ഒരു ഗ്രാമത്തിന്റെ കഥ 8: വെള്ളിയാഴ്ചകളും വക്കം സ്കൂളിലെ തേൻകിണ്ണം പൂങ്കിണ്ണവും




'തേൻ കിണ്ണം പൂങ്കിണ്ണം താഴെ കാട്ടിലെ താമരക്കുളമൊരു തേൻ കിണ്ണം ...പൂങ്കിണ്ണം." 1976 - ഇറങ്ങിയ   യക്ഷഗാനം എന്ന സിനിമയ്ക്ക് വേണ്ടി വയലാർ രാമവർമ്മ എഴുതി എം എസ് വിശ്വനാഥൻ സംഗീതം പകർന്ന് യേശുദാസും പി സുശീലയും പാടിയ ഗാനവും വക്കം സർക്കാർ ഹൈസ്കൂളും തമ്മിൽ ഒരു ബന്ധമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുന്നവർ കുറവായിരിക്കും. ദ്വയാർത്ഥം നിറഞ്ഞ പാട്ട് വക്കം സ്കൂളിൽ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ഒന്നര മണിയോടെ  മൈക്കിൽ കേൾപ്പിക്കും എന്ന് പറഞ്ഞാൽ പുതിയ തലമുറയിൽപ്പെട്ടവർ അത് വെറുതെ ആയിരിക്കുമെന്ന് പറയും. പക്ഷെ ഇത് പാട്ട് പോലെ തന്നെ ഒരു നഗ്ന സത്യമായിരുന്നു. വക്കം സ്കൂളിനെക്കുറിച്ചുള്ള കഥകൾ പാട്ടിലൂടെ തുടങ്ങുന്നതാവും നല്ലതെന്നു തോന്നുന്നു.

വെള്ളിയാഴ്ച്ചകൾക്ക് ഒരു പ്രത്യേകതയുണ്ട്; വക്കം സ്കൂളിലെന്നല്ല, സ്കൂളിൽ പഠിച്ചിട്ടുള്ള എല്ലാ കുട്ടികളും വളരെ ആകാക്ഷാപൂർവ്വം കാത്തിരിക്കുന്ന ഒരു ദിവസമാണത്. ഉച്ച തിരിഞ്ഞുള്ള അവസാനത്തെ പിരിയഡിൽ അദ്ധ്യാപകൻ എന്തെങ്കിലും കാരണവശാൽ വന്നില്ലെങ്കിൽ, ക്ലാസ്സിലെ ബഹളം കാരണം അടുത്തുള്ള ക്ലാസ്സുകളിൽ പഠനം മുടങ്ങുന്നുവെങ്കിൽ, ഹെഡ്മാസ്റ്റർ തന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് ക്ലാസിനെ വീട്ടിൽ പോകാൻ അനുവദിക്കും. പ്രധാനാധ്യാപകനായ സദാശിവൻ സാർ തന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങുന്നുവെന്ന് കേട്ടാൽ മതി, പുലിയിറങ്ങിയെന്നറിഞ്ഞ ഗ്രാമം പോലെ സ്കൂൾ നിശബ്ദമാകും. കടയ്ക്കാവൂർ നിന്നാണ് സാർ വരുന്നത്. രാവിലെയുള്ള അസ്സെംബ്ലി കഴിഞ്ഞാൽ സാർ പുറത്തിറങ്ങാറില്ല; അതാണ് മിക്കവാറും വിദ്യാർത്ഥികളുടെ ഒരു ധൈര്യം. പക്ഷെ പുറത്തിറങ്ങിയാൽ സാർ മലപ്പുറം കത്തി പോലെയാണ്; ഏതെങ്കിലും കുട്ടിയുടെ ചന്തിയിലെ ചോര കണ്ടേ സാറിന്റെ ചൂരലിനു  തിരികെ കയറാനാകൂ.



സദാശിവൻ സാർ വരുമ്പോൾ അതുവരെ ബഹളക്കാരായിരുന്നവർ, പെറ്റു കണ്ണ് തുറക്കാത്ത പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കതയും മറ്റും മുഖത്ത് വരുത്തി മഹദ് വചനം കേൾക്കാനായി കാത്തിരിക്കും. "ആരാണ് പിരിയഡിൽ വരാനുള്ളത്?" ഇടത് കൈയിൽ പിടിച്ചിരിക്കുന്ന ചൂരൽ, ഉടുമുണ്ടിന്റെ തുമ്പ് ഉൾപ്പെടെ ശരീരത്തിന് പിന്നിലായാണ് സാർ പിടിച്ചിരിക്കുന്നത്.ചൂരലിന്റെ തുമ്പ് പരമശിവന്റെ കഴുത്തിലെ പാമ്പിന്റെ പത്തി പോലെ ക്ലാസിലെ ഓരോ കുട്ടിയേയും നോക്കി ചിരിക്കും. "ഹരീന്ദ്രൻ സാറാണ് സാർ," ഏതെങ്കിലും ഒരുത്തൻ ശരീരത്തിലും മനസ്സിലും ഒക്കെയുള്ള ധൈര്യം സംഭരിച്ചു പറയും. സാർ ഒന്ന് അമർത്തി മൂളും. വക്കം സ്കൂളിൽ ആദ്യമായി ഇന്സേര്ട്ട് ചെയ്ത ഷർട്ടും ബെൽബോട്ടം പാന്റ്സും ധരിച്ചു വരുന്നത് ഹരീന്ദ്രൻ സാർ ആയിരുന്നു. സാറിന് ശുദ്ധ ചെറുപ്പം. ബജാജ് അക്കാലത്തിറക്കിയ വളഞ്ഞ ഹാൻഡിലുള്ള ഒരു പുതിയ സൈക്കിളും സാറിനുണ്ട്. എല്ലാം കൊണ്ടും പുതുപുത്തൻ. മലയാളമാണ് പഠിപ്പിക്കുന്നത്. യുവാവായതു കൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും ഇഷ്ടവും ആണ്. അപൂർവമായേ സാർ വരാതിരിക്കാറുള്ളൂ.

"സ്റ്റാഫ് റൂമിൽ അറിയിച്ചില്ലേ?" സദാശിവൻ സാർ ചോദിക്കും. "അറിയിച്ചു സാർ, വേറെ ആരും ഇല്ല," ധൈര്യശാലിയ്ക്ക് വിനയം കൂടും. സാധാരണയായി ഏതെങ്കിലും ഒരു അദ്ധ്യാപകൻ വന്നില്ലെങ്കിൽ പിരീയഡിൽ വരാൻ നിയോഗിക്കപ്പെടുന്നത്, ട്രാൻസ്പോർട്ട് ഡിപ്പോയിലെ സ്പെയർ ബസ്സുകളെപ്പോലെ, സ്കൂളിലെ സ്പെയർ അധ്യാപകരാണ്. സ്പെയർ ബസ്സുകളെ നിങ്ങൾ കണ്ടിട്ടില്ലേ? സാധാരണ വരുന്ന ബസ്സുകളെപ്പോലെ അല്ല അവ. ടാറ്റായുടെ ബസ്സായിരിക്കും. അതിന്റെ ഗ്രിൽ പക്ഷെ പഴയൊരു സീരിസിലെ ടാറ്റാ ബസ്സിന്റേതായിരിക്കും. പല ബസുകളുടെയും സ്പെയർപാർട്സുകൾ എടുത്ത് അഡ്ജസ്റ്റ് ചെയ്ത് ആണ് ബസ്സുകൾ നിർത്തിയിരിക്കുന്നത്. സാധാരണ വരുന്ന ബസ്സിന്റെ സ്ഥാനത്ത് ഇവ വരുമ്പോൾ ആളുകൾക്ക് ചിരിയാണ് വരുന്നത്. ബസ്സിന് തന്നെ ആകെപ്പാടെ ഒരു അങ്കലാപ്പാണെന്ന് തോന്നും. ഒരിക്കലും ഇങ്ങനെ പകരം ഓടാൻ അവസരം വരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ബസ്സുകൾ വരുന്നത്. പക്ഷെ ഇവയ്ക്കൊരു ഗുണമുണ്ട്. സാധാരണ ബസ്സുകളുടെ എൻജിൻ പവറും സ്പീഡും ഒന്നും ഇല്ലാത്തതിനാൽ, ആളുകൾ കൈകാണിച്ചിട്ടു നിർത്തിയില്ലെങ്കിലും നടന്നു കൊണ്ട് തന്നെ കയറാം. അതിനാൽ സ്പെയർ ബസ്സുകളെ ആളുകൾക്ക് ഇഷ്ടവുമാണ്. സ്പെയർ ബസ്സുകൾക്കാകട്ടെ എങ്ങനെയെങ്കിലും ആറ്റിങ്ങലിലെ വർക്ക്ഷോപ്പ് ഡിപ്പോയിൽ ചെന്ന് കയറിയാൽ മാത്രം മതി. അവിടെ ഗ്രീസ് നിറമുള്ള തറയിൽ,  മൂന്നരക്കാലിൽ നിൽക്കുന്ന ബസ്സുകളുടെ കൂട്ടത്തിൽ നെറ്റി മാത്രം പുറത്ത് കാണിച്ചു വെറുതെ വഴിയിലേക്ക് നോക്കി നിന്നാൽ മാത്രം മതിയല്ലോ.



സ്പെയർ അധ്യാപകരോടുള്ള എല്ലാ സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടാണ് ഇതെഴുതുന്നത്. അതിനാൽ ആരും പിണങ്ങല്ലേ. രഘുവരൻ സാറാണ് സ്പെയർ അധ്യാപകരിൽ പ്രമുഖൻ. സ്കൂളിൽ മുണ്ടിൽ നിന്ന് പാന്റ്സിലേയ്ക്ക് സ്വയം മാറിയ അധ്യാപകരിൽ ഒരാളാണ് രഘുവരൻ സാർ. ഡ്രിൽ അധ്യാപകനാണ്. ഡ്രിൽ സാറിന് വലിയ അധികാരങ്ങളൊക്കെയാണ് ഉള്ളത്. ഒന്നും പഠിപ്പിക്കേണ്ട കാര്യമില്ലെങ്കിലും സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളിലും നടത്തിപ്പുകാരനാകുന്നത് രഘുവരൻ സാർ ആണ്. അത് സ്കൂൾ യുവജനോല്സവമാകട്ടെ, കായിക ദിനമാകട്ടെ, അതിന്റെ മുന്നിൽ രഘുവരൻ സാർ ഉണ്ടാകും. സ്വർണ്ണ നിറമുള്ള ഫ്രയിമുള്ള കണ്ണാടിയാണ് വെയ്ക്കുന്നത്. ചെറിയ ചെക്കുള്ള നീല ഷർട്ടും നീല പാന്റ്സും ആണ് വേഷം. കൈയിൽ ഒരു ചൂരൽ എപ്പോഴും കാണും. അത് കുട്ടികളെ അനുസരണ പഠിപ്പിക്കാനാണോ അതോ സ്വരക്ഷയ്ക്കാണോ കൊണ്ട് നടക്കുന്നതെന്ന് സംശയിച്ചു പോകും. ഡ്രിൽ സാറായത് കൊണ്ട് കടുപ്പമുള്ള പ്രവർത്തികൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കേണ്ട ചുമതല കൂടാതെ അവരിൽ നിന്ന് നല്ല പെർഫോമൻസ് പുറത്തെടുപ്പിക്കേണ്ട ചുമതല കൂടി രഘുവരൻ സാറിന്റേതാണ്. കുട്ടികളും മനുഷ്യരാണല്ലോ. ഒരുപരിധി കഴിഞ്ഞാൽ അവർക്കും ദേഷ്യം വരുമല്ലോ. സാറന്മാരെ കയറി ആക്രമിക്കണം എന്ന് അവർക്ക് തോന്നിയാലോ?

സത്യം പറഞ്ഞാൽ കുട്ടികൾക്ക് അധ്യാപകരോട് ഭയവും ബഹുമാനവും ഉള്ള കാലമായിരുന്നു. ആരും അധ്യാപകരെ ഒന്നും പറയില്ല. പിന്നെ അധ്യാപകർക്ക് തലമുറകളായി കൈമറിഞ്ഞു കിട്ടുന്ന ഇരട്ടപ്പേരുകൾ ഉണ്ടായിരിക്കും. അത് ചിലപ്പോൾ ചില വിരുതന്മാർ ക്ലാസ്സിന്റെ ബോർഡിലും ചുമരിലും മതിലിലും മൂത്രപ്പുരയിലും ഒക്കെ ചോക്ക് കൊണ്ട് എഴുതി വെച്ചെന്നിരിക്കും. പിന്നെ കൂടിപ്പോയാൽ പ്രധാനകെട്ടിടത്തിന്റെ സൺഷെയ്ഡിൽ ഇറങ്ങിക്കിടന്നുകൊണ്ട്, ഇടനാഴിയിലൂടെ പോകുന്ന അധ്യാപികമാരെ ഇരട്ടപ്പേര് വിളിച്ച് അവരെ നാണിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ഒക്കെ ചെയ്യും. ഇതൊക്കെ ഒരു പരിധി വരെ അധ്യാപികമാരെല്ലാം സ്വന്തം മക്കളോടെന്ന വണ്ണം ക്ഷമിച്ചിരുന്നു. നമുക്ക് അല്പം നേരം കൂടി പഴയ ക്ലസ്സിലേയ്ക്ക് തിരികെ പോകാം. രഘുവരൻ സാർ വന്നില്ലെങ്കിൽ പിന്നെ വരേണ്ടത് റോസ് മേരി ടീച്ചറാണ്. റോസ് മേരി ടീച്ചറും ഡ്രിൽ അധ്യാപികയാണ്. ചതുര മുഖവും മുഖക്കുരു വന്നു മാഞ്ഞ പാടും റീനാ റോയ് എന്ന നടിയെപ്പോലെ കാതുകളിൽ വലിയ വളയവും നെറ്റിയിലേക്ക് ചരിച്ചു കോതിയ നീണ്ട മുടിയും ഒക്കെയുള്ള റോസ് മേരി ടീച്ചർ സ്കൂളിൽ ഒരു അത്ഭുതമായിരുന്നു.



അത്ഭുതത്തിന് ഒരു കാരണമുണ്ട്. റോസ് മേരി ടീച്ചർ തിരുവനന്തപുരത്തു നിന്നോ മറ്റോ ആണ് വരുന്നത്. വക്കം സ്കൂളിന്റെ കാര്യത്തിൽ മിക്കവാറും എല്ലാ അധ്യാപകരും ഗ്രാമത്തിൽ നിന്നോ പരിസരത്തു നിന്നോ ഒക്കെതന്നെയാണ് വരുന്നത്. ദൂരെ നിന്ന് വരുന്നു എന്ന് പറയാനായി, വെണ്ണികോട്ടു നിന്ന് വരുന്ന സുധ ടീച്ചർ മാത്രമാണ് ഉള്ളത്. പ്രസന്നൻ സാറും രാജേന്ദ്രൻ സാറും ആറ്റിങ്ങലിൽ നിന്നാണ് വരുന്നത്. അക്കരെ നിന്ന് വരുന്നത് പോലീസ് സദാശിവൻ സാർ എന്ന ഹിന്ദി സാർ, ഗാന്ധി ബാലകൃഷ്ണൻ സാർ എന്ന ചരിത്രാധ്യാപകൻ അനീഷിന്റെയും അജീഷിന്റെയും അച്ഛനായ പുഷ്പരാജൻ സാർ എന്ന കണക്ക് അദ്ധ്യാപകൻ, വനിതയിൽ യേശുദാസൻ വരയ്ക്കുമായിരുന്ന മിസിസ് നായരുടെ ഭർത്താവായ റിട്ടയേഡ് പട്ടാളക്കാരൻ മിസ്റ്റർ നായരെ അനുസ്മരിപ്പിക്കുന്ന രവീന്ദ്രൻ സാർ ഒക്കെയാണ്. രവീന്ദ്രൻ സാറിനൊപ്പം സാറിന്റെ മകൾ ലതാ കുമാരിയും കുമാരിയും വരും. ചുരുണ്ടമുടിയും സൗമ്യസ്വഭാവവുമുള്ള കുട്ടി സ്കൂളിൽ പ്രധാനമന്ത്രി പദമൊക്കെ അലങ്കരിച്ചിട്ടുണ്ട്. ബാക്കിയുള്ള അധ്യാപകരുടെ പട്ടിക നോക്കൂ; പുസ്തകം കണ്ണോടടുപ്പിച്ചു വെച്ച് വായിക്കുന്ന ശശിധരൻ സാർ, ഡ്രോയിങ് മാസ്റ്റർ ആയ വേണു സാർ, കണക്ക് ഗോപി സാർ, കണക്ക് സുരേന്ദ്രൻ സാർ, മനോജ്, മനു, മഞ്ജു എന്നിവരുടെ അമ്മയും എല്ലാവരുടെയും പ്രിയങ്കരിയുമായിരുന്ന ശാന്തകുമാരി ടീച്ചർ, ജീവശാസ്ത്രം പഠിപ്പിക്കുന്ന വട്ടക്കണ്ണട വെച്ച വെളുത്ത ശാന്തകുമാരി ടീച്ചർ, കെമിസ്ട്രി പഠിപ്പിക്കുന്ന ചെല്ലമ്മ ടീച്ചർ, എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന ജ്യോതിഷ്മതി ടീച്ചർ, എന്താണ് പഠിപ്പിച്ചിരുന്നതെന്നറിയാത്ത സുഭാഷിണി ടീച്ചർ, ജമീല ടീച്ചർ, ഗുണ്ടുമണി എന്ന് എല്ലാവരും വിളിച്ചിരുന്ന സ്വർണലത ടീച്ചർ, വളരെക്കാലത്തിനു ശേഷം സ്വർണലത ടീച്ചറെ വിവാഹം കഴിച്ച ശിവാനന്ദൻ സാർ, അദ്ദേഹത്തിന്റെ അനിയൻ സിദ്ധൻ സാർ, സ്കൂളിന്റെ മുഖ്യ അനൗൺസർ കൂടിയായ രാജാമണി സാർ, ഫിറോസ് ഷാ, ഷേർഷാ, സാഹിർഷാ എന്നീ മൂന്ന് ആണ്മക്കളുടെ മാതാപിതാക്കളായ ഉമ്മുൽ മു അമീൻ ടീച്ചറും അമാനുള്ള സാറും, നിത്യ, നിതിൻ എന്നീ കുട്ടികളുടെ അമ്മയായ ഓമന ടീച്ചർ, ചന്ദ്രിക ടീച്ചർ, മിനി ഗോപിനാഥ്, അജി ഗോപിനാഥ് എന്നിവരുടെ അമ്മയായ ജാനകീ ദേവി ടീച്ചർ.. ചുരുക്കിപ്പറഞ്ഞാൽ വക്കത്ത് നിന്ന് വരുന്നവർ തന്നെയായിരുന്നു മിക്കവാറും വക്കം സ്കൂളിലെ അധ്യാപികമാരും അധ്യാപകരും.

ഇപ്പോൾ മനസ്സിലായിട്ടുണ്ടാവുമല്ലോ എന്ത്കൊണ്ടാണ് എല്ലാവരും റോസ്മേരി ടീച്ചറെ അത്ഭുതത്തോടെ നോക്കുമായിരുന്നതെന്ന്. പ്രധാനമായിട്ടൊരു കാരണം കൂടി ഉണ്ടായിരുന്നു. ബാക്കിയുള്ള എല്ലാ ടീച്ചർമാരെ കണ്ടാലും അവരെല്ലാം ഓരോരുത്തരുടെയും അമ്മമാരെയാണ് ഓർമ്മിപ്പിച്ചിരുന്നത്. അധ്യാപകരെല്ലാം വക്കത്തുകാരായിരുന്നതിനാൽ, മുഴുവൻ കുട്ടികളുടെ ചുമതലയും തങ്ങളുടേതാണെന്ന് എല്ലാവരും കരുതി. അധ്യാപകർ മാത്രമല്ല കുട്ടികളെക്കുറിച്ച് അങ്ങനെ ഒരു കരുതൽ സൂക്ഷിച്ചിരുന്നത്; കായിക്കരക്കടവ് മുതൽ നിലയ്ക്കാമുക്ക് വരെ, മൂന്നാലും മുതൽ ഇറങ്ങുകടവ് വരെ അങ്ങനെ ഗ്രാമത്തിന്റെ ഓരോ മുക്കിലും മൂലയിലും ഉള്ള ആളുകൾക്ക് വക്കം സ്കൂളിലെ വിദ്യാർത്ഥികളോട് എപ്പോഴും കരുതലുണ്ടായിരുന്നു. റോസ്മേരി ടീച്ചർ മാത്രം ഒരു ചേച്ചിയെപ്പോലെ ഇരുന്നു. അവർ ഗ്രാമത്തിനു പുറത്തു നിന്ന് വന്നവരായിരുന്നു. കൂടാതെ സാധാരണ പെൺകുട്ടികൾ അക്കാലത്ത് അധികം ഇടപെടാതിരുന്ന ഒരു മേഖലയായിരുന്ന കായികരംഗത്ത് വിഷയം പഠിപ്പിക്കാനായി എത്തിയ ഒരു ടീച്ചറെന്ന നിലയിൽ റോസ്മേരി ടീച്ചറെ വിദ്യാർഥികൾ സവിശേഷമായ രീതിയിൽ നോക്കിയിരുന്നു. അത് അവർക്കും അറിയാമായിരുന്നു. അതിനാൽ അവർ ഹൈസ്കൂൾ ക്ളാസ്സുകളിലെ ആൺകുട്ടികളുമായി ഇടപെടേണ്ടി വരുമ്പോൾ ജാഗ്രത പുലർത്തിയിരുന്നു. ചില വിരുതന്മാർ രഘുവരൻ സാറിനെയും റോസ്മേരി ടീച്ചറുടെയും പേരുകൾ മൂത്രപ്പുരയിൽ എഴുതി വെയ്ക്കാനും മടിച്ചില്ല.



പിന്നെ വരാനുള്ള ഒരു സംഗീതം അധ്യാപികയായിരുന്നു. റോസ്മേരി ടീച്ചറിനെപ്പോലെ തന്നെ പുറത്തു നിന്ന് വന്ന ടീച്ചറായിരുന്നു അവർ. സ്കൂളിന്റെ മൈതാനത്ത് കിണറിനും വാട്ടർ ടാങ്കിനും പിന്നിലായി ഒരു പറങ്കിമാവ് നിന്നിരുന്നു. പ്രൈമറി വിദ്യാർത്ഥികളെ ടീച്ചർ അവിടെയിരുത്തിയാണ് സംഗീതം പഠിപ്പിച്ചിരുന്നത്. അവർ പഠിപ്പിച്ച സംഗീതം കൊണ്ട് ആരും വക്കം സ്കൂളിൽ സംഗീത പ്രേമികൾ ആവുകയോ പാട്ടുകാർ ആവുകയോ ചെയ്തില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. അതെ സമയം, റോസ്മേരി ടീച്ചറിന് സംഘമിത്ര എന്ന് പേരുള്ള ഒരു സ്പോർട്സ് താരത്തെ വാർത്തെടുക്കുവാൻ കഴിഞ്ഞു എന്നതാണ് സത്യം. സംഘമിത്ര ഇറങ്ങു കടവ് കടന്നായിരുന്നു വന്നിരുന്നത്. റോസ്മേരി ടീച്ചറെപ്പോലെ തന്നെ ചതുരമുഖവും നീണ്ട മുടിയും ഉള്ള ഒരു കറുത്ത സുന്ദരിയായിരുന്നു സംഘമിത്ര. ലോങ്ങ് ജമ്പ്, ഹായ് ജംപ്, നൂറു മീറ്റർ ഓട്ടം മുതൽ മാരത്തോൺ എന്നറിയപ്പെടുന്ന ആയിരം മീറ്റർ ഓട്ടത്തിൽ വരെ എല്ലാ വർഷങ്ങളിലും ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത് സംഘമിത്ര ആയിരുന്നു. അവർക്കിപ്പോൾ എന്ത് സംഭവിച്ചുവെന്ന് ആർക്കും അറിയില്ല.

സംഗീതാധ്യാപികയ്ക്ക് നല്ല പാട്ടുകാരെ വാർത്തെടുക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞെങ്കിലും നല്ല പാട്ടുകാർ വക്കം സ്കൂളിൽ ഉണ്ടായിരുന്നു എന്നതാണ് സത്യം. സാബു, സജീവ് എന്നീ പേരുള്ള സഹോദരങ്ങളുടെ സഹോദരിമാരായിരുന്ന സൈനയും സനിതയും, വക്കം ഷക്കീർ എന്ന പ്രഗത്ഭനായ നാടക നടന്റെ അനന്തരവളായ നസീഹത്ത്, മിനി കെ എസ്, ഷീജ കെ, ബൈജുവിന്റെ സഹോദരനായ ബിജു എന്നിവർ മനോഹരമായി പാടുന്നവർ ആയിരുന്നു. വക്കം എന്ന ഗ്രാമത്തിന്റെ നന്മയും സെക്കുലറിസവും എന്തെന്ന് കാണണമെങ്കിൽ അക്കാലത്തെ വക്കം സ്കൂളിലേക്ക് നോക്കണം. രാവിലെ സ്കൂളിൽ അസ്സെംബ്ലി ഉണ്ടാകും. അല്പം കറണ്ടുമായി പരിചയമൊക്കെയുള്ള ഏതെങ്കിലും ഒരു പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരിക്കും മൈക്ക് സെറ്റ് ചെയ്യുക. ചാര നിറമുള്ള രണ്ടു അഹൂജ മൈക്കുകളാണ്. ഒന്ന്, മുക്കാലുവട്ടം ക്ഷേത്രത്തിലേയ്ക്ക് നോക്കുന്ന തെക്കു വശത്ത് വെയ്ക്കും, രണ്ടാമത്തേത് പെൺകുട്ടികളുടെ വിങ്ങിൽ നിന്ന് സ്കൂൾ അങ്കണത്തിലേയ്ക്ക് വെയ്ക്കും. സ്റ്റാൻഡിൽ മൈക്കുറപ്പിച്ച ശേഷം പത്താം ക്ലാസ്സുകാരൻ മുകളിലത്തെ മുറിയിൽ പോകും. അവിടെ മൂലയിലുള്ള മുറിയാണ് സ്റ്റോർ. സ്റ്റാറിന്റെ അധിപനും മൈക്കിന്റെ അച്ഛനും എന്ന സ്ഥാനങ്ങൾ വഹിക്കുന്നത് രാജാമണി സാറാണ്. മിക്കവാറും കുഞ്ചു എന്നറിയപ്പെടുന്ന വിദ്യാർത്ഥി ആയിരിക്കും മൈക്കിനെ കൊണ്ട് വെയ്ക്കുന്നത്. കുഞ്ചുവിനു മുൻപുള്ള വർഷങ്ങളിൽ കുഞ്ചുവിനെപ്പോൽ സ്മാർട്ട് ആയിട്ടുള്ള വേറെ ഏതെങ്കിലും ഒരു വിദ്യാർത്ഥി.



മുഖത്തുഗൗരവം എന്നൊരു വികാരമല്ലാതെ മറ്റൊരു വികാരവും കാണിക്കാത്ത ദാസ് അണ്ണൻ എന്ന പ്യൂൺ ആണ് ബെല്ലടിക്കുന്നത്. ബെല്ല് അടിക്കുകയല്ല ഇടിക്കുകയാണ് ചെയ്യുന്നത്. വട്ടത്തിലുള്ള ഒരു പിത്തള ഫലകമാണ് ബെല്ല്. തടി കൊണ്ടുണ്ടാക്കിയ ഒരു ഡംബെൽ ആണ് ഇടിക്കാനുള്ള ഉപകരണം. സ്കൂൾ അങ്കണത്തിൽ വിദ്യാർഥികൾ പലേടത്ത് നിന്നും ഓടി വന്നു നിരന്നു നിൽക്കും. തൊട്ടു മുൻപ് വരെ അവിടം ഷട്ടിൽ ബാൻഡ്മിന്റൺ കോർട്ടും വോളിബാൾ കോർട്ടും ആയിരിക്കും. അതൊക്കെ പെട്ടെന്ന് രൂപാന്തരം പ്രാപിക്കും. മുഷ്ടി ചുരുട്ടി മുൻപിൽ നിൽക്കുന്ന ആളിന്റെ മുതുകിൽ വെച്ച് ദൂരം അളക്കും. അത്ര ദൂരത്തിലാണ് നിൽക്കേണ്ടത്. ഇതൊരു അവസരമാക്കി ശത്രുവിന്റെ മുതുക്കിനിട്ട് ഐഡി കൊടുക്കുന്ന വിരുതന്മാരും കുറവല്ല. അപ്പോൾ പ്രാർത്ഥനാ ഗാനം പാടാൻ സ്റ്റേജിന്റെ വലത് വശത്ത് രണ്ടോ മൂന്നോ പെൺകുട്ടികൾ തയാറായി നിൽക്കും. സ്കൂൾ പ്രധാനമന്ത്രിയോ സ്പീക്കറോ സ്റ്റേജിൽ ഉണ്ടാകും. സദാശിവൻ സാറിന്റെ അനുമതി കിട്ടുന്നതോടെ പെൺകുട്ടികൾ മൈക്കിന് മുന്നിൽ വരും.

"ലോകമൊക്കെയും കാത്തു രക്ഷിക്കുമേകനാം ജഗൽനായകാ, എള്ളിലെണ്ണ പോലിപ്രപഞ്ചത്തിനുള്ളിലെന്നും നീ വാഴുന്നു. വാനിലമ്പിളി തോണിയിൽ സുഖ യാനം ചെയ്യുന്ന രാവിൽ നീ രാപ്പകലിട വിറ്റുകാലമാം പുഷ്പമാലകൾ കോർക്കുന്നു, ലോകമൊക്കെയും കാത്തു രക്ഷിക്കുമേകനാം ജഗൽനായകാ, ...ഉള്ളിലെന്നും നീ വാഴണെ," നസീഹത്ത്, സൈന, സനിത എന്നീ മുസ്ലിം പെൺകുട്ടികളാണ് ഇത് പാടുന്നത്. എല്ലാവരും ഒരുമിച്ചല്ല. പല വർഷങ്ങളിൽ, നസീഹത്തിൽ നിന്ന് സൈനയിലേയ്ക്ക്, സൈനയിൽ നിന്ന് സനിതയിലേയ്ക്ക്, ഒപ്പം മിനി കെ എസ്സിലേയ്ക്കും ഷീജയിലേയ്ക്കും. വക്കം സ്കൂളിൽ ഹിന്ദുവോ മുസ്ലീമോ അല്ലാതെ പ്രാർത്ഥന പാടുന്ന പെൺകുട്ടികൾ. അവർ പാടിത്തീരുന്നത് വരെ വിദൂരതയിൽ കണ്ണ് നട്ട് സദാശിവൻ സാർ നിൽക്കും. ഓടിട്ട കെട്ടിടത്തിന്റെ ഓരത്ത് എല്ലാ പുരുഷാധ്യാപകരും നിൽക്കും; കുറേപ്പേർ പിറകിലും. അധ്യാപികമാർ കൈയിൽ ഹാജർ ബുക്കും ചൂരലുമായി പെൺകുട്ടികളുടെ വിങ്ങിലെ ഒന്നാം നിലയിൽ വന്നു നിരന്നു നിൽക്കും. ഇവർ മാത്രമല്ല; ചന്തമുക്കിൽ നിന്ന്, അയല്പക്കങ്ങളിൽ നിന്ന് മതിലിലുടനീളം തലകൾ നിരക്കും.



അങ്ങനെ വന്നു നിൽക്കുന്ന തലകൾക്ക് പല ഉദ്ദേശ്യങ്ങളുണ്ട്. ഒന്നാമതായി, ആളുകളെ ആത്മീയമായ ശാന്തിയിലേയ്ക്ക് നയിക്കാൻ കഴിവുള്ള പ്രാർത്ഥാനാ ഗാനം കേൾക്കാൻ. രണ്ടാമതായി, സദാശിവൻ സാർ മൈക്കിലൂടെ പറയുന്ന സ്കൂളിന്റെ അജണ്ട എന്താണെന്ന് അറിയാൻ. ഇപ്പോൾ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നത് പോലെ സ്കൂളിന്റെ അന്നന്നത്തെ നടപടികൾ, ചില വിഷയങ്ങളിൽ നിലപാടുകൾ, സ്കൂളിന്റെ വൃത്തി, പരിസരം ശുചീകരിക്കേണ്ടതിന്റെ ആവശ്യകത, ബെഞ്ചും ഡെസ്കും ഒടിഞ്ഞാൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളത്, പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളും സ്റ്റോറിൽ വന്നിട്ടുണ്ടോ എന്നുള്ളത്, സ്റ്റൈപ്പൻഡ് കിട്ടേണ്ട കുട്ടികൾ എപ്പോൾ ഓഫീസിൽ ചെല്ലണം എന്നുള്ളത് തുടങ്ങി സ്കൂളിലെ വിദ്യാർഥികൾ എന്തെങ്കിലും നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതൊക്കെ സദാശിവൻ സാർ മൈക്കിലൂടെ പറയും. അപൂർവം ചില ദിവസങ്ങളിൽ ചില കുരുത്തം കെട്ടവന്മാരെ അസ്സംബ്ലിയിൽ കയറ്റി സാർ അടിക്കും. അത് സൗദി അറേബിയയിലേതു പോലെ ഒരു പൊതു ശിക്ഷ രീതിയാണ്. അത് കാണാനാണ് കൂടുതലും മതിലിനു മുകളിൽ തലകൾ പൊങ്ങി നിൽക്കുന്നത്. പബ്ലിക് എക്സിക്കൂഷൻ കഴിഞ്ഞാൽ, ദേശപ്രതിജ്ഞയാണ്. സ്റ്റേജിൽ സന്നിഹിതരായിരിക്കുന്ന പ്രധാനമന്ത്രിയോ സ്പീക്കറോ ആണ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നത്. "ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യും," എന്ന ഭാഗമെത്തുമ്പോൾ അടികൊണ്ടവർ അത്ര ഉറപ്പിച്ചങ്ങ് പറയുകയില്ല. അതോടെ അസ്സെംബ്ലി തീരും. അസ്സെംബ്ലി ഡിസ്പെർസ്എന്ന് സ്പീക്കർ പ്രഖ്യാപിക്കുന്നതോടെ രാജാമണി സാർ ഒരു ഡിസ്ക് എടുത്ത് ഡിസ്ക് പ്ലെയറിൽ വെയ്ക്കും.

പൊരുപൊരാ ഉള്ള ശബ്ദം, ഒരു മാർച്ചിങ് ട്യൂൺ ആകുന്നത് വരെ കുട്ടികൾ കാത്ത് നിൽക്കും. തികഞ്ഞ പട്ടാളച്ചിട്ടയാണ്. ഒരു സർക്കാർ സ്കൂളിൽ ഇത്രയൊക്കെ അച്ചടക്കമോ എന്ന് അതിശയിക്കുന്നവരുണ്ടെങ്കിൽ കേട്ട് കൊള്ളൂ, ചന്തമുക്കിലേയ്ക്ക് തിരികെപ്പോകുന്ന ചെറുപ്പക്കാർ പോലും സദാശിവൻ സാറിനെ പേടിച്ച് കാലുകൾ ഉറപ്പിച്ചു ചവുട്ടി കൈകൾ വീശി നിശബ്ദരായി പട്ടാളച്ചിട്ടയിലാണ് കടത്തിണ്ണകളിലേയ്ക്ക് മടങ്ങിപ്പോകുന്നത്. അപ്പോൾ പിന്നെ കുട്ടികളുടെ കാര്യം പറയണോ. ക്ളാസിൽ കുട്ടികൾ എത്തുന്നതോടെ സ്കൂൾ ഒരു തേനീച്ചക്കൂടായി മാറും. വൈകുന്നേരം നാല് മണിയ്ക്ക് സ്കൂൾ വിടുമ്പോഴും മാർച്ചിങ് ട്യൂൺ ഇടും. സ്കൂൾ ഗേറ്റ് വരെ കുട്ടികൾ നിശബ്ദരായി മാർച്ച് ചെയ്ത പോകണം എന്നാണ് നിയമം. സദാശിവൻ സാറിന്റെ തലവെട്ടം അവിടെയെവിടെയെങ്കിലും ഉണ്ടെങ്കിൽ കുട്ടികൾ മര്യാദയ്ക്ക് മാർച്ച് ചെയ്തു പുറത്തുപോവുകയും ഗേറ്റിലെത്തുന്നതോടെ ഒരു ആരവമായി പലവഴി പിരിഞ്ഞു പോവുകയും ചെയ്തിരുന്നു.



വെള്ളിയാഴ്ചത്തെ അവസാന പിരിയഡിൽ സ്പെയർ അധ്യാപകർ ആരും ഇല്ലെങ്കിൽ സദാശിവൻ സാർ ക്ലാസ്സിലെ കുട്ടികളോട് പൊയ്ക്കോളാൻ പറയും. വെള്ളിയാഴ്ചയുടെ ആഹ്ളാദം അത് മാത്രമല്ല. അന്ന് മുസ്ളീം പള്ളികളിൽ നിസ്കാരം ഉള്ള ദിവസമാണ്. അതിനാൽ രാവിലെയുള്ള പഠനം പന്ത്രണ്ടരയ്ക്ക് അവസാനിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കെ ക്ലാസ്സ് തുടങ്ങൂ. സാധാരണ ഉച്ച ഒഴിവ് ഒരു മണിക്കൂറാണ്. ജൈവപരമായി ഒരു മണിക്കൂർ മാത്രം കളിക്കാനാണ് അധ്യയന ദിവസങ്ങളിൽ കുട്ടികൾ ട്യൂൺ ചെയ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച രണ്ടു മണിക്കൂർ കളിച്ചു തകർക്കണം. കിണറിനു വശത്തുള്ള തെങ്ങിൻ ചോട്ടിൽ മുണ്ടൊക്കെ നീട്ടിയിട്ട് തോളിൽ കയ്യിട്ട് പത്താം ക്ലാസിലെ സുമുഖന്മാർ അങ്ങനെ നിൽക്കും. ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന രീതിയിൽ പെൺകുട്ടികളുടെ വിങ്ങിലെ ഒന്നാം നിലയിലും ഒമ്പതിലെയും പത്തിലെയും പെൺകുട്ടികൾ വെറുതെ നിൽക്കും. അപ്പോഴാണ് രാജാമണി സാർ ഊണ് കഴിഞ്ഞു വരുന്നത്. സാർ വന്നു എന്നറിയുന്നത് മൈക്കിൽ പൊരു പൊരാ ശബ്ദം കേൾക്കുമ്പോഴാണ്. ശബ്ദം ഒരു പാട്ടായി മാറും. "തേൻകിണ്ണം ..പൂങ്കിണ്ണം ...താഴെ കാട്ടിലെ താമരക്കുളമൊരു തേൻകിണ്ണം..പൂങ്കിണ്ണം." രണ്ടര മണിക്ക് ബെല്ലടിക്കും വരെ പാട്ട് ഇങ്ങനെ കേട്ടുകൊണ്ടേയിരിക്കും.

വക്കം സ്കൂളിൽ രണ്ടേ രണ്ടു ഡിസ്കുകളെ ഉണ്ടായിരുന്നുള്ളൂ. ഒന്ന് മാർച്ചിങ് ട്യൂണിന്റെത്. രണ്ടാമത്തേത് യക്ഷഗാനം സിനിമയുടേത്. പക്ഷെ ഒരേ ഒരു പാട്ട് മാത്രമുള്ള ഡിസ്ക് ഉണ്ടായിരിക്കുമോ? കാരണം വേറെ ഒരു പാട്ടും കേൾക്കാറില്ല. രാജാമണി സാർ പെൻഷൻ പറ്റും വരെ ഇത് തുടർന്നിട്ടുണ്ടാകണം. സ്കൂളിലെ അന്തംവിട്ട കാമുകീ കാമുകന്മാർക്ക് ഇതൊരു പ്രോത്സാഹനമായിരുന്നിരിക്കണം. അതോ രാജാമണി സാർ ആർക്കെങ്കിലും കോഡ് സന്ദേശം അയയ്ക്കുകയായിരുന്നോ? അതോ വേറെ നിവൃത്തിയില്ലാത്തതിനാൽ കുട്ടികൾക്കൊരു രസമായിക്കോട്ടെ എന്ന് കരുതി രാജാമണി സാർ ഡിസ്ക് എടുത്ത് പ്ലേ ചെയ്യുകയായിരുന്നോ? എന്തായാലും, കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ "തേൻകിണ്ണം ..പൂങ്കിണ്ണം ...താഴെ കാട്ടിലെ താമരക്കുളമൊരു തേൻകിണ്ണം..പൂങ്കിണ്ണം' എന്ന പാട്ട് വേറൊരു സ്കൂളിലും കുട്ടികളെ ഉത്തേജിപ്പിച്ചിട്ടുണ്ടാവില്ല.

-- ജോണി എം എൽ

 (വക്കം സ്‌കൂളിന്റെ കഥ തുടരും. ഉപയോഗിച്ച ചിത്രങ്ങളെല്ലാം കേവലം പ്രതിനിധാനത്തിനു വേണ്ടിയുള്ളത് മാത്രമാണ്)



Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്