ഒരു ഗ്രാമത്തിന്റെ കഥ 6: ദേ ...സൈക്കിൾ യജ്ഞം വന്നു!
(വിഷ്ണുലോകം എന്ന സിനിമയിൽ മോഹൻലാൽ സൈക്കിൾ യജ്ഞക്കാരനായി)
പുത്തൻ
നടയിലെ എസ് എൻ ടാക്കീസ് പൂട്ടുന്നതിനും
വക്കം ശശി എന്ന പേരിലുള്ള ഓലക്കൊട്ടക തുടങ്ങുന്നതിനും ഇടയിലുള്ള ഒരു കാലത്ത് ഗ്രാമത്തിലെ ആളുകൾക്ക് വിനോദത്തിന് വേറെ മാർഗ്ഗങ്ങളില്ലാതായി. നാട്ടിലെ പ്രമുഖർ കൂടി നടത്തുന്ന ചില നാടകോത്സവങ്ങൾ ഉണ്ട്. അതല്ലാതെ പിന്നെയുള്ളത് വക്കം ഹൈസ്കൂളിലെ യുവജനോത്സവമാണ്. അതുമല്ലെങ്കിൽ ഉത്സവകാലം വരണം. ഇതൊന്നുമില്ലാത്ത കാലത്തിലായിരിക്കും ഗ്രാമത്തിൽ രണ്ടിടത്ത് സൈക്കിൾ യജ്ഞം വരുന്നത്. അത് വന്നു കഴിഞ്ഞാൽ ഒരാഴ്ചത്തേക്ക് ആബാലവൃദ്ധം ജനങ്ങൾക്ക് സായാഹ്നങ്ങൾ വിനോദത്തിൽ മുക്കിയെടുക്കാൻ ഒരവസരമായി. ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വിലകുറഞ്ഞ ത്രില്ല് ഏതെന്ന് ചോദിച്ചാൽ ഇന്ന് പലരും പറയും സൈക്കിൾ യജ്ഞമെന്ന്. പക്ഷെ അത് ഒരുകാലത്ത് ഗ്രാമങ്ങളുടെ ഹരമായിരുന്നു എന്നത് പോലെ വക്കത്തിന്റെയും ഇഷ്ടവിനോദമായിരുന്നു.
ചന്തമുക്കിൽ
ബസ്സിറങ്ങിയാൽ നേരെ അകത്തോട്ടൊരു റോഡ് പോകുന്നുണ്ട്. അത് ചെന്നവസാനിക്കുന്നതാണ് പുത്തൻ നട. ഗ്രാമത്തിന്റെ ഒരു കേന്ദ്രഭാഗം എന്നൊക്കെ വേണമെങ്കിൽ പുത്തൻ നടയെക്കുറിച്ചു പറയാം. അന്നും മുക്കാലുവട്ടത്ത് ദേവീക്ഷേത്രം ഉണ്ടായിരുന്നു. നസീർ-ഉമ്മർ എന്നൊക്കെ പറയുന്നത് പോലെയായിരുന്നു ആളുകൾ പുത്തൻ നടയെയും മുക്കാലുവട്ടത്തെയും കുറിച്ച് പറയുമായിരുന്നത്. ഗ്രാമജീവിതം പൂർത്തിയാകാൻ രണ്ടും വേണമായിരുന്നു. വേറെ ക്ഷേത്രങ്ങൾ ഇല്ലാഞ്ഞിട്ടല്ല, പക്ഷെ ഈ രണ്ട് അമ്പലങ്ങളും
പ്രധാനമായിരുന്നു ആളുകൾക്ക്. ഗ്രാമത്തിന്റെ കിഴക്കു ഭാഗത്തുള്ള ദൈവപ്പുര വളരെ പ്രധാനമായിട്ടുള്ള മറ്റൊരു ക്ഷേത്രമാണ്. പക്ഷെ ഇവയ്ക്കെല്ലാം വിവിധങ്ങളായ സവിശേഷതകൾ ഉണ്ടെങ്കിലും സൈക്കിൾ യജ്ഞം നടക്കുന്നത് പുത്തൻ നടയിൽ മാത്രമായിരുന്നു. പുത്തൻ നടയിൽ ഒരു ആൽമരമുണ്ട്. അതിന്റെ ചുവട്ടിലാണ് സൈക്കിൾ യജ്ഞം അരങ്ങേറുന്നത്. രണ്ടാമത്തെ ഇടം എന്നത് പാകിസ്ഥാൻ മുക്കിലെ ചെറിയ മൈതാനിയാണ്.
സർക്കസ്
വരുന്നത് പോലെയല്ല സൈക്കിൾ യജ്ഞം വരുന്നത്. സർക്കസിനാണെങ്കിൽ അവർ ഏതെങ്കിലും മൈതാനത്ത് വന്നു തമ്പടിക്കുമ്പോഴേ വൈകുന്നേരങ്ങളിൽ ഗ്രാമപ്രദക്ഷിണം ഉണ്ടാകും. ഭാരതാ സർക്കസ്, ജെമിനി സർക്കസ് തുടങ്ങിയവയായിരുന്നു പ്രധാനസർക്കസു കമ്പനികൾ. അവർ ഗ്രാമത്തിലും തൊട്ടടുത്ത പട്ടണത്തിലുമെല്ലാം പോസ്റ്റർ ഒട്ടിയ്ക്കും. പോസ്റ്ററിൽ ട്രപ്പീസിൽ ആടുന്ന പെൺകുട്ടികളും നൃത്തം ചെയ്യുന്ന ആനയും കാലിൽ ഉയർന്നു നില്ക്കുന്ന കടുവകളും വായ പൊളിച്ചിരിക്കുന്ന സിംഹങ്ങളും കോമാളികളുടെ മുഖങ്ങളും ഒക്കെ കാണും. ഏറ്റവും ആകർഷകമായി കുട്ടികൾക്ക് തോന്നിയിരുന്നത് വലക്കണ്ണി പോലുള്ള എന്തോ കൊണ്ടുണ്ടാക്കിയ ഒരു വലിയ ഗോളത്തിനുള്ളിൽ പാഞ്ഞു നടക്കുന്ന മോട്ടോർ സൈക്കിളിന്റെ ചിത്രവും പോസ്റ്ററിൽ നിന്ന് ആളുകളുടെ ഇടയിലേക്ക് ചാടാൻ എന്നോണം നിൽക്കുന്ന കരിമ്പുലിയുടെ ചിത്രവുമാണ്. കൂടാതെ, കൂടാരം തയാറായിക്കഴിഞ്ഞാൽ അതിന്റെ ഉച്ചാം മണ്ടയിൽ ഒരു വിളക്കുണ്ടാകും. അതിൽ നിന്ന്, വിളക്കുമാടത്തിലെന്നോണം വെളിച്ചത്തിന്റെ മൂന്ന് രേഖകൾ പുറപ്പെടുന്നുണ്ടാകും. സന്ധ്യ കഴിഞ്ഞു ഇരുട്ട് പടർന്നു തുടങ്ങുമ്പോൾ ഗ്രാമത്തിന് മുകളിലൂടെ എവിടെനിന്നു വരുന്നു എന്നറിയാത്ത വെളിച്ചത്തിന്റെ രേഖകൾ നിശ്ചിത സമയം ഇടവിട്ട് കടന്നു പോകും. ഈ വെളിച്ചം കാണുമ്പോൾ
സർക്കസ് വന്ന കാര്യം അറിയാത്തവരും പറയും, അടുത്ത പട്ടണത്തിലെവിടെയോ സർക്കസ് വന്നിട്ടുണ്ട്.
ഇത്തരത്തിലുള്ള
ആഘോഷങ്ങളൊന്നും സൈക്കിൾ യജ്ഞത്തിനില്ല. ഒരു ചെറിയ കൂടാരം. അതിനുള്ളിലാണ് മൈക്ക് സെറ്റ്. അതിന്റെ തൊട്ടടുത്തായി ഒരു മേക്കപ്പ് റൂം ചായ്ച്ചു കെട്ടിയിരിക്കും. മൈതാനത്തിന്റെ ഒത്ത നടുക്ക് പത്തുപന്ത്രണ്ടടി പൊക്കമുള്ള ഒരു തൂണ് നാട്ടും. അതിൽ മൂന്നോ നാലോ ട്യൂബ് ലൈറ്റുകൾ വെച്ച് കെട്ടിയിരിക്കും. അതിൽ നിന്ന് വീഴുന്ന വെളിച്ചമാണ് സൈക്കിൾ യജ്ഞത്തിന്റെ പ്രകടനത്തിന് വെളിച്ചം നൽകുന്നത്. ആ വെളിച്ചത്തിന്റെ വൃത്തത്തിലേയ്ക്ക് ആളുകൾ പ്രവേശിക്കാതിരിക്കാൻ
നാല് ചുറ്റും കുറ്റികൾ നാട്ടി കയർ വലിച്ചു കെട്ടിയിരിക്കും. അന്ന് ആളുകൾക്കും കുട്ടികൾക്കും അതിരുകൾ മുറിച്ചു കടക്കുവാനുള്ള പ്രേരണ കുറവായിരുന്നതിനാലായിരിക്കണം
ആ കയർ കടന്ന് ആരും അതിനുള്ളിൽ പ്രവേശിക്കില്ല. ഈ വെളിച്ചത്തിന്റെ വൃത്തത്തിലാണ് ഒരു
ചെറുപ്പക്കാരൻ വരുന്ന ഒരാഴ്ച നിലത്തിറങ്ങാതെ സൈക്കിൾ ചവിട്ടാൻ പോകുന്നത്.
കുട്ടികളെ
സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുതകരമായ പരിപാടി തന്നെയായിരുന്നു. അതിനാൽ അവർ എങ്ങനെയെങ്കിലും വൈകുന്നേരമാകാൻ കാത്തിരിക്കും. വാങ്ക് വിളിയും കഴിഞ്ഞ്, വീട്ടിലെ പൂജാമുറികളിലും ചെറിയ തറകളിലും വിളക്ക് കൊളുത്തിക്കഴിഞ്ഞാൽ കുട്ടികൾ പുത്തൻ നടയിലേയ്ക്കോ പാകിസ്ഥാൻ മുക്കിലേയ്ക്കോ ഒരു ഓട്ടമാണ്. ഏതൊക്കെ വിലക്കുകൾ ഉണ്ടെങ്കിലും അവയെയൊക്കെ തട്ടിമാറ്റി, കുറച്ച് അടികിട്ടിയാലും വേണ്ടില്ല സൈക്കിൾ യജ്ഞം എല്ലാദിവസവും കാണുവാൻ കുട്ടികൾ പോയിരുന്നു. നിരുപദ്രവമായ ഒരു പരിപാടിയാണ് ഇതെന്ന് കരുതി രക്ഷകർത്താക്കൾ കുട്ടികളെ തടഞ്ഞിരുന്നില്ല എന്ന് മാത്രമല്ല, വലിയ ഗൗരവം പൊതുവെ കാട്ടുന്ന നാട്ടു പ്രമുഖർ വരെ നേരം നന്നായൊന്നു ഇരുട്ടിക്കഴിഞ്ഞാൽ സൈക്കിൾ യജ്ഞം കാണാനായി വന്നു നിൽക്കും. അപ്പോഴൊക്കെയും, കാര്യങ്ങൾ ശരിയായി നടക്കുന്നു ഇല്ലയോ എന്നറിയാൻ വേണ്ടി മാത്രം വന്നു നോക്കുന്നു എന്ന ഭാവമായിരിക്കും അവരുടെ മുഖത്ത്.
നിരുപദ്രവമാണെങ്കിലും
നിലവാരമില്ലാത്ത വിനോദം എന്നായിരുന്നു പ്രമുഖരും ചില മുതിർന്നവരും സൈക്കിൾ യജ്ഞത്തിനെ കുറിച്ച് കരുതിയിരുന്നത്. എന്നാൽ കുട്ടികളെ സംബന്ധിച്ചിടത്തോളം അത് പലവിധ വിനോദങ്ങൾ ഒരുമിച്ചു ചേരുന്ന ഒരു പരിപാടിയായിരുന്നു. സാഹസം, നൃത്തം, പാട്ട്, മാജിക്, സർക്കസ്, കോമാളിത്തരങ്ങൾ എന്നിവയൊക്കെ ഒരിടത്ത് തന്നെ കാണാനുള്ള അവസരം. പിന്നെ ഏറ്റവും വലിയ കാര്യം എന്നത്, സൈക്കിൾ യജ്ഞം കാണാൻ ടിക്കറ്റ് എടുക്കേണ്ട എന്നാണ്. എങ്കിലും പാവം കരുതി അമ്മമാർ പത്തു പൈസയും നാലണയും ഒക്കെ കുട്ടികളുടെ കീശയിൽ ഇട്ടുകൊടുക്കും. യജ്ഞം കണ്ടു മടങ്ങുമ്പോൾ വേദിയിലേക്ക് ഈ നാണയത്തുട്ടുകൾ എറിഞ്ഞു
കൊടുക്കണം എന്ന് അവർ നിഷ്കർഷിക്കും. ആ കലാകാരന്മാർ വയറ്റുപ്പിഴപ്പിനു
വേണ്ടി കളിക്കുന്നവരാണെന്നു ഗ്രാമവാസികൾക്ക് അറിയാമായിരുന്നു. അതിനാൽ അവരോട് എതിർപ്പോ പുച്ഛമോ ആരും കാട്ടിയിരുന്നില്ല. എന്ന് മാത്രമല്ല, ആ കലാകാരന്മാർക്ക് അവർ ഗ്രാമത്തിൽ
നിന്ന് പോകുന്നത് വരെ താമസിക്കാനായി ഒഴിഞ്ഞു കിടക്കുന്ന കടകളും മറ്റും സൗജന്യമായി കൊടുക്കുകയും ചെയ്തിരുന്നു.
അന്നത്തെ
ഏറ്റവും പ്രശസ്തനായ സൈക്കിൾ യജ്ഞം കലാകാരൻ എന്നത് ഡാൻസർ തമ്പിയാണ്. ഡാൻസർ തമ്പിയും സംഘവും അവതരിപ്പിക്കുന്ന സൈക്കിൾ യജ്ഞം മിക്കവാറും നടക്കുന്നത് പാകിസ്ഥാൻ മുക്കിലായിരിക്കും. മികച്ച നൃത്തം, മികച്ച സാഹസം, മികച്ച അഭ്യാസങ്ങൾ, മികച്ച ഹാസ്യം ഒക്കെ ഡാൻസർ തമ്പിയുടെ സംഘത്തിൽ നിന്ന് പ്രതീക്ഷിക്കാമായിരുന്നു. അതിനാൽ കുട്ടികൾ ചിലപ്പോഴെല്ലാം സ്കൂൾ വിട്ടു
വന്നു പുസ്തകം ഏതെങ്കിലും മൂലയിലേക്കെറിഞ്ഞ് പാകിസ്ഥാൻ മൂക്കിലേക്ക് ഓടും. അപ്പോൾ കളിയൊന്നും തുടങ്ങിയിട്ടുണ്ടാവില്ല. ഉദ്ഘാടന ദിവസം ഡാൻസർ തമ്പി (നല്ല ഉയരവും വണ്ണവുമുള്ള റ മീശ വെച്ച,
കുടവയറുള്ള ഒരു ചെറുപ്പക്കാരനായിരുന്നു ഡാൻസർ തമ്പി. വായ നിറയെ പല്ലുകളാണെന്ന് തോന്നിപ്പിക്കും വിധത്തിൽ വിടർന്നു ചിരിച്ചിരുന്നു) തന്റെ ടീമിലെ അംഗങ്ങളെ പരിചയപ്പെടുത്തും. ഗ്രാമത്തിലെ ഏതെങ്കിലും പ്രമുഖനെ അന്ന് അവിടെ തയാറാക്കി നിറുത്തിയിരിക്കും. അയാളുടെ ജോലി ഇനി ഏഴു ദിവസം സൈക്കിളിൽ നിന്നിറങ്ങാതെ ചവിട്ടുന്ന ചെറുപ്പക്കാരനെ സൈക്കിളിൽ പിടിച്ചു കയറ്റുക എന്നതാണ്. അതോടെ പരിപാടികൾ ആരംഭിക്കുകയായി.
എത്ര
വലിയ ഡാൻസർ തമ്പി ഉണ്ടെങ്കിലും കുട്ടികളെ സംബന്ധിച്ചിടത്തോളം സൈക്കിൾ ചവിട്ടുന്ന യുവാവാണ് പ്രധാനം. ദാരിദ്ര്യം കൊണ്ടാകണം തീരെ മെലിഞ്ഞ ഒരു യുവാവായിരിക്കും സൈക്കിളിൽ. അയാളുടെ ശരീരത്തെ അനുകരിച്ചെന്നവണ്ണം സൈക്കിളിൽ നിന്ന് മഡ്ഗാഡ്, ബ്രെക്ക്, ബെല്ല്, ചെയിൻ കവർ, ഹാൻഡിൽ കവർ, സീറ്റ് കവർ തുടങ്ങി എല്ലാ സംഗതികളും ഇളക്കി മാറ്റിയിരിക്കും. സൈക്കിളിനെ പ്രസവിച്ചിട്ടപോലെ തോന്നും. ഉടുപ്പൊന്നും ഇടാതെ നഗ്നനായ ഒരു സൈക്കിൾ. ആ സൈക്കിൾ ഒരു
അത്ഭുതം തന്നെയാണ്. അതിൽ ബ്രെക്കും മമറ്റ് അനുസാരികളും ഇല്ലാത്തതിനാൽ ഹാൻഡിൽ ബാറിനെ മുന്നൂറ്റി അറുപത് ഡിഗ്രിയിൽ കറക്കാം. നഗ്നമായ ടയറുകളിൽ കാൽ ചവുട്ടി ഹാന്ഡിലിന്മേലാണ് അയാൾ വിശ്രമിക്കാനായി ഇരിക്കുന്നത്. അതൊരു വല്ലാത്ത കഴിവ് തന്നെയാണ്. നൃത്ത പരിപാടികൾ നടക്കുമ്പോൾ അയാൾ ഒന്നുകിൽ സൈക്കിൾ ചവുട്ടി കറങ്ങിക്കൊണ്ടിരിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും ഒരിടത്ത് നിറുത്തി ഹാന്ഡിലിൽ കയറി ഇരിക്കുകയോ ചെയ്യുന്നുണ്ടാവും. നൃത്തങ്ങൾക്കിടയിൽ നർത്തകർ കറങ്ങിക്കൊണ്ടിരിക്കുന്ന സൈക്കിൾ ചാടിക്കയറുകയും വട്ടമടിക്കുകയും ചെയ്യും. ഇതൊക്കെ അവർക്ക് മാത്രം കഴിയുന്ന കാര്യങ്ങൾ ആയിരുന്നു.
നേരം
സന്ധ്യയാകുന്നതിന് മുൻപ് തന്നെ കുട്ടികളിൽ പലരും അവിടെ എത്തിയിട്ടുണ്ടാകും. അപ്പോൾ സൈക്കിൾ യജ്ഞക്കാർ ബീഡിയും വലിച്ച് അവിടെയുമിവിടെയും ഇരിപ്പുണ്ടാകും. ആ സമയത്തും നമ്മുടെ
സൈക്കിൾ സവാരിക്കാരൻ വെറുതെ ചവുട്ടുകയാവും. അയാൾ കുളിച്ചു വൃത്തിയായി വേറെ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടാകും. അപ്പോൾ കുട്ടികൾ പരസ്പരം ചോദിക്കും അയാൾ സൈക്കിളിൽ നിന്നിറങ്ങാതെ എങ്ങനെ കുളിക്കും. അപ്പോൾ മറ്റൊരാൾ ചോദിക്കും, "ഇയാൾ എങ്ങനെയാകും വെളിക്കിറങ്ങാൻ പോകുന്നത്?" അപ്പോൾ അക്ഷമരായിരിക്കുന്ന കുട്ടികൾ രണ്ടു വിഭാഗങ്ങളായി തിരിയും. ഒരു കൂട്ടർ പറയും അയാൾ കക്കൂസിൽ പോകുമ്പോൾ സൈക്കിൾ കൂടി കൊണ്ട് പോകും. കുളിക്കുന്നത് സൈക്കിളിൽ ഇരുന്നു കൊണ്ട് തന്നെ. തർക്കങ്ങളും കുതർക്കങ്ങളും അഭ്യൂഹങ്ങളും ഒക്കെ ഇങ്ങനെ തുടരുന്നതിനിടെ കുട്ടികളെ രസിപ്പിക്കാൻ വേണ്ടി ഡാൻസർ തമ്പി മൈക്ക് കയ്യിലെടുക്കും. കുട്ടികൾ കയ്യടിക്കും. "പിള്ളേരെ..." അയാൾ വിളിക്കും ."ഓ...." കുട്ടികൾ വിളി കേൾക്കും. "പോരാ," അയാള് പറയും. "ഓഓഓഓ.." കുട്ടികൾ നീട്ടി വിളിക്കും. അയാൾക്ക് തൃപ്തിയായാൽ വീണ്ടും പറയും, "എല്ലാരും വന്നാ..." അപ്പോൾ കുട്ടികൾക്കാകെ രസം പിടിക്കും "ഓഓഓ". അത്രമതി. കുട്ടികൾ തൃപ്തരാണ്. കളി തുടങ്ങാൻ സമയമുണ്ട്.
സൈക്കിൾ
യജ്ഞക്കാരുടെ രഹസ്യങ്ങൾ എല്ലാം ഏകദേശം അറിയാവുന്ന ഒരാൾ സുനിലാലാണ്. അവനു അറിയാൻ വയ്യാത്തതായി ഒന്നുമില്ല. വലിച്ചു കെട്ടിയ കയറിന് ചുറ്റും ഇരിക്കുമ്പോൾ സുനിലാൽ രഹസ്യമായി കുട്ടികളോട് പറയും, "നിങ്ങൾക്കറിയാമോ, ഈ അണ്ണൻ വെളിക്കിറങ്ങാൻ
പോകുന്നത് എങ്ങനെയെന്ന് എനിയ്ക്കറിയാം." അതേക്കുറിച്ചു കൂടുതൽ അറിയാനായി മറ്റു കുട്ടികൾ കെഞ്ചും. സുനിലാൽ പറയും: "ഞാൻ ഇന്നലെ വെളുപ്പാൻ കാലത്ത് ഇതറിയാനായി ഇവിടെ വന്നു. അപ്പോൾ ആ അണ്ണൻ സൈക്കിളിൽ
പോവുകയാണ്, എവിടേയ്ക്ക്? കായൽ വിളുമ്പിലേയ്ക്ക്. അവിടെ സൈക്കിൾ ചരിച്ചിട്ടിട്ട് അതിന്റെ ഫ്രയ്മിൽ കയറി ഇരുന്നിട്ട് കായലിലേക്ക് കാര്യം സാധിക്കും. സൈക്കിളിൽ നിന്ന് ഇറങ്ങുന്നതുമില്ല." കുട്ടികൾ ആ അഭ്യാസം എങ്ങനെയാണെന്ന്
സങ്കൽപ്പിച്ചു നോക്കും. അപ്പോൾ സുനിലാൽ ഒരു കാര്യം കൂടിപ്പറയും: അയാൾ രാത്രി ഉറങ്ങുന്നത് എങ്ങനെയെന്നറിയാമോ? കുട്ടികൾ അവന്റെ മുഖത്ത് ഉറ്റു നോക്കും. മൂന്ന് ഹെർക്കുലീസ് സൈക്കിളുകൾ ചേർത്ത് വെച്ചിട്ട് അതിന്റെ മുകളിൽ മൂന്നു നെരവ് പലക ചേർത്ത് കെട്ടും. അതിലാണ് കിടന്നുറങ്ങുന്നത്. ഏഴു ദിവസം സൈക്കിളിൽ നിന്നിറങ്ങില്ല എന്ന് ഉറപ്പിക്കാനായി അവർ പെടാപ്പാട് പെടാറുണ്ട്. എന്നാൽ സുനിലാലിനെപ്പോലുള്ള മിത്ത് ബർസ്റ്റേഴ്സ് കൊച്ചുവെളുപ്പാൻകാലത്തും അവിടെ പോയി കാര്യങ്ങൾ അന്വേഷിക്കും.
കളി
തുടങ്ങാൻ നേരമായി. റെക്കോർഡിൽ ഈശ്വര പ്രാർത്ഥന. അതുവരെ ബീഡിയും വലിച്ച് അവിടെയിരുന്ന അല്പം സ്ത്രൈണതയുള്ള രണ്ടു യുവാക്കൾ ഇപ്പോൾ സുന്ദരിമാരായ രണ്ടു യുവതികളായി മേക്കപ്പ് ധരിച്ച് രംഗത്തെത്തിയിരിക്കുന്നു. ഡാൻസർ തമ്പി അതാ ബെൽബോട്ടം പാന്റ്സോക്കെ ധരിച്ച് നെറ്റിയ്ക്കു മുകളിലായി തലയ്ക്ക് ചുറ്റും തിളങ്ങുന്ന റിബൺ കൊണ്ടൊരു കെട്ടൊക്കെ കെട്ടി, ഷർട്ടിന്റെ മുകളിലത്തെ മൂന്നു നാല് ബട്ടന്സുകള് തുറന്നിട്ട് കൈയിൽ മൈക്കും പിടിച്ചു രംഗത്തെത്തുന്നു. ചുറ്റും ഇരുട്ട്. ട്യൂബ് ലൈറ്റിന്റെ പ്രകാശത്തിൽ ആ വലയം ഒരു
മാന്ത്രിക വലയമായി പരിണമിക്കുന്നു. "അപ്പോൾ പിള്ളാരെ തുടങ്ങാം?" അയാൾ വിളിച്ചു ചോദിക്കും. "ഓഓഓ..." എന്ന ഉത്തരം. ഗ്രാമത്തിലെ മിക്കവാറും കുട്ടികൾ ആ വിളിയുടെ പിന്നിൽ
ഉണ്ടാകും. "പ്രിയേ പ്രിപ്രിയേ ..നിനക്ക് വേണ്ടി ഞാനിതാ എന്റെ ചരുവം തുറക്കുന്നു," എന്ന് പറഞ്ഞു കൊണ്ട് ഡാൻസർ തമ്പി തന്റെ കുടവയർ ഷർട്ട് പൊക്കി കാണിക്കും. കാണാൻ വന്ന പെണ്ണുങ്ങൾ നാണിച്ചു മുഖം പോത്തും. കുട്ടികൾ തലയറഞ്ഞു ചിരിക്കും, യുവാക്കൾ സിഗരറ്റ് കത്തിക്കുകയോ ചൂളമടിക്കുകയോ ചെയ്യും.
"ചാം
ചചാ ചൂമ് ചചാ ചുമ്മരി ചചാ ചാ," മൈക്കിലൂടെ ലവ് ഇൻ സിംഗപ്പൂർ എന്ന
സിനിമയിലെ പാട്ടാണ്. അതിനനുസരിച്ച് ഡാൻസർ തമ്പിയും സ്ത്രീവേഷക്കാരും ഇളകിയാടും. ഇതിനിടെ കുട്ടികളും മുതിർന്നവരും എല്ലാം നാണയത്തുട്ടുകൾ ആ വൃത്തത്തിലേയ്ക്ക് എറിയും. സൈക്കിളിൽ
നിന്നിറങ്ങാതെ ആ യുവാവ് ഫ്രെമിനിടയിലൂടെ
കാലുകളും കൈകളും കൊണ്ട് ബാലൻസ് ചെയ്തു ആ പൈസ എടുക്കും.
ഹാന്ഡിലിനു മേൽ കമിഴ്ന്നു കിടന്നു പൈസ തറയിൽ നിന്ന് പെറുക്കിയെടുക്കും. അഥവാ ബാലൻസ് തെറ്റി വീണുപോയാൽ അയാൾ വല്ല വിധേനെയും കാലുകൾ സൈക്കിളിൽ നിന്ന് മാറാതെ വെയ്ക്കും. പെണ്ണുങ്ങൾ സാരിത്തലപ്പ് കൊണ്ട് വായപൊത്തി കഷ്ടം വെയ്ക്കും. ആളുകൾ ഓടിയിറങ്ങി അയാളെ എടുത്തു സൈക്കിളിൽ കയറ്റും. എല്ലാ ദിവസവും ഇതൊക്കെ തുടരും അതിനിടയിലാണ് ട്യൂബ് ലൈറ്റ് കൊണ്ടുള്ള പ്രയോഗങ്ങൾ. ഇരുപത് ട്യൂബ് ലൈറ്റുകൾ ഡാൻസർ തമ്പിയുടെ മുതുകിൽ അടിച്ചു പൊട്ടിയ്ക്കും. അയാൾ വേദന അഭിനയിക്കുകയോ ശീലം കൊണ്ട് അത് സഹിക്കുകയോ ചെയ്യും. പെണ്ണുങ്ങൾ കണ്ണ് തുടയ്ക്കും. ചില ദിവസങ്ങളിൽ പൊട്ടിയ ട്യൂബ് കഷ്ണങ്ങൾ കൊണ്ട് നിലത്തൊരു മെത്തയുണ്ടാക്കും. അതിൽ ഡാൻസർ തമ്പി കിടക്കും. അയാളുടെ നെഞ്ചിൽ അടുത്തവീട്ടിലെ അടുക്കളപ്പുറത്ത് നിന്നും സംഘടിപ്പിച്ച ഒരു ആട്ടുകല്ല് കയറ്റി വെയ്ക്കും. അതിന്റെ മുകളിൽ ആരെങ്കിലും കയറി നിൽക്കും.
മുടി
കൊണ്ട് ഉരൽ കെട്ടി വലിയ്ക്കുക. തീ വളയത്തിലൂടെ ചാടുക
തുടങ്ങിയ പരിപാടികൾ ഉണ്ട്. കണ്ടു നിൽക്കാൻ വളരെ പ്രയാസമുള്ള ഒരു കാര്യം എന്നത് ഒരു സൈക്കിൾ ടയറിനുള്ളിൽ നാലും അഞ്ചും പേര് ഞെരുങ്ങിക്കയറുന്നതാണ്. അവർക്ക് ശരിക്കും ശ്വാസം മുട്ടുന്നത് കാണാൻ കഴിയാതെ കുട്ടികളും സ്ത്രീകളും കണ്ണുപൊത്തും. അതിലെന്തെങ്കിലും കള്ളത്തരം ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ യുവാക്കളും മുതിർന്നവരും കണ്ണ് തുറന്നു തന്നെ നോക്കി നിൽക്കും. അങ്ങനെ ഏഴുദിവസങ്ങൾ കടന്നു പോകും. ഏഴാം ദിവസമാണ് സൈക്കിളിനു മുകളിലിരിക്കുന്നവൻ നിലത്തിറങ്ങുന്നത്. പക്ഷെ അതിനേക്കാളേറെ പ്രധാനമാണ് ഡാൻസർ തമ്പിയുടെ മൂന്നു മണിക്കൂർ കുഴിയിൽ കിടക്കുന്ന അഭ്യാസം. നാട്ടിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഡാൻസർ തമ്പി കുഴിയിൽ പ്രവേശിക്കും. നിരവ് കൊണ്ട് മൂടിയ ശേഷം അതിനു മുകളിൽ മണ്ണിടും. മറ്റു പരിപാടികൾ പതിവുപോലെ നടക്കും. അന്ന് രണ്ടു പേർക്ക് സവിശേഷാ ജോലിയുണ്ടാകും. അബ്ദാ സാറിനും സഹദേവൻ പണിക്കനും.
വക്കം മൗലവിയുടെ സഹോദരീ പുത്രനും, മകളായ ആമിനാ ഉമ്മയുടെ ഭർത്താവുമായിരുന്നു അബ്ദാ സാർ. തികഞ്ഞ പണ്ഡിതനും ഗാന്ധിയനും. അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുൽ മജീദ് സാർ പഴയ എം എൽ എ
ആയിരുന്നു. അബ്ദാ സാർ തികഞ്ഞ സെക്കുലറിസ്റ്റും സാത്വികനുമാണ്. വെളുത്ത വസ്ത്രം മാത്രമേ ധരിക്കൂ. പരുക്കൻ ശബ്ദമെങ്കിലും സ്നേഹപൂർവമേ സംസാരിക്കൂ. എന്നും വൈകുന്നേരം പ്രധാനത്തെരുവിലൂടെ കുറെ ദൂരം നടക്കും. അദ്ദേഹത്തിന് സൈക്കിൾ യജ്ഞം പോലുള്ള പരിപാടികളിൽ ഒരു താത്പര്യവും ഇല്ല എങ്കിലും പഞ്ചായത്ത് മെമ്പറും മറ്റുമൊക്കെ ചെന്ന് പറഞ്ഞു അദ്ദേഹത്തെ വിളിച്ചു മൈതാനത്ത് കൊണ്ട് വരും. അബ്ദാ സാറിന്റെ ജോലി സൈക്കിൾ യജ്ഞക്കാരനെ കൈപിടിച്ച് ഇറക്കുക എന്നതാണ്. തുടർന്ന് അദ്ദേഹം രണ്ടു വാക്ക് സംസാരിക്കും നാട്ടുകാർ നോട്ടു മാള തയാറാക്കി വെച്ചേയ്ക്കും. അത് അദ്ദേഹം സൈക്കിൾ ചവുട്ടിയ ചെറുപ്പക്കാരനെ അണിയിക്കും. അപ്പോൾ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടിയുണ്ടാകും. പുഷ്പവൃഷ്ടി ആളുകളെ അതിശയിപ്പിയ്ക്കും. ആളുകൾ മുഖമുയർത്തി നോക്കും. അപ്പോൾ അതാ കുറച്ച് മുൻപേ ഒരു പൊക്കണത്തിൽ പൂവിതളുകളുമായി തെങ്ങിൽ കയറിയിരിക്കുന്ന സഹദേവൻ പണിക്കനാണ് ആ കർത്തവ്യം നിറവേറ്റുന്നത്.
അങ്ങനെ പുഷ്പവൃഷ്ടിയും കഴിഞ്ഞ് അബ്ദാ സാർ തിരികെ പോകും. സഹദേവൻ പണിക്കൻ തെങ്ങിൽ നിന്നിറങ്ങും.
അപ്പോഴും
ഡാൻസർ തമ്പി മണ്ണിനടിയിൽ കിടക്കുകയാണ്. അയാളെ പുറത്തെടുക്കുകയാണ് അടുത്ത പടി. ശ്രദ്ധാപൂർവം മണ്ണ് നീക്കി, നെരവുകൾ മാറ്റി, വിയർത്തു കുളിച്ച് ഏകദേശം ബോധം നഷ്ടപ്പെടാറായ ഡാൻസർ തമ്പിയെ പുറത്തെടുക്കും. പെണ്ണുങ്ങൾ വാവിട്ട് നിലവിളിക്കും. ആളുകൾ അയാളെ വീശുകയും വെള്ളം കുടിപ്പിക്കുകയും ഒക്കെ ചെയ്യും. തുടർന്ന് ആളുകൾ സംഭാവന നൽകാൻ ഓരോരുത്തരായി വരും. ഒരു ദിവസം പോലും സൈക്കിൾ യജ്ഞം കാണാൻ വരാത്തവർ പോലും ഈ പാവം മനുഷ്യർക്ക്
എന്തെങ്കിലും കൊടുക്കാനായി വരും. ചിലർ നാളികേരവും വാഴക്കുലയും കൊണ്ട് വന്നു കൊടുക്കും. ചില വർഷങ്ങളിൽ നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം രണ്ടു ദിവസം കൂടി സൈക്കിൾ യജ്ഞം നീട്ടിയ ചരിത്രവും ഉണ്ടായിട്ടുണ്ട്. ചില അപവാദങ്ങളും ഇതിനിടെ കേൾക്കാറുണ്ടായിരുന്നു. എന്തായാലും ക്രമേണ സൈക്കിൾ യജ്ഞം എന്ന കലാപരിപാടി ഇല്ലാതായി. ടെലിവിഷൻ വന്നതോട് കൂടിയാകണം ആളുകളുടെ ശ്രദ്ധ പൊതുഇടങ്ങളിൽ നിന്ന് വീട്ടിലെ സ്വീകരണ മുറിയിലേയ്ക്ക് തിരിഞ്ഞു. പിന്നെ വിഷ്ണു ലോകം എന്ന മോഹൻലാൽ സിനിമയിലാണ് സൈക്കിൾ യജ്ഞം ഒരു വിഷയമായി തിരികെ വന്നത്. ഡാൻസർ തമ്പി മോഹൻലാലിന്റെ ഒരു അസ്മാദിയായി സെറ്റുകളിൽ കൂടി എന്നും കേട്ടിരുന്നു.
സൈക്കിൾ
യജ്ഞം വന്നിട്ട് പോയിക്കഴിഞ്ഞാൽ ഗ്രാമത്തിൽ ആകെ ഒരു മ്ലാനത പരക്കും. കുട്ടികൾക്കാണ് പൊതുവെ ഉത്സാഹക്കുറവ് അനുഭവപ്പെടുന്നത്. അവർ അതിനെ തരണം ചെയ്യുന്നതിനായി വാടകയ്ക്ക് സൈക്കിൾ എടുത്ത് ചില അഭ്യാസങ്ങൾ ഒക്കെ അനുകരിക്കാൻ ശ്രമിച്ചു പരിക്കേറ്റ് പിൻവാങ്ങും. ഗ്രാമത്തിലെ പ്രധാനപ്പെട്ട രണ്ടു സൈക്കിൾ മേശിരിമാരാണ് ബാലൻ മേശിരിയും സൈക്കിൾ രാജൻ അണ്ണനും. സൈക്കിൾ യജ്ഞം വന്നു പോയിക്കഴിഞ്ഞാൽ പൊടുന്നനെ ഇവരുടെ കടകളിൽ തിരക്ക് കൂടും. സൈക്കിൾ സ്വന്തമായുള്ളവർ പ്രധാനമായും വരുന്നത് നല്ലത് പോലിരിക്കുന്ന സൈക്കിളുകളുടെ മഡ്ഗാഡും ബ്രെക്കും ഊരിമാറ്റിക്കൊടുക്കണം എന്ന അഭ്യർത്ഥനയുമായിട്ടാണ്. ഗ്രാമമായതിനാൽ എല്ലാവര്ക്കും എല്ലാവരെയും അറിയാം. അപ്പോൾ സൈക്കിളും കൊണ്ട് ചെന്നാൽ ഈ മേശിരിമാർ അങ്ങനെ
'ആൾട്ടർ' ചെയ്തു കൊടുക്കില്ല. അച്ഛനെ വിളിച്ചു കൊണ്ട് വരാൻ പറയും. അതോടെ പയ്യന്മാർ സൈക്കിൾ പഴയപടി തിരികെ കൊണ്ട് പോകും. പിന്നെ പഴയ ടയറിനു ഡിമാൻഡ് കൂടും. പല പുരയിടങ്ങളിലും കുട്ടികൾ
ഏഴെട്ടെണ്ണം ഒരു ടയറിനുള്ളിൽ കയറി കിടന്നു പിടയ്ക്കുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്. സൈക്കിൾ യജ്ഞം കഴിഞ്ഞു മടങ്ങിയാൽ വീട്ടുകാർ ഫ്യൂസ് ആയ ട്യൂബുകൾ അടിച്ചുടച്ചുകളയും.
ഇല്ലെങ്കിൽ കുട്ടികൾ ട്യൂബ് കൊണ്ട് മുതുകിൽ അടിച്ചുടയ്ക്കാൻ ശ്രമിക്കും എന്ന് വീട്ടുകാർക്കറിയാം. സൈക്കിൾ യജ്ഞം കഴിയുമ്പോൾ പഞ്ചായത്ത് ആശുപത്രിയിൽ സൈക്കിളിൽ നിന്ന് വീണുണ്ടായ മുറിവുകൾ വെച്ച് കെട്ടാനും തിരക്കുണ്ടാകുമായിരുന്നത്രെ!
നിലത്ത് നാണയം ഇട്ടശേഷം ഫ്രയ്മിനിടയിലൂടെ കാലിട്ടു സൈക്കിൾ ബാലൻസ് ചെയ്തു പൈസ എടുക്കാൻ ശ്രമിക്കവെയുണ്ടാകാവുന്ന മുറിവുകളായിരുന്നു ഇവയെല്ലാം. വേണ്ടാത്തിടം ഇടിച്ചു കുത്തി വീണശേഷം സ്പെയർ പാർട്സുകൾ പഴയപടിയാക്കാൻ പുരയിടങ്ങളിൽ നിന്ന് നിന്ന് തുള്ളുന്ന പയ്യന്മാരെക്കണ്ട് ഇവന്മാരെന്തിന് ഇങ്ങനെ തുള്ളുന്നു എന്നോർത്ത് പെൺകുട്ടികൾ അതിശയിക്കുകയും ചെയ്തിരുന്നത്രെ!
- ജോണി
എം എൽ








Comments
Post a Comment