ഒരു ഗ്രാമത്തിന്റെ കഥ 7 : ഗ്രാമസുഗന്ധങ്ങൾ



ഗ്രാമങ്ങൾക്ക് സുഗന്ധമുണ്ട്; വക്കത്തിനുമുണ്ട് ഇന്ദ്രിയോന്മേഷം ഉളവാക്കുന്ന ഗന്ധം. ഓരോരുത്തരും അവരവരുടെ ഗ്രാമങ്ങളെ കാഴ്ചയിലൂടെയും ശബ്ദങ്ങളിലൂടെയും കൂടാതെ ഗന്ധങ്ങളിലൂടെയും തിരിച്ചറിയുന്നുണ്ട്. പഴുത്ത പേരയ്ക്കയുടെ സുഗന്ധം വിശ്വസാഹിത്യത്തിൽപ്പോലും ഇടംപിടിച്ചിട്ടുള്ളതാണ്. ചിലേടങ്ങൾക്ക് പൂത്ത ചെമ്പകത്തിന്റെ സുഗന്ധമായിരിക്കും. ചിലേടത്ത് വിടർന്നു പൊട്ടി അകത്തെ ചുവന്ന വിസ്മയത്തെ വിരലുകളിൽ പകർത്താൻ വെമ്പി നിൽക്കുന്ന കുങ്കുമത്തിന്റെ സുഗന്ധമായിരിക്കും. എത്രയും മാസ്മരികമായ, കാല്പനികദൃശ്യങ്ങളെ മനസ്സിലേയ്ക്ക് മാടിവിളിക്കുന്ന ഗന്ധങ്ങൾ. വക്കത്തിന്റെ ഓർമ്മകളിൽ പക്ഷെ സജീവമായി നിൽക്കുന്നത് ഇതൊന്നുമല്ല. വക്കത്തിന്റെ ഗന്ധം കയറിന്റെ ഗന്ധമായിരുന്നു, കായൽജലത്തിന്റെയും കടലുപ്പിന്റെയും മീനുകളുടെയും വിയർക്കുന്ന പെണ്ണുങ്ങളുടെയും സമ്മിശ്രഗന്ധമായിരുന്നു. ഇവയെല്ലാം കൂടി ചേരുന്നതായിരുന്നു വക്കത്തിന്റേതെന്നു പറയുന്ന കയറിന്റെ ഗന്ധം; ഓർമ്മകൾക്കെന്തു സുഗന്ധം.

മൂന്നുവശവും കായലിനാൽ ചുറ്റപ്പെട്ട ഉപദ്വീപ്. കായലിനരികിൽ ചെന്ന് നിന്നാൽ അക്കരെ തല ഉയർത്തി നിൽക്കുന്ന ഒരു കെട്ടിടം കാണാം. കായൽ നിശ്ചലമായിരിക്കുന്ന സമയങ്ങളിൽ കെട്ടിടം വെള്ളത്തിൽ തല കുത്തി നിൽക്കുന്നത് പോലെ തോന്നും. അപ്പോഴായിരിക്കും ഉബൈദ് മാമായുടെ മക്കളിൽ ആരെങ്കിലും ഒരാൾ, അക്കരെ നിന്ന് വിളിക്കുന്ന മനുഷ്യർക്ക് വേണ്ടി വള്ളമിറക്കുന്നത്. കരയിലെ കുറ്റിയിൽ നിന്ന് കയറഴിച്ചു വള്ളം തള്ളുമ്പോൾ ഞരങ്ങുന്ന ഒരു ശബ്ദം കേൾക്കും. അതോടൊപ്പം ഒരു ഗന്ധവും ഉയരും. വള്ളം കരയിൽ മുട്ടി അരികുകൾ ഒടിയാതിരിക്കാൻ ടയറിന്റെ കഷണങ്ങൾ ആണിയടിച്ചു വെച്ചിരിക്കുന്നത് സിമന്റു തറയിൽ ഉരയുമ്പോൾ ഉള്ള ശബ്ദമാണത്. ഊന്നാൻ ഉപയോഗിക്കുന്ന മുളയ്ക്ക് കഴ എന്നാണ് പറയുന്നത്. അത്ര ആഴമില്ലാത്ത വെള്ളത്തിനടിയിലെ ചെളിയിൽ കഴ ഊന്നിയ ശേഷം ഊരിയെടുക്കുമ്പോൾ ചെളിയുടെ ഗന്ധം ഉയരും. അത് കായലിൽ വീണുകിടക്കുന്ന ചീലാന്തിപ്പൂക്കളുടെ ഗന്ധവുമായി കലരും. സൂക്ഷിച്ചു നോക്കിയാൽ ആയിരം കാലുകൾ ഇളക്കിക്കൊണ്ട് വെളുത്ത തൊപ്പിയുടെ ആകൃതിയിലുള്ള ചില ജീവികൾ കടന്നു പോകുന്നത് കാണാം. തെളിഞ്ഞ വെള്ളത്തിനടിയിൽ പതുങ്ങി നടക്കുന്ന ഞണ്ടുകൾ. കമിഴ്ന്നും മലർന്നും കിടക്കുന്ന കക്കകൾ.



കാറ്റിനനുസരിച്ചു പോകാൻ കടത്ത് വള്ളത്തിന് ഒരു പാതയുണ്ട്. അങ്ങോട്ട് പോകുമ്പോൾ ഒന്ന്; തിരികെ വരുമ്പോൾ മറ്റൊന്ന്. അഗിരാ ദി റാത്ത് ഓഫ് ഗോഡിൽ, അവസാനം ബോട്ടിന്റെ തലപ്പത്ത് എല്ലാം ദുരന്തങ്ങൾക്കുമൊടുവിലും കീഴടങ്ങാത്ത മനുഷ്യന്റെ അന്തസ്സിനെ കാട്ടി ക്ളോസ് കിൻസ്കി നിൽക്കുന്നത് പോലെ വള്ളപ്പടിയിൽ സൈക്കിൾ ബാലൻസ് ചെയ്തു നിൽക്കുന്ന പുരുഷന്മാർ. കടത്തു വള്ളം പോകുന്നതിനപ്പുറത്ത് കായലിൻറെ മധ്യത്ത് ചില വള്ളങ്ങൾ നിശ്ചലമായി നിൽക്കുന്നുണ്ടാകും. നോക്കിയിരിക്കെ അതാ വെള്ളത്തിന്റെ പിളർന്നു കൊണ്ട് ഒരു തല പൊങ്ങി വരുന്നു. പിന്നാലെ വെയിലേറ്റ് കണ്ണാടി പോലെ തിളങ്ങുന്ന കറുത്ത ഒരു ഉടലും.അയാൾ കക്കയോ ചെളിയോ വാരി വള്ളത്തിൽ നിറയ്ക്കുകയാണ്. കക്ക നീട്ടിയാൽ ചുണ്ണാമ്പുണ്ടാക്കാം. നെരോലാക് അക്രിലിക് എമൽഷൻ വന്നു പായലേ വിട പൂപ്പലേ വിട എന്നൊക്കെ പറയുന്നതിന് മുൻപ് എല്ലാ വീടുകൾക്കും വെണ്കളി നൽകിയിരുന്നത് കക്കകളിലെ കാൽഷ്യം ആയിരുന്നു. ചകിരി കൊണ്ടുണ്ടാക്കിയ നീളം കുറഞ്ഞതും നീളം കൂടിയതുമായ ബ്രഷ് ഉപയോഗിച്ച് വെള്ള വലിച്ചാൽ വീടുകൾക്ക് അടുത്ത വർഷം വരെ കുമ്മായത്തിന്റെ നേരിയ മണം കാണും. അതിലൂടെ കായലിന്റെ മണം വീടുകളിൽ തങ്ങി നിന്നു. വിവാഹവും ജനനവും മരണവും തെരെഞ്ഞെടുപ്പുമെല്ലാം വരുമ്പോൾ ആളുകളുടെ മനസ്സുകൾ എന്നപോലെ ഭൂമിയിൽ കുഴിച്ചു വെച്ച്, മൂടി മാത്രം പുറത്തു കാട്ടിയിരുന്ന കലങ്ങൾക്കുള്ളിൽ കക്കകൾ കിടന്നു നീറി മണത്തു.

കായലിന്റെ കരയിൽ കാണുന്ന ചെറു തെങ്ങുകളെല്ലാം കായലിന്റെ ഉള്ളിലെ ചെളിയോട് കടപ്പെട്ടിരിക്കുന്നു. ചെളി വാരി വാരി കരയിലേക്ക് തേയ്ച്ചു മുതലാളിമാർ ചെറിയതോതിൽ കരയുണ്ടാക്കിയെടുത്തു. കരകളിൽ പെണ്ണുങ്ങൾ ഇരുന്ന് തൊണ്ടു തല്ലി. ചീലാന്തികൾ തണലിട്ടു നിൽക്കുന്ന വീട്ടു മുറ്റങ്ങളിൽ പെണ്ണുങ്ങൾ കയറിട്ടു. കായലിൽ കടത്ത് പോകാത്തിടത്തും വരമ്പുകൾ തീർത്തു വളച്ചു കെട്ടിയെടുത്ത കായൽക്കഷണങ്ങളിലും തൊണ്ട് അഴുക്കാൻ ഇടും. ഇടങ്ങളെ വട്ടം എന്ന് പറയും. മധ്യത്ത് ഒരു കുറ്റിയടിച്ച ശേഷം അതിനു ചുറ്റും തൊണ്ടുകൾ പ്രത്യേകരീതിയിൽ അടുക്കിയാണ് വട്ടമുണ്ടാക്കുന്നത്. മാലി എന്നാണ് മൊത്തം മൂടിയ വട്ടത്തിന് പറയുന്നത്. ഏകദേശം ഒരു എട്ടടി വ്യാസമെങ്കിലും ഒരു വട്ടത്തിന് ഉണ്ടാകും. വട്ടത്തിലിടാൻ വേണ്ട തൊണ്ടുകൾ വലിയ കൊപ്രാക്കളങ്ങളിൽ നിന്നും മുതലാളിമാരുടെ വീടുകളിൽ നിന്നും ചെറിയ വണ്ടിക്കടകളിൽ നിന്നും ശേഖരിക്കും. കുട്ടികൾക്ക് എന്തെങ്കിലും മിട്ടായി വാങ്ങിതിന്നാൻ കൊതി തോന്നിയാൽ അവർ അമ്മമാരോട് കെഞ്ചുകയായി. "അമ്മേ, രണ്ടു തൊണ്ടു കൊണ്ട് പൊയ്ക്കോട്ടേ?" സുഭിക്ഷതയുടെ നാളുകൾ ആയിരുന്നില്ല അവ. കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്നതൊക്കെയും വാങ്ങിക്കൊടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ അവർ എതിർപ്പ് പറയാറില്ല. തൊണ്ടും കൊണ്ട് കുട്ടികൾ കടയിലേക്കോടും. കിട്ടുന്ന അഞ്ചോ പത്തോ പൈസയ്ക്ക് മുട്ടായി വാങ്ങിത്തിന്നുമ്പോൾ എന്ത് രുചിയായിരുന്നു അതിന്! മധുരങ്ങളുടെ മണം കയ്യിൽ നിന്ന് പോവുകയേ ഇല്ല.



വട്ടം അഴുകുമ്പോൾ പ്രത്യേക തരം മണം അവിടെയെങ്ങും പൊങ്ങും. അത് തൊഴിലാളികൾക്ക് സുഗന്ധമാണ്. കാരണം അതാണ് അവരുടെ അന്നം. വട്ടത്തിനൊപ്പം തന്നെ കായൽ വിളുമ്പിൽ ഓല അഴുകാനിട്ടിരിക്കും. ഓല ഒരു പരുവമാകുമ്പോഴേയ്ക്കും അതിൽ നിന്നും സവിശേഷമായ ഗന്ധം പുറപ്പെടും. ഗന്ധത്തിനെ അടിസ്ഥാനമാക്കിയാണ് ഓല വെള്ളത്തിൽ നിന്ന് പുറത്തെടുക്കുന്നത്. മുട്ടുവരെ മുണ്ടു തെറുത്ത് കയറ്റിവെച്ച് പെണ്ണുങ്ങൾ ഇരുന്ന് ഓല മെടയും. ഒപ്പം മെടയാൻ പെണ്ണുങ്ങൾ ഉണ്ടെങ്കിൽ അവർ സംസാരിച്ചു കൊണ്ടിരുന്നാവും ചെയ്യുക. അന്നൊക്കെ സ്ത്രീകൾ വീടുകളിലും ഓല മെടയാൻ പോകുമായിരുന്നു. അവരവരുടെ ജീവിതദുരിതങ്ങളിലേയ്ക്ക് കുനിഞ്ഞിരുന്ന് അവർ നിശബ്ദരായി ഓല മെടഞ്ഞു കൂട്ടും. മുതലാളിമാരുടെ വീടുകളിൽ മെടയുന്ന ഓല മുഴുവൻ അവരുടെ ആവശ്യത്തിനുള്ളതല്ല. അത് വാങ്ങുവാൻ ആളുണ്ട്. ഗ്രാമത്തിലെ മിക്കവാറും വീടുകൾ ഓല മേഞ്ഞതായിരുന്നു. ചിലതൊക്കെ മാണിയർ എന്ന് വിളിക്കുന്ന കെട്ടിടങ്ങൾ ആയിക്കൊണ്ടിരിക്കുകയായിരുന്നു; എന്ന് പറഞ്ഞാൽ കോൺക്രീറ്റിട്ട ഒറ്റ നില കെട്ടിടങ്ങൾ. അങ്ങനെയുള്ള കെട്ടിടങ്ങൾ കാണുമ്പോൾ വിചാരിക്കണം അവിടെ പേർഷ്യാക്കാരുണ്ട്. പകുതി ഓടും പകുതി കോൺക്രീറ്റും കണ്ടാൽ വിചാരിച്ചു കൊള്ളണം; സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളാണ്. ലോൺ എടുത്ത് പാതി കോൺക്രീറ്റ് ആക്കി വെച്ചിരിക്കുകയാണ്. ബാക്കി ഓട് തന്നെ. റീഗൽ ഓടുകളായിരുന്നു മുഖ്യം. അതിൽ രണ്ടു കടുവകൾ പരസ്പരം നോക്കി നിൽക്കുന്ന പടം കൊത്തി വെച്ചിരുന്നു. ഇനി ഓല കെട്ടുന്ന വീടുകൾ ഉണ്ട്. അത് പാവങ്ങളുടെ വീടുകളാണ്. അവിടെയെല്ലാം പത്താം ക്ലാസ്സ് പാസ്സായും തോറ്റും ഒക്കെ നിൽക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഉണ്ടാകും. അവിടെ അടുപ്പെരിയാത്തപ്പോഴും ആധികൾ എരിഞ്ഞു കൊണ്ടിരിക്കുമായിരുന്നു. അതിരുകൾ ഇല്ലായിരുന്നുവെങ്കിലും ഇടയ്ക്കെങ്കിലും ചിലേടങ്ങളിൽ കയ്യാല അഥവാ കൈശാല ഉണ്ടായിരുന്നു. അത് കെട്ടുവാനും ഓല വേണമായിരുന്നു. ഒടിച്ചുള്ളിയും വേയും കൊണ്ട് കൊച്ചു മേൽക്കൂരയുണ്ടാക്കി അതിന്മേൽ ഓല കൊണ്ട് കെട്ടുന്നതും ഒടിച്ചു കുത്തുന്നതും, രണ്ടു അലക്കൾ കൊണ്ട് ചേർത്ത് പിടിച്ചു ഓലത്തുമ്പ് വെട്ടുന്നതും കാണാൻ നല്ല രസമായിരുന്നു. കയ്യാലയ്ക്കും ഉണ്ടൊരു ഗന്ധം, കുഴച്ച ചെളി ഉണങ്ങിയ ഗന്ധം.

തേങ്ങാ വെട്ടുന്നതിനൊപ്പമാണ് ഓലയും വെട്ടുന്നത്. ഓല വെട്ടുക എന്ന് പറഞ്ഞാൽ തെങ്ങിൽ നിന്നും വെട്ടുക എന്നർത്ഥം. എന്നാൽ ഓല കീറുക എന്നതിനർത്ഥം മെടയുന്നതിനു പരുവത്തിൽ ഓല രണ്ടായി കീറുക എന്നതാണ്. ഓല അരങ്ങുക എന്നതിന് മറ്റൊരു അർത്ഥമാണ്. അതായത് ഓലയിലെ ഓരോ ഇലയും പ്രത്യേകം വെട്ടിയെടുക്കുക. അടങ്ങിയ ഓലയും കുറെ കുതിര്ക്കും. അതാണ് ഓല മെടയുമ്പോൾ പാവായി ഉരുപയോഗിക്കുന്നത്. അതിനെയും കീറിയ ഓലയ്ക്കൊപ്പം അഴുക്കിയാണ് തയാറാക്കുന്നത്. എന്നാൽ പച്ചയോല അരങ്ങിയാൽ ഉടൻ തന്നെ അതിനെ കെട്ടി മാറ്റുന്ന പതിവും ഉണ്ട്. ഉച്ച കഴിഞ്ഞു പെണ്ണുങ്ങൾ കാലും നീട്ടി മുറ്റത്തിരുന്ന അടങ്ങിയ ഓലയിൽ നിന്ന് ഈർക്കിലി വിരിയും. ഈർക്കിലി എല്ലാം കൂടി ചേർക്കുമ്പോൾ അത് തുറപ്പ അഥവാ ചൂൽ ആയി. അടങ്ങിയ പച്ച ഓല ഈരുമ്പോൾ അതിൽ നിന്ന് ഒരു പ്രത്യേക ഗന്ധം ഉയരും. ഗന്ധത്തിന് ചില സവിശേഷതകൾ ഒക്കെ ഉണ്ട്. മണം തട്ടിയാൽ നുണ പറയാനുള്ള ചോദന പെണ്ണുങ്ങളിൽ ഉണ്ടാകും. അവർ നിർത്താതെ സംസാരിക്കും. കൂടാതെ പേനുകളെയും ഈരുകളെയും ആകർഷിക്കാൻ ഗന്ധത്തിന് കഴിവുണ്ടെന്ന് തോന്നുന്നു. രണ്ടു പേര് ഓല വിരിയുകയാണെങ്കിൽ അവരുടെ പിന്നിൽ നാത്തൂന്മാരും മതിനിമാരും ഇരുന്ന് പേൻ നോക്കുകയും ഈര് കൊല്ലുകയും ചെയ്യും. ഇശ് ഇശ് എന്ന ശബ്ദത്തിൽ രസിച്ചു പേൻ കൊല്ലുമ്പോൾ വിടർന്നു വീണ മുടിക്കെട്ടുകളിൽ നിന്ന് വെളിച്ചെണ്ണയുടെയും വിയർപ്പിന്റെയും ഗന്ധം ഉയരും. ഉച്ച കഴിഞ്ഞാൽ വീടുകൾക്ക് മണമാണ്. കുട്ടികൾ സമയത്താണ് ഈർക്കിലിയിൽ നിന്ന് വിമുക്തമായ ഓല കൊണ്ട് വാച്ചും കണ്ണടയും പാമ്പും പന്തും ഒക്കെ ഉണ്ടാക്കുന്നത്. മുറിഞ്ഞു പോകുന്ന ഈർക്കിലി കൃത്യമായി വെട്ടി ഈർക്കിലി കളിക്കാനുള്ള പതിനൊന്നു പേരെയും ഉണ്ടാക്കിയെടുക്കും. പച്ച ഈർക്കിലിക്ക് വേറൊരു മണമാണ്. അതിനെ കടിച്ചു ചവച്ചാൽ മധുരവും ഉപ്പും ചേർന്ന മറ്റൊരു രുചി. ഈർക്കിലി പിളർന്ന് നാക്കു വടിക്കുമ്പോൾ ഈർക്കിലിക്ക് വേറെ മണവും വേറെ രുചിയുമാണ്.



വട്ടം പൊട്ടിയ്ക്കുമ്പോൾ പരിസരമാകെ അഴുകിയ തൊണ്ടിന്റെ മണം പരക്കും. തൊണ്ടു തല്ലാൻ വരുന്ന പെണ്ണുങ്ങളും കുട്ടികളും ചീരെണ്ണം പറഞ്ഞു മുതലാളിയുടെ കൈയിൽ നിന്ന് തൊണ്ടു വാങ്ങും. ഒരു ചീരിനു അഞ്ചു പൈസയോ രണ്ടു പൈസയോ എന്ന കണക്കാണ്. തുട വരെ തെറുത്തു കയറ്റിയ മുണ്ടും പാവാടയുമൊക്കെയായി അവർ തൊണ്ടു തല്ലും. തൊണ്ടടിക്കാനുള്ള വടിയെ കൊട്ടൂടി അഥവാ കൊട്ടുവടി എന്നാണ് പറയുന്നത്. പിടിയൊന്നും ഇല്ലാതെ തെങ്ങിന്റെ അലകിൽ തീർത്തെടുത്ത മിനുസമുള്ള വടിയാണ് അത്. കയർത്തൊഴിലാളിയെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനപ്പെട്ട ഒരു സമ്പാദ്യവും ഉപകരണവുമാണ്. പല പെൺകുട്ടികളും സ്കൂളിൽ പോകുന്നത് തൊണ്ടടി കഴിഞ്ഞ ശേഷമായിരിക്കും. കുളിച്ചെന്ന് വരുത്തി തൊണ്ടിന്റെ കറ പുരണ്ട പാവാടയും ഉടുപ്പും ശരീരത്തിന് പുറത്തും വിശപ്പ് ശരീരത്തിനുള്ളിലും ഇട്ട് പെൺകുട്ടികൾ സ്കൂളിലേക്കോടും. ചിലപ്പോൾ അവരുടെ പക്കൽ ഒരു അലുമിനിയം തൂക്കുപാത്രം ഉണ്ടാകും. അതിൽ അല്പം കഞ്ഞിയുണ്ടാകും. പല കുട്ടികളും നാണക്കേട് കരുതി വിശപ്പിനെ അടക്കിപ്പിടിച്ചു പാത്രം കൊണ്ട് വരാതിരിക്കും. സ്കൂളിലേക്ക് അവർ വിശപ്പിനെ കൂടാതെ വാടപ്പുറത്തിന്റെ മണം കൂടി കൊണ്ടുവരും. വാടപ്പുറം എന്നാൽ വാടയുള്ള പുറം എന്നാണോ? ആയിരിക്കാം. അസംബ്ലിയിൽ വെയിലത്തു നിൽക്കുമ്പോൾ ചില പെൺകുട്ടികൾ തലചുറ്റി വീഴും. ദയയുള്ള അധ്യാപകർ ഒരു ചായയും ഗുണ്ടും വാങ്ങിക്കൊടുക്കും. വിശപ്പായിരുന്നു. വിശപ്പിനു മണമില്ലായിരുന്നു.



വാടപ്പുറത്തിനു പാക്കളം എന്നും പേരുണ്ട്. പാക്കളം എന്ന് പറഞ്ഞാൽ പായിടുന്ന കളം. അത് കയറ്റു പായ് ഇടുന്ന കളം എന്ന അർഥത്തിൽ അല്ല. പായയിട്ട് ഉണക്കാവുന്ന കളം എന്നാകാം അർഥം. മുതലാളിക്ക് പെരുങ്കുടി എന്നാണ് പേര്. വലിയ വീടുള്ള എന്ന അർത്ഥത്തിൽ ആയിരിക്കണം പെരുങ്കുടി എന്ന പേര് വന്നത്. പാക്കളത്തിൽ കയറിടലുണ്ട്. താരു നൂറ്റു പോകുന്ന സ്ത്രീകൾ മിക്കവാറും അമ്മമാരും വണ്ടി കറക്കുന്ന പെൺകുട്ടികൾ മിക്കവാറും അവരുടെ മക്കളും ആയിരിയ്ക്കും. പഠിക്കാൻ പോയില്ലെങ്കിൽ വണ്ടിയുടെ മൂട്ടിൽ കൊണ്ടിടും എന്നാണ് അമ്മമാർ മക്കളെ ഭീഷണിപ്പെടുത്തിയിരുന്നത്. കയറു പിരിച്ചു തയാറായാൽ അത് മാറ് കണക്കിനാണ് മടക്കുന്നത്. മടക്കിയെടുക്കുന്ന മാറുകൾക്ക് അനുസരിച്ചാണ് പണം. തൊണ്ടു തല്ലുമ്പോൾ ബാക്കി വരുന്ന തൊലിയെ തീകത്തിക്കാനുള്ള ചൂട്ടായി ഉപയോഗിക്കും. അതും വിറ്റാൽ കാശാണ്. തൊണ്ടു തള്ളിക്കഴിഞ്ഞു ചകിരിയായാൽ പിന്നെ അത് കയറ്റി വൃത്തിയാക്കാൻ വെശ എന്ന് പേരുള്ള മെഷീനുണ്ട്. അത് പ്രവർത്തിപ്പിക്കുന്നത് പുരുഷന്മാരാണ്. മെഷീനിൽ നിന്ന് ചേറു മൊത്തം കൊഴിച്ചു പുറത്തു വരുന്ന ചകിരി റോഡിലിട്ട് ഉണക്കും. അത് ചിക്കി ഇളക്കാൻ നീണ്ട വടിയുമായി ആളുകൾ നിൽക്കും. ചകിരിക്ക് വേറൊരു മണമാണ്.

മാറ് കണക്കിന് ഉണ്ടാക്കിയെടുക്കുന്ന കയർ പിടികൾ എന്നും അറിയപ്പെടുന്നു. പിടിക്കയറുകൾ ഓരോന്നായി റോഡിലിട്ടാണ് ഉണക്കുന്നത്. അത് ചെയ്യുന്നത് വളരെ അവധാനതയോടെയാണ്. പുരുഷന്മാർ തലയിൽക്കെട്ടും കെട്ടി നിന്ന് പിടിക്കയറുകൾ ഉണക്കിയെടുക്കും. കയർ ഉണങ്ങുമ്പോൾ മറ്റൊരു മണമാണ്. അവിടെ നിന്ന് അത് പോകുന്നത് മന്ന് എന്നറിയപ്പെടുന്ന ഒരു സാധനം ഉണ്ടാക്കാനാണ്. നീളമുള്ള ഒരു മുറിയാണ് മന്നുണ്ടാക്കാൻ വേണ്ടത്. നിലത്ത് എട്ടു കയറുകൾ നീട്ടി വിരിക്കും. അതിന്മേൽ പിടിക്കയറിനെ നീളത്തിൽ അടുക്കും. അതിനു ശേഷം ഒരേ അളവിൽ ഇറുക്കി ചുറ്റും. അങ്ങനെ ചുറ്റി ചുരുട്ടി എടുക്കുന്ന സംഭവം വളരെ മനോഹരമായിരിക്കും. കയർ വ്യാപാരം നടത്തുന്ന വലിയ ഫാക്ടറികളിലേയ്ക്ക് കൊണ്ട് പോകാനുള്ള സൗകര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുണ്ടാക്കുന്ന ചെറുപ്പക്കാരുടെ വിയർപ്പു കൂടി ചേർന്ന് മന്നുണ്ടാക്കുന്ന ഇരുണ്ട നീളൻ മുറികൾക്ക് വേറൊരു മണമാണ്. ആലപ്പുഴയിലാണ് പ്രധാന കയർ ഫാക്ടറികൾ എല്ലാം. മന്നു കൊണ്ടുപോകാൻ ലോറികൾ വന്നു വക്കത്തെ കയർ ഫാക്ടറിയുടെ മുന്നിൽ നിൽക്കും.അടിവാരത്തും മറ്റുമൊക്കെ ഉണ്ടാക്കുന്ന മന്നുകൾ ചുമന്ന് കൊണ്ട് റോഡിൽ വെയ്ക്കണം. അതിന് കൂലിയുണ്ട്. സ്കൂളിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും മന്നു ചുമന്ന് പൈസയുണ്ടാക്കി വീട്ടിലെ ദാരിദ്ര്യം മാറ്റാൻ ശ്രമിക്കും.



സുകുമാരൻ മുതലാളിയുടേതായിരുന്നു കയർ ഫാക്ടറി. ആലപ്പുഴയിലേക്ക് കയർ കയറ്റി അയക്കുക മാത്രമല്ല, കയറ്റു പായയുടെ നിർമ്മാണവും വക്കത്ത് കൊല്ലി മുക്കിനടുത്തുള്ള കയർ ഫാക്ടറിയിൽ നടന്നിരുന്നു. മൂന്നോ നാലോ തരത്തിലുള്ള പായകൾ നെയ്യാനുള്ള തറികൾ അവിടെയുണ്ടായിരുന്നു. തറികളിൽ കയറ്റാനുള്ള പാവുകൾ തയാറാക്കുന്നത് വണ്ടി ചുറ്റൽ എന്നൊരു പ്രക്രിയയിലൂടെയാണ്. മാറുകൾ ഒരു കറങ്ങുന്ന ചട്ടത്തിൽ ഇട്ടശേഷം അതിനെ കുരുങ്ങാതെ ഒരു വലിയ ബോബ്ബിനിലേയ്ക്ക് ചുറ്റുക എന്നതാണ് ചെയ്യേണ്ടത്. കയറുകളെ തമ്മിൽ യോജിപ്പിക്കുന്നതിനു പിരിച്ചു കുത്തൽ എന്ന് പറയും. അതൊരു കലയാണ്. തള്ളിനിൽക്കാതെ കയറിനെ ചേർത്തു ചുറ്റണം. പിന്നെ ഊടിനായി ഉണ്ട ചുറ്റലാണ്. ഓരോ മാറ് കയർ ഉണ്ടകളാക്കി ചുറ്റി എടുക്കണം. അത് തടികൊണ്ടുള്ള ഓടത്തിനുള്ളിൽ പിടിപ്പിക്കും. അതാണ് തറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്. ചിലപ്പോൾ നിറമുള്ള പായ നെയ്യും. അപ്പോൾ വലിയ ചരുവങ്ങളിൽ നീലയും പച്ചയും ചുവപ്പും നിറങ്ങൾ തയാറാക്കി അതിൽ കയർ ഇട്ടു തിളപ്പിക്കും. പിന്നെ അതിനെ നന്നായി ഉണക്കാൻ തൂക്കിയിടും. പായകൾ നെയ്യുന്ന തറികൾ പ്രവർത്തിപ്പിക്കുന്നത് ഗ്രാമത്തിലെ ആണുങ്ങൾ തന്നെയാണ്. പായ തയാറായാൽ പായ തറിയിൽ നിന്നിറക്കി റോഡിൽ കൊണ്ടിട്ട് അതിലെ കേടുപാടുകൾ നീക്കി ഉണക്കി ഉരുട്ടി ലോറിയിൽ കയറ്റുന്നത് വരെ തകൃതിയായ ജോലി തന്നെയാണ്. കയർ ഫാക്ടറിയുടെ ഓരോ ഘട്ടത്തിനും ഓരോ മണങ്ങളാണ്. മണങ്ങളെല്ലാം വക്കം സ്കൂളിൽ പഠിക്കാനും എത്തിയിരുന്നു.



കായിക്കര കടവിൽ നിന്ന് പാകിസ്ഥാൻ മൂക്കിലേക്ക് കയറി ഒരു മൂളിപ്പാട്ടും പാടി ഇടത്തേക്ക് തിരിഞ്ഞാൽ പള്ളിയിൽ പോകാനുള്ള വഴിയായി. അവിടെ റാം, ശ്യാം എന്നിങ്ങനെ പേരുള്ള രണ്ടു പയ്യന്മാരുണ്ടായിരുന്നു. അവരുടെ അമ്മൂമ്മയുമായി ബന്ധപ്പെട്ടതാണ് അടുത്ത ഗ്രാമഗന്ധം. അയിതാച്ചിയമ്മ എന്നാണ് എല്ലാവരും അവരെ വിളിച്ചിരുന്നത്. അവരെ പുറം ലോകത്തു കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷെ അവരെ കാണുവാൻ പുറം ലോകം വെളുപ്പാൻ കാലത്തെ അവിടെ ചെന്നിരുന്നു. ലോകം വിടുന്ന ദൂതന്മാരുടെ കൈയിൽ ഒരു ചെറിയ വട്ടിയും കാണും. ഗേറ്റു തുറന്ന് അകത്തു ചെല്ലുമ്പോൾ സാമാന്യം വലിയൊരു വീടാണ്. അവിടെ നിങ്ങൾക്ക് പ്രവേശനം ഇല്ല. ഒരു വശത്തൂടെ വീടിനു പിറകിലുള്ള ചായ്പ്പിലേയ്ക്ക് ചെല്ലുമ്പോൾ അയിതാച്ചിയമ്മയെ കാണാനാകും. തറയിൽ കൂട്ടി വെച്ച രണ്ടു അടുപ്പുകൾ. അതിൽ രണ്ടു അപ്പം ചുടുന്ന ഇരുമ്പു ചട്ടികൾ. മുന്നിൽ ഒരു മുറം, അതിൽ വിടുർത്തിയിട്ട ഒരു കടലാസ്. അതിലേക്കാണ് അവർ ചുടുന്ന അപ്പം വന്നു വീഴുന്നത്. അവർക്കും ചുറ്റും ഉറക്കം തൂങ്ങുന്ന കുറെ കുട്ടികളും ഉണ്ടാകും. അയിതാച്ചിയമ്മയുടെ അപ്പം പ്രസിദ്ധമാണ്; അതിന്റെ മണം എല്ലായിടത്തും പ്രസരിക്കും. നാലണയ്ക്ക് ഒരു അപ്പം. രണ്ടു രൂപയുമായി വീട്ടുകാർ കുട്ടികളെ വെളുപ്പാൻ കാലത്തെ പറഞ്ഞു വിടും കാരണം ഫസ്റ്റ് കം ഫസ്റ്റ് സെർവ് ബേസിസിലാണ് കാര്യങ്ങൾ. അവർ മുഖം നോക്കാതെ നടപടിയെടുക്കും. ആരാണോ ആദ്യം വട്ടി കൊണ്ട് വെച്ചത് അവർക്ക് കൊടുത്തിട്ടേ ബാക്കിയുള്ളവർക്ക് കൊടുക്കൂ. കുട്ടികൾ മധുരക്കള്ളു ചേർത്ത് പുളിപ്പിച്ച മാവ് കൊണ്ട് ചുടുന്ന അപ്പത്തിന്റെ ഗന്ധം ആകുവോളം നാസാരന്ധ്രങ്ങളിലേയ്ക്ക് വലിച്ചു കയറ്റിക്കൊണ്ടു അവരുടെ ഊഴം കാത്ത് അവിടെയിരിക്കും.



അക്കാലത്തു ഗ്രാമത്തിന് തികച്ചും അപരിചിതമായിരുന്നു പേർഷ്യാക്കാരുടെ ഗന്ധം. അതൊന്ന് വേറെ തന്നെയാണ്. സ്കൂളുകളിലാണ് ഗന്ധം ആദ്യം വരുന്നത്. വാപ്പാമാരും അച്ഛന്മാരും ഒക്കെ കൊണ്ട് വരുന്ന സ്പ്രേ എന്ന് പറയുന്ന സുഗന്ധ ദ്രാവകം പുരട്ടിയാണ് പേർഷ്യൻ കുട്ടികൾ വരുന്നത്. തലേന്ന് വരെ സാധാരണ കുട്ടികളെ പോലിരുന്നവന്മാർ പൊടുന്നനെ വേറൊരു മണത്തിൽ ആവിര്ഭവിക്കുന്നു. കുറച്ചു നാളത്തേയ്ക്ക് സ്കൂളിൽ ആകെ പേർഷ്യൻ ഗന്ധമായിരിക്കും. അവന്മാരുടെ ഷർട്ടുകൾ മാത്രം നല്ല തളിർവാഴയിലയുടെ മാർദ്ദവമുള്ളതായിരിക്കും; അതിന് സുഗന്ധവും കാണും. ബാക്കിയുള്ളവരുടെ ഉടുപ്പിലെല്ലാം ചിരപുരാതനമായ സർക്കാരിന്റെ ഗന്ധമായിരുന്നു. സർക്കാരിന്റെ ഗന്ധമാണ് റേഷൻ ഷോപ്പുകൾക്കുള്ളത്. റേഷൻ തുണിയാണ് ബാക്കിയുള്ളവർ ഇടുന്നത്. അതിന് കഞ്ഞിപ്പശയുടെ മണമാണ്. ഉടുപ്പിന്റെ കാര്യം പോകട്ടെ. ഇവർ മൂട്ടിൽ റബ്ബറുള്ള പെൻസിൽ കൊണ്ട് വരും. അതിനുമുണ്ട് മണം. സഹിക്കാൻ വയ്യാത്ത അസൂയ ഉളവാക്കാൻ കഴിവുള്ള സുഗന്ധമാണ് നിറമുള്ള റബ്ബർ കട്ടകൾക്കുള്ളത്. അത് മണപ്പിക്കാൻ വേണ്ടി അഞ്ചു പൈസയുടെ കാരയ്ക്കയും വെള്ളവും വരെ വാങ്ങിക്കൊടുക്കുന്ന കുട്ടികൾ ഉണ്ട്. പിന്നെ ഇവർ മറ്റു കുട്ടികളെ ഭ്രാന്ത് പിടിപ്പിക്കുന്നത് സായിപ്പും മദാമ്മയും പന്ത് മൂക്കിലിട്ടുരുട്ടുന്ന കടൽസിംഹവും ഒക്കെയുള്ള ഒരു സ്കെയിലാണ്. അതിനും ഉണ്ടാകും പേർഷ്യൻ മണം. അതിലൊന്ന് പിടിക്കാനും അതിലെ പടങ്ങൾ തിരിച്ചും മറിച്ചും നോക്കാനും വേണ്ടി വായിലിട്ടു നെല്ലിക്ക എടുത്തു തുടച്ചു കൊടുത്ത ത്യാഗികൾ പഠിച്ച സ്കൂളാണ് വക്കത്തുള്ളത്.



കിഴക്കോട്ട് നടക്കുമ്പോൾ ശശിയണ്ണൻ ഇരിക്കുന്ന മുറി വരും. അവിടെ ആണുങ്ങളുടെ വിയർപ്പിന്റെയും ഷട്ടിൽ കളിക്കുന്ന ബാറ്റ് വരിയാൻ ഉപയോഗിക്കുന്ന കങ്ങൂസിന്റെയും കാരംസ് ബോർഡിനു മേൽ വിതറിയ പൗഡറിന്റെയും പിന്നെ തിരിച്ചറിയാൻ കഴിയാത്ത പലതിന്റെയും മണമാണ്. അന്നത്തെ ചെറുപ്പക്കാർക്ക് കുട്ടിക്കൂറ പൗഡറിന്റെയും ലാക്ടോ കലാമിനെയും ഗന്ധമുണ്ടായിരുന്നു. കുട്ടികളെ എടുത്തുമ്മ വെച്ചാൽ അവരുടെ മുഖത്തെ പാൽ മണവും അവരുടെ അമ്മമാരുടെ പൗഡറിന്റെയും വിയർപ്പിന്റെയും മണം അറിയാമായിരുന്നു. പെൺകുട്ടികൾ ഉള്ള വീടുകളിൽ ക്യൂട്ടെക്സിന്റെയും ചാന്തിന്റെയും കണ്മഷിയുടെയും കൂടി മണമുണ്ടായിരുന്നു. ഗ്രൈപ്പ് വാട്ടറിന്റെയും ഇൻക്രിമെൻറെയും ഫെഡെറോളിന്റെയും വാട്ടർബെറീസ് കോമ്പൗണ്ടിന്റെയും മദിപ്പിക്കുന്ന മണം. കരിക്കിന്റെ മണം. ഉച്ചയാകുമ്പോൾ പൊരിയുന്ന മീനിന്റെയും വറുക്കുന്ന കടുകിന്റെയും മണം. ഉച്ച തിരിയുമ്പോൾ മയക്കത്തിന്റെ മണം. കിഴക്കോട്ടു നടക്കുമ്പോൾ പെട്രോളിന്റെ മണം. ചന്തയ്ക്കടുത്ത് എത്തുമ്പോൾ പഴങ്ങളുടെയും പച്ചക്കറികളുടെയും മീനിന്റെയും ബീഫിന്റെയും മണം. മുക്കാലുവട്ടത്തെ ചെമ്പകപ്പൂക്കളുടെ മണം. പുത്തൻ നടയിലെ ചന്ദനത്തിന്റെ മണം. ബേബി എന്ന സുന്ദരിക്കുട്ടിയുടെ വീട്ടുമുറ്റത്ത് വിരിഞ്ഞു നിന്ന റോസാപ്പൂവിന്റെ മണം. സ്കൂളിൽ ബി എഡ് ട്രെയിനിങ്ങിനു വന്ന സുന്ദരികളായ ടീച്ചർമാരുടെ അപൂർവ്വസുന്ദരമായ മണങ്ങൾ. പൊടിപ്പു മില്ലിന്റെ മണം. അവിടെ അപ്പോൾ പൊടിച്ച മുളകിന്റെ തീവ്രഗന്ധം. എണ്ണയുടെ പിണ്ണാക്കിന്റെ ലൈഫ്ബോയ് സോപ്പിന്റെ മണം.



തോപ്പിക്കവിളാകത്തെത്തുമ്പോൾ പഴുത്ത ആഞ്ഞിലിച്ചക്കയുടെ മണം. തീവണ്ടി കടന്നു പോകുന്നത് കണ്ടു നിൽക്കുമ്പോൾ ദൂരങ്ങളുടെ സുഗന്ധം. റെയിൽ മുറിച്ചു കടക്കുമ്പോൾ സുരേന്ദ്രൻ സാറിന്റെ വീട്ടുമുറ്റത്തു നിൽക്കുന്ന പിച്ചിപ്പൂക്കളുടെ മണം. സാർ അവിടെയുണ്ടെന്നറിയുമ്പോൾ പതുങ്ങിയെത്തുന്ന കണക്കിന്റെ തീക്ഷ്ണ ഗന്ധം. സുഹാസിനിച്ചേച്ചിയുടെ പ്രഭാതം പോലെ തിളക്കമുള്ള ചിരിയുടെ മണം. ഉലയിൽ പഴുക്കുന്ന ഇരുമ്പിന്റെ മണം. അടുത്തെവിടെ നിന്നോ കരുണാകരൻ ഭാഗവതർ പാടുന്ന ഹംസധ്വനിയുടെ അരയന്നഗന്ധം. പഞ്ചായത്താശുപത്രിയിലെ ജങ്ഷൻ വയലറ്റിന്റെ ഗന്ധം. ആശുപത്രിക്കെട്ടിടത്തിന് പിന്നിൽ മോർച്ചറിയെന്നു പറയുന്ന ഒരു ചെറിയ കെട്ടിടത്തിന്റെ നോക്കുമ്പോൾ ഉണ്ടാകുന്ന പേടിയുടെ മണം. തുളസീ ബായി ടീച്ചറുടെ 'അമ്മ കുട്ടികൾക്കായി കാത്തുവെയ്ക്കുന്ന ഫ്രിഡ്ജിലെ ഐസ് കട്ടയുടെ മണം. ദൈവപ്പുരയിലെ ഉത്സവത്തിന്റെ മണം കിഴക്കോട്ട് പടരുന്ന കാവുകളുടെ മണം. കമ്മ്യൂണിസ്റ്റ് പച്ചയുടെ മണം. കീഴ് വിളാകത്തെ കൊക്കോപ്പഴത്തിന്റെ സുഗന്ധം. കാമായിൽ കരാട്ടെ പഠിക്കുന്ന കുട്ടികളുടെ കാലുകളിൽ വേദന അരിച്ചു കയറുമ്പോൾ കണ്ണുകളിൽ നിന്ന് ഒഴുകുന്ന വേദനയുടെ മണം. അങ്ങനെ മണങ്ങൾ കയറ്റം കയറി ചെന്നൊടുങ്ങുകയാലാവണം അത്തറിന്റെ സുഗന്ധമുള്ള ഇടത്തിന് മണനാക്കെന്ന് പേര് വന്നത്; വക്കത്തിന്റെ ഔദ്യോഗിക അതിരായി മാറിയത്.

- ജോണി എം എൽ




Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്