സ്റ്റിൽ ലൈഫ് എന്ന കലാസംവർഗ്ഗത്തെക്കുറിച്ച് ചില വിചാരങ്ങൾ



 (ഡെന്നിസൺ ബി വരച്ച ഒരു സ്റ്റിൽ ലൈഫ്)

യുവകലാകാരനായ ഡെന്നിസൺ ബി താൻ വരച്ച ഒരു സ്റ്റിൽ ലൈഫ് അയച്ചു തന്ന ശേഷം ഒരു കുറിപ്പും അതോടൊപ്പം ചേർത്തു. ചിത്രത്തെയും കുറിപ്പിനെയും കുറിച്ച് എന്റെ അഭിപ്രായം ആരായുകയായിരുന്നു ഡെന്നിസൺ.  കുറിപ്പ് ഞാൻ അതേപടി ഇവിടെ പകർത്തുന്നു. " still life പെയിന്റിംഗിൽ സമൂഹത്തിലുണ്ടാകുന്ന സമയ ചോർച്ചയാണ് പശ്ചാത്തലം. ചുറ്റുപാടുകളിൽ നിന്നും പ്രതീകങ്ങളെ നിർമ്മിക്കാൻ ശ്രമിച്ചു. ചുരുട്ടിയ പേപ്പർ ഏതെങ്കിലുമൊരു വിദ്യനേടുന്നതിലൂടെ നേടിയെടുക്കാവുന്ന സമൂഹം നൽകുന്ന സർട്ടിഫിക്കേറ്റ് നെ സൂചിപ്പിക്കുന്നു. തൊഴിനേടുന്നതുൾപ്പെടെയുള്ള കാര്യങ്ങളേയും. പശ്ചാത്തലത്തിലുള്ള ക്ലോക്കും അതിനു മുകളിൽ പാതി മറഞ്ഞ് ഒഴുകി ഊർന്ന് വീണേക്കാവുന്ന തുണിയും. തുണിയും സർട്ടിഫിക്കേറ്റും ഒരേ നിറത്തിൽ കൂടിച്ചേരുന്നു. സർട്ടിഫിക്കേറ്റ് ഇരിക്കുന്ന പാത്രം ആഹാരത്തെയാണ് ഉദ്ദേശിച്ചത്. ആധുനിക സമൂഹത്തിന് സുപരിചിതമായ ഡംമ്പലുകൾക്കു നടുവിലാണ് ആഹാരത്തെ ഓർമ്മപ്പെടുത്തുന്ന പാത്രം ഞാൻ ക്രമീകരിച്ചത് . വരാൻ പോകുന്ന ഭക്ഷ്യക്ഷാമവും അതിരൂക്ഷമായ തൊഴിലില്ലായ്മയേയും സമൂഹമധ്യത്തിൽ ചൂണ്ടിക്കാണിക്കുവാനും. സമൂഹത്തിലെ അനാവശ്യ ചിലവുകൾ ഒഴിവാക്കുവാനും നമുക്കിടയിൽ കഴിയുന്ന പാവപ്പെട്ടവരുടെ ആഹാരത്തെക്കൂടി ഓർക്കണമെന്നും ഇതിന്റെ ആശയം കൊണ്ടുവരാൻ ശ്രമിച്ചത് . ഒരു അഭിപ്രായം തരാമോ?"


(ഹെൻറി കാർട്ടിയെർ ബ്രെസ്സൻ -ഡിസൈസിവ് മോമെന്റ്റ്)


മേല്പറഞ്ഞതാണ് ചെറിയ ലേഖനത്തിന് ആധാരമായത്. ഡെന്നിസൺ-ന്റെ സ്റ്റിൽ ലൈഫിനോട് പ്രതികരിക്കുന്നത് സ്റ്റിൽ ലൈഫ് എന്ന കലാസംവർഗ്ഗത്തെ കുറിച്ച് പറഞ്ഞുകൊണ്ടായിരിക്കണം എന്നത് തീർച്ചയാണ്. കലയെ പൊതുവെ വീക്ഷിക്കുന്നവർക്ക് സ്റ്റിൽ ലൈഫ് എന്ന വിഭാഗം പരിചിതമാണ്. മേശപ്പുറത്തോ തളികയിലോ വെച്ചിരിക്കുന്ന പഴങ്ങൾ, പൂക്കൾ, പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ അങ്ങനെ പലതും സ്റ്റിൽ ലൈഫിന് വിഷയമാകാം. നിശ്ചലമായ ജീവിതം എന്നാണ് വാക്കിന്റെ അർഥം. എന്നാൽ നിശ്ചല ചിത്രം എന്ന അർഥം അല്ല അതിനുള്ളത് താനും. നിശ്ചല ഛായാചിത്രം എന്ന അർത്ഥത്തിലാണ് സ്റ്റിൽ ഫോട്ടോഗ്രാഫിയെ നമ്മൾ മനസ്സിലാക്കുന്നത്. അതായത് തുടർച്ചയായ ഒരു സംഭവത്തിന്റെ, പ്രവർത്തിയുടെ കാതലായ ഒരു നിമിഷം. നിമിഷം അതിനു തൊട്ടു മുൻപും പിൻപും ഉള്ള  പ്രവൃത്തിയെയും സംഭവത്തെയും സൂചിപ്പിക്കുമ്പോൾപ്പോലും തൊട്ട് മുൻപ് എന്ത് സംഭവിച്ചു തൊട്ടു ശേഷം എന്ത് സംഭവിക്കും എന്നൊന്നും നമുക്ക് പറയാൻ കഴിയുകയില്ല; ഊഹിക്കാൻ കഴിയുമെന്ന് മാത്രം. എന്നാൽ നിശ്ചലഛായാ ചിത്രങ്ങൾക്ക് പിന്നിലേയ്ക്ക് മുന്നിലേക്കും നീളുന്ന സംഭവത്തിന്റെ/പ്രവൃത്തിയുടെ നിർണ്ണായക സ്ഥാനമാകാനുള്ള കഴിവുണ്ട്. അത് വിപുലമായ ഒരു സാധ്യതയാണ്. ഇതിനെ ഹെൻറി കാർത്തിയെർ ബ്രെസ്സൺ എന്ന വിശ്വവിഖ്യാതമായ ഫോട്ടോഗ്രാഫർ വിശേഷിപ്പിച്ചത് 'ഡിസൈസിവ് മോമെന്റ്റ്' അഥവാ നിർണ്ണായക നിമിഷം എന്ന വാക്കു കൊണ്ടാണ്. ഒരു ഫോട്ടോഗ്രാഫിന്റെ അഥവാ നിശ്ചല ഛായാചിത്രത്തിന്റെ 'ചലനശേഷി' എന്നത് അതിന്റെ നിർണ്ണായക നിമിഷത്തിന്റെ പിടിച്ചെടുക്കലിനെ ആശ്രയിച്ചിരിക്കുന്നു എന്ന് ബ്രെസ്സൺ പറഞ്ഞു.


(ദ്രൗപദി വസ്ത്രാക്ഷേപം- രവിവർമ്മ)


ബ്രെസ്സന് ശേഷം വന്ന എല്ലാ ഫോട്ടോഗ്രാഫർമാരും നിർണ്ണായക നിമിഷത്തിന്റെ മാന്ത്രികതയിൽ നിന്ന് രക്ഷപെട്ടിട്ടില്ല. യഥാർത്ഥത്തിൽ ഒരു ഫോട്ടോഗ്രാഫിക് മോമെന്റ്റ് എന്നത് ഒരു നിർണ്ണായക നിമിഷം തന്നെയാണ്. ഒരു ഗോളാകൃതിയുള്ള വസ്തുവിന്റെ കേന്ദ്രം അതിന്റെ ഉപരിതലത്തിലുള്ള ഏതൊരു ബിന്ദുവും ആണെന്നത് പോലെ, ഒരു സംഭവത്തിൽ ഏതും നിർണ്ണായക നിമിഷമായി കണക്കാക്കാം. എന്നാൽ എന്തുകൊണ്ടാണ് ബ്രെസ്സൻ കണ്ടെത്തിയ നിർണ്ണായക നിമിഷങ്ങൾ ഒരു വിശേഷണത്തിന് അർഹമാകുന്നത്. അവിടെയാണ് ചരിത്രം ചിത്രത്തിലേക്ക് പ്രവേശിക്കുന്നത്. സംഭവത്തിന്റെ പരിണാമം എന്തായിരുന്നു എന്നതിനെ ആശ്രയിച്ചാകും നിർണ്ണായക നിമിഷം ഏതെന്ന് നിജപ്പെടുന്നത്. ഒരു ഫോട്ടോഗ്രാഫറുടെ ദീര്ഘവീക്ഷണത്തിന് പറ്റിയ തെളിവാണ് നിർണ്ണായക നിമിഷത്തിന്റെ പിടിച്ചെടുക്കൽ. ഒരു സംഭവം പരിണമിച്ചു പരിസമാപ്തിയിൽ എത്തുന്നതിനും പരിസമാപ്തി അങ്ങനെ ആകാൻ കാരണമാകുന്നതിനും  ഒരു നിമിഷത്തെ ഒരു പ്രവൃത്തി അഥവാ ചലനം ഹേതുവാകുന്നുണ്ട്. ശകുന്തളയുടെ കൈയിൽ നിന്ന് മോതിരം ഊരിപ്പോകുന്ന നിമിഷം, പാഞ്ചാലിയെ കുരുസദസ്സിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന നിമിഷം ഇതൊക്കെ നിർണ്ണായക നിമിഷങ്ങൾ ആണ്. അതിനെയാണ് ഒരു ദീര്ഘദര്ശിയായ ഫോട്ടോഗ്രാഫർ ക്ലിക്ക് ചെയ്യുന്നത്. ഹൈന്ദവപുരാണങ്ങളിൽ നിന്ന് അത്തരത്തിൽ ഒരുപിടി നിർണ്ണായക നിമിഷങ്ങൾ കണ്ടെത്തി വരച്ചിട്ടു എന്നതാണ് രാജാ രവിവർമ്മയുടെ സവിശേഷത.


(സ്റ്റിൽ ലൈഫ് റെംബ്രാൻഡ്)


പ്രത്യക്ഷാർത്ഥത്തിൽ സ്റ്റിൽ ലൈഫിനും ഇത്തരം അർത്ഥങ്ങളൊക്കെ കൽപ്പിക്കാൻ കഴിയും. പക്ഷെ അത് ചരിത്രപരമായും നൈതികമായും സാധ്യമല്ല എന്നത് കൊണ്ടാണ് സ്റ്റിൽ ലൈഫ് എന്ന സംവർഗം പ്രവർത്തനത്തിന് പിടിതരാതെ തുടരുന്നത്. ഒരു പെയിന്റിങ്ങിൽ സ്റ്റിൽ ലൈഫ് ഉണ്ടാകാം. എന്നാൽ അതിൽ മനുഷ്യന്റെ സാന്നിധ്യവും നിർവാഹകത്വവും പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നിടത്തോളം കാലം അതിന് സ്റ്റിൽ ലൈഫ് എന്ന സവിശേഷമായ സംവർഗ്ഗപദവി നേടിയെടുക്കാൻ കഴിയില്ല. നിശ്ചലമായി ഇരിക്കുന്ന ചില വസ്തുക്കളുടെ ചിത്രീകരണം എന്ന അർത്ഥത്തിൽ മിക്കവാറും പെയിന്റിങ്ങുകളിൽ സ്റ്റിൽ ലൈഫ് യാദൃശ്ചികമായും പശ്ചാത്തലമായും വന്നു കൂടാനുള്ള സാധ്യതകൾ തള്ളിക്കളായാനാവില്ല. പുരാതനമായ ഗ്രീക്ക് ചുമർ ചിത്രങ്ങളിലും വാസ് പെയിന്റിങ്ങുകളിലും ഇത്തരത്തിൽ സ്റ്റിൽ ലൈഫ് കാണപ്പെടുന്നുണ്ട്. എന്നാൽ അവയ്ക്ക് സ്റ്റിൽ ലൈഫ് എന്ന ഓട്ടോണമി ലഭിക്കുന്നില്ല.



(സ്റ്റിൽ ലൈഫ് റൂബെൻസ് )

സ്വയം നിർവ്വാഹകശേഷി ഇല്ലാതിരിക്കുകയും എന്നാൽ പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നവയുടെ വസ്തുതാർത്ഥങ്ങളെ കവിഞ്ഞു നിൽക്കാനുള്ള അർത്ഥഉത്പാദന ശേഷി ഉണ്ടായിരിക്കുകയും ചെയ്യുന്ന നിശ്ചലമായ ചിത്രങ്ങളെ സ്റ്റിൽ ലൈഫ് എന്ന് വിളിക്കാം. പെയിന്റിങ്ങുകളുടെ ഭാഗമായി വരുന്ന സ്റ്റിൽ ലൈഫുകൾക്ക് ഇത്തരത്തിൽ അർഥം ഉത്പാദിപ്പിക്കാനുള്ള ശേഷി ഇല്ലെന്നല്ല, മറിച്ച് അവയ്ക്ക് സന്ദർഭത്തിലുള്ള അർഥം മാത്രമേ പ്രകടിപ്പിക്കാൻ പറ്റുകയുള്ളൂ എന്ന പരിമിതിയുണ്ട്. എന്നാൽ സ്റ്റിൽ ലൈഫ് എന്ന ഓട്ടോണമസ് കാറ്റഗറിയ്ക്ക് നിശ്ചലാവസ്ഥയിൽ നിന്ന് കൊണ്ട് താത്വികമായ അർത്ഥങ്ങളെയും ബോധനപരമായ അർത്ഥങ്ങളെയും സൃഷ്ടിക്കാൻ കഴിയുന്നു. അത് ചെയ്യുന്ന കലാകാരന്മാർ സ്റ്റിൽ ലൈഫിനായി ഓരോ വസ്തു തെരെഞ്ഞെടുക്കുമ്പോഴും അതിന്റെ മെറ്റാ ഒബ്ജക്റ്റ്/  വസ്തു-അതീത അർത്ഥങ്ങളെ പരിഗണിച്ചുകൊണ്ടാണ് അത് ചെയ്യുന്നത്. വസ്തുവിന്റെ വസ്തുത്വത്തെ മാറ്റിനിറുത്തി അതിന് അതീതങ്ങളുടെയും സദാചാരത്തിന്റെയും, അതാത് കാലങ്ങളിൽ പ്രചരിക്കുന്ന അർത്ഥസവിശേഷകൾ നൽകുക എന്ന ബോധനക്രിയയാണ് സ്റ്റിൽ ലൈഫ് പെയിന്റിങ് ചെയ്യുന്നവർ പൊതുവെ ചെയ്യുന്നത്.


(സ്റ്റിൽ ലൈഫ് പിയേറ്റർ ക്‌ളേസ്  )


യൂറോപ്പിൽ മധ്യകാലഘട്ടത്തിനു ശേഷം നവോത്ഥാനം വരികയും നവോത്ഥാനത്തിൽ ക്രിസ്തുമതവും അതുമായി ബന്ധപ്പെട്ട പുരാവൃത്തങ്ങളും പ്രധാനപ്പെട്ട ആഖ്യാനസ്വരൂപങ്ങളായി മാറുകയും ചെയ്തു. ക്രിസ്തീയമായ സദാചാരബോധം, ജീവിതവീക്ഷണം ഇവയെ സൂചിപ്പിക്കാനും, ജീവിതത്തിന്റെ ക്ഷണികാവസ്ഥയെ സൂചിപ്പിക്കാനും മറ്റുമായിട്ടാണ് സ്റ്റിൽ ലൈഫുകൾ കലാകാരന്മാർ വരച്ചു തുടങ്ങിയത്. ഹാൻസ് മെംലിംഗ്, ആൽബർട്ട് ഡ്യൂറർ, പിയേറ്റർ ക്ലെയ്സ്, പീറ്റർ പോൾ റൂബെൻസ്, റെംബ്രാൻഡ്, യാൻ ഡേവിഡ്സ് ഡി ഹീം, ലൂയിസ് മെന്റിസ്, വിൻസെന്റ് വാൻഗോഗ്, പോൾ സെസ്സാൻ, ക്ലോഡ് മോനെ, എഡ്വേഡ്മാനെ, പോൾ ഗോഗാൻ, മേരി കസാറ്റ് തുടങ്ങി നൂറ്റാണ്ടുകളിലൂടെ സഞ്ചരിക്കുമ്പോൾ സ്റ്റിൽ ലൈഫ് വരച്ചിട്ടുള്ള അനേകം കലാകാരന്മാരെ കണ്ടെത്തുന്നു. യഥാർത്ഥത്തിൽ ഇമ്പ്രെഷനിസ്റ്റുകൾ സ്റ്റിൽ ലൈഫ് വരച്ചു കൊണ്ടാണ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതെന്നു പറയാം. ഒരു വയ്ക്കോൽ തുറുവിൽ വീഴുന്ന പ്രകാശത്തെ വിവിധ സമയങ്ങളിൽ അടയാളപ്പെടുത്തിക്കൊണ്ടാണ് ക്ലോഡ് മോനെ ഇമ്പ്രഷനിസത്തിനു തുടക്കം കുറിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പോൾ സെസ്സാൻ ഒരു സ്റ്റിൽ ലൈഫ് വരച്ചു കൊണ്ട് പറയാൻ ശ്രമിച്ചത് ലോകത്തെ ഏതൊരു വസ്തുവിനെയും ജ്യാമിതീയ രൂപങ്ങളിൽ ആവിഷ്കരിക്കാൻ കഴിയുമെന്നാണ്. വിൻസെന്റ് വാന്ഗോഗിൽ എത്തുമ്പോൾ അത് വാനിറ്റാസ് എന്നറിയപ്പെടുന്ന ഒരു സവിശേഷ സങ്കേതത്തിലേയ്ക്ക് പോകുന്നത് കാണാം. ഇരുപതാം നൂറ്റാണ്ടിൽ പിക്കാസോയുടെ കൈകളിൽ സ്റ്റിൽ ലൈഫിന് മറ്റൊരര്ഥം കൈവരുന്നു. പരമ്പരാഗതമായ ലാക്ഷണിക അർത്ഥങ്ങൾ പുറന്തള്ളിക്കൊണ്ട്, അനാലിറ്റിക്കൽ ക്യൂബിസത്തെ വിശദീകരിക്കുവാൻ കൊളാഷുകൾ കൊണ്ട് സ്റ്റിൽ ലൈഫുകൾ പിക്കാസോ സൃഷ്ടിച്ചു.സിന്തറ്റിക് ക്യൂബിസത്തിലും ത്രിമാനത്താളത്തിലുള്ള കാളത്തലയോടും വീഞ്ഞുകുപ്പിയും ഒക്കെ വരച്ചു കൊണ്ട് പിക്കാസോ സ്റ്റിൽ ലൈഫിനെ മൊത്തത്തിൽ മാറ്റിപ്പണിഞ്ഞു കഴിഞ്ഞിരുന്നു.


(സ്റ്റിൽ ലൈഫ് പിക്കാസോ )

പത്തൊമ്പതാം നൂറ്റാണ്ട് ഒടുക്കം ആകുമ്പോഴേയ്ക്കും സ്റ്റിൽ ലൈഫിന് മതപരമായ ലാക്ഷണിക-ബോധന അർഥങ്ങൾ ഇല്ലാതാകുന്നത് കാണാം. എങ്കിലും വാന്ഗോഗിൽ അത് അതീവശക്തിയോടെ തിരികെ വരുന്നു. പിക്കാസോ അതിനെ വീണ്ടും അട്ടിമറിക്കുകയും സ്റ്റിൽ ലൈഫ് എന്ന സംവർഗ്ഗത്തെ തികച്ചും സെക്കുലർ എന്നും എസ്തെറ്റിക്കൽ എന്നും ഉള്ള അവസ്ഥയിലേയ്ക്ക് മാറ്റിയെടുക്കുകയും ചെയ്തു. സ്റ്റിൽ ലൈഫ് എന്ന കലാ സംവർഗം ഇത്തരത്തിൽ പരിണമിക്കുന്നതിന് മുൻപ്, 'വാനിറ്റാസ്' എന്നൊരു സംവർഗമായിക്കൂടി അത് കലാചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിരുന്നു. ജീവിതത്തിന്റെ വ്യർത്ഥത എന്ന അർത്ഥത്തിൽ വാനിറ്റാസ് വാനിറ്റാറ്റം അഥവാ വ്യർത്ഥതയിലും വ്യർത്ഥമായ ജീവിതത്തെക്കുറിച്ചു നിരന്തരം ഓർമ്മിപ്പിക്കുന്ന ചിത്രങ്ങളോ ശില്പങ്ങളോ ആണിവ. മരണം സുനിശ്ചിതമെന്നും, ജീവിതം എന്നത് ക്ഷണപ്രഭാചഞ്ചലം ആണെന്നും സൗന്ദര്യവും ആരോഗ്യവും ഒന്നും നിലനിൽക്കുന്നില്ലെന്നും മനുഷ്യനെ നിരന്തരം ഉദ്ബോധിപ്പിക്കാനാണ് വാനിറ്റാസ് ചിത്രങ്ങൾ ഉണ്ടായത്. അത് മതത്തിന്റെ ആവർത്തിച്ചുള്ള പാപബോധത്തെയും ജീവിതനശ്വരതയെയും മനുഷ്യന് മുന്നിൽ എടുത്തുകാട്ടിയിരുന്നു. തലയോട്ടി (മരണം), മണിക്കൂർ അളക്കുന്ന അവർ ഗ്ളാസ് (കടന്നു പോകുന്ന/ചോർന്നു പോകുന്ന സമയം), പഴങ്ങളും പൂക്കളും (സൗന്ദര്യം ശാശ്വതമല്ല), സംഗീതോപകരണങ്ങളും പുസ്തകങ്ങളും (അറിവുകളും കഴിവുകളും നശിക്കും), പുക (എല്ലാം പുകഞ്ഞു പൊടിയായി പോകുന്നു) എന്നിവയാണ് വാനിറ്റാസ് ചിത്രങ്ങളിലും ശില്പങ്ങളിലും ഉണ്ടായിരുന്നത്. വാൻഗോഗ് ക്രിസ്തുവിനെ വളരെയധികം സ്നേഹിച്ചിരുന്ന കലാകാരനായിരുന്നു. ക്രിസ്തുവിന്റെ പീഡനജീവിതമാണ് കലാകാരന്റേത് എന്ന് വാൻഗോഗ് വിശ്വസിച്ചു. ജീവിതം നശ്വരമാണെന്നും അത് പൂവുപോലെ വാടിപ്പോകുമെന്നും വാൻഗോഗ് അറിഞ്ഞു. അതുകൊണ്ടാണ് വാൻഗോഗ് നിരന്തരം സൂര്യകാന്തിപ്പൂക്കൾ വരച്ചിരുന്നതെന്ന് കരുതുന്നു.



(സ്റ്റിൽ ലൈഫ് വാൻഗോഗ്  )

പരമ്പരാഗത അർത്ഥത്തിൽ അല്ല ഇന്ന് ചിത്രകാരന്മാർ സ്റ്റിൽ ലൈഫ് വരയ്ക്കുന്നത്. കലാകാരന്റെ കൃതഹസ്തതഃ തെളിയിക്കുന്നതിനുള്ള ഒരു ഉപാധിയായി സ്റ്റിൽ ലൈഫ് ഉപയോഗിക്കുന്നു. ഷിബു നടേശനെപ്പോലുള്ള ചിത്രകാരന്മാർ സ്റ്റിൽ ലൈഫ് വരയ്ക്കുന്നത് ഒരു വസ്തുവിനെ വസ്തുവായി എങ്ങനെ ചിത്രീകരിക്കാം എന്നുള്ള രീതിയിലാണ്. ഇത് പരമ്പരാഗത രീതിയ്ക്ക് വിരുദ്ധമാണ്. അക്കാദമികളിൽ ഇന്ന് വരച്ചു പഠിക്കുന്നതിന്റെ ഭാഗമായി സ്റ്റിൽ ലൈഫ് ചെയ്യണം എന്ന് വിദ്യാർത്ഥികളെ നിർബന്ധിക്കാറുണ്ട്. ഒരു മേശമേൽ അടുക്കിവെച്ചിരിക്കുന്ന ഒരു കൂട്ടം വസ്തുക്കളെ നോക്കി വരയ്ക്കാൻ ആണ് കുട്ടികളോട് പറയുന്നത്. ബോധപൂർവം സ്റ്റിൽ ലൈഫ് എന്ന സംവര്ഗത്തെ പ്രശ്നവൽക്കരിക്കുകയും പുതിയ സാങ്കേതിക വിദ്യയിലേയ്ക്ക് അതിന്റെ അടിസ്ഥാനസ്വഭാവങ്ങളെ കൊണ്ടുവരികയും ചെയ്തുകൊണ്ട് സാം ടെയ്ലർ വുഡ് എന്ന ബ്രിട്ടീഷ് കലാകാരി 2001 - സ്റ്റിൽ ലൈഫ് എന്നൊരു വീഡിയോ ചെയ്യുകയുണ്ടായി. ഒരു പത്രത്തിലിരിക്കുന്ന പഴങ്ങൾ അഴുകിപ്പോകുന്നതാണ് അവർ റിയൽ ടൈം വിഡിയോയിൽ കാട്ടിയത്. പിന്നീട് അവർ ഷാർഡിൻ എന്ന ചിത്രകാരന്റെ സ്റ്റിൽ ലൈഫുകളെ മാതൃകയാക്കി ഒരു ചത്ത മുയൽ എങ്ങനെ അഴുകി നശിക്കുന്നു എന്നതും റിയൽ ടൈം വിഡിയോയിൽ കാണിക്കുകയുണ്ടായി.


(സ്റ്റിൽ ലൈഫ് ഷിബു നടേശൻ   )




(സ്റ്റിൽ ലൈഫ് -വീഡിയോ- സാം ടെയ്‌ലർ വുഡ്  )


ഇരുപതാം നൂറ്റാണ്ട് ഒടുക്കത്തിലും പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉള്ള ആശയവാദപരമായ കല സ്റ്റിൽ ലൈഫ് എന്ന സംവർഗ്ഗത്തെ അതിന്റെ മത-സദാചാര ബോധനനമൂല്യങ്ങളിൽ നിന്ന് പിടിച്ചു മാറ്റുകയും എന്നാൽ വസ്തുക്കളുടെ നിയതമായ അർത്ഥത്തിന് അതീതമായി അവയെ പെയിന്റിങ്ങുകളിലും ശില്പങ്ങളിലും ഉപയോഗിക്കുകയും ചെയ്തു. കേവലമായ വസ്തുക്കൾ കലയിൽ പ്രവേശിക്കുമ്പോൾ രാഷ്ട്രീയമായ അബോധത്തെ കെട്ടഴിച്ചു വിടാനുള്ള സാധ്യത ഹെയ്ഡഗ്ഗർ വാന്ഗോഗിന്റെ ഷൂസുകളെ 'വായിക്കുന്നത്' വഴി തുറന്നിട്ടു. ഇന്നത്തെ സ്റ്റിൽ ലൈഫുകൾ അതിനാൽ പരമ്പരാഗത സ്റ്റിൽ ലൈഫുകളിൽ നിന്നും വ്യത്യസ്തമാണ്. എന്നാൽ ഡെന്നിസൺ തന്റെ സ്റ്റിൽ ലൈഫ് ചിത്രത്തിന് നിയതമായ അർഥങ്ങൾ ആരോപിച്ചു കൊണ്ടാണ് സൃഷ്ടിച്ചിരിക്കുന്നത്; അത് പരമ്പരാഗതമായ രീതിയാണ്. കലാകാരന്മാർ ചില തെരഞ്ഞെടുപ്പുകളെ കാഴ്ചക്കാരന്റെ വായനയിലൂടെ ഉരുത്തിരിയാൻ വിട്ടുകൊടുക്കുന്നതാകും നല്ലത്. അല്ലെങ്കിൽ അത് കേവല ലാക്ഷണികതയിൽ ചെന്ന് തങ്ങിപ്പോകും; ഒപ്പം സ്റ്റിൽ ലൈഫ് എന്നതിന് വർത്തമാനകാലത്തിൽ ഇത്തരം സാധ്യതകളാണ് ആവിഷ്കാരം എന്ന നിലയിലും ആസ്വാദനം എന്ന നിലയിലും കൈവരിക്കാനാവുക എന്നതിനെക്കുറിച്ചും പുനർചിന്തനം വേണം.

-ജോണി എം എൽ



Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)