ഒരു ഗ്രാമത്തിന്റെ കഥ 4: ഗ്രാമശബ്ദങ്ങൾ, വൈദ്യുതി നീളം കുറച്ച രാത്രികൾ




അരവിന്ദൻ സംവിധാനം ചെയ്ത 'ഒരിടത്ത്' എന്ന സിനിമയിൽ ഒരു ഗ്രാമത്തിലേക്ക് കറണ്ട് വരുന്നതിന്റെ കഥയാണ് പറഞ്ഞിരിക്കുന്നത്. ഏകദേശം സിനിമയിൽ കാണിച്ചതൊക്കെത്തന്നെയായിരുന്നു കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലെയും സ്ഥിതി. വക്കം വ്യത്യസ്തമായിരുന്നില്ല. കറണ്ടുള്ള വീടുകളും കറണ്ടില്ലാത്ത വീടുകളും പക്ഷെ ഏകദേശം ഒരുപോലെ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്. വൈകുന്നേരം വാങ്കും വിളക്ക് കത്തിക്കലുമൊക്കെ കഴിഞ്ഞാൽ കുട്ടികൾ ചോറ്റുവായന തുടങ്ങും. ചോറ്റു വായന എന്ന് പറഞ്ഞാൽ സ്കൂളിലേക്കുള്ള പാഠങ്ങൾ അത്താഴത്തിന് ചോറ് വിളമ്പും വരെ വായിക്കുക അല്ലെങ്കിൽ ചോറിനു വേണ്ടി മാത്രം വായിക്കുക എന്നാണ് മനസ്സിലാക്കേണ്ടത്. പല ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ഒരു വിളക്കിന് ചുറ്റുമിരുന്ന് പല പാഠങ്ങൾ വായിക്കുന്നത് ഒരു കോലാഹലത്തിന്റെ പ്രതീതി സൃഷ്ടിക്കും. വീടുകളിലെയൊക്കെ ആണുങ്ങൾ അപ്പോൾ പുറത്തു പോയിരിക്കുകയായിരിക്കും. അവരും ഏകദേശം ചോറ് കാലമാകുന്ന സമയമാകുമ്പോഴാണ് തിരികെ വരുന്നത്. വേറൊരു തരത്തിൽ പറഞ്ഞാൽ, പുറത്തു പോയ ആണുങ്ങൾ തിരികെ വരുന്ന സമയം നോക്കി ചോറ് കാലമാക്കുക എന്നത് സ്ത്രീകളുടെ ഉത്തരവാദിത്തമായിരുന്നു.

ഗൃഹനാഥൻ തിരികെ വരുമ്പോഴേയ്ക്കും ചോറ്റുവായനയുടെ ശക്തി ഇരട്ടിക്കും. അത് വരെ പരസ്പരം കുത്തിയും ഞോണ്ടിയും ഇരുന്നിരുന്ന കുട്ടികൾ പൊടുന്നനെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇടംകണ്ണിലൂടെ അവർ അച്ഛനോ മാമനോ ഒക്കെ ആയിരിക്കുന്ന ആണധികാരത്തിന്റെ നിഴലിലേയ്ക്ക് പാളി നോക്കും. പലപ്പോഴും കുട്ടികൾക്ക് നേരത്തെ ഭക്ഷണം കൊടുക്കും. മണ്ണെണ്ണയ്ക്കൊക്കെ നല്ല വിലയുള്ള കാലമാണ്. "മണ്ണെണ്ണപ്പാട്ട വന്നിറങ്ങി റോഡ് നീളെ വെളിച്ചം തട്ടി" എന്നൊരു പാട്ട് തന്നെ കുട്ടികൾ പാടുമായിരുന്നു. വഴിവക്കിൽ ചിലയിടങ്ങളിൽ മണ്ണെണ്ണ മണക്കും. അത് അവിടെ റേഷൻ കട ഉണ്ടെന്നതിന്റെ സൂചനയാണ്. മണ്ണെണ്ണ വാങ്ങാൻ അന്ന് കന്നാസുകൾ ഇല്ല. ഒരു കഴുത്തു നീണ്ട കുപ്പിയാണുള്ളത്. അതിന് മിക്കവാറും അടപ്പ് എന്ന് പറയാൻ ഒരു പത്രക്കടലാസ് കഷ്ണം തിരുകിക്കൂട്ടി വെച്ചതാകും. കുപ്പിയുടെ കഴുത്തിൽ നീണ്ടൊരു കയർ ഞാന്നു കിടക്കും; കുടയുടെ വള്ളി പോലെ. വള്ളിയിൽ തൂക്കിയാണ് കുപ്പിയെ റേഷൻ കടയിൽ ഹാജരാക്കുന്നത്. ഇന്നത്തെപ്പോലെ അന്ന് മണ്ണെണ്ണയ്ക്ക് സഫയർ നിറം വന്നിട്ടില്ല.  വെളുത്തു നേർമ്മയുള്ള ദ്രാവകമായിരുന്നു അത്. കുപ്പി കാലപ്പഴക്കത്താൽ നിറം മങ്ങി മഞ്ഞായായിട്ടുണ്ടാകും.



മണ്ണെണ്ണയെ ആശ്രയിച്ചാണ് രാത്രി കഴിക്കേണ്ടത് എന്നതിനാൽ കുട്ടികൾക്ക് നേരത്തെ ഭക്ഷണം കൊടുക്കേണ്ടത് അമ്മമാരെ സംബന്ധിച്ചിടത്തോളം വലിയൊരു ഇന്ധനം മിച്ചം പിടിക്കുന്ന പരിപാടി കൂടിയാണ്. ചിമ്മിനി എന്ന് പറയുന്ന വിളക്കിനു ചുറ്റുമാണ് കുട്ടികൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നത്. ഭക്ഷണത്തിന്റെ ഓർമ്മകളിൽ പലർക്കും ഇപ്പോഴും മണ്ണെണ്ണപ്പുക മണക്കുന്നുണ്ടാകും. ഗ്രാമത്തിന്റെ ദൈനംദിനവ്യവസ്ഥയിൽ പ്രധാനമായിരുന്നു ചിമ്മിനി. പഴയ മഴിക്കുപ്പിഎടുത്ത് അടപ്പിന്റെ ഒത്ത നടുവിൽ ഒരു ദ്വാരമിട്ട് അതിൽ ചെറിയൊരു തകരക്കുഴൽ തിരുകിയശേഷം അതിലൂടെ ഒരു നാട കടത്തിയിരുന്നതായിരുന്നു ചിമ്മിനി. കുപ്പിയിൽ മണ്ണെണ്ണ ഒഴിക്കും. നാട നനയുമ്പോൾ അത് തിരിയാകും. അതാണ് വിളക്കായി കത്തിക്കുന്നത്. ആണുങ്ങൾക്ക് രാത്രി വായനയെ എഴുത്തോ ഉണ്ടെങ്കിൽ അവർക്ക് ഒരു റാന്തൽ ഉണ്ടാകും. മനോഹരമായ ചില്ലു കൊണ്ടൊരു ബലൂൺ പോലുള്ള ഭാഗം അതിനുണ്ട്. അതിലെ ദീപത്തെ വലുതാക്കാനും ചെറുതാക്കാനുമുള്ള മെക്കാനിസമുണ്ട്. ഒരു രാത്രിയിൽ റാന്തൽ കത്തിച്ചു കഴിഞ്ഞാൽ അതിൽ കുറേക്കഴിയുമ്പോൾ പുക പിടിച്ചു കറുക്കും . അതിനെ വൃത്തിയാക്കുക എന്നത് വലിയൊരു ചടങ്ങാണ്. ഉത്തരവാദിത്തം ഉള്ളവർ മാത്രമാണ് അത് ചെയ്യുന്നത്. റാന്തലിന്റെ ഇന്ധനവും മണ്ണെണ്ണ തന്നെയായിരുന്നു.

ഗ്രാമത്തിന്റെ നിശ്ശബ്ദതയിലേയ്ക്ക് അന്ന് അധികം ശബ്ദങ്ങൾ കടന്നു വന്നിട്ടുണ്ടായിരുന്നില്ല. ഡിസംബർ മുതൽ ഏപ്രിൽ വരെ നീളുന്ന ഉത്സവ കാലത്താണ് വിവിധങ്ങളായ ശബ്ദങ്ങൾ ഗ്രാമാന്തരീക്ഷത്തിൽ കലരുന്നത്. അതിനും മുൻപ് ഉള്ളത് രാവിലെ ആറു മണിയ്ക്ക് കായിക്കര നിന്ന് പുറപ്പെടുന്ന തിരുവനതപുരം മെഡിക്കൽ കോളേജ് ട്രാൻസ്പോർട്ട് ബസാണ്. ബെൻസ് കമ്പനിയുടെ ബസ്സായിരുന്നു അത്. മുഖം ഗൗരവമുള്ള ഒരു അമ്മാവന്റേത്. അകം പച്ച. അതിൽ പകുതി ചുവന്ന പെയിന്റടിച്ച ലൈറ്റുകൾ ഉണ്ടായിരിക്കും. കൈയും തലയും പുറത്തിടരുത് എന്നെഴുതി വെച്ചിരിക്കുന്ന ജാലകങ്ങൾക്ക് മുകളിൽ ഒരു തലതിരിഞ്ഞ ത്രികോണം ചുവന്ന നിറത്തിൽ പെയിന്റ് ചെയ്തു വെച്ചിരുന്നു. അതിന്റെ ഇരു വശത്തുമായി പുഞ്ചിരിക്കുന്ന നാല് മുഖങ്ങൾ ഒരു പുരുഷൻ, ഒരു സ്ത്രീ, ഒരു ആൺകുട്ടി, ഒരു പെൺകുട്ടി. 'കുട്ടികൾ രണ്ടു മതി' എന്നൊരു മുദ്രാവാക്യംഇ എഴുതി വെച്ചിരുന്നു. പിൽക്കാലത്ത് അത്, 'കുട്ടികൾ ഒന്നോ രണ്ടോ മതി', 'നാം രണ്ട് നമുക്ക് രണ്ട്' 'ആദ്യത്തെ കുട്ടി ഉടൻ, രണ്ടാമത്തെ കുട്ടി അല്പം കഴിഞ്ഞു മതി', 'നാം രണ്ട് നമുക്കൊന്ന്', 'ചെറിയ കുടുംബം സന്തുഷ്ട കുടുംബം' എന്നിങ്ങനെയൊക്കെ മാറാൻ തുടങ്ങി. ബസ്സിന്റെ ശബ്ദം എവിടെ നിന്നും തിരിച്ചറിയാം. 'ദേ ..മെഡിക്കൽ കോളേജ് വണ്ടി പോയി,' എന്ന് പറഞ്ഞു കൊണ്ട് സമയം തിട്ടപ്പെടുത്തുന്നവർ ഗ്രാമത്തിലുണ്ടായിരുന്നു.



ആകെ രണ്ടോ മൂന്നോ സ്വകാര്യ ബസ്സുകളാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. കെ എം കെ എസ് എന്നൊരു കരി ഗ്യാസ് വണ്ടി. മുമ്പിൽ ലിവറിട്ടു കറക്കി സ്റ്റാർട്ട് ചെയ്യുന്നത്. പിന്നെ ആർ കെ വി. അതും കഴിഞ്ഞ് ഗ്രാമത്തിന്റെ സ്വന്തം വി ആർ എം. വക്കം റൗഡി മാധവൻ എന്ന് രഹസ്യമായി കുട്ടികൾ ബസ്സിനെ വിളിച്ചു. ചന്തമുക്കിലെ ഹാൻടെക്സ് കടയുടെ എതിർവശത്ത്, ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ കിടക്കുന്ന പുരയിടത്തിലായിരുന്നു വി ആർ എം-ന്റെ ഷെഡ്. ചിലപ്പോൾ മൂന്ന് ബസ്സ് വരെ ഷെഡിൽ കിടക്കുന്നത് കാണാം; അങ്ങനെ ബസ്സ് കിടക്കുന്നത് തന്നെ ഒരു അത്ഭുതമായിരുന്നു. പറഞ്ഞ ഓരോ ബസ്സിനും ഓരോ തരം ശബ്ദമാണ്. ബസ് അകലെ നിന്ന് വരുമ്പോൾത്തന്നെ ആളുകൾ പറയും ഇതാ ആർ കെ വി വരുന്നു, വി ആർ എം വരുന്നു എന്നൊക്കെ. വക്കം- അയിലം റൂട്ടിൽ ഓടുന്ന ആർ കെ വി ബസ്സിന് വെറുതെ ചാവി കൊടുത്തു വിട്ടാൽ അത് നേരെ അയിലത്ത് പോയി ആളിനെ ഇറക്കി പുതിയ ആളുകളെയും കയറ്റി വക്കത്ത് വരും എന്ന് ആളുകൾ വിശ്വസിച്ചിരുന്നു. ഭൂമിയുണ്ടായ കാലത്ത് അതിനോടൊപ്പം ഉരുത്തിരിഞ്ഞു വന്ന ഒരു ബസായിരുന്നു ആർ കെ വി എന്ന് തോന്നിപ്പോയിരുന്നു. ബസ്സുകളുടെ ശബ്ദം മാറ്റിനിറുത്തിയാൽ പിന്നെയുള്ളത് ഒരു കാളവണ്ടിയുടെ ശബ്ദമാണ്. അത് റേഷൻ കടയിൽ മണ്ണെണ്ണയും റേഷനും കൊണ്ടുവരുന്ന കാളവണ്ടിയാണ്.

പിന്നെ കേൾക്കാനുള്ളത് വാഹിദ് കാക്കയുടെ ഹും ഹും എന്ന ശബ്ദമാണ്. വാഹിദ് കാക്ക വക്കത്തെ പ്രധാനപ്പെട്ട കൈവണ്ടിക്കാരനാണ്. അയാൾക്ക് സ്വന്തമായി കൈവണ്ടി ഇല്ല. പക്ഷെ വക്കത്തെ മിക്കവാറും ചരക്ക് നീക്കങ്ങൾ നടത്തിയിരുന്നത് വാഹിദ് കാക്ക ആയിരുന്നു. ഷാജി, നൗഷാദ്, സലിം തുടങ്ങി ആറു മക്കളാണ് വാഹിദ് കാക്കയ്ക്ക്. അവരിൽ പെൺകുട്ടിയായ സീന ഒഴികെ ബാക്കിയെല്ലാവരും വണ്ടി തള്ളുന്നതിലും സാധങ്ങൾ ഇറക്കുന്നതിലും വാഹിദ് കാക്കയെ സഹായിക്കും. റേഷൻ കടയിൽ സാധനങ്ങൾ വന്നാൽ ഇറക്കി വെയ്ക്കുന്നത് വാഹിദ് കാക്കയാണ്. കൈവണ്ടി വലിച്ചു വിയർത്തു വരുന്ന വാഹിദ് കാക്കയെ കുട്ടികൾക്ക് പേടിയായിരുന്നു. വലിയ അധ്വാനിയായിരുന്നു മനുഷ്യൻ. കൊല്ലിമുക്കിനും പാകിസ്ഥാൻ മൂക്കിനും ഇടയിൽ ചെറിയൊരു വളവുണ്ട്. അത് വഴി വാഹനങ്ങൾ അതിവേഗം പോകുന്നു എന്ന് ഒരു തോന്നൽ സ്ഥലത്തെ പ്രമുഖർക്ക് ഉണ്ടായി. ആയിടെയാണ്, കൊപ്രാ സത്യൻ മുതലാളിയുടെ വീട്ടിനു മുന്നിലെ കടയിൽ ഒരു നഴ്സറി സ്കൂൾ തുടങ്ങിയത്. ഒപ്പം ഒരു ഡാൻസ് ക്ലാസ്സും. അതോടെ അവിടെ വരുന്ന കുട്ടികൾ ഓടിയിറങ്ങുകയോ ചെയ്താൽ അപകടം ഉണ്ടായേക്കാം എന്നൊരു തോന്നൽ അവർക്കുണ്ടായി.



വാഹനങ്ങൾ എന്ന് പറഞ്ഞാൽ, നേരത്തെ പറഞ്ഞത് പോലെ രണ്ടോ മൂന്നോ ബസ്സും ഏതാനും അംബാസഡർ കാറുകളും ധാരാളം സൈക്കിളുകളും ഒരു ജാവാ യെസ്ഡി ബൈക്കുമാണ്. ഒന്നോ രണ്ടോ ബജാജ് സ്‌കൂട്ടറുകളും അപൂർവമായി വന്നിരുന്നു. ഈ യെസ്ഡി ജാവ ബൈക്കിൽ വരുന്നത് ഷാക്കിർ  കാക്കയാണ്. ഷാക്കിർ കാക്ക പടിഞ്ഞാറുള്ള ഒരു വീട്ടിൽ നിന്നാണ് കല്യാണം കഴിച്ചിരിക്കുന്നത്. ഗ്രാമാതിർത്തിയായ മണനാക്കിനടുത്ത് എവിടെയോ ആണ് ഷാക്കിർ കാക്കയുടെ വീട്. ഭാര്യവീട് സന്ദർശിക്കാനായി ചിലപ്പോൾ ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ഷാക്കിർകാക്ക വരും. നിലക്കാമുക്ക് വളവു തിരിയുമ്പോൾ പാകിസ്ഥാൻ മുക്കിൽ കേൾക്കണം എന്ന ഉദ്ദേശത്തോടെയാണെന്നു തോന്നുന്നു ബൈക്ക് ഇരച്ചു തുമ്മിച്ചാണ് വരുന്നത്. സീറ്റിൽ അല്പം ഒന്ന് ചെരിഞ്ഞിരുന്ന മോട്ടോർബൈക്ക് റേസിങ്ങിന് പോകുന്നത് പോലെയാണ് ഓടിക്കുന്നത്. ആളുകൾ ഓടിമാറും എന്നിട്ട് ആരാധനാപൂർവം അയാളെ നോക്കും. ഷാക്കിർ കാക്കയുടെ ഈ ബൈക്ക് റെയ്‌സിംഗിനെ പേടിച്ചിട്ടാണോ എന്തോ നഴ്‌സറി സ്‌കൂളിന് മുന്നിലെ വളവിൽ ഒരു ബംപ് ഉണ്ടാക്കാൻ ചിലർ തീരുമാനിച്ചു. ഒരു രാത്രി നാട്ടിലെ ചെറുപ്പക്കാരുടെ സഹകരണത്തോടെ പ്രമുഖർ അവിടെ ബംപ് സ്ഥാപിച്ചു.

നഴ്സറിയും കഴിഞ്ഞിട്ടുള്ള പുരാതനമായ ഒരു കെട്ടിടത്തിലാണ് ജബ്ബാർ സാഹിബിന്റെ റേഷൻ കട. അവിടേക്കാണ് വാഹിദ് കാക്കയും സംഘവും സാധനങ്ങൾ കൊണ്ട് വരുന്നത്. കൂടാതെ കൈവണ്ടിയിൽ കയറ്റി പടിഞ്ഞാറേയ്ക്കുള്ള കടകളിലെയും സാധനങ്ങൾ വാഹിദ് കാക്ക കൊണ്ടുവരാറുണ്ട്. സാധനങ്ങൾ നിറയെ കയറ്റിയ കൈവണ്ടിയുടെ തണ്ടിൽ പിടിച്ചു വാഹിദ് കാക്ക വലിക്കുകയാണ്. ശരീരത്തിലെ ഓരോ പേശിയും എഴുന്നു നിൽക്കുന്നു. നെറ്റിയിൽ പൊട്ടിത്തിണർത്ത ഞരമ്പുകൾ തീർത്ത ചാലുകളിലൂടെ വിയർപ്പ് കുതിച്ചൊഴുകി മാറിലൂടെ നിലത്ത് വീണ് വാഹിദ് കാക്കയുടെ യാത്രാപഥത്തെ ടാറിൽ അടയാളപ്പെടുത്തുന്നു. പിന്നിൽ നിന്ന് ഉടുപ്പിടാത്ത മക്കൾ തള്ളുകയാണ്. അപ്പോഴാണ് തലേന്ന് അവിടെ ഇല്ലാതിരുന്ന ബംപ് റോഡിനു കുറുകെ നിൽക്കുന്നത്. അയാളുടെ കണ്ണുകളിലൂടെ തീ പാറി. "ഏത്...പൂ....മോനാണെടാ റോഡിൽ തടസ്സമുണ്ടാക്കി വെച്ചിരിക്കുന്നത്?" എന്ന് പറഞ്ഞു കൊണ്ട് കൈവണ്ടി അതിനു മുകളിലൂടെ വലിച്ചു കയറ്റാൻ ശ്രമിച്ചു. വളരെ പ്രയാസപ്പെട്ടപ്പോൾ വണ്ടി അപ്പുറം കടന്നു. വണ്ടി ഒതുക്കി അതിന്റെ കൈയിൽ നിലത്ത് വെച്ചു. പിന്നെ അട്ടഹസിച്ചു കൊണ്ട് അയാൾ അടുത്തുള്ള വീട്ടിലേയ്ക്ക് കയറി അവിടെ നിന്ന് ഒരു മൺവെട്ടി കൊണ്ട് വന്നു ബമ്പിനെ വെട്ടിപ്പൊളിച്ചു നിരപ്പാക്കി. തലേന്ന് രാത്രി ബംപ് നിർമ്മാണത്തിന് നേതൃത്വം കൊടുത്ത പ്രമുഖർ ഒന്നുമറിയാത്തത് പോലെ അവരവരുടെ വീട്ടിനുള്ളിൽ നിന്ന് വാഹിദ് കാക്കയെ ഒളിച്ചു നോക്കി. പിന്നെ ഒരിക്കലും ബംപ് അവിടെ ഉണ്ടായിട്ടില്ല. വളവിലെ ആദ്യത്തെയും അവസാനത്തെയും ബമ്പായിരുന്നു അത്.



ഗ്രാമത്തിൽ കേൾക്കുമായിരുന്ന ശബ്ദങ്ങളെക്കുറിച്ചാണല്ലോ പറഞ്ഞു കൊണ്ടിരുന്നത്. റേഷൻ കടയിൽ അരിച്ചാക്കുകളും മണ്ണെണ്ണപ്പാട്ടകളും ഇറക്കിക്കഴിഞ്ഞാൽ കാളവണ്ടി കടകട ശബ്ദത്തോടെ തിരികെപ്പോകും. അപ്പോഴേയ്ക്കും മരച്ചില്ലകളിൽ കാക്കകളും കിളികളും ചേക്കേറുന്ന കലപില ശബ്ദം തുടങ്ങും. എരുത്തിലുകളിൽ നിന്ന് പശുക്കൾ അമറും. കോഴിക്കൂട്ടിൽ വന്നു കയറുന്ന കോഴികൾ പരസ്പരം വഴക്കടിക്കും. ഇരുട്ടിൽ പതുങ്ങിയിരുന്ന് തിളങ്ങുന്ന കണ്ണുകളുമായി പൂച്ചകൾ കരയും. പട്ടികൾ മണം പിടിച്ച് ഇരുട്ടിനെ നോക്കി കുറയ്ക്കും. വെളിച്ചം പാടെ മങ്ങിക്കഴിഞ്ഞാൽ ഗ്രാമം ഒരു പ്രേതഗ്രാമം ആകും. ചില ദിവസങ്ങളിൽ മറ്റൊരു ശബ്ദം കൂടി കേൾക്കാം. അത് ഇരുട്ട് വീഴുമ്പോഴേയ്ക്കും റോഡരികിലെ വീടുകളിൽ താമസിക്കുന്ന സ്ത്രീകൾ പരസ്പരം വഴക്കടിക്കുന്ന ശബ്ദമാണ്. "ശാന്തിനീ ...നീ പതിവ്രതയല്ല," എന്നൊക്കെയുള്ള വാചകങ്ങൾ ഇടയ്ക്കിടെ കേൾക്കാം. "നിന്റെ വീട്ടിൽ മേത്തനെ വിളിച്ചു കയറ്റിയത് ഞാൻ അറിഞ്ഞില്ലെന്നാണോ?" ശാന്തിനി തിരികെ ചോദിക്കും. അങ്ങനെ ഓരോരുത്തരുടെയും രഹസ്യചരിത്രങ്ങൾ സായംസന്ധ്യയിൽ വെളിപ്പെടും. കടത്തിണ്ണയിൽ പണിയില്ലാതെ കുത്തിയിരിക്കുന്ന ആണുങ്ങൾ വികൃതമായ ചിരിയോടെ പെണ്ണുങ്ങളുടെ വഴക്കിനെ പ്രോത്സാഹിപ്പിക്കും. ചില പെണ്ണുങ്ങൾ തലയിൽ നിന്ന് തിരുപ്പൻ ഊരി എതിരാളിയുടെ നേർക്ക് കുടഞ്ഞിട്ട് തിരികെ കെട്ടിവെയ്ക്കും. ചില പെണ്ണുങ്ങൾ മുണ്ടഴിച്ച് കുടഞ്ഞുടുക്കും. കുട്ടികൾ അതുവരെ കേട്ടിട്ടില്ലാത്ത അസഭ്യങ്ങൾ വിളിച്ചു പറയും. കുറച്ചു കഴിയുമ്പോൾ തമ്മിലടിക്കുന്ന സ്ത്രീകളുടെ ഭർത്താക്കന്മാർ വന്നു പെണ്ണുങ്ങളെ അടിച്ചു വീട്ടിൽക്കയറ്റും പിന്നെ വീട്ടിനുള്ളിൽ നിന്ന് നിലവിളിയും ഇടി ശബ്ദങ്ങളും കേൾക്കും. ക്രമേണ അതും അടങ്ങും.

അത്താഴം കഴിയുമ്പോൾ കുട്ടികളുടെ ശബ്ദവും അടങ്ങും. പിന്നെ ലോകത്തിന് എന്ത് സംഭവിക്കുന്നു എന്നവർക്ക് അറിയില്ല. എന്തോ പലതും ചുറ്റുപാടും സംഭവിക്കുന്നുണ്ട്. എന്താണ് മരച്ചില്ലയിൽ അനങ്ങിയത്? മുറ്റത്തെ വാഴക്കൈയിൽ ഇപ്പോൾ വന്നു തട്ടിയതാരാണ്. തെങ്ങിന്റെ മുകളിൽ ആരെങ്കിലും ഇരിപ്പുണ്ടോ? നിലത്ത് പായ വിരിച്ചാണ് കുട്ടികൾ കിടക്കുന്നത്. അവർ പരസ്പരം നോക്കും. ഇരുട്ടിൽ അവരുടെ പല്ലുകളും കണ്ണുകളും തിളങ്ങും. അപ്പോഴാകും ഇണയെത്തേടുന്ന ഒരു പൂച്ച വൃത്തികെട്ട ശബ്ദം ഉണ്ടാക്കുന്നത്. കുട്ടികൾ പേടിച്ച് കണ്ണുകൾ അടയ്ക്കും. റോഡിലൂടെ ആരോ നടക്കുന്നുണ്ട്. ചിലപ്പോൾ സൈക്കിളുകൾ പോകുന്ന ശബ്ദം. സെക്കന്റ് ഷോ സിനിമകാണാൻ പോകുന്ന ചെറുപ്പക്കാരാണ്. അവർ വിചിത്രമായ ശബ്ദങ്ങളുണ്ടാക്കും. സെക്കന്റ് ഷോ സിനിമ കാണാൻ പോവുക എന്നതാണ് ഓരോ ആൺകുട്ടിയുടെയും ജീവിത ലക്ഷ്യം. രാത്രി ഒമ്പത് മണിമുതൽ പന്ത്രണ്ടു മണി വരെയാണ് ഷോ. ധീരന്മാർ മാത്രമാണ് അതിന് പോകുന്നത്. സെക്കന്റ് ഷോ കണ്ടിട്ട്, അല്ലെങ്കിൽ ഏതെങ്കിലും അമ്പലത്തിൽ നാടകമോ ഡാൻസോ കണ്ടിട്ട്, കഥാപ്രസംഗം കേട്ടിട്ട് ഒറ്റയ്ക്ക് തിരികെ വരുന്നതാണ് ആണത്തം. മറുതയും മാടനും പിടിക്കാതെ എല്ലാറ്റിനെയും അവഗണിച്ച്.. എന്തൊരു ധീരന്മാരായിരുന്നു ചെറുപ്പക്കാർ, അവർ ഉണ്ടാക്കുന്ന ശബ്ദങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെ ആഴം ഉണ്ടായിരുന്നു.



അങ്ങനെയിരിക്കെ വീടുകളിൽ കറണ്ട് വരാൻ തുടങ്ങി. ലൈൻ വലിച്ചു കൊണ്ട് വരാൻ പുരയിടങ്ങൾക്കകത്തും ഇടവഴികളിലും ഒക്കെ പോസ്റ്റുകളിട്ടു. കറണ്ട് വന്നപ്പോൾ ഗ്രാമത്തിന് എന്തൊരു ആഹ്ളാദം. സന്ധ്യകഴിഞ്ഞെത്തുന്ന ഇരുട്ടിന് മറഞ്ഞു നിൽക്കാൻ വെളിച്ചത്തിന്റെ വലിയൊരു മറ. നാല്പതും അറുപതും വാട്ടിന്റെ വെളിച്ചത്തിനു പിന്നിൽ ഇരുട്ട് മറഞ്ഞു നിന്ന് സന്തോഷിക്കുന്ന മനുഷ്യരെ നോക്കി. അവരെ കളിയാക്കാനും അലോസരപ്പെടുത്താനുമെന്നോണം ചെറു വണ്ടുകളെയും പ്രാണികളെയും നിശാശലഭങ്ങളെയും മഴയുള്ള സായാഹ്നങ്ങളിൽ ഈയലുകളെയും ബൾബുകൾക്കരികിലേയ്ക്ക് അയച്ചു. അവയെ പിടിക്കാൻ അന്നേവരെ പറമ്പിലും പുറത്തെ ചുമരുകളിലും മാത്രം കണ്ടിരുന്ന പല്ലികൾ മുറിയ്ക്കുള്ളിലേയ്ക്ക് വന്നു. വിരലുകൾ കൊണ്ട് രൂപങ്ങൾ മെനയാമെന്ന് കുട്ടികൾ നിഴൽ നോക്കി പഠിച്ചു. ഇരുട്ട് മാറി നിന്നപ്പോൾ രാത്രിയ്ക്ക് നീളം കുറഞ്ഞു. ഉറങ്ങാനുള്ള സമയം ഏഴരയെന്നോ എട്ടെന്നോ കരുതിയിരുന്ന കുട്ടികൾ എട്ടര വരെയൊക്കെ ഇരിക്കാൻ പഠിച്ചു. കറുത്ത മുലകളുള്ള ഒരു സ്ത്രീയെന്ന പോലെ സ്വിച്ച് ബോർഡുകൾ അവരെ കുനിഞ്ഞു നോക്കിയപ്പോൾ ആരും കാണാതെ അവർ മുലഞെട്ടുകളിൽ പിടിച്ചു ഞെക്കി വെളിച്ചം കെടുത്തുകയും തിരികെക്കൊണ്ടു വരികയും ചെയ്തു. പേരയുടെയും ചീലാന്തിയുടെയും ചെമ്പരത്തിയുടെയും കമ്പുകൾ പൊടുന്നനെ വേഷം മാറി ഇരുട്ടിൽ നിന്ന് കുട്ടികളുടെ തുടകളിലേയ്ക്ക് പാഞ്ഞു. പലരും കരഞ്ഞു കൊണ്ടുറങ്ങി.

കറണ്ട് വന്നപ്പോൾ വഴികളും തെളിഞ്ഞു. രാത്രി ശബ്ദമുണ്ടാക്കി നടന്നിരുന്ന ചെറുപ്പക്കാർ അല്പം മര്യാദക്കാരായി. ശബ്ദത്തിന്റെ പിന്നിലുള്ള രൂപങ്ങളും തെളിഞ്ഞു കാണാനായി എന്നതായിരുന്നു പൊടുന്നനെയുണ്ടായ മര്യാദയ്ക്ക് കാരണം. വീടുകളിൽ അപ്പോൾ ഒരു പുതിയ അതിഥി കൂടി വന്നു. ഒറ്റക്കണ്ണുള്ള ഒരു അതിഥി. അതിന്റെ പേര് റേഡിയോ എന്നായിരുന്നു. റേഡിയോയിൽ പാട്ടും വാർത്തയും കേൾക്കാമെന്നതായതോടെ രാത്രികൾക്ക് വീണ്ടും ദൈർഘ്യം കുറഞ്ഞു. വിവാഹിതരാകാത്ത ചെറുപ്പക്കാരും ചെറുപ്പക്കാരികളും സിനിമാ ഗാനങ്ങളും ശബ്ദരേഖയും കേട്ട് കിടന്നു നെടുവീർപ്പിട്ടു. വിശന്ന് കിടന്നാൽ പായ ചവുട്ടിക്കീറും എന്ന് പെണ്മക്കളെ വഴക്കുപറഞ്ഞ അമ്മമാർക്ക് മക്കൾ കിടക്കയിൽ കിടന്നു പുളയുന്നത് വിശന്നിട്ടല്ല സ്വപ്നങ്ങൾ കണ്ടിട്ടാണെന്ന് മനസ്സിലായില്ല. റേഡിയോയുടെ ശബ്ദം ഗ്രാമത്തിൽ മുഴങ്ങിത്തുടങ്ങി. പഴയ റേഡിയോ കിയോസ്കുകൾക്ക് മുന്നിൽ വെറുതെ ചുറ്റിത്തിരിഞ്ഞിരുന്ന ആണുങ്ങൾ സമയത്തിന് വീട്ടിൽ വരാൻ തുടങ്ങി. ജനങ്ങളിലേക്ക് പ്രസംഗങ്ങളും നാടകങ്ങളും പാട്ടുകളും കാലാവസ്ഥയും സംസ്കൃതവും ഇറങ്ങി വന്നു. സംസ്കൃതം അറിയാമോ എന്ന് ചോദിച്ചാൽ, 'ബാലദേവാനന്ദ സാഗര എന്നും സംപ്രതി വാർത്താഹ്സുയന്താം എന്നും ഒക്കെ പറയാൻ കുട്ടികൾ പഠിച്ചു. അതിനു മുൻപ് അവർക്കറിയാമായിരുന്നു സംസ്കൃതം 'കുക്കുടാ കൂജന്തി എന്നും ഖോടാ ദൗടന്തി' എന്നും ആയിരുന്നു. കോഴി കൂകുന്നു എന്നും കുതിര ഓടുന്നു എന്നും.



പുതിയ ശബ്ദങ്ങൾ പുതിയ സംസ്കാരങ്ങൾ കൊണ്ട് വന്നു. അമ്മമാർ മക്കളോട് കെഞ്ചി: എടാ, കറണ്ടിന് പൈസയടക്കാൻ പോടാ. മക്കൾ അതിന് കൂലി വാങ്ങി. ഒരു മണിക്കൂർ വാടക സൈക്കിൾ എടുക്കാനുള്ള പണം. അല്ലെങ്കിൽ അച്ചാറും വെള്ളവും കുടിക്കാനുള്ള കാശ്. അതുമല്ലെങ്കിൽ എസ് എൻ ടാക്കീസിൽ തറടിക്കറ്റിൽ സത്യന്റെയോ നസീറിന്റെയോ സിനിമ കാണാനുള്ള നാലണ. ഇടയ്ക്കിടെ കറണ്ടുപോകുന്നത് 'ലൂസ് കണക്ഷൻ' മൂലമാണെന്ന് അറിഞ്ഞതോടെ പുരയിടത്തിൽ നിൽക്കുന്ന തടിപ്പോസ്റ്റിൽ വയറുകൾ ചേരുന്നിടത്ത് മുളങ്കമ്പ് കൊണ്ട് അടിച്ചു കറണ്ടിനെ ഒരു പരുവമാക്കാൻ കുട്ടികൾ പഠിച്ചു. കറണ്ട് പോയാൽ ഫ്യൂസ്ഊരിനോക്കാനും വേണമെങ്കിൽ അതൊന്ന് കെട്ടിയിടാനും പയ്യന്മാർ പഠിച്ചു. പെൺകുട്ടികൾ ഉള്ള വീട്ടിൽ കറണ്ട് പോയാൽ ഒന്ന് കേറി നോക്കി ശരിയാക്കാൻ പറ്റുമോ എന്ന് ശ്രമിച്ച് ചെറിയ കറണ്ടൊക്കെ അടിച്ചിട്ടുള്ളവർ അത് പുറത്ത് പറയാതെ നടന്നു. വലിയ പ്രശ്നമാണെങ്കിൽ ശരിയാക്കാൻ കറണ്ടാപ്പീസിൽ നിന്ന് ആളുകൾ വന്നു. ഒന്നും പറയാതെ തിരികെ പോയ ഉദ്യോഗസ്ഥന് അല്പം ബാക്ഷീഷ് കൊടുക്കാൻ, കടവിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ, എനിയ്ക്ക് ശമ്പളമുണ്ടെന്ന് പറഞ്ഞ് ചെന്നവനെ മടക്കി. അതൊരു കാലം. പട്ടിണിയും പരിവട്ടവും ഉണ്ടായിരുന്നെങ്കിലും അന്തസ്സിന്റെ തെളിച്ചം അല്പം പോലും കുറയാതെ ജീവിച്ച ആളുകളുടെ ഗ്രാമകാലം. സൂക്ഷ്മഗ്രാഹികൾക്ക് അവിടെനിന്ന് അവിടെ നിന്നുയരുന്ന നന്മയുടെ ഗീതങ്ങൾ കേൾക്കാമായിരുന്നു.

- ജോണി എം എൽ





Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്