ചില സൈക്കിൾ കഥകൾ




സൈക്കിളിൽ ഇരുന്ന്, ഒരു കാൽ നിലത്തൂന്നി, കൈകൾ രണ്ടും ഹാന്ഡിലിലോ തൊട്ടടുത്ത് നിൽക്കുന്ന സ്നേഹിതന്റെ തോളിലോ വെച്ച് സംസാരിച്ചു നിൽക്കുന്ന ഒരു യുവാവിന്റെ ചിത്രമാകണം കുട്ടികളായ കുട്ടികളെയൊക്കെ കേരളത്തിലെ ഗ്രാമങ്ങളിൽ സൈക്കിളിലേയ്ക്ക് പ്രചോദിപ്പിച്ചിരുന്നത്. അതേ പോസിൽ നിൽക്കുന്ന യുവാവ്, അയാൾക്കെതിരെ പുസ്തകങ്ങൾ മാറോടടുക്കിപ്പിടിച്ച് നമ്രശിരസ്കയായി നിൽക്കുന്ന ഒരു യുവതി. ചിത്രം എത്ര തരുണന്മാരുടെ സ്വപ്നങ്ങളിൽ  കടന്നുവന്നിരിക്കില്ല!

വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഓടുന്ന ഒരു യന്ത്രമല്ലാത്ത യന്ത്രം. അതൊരു കേരവൃക്ഷം തന്നെ. അതിന്റെ ഏതൊരു ഭാഗമാണ് ഉപയോഗശൂന്യമായത്? ഒന്നുമില്ല. സൈക്കിൾ ഷോപ്പിന്റെ മുന്നിൽ മണലിലും ഗ്രീസിലും പൊതിഞ്ഞു കിടക്കുന്ന 'ഈയക്കുണ്ട്' എന്നറിയപ്പെട്ടിരുന്ന ബോളിനു പോലും കലക്റ്റിബിൾ വാല്യൂ ഉണ്ടായിരുന്നു. ടയർ, റിം, പെറ്റിൽ അഥവാ പെഡൽ, ഫ്രെയിം, സാഡിൽ അഥവാ സീറ്റ്, ചെയിൻ, മഡ്ഗാഡ് അഥവാ ചെളിതാങ്ങി, ലൈറ്റ്, ഡയാനമോ, കാരിയർ, ഫ്രണ്ട് കാരിയർ, ഹാൻഡിൽ കവർ, ഫ്രെയിം കവർ, പിന്നെ കാലാകാലങ്ങളിൽ ഉണ്ടാകുന്ന സൈക്കിൾ അലങ്കാരങ്ങൾ. ഇതിലേതെങ്കിലും ഒന്ന് കിട്ടിയാൽ മതിയായിരുന്നു ജീവിതം ധന്യമാകാൻ.



കാൽ സൈക്കിൾ, അര സൈക്കിൾ, മുക്കാൽ സൈക്കിൾ, മുഴു സൈക്കിൾ- സൈക്കിൾ അങ്ങനെ നാല് തരമുണ്ട്. മുച്ചക്ര സൈക്കിളിനെ സൈക്കിളായി കണക്കാക്കിയിട്ടില്ല. കാൽ സൈക്കിൾ ഒരു ഡിസൈൻ ഡിസാസ്റ്റർ ആണെന്ന് പറയാം. കാരണം കാൽ സൈക്കിളിനു പരുവമായവൻ ഒരു വർഷത്തിനുള്ളിൽ അര സൈക്കിളിനു പാകത്തിൽ വളരും. മുക്കാൽ സൈക്കിളും ഒരു ഡിസൈൻ ഡിസാസ്റ്റർ എന്ന് വേണമെങ്കിൽ പറയാം. അരയിൽ നിന്ന് മാറുകയും ചെയ്തു മുഴുവിൽ എത്തിയതും ഇല്ല. അരസൈക്കിളിൽ ആണ് മിക്കവാറും പേർ സൈക്കിൾ ചവിട്ടാൻ പഠിക്കുന്നത്. അരയിൽ പഠിക്കുമ്പോഴും മുഴുവിലാണ് നോട്ടം. മുഴുവിൽ ഇടയ്ക്കിട്ടു ചവിട്ടുക എന്നൊരു പരിപാടിയുണ്ട്. അടവ് പഠിച്ചാൽ പിന്നെ സൈക്കിളിൽ എന്തും ചെയ്യാം.

മുഴുസൈക്കിൾ ചവിട്ടുന്ന കുട്ടികളെ ഒന്ന് കാണേണ്ടത് തന്നെയാണ്. അവരുടെ ഇടുപ്പ് ഏകദേശം ഒന്നരയടി താഴേയ്ക്ക് വരും, ഒരു വശത്തേയ്ക്ക്. പിന്നെയത് മറു വശത്തേയ്ക്ക് പോകും. എല്ലാ നിയമങ്ങളെയും കാറ്റിൽപ്പറത്തിയാണ് അങ്ങനെ സൈക്കിൾ ചവിട്ടുന്നത് കാരണം ഔപചാരികമായ സൈക്കിൾ പഠനത്തിൽ രണ്ടു പാഠങ്ങളാണ് പ്രധാനം, ഇടുപ്പ് വളയരുത്, നേരെ നോക്കിച്ചവിട്ടണം. തുടക്കത്തിൽ നേരെ നോക്കിയാൽ പെഡലിൽ കാൽ നിൽക്കില്ല. പെഡലിൽ കാൽ കിട്ടുമോ എന്ന് നോക്കിയാൽ അടുത്തുള്ള വിളയിലേയ്ക്ക്, കമ്മ്യൂണിസ്റ്റ് പച്ചയുടെ കൂട്ടത്തിലേയ്ക് അല്ലെങ്കിൽ പെരുവലക്കൂട്ടത്തിലേയ്ക്ക് ഒരു വീഴ്ചയാണ്. തൊട്ടാവാടിയിൽ ലാൻഡ് ചെയ്യുന്നവനാണ് പിന്നെ കുറേനാൾ സൈക്കിളിനെ ശത്രുവായി കരുതുന്നത്.



ശിക്ഷിക്കാൻ അധികാരം നൽകിയാൽ എത്ര വലിയ നിഷ്കളങ്കൻ പിള്ളയായി നടിക്കുന്നവരും ഒന്നാന്തരം ക്രൂരന്മാരായി മാറും എന്നതിന് തെളിവാണ് പല കുട്ടികളെയും സൈക്കിൾ ചവിട്ടി പഠിപ്പിക്കാൻ നിയുക്തരാകുന്ന അല്പം മുതിര്ന്ന ബാലന്മാർ. പഠിപ്പിക്കാനായി ചുമതല നൽകുമ്പോൾ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ അധ്യാപകന് വലിയ അധികാരങ്ങളാണ് നൽകുന്നത്. "മാമീ, ഇവനെ ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു വാടകയ്ക്കെടുക്കാൻ പൈസയും വാങ്ങി ഇവൻ മുൻപേ നടക്കും. അറക്കാൻ കൊണ്ട് പോകുന്ന ക്ടാവിനെപ്പോലെ വിദ്യാർത്ഥി പിന്നാലെ ചെല്ലും. സൈക്കിളെടുത്ത് തിരക്കില്ലാത്ത ഒരു ഇടവഴിയിലേക്ക് കയറ്റിയാൽ അധ്യാപകൻ പോലീസാകും. നടുവിനടിച്ചാലേ കുട്ടി പഠിക്കൂ എന്ന് പരമ്പരാഗതമായി കിട്ടിയ അറിവ് അവൻ യഥേഷ്ടം ശിഷ്യന്റെ മേൽ പ്രയോഗിക്കും. പിൽക്കാലത്ത് സൈക്കിളുകൾക്ക് സപ്പോർട്ടിങ് വീലുകൾ വന്നതോടെ കുട്ടികൾക്ക് തന്നത്താൻ പഠിക്കാമെന്നായി.

സൈക്കിൾ ചവുട്ടി പഠിക്കുന്ന കാലത്തും പിന്നീടു കുറച്ചു നാളത്തേയ്ക്കും ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ എപ്പോഴും പുതിയ മുറിവോ കരിയുന്നതിന്റെ വിവിധ ഘട്ടങ്ങളിൽ നിൽക്കുന്ന മുറിവുകളോ ഉണ്ടായിരിക്കും. ഇപ്പോഴുള്ള പയ്യന്മാരുടെ കൈകളിൽ പഴുതാര ഓടിയത് പോലുള്ള ചില അടയാളങ്ങൾ കാണപ്പെട്ടാൽ മനസ്സിലായിക്കണം അവൻ ബൈക്കിൽ നിന്ന് ഇടിച്ചുകുത്തി വീണു ഇരുപത്തിയെട്ട് തയ്യലിട്ടതിന്റെ അടയാളമാണെന്ന്. സൈക്കിളിനു പ്രശ്നമില്ല. തെങ്ങിന്റെ പൂപ്പ്, കമ്മ്യൂണിസ്റ്റ് പച്ച ഞെരടി എടുക്കുന്ന നീര്, അല്ലെങ്കിൽ പെരുവലത്തിന്റെ ഇല ചതച്ചത് ഒക്കെ വെച്ചാൽ ഉണങ്ങുന്ന മുറിവുകളേ സൈക്കിൾ ഉണ്ടാക്കാറുള്ളൂ. കൂടിപ്പോയാൽ ജങ്ഷൻ വയലറ്റ് കൊണ്ട് കഴുകി ഒരു കെട്ട്; അതും പഞ്ചായത്ത് ആശുപത്രിയിൽ നിന്ന്.



എനിയ്ക്കൊരു അരസൈക്കിൾ അച്ഛൻ വാങ്ങിത്തന്നു. അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു. മേൽപ്പറഞ്ഞ വിദ്യാഭ്യാസാനുഭവങ്ങളിലൂടെ കടന്നു പോയി ഞാൻ സൈക്കിൾ വിദ്യയിൽ നിഷ്ണാതനായി. രണ്ടു കൈയും വിട്ട് സൈക്കിൾ ഓടിക്കാം എന്നൊക്കെയായി. നോർട്ടൺ എന്നായിരുന്നു സൈക്കിൾ കമ്പനിയുടെ പേര്. കറുത്ത നിറമുള്ളതായിരുന്നു. എന്റെ സുഹൃത്തായ മനുവിന് ആവോൺ എക്സ്പ്രസ്സ് എന്ന് പേരുള്ളതും ചുവന്ന നിറമുള്ളതുമായ ഒരു മുക്കാൽ സൈക്കിൾ ആയിരുന്നു അവന്റെ അച്ഛൻ വാങ്ങിക്കൊടുത്തത്. അന്നൊക്കെ സൈക്കിൾ പഞ്ചായത്തിൽ കൊണ്ട് പോയി രെജിസ്റ്റർ ചെയ്തു ലൈസൻസ് വാങ്ങണം. നമ്മൾ അത് ചെയ്തു. അതിനു ശേഷം ഗ്രാമത്തിലെമ്പാടും സൈക്കിളിൽ കറങ്ങി നടന്നു. മാസികകൾ വിതരണം ചെയ്യുന്ന പരിപാടി നടത്തി. കാരണം പറഞ്ഞ് വർക്കല, ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്കും സൈക്കിളിൽ പോയി.

എനിയ്ക്ക് അരസൈക്കിൾ ഉള്ളപ്പോൾത്തന്നെ വീട്ടിൽ വേറെ രണ്ടു മുഴു സൈക്കിൾ ഉണ്ട്. അച്ഛന് സൈക്കിൾ ഇഷ്ടമായിരുന്നു. അന്ന് അംബാസഡർ -ഫിയറ്റ് എന്ന് പറയുന്നത് പോലെ, സൈക്കിളിനും രണ്ടു കമ്പനിയെ പ്രധാനമായും ഉണ്ടായിരുന്നുള്ളൂ. ഹെർക്കുലീസും ഹീറോയും. പിന്നെ തെന്നിയും തെറിച്ചും അറ്റ്ലസ് അന്നൊരു കമ്പനിയും. അന്നത്തെ മാസികകളിലൊക്കെ സൈക്കിളിന്റെ പരസ്യം കൂടാതെ ലൈറ്റിന്റെയും ഡയനാമോയുടെയും പരസ്യം വന്നിരുന്നു. പണം അയച്ചു കൊടുത്താൽ തീയും പുകയും തുപ്പുന്ന തോക്ക് (ലൈസൻസ് വേണ്ട) കിട്ടും എന്ന പരസ്യവും ഉണ്ടായിരുന്നു. മനു കുറച്ചു പണം സംഘടിപ്പിച്ചു ഉത്തരേന്ത്യയിലേതെന്നു തോന്നിപ്പിക്കുന്ന ഒരു വിലാസത്തിൽ അയച്ചു കൊടുത്തു. കുറെ നാൾ കഴിഞ്ഞപ്പോൾ ഒരു പാഴ്സൽ പോസ്റ്റ് ഓഫീസിൽ വന്നു. മനു പോയി ഒപ്പിട്ടുകൊടുത്തു വാങ്ങി വീട്ടിൽ കൊണ്ട് വന്നു തുറന്നു. ദീപാവലിയ്ക്ക് കിട്ടുന്ന തരം തോക്കും ശിവകാശിയിൽ ഉണ്ടാക്കിയ പൊട്ടാസും.



അങ്ങനെയിരിക്കെ മലയാളനാട്, കേരളശബ്ദം തുടങ്ങിയ മാസികകളിൽ ഒരു പരസ്യം വരുന്നു. സൈക്കിളുകളെ മോട്ടോർ സൈക്കിൾ ആക്കാം. റാലി എൻജിൻ ഘടിപ്പിച്ചാൽ മതി. റാലി എൻജിൻ വേണമെന്നുള്ളവർ താഴെപ്പറയുന്ന വിലാസത്തിൽ ബന്ധപ്പെടാൻ നിർദ്ദേശവും ഉണ്ടായിരുന്നു. ഞാൻ അതിനായി ഒരുപാട് കരഞ്ഞു. പക്ഷെ ക്രൂരനായ അച്ഛൻ ആഗ്രഹം സാധിച്ചു തന്നില്ല. പക്ഷെ റാലി എൻജിൻ ഘടിപ്പിച്ചു മോട്ടോർ സൈക്കിൾ ആയ ഒരു സൈക്കിളിനെയും ഞാൻ ഗ്രാമത്തിലും നഗരത്തിലും ഒരിടത്തും കണ്ടതുമില്ല. അര സൈക്കിൾ കയ്യിലുള്ള കാലത്ത് തന്നെ ഒരു കുതിരയെ വാങ്ങണമെന്നും അതിൽ സ്കൂളിൽ പോകണമെന്നും ഉള്ള അതിയായ ആഗ്രഹം എനിയ്ക്കുണ്ടായിരുന്നു. ഏതോ വടക്കൻപാട്ട് സിനിമ കണ്ടതിന്റെ പ്രചോദനമായിരുന്നു. കുറെ കരഞ്ഞു നോക്കിയെങ്കിലും കുതിരയെ കിട്ടിയില്ല. അങ്ങനെ അരസൈക്കിളുമായി ഹൈസ്കൂളിലേയ്ക്ക് പ്രവേശിച്ചു.

അച്ഛന്റെ പക്കൽ രണ്ടു മുഴു സൈക്കിൾ ഉള്ള കാര്യം പറഞ്ഞല്ലോ; രണ്ടും ഹെർക്കുലീസ്, ഒന്ന് പഴയത്, മറ്റൊന്ന് പുതുപുത്തൻ. അന്ന് വക്കത്തെ സഹകരണം സംഘത്തിൽ സൈക്കിൾ ഇൻസ്റ്റാൾമെന്റിനു വാങ്ങാം. അങ്ങനെയാണ് അച്ഛൻ ഒരു പുതിയ സൈക്കിൾ വാങ്ങിയത്. സർക്കാരുദ്യോഗസ്ഥനായ അച്ഛൻ പക്ഷെ സൈക്കിളിൽ അല്ല ഓഫീസിൽ പോയത്. രണ്ടു സൈക്കിൾ വീട്ടിൽ വെറുതെ അങ്ങനെ വെക്കുന്നത് ശരിയല്ല എന്ന് കണ്ട അദ്ദേഹം അടുത്തുള്ള ഒരു വണ്ടിക്കടയുമായി ബന്ധപ്പെട്ട് ഒരു ബിസിനസ് ഡീൽ ഉണ്ടാക്കി; അതായത് രണ്ടു സൈക്കിളുകളും വാടകയ്ക്ക് കൊടുക്കാൻ വെയ്ക്കും. കട നടത്തുന്ന ആളിന് ഒരു ചെറിയ ശതമാനം കിട്ടും, ബാക്കി അച്ഛന്. എന്നാൽ പുതിയ സൈക്കിളിനു ഒരു വാല്യൂ അഡിഷൻ വേണം എന്ന് അച്ഛന് തോന്നി. പുതിയ സൈക്കിൾ വാടകയ്ക്ക് കൊടുക്കപ്പെടും എന്നെഴുതി കടയുടെ മുൻപിൽ കെട്ടിത്തൂക്കി. സാധാരണ സൈക്കിളിനേക്കാൾ പത്ത് പൈസ മണിക്കൂറിന് കൂടുതൽ.



വൈകീട്ട് ആറു മണിയാകുമ്പോൾ രണ്ടു സൈക്കിളും വീട്ടിൽ തിരികെ ഏൽപ്പിക്കണം എന്നാണ് നിബന്ധന. ഒരു ദിവസം അയാൾ പഴയ സൈക്കിൾ മാത്രമേകൊണ്ട് വന്നുള്ളൂ. ഒരാൾ പുതിയ സൈക്കിൾ എടുത്തുകൊണ്ടുപോയി എന്ന് കടക്കാരൻ പറഞ്ഞു. ആളിനെ അറിയാം. പക്ഷെ അയാൾ സൈക്കിൾ തിരികെ കൊണ്ട് വന്നില്ല. അച്ഛൻ പൂക്കുല ഒടിച്ചു നൽകിയാൽ തുള്ളും എന്ന അവസ്ഥയിൽ നിൽക്കുകയാണ്. ഒരു ദിവസം കഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു സൈക്കിളും ഇല്ല ആളും ഇല്ല. പോലീസിൽ പരാതി നൽകാനും പറ്റില്ല .സർക്കാർ ജീവനക്കാരൻ സമാന്തര ബിസിനസ് നടത്തുന്നു എന്നറിഞ്ഞാൽ പ്രശ്നം ആകും. ഗ്രാമം മുഴുവൻ വിഷയം അറിഞ്ഞു. മൂന്നാം ദിവസം രാവിലെ ഒരു ഏഴു മണിയാകുമ്പോൾ, പുതിയ സൈക്കിളുമായി ഒരാൾ വീട്ടിനു മുന്നിൽ. ആളുകൾ കൂടി. അച്ഛൻ അയാളെ ശകാരിച്ചു. അയാൾ വാടകയും നഷ്ടപരിഹാരവും നൽകി. സംഭവിച്ചത് ഇതായിരുന്നു; ഒരു പശുക്കുട്ടിയെ അയാൾക്ക് വെഞ്ഞാറമൂട്ടിലുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ എത്തിക്കണമായിരുന്നു. പശുക്കുട്ടിയെ ഒരു കുട്ടയിൽ ഇരുത്തി, 'പുതിയ' സൈക്കിളിന്റെ കാരിയറിൽ വെച്ച് കെട്ടി അയാൾ വെഞ്ഞാറമൂട്ടിൽ പോയതായിരുന്നു. പിന്നെ രണ്ടു ദിവസം അവിടെ സൽക്കാരമൊക്കെ സ്വീകരിച്ചു കഴിച്ചു കൂട്ടി. തിരികെ വരാൻ വൈകി. അതോടെ അച്ഛൻ ഒരു കാര്യം തീരുമാനിച്ചു; ഇനി സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്നില്ല.

അങ്ങനെയിരിക്കെ, ഞാൻ അരസൈക്കിൾ ഉപേക്ഷിച്ചു മുഴുസൈക്കിൾ ചവിട്ടാൻ തുടങ്ങി കുറേക്കാലം കഴിഞ്ഞപ്പോൾ രണ്ടു പുതിയ സൈക്കിളുകൾ രംഗത്ത് വന്നു; ബി എസ് എസ് എൽ ആർ എന്ന ബ്രാൻഡും, ബജാജ് സ്പോർട്സ് സൈക്കിളും. വമ്പിച്ച പരസ്യങ്ങളാണ് സൈക്കിളുകൾക്ക് ലഭിച്ചത്. ബി എസ് സൈക്കിൾ മുഴുസൈക്കിളും ഇറക്കി ഉപഭോക്താക്കളുടെ വിശ്വാസം ആർജിച്ച സമയത്തായിരുന്നു എസ് എൽ ആർ എന്ന ബ്രാൻഡ് പേരിൽ സ്പോർട്സ് സൈക്കിൾ ഇറങ്ങുന്നത്. ബജാജ് ഒപ്പം പിടിച്ചു. വക്കത്ത് ബജാജ് സ്പോർട്സ് മോഡൽ സൈക്കിൾ ആദ്യം കൊണ്ടുവന്നത് വക്കം സ്കൂളിലെ ഹരീന്ദ്രബാബു സാർ ആയിരുന്നു. വിദ്യാർത്ഥികളിൽ പലരും രണ്ടു കമ്പനികളുടെയും സ്പോർട്സ് മോഡൽ വാങ്ങാൻ തുടങ്ങി. അക്കൂട്ടത്തിൽ എനിയ്ക്കും ഒരു ചുവന്ന ബി എസ് എസ് എൽ ആർ സൈക്കിൾ ലഭിച്ചു. സൈക്കിൾ ഞാൻ എം പാസായിക്കഴിഞ്ഞു ഒരു വര്ഷം കൂടി ഉപയോഗിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്ത് തിരുവനന്തപുരം മുഴുവൻ ഞാൻ സൈക്കിളിൽ കറങ്ങുമായിരുന്നു. സൈക്കിളിന്റെ ഓർമ്മയ്ക്കായാണ് ഞാൻ ഇപ്പോൾ ബി എസ് എസ് എൽ ആർ തന്നെ വാങ്ങിയത്. പക്ഷെ അതിനു ചില ഡിസൈൻ വ്യത്യാസങ്ങൾ വരുത്തിയിരിക്കുന്നു. കൂടാതെ ഫോട്ടോൺ എക്സി എന്ന പേരിലാണ് അതിപ്പോൾ ഇറങ്ങുന്നത്. ചുവന്ന സൈക്കിൾ വേണം എന്നായിരുന്നു ആഗ്രഹം പക്ഷെ ലഭിച്ചത് കറുപ്പ്. വളരെ സുന്ദരനായ ഒരു സൈക്കിളാണത്.

- ജോണി എം എൽ


Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്