ഋഷി കപൂർ: എക്കാലവും ഇളയ സഹോദരനായിപ്പോയ ഒരു നടൻ




ഋഷി കപൂറിനെക്കുറിച്ച് എഴുതരുതെന്ന് കരുതിയതാണ്. പക്ഷെ തുടർച്ചയായുണ്ടായ എഴുത്തുകൾ കാണുകയും അവയിലെ ചില വിടവുകൾ നികത്തപ്പെടാതെ തുടരുകയും ചെയ്യുന്നത് കൊണ്ട് ചില കാര്യങ്ങൾ കുറിക്കുന്നു. എല്ലാ സിനിമാനുഭവങ്ങൾക്കും ഒരു വൈയക്തികതയുണ്ട്. സിനിമ കണ്ട കാലം, ഇടം, ഒപ്പമുണ്ടായിരുന്നവർ, സിനിമാശാലയ്ക്കുള്ളിലെ മണം, ഇതിലെല്ലാം ഉപരിയായി സിനിമ കാണാൻ വേണ്ടി നേരിട്ട കഷ്ടപ്പാടുകൾ, അക്കാലത്തെ മാനസികാവസ്ഥ തുടങ്ങി ഒരുപാട് കാര്യങ്ങളുണ്ട് ഒരു സിനിമയെ ഓർമ്മയിൽ നിർത്തുന്നത്. ഒരു നടനെ അല്ലെങ്കിൽ നടിയെ മനസ്സിലേറ്റുന്നതിനും ഇത്തരത്തിൽ ഒരുപിടി കാര്യങ്ങൾ ഉണ്ടാകാം.

ഒരു സിനിമാതാരവുമായി ഒരു കാഴ്ചക്കാരൻ നടത്തുന്ന സാത്മ്യപ്പെടലാണ് അയാൾ അഭിനയിക്കുന്ന കഥാപാത്രങ്ങളുമായുള്ള ബന്ധത്തിന് ആക്കം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത്. അങ്കിൾ ബണ്ണായി മമ്മൂട്ടിയെയോ മൃഗയയിലെ വാറുണ്ണിയായി മോഹൻലാലിനെയോ കാണികൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്, സാത്മ്യപ്പെടൽ കാരണമാണ്. പുതിയകാല സിനിമ വരുന്നത് വരെ, താരത്തിന്റെ പകർന്നാട്ടങ്ങളെ ആസ്പദിച്ചാണ് കഥാപാത്രത്തിന്റെ ശക്തിയെ വിലയിരുത്തിയിരുന്നത്. എന്നാൽ പുതിയകാല സിനിമ വരുന്നതോടെ താരശരീരത്തെക്കുറിച്ചുള്ള ബോധം അപനിർമ്മിക്കപ്പെടുകയും ഇടത്തേയ്ക്ക് കഥാപാത്രങ്ങൾ കടന്നു വരികയും ചെയ്യുന്നു. കഥാപാത്രങ്ങളാകാൻ കഴിയുന്ന താരങ്ങൾ വന്നതോടെ സിനിമയുമായുള്ള കാണിയുടെ ബന്ധം ഗണ്യമായി മാറി എന്ന് വേണം പറയാൻ. കമ്മട്ടിപ്പാടത്തിലെ ബാലേട്ടനെ (മണികണ്ഠൻ ആചാരി) നമ്മൾ ഇഷ്ടപ്പെടും; പക്ഷെ ജീവിതത്തിൽ മണികണ്ഠൻ ആചാരിയുടെ രൂപത്തെ അനുകരിക്കണമെന്ന് തോന്നില്ല. വിനായകനെപ്പോലെയോ സൗബിൻ താഹിറിനെപ്പോലെയോ ഫഹദ് ഫാസിലിനെപ്പോലെയോ കാഴ്ചയിൽ ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ഇപ്പോഴും കുറവായിരിക്കും.



ഋഷി കപൂറിനെപ്പോലുള്ള ഒരുനടൻ മലയാള സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ എന്നൊരു ചോദ്യം നമുക്ക് സാന്ദർഭികമായി ചോദിക്കാം. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അയാൾ പരാജയപ്പെടുമായിരുന്ന എന്നതാണ് സത്യം. കാരണം കാലഘട്ടത്തിൽ താരശരീരവുമായി സാത്മ്യപ്പെടൽ എന്നൊരു കാര്യം ഉണ്ടായിരുന്നു. ജോസ്, രവി കുമാർ, തുടർന്ന് രാജ് കുമാർ, ഷഫീക് (ലവ് സ്റ്റോറി), നിയാസ് മുസലിയാർ (ക്ഷണക്കത്ത്) തുടങ്ങിയ നടന്മാർക്ക് മലയാളത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതിരുന്നത് അവരുടെ ശരീരങ്ങളുമായി മലയാളിയ്ക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല എന്നതാണ്. ഗൾഫ് ബൂമിന്റെ ഗുണഫലങ്ങൾ കൃത്യമായി കേരളത്തിൽ പ്രതിഫലിക്കുന്നതിന് മുൻപാണ് ഇവർ മലയാള സിനിമയിൽ വന്നത്. അതെ സമയം മമ്മൂട്ടിയും മോഹൻലാലും നടന്മാർ എന്ന രീതിയിൽ പക്വത പ്രാപിക്കുന്ന എൺപതുകളിൽ ഗൾഫ് കൊഴുപ്പ് മലയാളിയുടെ തൊലിയ്ക്കടിയിൽ പിടിച്ചു കഴിഞ്ഞിരുന്നു. അതിനാൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും ശരീരങ്ങളുമായ് സാത്മ്യപ്പെടാൻ മലയാളിക്ക് കഴിഞ്ഞു. തൊട്ടുമുൻപുള്ള കാലഘട്ടത്തിൽ ജയൻ എന്ന നടനോടൊപ്പമാണ് കേരളത്തിൽ ജിമ്മുകൾ സാർവത്രികമായതെന്ന് നാം കാണേണ്ടതുണ്ട്.

പശ്ചാത്തലത്തിൽ നോക്കിയാൽ ഹിന്ദി സിനിമകൾ കേരളത്തിൽ കാണുന്നത് വളരെ കുറവായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. നമുക്കറിയാവുന്ന ഹിന്ദി താരങ്ങൾ ദേവാനന്ദ്, രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ, ധർമേന്ദ്ര, മിഥുൻ ചക്രവർത്തി, ശത്രുഘ്നൻ സിൻഹ, ഋഷി കപൂർ തുടങ്ങിയവർ ആയിരുന്നു. അവരുടെ പ്രശസ്തിയ്ക്ക് കാരണം ദേശീയതലത്തിൽ അവരുടെ സിനിമകളുടെ വിജയം ചർച്ച ചെയ്യപ്പെട്ടു എന്നതാണ്. എന്നാൽ അമ്പതുകളിലും അറുപതുകളിലും ഹിന്ദി സിനിമ കേരളത്തിൽ വ്യാപകമായി കണ്ടിരുന്നു. അന്ന് മലയാളസിനിമ എഴുപതുകളിലും എൺപതുകളിലും ഉണ്ടാക്കിയെടുത്ത സ്വയംപര്യാപ്തത ഉണ്ടാക്കിയെടുത്തിരുന്നില്ല എന്നതായിരുന്നു കാരണം. ഋഷി കപൂറിന്റേതായി കേരളത്തിൽ പ്രശസ്തമായ സിനിമകൾ ബോബി, കഴ്സ് (ശാപം എന്നാണ് വാക്കിനർത്ഥം. പലരും ഇതിനെ കറസ്എന്നാണ് പറയുന്നത്), ഹം കിസി സെ കം നഹി, നസീബ്, അമർ അക്ബർ ആന്റണി എന്നിവയും പിന്നെ കമൽ ഹാസനൊപ്പം അഭിനയിച്ച സാഗർ എന്ന ചിത്രവുമാണ്. ഋഷി കപൂറിന്റെ ഹിന്ദി ബെൽറ്റ് ചിത്രങ്ങളെയും, അക്കാലത്ത് പ്രശസ്തരായിരുന്ന രൺധീർ കപൂർ, വിനോദ് മെഹ്, രാകേഷ് റോഷൻ (ഹൃതിക് റോഷന്റെ പിതാവ്) തുടങ്ങി അനേകം നായകരെ കേരളത്തിൽ കേട്ടുകേൾവി പോലുമില്ലായിരുന്നു.



ഋഷി കപൂറിനെ കേരളത്തിലുള്ളവർക്ക് പ്രിയങ്കരമാക്കിയത് ബോബ്ബിയുടെ വിജയവും പ്രിത്വിരാജ് കപൂർ കുടുംബത്തിലെ ഇളയകണ്ണി എന്നുള്ള പേരുമായിരുന്നു. മേരാ നാം ജോക്കറിൽ സിമി ഗ്രെവാൾ അഭിനയിച്ച അധ്യാപികയുടെ നഗ്നത ഒളിച്ചു കാണുന്ന, രാജ് കപൂറിന്റെ കുട്ടിക്കാലമായി ഋഷി കപൂർ അഭിനയിച്ചിട്ടുണ്ടായിരുന്നെങ്കിലും, രാജ് കപൂറിന്റെ പരാജയ ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ചിത്രമായിരുന്നു മീരാ നാം ജോക്കർ. അതിനാൽ കേരളത്തിൽ ഒരു വിഭാഗം കാണികൾക്കിടയില്ലാതെ അതിന്  സാർവത്രിക അംഗീകാരം ഉണ്ടെന്ന് പറയുക വയ്യ. ബോബി കൾട്ട് സിനിമയായിരുന്നു. കൗമാരകാല ലൈംഗികാകർഷണത്തെ ഫ്രെയിം ചെയ്തു എന്നതായിരുന്നു സിനിമയുടെ പ്രത്യേകത. ആഗോളതലത്തിൽ ഉണ്ടായ ഫ്ലവർ പവർ ജനറേഷൻ അഥവാ ഹിപ്പി ജെനെറേഷൻ ഉയർത്തിവിട്ട ലൈംഗിക സ്വാതന്ത്ര്യ ചിന്തകൾ (ഇതിനെ മുഖ്യധാരാ ലൈംഗിക അരാജകത്വം എന്നാണ് വിശേഷിപ്പിച്ചത്) ആണ് ബോബി പ്രതിഫലിപ്പിച്ചത്; ഒപ്പം അത് ഇന്ത്യൻ കുടുംബ സദാചാരത്തെയും ഉയർത്തിക്കാട്ടി (എല്ലാവരും ഹം തും ഏക് കംരെ മേം ബന്ദ് ഹോ എന്ന ഗാനത്തെക്കുറിച്ചു പറയുമ്പോൾ 'ചൂട്ട് ബോലേ കൗവാ കാട്ടെ, കാലേ കൗവേ സെ ഡാരിയോ എന്ന ഗാനം ഊട്ടിയുറപ്പിക്കുന്ന ഇന്ത്യൻ മൂല്യവ്യവസ്ഥയെക്കുറിച്ചു പറയാറില്ല). ഏകദേശം ഇതേ കാലത്തിലാണ് ബോബിയുടെ തൊട്ടുമുന്നെ ഹിപ്പി തലമുറയുടെ സ്വതന്ത്ര്യാഘോഷവുമായി 'ഹരേ രാമ ഹരേ കൃഷ്ണ' എന്ന സിനിമയും വന്നത് എന്നത് ഓർക്കുക.


നായകനായി പല സിനിമകളിലും ഋഷി കപൂർ തുടർന്ന് അഭിനയിച്ചിട്ടുണ്ടെങ്കിലും (ഒടുവിൽ ഞാൻ അദ്ദേഹത്തെ കണ്ടത് പ്രിത്വിരാജ് അഭിനയിച്ച ആദ്യ ഹിന്ദി ചിത്രമായ ഔരംഗസെബിൽ ആയിരുന്നു) ഒരു സഹോദര റോളിൽ ആയിരുന്നു മലയാളി ഋഷി കപൂറിനെ സ്വീകരിച്ചിട്ടുള്ളത്. കാഴ്സ് എന്ന സിനിമയിൽ ഋഷി കപൂർ നായികയായിരുന്നു. ഒരു പുനർജന്മത്തിന്റെ കഥയായിരുന്നു (മേരി ഉമർ കി നൗജവാനോ എന്ന പ്രശസ്തമായ ഡിസ്കോ ഗാനത്തേക്കാൾ അതിൽ പ്രധാനമായിരുന്നത് ഏക് ഹസീനാ ധീ ഏക് ദിവാനാ ധാ എന്ന ഗാനമായിരുന്നു.). ഇത് എനക്കുൾ ഒരുവൻ എന്ന് പേരിട്ട് കമൽ ഹാസൻ 1984 - ഹിറ്റാക്കി. ഋഷി കപൂറിന് ഒരു ഡിസ്കോ ഡാൻസർ എന്ന് പേരെടുക്കാൻ കഴിയുന്നതിന് മുൻപ് മിഥുൻ ചക്രവർത്തി 1982 - ഡിസ്കോ ഡാൻസർ എന്ന ചിത്രത്തിലൂടെ പട്ടം സ്വന്തമാക്കി. അതിനും മുൻപ് 1977 -ൽത്തന്നെ ഋഷി കപൂർ ഇളയ സഹോദരൻ എന്ന പട്ടം സിനിമകളിൽ കരസ്ഥമാക്കിയിരുന്നു. അതെ വർഷത്തിൽ ഇറങ്ങിയ സമാനമായ കഥാതന്തുക്കളുള്ള അമർ അക്ബർ അന്തോണി എന്ന സിനിമയിലും (ഇത് മലയാളത്തിൽ പിൽക്കാലത്ത് ജോൺ ജാഫർ ജനാർദൻ എന്ന സിനിമയായി. ഋഷി കപൂറിന്റെ ഭാഗം അഭിനയിച്ചത് ഡിസ്കോ സെൻസേഷൻ ആയിരുന്ന രവീന്ദ്രൻ ആയിരുന്നു) ഹം കിസി സെ കം നഹി എന്ന സിനിമയിലും ഋഷി കപൂർ ഇളയ സഹോദരനായിരുന്നു. 1981 - ഇറങ്ങിയ നസീബ് എന്ന സിനിമയിലും ഋഷി കപൂറിന് ഇളയസഹോദരൻ പട്ടമാണ് കിട്ടിയത്. ഇതിനിടെ, ഡിസ്കോയിൽ നിന്ന് ചുവടുമാറിയ ഋഷി കപൂർ ഇടയിലെ നാടോടി നൃത്ത ശൈലിയും കാവാലിയും തന്റെ ശൈലിയാക്കി (ഹം കിസി സെ കം നഹിനിലെ അതെ ബോലുള്ള കാവാലിയും യെ ലഡ് ഹായ് അള്ളാ കൈസാ ഹി ദിവാനാ എന്ന ഗാനവും ശ്രദ്ധിക്കുക. അതിലെ ഏറ്റവും പ്രശസ്തമായ ക്യാ ഹുവാ എന്ന ഗാനം നൽകിയത് താരിഖിനാണ്. സഞ്ജീവ് കപൂറിനെ ഓർമ്മിപ്പിച്ചു കൊണ്ടെത്തിയ താരിഖിന് പക്ഷെ ഹിന്ദി സിനിമയിൽ പിടിച്ചു നിൽക്കാനായില്ല. സഞ്ജയ് കപൂറിനെ ഓർമിപ്പിച്ച ചന്ദ്രചൂഡ് സിങ്ങിനും ചന്ദ്രചൂഡ് സിംഗിനെ ഓർമ്മിപ്പിച്ചെത്തിയ സിദ്ധാർഥ് കൊയ്രാളയ്ക്കും പിടിച്ചു നിൽക്കാൻ കഴിയാത്തത് പോലെ. അതുപോലെ അതെ സിനിമയിലെ ചാന്ദ് ,മേരാ ദിൽ ചാന്ദിനി ഹോ തും എന്ന സെമി ഡിസ്കോ ഗാനത്തിൽ ഋഷി കപൂറിനും താരിഖിനും ഒരേ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്). നസീബിലെ, അണ്ടർ ഡോഗ് ബോക്സർ ആയ അമിതാഭ് ബച്ചനെ നേർ വഴിക്ക് നടത്താൻ ശ്രമിക്കുന്ന ഇളയ സഹോദരനായാണ് ഋഷി കപൂർ വരുന്നത് (ചൽ മേരെ ഭായ് തെരെ ഹാഥ് ജോഡ്ത്താ ഹു എന്ന ഗാനം).



എൺപതുകളായിരുന്നു ഋഷി കപൂറിന്റെ കാലം. ദശകത്തിൽ ഋഷി കപൂറിനെ നായകനാക്കിയുള്ള ചിത്രങ്ങൾ വിജയിച്ചു. പ്രേം രോഗ് (1982) സാഗർ (1985) , നാഗിന (1986) , ചാന്ദ്നി (1989) ഇവയായിരുന്നു പ്രധാന ചിത്രങ്ങൾ. സാഗറിൽ ബോബിയുടെ ചില ഓർമ്മകൾ പുതുക്കാൻ വേണ്ട വേണ്ട എല്ലാമുണ്ടായിരുന്നു. ഡിംപിൾ കപാഡിയ ഋഷി കപൂറിനും കമൽ ഹാസനും ഇടയിൽ നിൽക്കുമ്പോൾ, ഒടുവിൽ അവളുടെ കൈകൾ ഋഷി കപൂറിനാണ് കിട്ടുന്നതെങ്കിലും, അപ്പോഴേയ്ക്കും ദുരന്തനായകൻ പട്ടം കൂടി കരസ്ഥമാക്കിയിരുന്നു കമൽ ഹാസൻ (ഏക് ദൂജേ കെ ലിയേ, സാദ്മാ, പ്രേമാഭിഷേകം, പുന്നകൈ മന്നൻ, ചിപ്പിക്കുൾ മുത്ത്, നായകൻ) സാഗറിന്റെ മൊത്തം ക്രെഡിറ്റും കൊണ്ട് പോയി. ഋഷി കപൂറിന് പിന്നെ ബാക്കിയുണ്ടായിരുന്നത് ജിതേന്ദ്ര എന്ന ജംപിങ് ജാക്ക് ഉണ്ടാക്കിയ ശൈലിയെ തന്റേതായ രീതിയിൽ പുനർസൃഷ്ടിക്കുകയായിരുന്നു. അതിനായി ദഫ്ലി എന്നൊരു ചെണ്ട (ഡോലക്ക്) മുട്ടുന്ന നായകനായി ഋഷി കപൂർ തിളങ്ങി. ഏതൊരു ഗാനരംഗത്തിലും ഒരു ഫ്ലി കൈയിൽ കൊടുത്താൽ അത് ഋഷി കപൂർ നന്നാക്കും എന്ന് വന്നതോടെ അത്തരത്തിൽ ഗാനരംഗങ്ങളിൽ അദ്ദേഹം ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടു. അതെ സമയം ജാക്കി ഷ്റോഫ്, മിഥുൻ ചക്രവർത്തി, സഞ്ജയ് ദത്ത്, സണ്ണി ഡിയോൾ, നാനാ പടേക്കർ, അമോൽ പലേക്കർ, നസ്രുദീൻ ഷാ, ഫാറൂക്ക് ഷെയ്ഖ് തുടങ്ങിയ നടന്മാരിൽ നിന്ന് ശക്തമായ മത്സരം ഋഷി കപൂറിന് നേരിടേണ്ടി വന്നിരുന്നു. അമിതാഭ് ബച്ചന്റെ സിനിമകളും ഋഷി കപൂറിന് വലിയ വെല്ലുവിളികൾ ഉയർത്തി.



ഡോലക്ക് വായിക്കുന്നത് സ്വാഭാവികമായി അവതരിപ്പിക്കുമായിരുന്ന ഋഷി കപൂർ, ഗാനരംഗങ്ങളിൽ, പ്രത്യേകിച്ച് കവാലികളിൽ തിളങ്ങി. ഡാൻസ് അധിക നാൾ മുന്നോട്ട് കൊണ്ട് പോകാൻ ഋഷി കപൂറിന് കഴിഞ്ഞില്ല. വർധിച്ചു വരുന്ന ശരീരഭാരവും, ബിസിനസ് കാര്യങ്ങളും എല്ലാം കൂടി ഋഷി കപൂറിന് മുഖ്യധാരാ സിനിമയിൽ ഇടം കുറച്ചു. അപ്പോഴേയ്ക്കും ഗോവിന്ദ, സുനിൽ ഷെട്ടി, അക്ഷയ് കുമാർ, സൽമാൻ ഖാൻ, ഷാരുഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയ നടന്മാർ രംഗത്തെത്തി രംഗം മാറ്റിയിരുന്നു. ജാവേദ് ജാഫ്രി, സരോജ് ഖാൻ, ഫറാ ഖാൻ, പ്രഭുദേവ തുടങ്ങി പുതിയ കൊറിയോഗ്രാഫർമാർ രംഗത്തെത്തിയതോടെ ഋഷി കപൂറിനെപ്പോലുള്ള ഡിസ്കോ നടന്മാർക്ക് പിടിച്ചു നിൽക്കാൻ കഴിയാതെയായി. അവരുടെ ശൈലികൾ എന്താണെന്ന് മനസ്സിലാകണമെങ്കിൽ ഫറ ഖാൻ സംവിധാനം ചെയ്ത ഓം ശാന്തി ഓം (2007) എന്ന സിനിമയിലെ 'ദേഖോ ദേഖോ യെ ശാം ബദീ ദീവാനീ' എന്ന ഗാനചിത്രീകരണം നോക്കിയാൽ മതി. രണ്ടായിരത്തി അഞ്ചിന് ശേഷമാണ് ഋഷി കപൂറിന് ഒരു തിരിച്ചു വരവ് നടത്താൻ കഴിഞ്ഞത്. ക്യാരക്റ്റർ റോളുകൾ നന്നായി ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷെ രോഗം അദ്ദേഹത്തെ തിരികെപ്പിടിച്ചു. ഒന്നാലോചിച്ചാൽ കപൂർ കുടുംബത്തിലെ എല്ലാ നായകന്മാർക്കും അവരുടെ ഇമേജ് ഒരു വലിയ ബാധ്യതയായിരുന്നു. ശശി കപൂർ മാത്രമാണ് ഭാരങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്നത്. ഋഷി കപൂറിന്റെ മകനായ രൺബീർ കപൂറിലൂടെ കപൂർ കുടുംബം മുന്നോട്ട് നീങ്ങുന്നു (കരിഷ്മ കപൂറിനേയും കരീനാ കപൂറിനേയും മറന്നു കൊണ്ടല്ല ഇത് പറയുന്നത്). ഋഷി കപൂർ യാത്രയിൽ കുറെ ആഹ്ളാദ നിമിഷങ്ങൾ നൽകി.

- ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്