കാരശ്ശേരിയും ലക്കോട്ടും കമ്മ്യൂണിറ്റി സ്പ്രെഡും
പ്രഭാതത്തിൽ ചായയ്‌ക്കൊപ്പം വായിക്കാനെടുത്തത് 'കാരശ്ശേരിയിലെ കിസ്സകൾ' എന്ന, കാരശ്ശേരി മാഷ് എഴുതിയ ലഘുപുസ്തകമായിരുന്നു. രസകരം എന്നേ പറയേണ്ടൂ. പക്ഷെ ഇവിടെ ഞാൻ പറയാനുദ്ദേശിക്കുന്നത് അതിലെ ഒരു സന്ദര്ഭത്തെക്കുറിച്ചു മാത്രമാണ്. മൂത്താപ്പയായ ചെറിയ കോയാക്കുട്ടി ഹാജി എന്ന മുതലാളിയെക്കുറിച്ചാണല്ലോ പുസ്തകം. അതിൽ അദ്ദേഹം കത്തെഴുതുന്നതും വായിക്കുന്നതുമായ ഒരു രംഗമുണ്ട്. കാർഡ് ആണ് പഥ്യം. അവശ്യം സന്ദർഭങ്ങളിൽ മാത്രം ഇൻലാൻഡ്. പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രമേ ലക്കോട്ടിൽ ഇടൂ. 'ലക്കോട്ട്' എന്ന പദത്തിൽ എന്റെ ശ്രദ്ധയും ഓർമ്മയും ഉടക്കി നിന്നു.
സ്‌കൂൾമുറ്റത്തേയ്ക്ക് ഓടിയ ഓർമ്മകൾ ചെന്ന് നിന്നത് ഇന്ദുലേഖ എന്ന ഉപപാഠപുസ്തകത്തിലായിരുന്നു. അതിൽ എവിടെയോ ലക്കോട്ട് എന്ന പദം വരുന്നുണ്ട്. അതോ, 'വക്കീലന്മാരുടെ കൊളംബ്' എന്ന പേരിൽ ശാരദയിൽ നിന്ന് ഇളക്കിയെടുത്ത ഒരു അധ്യായം പഠിക്കാനുണ്ടായിരുന്നതിൽ ആയിരുന്നോ. എന്തായാലും രണ്ടിന്റെയും പിതാവ് ചന്തുമേനവൻ തന്നെ ആയിരുന്നല്ലോ. വക്കത്തുകാർക്ക് ഇൻലൻഡും കാർഡും ഏർമെയിൽ എന്ന് വിളിച്ചിരുന്ന എയർ മെയിലും കമ്പിയും മാത്രമേ അറിയാമായിരുന്നുള്ളൂ. ഈ ലക്കോട്ട് എന്ന പദം വന്നപ്പോൾ ടീച്ചർ ഓതിരം കടകം മറിഞ്ഞു അന്തരീക്ഷത്തിൽ ഉയർന്നു മറഞ്ഞു പോകുന്നതായാണ് കണ്ടത്. ചോദിയ്ക്കാൻ ഒരാളുമില്ല. ടൂട്ടോറിയൽ കോളേജിൽ പോയി ചോദിച്ചപ്പോൾ അവിടെ നിന്ന് കിട്ടിയ ഉത്തരം, 'പച്ചക്കദളിക്കുലകൾക്കിടെക്കിടെ/മെച്ചത്തിൽ നന്നായ് പഴുത്ത പഴങ്ങളും /പച്ചരത്നക്കല്ലുമൊന്നിച്ചു കോർത്തുള്ള/മാലകൾ കൊണ്ട് വിതാനിച്ച ദിക്കെന്ന്..' ഉള്ള പദ്യശകലത്തിലെ 'ക്കിടെക്കിടെ' എന്നതിന്റെ അർഥം ചോദിച്ചപ്പോൾ, 'എടാ വാഴത്തോട്ടത്തിലാണല്ലോ ഭീമൻ കയറിയത്, ഉണങ്ങിയ വാഴയിലകൾ ഒടിഞ്ഞു വീണു കാറ്റത്ത് തമ്മിൽത്തട്ടി ഉണ്ടാക്കുന്ന ശബ്ദത്തെ കവി പറഞ്ഞിരിക്കുന്നതാണ്' എന്ന അർത്ഥത്തിലാണ് ഒരാൾ വിവരിച്ചത് എന്നത് പോലുള്ളതായിരുന്നു.
(ജനകൻതൻ വില്ലൊടിഞ്ഞൊച്ച കേട്ട് ദിഗന്തങ്ങൾ നടുങ്ങി' എന്നതിൽ 'ഞൊച്ച' എന്ന പദത്തിന്റെ അർത്ഥവും, 'തൂമ തേടും തൻ പാള കിണറ്റിലിട്ടോമൽകൈയാൽ കയറു വലിച്ചുടൻ' എന്നതിൽ 'ട്ടോമൽ' എന്നതിന്റെ അർത്ഥവും, 'തെക്കേത്തലയ്ക്കലെതിർത്തരിപുക്കളെ കൊന്നൊടുക്കീ വാനരനായകന്മാർ' എന്നതിലെ 'തൃത്താരിപ്പൂക്കൾ', 'വാനരനായ 'കൻമാർ' എന്നിവയുടെ അർത്ഥവും, 'രാമനോ മുണ്ടില്ല, ലക്ഷ്മണനോ തോർത്തില്ല' എന്ന് വരെയൊക്കെ മലയാളകവിതയിൽ നിന്ന് ഹാസ്യം ഉണ്ടാക്കിയെടുക്കാൻ പര്യാപ്തമായിട്ടുണ്ട്).
ലക്കോട്ട് എന്നാൽ കവർ ആണെന്ന് മനസ്സിലാക്കിയത് വളരെക്കാലം കഴിഞ്ഞായിരുന്നു. അധ്യാപികയാകട്ടെ, 'വിട്ടുംപോയി പറഞ്ഞതുമില്ലത് നങ്ങേലിയ്ക്ക് മറന്നത് കൊണ്ടോ, കണ്ടാൽത്തന്റെ കിടാവിനെ വീണ്ടും കൊണ്ടോടിപ്പോമെന്നു ഭയന്നോ, തിട്ടമതാർക്കറിയാം,' എന്ന പൂതത്തിന്റെ മട്ടിൽ ആ അധ്യയനവർഷം മുഴുവൻ കഴിച്ചു കൂട്ടുകയായിരുന്നു. പഠനവേളയിൽ അങ്ങനെ പലതരം വാക്കുകൾ, പ്രാദേശികോച്ചാരണങ്ങൾ ഒക്കെ മനസ്സിലാകാതെ അന്തം വിട്ടുപോയിരുന്നിട്ടുണ്ട്. ഇംഗ്ലീഷിൽ ഇനിയും കൃത്യമായി അർഥം മനസ്സിലാകാത്ത ഒരു വാക്കാണ് 'ടാബുല രസ'. അർത്ഥമറിയാഞ്ഞിട്ടല്ല; അങ്ങനെയൊരു വാക്കിന്റെ ആവശ്യമുണ്ടോ എന്ന ചിന്തയിൽ നിന്നാണിത്. എന്തായാലും ലക്കോട്ട് എന്നെ ഇപ്പോൾ അതിശയിപ്പിക്കുന്നില്ല. കാരണമെന്തന്നല്ലേ, ഈ അടുത്തിടെ ചില ഡോക്ടർ സുഹൃത്തുക്കളുമായി സംസാരിക്കുന്ന വേളയിൽ അവർ നടത്തിയ കുമ്പസാരമായിരുന്നു. "സത്യം പറയാമല്ലോ, ഈ ഹെർഡ് ഇമ്മ്യൂണിറ്റി, കമ്മ്യൂണിറ്റി സ്‌പ്രെഡ് എന്നൊക്കെയുള്ളതിന്റെ കൃത്യമായ അർഥം എനിയ്ക്ക് രണ്ടു ദിവസത്തിന് മുൻപാണ് പിടികിട്ടിയത്.' ഹന്ത എന്ന വാക്കിനു എന്തർത്ഥം എന്ന് ചോദിച്ചപ്പോൾ എന്തരോ മഹാനുഭാവുലു എന്ന് വിസ്തരിച്ചു നാലുപാടും നോക്കുന്നത് പോലെ, ഭരതനാട്യത്തിൽ ചില ചുവടുകൾ ഫില്ലറായി ഇടുന്നത് പോലെ, എല്ലാറ്റിനും അർഥം വേണമെന്ന നിര്ബന്ധമൊന്നുമില്ലല്ലോ.
- ജോണി എം എൽ

Comments
Post a Comment