെ വിടർന്നു വരുന്നു. പക്ഷെ എല്ലാവരും ഒരു സമൂഹത്തിൽ അങ്ങനെ ആകണമെന്നില്ല. തന്റെ വീട്ടിലെ മുരിങ്ങയിൽ നിറയെ കായ്ച്ചു കിടക്കുന്ന മുരിങ്ങാക്കായകൾ എങ്ങനെ കൊടുക്കാതിരിക്കാൻ എന്നാണ് അപ്പോൾ രേവതി ചിന്തിക്കുന്നത്.



കഥാകൃത്ത് തന്റെ കൃതഹസ്തത തെളിയിക്കുന്ന ഒരു ഖണ്ഡിക ഈ സന്ദർഭത്തിൽ എഴുതിയിടുന്നുണ്ട്: "സ്‌കൂളിലോട്ട് ഇറങ്ങിയപ്പോൾ വിചാരിച്ചതാണ് സുമേഷിനെക്കൊണ്ട് (മകൻ) എല്ലാം പറിപ്പിച്ചു വെയ്ക്കണമെന്ന്. അവൻ വീട്ടിനകത്ത് കതക് അടച്ചിരുന്നു പബ്‌ജി കളിക്കുന്ന തിരക്കിലായിരുന്നത് കൊണ്ട് ഇടവഴിയിൽ നിന്ന് രേവതി വിളിച്ചിട്ടും കേട്ടില്ല. ഇനി അതെങ്ങാനും മഹേഷിന്റെ കണ്ണിൽപ്പെടുമോ എന്ന ആധിയുണ്ടായി രേവതിയ്ക്ക്. അതിനാൽ വാട്ട്സാപ്പിൽ മകനൊരു മെസേജയച്ചു ."മുരിങ്ങാക്കോൽ പറിച്ചു വെയ്ക്കണം." ........മഹേഷ് അടുത്ത പറമ്പിലേക്ക് കയറുന്നതിനിടയിൽ അരിശത്തോടെ രേവതി വീണ്ടും സുമേഷിന് വാട്ട്സാപ്പിൽ മെസ്സേജയച്ചു. പത്തുസെക്കന്റിനകം രണ്ടു ഫോട്ടോകളാണ് മറുപടിയായി വന്നത്. മുരിങ്ങയുടെ പടവും മുരിങ്ങാക്കോലുകളെല്ലാം പറിച്ചെടുത്ത് അടുക്കളയിലെ പ്ലാസ്റ്റിക് മേശയിൽ നിരത്തി വെച്ചിരിക്കുന്ന ചിത്രവും. രേവതിയ്ക്ക് ആശ്വസമായി."



മഹേഷ് തന്നെ വീണ്ടും വീണ്ടും ഈ മീറ്റിങ്ങിൽ വെച്ചും അവഗണിക്കുകയാണെന്ന് മനസ്സിലാക്കിയ ഹരിത, അവർ ഭാവനയിൽ വരച്ചിട്ട ആ ഭൂപടത്തിൽ ഒരു വിപ്ലവം സാധ്യമാക്കിക്കൊണ്ട് അവന്റെ ശ്രദ്ധ ആകർഷിക്കുകയാണ്. അവനോടുള്ള പ്രതികാരമെന്നോണം അവൾ ഒരുവാട്ട്സ്ആപ്പ് ഗ്രൂപ്പ് അവിടെയിരുന്നു കൊണ്ട് രൂപീകരിക്കുകയും മഹേഷിന്റെ പ്രസംഗം അവസാനിക്കുന്നതിനൊപ്പം ലഭിക്കാവുന്ന സഹായങ്ങളുടെ ഒരു ലിസ്റ്റ് തന്നെ തയാറാക്കുകയും ചെയ്യുന്നു. എന്നിട്ട് ജേതാവിനെപ്പോലെ അവൾ പ്രസംഗിക്കുകയാണ്. വെള്ളപ്പാറ പഞ്ചായത്തിലെ ധീരവനിതകൾ അവർ ക്ലേശിച്ചുണ്ടാക്കിയ പച്ചക്കറിയും അറിയുമൊക്കെ കൊടുത്ത് ഒരു സാമൂഹിക അടുക്കള തയാർ ചെയ്യുന്നതിലൂടെ വിപ്ലവം തോക്കിൻ കുഴലിലൂടെയല്ല അടുക്കളയിലൂടെ വരികയാണെന്ന് അവൾ പ്രഖ്യാപിച്ചു. കഥയുടെ പേരിനാസ്പദമായ 'ഹരിതവിപ്ലവം' വരുന്നത് ഈ സന്ദർഭത്തിലാണ്. അപ്പോൾ മൈക്കിനുമുന്നിൽ ആവേശപ്പെടുന്ന അവളെ മഹേഷ് ആദ്യമായിട്ടെന്ന പോലെ നോക്കുമ്പോൾ കഥ അവസാനിക്കുന്നു.



ലോകം നേരിടുന്ന പ്രതിസന്ധിയെ, ആ പ്രതിസന്ധിയുടെ പേര് പറയാതെ തന്നെ ഒരു ലോകത്തിന്റെ തന്നെ ഏറ്റവും ചെറിയ യൂണിറ്റായ ഒരു പഞ്ചായത്തിലേയ്ക്കും അവിടെ നിന്ന് ആ പഞ്ചായത്തിലെ മനുഷ്യരുടെ മനസ്സിലേക്കും അതിനെ കടത്തി വിട്ട്, അവരെ 'ഉത്തരവാദിത്തമുള്ളവരാക്കി' മാറ്റുന്ന ഒരു അവസ്ഥയുടെ കഥയാണിത്. എന്നാൽ അവിടെയും ഭഗ്നപ്രണയങ്ങളും ഇഷ്ടക്കേടുകളും അസൂയകളും ആർത്തികളും സ്വാർത്ഥതയുമൊക്കെ കടന്നു വരുന്നുണ്ട്. അതൊക്കെയും കൂടിച്ചേരുമ്പോഴാണ് ലോകമുണ്ടാകുന്നതെന്ന് കഥാകാരൻ ആരുടെ മേലും വിധി പറയാതെ സൂചിപ്പിക്കുന്നു. കേരളാ മോഡൽ എന്നൊക്കെ പറയുമ്പോഴും അത് സൃഷ്ടിച്ചെടുക്കുന്ന സൂക്ഷ്മപ്രതിസന്ധികൾ വരച്ചിടാൻ കഥയ്ക്ക് കഴിയുന്നുണ്ട്. ലാക്ഷണിക കഥയായി താഴാതെ സമകാലത്തിലെ ഒരു വിഷയമായിത്തന്നെ പ്രതിപാദനം നടത്തുന്നതിൽ ജേക്കബ് എബ്രഹാം വിജയിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും നല്ല കഥാപാത്രങ്ങൾ കഥയിൽ പാർശ്വസ്ഥാനം മാത്രം വഹിക്കുന്നവരാണ്; അതിൽ രേവതിയും അനിലും അമ്മിണി ടീച്ചറും സിന്ധുവുമൊക്കെയാണ് തിളങ്ങി നിൽക്കുന്നത്. മഹേഷ് ആണ് കഥാനായകൻ എന്ന സ്ഥിതിയ്ക്ക് ഹരിതവിപ്ലവം എന്ന പേരിനേക്കാൾ 'ഹരിതയുടെ പ്രതികാരം' എന്നായിരുന്നെങ്കിൽ എന്നാശിച്ചു പോയി; വെറുതെ.


- ജോണി എം എൽ 

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)