അടിവസ്ത്രപ്രിയനെ, ട്രെഡ്മിൽ ഭഗവാനേ..:വ്യായാമങ്ങളെക്കുറിച്ച് ചിലത്




കുറിപ്പ് ചിലപ്പോൾ എന്റെ പ്രിയ സുഹൃത്തുക്കളെ വേദനിപ്പിച്ചേയ്ക്കും. എന്നാൽ ഇതിൽപ്പറയുന്ന കാര്യങ്ങളൊന്നും അവരെക്കുറിച്ചോ അവരുമായി എനിയ്ക്കുള്ള അനുഭവങ്ങളെക്കുറിച്ചോ അല്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ വെച്ച് കാണാനും പരിചയപ്പെടാനും ഇടയായ മനുഷ്യരുടെ സ്വഭാവങ്ങളെ അടിസ്ഥാനമാക്കി എഴുതുന്നതാണ്. എങ്കിലും എന്റെ സുഹൃത്തുക്കൾക്ക്, ഇതെന്നെക്കുറിച്ചല്ലേ എന്നൊരു തോന്നൽ വന്നാൽ തോന്നൽ ഉളവാക്കിയേക്കാവുന്ന വേദനയ്ക്ക് മുൻകൂർ മാപ്പ് ഞാൻ അപേക്ഷിച്ചു കൊള്ളുന്നു. സംഗതി ശാരീരിക വ്യായാമത്തെക്കുറിച്ചാണ്; ഒപ്പം ജീവിതത്തിൽ ചില തീരുമാനങ്ങൾ എടുക്കുന്നതിനെക്കുറിച്ചും. പൊതുവെ പറയാറുണ്ട്, ചെറുപ്പമായിരിക്കുമ്പോൾ നമ്മൾ എടുപിടീന്ന് കാര്യങ്ങൾ തീരുമാനിച്ചു നടപ്പിലാക്കും. അവയിൽ പലതും വിപരീതഫലമുളവാക്കുന്നവയുമാകും. എന്നാൽ അതിൽ പേടിക്കേണ്ടതില്ല. തെറ്റ് ചെയ്യാനും തിരുത്താനും ഉള്ള കാലമാണ് ചെറുപ്പം; പഴംവിഴുങ്ങികളായി ജീവിക്കുന്നവർക്ക് സ്വന്തം ജീവിതത്തെക്കുറിച്ചു എഴുതാനോ വായിക്കാനോ ഒന്നും കാണില്ല. വെറുതെ ടെലിവിഷൻ കണ്ടു, നാലുക്കൊപ്പം നിന്ന് കാലത്തിനു കീഴടങ്ങാം.

പ്രായം കുറെച്ചെല്ലുമ്പോൾ, നാൽപ്പത്തിയഞ്ച് അമ്പത് വയസ്സൊക്കെ കഴിയുമ്പോൾ എടുപിടീന്ന് ധൃതിയിൽ തീരുമാനങ്ങൾ എടുക്കാൻ മനുഷ്യൻ മടിയ്ക്കും. ഓരോന്ന് ചെയ്യുന്നതിന് മുൻപും പലവട്ടം ആലോചിക്കും. സ്വന്തം അനുഭവവും പലരുടെ അനുഭവങ്ങളുമായും ഒക്കെ താരതമ്യം ചെയ്തു നോക്കിയാ ശേഷമേ പലരും എന്തെങ്കിലും ഒരു തീരുമാനമെടുക്കാറുള്ളൂ. 'ചുള്ളികൊണ്ടടി കൊണ്ട പൂച്ചയ്ക്ക് മിന്നാമിനുങ്ങിനെ കാണുമ്പോൾപ്പോലും ഭയം' എന്നൊരു ചൊല്ലുണ്ട്. ജീവിതാനുഭവങ്ങൾ എന്നത് പൂക്കളും മയിൽപ്പീലിയും കൊണ്ടുള്ള തലോടലുമാണ് ചുള്ളിക്കൊണ്ടുള്ള അടിയുമാണ്; ചുള്ളിയുടെ അറ്റത്ത് തീക്കനലുണ്ടാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനാൽ വയസ്സിനു മൂപ്പുള്ളവർ ചില കാര്യങ്ങൾ പറയുമ്പോൾ ശരിയാണെന്ന് തോന്നും. 'മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും' എന്നുമൊരു ചൊല്ലുണ്ടല്ലോ. ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും ഞാൻ മൂത്തവരുടെ ഉപദേശങ്ങൾക്ക് അമിതപ്രാധാന്യം കല്പിക്കുന്നവനാണെന്ന്. സത്യത്തിൽ ഞാൻ അതിന് വിരുദ്ധൻ ആണ് എന്നുള്ളതാണ് സത്യം. ചില കാര്യങ്ങൾ അനുഭവസ്ഥർ പറയുന്നത് ശരിയെങ്കിലും മൂത്തവർക്ക് ചെറുപ്പക്കാർക്കുള്ള അനുഭവവൈവിധ്യമോ സാങ്കേതിക ജ്ഞാനമോ കുറവാണ്. പോരെങ്കിൽ അവർ ഒരുപരിധി വരെ പാരമ്പര്യവാദികളും ആയിരിക്കും. മാമൂലുകൾക്ക് എതിരായ മുതിർന്നവർ പോലും സ്വന്തം ജീവിതം മറ്റൊരു മാമൂൽ ആക്കി വെച്ചിരിക്കുന്നത് കാണാം.



ചെറുപ്പക്കാരും മുതിർന്നവരും ഒരുപോലെ ചെയ്യുന്ന ചില കാര്യങ്ങൾ ഉണ്ട്; അതിൽ എടുത്തുചാട്ടവും കാണും ആലോചിച്ചുറപ്പിച്ചു ചെയ്യുന്നതും കാണും. അത്തരമൊരു മേഖലയാണ് ശാരീരിക വ്യായാമവുമായി ബന്ധപ്പെട്ടുള്ളത്. വ്യായാമം കൊണ്ട് പലരും ഉദ്ദേശിക്കുന്നത് ശാരീരികമായ അഴകും രൂപഘടനയും ഒക്കെയാണ്. ആദ്യകാലത്തെ അഖാഡകളിലും ജിംഖാനകളിലും ഒക്കെ ശരീരത്തിന്റെ ക്ഷമതയും കായികശേഷിയും വർധിപ്പിക്കാനുള്ള കാര്യങ്ങളാണ് നടത്തിക്കൊണ്ടിരുന്നത് രൂപഭംഗിയ്ക്ക് രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. കാലം ഏറെക്കഴിഞ്ഞപ്പോൾ പുരുഷസൗന്ദര്യത്തിൽ അഴകുറ്റ, അവയഭംഗിയൊത്ത ശരീരം എന്ന ആശയം കൂടി കടന്നു വന്നു. വെറുതെ മസിൽ മുഴപ്പിക്കലല്ല, അതുമായി ബന്ധപ്പെട്ടൊരു ചലന-ദൃശ്യ ഭംഗിയും ഒക്കെ വേണമെന്നു വന്നു. പിന്നെയും കുറേക്കഴിഞ്ഞപ്പോഴാണ്, ലൈഫ് സ്റ്റൈൽ ഡിസീസ് അഥവാ ജീവിതശൈലീ രോഗങ്ങൾ മാറണമെങ്കിൽ വ്യായാമം ചെയ്യണം എന്ന് വന്നത്. പോരെങ്കിൽ ആഗോളകമ്പോളത്തിൽ തൊഴിലാളികളായി പങ്കെടുക്കണമെങ്കിൽ ആരോഗ്യവും യുവത്വവുമുള്ള ശരീരം കൂടി വേണമെന്ന് വന്നു. ഇതിനു ആൺപെൺ വ്യത്യാസമില്ലാതെയായി. ജീവിതശൈലിയുമായി ബന്ധപ്പെട്ടതോ വ്യായാമം എന്നത് ഇന്ന ഇടത്തു നിന്ന് മാത്രം ചെയ്യേണ്ട ഒന്നാണെന്ന് വന്നു. അതായത് പേര് കേട്ട ജിമ്മുകളിൽ, പേഴ്സണൽ ട്രെയിനറിന്റെ സാന്നിധ്യത്തിൽ, പ്രശസ്തമായ സ്വിമ്മിങ് പൂളുകളിൽ, പ്രശസ്തമായ ക്ലബ്ബ്കളിൽ ഒക്കെയേ വ്യായാമം ചെയ്യൂ എന്ന് വന്നു. അതും കഴിഞ്ഞ്, യോഗയൊക്കെ വ്യായാമ പദ്ധതിയിൽ ഉൾപ്പെട്ടപ്പോൾ അത് മാനസികമായ ആരോഗ്യം കൂടി വർദ്ധിപ്പിച്ച് മനുഷ്യർക്ക് ശാന്തിയും സമാധാനവും കോപനിയന്ത്രണവും സാധാരണക്കാരിക്കില്ലാത്ത ചില അതീന്ദ്രിയാനുഭൂതിയും ഒക്കെ തരുമെന്ന് കൂടി വന്നു.

മേൽപ്പറഞ്ഞ, വ്യായാമത്തിന്റെ ചരിത്രസഞ്ചാരത്തെ ഒന്നാഴത്തിൽ നോക്കിയാൽ ചെറുപ്പക്കാരും മുതിർന്നവരും ചെന്ന് പെട്ടിരിക്കുന്നു കൂനാങ്കുരുക്കിൽ നമുക്ക് ചെന്ന് ചേരാൻ കഴിയും. പണ്ടുള്ള ആളുകൾ നന്നായി ശാരീരികാധ്വാനം ചെയ്തിരുന്നു. അതിനാൽ പ്രത്യേകിച്ചൊരു വ്യായാമപദ്ധതിയെ പിന്തുടരുക എന്നത് അവർക്ക് ആവശ്യമില്ലായിരുന്നു. കാലം മാറി, ജീവിതശൈലി മാറി, പ്രോട്ടീൻ റിച്ച് മാത്രമല്ല ഹോർമോൺ റിച്ച് ഭക്ഷണവുമൊക്കെ പതിവായി, സാംസ്കാരികമായ കാഴ്ചപ്പാടുകൾ മാറി, ചെലവഴിക്കാവുന്ന പണത്തിനു വലുപ്പം വർധിച്ചു ഇതൊക്കെ ആയപ്പോൾ സെഡാന്ററി ലൈഫ് സ്റ്റൈൽ ഉണ്ടായി. അതായത് ഇരുന്നിടത്ത് തന്നെ ഇരുന്ന് എല്ലാം ചെയ്യാൻ കഴിയുന്ന ഒരവസ്ഥ. സാങ്കേതികവിദ്യ വർധിച്ചതോടെ കുട്ടികൾ മുതൽ വൃദ്ധർ വരെ ഒരിടത്ത് ഇരുന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന ആളുകളായി മാറി. ഇതിന്റെ ഫലമായി പൊണ്ണത്തടിയും പ്രമേഹവും അനുബന്ധ അസുഖങ്ങൾ എല്ലാം വർധിച്ചു. ഞാൻ പിഎസ്സി പരീക്ഷയ്ക്ക് പോകുന്നു എന്ന് പറഞ്ഞാൽ, ഞാൻ പ്രെഷർ, ഷുഗർ, കൊളെസ്ട്രോൾ എന്നിവ പരിശോധിക്കാൻ പോകുന്നു എന്ന് മനസ്സിലാക്കുന്ന ഒരു കാലം വന്നു. ഇന്ന് ലോകത്ത് വാഹനാപകടങ്ങളിലേതിനേക്കാൾ കൂടുതൽ ആളുകൾ മരിക്കുന്നത് പൊണ്ണത്തടി മൂലവും ജീവിതശൈലീ രോഗങ്ങൾ മൂലവുമാണ്. ഏതൊരു ഡോക്ടറും ഇന്ന് അവരുടെ കുറിപ്പടിയ്ക്കൊപ്പം രോഗിയ്ക്ക് എഴുതിക്കൊടുക്കുന്ന മരുന്നാണ് നടക്കാൻ പോക്ക്, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമം.



ഇന്ന് വലിയൊരു വിഭാഗം ആളുകൾ ഡോക്ടർ പറഞ്ഞത് കൊണ്ട് മാത്രം വ്യായാമം ചെയ്യുന്നവരാണ്. മറ്റൊരു വലിയ ശതമാനം ആളുകൾ യുവാവസ്ഥ നിലനിർത്താൻ വ്യായാമം ചെയ്യുന്നു. അതിലും വലിയൊരു ശതമാനം ആളുകൾ പൊങ്ങച്ചം പറയാൻ വേണ്ടി മാത്രം വ്യായാമവും യോഗയും ചെയ്യുന്നു. ചെറിയൊരു ശതമാനം ചെറുപ്പക്കാർ ആകാരസൗഭഗമുള്ളവരായി കാണപ്പെടാൻ വ്യായാമം ചെയ്യുന്നു. കൗമാരകാലത്തിലേയ്ക്ക് കടക്കുമ്പോൾ ആൺകുട്ടികളും പെൺകുട്ടികളും കണ്ണാടിയുടെ മുന്നിൽ നിന്ന് മാറില്ലെന്ന് പറയാറുണ്ട്. അച്ഛനുമമ്മയും കാൽവളരുന്നോ കൈവളരുന്നോ എന്ന് നോക്കി വളർത്തിയ കുട്ടികൾ കൗമാരമെത്തുമ്പോൾ ശരീരത്തിന്റെ ഇത്തരഭാഗങ്ങൾ വളരുന്നോ എന്ന് നോക്കി കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നത് സ്വാഭാവികം. അത് ശാസ്ത്രീയമായും ആരോഗ്യപരമായും സാമൂഹികപരമായും സ്വാഭാവികമാണ്. ഹോർമോണുകൾ മാറുന്നതോടെ ശരിയായ ഇണയെ തെരഞ്ഞെടുക്കാൻ ശരീരം സജ്ജമാകുന്നതിന്റെ ബാഹ്യപ്രകടനമാണ് കണ്ണാടി നോക്കൽ. ആൺകുട്ടികൾ ജിമ്മിൽ പോകുന്നതും അതി തീവ്രമായി വ്യായാമം ചെയ്യുന്നതും അടിപിടികളിൽ ഏർപ്പെടുന്നതുമെല്ലാം കുരങ്ങന്മാരുടെയും ഇതര മൃഗങ്ങളുടെയും  ഇടയിൽ ആൽഫാ മെയിലുകൾ ഉണ്ടായിവരുന്നതിനു (ഏറ്റവും നല്ല ഇണയെ തെരഞ്ഞെടുക്കുന്നതിന് ഉള്ള അവകാശം ആൽഫാ മെയിലിനാണ്) സമമാണ്.

സെഡാന്ററി ജീവിതശൈലി വന്നതോടെ വ്യായാമം ചെയ്യാനുള്ള ആവശ്യം ഒരു മെഡിക്കൽ-ജീവിതശൈലി-സംസ്കാര ആവശ്യമായി മാറി എന്ന് നാം കണ്ടു. പുസ്തകങ്ങൾ വായിക്കുന്നത് ഇടയ്ക്കിടെ നിന്ന് കൊണ്ടാകണം, ഇരുപതു മിനിറ്റിലൊരിക്കൽ എഴുന്നേറ്റ് നടക്കണം എന്നൊക്കെ ഡോക്ടർമാർ പറയാറുണ്ട്. എന്നാൽ വ്യായാമം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരും മുതിർന്നവരിൽ ചിലരും ആരംഭശൂരന്മാർ ആവുകയാണ് പതിവ്. ഒന്നാമതായി അവർ വ്യായാമം ചെയ്യണം എന്ന് തീരുമാനിക്കുന്നതോടെ അതേക്കുറിച്ചു വളരെയധികം സംസാരിക്കാൻ തുടങ്ങുന്നു. അധരവ്യായാമം ആയിട്ടാണ് യാഥാർഥവ്യായാമം തുടങ്ങുന്നത്. അടുത്ത പടിയെന്നത്, മറ്റാരേക്കാളും ശുഷ്കാന്തിയോടെയും സമയക്ലിപ്തതയോടെയും ഇവർ വ്യായാമം തുടങ്ങും എന്നുള്ളതാണ്.  പിന്നെ കുറേക്കാലം അവർ അവർ ചെയ്യുന്ന വ്യായാമത്തെക്കുറിച്ച്, അവരുടെ ക്ലബ്ബ്കളെ കുറിച്ച്, അവരുടെ വ്യായാമ വസ്ത്രങ്ങളെക്കുറിച്ച്, അവരുടെ ട്രെയിനറെ കുറിച്ച്, അവർ കഴിയ്ക്കുന്ന ക്രമീകൃത ആഹാരത്തെ കുറിച്ച്, അവർ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിവിധതരം ഗുണങ്ങൾ, അവ എവിടെ കിട്ടും, ഓൺലൈനിൽ വാങ്ങിയാലുള്ള ഗുണം, ഓഫ്ലൈനിൽ വാങ്ങിയാലുളള ഗുണം എന്നിവയെയൊക്കെ കുറിച്ച് വാചാലരാകും. ഒടുവിൽ അവർ വ്യായാമമൊഴികെ മറ്റെല്ലാം ചെയ്യുന്നവർ ആയി മാറുകയും ചെയ്യും.



ഇത്തരം ആളുകളിൽ കാണപ്പെടുന്ന ചില പൊതു പ്രവണതകളെക്കുറിച്ചു പറയാം. വ്യായാമം തുടങ്ങണം എന്ന് തീരുമാനിച്ചാൽ അവർ ഉടനടി ചെയ്യുന്നത് ഏറ്റവും മികച്ച സ്പോർട്സ് ഷോറൂമിൽ നിന്ന് അതിനു വേണ്ട സാധനങ്ങൾ വാങ്ങുക എന്നതാണ്. നടക്കാൻ പോകുന്നവർ ആദ്യമായി ചെയ്യുന്നത് അയ്യായിരമോ പതിനായിരമോ രൂപ കൊടുത്ത് വാക്കിങ് ഷൂസ് വാങ്ങും; ഒപ്പം തൊപ്പി, വെള്ളം കൊണ്ട് പോകാനുള്ള ബോട്ടിൽ, വെറുതെ മണികണ്ഠത്തിൽ ധരിക്കുവാൻ ഒരു ബാൻഡ്, പിന്നെ ചുവടുകൾ എണ്ണുന്നതിനും നെഞ്ചിടിപ്പ് അളക്കുന്നതിനും ഉള്ള യന്ത്രങ്ങൾ, ബ്ലൂടൂത്ത് ഉള്ള ഇയർ ഫോണുകൾ ഒക്കെ വാങ്ങും. കൊച്ചുകുട്ടികൾ കളിപ്പാട്ടം വാങ്ങുമ്പോൾ കാണുന്ന ആവേശം ആദ്യദിവസങ്ങളിൽ കാണും. പിന്നെപ്പിന്നെ എല്ലാറ്റിലും താത്പര്യം നശിച്ചു നടപ്പ് തന്നെ ഇല്ലാതാവും. നടക്കാൻ പോകാൻ കാറിലും സ്കൂട്ടരിലും അഞ്ചും പത്തും കിലോമീറ്റർ സഞ്ചരിച്ചു പോകുന്നവരുണ്ട്. ഇന്ന പാർക്കിൽ, ഇന്ന വളപ്പിൽ, ഇന്ന റോഡിൽ നടക്കാൻ പോകുന്നു എന്നതിനാണ് പ്രാധ്യാന്യം; കവടിയാർ റോഡിൽ നടക്കുന്നു എന്ന് പറയുന്നത് പോലെയല്ല മരുതൻകുഴിയിൽ നടക്കുന്നു എന്ന് പറയുന്നത്. നടപ്പ് കഴിഞ്ഞിട്ട് വെജിറ്റബിൾ ജ്യൂസ് കുടിക്കണം; ചിലർക്ക് ചായ കുടിക്കണം. ചിലർ ഒരു സിഗരറ്റ് കൂടി വലിക്കും. കാലം കഴിയുമ്പോൾ അഞ്ചു കിലോമീറ്റർ ദൂരം കാറോടിച്ചു വന്നു കാർ റോഡരികിൽ പാർക്ക് ചെയ്ത്, ജ്യൂസ് കുടിച്ച്, കൂട്ടുകാരുമൊത്ത് വാചകമടിച്ച്, ഒരു സിഗരറ്റും വലിച്ച്, എന്നാൽപ്പിന്നെ നടത്തം നാളെയാകാമെന്ന് പറഞ്ഞു തിരിച്ചു പോകുന്നവരുണ്ട്. അപ്പോഴെല്ലാം അവർ വിലപിടിപ്പുള്ള വാക്കിങ് ഗീയർ എല്ലാം ധരിച്ചിരിക്കും.

റോഡിലൊക്കെ വല്ലാത്ത പൊടിയാണ് എന്ന് കരുതി ആദ്യമേ തന്നെ ട്രെഡ് മിൽ വാങ്ങുന്നവരുണ്ട്. വലിയ ആഘോഷമാണ് വാങ്ങുന്നതിന് മുൻപ്. വിവിധ കമ്പനികൾ ഇറക്കുന്ന മില്ലുകളെ കുറിച്ചുള്ള പഠനം, അവയുടെ ഗുണഗണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, അത് ഉപയോഗിച്ചാൽ കഴിയ്ക്കേണ്ട ഭക്ഷണ ക്രമം, ഉപയോഗിക്കുമ്പോൾ ധരിക്കേണ്ട വസ്ത്രം എന്നിങ്ങനെ എല്ലാം പഠനവിധേയമാക്കി എല്ലാം കൂടി ഒരു എഴുപത്തി അയ്യായിരത്തോളം രൂപ മുടക്കി (ഏറ്റവും കുറഞ്ഞ മോഡലുകൾ പത്തിരുപത്തിനായിരം രൂപയ്ക്കൊക്കെ കിട്ടും. ഇല്ലെങ്കിൽ എല്ലാം മാനുവൽ ആയി ചെയ്യാവുന്ന ചില കോമ്പിനേഷൻ മെഷീനുകൾ കിട്ടും) വീട്ടിൽ വാങ്ങി വെച്ച്, ആഘോഷമായി അതിൽ യാത്രതുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ അത് മുഷിഞ്ഞ തുണികൾ ഇടാനുള്ള ഒരു സംവിധാനമായി മാറുന്നത് കാണാം. ഇത്തരം ആളുകളുടെ വീട്ടിൽ ഒരു സെറ്റ് ഡംബെൽ, പുഷ്അപ്പ് സ്റ്റാൻഡ് എന്നിവയും തുരുമ്പെടുത്ത രൂപത്തിൽ കാണാൻ കഴിയും. പലരുടെയും വീട്ടിൽ ഒരു ഗിത്താറും കാണും. മിക്കവാറും ഗിത്താർ വാങ്ങുന്നവർ അത് വായിക്കുന്നത് വളരെ ലളിതമാണെന്ന് കരുതിയാണ്. ഒറ്റദിവസം കൊണ്ട് മൂലയ്ക്ക് തള്ളപ്പെടുന്ന സംഗീതോപകരണമാണ് ഗിത്താർ. ട്രെഡ്മിൽ വാങ്ങുന്നവരും നടക്കാൻ പോകുന്നവരുമൊക്കെ അത് നിര്ത്തുന്നതിനുള്ള കാരണങ്ങൾ കണ്ടുപിടിച്ചുകൊണ്ടേയിരിക്കും. കുറ്റബോധം തോന്നുമ്പോൾ നടക്കാൻ ഇറങ്ങുന്നവരെയും ട്രെഡ് മില്ലിൽ കയറുന്നവരെയും തിരിച്ചറിയാൻ വളരെ എളുപ്പമാണ്.



കാലത്തെ ഉണരുന്നത് പ്രയാസമായവരാണ് ഏറെപ്പേരും. 'നാളെയാകട്ടെ' എന്നാണ് ഉണരുമ്പോൾ ആദ്യമായി പലരും സ്വയം പറയുന്നത്. ജിമ്മിലോ സ്വിമ്മിങ് പൂളിലോ, സൈക്കിൾ ക്ലബ്ബിലോ ഒക്കെ ചെന്ന് ചേരുമ്പോൾ ഉണ്ടായ ആവേശം കിടക്കയിൽ നിന്നുണരുമ്പോൾ കാണുകയില്ല. ഉറക്കമുണരാൻ കഴിയുന്നില്ല, ജോലിത്തിരക്ക്, കുട്ടികളെ സ്കൂളിൽ അയക്കൽ തുടങ്ങി എന്ത് കാരണം വേണമെങ്കിലും എടുത്തു നിരത്താൻ ഉണ്ടാകും വ്യായാമം മുടക്കുന്നവർക്ക്. സൈക്കിൾ ചവിട്ടാൻ പോകുന്നവർ തുടങ്ങും മുൻപ് തന്നെ പറയുന്നത് സൈക്കിൾ ട്രാക്ക് ഇല്ലെന്നാണ്, നടക്കാൻ പോകുന്നവർ പറയുന്നത് വഴിയിൽ പൊടിയാണെന്നാണ്, ഓടാൻ പോകുന്നവർക്ക് നല്ല ഗ്രൗണ്ടില്ലെന്ന്, ഷട്ടിൽ കളിക്കുന്നവർക്ക് നല്ല പങ്കാളികൾ ഇല്ലെന്ന്, നല്ല ജിമ്മുകൾ പരിസരത്തില്ലെന്ന് അങ്ങനെ ഒരു നൂറു കാരണങ്ങൾ കാണും വ്യായാമം വേണ്ടെന്ന് വെയ്ക്കാൻ. ഡോക്ടർ അരമണിക്കൂർ നടക്കണം എന്ന് പറഞ്ഞാൽ വാച്ചിൽ നോക്കി ഇരുപത്തിയൊമ്പത് മിനിട്ടു നടന്ന ശേഷം കാറിൽക്കയറി പൊയ്ക്കളയുന്നവരുണ്ട്. ഒറ്റയടിയ്ക്ക് ഒന്നര മണിക്കൂർ ഒക്കെ നടക്കുന്നവർ ഉണ്ടെങ്കിൽ മനസ്സിലാക്കുക, അയാൾ പുതിയ ആളാണ്. എനിയ്ക്കൊരു സുഹൃത്തുണ്ടായിരുന്നു. അയാൾ രണ്ടര മണിക്കൂറൊക്കെ മ്യൂസിയത്തിൽ നടക്കും; വല്ലപ്പോഴെ കാണുകയുള്ളൂ. എന്താണിങ്ങനെ എന്ന് ചോദിച്ചപ്പോൾ അയാൾ പറയുകയാണ്, ഒരാഴ് നടക്കാറുള്ളത് ഒറ്റദിവസം നടന്നു വെയ്ക്കും. പിന്നെ എന്നും വരേണ്ടല്ലോ. പുള്ളി ഗൗരവമായിട്ടാണ് പറയുന്നത്!

ജീവിതത്തിൽ ഒരിക്കലും നല്ലൊരു കായികതാരമോ കളിക്കാരനോ ആയിട്ടില്ലാത്ത വ്യക്തിയാണ് ഞാൻ. എന്നാൽ കൗമാരകാലം മുതൽ ഇന്ന് വരെ വ്യായാമം എന്നത് കൃത്യമായി, പല രൂപങ്ങളിൽ ചെയ്തുവരുന്ന ഒരാളാണ്. അതിന്റെ അനുഭവത്തിലാണ് ഇനിയുള്ള കാര്യങ്ങൾ പറയുന്നത്. നടക്കാൻ പോകാൻ നല്ല ഷൂസ് വേണമെന്ന് തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോൾ ഞാൻ ആലോചിച്ചത് മറ്റൊരു വഴിയ്ക്കാണ്. നടക്കാൻ ഷൂസാണോ അതോ കാലുകളാണോ വേണ്ടത്? കാലുകൾ ആണ്. പക്ഷെ കാലുകൾക്ക് അലസതയുണ്ടങ്കിലോ? അത് മാറ്റാൻ ഒരു വഴിയേയുള്ളൂ. മനസ്സിനെ ഉറപ്പിക്കുക. നടക്കണം എന്ന് മനസ്സുറച്ചാൽ പിന്നെ കാലുകൾക്ക് എതിര് പറയാൻ പറ്റില്ല. നടക്കാൻ ഷൂസോ, ചെരിപ്പോ നിർബന്ധമല്ല. മനസ്സാണ് വേണ്ടത്, ചെരിപ്പ് താനേ വന്നുകൊള്ളും. വിലകൂടിയ ഷൂസ് ആവശ്യമുണ്ടോ? ഇല്ലെന്നാണ് അനുഭവം പറയുന്നത്. ഹീലിനു പ്രശ്നം, നട്ടെല്ലിന് പ്രശ്നം, ഇടുപ്പെല്ലിന് പ്രശ്നം എന്നൊക്കെ പറയാറുണ്ട് വിദഗ്ദർ, അതായത് നല്ല ഷൂവല്ല നടക്കാൻ ഉപയോഗിക്കുന്നതെങ്കിൽ. നിങ്ങൾ നല്ലൊരു നടപ്പുകാരനാണെന്ന് നിങ്ങൾക്ക് തന്നെ ഉറപ്പ് തോന്നിയിട്ട് പോരെ വിലകൂടിയ ഷൂസുകൾ വാങ്ങുന്നത്? പലരും നടക്കാൻ പോകാൻ തീരുമാനിക്കുമ്പോൾത്തന്നെ വിലകൂടിയ ഷൂസുകൾ വാങ്ങും. അവർ പിന്നെ എന്ത് ചെയ്യും എന്ന് നമ്മൾ കണ്ടു. ഇനി നടക്കാനുള്ള ഇടം. നല്ല റോഡ്, പാർക്ക് ഇതൊന്നും തന്നെ അത്യാവശ്യമില്ല. നമ്മൾ എന്നും പോകുന്ന റോഡ് മതി. വെളുപ്പാൻ കാലത്ത് എഴുന്നേൽക്കണം എന്ന് മാത്രം. വെളുപ്പാന്കാലത്ത് എഴുന്നേൽക്കണമെങ്കിൽ മനസ്സ് വേണം; ഇച്ഛാശക്തി.



ഒരു വിധം നന്നായി ജിം ചെയ്തിട്ടുള്ള ആളാണ് ഞാൻ. പക്ഷെ ഒരു ഷോർട്സും ടി ഷർട്ടും സാധാരണ നടക്കാൻ പോകുമ്പോൾ ഉപയോഗിക്കുന്ന ഷൂസും അല്ലാതെ ഒരൊറ്റ ഗീയർ ഞാൻ ഇന്നേവരെ വാങ്ങിയിട്ടില്ല. അത് മാത്രമല്ല, ഇന്ന തരത്തിലുള്ള ജിം തന്നെ വേണം എന്ന് നിർബന്ധം പിടിച്ചിട്ടുമില്ല. രണ്ടാഴ്ചയിൽ കൂടുതൽ ഏതെങ്കിലും ഒരിടത്ത് താമസിക്കേണ്ടി വന്നാൽ അവിടെ അടുത്തുള്ള ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാം. കാരണം പറഞ്ഞാൽ അവർ സമ്മതിയ്ക്കും; മുഴുവൻ ഫീസ് കൊടുക്കേണ്ടതില്ല. തൊഴിൽ യാത്രകളിൽ മുന്തിയ ഹോട്ടലുകളിൽ താമസിക്കുമ്പോൾ അവിടെത്തെ ജിം ഉപയോഗിച്ചിരുന്നു. ഇതൊന്നും ഇല്ലാത്ത ഇടമാണെങ്കിൽ രണ്ടു ചുടുകട്ട ഉണ്ടെങ്കിൽ മിക്കവാറും എല്ലാ ജിം ഐറ്റവും അതുകൊണ്ട് ചെയ്യാൻ കഴിയും. ജിം ചെയ്യാൻ വേണ്ട സൗകര്യങ്ങൾ ഇല്ലാതെ വന്നപ്പോഴാണ് ഞാൻ ഓട്ടം പരിശീലിച്ചത്. ഓട്ടം എന്നാൽ അതിവേഗ ഓട്ടമല്ല; മെല്ലെയുള്ള ദീർഘദൂര ഓട്ടം. അതൊരു ലഹരിയാണ്. ഒരു ജോഡി ഷൂസും, ഒരു നിക്കറും ഒരു ടി ഷർട്ടും മാത്രം മതി. അല്ലാതെ ഗ്ലൂക്കോസ് വെള്ളവും ആപ്പിൾ വാച്ചും ഒന്നും വേണ്ട. ഡൽഹിയിലെ ഒരു പാർക്കിൽ ഓടിക്കൊണ്ടാണ് ഞാൻ എന്നിലെ ഓട്ടക്കാരനെ തിരിച്ചറിഞ്ഞത്. പിന്നെ അത് പോകുന്ന എല്ലാ ഇടത്തെയും ഓട്ടമായി മാറി. ഞാൻ സഞ്ചരിച്ചിട്ടുള്ള എല്ലാ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഞാൻ ദീർഘദൂര ഓട്ടം നടത്തിയിട്ടുണ്ട്. ഹറൂക്കി മുറാകാമി എന്ന ജാപ്പനീസ് എഴുത്തുകാരനാണ് എനിയ്ക്ക് ദീർഘദൂര ഓട്ടത്തിൽ പ്രചോദനമായത്; അതേക്കുറിച്ചു മറ്റൊരവസരത്തിൽ എഴുതാം.

കുറിപ്പെഴുതാനുള്ള ഒരു പ്രധാനകാരണം, സൈക്കിളിംഗ് ചെയ്യാൻ സൈക്കിൾ ട്രാക്ക് വേണം എന്ന ആവശ്യം പലേടത്ത് നിന്ന് ഉയർന്നത് കൊണ്ടാണ്. സൈക്കിൾ ട്രാക്കില്ലെങ്കിൽ സൈക്കിളിംഗ് (അത് വിനോദത്തിനായാലും വ്യായാമത്തിനായാലും ദിനംപ്രതി തൊഴിലിടത്തേയ്ക്ക് പോകാനായാലും) പ്രയാസകരമാണെന്ന് സമ്മതിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ സൈക്കിൾ ട്രാക്ക് വന്നാലേ സൈക്കിളിംഗ് ചെയ്യൂ എന്ന് നിർബന്ധം പിടിക്കുന്നതും ഇല്ലെങ്കിൽ അപകടം വരും എന്ന് ചിന്തിയ്ക്കുന്നതും തെറ്റാണെന്ന് പറയേണ്ടി വരും. സൈക്കിളിംഗിന് വേണ്ടത് ഒരു സൈക്കിളും രാവിലെ എഴുന്നേൽക്കാനുള്ള മനസ്സും മാത്രമാണ്. പറ്റുമെങ്കിൽ ഒരു കുപ്പി വെള്ളവും. അതില്ലെങ്കിലും വേണ്ടില്ല; വഴിയിൽ നിന്ന് കിട്ടും. സൈക്കിളിംഗിന് വിലകൂടിയ സ്പോർട്സ് സൈക്കിളിന്റെ ആവശ്യമില്ല. അതുള്ളവർ അത് ചെയ്തോട്ടെ. സൈക്കിളിംഗ് എന്നാൽ കുനിഞ്ഞിരുന്ന് അതിവേഗം ചവുട്ടിപ്പോകൽ അല്ല, അലസമായി, സ്വപ്നങ്ങൾ നെയ്ത്, നിങ്ങൾക്ക് മുന്നിൽ പ്രഭാതവെളിച്ചം വന്നു മെല്ലെ കയറുന്നത് കണ്ട് പതുക്കെ ചവുട്ടിപ്പോകൽ കൂടിയാണ്. ആദ്യമായി സൈക്കിളിംഗ് എന്ന് പറഞ്ഞാൽ അതൊരു സ്പോർട്സ് ഐറ്റം ആണെന്ന ചിന്ത നമ്മൾ കളയണം. കൈലി ഉടുത്തു കൊണ്ടും സൈക്കിൾ ചവിട്ടാം. ഗീയറുള്ള സൈക്കിൾ വേണമെന്നില്ല; സാധാരണ സൈക്കിൾ മതി. വേണ്ടത് നേരത്തെ പറഞ്ഞ രണ്ടു കാര്യങ്ങൾ മാത്രമാണ്, സൈക്കിളും വെളുപ്പാൻ കാലത്ത് എഴുന്നേൽക്കാനുള്ള നിശ്ചയവും.



സൈക്കിളുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുക എന്നത് മാത്രമാണ് റോഡ് സുരക്ഷയ്ക്കുള്ള ഏറ്റവും മികച്ച പ്രതിവിധി. ദൃശ്യതയാണ് സാമൂഹിക ഇടം നൽകുന്നത്. സ്ത്രീധനവും കൈക്കൂലിയും കൊടുക്കാത്ത, വാങ്ങാത്ത സമൂഹം വേണം എന്ന് നാം പറയുന്നുണ്ടെങ്കിൽ അത് മറ്റുള്ളവർ ചെയ്യുന്നതിന് വേണ്ടി കാത്തിരിക്കാനല്ല, മറിച്ച് നമ്മൾ തന്നെ അത് തുടങ്ങി വെക്കാനാണ്. സൈക്കിൾ സുരക്ഷ റോഡിൽ ഉണ്ടാകണമെങ്കിൽ റോഡിൽ കൂടുതൽ ആളുകൾ സൈക്കിളുമായി ഇറങ്ങണം. അതോടെ ഭരണകൂടവും റോഡിൽ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതമാകും. സൈക്കിൾ ട്രാക്ക് വന്നതിന്റെ പിറ്റേ ദിവസം ഞാൻ സൈക്കിളുമായി ഇറങ്ങിയിരിക്കും എന്ന് പറയുന്നവർ ജീവിതത്തിൽ ഒരിക്കലും സൈക്കിൾ ഉപയോഗിക്കാൻ സാധ്യതയില്ലാത്തവരാണ്. ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. സൈക്കിൾ ചവിട്ടാൻ പോകുമ്പോൾ ഞാൻ ഒരു സവിശേഷ വസ്ത്രവും ധരിക്കാറില്ല. പുസ്തകശാലയിലും മെഡിക്കൽ സ്റ്റോറിലും കടയിലും ഒക്കെ പോകുമ്പോൾ ധരിക്കുന്ന ഷോർട്സും, ടി ഷർട്ടും തന്നെയാണ് ധരിക്കുന്നത്. ഞാൻ ഉപയോഗിക്കുന്ന ഷൂസ്, നടക്കാനായി വാങ്ങിയ ഷൂസാണ്. ബൂട്ട്സ് എന്ന ഷോറൂമിൽ നിന്ന് അറുനൂറു രൂപയ്ക്ക് വാങ്ങിയതാണ്. സൈക്കിളിനു ഗീയർ ഇല്ല. കയറ്റമെല്ലാം പിടിച്ചു കൊണ്ടാണ് കയറുന്നത്. വെയ്ക്കുന്ന തൊപ്പി നൂറു രൂപയ്ക്ക് മ്യൂസിയത്തിന്റെ മുന്നിൽ നിന്ന് കിട്ടുന്നതാണ്. സംഗതി സ്റ്റൈലാണ്.

ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)