ഒരു ഗ്രാമത്തിന്റെ കഥ 9: പൊട്ടച്ചൻ വിളാകം എന്ന പള്ളിക്കൂടത്തിന്റെ പിറവി



(ശ്രീനാരായണ ഗുരു ) 

താഴ്ന്ന ജാതിയിൽപ്പെട്ട മനുഷ്യരെ മൃഗങ്ങളായും അടിമകളായും കണ്ടിരുന്ന കാലം. തിരുവിതാംകൂറിൽ പല ഭരണപരിഷ്കാരങ്ങളും നടക്കുന്നുണ്ട്. എങ്കിലും നായന്മാരുൾപ്പെടെയുള്ള താഴ്ന്ന ജാതികൾക്ക് തൊഴിലിൽ അവസരങ്ങൾ കിട്ടുന്നില്ല. എല്ലാം ബ്രാഹ്മണർക്ക് തന്നെ പോകുന്നു, അങ്ങനെയാണ് മലയാളി മെമ്മോറിയൽ എന്നൊരു നിവേദനം 1891 - രാജാവിന് മുന്നിൽ സമർപ്പിക്കുന്നത്. തമിഴ് ബ്രാഹ്മണർക്കും നമ്പൂതിരിമാർക്കും മാത്രമല്ല ഇതര ജാതിക്കാർക്കും സർക്കാരിൽ തൊഴിൽ ലഭിക്കണം എന്നായിരുന്നു ആവശ്യം. അതിൽ നായർ സമുദായത്തിന് പ്രാമുഖ്യം ലഭിക്കുന്നു എന്നുള്ളത് കൊണ്ടായിരിക്കണം അഞ്ചുവർഷത്തിനുള്ളിൽ, 1896 - ഈഴവ മെമ്മോറിയലും ശ്രീമൂലം തിരുനാളിനു മുൻപാകെ സമർപ്പിക്കപ്പെട്ടു. അപ്പോഴാണ് ഒരു കാര്യം മനസ്സിലാകുന്നത്. സർക്കാരിൽ തൊഴിൽ കിട്ടാനും ശ്രീപദ്മനാഭന്റെ പത്തു ചക്രം കിട്ടാനും അവസരം വേണമെങ്കിൽ തൊഴിൽ ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. പക്ഷെ വിദ്യാഭ്യാസം ഉള്ളവർ എവിടെ താഴ്ന്ന ജാതികളിൽ അവർ വയൽപ്പണിയും ചെത്തും കയറു പണിയുമായി കഴിയുകയായിരുന്നല്ലോ. ചട്ടമ്പി സ്വാമിയും ഡോക്ടർ പല്പുവും ശ്രീ നാരായണ ഗുരുവും മഹാത്മാ അയ്യന്കാളിയുമൊക്കെ താഴ്ന്ന ജാതിക്കാരുടെ വിദ്യാഭ്യാസത്തിനായി വാദിച്ചു തുടങ്ങി.

തിരുവിതാകൂറിൽ, നവോത്ഥാനനായകന്മാരുടെ നിരന്തരമായ പ്രക്ഷോഭങ്ങളും ആവശ്യപ്പെടലുകളും മൂലം, വിദ്യാഭ്യാസം സാർവത്രികമാക്കുകയും അടിസ്ഥാനവിദ്യാഭ്യാസം സൗജന്യമാക്കുകയും ചെയ്തു. സ്കൂളുകൾ പലേടത്തും പൊന്തിവന്നു. രാജാവ് അനുവദിച്ച ഇടങ്ങളിലും ഗ്രാമപ്രമുഖർ വിട്ടുകൊടുത്ത സ്ഥലങ്ങളിലും ഒക്കെ സ്കൂളുകൾ വരാൻ തുടങ്ങി. 1904 - ആയിരുന്നു ഇത്. നായർ കുട്ടികൾ അങ്ങനെ സ്കൂളിൽ പോകാൻ തുടങ്ങി. അപ്പോഴാണ് ഈഴവക്കുട്ടികൾ സ്കൂളിലേക്ക് വരാൻ തുടങ്ങിയത്. ജാതീയമായ തൊട്ടുതീണ്ടൽ പാടില്ലാത്ത കാലമാണ്. അനാചാരങ്ങൾ വിളയാടുന്ന കാലം. ഈഴവക്കുട്ടികൾ സ്കൂളിൽ കടന്നു വന്നതോടെ അവരെ തൊട്ടാൽ അശുദ്ധമാകും എന്ന് പേടിച്ചു നായർ കുട്ടികൾ ജന്നൽ ചാടി ഓടിക്കളഞ്ഞു. ഈഴവക്കുട്ടികൾ, അങ്ങനെയെങ്കിൽ അങ്ങനെ എന്നുറച്ച് പഠിക്കാൻ തയാറായി. അപ്പോഴതാ ഗേറ്റു കടന്നു കുറെ പുലയക്കുട്ടികൾ കടന്നു വരുന്നു. അവർ തൊട്ടാൽ അശുദ്ധമാകുമെന്ന് കരുതി ഈഴവക്കുട്ടികൾ ജനൽ ചാടി ഓടിക്കളഞ്ഞു. പുലയക്കുട്ടികൾ ക്ലാസ്സിൽ ഇരുന്നപ്പോഴാകട്ടെ ഓടിക്കളഞ്ഞത് ബ്രാഹ്മണരും നായരുമൊക്കെ ആയ അധ്യാപകനായിരുന്നു. 1914 - പഞ്ചമി എന്ന് പേരുള്ള പെൺകുട്ടിയെയും കൊണ്ട് വെങ്ങാനൂർ സ്കൂളിൽ കയറിച്ചെന്ന മഹാത്മാ അയ്യങ്കാളിയെയും പിന്നെ പഞ്ചമി ഇരുന്ന ബെഞ്ചും സ്കൂളും കത്തിച്ചു കളഞ്ഞ സവർണ്ണരെയും ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് നമുക്കറിയാമല്ലോ.


(മഹാത്മാ അയ്യൻ‌കാളി )

'വിദ്യ കൊണ്ട് പ്രബുദ്ധരാകൂ, സംഘടന കൊണ്ട് ശക്തരാകൂ,' എന്ന് ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത് ഈയൊരു പശ്ചാത്തലം കൃത്യമായി മനസ്സിലാക്കിയിട്ടായിരുന്നു. വേദം ബ്രാഹ്മണർക്ക് മാത്രമേ പാടുള്ളൂ എന്നും വേദം കേൾക്കാൻ സ്ത്രീകളും ശൂദ്രന്മാരും അർഹരല്ലെന്നും വേദം ശ്രവിച്ച ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്നും ഒക്കെയുള്ള നിയമങ്ങൾ ഉണ്ടായിരുന്ന നാടാണ്. അവിടെയാണ് സംസ്കൃതം പഠിച്ച നാരായണ ഗുരു വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ താഴ്ന്ന ജാതികളോട് ഒക്കെ ആവശ്യപ്പെടുന്നത്. അദ്ദേഹം പലരും കരുതുന്നത് പോലെ ഈഴവരോട് മാത്രമല്ല ആഹ്വാനം നടത്തിയത്; ഈഴവരാദി പിന്നോക്ക സമുദായങ്ങളോടൊക്കെയും ആയിരുന്നു. കൂടാതെ സംഘടന കൊണ്ട് ശക്തരാകാനും അദ്ദേഹം ആവശ്യപ്പെട്ടു. സമുദായം എന്ന നിലയിലും തൊഴിൽ ശക്തി എന്ന നിലയിലും സമ്പത്ത് ഉത്പാദിപ്പിക്കുന്നവർ എന്ന നിലയിലും സമൂഹസൃഷ്ടാക്കൾ എന്ന നിലയിലും സംഘടിതമായി നിന്നാൽ മാത്രമേ മനുഷ്യർക്ക് ശക്തിയാർജ്ജിക്കാൻ കഴിയൂ എന്ന് നാരായണ ഗുരു തിരിച്ചറിഞ്ഞു. കേരളത്തിൽ കമ്മ്യൂണിസം വേരുപിടിക്കാനുള്ള ഒരു പ്രധാനകാരണം ശ്രീനാരായണ ഗുരുവായിരുന്നു എന്ന് നമുക്ക് പറയേണ്ടി വരും കാരണം മനുഷ്യന്റെ ചിന്തയാണ് ഭൗതികശക്തിയായി രൂപം കൊല്ലുന്നതെന്ന് കണ്ട മാർക്സ് പറഞ്ഞത് തന്നെയാണ് നാരായണ ഗുരുവും പറഞ്ഞത്. അധ്വാനിക്കുന്ന തൊഴിലാളികൾ സംഘടിക്കണമെന്നാണ് കമ്മ്യൂണിസം ആവശ്യപ്പെട്ടത്. ഇത് തന്നെയാണ് യൂറോപ്യൻ വിദ്യാഭ്യാസം ലഭിക്കാത്ത ഗുരുവും പറഞ്ഞത്. പക്ഷെ നമുക്ക് സന്ന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്നു പറയാനുള്ള ആർജ്ജവവും ഗുരുവിനുണ്ടായി. 1924 - ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്നപ്പോൾ നാരായണഗുരു ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നതാണ് ചരിത്രപരമായി നാം മനസ്സിലാക്കേണ്ടത്.

ചരിത്രപശ്ചാത്തലത്തിൽ, വക്കത്ത് നടന്ന ഒരു സംഭവം ഒന്ന് ഭാവനയിൽ സൃഷ്ടിച്ചെടുക്കുകയാണ്. വക്കത്തുള്ള സമ്പന്ന ഗൃഹങ്ങളിൽ ഒന്നായിരുന്നു കടൈവിളാകം. അവിടത്തെ പ്രധാനിയും ഗൃഹനാഥനുമാണ് കൊച്ചുപപ്പു തരകൻ മുതലാളി. തരകൻ എന്ന സ്ഥാനം സർക്കാർ കോൺട്രാക്റ്റുകൾ ഒക്കെ ഏറ്റെടുത്തു ചെയ്തു കൊണ്ടിരുന്ന പ്രമാണിമാർക്ക് അനുവദിച്ചു കിട്ടുന്ന സ്ഥാനപ്പേരാണ്. കയറും നാളികേരവും വയലും ഒക്കെയായി വലിയൊരു കൃഷി-ബിസിനസ് സാമ്രാജ്യം തന്നെ തരകനുണ്ടായിരുന്നു. ഡോക്ടർ പല്പുവുമായും നാരായണ ഗുരുവുമായും അടുത്ത ബന്ധം. നാരായണഗുരു വക്കത്ത് വരുമ്പോൾ കടൈവിളാകത്ത് വിശ്രമിക്കാനായി കയറും. വക്കത്തെ പുത്തൻ നടയിലും ദൈവപ്പുരയ്ക്കടുത്ത്, അണയിലേയ്ക്ക് പോകും വഴി ഉള്ളിലുള്ള ഒരു ചെറിയ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സ്ഥാപനത്തിലും ഗുരുവിന്റെ സാന്നിധ്യമോ ആശീർവാദമോ ഉണ്ടായിരുന്നു. 1903 ലായിരുന്നു എസ് എൻ ഡി പി യോഗം സ്ഥാപിതമായത്. അതിന്റെ പിന്നിലും തരകന്റെ സജീവമായ സാന്നിധ്യം ഉണ്ടായിരുന്നു.


(വക്കം മൗലവി )


അക്കാലത്ത് തന്നെ വക്കത്ത് ഒരു സ്കൂൾ വേണം എന്ന ആവശ്യം ജനങ്ങൾക്കിടയിൽ ബലപ്പെട്ടു വരികയായിരുന്നു. സ്കൂൾ സ്ഥാപിക്കാൻ ഒരു സ്ഥലം വേണം. വലിയ ഇടവഴി എന്നാണ് നിലയ്ക്കാമുക്ക് ഇറങ്ങി വരുന്ന വഴിയുടെ പേര്. കാളവണ്ടി മാത്രമാണ് വാഹനം എന്ന് പറയാനുള്ളത്. തൊട്ടടുത്ത പട്ടണം ആറ്റിങ്ങലാണ്. ഏലാപ്പുറം മുഴുവൻ വയലാണ്. വരമ്പിലൂടെ നടന്നു അപ്പുറം കടന്നാൽ കൊല്ലമ്പുഴയായി. അവിടെ ഇറങ്ങിക്കുളിച്ചിട്ടോ വിശ്രമിച്ചിട്ടോ ഒക്കെയായിരുന്നു ആളുകൾ യാത്ര തുടർന്നിരുന്നത്. കടത്ത് കഴിഞ്ഞു കയറിയാൽ ആറ്റിങ്ങൽ റാണിയുടെ കൊട്ടാരമായി. പുത്തൻ കാവ് ക്ഷേത്രവും ചുറ്റുംപാടും കണ്ണെത്താദൂരത്ത് കിടക്കുന്ന വയലേലകളും എല്ലാം റാണിയുടെ സ്വന്തമാണ്. തൊട്ടടുത്ത സ്വരൂപം എന്നത് കിളിമാനൂരാണ്. കൊട്ടാരത്തിലെ ഇളമുറത്തമ്പുരാനായിരുന്നു രാജാ രവി വർമ്മ എന്ന വിശ്രുത ചിത്രകാരൻ. ആറ്റിങ്ങലും അഞ്ചുതെങ്ങുമായിട്ടായിരുന്നു ബന്ധം. ബ്രിട്ടീഷുകാരുടെ ആദ്യത്തെ പണ്ടകശാലയായിരുന്നു അഞ്ചുതെങ്ങ് കോട്ട. കച്ചവടവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാർ നികുതി വെട്ടിപ്പും കുരുമുളകിന്റെ വിലയിൽ തിരിമറി നടത്തലും ചെയ്തതോടെ ആറ്റിങ്ങൽ റാണി ബ്രിട്ടീഷുകാരെ ആക്രമിക്കുകയും നൂറ്റിനാല്പത് ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളക്കാരെ കൊന്നൊടുക്കി അഞ്ചുതെങ് കോട്ട പിടിക്കുകയും ചെയ്തു. 1721 ലായിരുന്നു കലാപം നടന്നത്.

ആറ്റിങ്ങലിൽ നിന്ന് പ്രധാനവഴി കടക്കാവൂരിലേയ്ക്കും അവിടെ നിന്ന് അഞ്ചുതെങ്ങിലേയ്ക്കുമായിരുന്നു. കൂടാതെ അന്ന് ജലമാർഗ്ഗമായിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്. കായിക്കരക്കടവ് ഉൾപ്പെടെയുള്ള വക്കത്തിന്റെ അതിർത്തി മേഖല പണ്ടകശാലകൾ കൂടിയായി ഉപയോഗിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നു. കായിക്കര അക്കരെ കാണുന്ന വലിയ കെട്ടിടം അത്തരത്തിലൊരു ബിസിനസ് ഹബ് ആയിരുന്നിരിക്കാം. വലിയ ഇടവഴിയുടെ ഇരുവശത്തും കയ്യാലകളും അവയ്ക്കുള്ളിലെ വേലികളില്ലാത്ത പുരയിടങ്ങളിൽ പല തരം തൊഴിലുകൾ ചെയ്യുന്ന ആളുകൾ ചെറിയ വീടുകളിലും താമസിച്ചിരുന്നു. പെരുങ്കുടികൾക്ക് മാത്രമായിരുന്നു വലിയ വീടുണ്ടായിരുന്നത്. കടൈവിളാകത്തെ വീട്ടിന് വലിയ പടിപ്പുരയും മറ്റുമുണ്ട്. അന്ന് അവിടേയ്ക്ക് കുറെ പ്രമാണിമാർ നടന്നു ചെന്നു. തരകൻ ചെറുപ്പക്കാരാനാണ്; എങ്കിലും ബിസിനസിലും വ്യവസായങ്ങൾ നടത്തുന്നതിലും മിടുക്കൻ. ആഗതർ വന്ന കാര്യം അറിയിച്ചു. വക്കത്ത് ഒരു സ്കൂൾ വേണം. കടയ്ക്കാവൂരിൽ സ്കൂളുണ്ട്. കുട്ടികൾക്ക് അവിടെ പോയി പഠിക്കാൻ ബുദ്ധിമുട്ടുണ്ട്; പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. സ്കൂളിനായി കുറച്ചു സ്ഥലം വിട്ടു കിട്ടണം. അതിനാണ് അവർ വന്നിരിക്കുന്നത്. കൊച്ചുപപ്പു തരകന്റെ കൈവശം വക്കത്തെ ധാരാളം പുരയിടങ്ങളും തെങ്ങിൻതോപ്പുകളും കിടപ്പുണ്ട്. അതിൽ ഏതെങ്കിലും ഒന്ന് കിട്ടിയാൽ സ്കൂൾ വെയ്ക്കാനുള്ള അനുമതി സർക്കാരിൽ നിന്ന് ഉടൻ കിട്ടും.



(ആറ്റിങ്ങൽ കൊട്ടാരം )

ആവശ്യം കേട്ട് തരകൻ ഒന്ന് പുഞ്ചിരിച്ചു. എല്ലാവര്ക്കും കുടിക്കാൻ വെള്ളം കൊടുക്കാൻ വേലക്കാരോട് പറഞ്ഞു. മുറുക്ക് ശീലമുള്ളവർക്ക് മുറുക്കാനുള്ള സാവകാശവും തരകൻ നൽകി. ഇടവേളയിൽ കൊച്ചുപപ്പു തരകന്റെ മനസ്സ് നാരായണഗുരുവിന്റെ സവിധത്തിൽ ചെന്നെത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് ഗുരു തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടത്. "പപ്പൂ, നമുക്ക് അമ്പലങ്ങൾ അല്ല ഇനി വേണ്ടത് പള്ളിക്കൂടങ്ങളാണ്. വക്കത്ത് നിനക്കവുന്നത് ചെയ്യണം." അന്ന് ഗുരുവിന് കൊടുത്ത വാക്കായിരുന്നു. ബഹുകാര്യസ്മരണയാൽ അതിനെ ഒന്ന് നിവർത്തിക്കാൻ തരം കിട്ടിയില്ല. കൊല്ലത്തേയ്ക്കും ആലപ്പുഴയിലേയ്ക്കും ഒക്കെയുള്ള യാത്രകൾക്ക് ധാരാളം സമയം വേണം. പക്ഷെ ഗുരുവിന്റെ വാക്കുകൾ മനസ്സിൽ നിന്ന് പോയിട്ടില്ലായിരുന്നു. അതാണ് തരകൻ ചിരിച്ചത്. സ്കൂളിനായുള്ള സ്ഥലം പോലും അദ്ദേഹം മനസ്സിൽ അളന്നു കുറിച്ച് കഴിഞ്ഞിരുന്നു. ഇപ്പോൾ എല്ലാവരുടെയും കണ്ണ് തരകന്റെ മുഖത്താണ്. "നിങ്ങളുടെ ആവശ്യം എന്റെയും ആവശ്യം തന്നെ," തരകൻ പറഞ്ഞു. അത് കേട്ട് എല്ലാവര്ക്കും ആശ്വാസമായി. തൊട്ടടുത്ത കാവിൽ നിന്ന് ഒരു കാറ്റ് വീശി. അത് അവരുടെ മനസ്സിനെയും ശരീരത്തിനെയും കുളിർപ്പിച്ചു.

"ആട്ടെ, നിങ്ങളുടെ മനസ്സിൽ സ്ഥലം ഏതെങ്കിലും കിടപ്പുണ്ടോ?" തരകൻ ചോദിച്ചു. ഒരാൾ മുരടനക്കി. "വലിയ ഇടവഴി ഇങ്ങോട്ട് തിരിയുന്ന സ്ഥലത്ത്, ചന്തയ്ക്കും മുൻപ് കുറെ മാവും പ്ലാവും തെങ്ങും ഉള്ള നാലേക്കർ കിടപ്പുണ്ട്. അതാണ് നമ്മൾ കണ്ടത്. പടിഞ്ഞാറെയുള്ള കുഞ്ഞുങ്ങൾക്കും വരാൻ എളുപ്പം," അവരിൽ ഒരാൾ പറഞ്ഞു. അത് ശരിയാണെന്ന് കൂട്ടത്തിലുണ്ടായിരുന്ന ഉസ്താദും തലയാട്ടി. തരകൻ ആദ്യം മനസ്സിൽ ചിരിച്ചു പിന്നെ അതൊരു ചെറു പുഞ്ചിരിയായി മുഖത്ത് തെളിഞ്ഞു. "നിങ്ങളിൽ ആർക്കാണ് മനസ്സ് വായിക്കാൻ അറിയാവുന്നത്?" തരകൻ ചോദിച്ചു. തിണ്ണയിൽ ഇരുന്ന പ്രമാണിമാർ മുഖത്തോടു മുഖം നോക്കി. ഇനി അബദ്ധം വല്ലതുമാണോ നമ്മൾ പറഞ്ഞത് എന്ന അങ്കലാപ്പ് അവരുടെ മുഖങ്ങളിൽ ഉണ്ടായിരുന്നു. "പെരുങ്കുടി എന്താ അങ്ങനെ ചോദിച്ചത്?" ഉസ്താദ് ചോദിച്ചു. അത് കണ്ടപ്പോൾ തരകനു പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഉസ്താദിന്റെ മുഖം വിളറി. പൊടുന്നനെ തരകൻ ഒരുകാര്യം ആലോചിച്ചു. കഴിഞ്ഞ ആഴ്ചയാണ് വക്കം മൗലവിയും താനുമായുള്ള സംഭാഷണം നടന്നത്. പള്ളിക്കൂടം സ്ഥാപിക്കാൻ തരകനോളം തന്നെ ഉത്സാഹം മൗലവിയ്ക്കുമുണ്ട്. "വേണമെങ്കിൽ നമുക്ക് പൂന്ത്രാൻ വിളാകത്തിനടുത്ത് സ്ഥലം നോക്കാം. ഇപ്പോൾ അച്ചുകൂടം കിടക്കുന്നതിനടുത്ത് മുള്ളുവിളാകം എന്നൊരിടം കിടപ്പുണ്ട്. അവിടെയുള്ളവർക്ക് അത്രയും സ്ഥലം നമുക്ക് അതിന്റെ പിന്നിൽ കൊടുക്കാം. ഞാൻ പറഞ്ഞാൽ അവർ സമ്മതിക്കാതിരിക്കില്ല," മൗലവി പറഞ്ഞു. തരകൻ തലയാട്ടി എന്നിട്ട് തന്റെ മനസ്സിലുള്ള സ്ഥലത്തെക്കുറിച്ചു പറഞ്ഞു. മൗലവി തരകനെ ആലിംഗനം ചെയ്തു.


വക്കം പുരുഷോത്തമൻ )

"പൊട്ടച്ചൻ വിളാകം," തരകൻ ചിരിച്ചു കൊണ്ട് പറഞ്ഞു. നാട്ടുകാര്യക്കാർ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി. "അതല്ലേ നിങ്ങൾ പറയുന്ന പുരയിടം?" അതെയെന്ന് അവർ തലയാട്ടി. "നല്ല കാഫലമുള്ള പുരയിടമാണ്," തരകനിലെ വ്യവസായി ഉണർന്നു; പക്ഷെ അത് മനഃപൂർവമായിരുന്നു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്നറിഞ്ഞത് കൊണ്ട് ആഗതരെ കുറച്ചു വട്ടം ചുറ്റിക്കാം എന്ന് തന്നെ തരകൻ തീരുമാനിച്ചു. "ആ സ്ഥലം പള്ളിക്കൂടത്തിനെടുത്താൽ രണ്ടു മാവും എട്ടു തെങ്ങുകളും മുറിക്കേണ്ടി വരും....നഷ്ടക്കച്ചവടമല്ലേ?" തരകൻ ആലോചനയിലാണ്ടപോലെ ഇരുന്നു. "കാഫലമുള്ള മരം നമുക്ക് പുരയിടത്തിന്റെ അതിരു ചേർത്ത് നടാം പെരുങ്കുടി," വട്ടവിളയിലെ രാമകൃഷ്ണനാണ് സംസാരിച്ചത്. "അതൊരു നല്ല ആശയമാണ്. നമ്മൾ ഒന്ന് വെട്ടിയാൽ അതിന് പകരം ഒന്ന് വെയ്ക്കണം. പിന്നെ കാഫലത്തിന്റെ കാര്യം. കുഞ്ഞുങ്ങൾ പഠിച്ചു വളർന്ന് വലിയ ഉദ്യോഗസ്ഥരാകുന്നതും വ്യവസായങ്ങൾ തുടങ്ങുന്നതും വലിയ സ്ഥാനങ്ങൾ വഹിക്കുന്നതും ഒക്കെ കാഫലം കിട്ടുന്നതിന് സമമല്ലേ?" എന്ന് ചോദിച്ചു കൊണ്ട് തരകൻ ചുറ്റുമിരിക്കുന്നവരെ നോക്കി. അവരുടെ ആശയക്കുഴപ്പം മാറിവരുന്നതിന്റെ സൂചനകൾ ചെറിയ പുഞ്ചിരികളായി പ്രത്യക്ഷപ്പെടുന്നത് തരകൻ കണ്ടു. "എന്നാൽപ്പിന്നെ നിങ്ങൾ കാര്യങ്ങൾ ഉഷാറായി തുടങ്ങിക്കൊള്ളൂ. അളവുകാരനെ നാളെ വരാൻ പറയൂ. ഞാൻ രാവിലെ വരാം. പിന്നെ സ്‌കൂൾ തുടങ്ങുന്നതിനുള്ള കടലാസു പണികളിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ആശാനോട് പോയി ചോദിച്ചാൽ മതി. ഗുരുവിന്റെ ഒപ്പം യാത്രയില്ലെങ്കിൽ കായിക്കര ഉണ്ടാകും," തരകൻ പറഞ്ഞു. സന്തോഷസൂചകമായി എല്ലാവര്ക്കും ഓരോ കരിക്ക് വെട്ടി നൽകാൻ തരകൻ മുറ്റത്ത് തേങ്ങാ പൊതിച്ചു കൊണ്ട് നിന്ന ശങ്കരൻ പണിക്കനോട് പറഞ്ഞു. അയാൾ തളപ്പുമായി പൊക്കം കുറഞ്ഞൊരു തെങ്ങിന്റെ അരികിലേക്ക് പോയി. കരിക്ക് കുടിച്ചു കഴിഞ്ഞ് എല്ലാവരും ഇറങ്ങിയപ്പോൾ തരകൻ ഉള്ളിലേയ്ക്ക് ചിരിച്ചു. ഇപ്പോൾ അദ്ദേഹം ചിരിച്ചത് മറ്റൊരു കാര്യത്തിനായിരുന്നു. താൻ അടുത്തിടയെയായി ആലോചിക്കുമ്പോഴും പറയുമ്പോഴുമെല്ലാം 'വ്യവസായം വ്യവസായം' എന്ന വാക്ക് നിരന്തരം ഉപയോഗിക്കുന്നു. ഗുരുവാണ് തന്റെയുള്ളിൽ എപ്പോഴും എന്ന് തരകനു നിശ്ചമായിരുന്നു.

തരകനും നാട്ടുകാരും വിചാരിക്കുന്നതിനു മുൻപ് സ്കൂളിനായുള്ള കെട്ടിടം, ചെറുതെങ്കിലും ഒന്ന് തയാറായി. വർഷങ്ങൾ കഴിയുന്നതിനനുസരിച്ചു കൂടുതൽ കെട്ടിടങ്ങൾ വേണ്ടി വരും.അത് കുഴപ്പമില്ല, കാലത്തോട് കാലം വേണ്ടത് ഗുരു പറഞ്ഞു തരും. അത് തരകനു ഉറപ്പായിരുന്നു. അധികം മരങ്ങൾ മുറിയ്ക്കേണ്ടി വന്നില്ല. ചെറിയൊരു ഓലക്കെട്ടിടവും കളിസ്ഥലവും തയാറായി. അങ്ങനെ ഔപചാരികമായി 1908 - വക്കം സ്കൂൾ ആരംഭിച്ചു. പൊട്ടച്ചൻ വിളാകം പള്ളിക്കൂടം എന്നായിരുന്നു അത് അറിയപ്പെട്ടത്. അക്കാലത്ത് അവിടെ തേർഡ് വരെയേ ഉണ്ടായിരുന്നുള്ളൂ. അതായത് ഇപ്പോഴത്തെ അപ്പർ പ്രൈമറി സ്കൂൾ വരെ. പിന്നെയുള്ളത് ഫോർത്തും ഫിഫത്തും സിക്സ്തും ആയിരുന്നു. അതായത് ഇപ്പോഴത്തെ ഹൈസ്കൂൾ. അത് പഠിക്കണമെങ്കിൽ കടയ്ക്കാവൂർ സ്കൂളിൽ പോകണം. സിക്സ്ത് പാസായി നിൽക്കുന്നു തോറ്റു നിൽക്കുന്നു എന്നതൊക്കെ അന്നത്തെ പ്രധാനപ്പെട്ട സംഗതികൾ ആയിരുന്നു. ഏഴാം ക്ളാസ് പാസായാൽ ഉദ്യോഗം കിട്ടുന്ന കാലമായിരുന്നു അത്. ബ്രിട്ടീഷുകാർ പോയി; ഇന്ത്യൻ ഭരണം വന്നു. വക്കത്തും ഹൈസ്കൂൾ ഉണ്ടായി എന്ന് മാത്രമല്ല സ്കൂൾ വിദ്യാഭ്യാസം അഴിച്ചു പണിപ്പെട്ടു. സിക്സ്ത് എന്നത് പത്താം ക്ലാസ്സായി. സെക്കണ്ടറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് എന്ന എസ് എസ് എൽ സി ആയി. അപ്പോഴും പൊട്ടച്ചൻ വിളാകം എന്ന പേര് മാറിയില്ല. പള്ളിക്കൂടം എന്ന് പറഞ്ഞവർ സ്കൂൾ എന്ന് പറയാൻ തുടങ്ങി എന്ന് മാത്രം.



(വക്കം സ്‌കൂൾ അങ്കണം )

സൈക്കിളുകൾ നിർത്താൻ ഒരു പോർട്ടിക്കോയോട് കൂടിയ എൽ ആകൃതിയിലുള്ള ഇരു നില കെട്ടിടമാണ് സ്കൂളിന്റെ പുതിയ കെട്ടിടമായി വന്നത്. അത് വന്നതിന് ശേഷം ഏതോ സേവനവാര ദിനത്തിൽ വെച്ച ബദാം തൈ വളർന്നു പന്തലിച്ചു സ്കൂളിന്റെ പ്രധാന തണലായി മാറി. സ്കൂളിന്റെ വടക്കേ അരികിലായി രണ്ടു ഓടിട്ട കെട്ടിടങ്ങൾ. അവിടെയാണ് പ്രൈമറി സ്കൂൾ. തൊട്ടടുത്തായി രണ്ടു ഓല ഷെഡ്ഡുകൾ. അവിടെ ആറാം ക്ലാസ്സുകളും ഏഴാം ക്ലാസ്സുകളിൽ ഒന്നോ രണ്ടോ എണ്ണവും. പിന്നെ കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ആസ്ബറ്റോസ് ഇട്ട ഒരു ഷെഡ് കൂടി കിഴക്ക് വശത്ത് വന്നു. അതിനടുത്തായി വലിയൊരു ഇലവ് മരം നിന്നിരുന്നു. പറമ്പിൽ ചീലാന്തിയും പറങ്കി മാവുകളും ഉണ്ടായിരുന്നു. കുട്ടികൾക്ക് വെള്ളം കുടിക്കാനായി വലിയൊരു കിണറും ടാങ്കും ഉണ്ടായി. അങ്കണത്തിൽ പ്രധാന കെട്ടിടത്തോട് ചേർന്ന് ഒരു സ്റ്റേജ്. സ്കൂളിന്റെ തെക്കു കിഴക്കേ മൂലയിലായി പെൺകുട്ടികളുടെയും അധ്യാപികമാരുടെയും വാഷ്റൂമുകൾ. പടിഞ്ഞാറ് ഭാഗത്തായി രണ്ടെണ്ണം ആൺകുട്ടികൾക്കും പുരുഷ അധ്യാപകന്മാർക്കുമായി. ഇതൊക്കെ ഉണ്ടെങ്കിലും പ്രൈമറി കുട്ടികൾ പറമ്പിൽ എവിടെയും നിന്ന് മൂത്രമൊഴിക്കുമായിരുന്നു.


(മനോജ്, മനു, മഞ്ജു ) 

എൺപതുകളുടെ തുടക്കത്തിൽ സ്കൂളിൽ ഒരു മിനി സ്റ്റേഡിയം വരും എന്ന പ്രഖ്യാപനം സർക്കാരിൽ നിന്നുണ്ടായി. കുറെ വർഷങ്ങൾക്ക് ശേഷം അത് സാധിതമായപ്പോൾ വക്കം സ്കൂൾ ഗ്രൗണ്ട് ഗ്രാമത്തിലെ ചെറുപ്പക്കാരുടെ ക്രിക്കറ്റ് ഗ്രൗണ്ടായി മാറി. 1983- സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. അങ്ങനെ വക്കം സ്കൂളിന് എഴുപത്തിയഞ്ച് വയസ്സായി എന്ന കാര്യം മാലോകർ അറിഞ്ഞു. തങ്ങളുടെ ഇടയിൽ നിത്യ യൗവ്വനയുക്തയായി നിന്ന് വക്കം സ്കൂളിന് എഴുപത്തിയഞ്ച് വയസ്സായി എന്ന് വിശ്വസിക്കാൻ ആളുകൾക്ക് പ്രയാസമായിരുന്നു. കടൈവിളാകത്ത് കൊച്ചുപപ്പു തരകൻ തുടക്കമിട്ട വക്കം സ്കൂൾ അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ കുടുംബവുമായി സ്കൂളിനുള്ള ബന്ധത്തിന് ഏറെ ആഴം ഉണ്ടായിക്കഴിഞ്ഞിരുന്നു. തരകന്റെ മകനായ ഭാനുപ്പണിക്കർ സ്‌കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചു. ഭാനുപ്പണിക്കാരുടെ മകനാണ് വക്കം ബി പുരുഷോത്തമൻ എന്ന കോൺഗ്രസ് നേതാവ്, കൃഷി, ആരോഗ്യ വകുപ്പ് മന്ത്രി, നിയമസഭാ സ്പീക്കർ, ആൻഡമാൻ നിക്കോബാർ, മിസോറാം ഗവർണർ എന്നിങ്ങനെ വിവിധ പദവികൾ അലങ്കരിക്കുകയും വക്കം സ്കൂളിന്റെ രക്ഷാധികാരിയായി നിലകൊള്ളുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ വക്കം ഗോപിനാഥൻ പ്രശസ്തനായ കൃഷി വകുപ്പുദ്യോഗസ്ഥനും കൃഷി സംബന്ധിയായ ഗ്രന്ഥങ്ങളുടെ രചയിതാവുമായി. അദ്ദേഹത്തിന്റെ ഭാര്യയും മയ്യനാട്ടുകാരിയുമായി ശാന്തകുമാരി ടീച്ചർ വക്കം സ്കൂളിലെ പ്രിയങ്കരിയായ അധ്യാപികയായി. ഗോപിനാഥൻ സാറിന്റെയും ശാന്തകുമാരി ടീച്ചറുടെയും മക്കളായ മനോജ്, മനു, മഞ്ജു എന്നിവർ വക്കം സ്കൂളിൽ പഠിക്കുകയും ഉന്നതമായ വിജയം നേടുകയും ചെയ്തു. വേണമെങ്കിൽ നഗരത്തിലെ കോൺവെന്റുകളിലെ പഠിക്കാൻ അയക്കാമായിരുന്നിരിക്കെ മക്കളെ വക്കം സ്കൂളിൽത്തന്നെ ചേർത്ത് അവർ മാതൃക കാട്ടി. എൺപതുകളുടെ ഒടുവിൽ അവിടെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വന്നു. പിന്നെ പ്ലസ് ടു വന്നു. മനോഹരമായ അങ്കണത്തിനു മുകളിൽ മേൽക്കൂര വന്നു. പുറത്തുനിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും കൂടുതൽ വന്നു. അതോടെ വക്കത്തുകാർ സ്കൂളിന്റെ ദൈനംദിനതയിൽ നിന്ന് അകന്നകന്നു പോയി. പക്ഷെ ഒരിക്കൽ അവിടെ പഠിച്ചവർക്ക് വക്കം സ്കൂൾ ഒരു വികാരമാണ്. അത് ഗ്രാമത്തിന്റെ നാഡിയും ഞരമ്പും ഹൃദയവും തലച്ചോറുമായിരുന്നു. ഗ്രാമത്തിന്റെ അഭിമാനമായിരുന്നു വക്കം സ്കൂൾ. പൊട്ടച്ചൻ വിളാകം എന്ന പേര് ഇപ്പോൾ ആരെങ്കിലും ഓർക്കുന്നുണ്ടാവുമോ എന്തോ?

- ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)