രോഗരാത്രിയുടെ തെരുവിൽ മുഖാമുഖം വരുന്ന രണ്ടു ചരിത്രപുരുഷന്മാർ



(കാർട്ടൂൺ )

മനുഷ്യൻ ആദിമകാലം മുതൽ അവനു അജ്ഞേയമായ പ്രതിഭാസങ്ങളെ ദൈവസങ്കല്പത്തിൽ ഒതുക്കി മനസ്സിലാക്കാൻ ശ്രമിച്ചു. ആദിമവാസന തന്നെയാണ് പര്യവേക്ഷകരിലും ഗവേഷകരിലും ഒക്കെ പ്രതിഫലിക്കുന്നത്; പേരറിയാത്തതിനെ പേരിട്ടു വിളിക്കുക. വാൻ റീഡ് എന്ന ഡച്ചുകാരനായ സസ്യശാസ്ത്രജ്ഞൻ മലബാറിലെ സസ്യങ്ങൾക്കെല്ലാം പേരുകൾ നൽകി വരുതിയിലാക്കി. ഇന്ത്യയിലെ ജനമഹാസാഗരത്തിനെ അളക്കാൻ ഉപകരണങ്ങൾ ഇല്ലാതിരുന്ന ബ്രിട്ടീഷുകാർ കണ്ടെത്തിയ ഉപകരണമാണ് കാനേഷുമാരി കണക്കെടുപ്പ്. നിലീനമായിരുന്ന പലതിനെയും അത് കള്ളികളിലേയ്ക്ക് മാറ്റി നിയന്ത്രണവിധേയമാക്കി. ഭൂമിയെ മനസ്സിലാക്കാൻ സാമ്രാജ്യാധീശത്വം സ്ഥാപിക്കാൻ കണ്ട കരകളെയൊക്കെയും ചേർത്ത് ഭൂപടനിർമ്മാണം നടത്തി ഉരുണ്ട ഭൂമിയ്ക്ക് പരന്ന രൂപം നൽകിയശേഷം യൂറോപ്യൻമാർ അവരെ വടക്കു വശത്തു പ്രതിഷ്ഠിച്ചു; നോക്കണമെങ്കിൽ തലപൊക്കി നോക്കണം; ഇവിടെ കാളിദാസൻ അത്യുത്തരാം ദിശി ദേവതാത്മാ എന്നെഴുതി അത് സംസ്കൃതത്തിലും സ്ഥാപിച്ചെടുത്തു.


(ജി ആർ സന്തോഷ് )

അജ്ഞേയമായവയ്ക്ക് ദൈവരൂപം നൽകിയും ദുർജ്ഞേയമായവയ്ക്ക് മനുഷ്യരൂപം നൽകുകയും ചെയ്താണ് മനുഷ്യൻ അവന്റെ ചരിത്രജീവിതത്തിലുടനീളം സഞ്ചരിച്ചതും അതിജീവിച്ചതും. ദുർജ്ഞേയമായവയുടെ തുടക്കത്തിൽ കുട്ടിച്ചാത്തൻ നിൽക്കുന്നുവെങ്കിൽ ഇങ്ങേയറ്റത്ത് നിൽക്കുന്നത് അനിമേഷൻ മൂവികളാണ്. അവിടെ മരങ്ങളും പാറകളും ഒക്കെ സംസാരിക്കും, നടക്കും. പണ്ട് മരങ്ങൾക്കും മലകൾക്കും ചിറകുണ്ടായിരുന്നുവെന്നും അവയുടെ ശല്യം സഹിക്കാതെ ദൈവങ്ങൾ അവയുടെ ചിറകരിഞ്ഞു വീഴ്ത്തി അവരെ ഒരിടത്തുറപ്പിച്ചു എന്നും പുരാവൃത്തങ്ങൾ ഉണ്ട്. മലകളും മരങ്ങളും നടക്കുമെന്നുള്ള പുരാവൃത്തത്തിന്റെ സൂചനയും അതിന്റെ അസാധ്യതയും ഷേക്സ്പിയർ മാക്ബെത്തിൽ ബിർണാം കാടുകൾ നടന്നു വന്നാൽ മാത്രമേ മാക്ബെത്തിനെ പരാജയപ്പെടുത്താൻ കഴിയൂ എന്ന് പറയുന്നതിലൂടെ സൂചിപ്പിക്കുന്നു.

ഭീഷണമായ കൊറോണയെ ഇന്ന് മനുഷ്യൻ മെരുക്കുന്നത് ദുർജ്ഞേയമായതിനെ മെരുക്കുന്നതിനുള്ള രീതീശാസ്ത്രം ഉപയോഗിച്ച് തന്നെയാണ്. അതാണ് ചിത്രകാരന്മാരുടെ ഭാവനയിൽ കൊറോണയ്ക്ക് ഒരു കുസൃതിക്കുഞ്ഞിന്റെ മുഖം വന്നു ചേർന്നിരിക്കുന്നത്. പ്രമുഖ കാർട്ടൂണിസ്റ്റായ ഡോക്ടർ ജി ആർ സന്തോഷിന്റെ ഏറ്റവും പുതിയ കാർട്ടൂൺ വിധത്തിൽ ശ്രദ്ധേയവും ഉപരിതലസ്പർശിയായ നർമ്മത്തിന് അതീതമായി ഗൗരവമേറിയ വിവിധ മാനങ്ങൾ പേറുന്നതുമാണ്. ഒന്നാമതായി, വിൻസെന്റ് വാന്ഗോഗിന്റെ കഫെ ടെറസ് അറ്റ് നൈറ്റ് എന്ന പ്രശസ്തമായ ചിത്രമാണ് ചിത്രത്തിന്റെ പ്രഥമപരാമർശസ്ഥാനം. മഹത്തായ ഒരു ആധുനിക ചിത്രകലാപാരമ്പര്യവുമായി തനിയ്ക്കുള്ള കടപ്പാടിനെയും ഇഴയടുപ്പത്തെയും സൂചിപ്പിച്ചു കൊണ്ട് വരയ്ക്കപ്പെടുന്ന കാർട്ടൂൺ അതിന്റെ അടുത്ത തലത്തിലേയ്ക്ക് കടക്കുമ്പോൾ പൂർണ്ണമായും ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രവും അതിനുള്ളിൽ നായകസ്ഥാനം വഹിക്കുന്നവർ തമ്മിൽ നിലനിന്നിരുന്ന സംഘർഷങ്ങളുടെയും പരസ്പര്യങ്ങളുടെയും സംഘാതവും ആയി മാറുന്നു. രണ്ടു ചരിത്ര സ്ഥാനങ്ങൾ വർത്തമാനകാലത്തിൽ സന്ധിക്കുന്നു എന്നുള്ളതിന്റെ സൂചനയായി വലതുപക്ഷ ആക്രാമകത്വത്തെ പ്രതിനിധീകരിക്കുന്ന അമിത് ഷായെപ്പോലുള്ള ഒരു നേതാവിന്റെ ചിത്രമുള്ള ബാനർ തിരശ്ചീന തലത്തിൽ ചിത്രത്തിന്റെ മുകൾഭാഗത്തായി നിൽക്കുന്നു. അത് രണ്ടു ചരിത്ര സംഭവങ്ങളെ വർത്തമാനകാലത്തിൽ ഇണക്കുന്ന ഒന്നായിരിക്കുന്നു.


(കഫേ ടെറസ് അറ്റ് നൈറ്റ് ബൈ വിൻസെന്റ് വാൻഗോഗ് )

കാർട്ടൂണിന്റെ രാഷ്ട്രീയ പരാമര്ശത്തിലേയ്ക്ക് കടക്കുന്നതിനു മുൻപ് എന്തുകൊണ്ട് വാൻഗോഗ് പരാമർശം എന്നതിനെക്കുറിച്ചു പറയേണ്ടിയിരിക്കുന്നു. 1888 ലാണ് വാൻഗോഗ് ആൾസ് എന്ന ഫ്രഞ്ച് പട്ടണത്തിലേക്ക് പോകുന്നത്. മാനസികമായ സംഘർഷങ്ങൾ തുടങ്ങുന്ന ഒരു സമയത്താണിത്. എങ്കിലും പൂർണ്ണമായി ഒരു ബുദ്ധിഭ്രമത്തിന്റെ അവസ്ഥയിൽ വന്നിരുന്നില്ല. മഞ്ഞനിറങ്ങളോടും നീലയോടും ഉള്ള പ്രതിപത്തി പക്ഷെ ഇക്കാലത്ത് കാണിക്കുന്നുണ്ട്. തന്നെ ബാധിയ്ക്കാനിരിക്കുന്ന മനോവിഭ്രാന്തിയുടെ രോഗബീജങ്ങളെക്കുറിച്ചു പ്രവാചകഭാവത്തിലുള്ള ഒരുതരം അന്തർദ്ദർശനം വാന്ഗോഗിന് ഉണ്ടായിരുന്നിരിക്കണം. ക്രിസ്തുവാനുഭവത്തെക്കുറിച്ച് വീണ്ടും വീണ്ടും വാൻഗോഗ് തന്റെ സഹോദരനായ തിയോക്കുള്ള കത്തുകളിൽ എഴുതുന്നുണ്ട്. അതെ വര്ഷം ഡിസംബറിലാണ് വാൻഗോഗ് തന്റെ ചെവി മുറിയ്ക്കുന്നത്. അത് പ്രണയാതുരനായത് കൊണ്ടാണെന്നും എന്നാൽ തന്റെ തലയ്ക്കുള്ളിൽ മൂളൽ സഹിക്കാൻ വയ്യാത്തത് കൊണ്ടാണെന്നും രണ്ടഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. കഫെ ടെറസ് അറ്റ് നൈറ്റ് എന്ന ചിത്രത്തിൽ അവിടം നിറഞ്ഞു നിൽക്കുന്ന രോഗഭാവന തെളിഞ്ഞു കാണാം. ഒരു ഭാവന ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ കവിതകളിൽ പലേടത്തും കൊണ്ട് വന്നിട്ടുണ്ട്. 'നിന്റെ നിയോൺ വസന്തത്തിൻ ചുന കുടിച്ചൊരീ ധൂർത്തകൗമാരവും ജലഗിഥാറിന്റെ ലൈലാക ഗാനവും പ്രണയനൃത്തം ചവുട്ടിയ പാതിരത്തെരുവുകൾ.' 'മുറിയിൽ ഈഥറിൻ മണം നിറയുന്നു, പനിക്കിടക്കയിൽ പകൽ തിളയ്ക്കുന്നു, കഴയ്ക്കും കണ്ണുകൾ വെളിച്ചത്തിൻ വിഷം കുടിച്ചു വേവുന്നു.' ഇങ്ങനെ ചുള്ളിക്കാടിനെപ്പോലെ, വാന്ഗോഗിന്റെ പ്രച്ഛന്നമായ പരാമർശത്തിലൂടെ ഒരു രോഗാവസ്ഥയെ സൃഷ്ടിച്ചെടുക്കുന്നു.

ഇനി കാർട്ടൂണിന്റെ ഫോർഗ്രൗണ്ടും മിഡിൽ ഗ്രൗണ്ടും ഏറ്റെടുത്തിരിക്കുന്ന ഗാന്ധിയെയും കൊറോണക്കുഞ്ഞിനെയും നോക്കുക. തന്നെ ആരും ഭയക്കുന്നില്ല എന്നാണ് കൊറോണക്കുഞ്ഞു പറയുന്നത്/ അതിൽ അവൻ വല്ലാതെ വിഷണ്ണനാണ്. അപ്പോൾ ഗാന്ധി പറയുന്നു; നോക്കൂ ജീവിച്ചിരിക്കുന്നവരുടെ ശരീരത്തിലല്ലേ വൈറസ് കയറൂ. മരിച്ച ഒരു ജനത നിങ്ങളെ എന്തിന് ഭയക്കണം?' ജി ആർ സന്തോഷിന്റെ കാർട്ടൂണിന്റെ പ്രതലം അവിടെ തീരുകയാണ്. കേരളം/ ഇന്ത്യ ഒരു മരിച്ച ജനതയെ പേറുന്നു എന്നുള്ള വിമർശനമാണ് അവിടെ പ്രധാനം. വികാരവും വിവേകവും നശിച്ചു പോയ ഒരു മൃതജനതയോട് എന്ത് പറയാൻ എന്നാണ് വർത്തമാനകാലത്തിൽ ജാഗ്രതയെ കാറ്റിൽ പറത്തുന്ന ജനത്തെക്കുറിച്ചും അതിനിടെ രാഷ്ട്രീയ അജണ്ട ഒളിച്ചു കടത്തുന്ന വലതു പക്ഷത്തെക്കുറിച്ചും കാർട്ടൂണിസ്റ്റ് പരാമർശിക്കുന്നത്. കേവലമായ നോട്ടത്തിൽ കാർട്ടൂൺ അവിടെ അവസാനിക്കേണ്ടതാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം കാർട്ടൂൺ അതിന്റെ ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ തുടങ്ങുന്നത് അവിടെയാണ്. അത് എങ്ങനെയാണെന്ന് നോക്കാം.


(ഗാന്ധിയും അംബേദ്കറും  )

കൊറോണക്കുഞ്ഞും ഗാന്ധിജിയും മറ്റൊരു ചരിത്രസന്ദര്ഭത്തിലേയ്ക്ക് ഇവിടെ നിന്ന് സംക്രമിക്കുകയാണ്. 1932. സാമുദായിക നിയോജകമണ്ഡലങ്ങൾക്കും പ്രതിനിധ്യത്തിനും വേണ്ടി ഡോക്ടർ അംബേദ്കർ നിരന്തരം വാദിച്ചു കൊണ്ടിരിക്കുന്ന കാലം. ബ്രിട്ടീഷുകാർ അത് ഏറെക്കുറെ അനുവദിയ്ക്കാൻ തയ്യാറായി. ഇന്ത്യയുടെ ചരിത്രം എന്നെന്നേയ്ക്കുമായി മാറാൻ പോകുന്ന സന്ദർഭം. എന്നാൽ ഗാന്ധി അതിനെതിരായിരുന്നു. പൊതുവായ നിയോജകമണ്ഡലങ്ങളിൽ സംവരണം മതി എന്ന നിലപാടിലായിരുന്നു ഗാന്ധി. കമ്മ്യൂണൽ അവാർഡ് ഉണ്ടായാൽ താൻ മരണവരെയും നിരാഹാരം ചെയ്യും എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം യെർവാദ ജയിലിൽ നിരാഹാരം തുടങ്ങി. ഗാന്ധിയുടെ നിലപാടിലേക്ക് അംബേദ്കർക്ക് വഴങ്ങേണ്ടി വരുന്ന ഒരു നിമിഷമാണ് പൂനാ പാക്റ്റിൽ സംഭവിച്ചത്. ഏതാണ്ട് ഇതേ കാലയളവിൽ അംബേദ്കറും ഗാന്ധിയും തമ്മിൽ നടന്ന കത്തിടപാടുകളിൽ അംബേദ്കർ പറയുന്നത്, 'എനിയ്ക്ക് ഒരു രാജ്യമില്ല, ഗാന്ധിജി' എന്നാണ്. ഇൻഡ്യാക്കാരൻ എന്നഭിമാനിയ്ക്കാൻ തനിയ്ക്കും ദളിത് ബഹുജനത്തിനും കഴിയുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരമൊരു സന്ദർഭമാണ് ഇപ്പോൾ കാർട്ടൂണിൽ ഓർമ്മിക്കപ്പെടുന്നത്.

ഡോക്ടർ അംബേദ്കറിനെ കൊറോണയായി വരച്ചു എന്നോ വ്യാഖ്യാനിച്ചു എന്നോ ആരും തെറ്റിദ്ധരിക്കേണ്ട. അത്തരമൊരു ചരിത്രസംഭവത്തിന്റെ പുനർവായന ഇവിടെ സാധ്യമാക്കപ്പെടുന്നു എന്ന് മാത്രം കരുതിയാൽ മതി. ഗാന്ധി ഹിന്ദുമതത്തിന്റെ സനാതനധർമ്മത്തിൽ വിശ്വസിച്ചിരുന്നു. ഹിന്ദുമതം ഏകശിലാത്മകമായ ഒന്നാണെന്ന് ഗാന്ധി തെറ്റിദ്ധരിച്ചിരുന്നു. അതിനാൽ ദളിതർ, ഗാന്ധിയുടെ ഭാഷയിലെ ഹരിജനങ്ങൾ ഹിന്ദുമതം വിട്ടുപോകാൻ പാടില്ലെന്ന് അദ്ദേഹം വാശി പിടിച്ചു. അംബേദ്കറുടെ കണ്ണിലൂടെ ദളിത് പ്രശ്നമോ സാമുദായിക സംവരണനിയോജക മണ്ഡലം എന്ന വിഷയമോ കാണുവാൻ ഗാന്ധി തയാറായില്ല. കാർട്ടൂൺ ഗാന്ധിയ്ക്ക് കൊറോണാ സന്ദർഭത്തിൽ അതിനൊരു അവസരം കൊടുക്കുകയാണ്. ഗാന്ധി പറയുന്നത് കേൾക്കൂ: ജീവനുള്ള ശരീരത്തിൽ മാത്രമേ വൈറസ് വളരൂ. (നമ്മുടെ വ്യാഖ്യാനത്തിൽ വൈറസ് എന്നത് എല്ലാ വിവേചനങ്ങളെയും തകർത്തെറിയാൻ ആഹ്വാനം ചെയ്യുന്ന അംബേദ്കർ ചിന്താപദ്ധതിയാണ്. ജാതി നിർമൂലനം എന്ന വൈറസിന് പ്രവർത്തിക്കാൻ കഴിയണമെങ്കിൽ ആതിഥേയ ശരീരം സജീവമാകണം. വിവേചനപ്രശ്നത്തെ മൃതമായ ബുദ്ധിയും ശരീരവും കൊണ്ട് നേരിടുന്ന ഇന്ത്യയിൽ ജാതി നിർമൂലനം എങ്ങനെ സാധ്യമാകും). മരിച്ച ഒരു ജനത നിങ്ങളെ എന്തിന് ഭയക്കണം? ജനത മരിച്ചു പോയിരിക്കുന്നു. അതിന് വിധ്വംസകം എന്ന് തോന്നിയ്ക്കുന്ന ഒരു ആശയപദ്ധതിയെയും ഏറ്റെടുക്കാനുള്ള ചൈതന്യമോ ചലനാത്മകതയോ ഇല്ല. ഗാന്ധിജി കാണാൻ ആഗ്രഹിച്ച ഹിന്ദു ക്ഷേമരാഷ്ട്രം സാധ്യമായ കാലത്തെ വീണ്ടുവിചാരമാണത്. ഗാന്ധിജി ചരിത്രസന്ദർഭത്തിൽ സ്വയംവിചാരണയ്ക്ക് വിധേയമാവുകയാണ് കാർട്ടൂണിൽ.


(വിൻസെന്റ് വാൻഗോഗ് ) 

അംബേദ്കർ ചിന്തയുടെ ചലനാത്മകത, അതിനു പുരോഗമനപരമായ ചിന്തിക്കുന്ന മനുഷ്യരുടെ ധിഷണകളിൽ വൈറസുപോലെ പടരാനുള്ള ശേഷി ഒക്കെയും കൊറോണക്കുഞ്ഞ് എന്ന നെഗറ്റിവ് മെറ്റഫറിലൂടെ ജി ആർ സന്തോഷ് സാധ്യമാക്കുന്നു. അങ്ങനെയൊരു ഭാവി ഉണ്ടെന്നുള്ളതിനു നിറങ്ങളിലൂടെയുള്ള വിദഗ്ദമായൊരു സൂചന ചിത്രത്തിനുള്ളിൽത്തന്നെ സന്തോഷ് നിക്ഷേപിച്ചിട്ടുണ്ട്. ഭഗവാ അഥവാ കുങ്കുമ നിറമുള്ള തെരുവിലാണ് അവർ ഇരിക്കുന്നത്. വർത്തമാനകാലത്തെ ഹൈന്ദവൽക്കരണം ആണ് നാം തെരുവിൽ കാണുന്നത്. വരൂ, തെരുവുകളിലെ രക്തം കാണൂ എന്ന് കവി പറഞ്ഞത് പോലെ, തെരുവിൽ നിറയെ ചോരപ്പാടുകൾ. കാർട്ടൂണിസ്റ്റ് അത് പെർസ്പെക്ടീവ് ഉണ്ടാക്കാൻ വേണ്ടി ഉപയോഗിച്ച സ്ട്രോക്കുകൾ ആകാമെങ്കിലും ചിത്രത്തിന്റെ രാഷ്ട്രീയ അബോധം പ്രവർത്തിച്ച് മറ്റൊരു വ്യവഹാരത്തിനു കളമൊരുക്കുകയാണ്. തെരുവിനിരുപുറത്തും നിൽക്കുന്ന തെരുവുകൾ നീലിച്ചു കിടക്കുകയാണ്. അംബേദ്കർ രാഷ്ട്രീയത്തിന്റെ നിറമാണ് നീല. നീൽ സലാം എന്നതാണ് അവരുടെ മുദ്രാവാക്യം. രാഷ്ട്രീയ ശേഷിയുടെ ഇടയിലൂടെ ഞെരുങ്ങി നീങ്ങുകയാണ് ഹിന്ദുത്വത്തിന്റെ പാത. അതിന് സംരക്ഷകനായി മുകളിൽ അമിത് ഷായെപ്പോലെ ഒരാൾ. പക്ഷെ മാറ്റത്തിന്റെ കാലം വരും. അംബേദ്കർ ചിന്തയെന്ന വൈറസിന് പകരാൻ പാകത്തിന് ജീവസ്സുറ്റ ഒരു ജനത രാഷ്ട്രീയബോധം ആർജ്ജിച്ചു വരും എന്നുള്ള പ്രത്യാശകൂടി കാർട്ടൂൺ നൽകുന്നു എന്നിടത്ത് കേവലമായ ഒരു നർമ്മചിത്രം രാഷ്ട്രീയ-ഐതിഹാസിക മാനങ്ങൾ നേടുന്നു.

- ജോണി എം എൽ


Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)