ഒരു ഗ്രാമത്തിന്റെ കഥ 3: തയ്ക്കാവ് പള്ളിയിലെ വാങ്കും ആയിഷ ബീഗത്തിന്റെ കഥാപ്രസംഗവും



(ചിത്രം തയ്ക്കാവു പള്ളിയുടേതല്ല. പ്രതിനിധാനത്തിനു വേണ്ടി മാത്രം)

"അല്ലാഹു അക്ബർ....അശ്ഹദ് അൻ ലാ ഇലാഹാ ഇല്ലല്ലാഹ്....അശ്ഹദ് അന്ന മുഹമ്മദ് റസൂലുള്ളാ...ഹയാത്തല സ്വലാഹ്....ഹയാത്തല സ്വലാഹ്..." നിസ്കരിക്കാൻ വരൂ. മൊല്ലാക്ക വിളിക്കുകയാണ്. തയ്ക്കാവ് പള്ളിയിൽ നിന്നാണ് വിളി. വാങ്ക് വിളി പല പല അലകളായി കേട്ട് തുടങ്ങും. ചന്തയിൽ പോകുന്ന പടിഞ്ഞാറത്തെയും തോപ്പിലെയും സ്ത്രീകൾ തലയിൽ നിന്നൂർന്നു പോയ തട്ടം വലിച്ചു നേരെയിടും. കാലത്തെ കടലിൽ പണിയ്ക്കു പോയി ഉച്ചയ്ക്ക് തിരികെയെത്തുന്ന സമദ് മാമ റ്റിനോപാൽ എന്ന  നീലമിട്ട് തിളക്കിയ വെളുത്ത ഉടുപ്പും മുണ്ടും അണിഞ്ഞ് കൊല്ലിമുക്കിലേയ്ക്ക് നടക്കുന്നതിനിടെ കോളറിൽ ത്രികോണാകൃതിയിൽ മടക്കിവെച്ചിരിക്കുന്ന കൈലേസ് എടുത്ത് തലയിൽ ഇട്ട് അതിന്റെ തുമ്പുകൾ ചെവികൾക്ക് പിന്നിലേയ്ക്ക് തിരുകി വെയ്ക്കും. പടിഞ്ഞാറുള്ളവർ സമയമറിയുന്നതും ദിവസം പോകുന്നതറിയുന്നതും പള്ളിയിലെ വാങ്ക് വിളി കേട്ടാണ്. വക്കത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയിലുള്ള വലിയ പള്ളിയിൽ ആരംഭിക്കുന്ന വാങ്ക് വിളി തയ്ക്കാവിലെ മൊല്ലാക്ക ഏറ്റെടുക്കുമ്പോൾ അമ്മൂമ്മമാർ കൊത്തങ്കല്ല് കളിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികളോട് വിളിച്ചു പറയും. "വാങ്ക് വിളിക്കുന്നു. അശ്രീകരങ്ങളെ കല്ലാടുന്നത് നിർത്ത്. കടം വന്നു കേറും. ദൈവഭയം വേണം."

പെൺകുട്ടികൾ പാവാടയിൽ പൊടി തട്ടി എഴുന്നേൽക്കും. അമ്മൂമ്മമാർ ഒറ്റത്തോർത്തുടുത്ത് കിണറ്റിൻ കരയിൽ നിന്ന് കുളിച്ച്, മുടി തോരും മുൻപ് വീട്ടിലെ ആലത്തറകൾക്കും പൂജാമുറികൾക്കും അധിപരായി വാഴുന്ന ദൈവങ്ങളുടെ മുന്നിലേയ്ക്ക്, പുളിഞ്ചിക്കയും ചാമ്പലും ചകിരിയും ചേർത്ത് തേയ്ച്ചു വിളക്കിയ വിളക്കും കിണ്ടിയും കൊണ്ടുപോകും. തെങ്ങോലകൾക്കിടയിലൂടെ ചാഞ്ഞെത്തുന്ന ക്ഷീണസൂര്യന്റെ പരന്ന പ്രകാശം പൂജാപാത്രങ്ങളെ ഉലയിൽ പഴുക്കുന്ന സ്വർണ്ണം പോലെ തിളക്കും. ചെമ്പരത്തിപ്പൂക്കൾ സ്വയം സമർപ്പിക്കാനായി കണ്ണുകൾ തുറന്നു നിൽക്കും. പോകും വഴിയ്ക്ക് അമ്മൂമ്മമാർ പൂക്കൾ പറിച്ച് കിണ്ടിയിൽ വെയ്ക്കും. വാങ്ക് വിളി കഴിയുമ്പോഴേയ്ക്കും വിളക്ക് കൊളുത്താനുള്ള തയാറെടുപ്പുകൾ കഴിഞ്ഞിരിക്കും. മുറ്റത്തെ കിഴക്കേ കോണിൽ നിൽക്കുന്ന മുള്ളുവേങ്ങയിൽ കൂമന്മാർ വന്നിരിക്കും. വട്ടത്താമരയിലകൾക്ക് പിന്നിൽ കുരുവികൾ ഒളിക്കും. തെങ്ങിൻ തലപ്പുകളിലും പ്ലാവിന്റെ ഇരുണ്ട മുടിക്കെട്ടിലും കാക്കകൾ അന്നത്തെ ദിവസത്തെ വിലയിരുത്തും. 

വാങ്ക് കഴിയുമ്പോഴേയ്ക്കും, പടിഞ്ഞാറേ മദ്രസയിൽ ഓത്ത് പഠിക്കാൻ പോയ തോപ്പിലെ കുട്ടികൾ തിരികെ വരുന്ന കലപില ശബ്ദം കേട്ട് തുടങ്ങും. അവരുടെ കൈകളിൽ, വെണ്മണക്കലെ പേരാലിന്റെ ഉച്ചിയിൽ തലകീഴായി തൂങ്ങിക്കിടക്കുന്ന കടവാതിലുകളെപ്പോലെ ഓത്തു പുസ്തകം തൂങ്ങിക്കിടക്കും. മതിലുകൾക്കുള്ളിൽ നിൽക്കുന്ന ഹിന്ദുക്കുട്ടികൾ അവരെ അസൂയയോടെ നോക്കും. അവർക്ക് പഠിക്കാൻ ഓത്ത് പുസ്തകങ്ങളില്ല. പുസ്തകങ്ങൾ കൈയിലുള്ള മുസ്ലിം കുട്ടികളാകട്ടെ അതൊട്ട് കാണിച്ചു തരികയുമില്ല. അത് മുസ്ലീങ്ങളല്ലാത്ത കുട്ടികൾ കണ്ടാൽ പാപം കിട്ടുമെന്നാണ് പറഞ്ഞിരുന്നത്. ഇതിന് ഹിന്ദുക്കുട്ടികൾ എങ്ങനെയാണെന്നോ പകരം വീട്ടിയിരുന്നത്? സംക്രാന്തി (ചങ്കരാന്തി) പോലുള്ള വിശേഷ ദിവസങ്ങളിൽ ഹിന്ദു വീടുകളിൽ പോത്തിറച്ചി വാങ്ങും. അപ്പോൾ മുസ്ലിം കുട്ടികൾ ചിലപ്പോൾ നോമ്പെടുത്ത്, ഉമിനീര് പോലും ഇറക്കാതെ തുപ്പിത്തുപ്പി നടക്കുന്ന കാലമായിരിക്കും. ഉച്ചയ്ക്ക് വിശന്നിരിക്കുന്ന കുട്ടികളുടെ മുഖത്തേയ്ക്ക് ഉച്ചയ്ക്ക് മുക്തകണ്ഠം പോത്തിറച്ചിയും ചോറും തിന്ന ഹിന്ദുക്കുട്ടികൾ, മനഃപൂർവം വൃത്തിയായി കഴുകാത്ത കൈകൾ അമർത്തി വെയ്ക്കും. അവർക്ക് ഇറച്ചിക്കറിയുടെ മണം കിട്ടണം. അതാണ് പ്രതികാരം. പക്ഷെ അവർക്കറിയില്ലായിരുന്നു, വാങ്ക് വിളി കഴിഞ്ഞാൽ വിഭവസമൃദ്ധമായ ഭക്ഷണം നോമ്പുതുറയ്ക്ക് കിട്ടുമായിരുന്നെന്ന്.

കുട്ടികൾ തമ്മിലുള്ള ചെറിയ ചെറിയ പ്രതികാരങ്ങളൊന്നും ആരും കാര്യമായി എടുത്തിരുന്നില്ല. അവർ എല്ലാവരും ഒന്നായിരുന്നു. ചിലപ്പോൾ കൂടെപ്പഠിക്കുന്ന ഒരു പയ്യൻ ക്ളാസിൽ വരാതാകും. എന്താണ് സംഭവിച്ചിരിക്കുന്നത്? അറിഞ്ഞോ? നജീബിന്റെ മാർക്കക്കല്യാണമാണ്. അതൊരു സന്തോഷമുള്ള കാര്യമാണ്; നജീബിനൊഴിച്ച്. സ്കൂൾ വിട്ട് കുട്ടികൾ നജീബിന്റെ വീട്ടിലേയ്ക്ക് ഒരു ഘോഷയാത്ര പോകും. അവിടെ നിലത്ത് ഒരു പകുതി നജീബ് വിളറിയ ചിരിയോടെ കിടക്കുന്നുണ്ടാകും. മറ്റേ പകുതി നജീബിനെ കാണാൻ പറ്റില്ല. കൂരയിൽ നിന്ന് കെട്ടിയിറക്കിയ ഒരു കയറിൽ തൂക്കിയിരിക്കുന്ന ഒരു വെളുത്ത കൂടാരത്തിന്റെ ഉള്ളിലായിരിക്കും നജീബിന്റെ ബാക്കി ഭാഗം. അതിനുള്ളിൽ അവന്റെ വേദന മുഴുവൻ ഉണ്ടാകും. അത്ഭുതത്തോടെ കൂട്ടുകാർ അവനെ നോക്കും. അപ്പോൾ ഉമ്മ കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകും. അവർ അവിടെ പോകുന്നത് തന്നെ അതിനുവേണ്ടിയാണല്ലോ. ഇതിനൊക്കെ നജീബ് പ്രതികാരവും ചെയ്യും. മുറിവൊക്കെ കരിഞ്ഞ് അവൻ തിളങ്ങുന്ന നിക്കറും ഉടുപ്പും ധരിച്ച് സ്കൂളിലെത്തും. പിന്നെ അവന്റെ വേദനപ്പലഹാരം തിന്നാൻ ചെന്നിരുന്നു എല്ലാവരുടെയും തുട അവൻ പൊന്നാക്കും. നജീബ് ഇപ്പോൾ ലണ്ടനിലാണ്.

പടിഞ്ഞാറുള്ളവർ വാങ്ക് കേട്ടാണ് സമയം നിശ്ചയിച്ചിരുന്നതെങ്കിൽ കിഴക്കുള്ളവർ നാരായണ മൂർത്തേ എന്ന ഗാനം കേട്ടാണ് അവരുടെ സായാഹ്നം തുടങ്ങിയിരുന്നത്. പുത്തൻ നടയിലെ മൈക്കിൽ പൊരുപൊരുത്ത ശബ്ദം കേട്ട് തുടങ്ങുമ്പോൾ പറമ്പിലെ ചീട്ടുകളിക്കാർ ചന്തിയൊന്ന് പൊക്കി ദൈവഭക്തി കാണിച്ചശേഷം വീണ്ടും, ആസ് പന്ത് ക്ലാവർ കുലാൻ പെരിശ്എന്നൊക്കെ പറഞ്ഞു ചീട്ട് അടിച്ചു തുടങ്ങും. പലരും വെള്ളയ്ക്കയും ഈർക്കിലും കൊണ്ടുണ്ടാക്കിയ കുണുക്കുകൾ അണിഞ്ഞിട്ടുണ്ടാകും. ചിട്ടിക്കാരനായും പലിശക്കാരനായും കറവക്കാരനായും തെങ്ങുകയറ്റക്കാരനായും ഓഫിസുദ്യോഗസ്ഥനായും പത്രമിടുന്നവനായും മീൻ പണിക്കാരനായും ഒക്കെ പകൽ കാണപ്പെടുന്നവർ കുണുക്കും അണിഞ്ഞിരിക്കുമ്പോൾ വേറെ അവസ്ഥയിലാണ്. വലിയ മീശക്കൊമ്പന്മാരും കോമാളികളായി തോന്നും. വോളിബാൾ കോർട്ടിൽ പറന്നു സ്മാഷ് ചെയ്യുന്ന കൊച്ചു കള്ളൻ എന്ന ലോക്കൽ ഹീറോ നാരായണ മൂർത്തേ എന്ന പാട്ട് തുടങ്ങുമ്പോൾ അന്തരീക്ഷത്തിൽ ഒരു നിമിഷം സ്തംഭിച്ചു നിൽക്കും. കവിയൂർ രേവമ്മ എന്ന ഗായികയുടെ ശബ്ദമാണത്. അമ്പലത്തിൽ ശിവനാണെങ്കിലും അർപ്പണം ശ്രീനാരായണ ഗുരുവിനാണ്. തികഞ്ഞ ഭക്തി സാന്ദ്രമായ അന്തരീക്ഷം.

റംസാൻ, നബിദിനം കാലമായാൽ പടിഞ്ഞാറുള്ള കുട്ടികൾക്ക് നല്ല കാലമാണ്. വാങ്ക് വിളിക്കുമ്പോഴേ അമ്മൂമ്മമാർ പറയും, പോയി കാലും മുഖവും കഴുകൂ. പ്രാർത്ഥിക്കൂ. റംസാൻ മാസങ്ങളിൽ കുട്ടികൾ വളരെ അനുസരണയുള്ളവരാണ്. അതിന് കാരണമുണ്ട്. വാങ്ക് കഴിയുന്നതും, കണ്ണടച്ച് കൈകൂപ്പി നിന്ന് ദൈവത്തോട് പിറ്റേന്നത്തെ ആവശ്യങ്ങൾ സാധിച്ചു തരണമെന്ന് ശടപടേന്ന് നിവേദനം നടത്തി ചിരട്ടക്കുടുക്കയിൽ നിന്ന് അല്പം ഭസ്മം എടുത്തു നെറ്റിയിൽ തേച്ചു കൊണ്ട് ഒരൊറ്റ ഓട്ടമാണ് ഗേറ്റിനരികിലേയ്ക്ക്. ആലയിൽ നിന്ന് പുറത്തു ചാടിയ ആട്ടിൻ കുട്ടികളെപ്പോലെ അനേകം കുട്ടികൾ അപ്പോൾ ഗേറ്റിന് മുന്നിൽ നിൽക്കുന്നുണ്ടാകും. അവർ അവിടെ നിന്ന് കൊണ്ട് തയ്ക്കാവ് പള്ളിയിലെ ഓടിട്ട കെട്ടിടത്തിൽ വാങ്ക് വിളിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ ഉന്തിനിൽക്കുന്ന അറയെ സങ്കൽപ്പിക്കും. ആരാണ് വാങ്ക് വിളിക്കുന്നതെന്ന് അറിയാത്ത കുട്ടികൾ അയാളെ പ്രായമുള്ള ഒരാളായി സങ്കൽപ്പിച്ചു. ചെവികളിൽ കൈതിരുകിയാണ് വാങ്ക് വിളിക്കുന്നതെന്ന് ഷാജി പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. അന്ന് മൈക്കില്ല.

തയ്ക്കാവ് പള്ളിയുടെ അടുത്തേയ്ക്ക് അധികമാരും പോകാറില്ല. രണ്ടു ഇടവഴികൾ വന്നു ചേരുന്ന ഒരിടത്താണ് തയ്ക്കാവ്. ഗ്രാമത്തിൽ പാന്റ്സ് ധരിക്കുന്ന മൂന്നോ നാലോ പേരിൽ രണ്ടു പേർ താമസിക്കുന്നിടത്താണ് ആദ്യത്തെ ഇടവഴി. എഞ്ചിനീയറായ മുനീർ സാറും ടൈറ്റാനിയത്തിൽ ജോലിയുള്ള നസീർ ചേട്ടനുമായിരുന്നു പാന്റ്സ് ധാരികൾ. മനോഹരമായ ബെൽബോട്ടം പാന്റ്സും വലിയ ബക്കിൾ ഉള്ള ബെൽറ്റും നസീർ ചേട്ടന് മാത്രം അവകാശപ്പെടാൻ കഴിയുന്നതായിരുന്നു (പാന്റ്സ് ധാരികളെക്കുറിച്ചു വിശദമായി മറ്റൊരു അധ്യായത്തിൽ പറയുന്നുണ്ട്). പൂന്ത്രാൻ വിളാകം ഭാഗത്തു നിന്നാണ് മറ്റേ ഇടവഴി വന്നു ചേരുന്നത്. മൂന്നാമതൊരിടവഴി കൊട്ടാരം എന്നറിയപ്പെടുന്ന വീടുകൾ ഉള്ള ഇടത്തേയ്ക് പോകുന്നു. അവിടെയാണ് സാലിയ ഉമ്മ, നജൂമാ താത്ത, ലൈലാ താത്ത എന്നിവരുടെ വീട്. അവിടവും കടന്നു പോയാൽ കഴിഞ്ഞ അധ്യായത്തിൽ സൂചിപ്പിച്ച സാബു, സലിം, അബൂബക്കർ, സുൾഫിക്കർ, നൗഷാദ്, നജീബ് ഖാൻ തുടങ്ങിയവരുടെ വീടായി. തയ്ക്കാവു പള്ളിയ്ക്ക് ചുറ്റും താമസിക്കുന്നവരും ചില്ലറക്കാരല്ല. ഫാത്തിമാ താത്ത, സഖില ടീച്ചർ, അബില താത്ത, ലുത്തുഫി അണ്ണൻ, വക്കം മജീദ് എക്സ് എം എൽ , മുഹമ്മദ് അബ്ദാ സാർ തുടങ്ങിയവർ.

ഇത്രയും പ്രഗത്ഭരായ ആളുകളാണ് ചുറ്റും താമസിച്ചിരുന്നതെങ്കിലും തയ്ക്കാവ് പള്ളിയ്ക്ക് ഇഹലോകത്തിൽ നിന്ന് വ്യത്യസ്തമായ ഒരു പരിസരമാണ് ഉണ്ടായിരുന്നത്. അവിടെ ഒരു കബറിടം ഉണ്ടായിരുന്നു. ഏതോ ഒരു പീർ അവിടെയെത്തുകയും മരിച്ചപ്പോൾ അവിടെ കബറടക്കുകയും ചെയ്തു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഇടവഴിയിൽ നിന്ന് പള്ളിപ്പറമ്പിനെ വേർതിരിക്കാനായി ഒരു മുളവേലി മാത്രമാണ് ഉണ്ടായിരുന്നത്. ആർച്ചുകൾ ഉള്ള പള്ളിയുടെ പൂമുഖത്ത് പുൽപ്പായകൾ നിവർത്തിയിട്ടിരുന്നു. എപ്പോഴും വിജനവും കാതു തുളയ്ക്കുന്ന നിശബ്ദതയും അവിടെയുണ്ടായിരുന്നു. അവിടെ നിസ്കരിക്കാൻ പോകുന്ന ആളുകളെ കണ്ടിട്ടുണ്ടെങ്കിലും, ഇടവഴിയിൽ അവർ കയറുമ്പോൾത്തന്നെ അപ്രത്യക്ഷരായിപ്പോകുന്നു എന്നാണ് തോന്നിക്കുന്നത്. ഓടിക്കളിക്കുന്നതിനിടെ അബദ്ധത്തിൽ തയ്ക്കാവിന്റെ പരിസരത്ത് ചെന്ന് പെട്ട് പോയാൽ കണ്ണുമടച്ചു പിടിച്ചു കൊണ്ട് കുട്ടികൾ ഓടിക്കളയും. പഴയ വെട്ടുകല്ല് കൊണ്ടുണ്ടാക്കിയ കബറിലും അതിന്റെ തലയ്ക്കലെ മീസാൻ കല്ലിലും അതിൽ കേറിപ്പടർന്നു നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയിലും ഒക്കെ 'വേറെന്തോ' ഉണ്ടെന്നായിരുന്നു കുട്ടികൾ വിശ്വസിച്ചിരുന്നത്.

വാങ്ക് വിളി കഴിഞ്ഞാലുടൻ നോയമ്പ് കാലത്ത്, ഒരു സവിശേഷമായ പൊരുപൊരുപ്പ് കേട്ട് തുടങ്ങും. ഏതോ മൈക്കിൽ നിന്ന് വരുന്ന ശബ്ദമാണത്. കുട്ടികൾക്കതറിയാം. മീനിന്റെ മണം പിടിക്കുന്ന പൂച്ചകളെപ്പോലെ അവർ ഗേറ്റുകളുടെ മുന്നിൽ നിൽക്കുന്നത് ശബ്ദം കേൾക്കുന്നതിന് വേണ്ടിയാണ്. ശബ്ദത്തിനു പിന്നാലെ മാസ്മരികമായ സ്വരവിശേഷമുള്ള പാട്ട് കേട്ട് തുടങ്ങും. "വേതാമ്പർ നബി തന്റെ പൂമകൾ ഫാത്തിമാ, ബീബീ ഖദീജാ തൻ പൂമകൾ ഫാത്തിമാ, കുട്ടിപ്പരുവത്തിൽ വീരാപ്പുലിയാരെ തിട്ടമായ് കണ്ടു ഭയന്നോടി ഫാത്തിമാ." പാകിസ്ഥാൻ മുക്കിലെ വോളിബാൾ ഗ്രൗണ്ടിൽ നിന്നാണ് കേട്ട് തുടങ്ങുന്നത്. കുട്ടികൾ അങ്ങോട്ട് ഓടുകയായി. "ഇബ്റാഹിം നബിയുള്ളാ ഉറക്കം പൂണ്ടേ ..ഇറയവൻ ഖുദ്റത്താൽ കനവ് കണ്ടേ..." കുട്ടികൾ മൈതാനത്ത് എത്തിക്കഴിയും. അവിടെ കാണുന്നത് ഒരു ചെറിയ സ്റ്റേജ് ആണ്. പുത്തൻ നടയിലെ സ്റ്റേജ് പോലെയല്ല. അത് രണ്ടു വശത്തും ചിറകുകൾ പോലെ മൈക്ക് റൂമും പക്കമേളത്തിനുള്ള റൂമും പിന്നിൽ ചായ്ച്ചിറക്കിയ ഗ്രീൻറൂമും ഒക്കെയുള്ള കൂറ്റൻ സ്റ്റേജ് ആണ്. നീല സൈഡ് കർട്ടനും ചുവന്ന മെയിൻ കർട്ടനും ഇട്ടുകഴിഞ്ഞാൽ ഏത് അമ്പലപ്പറമ്പിൽ നിന്നും ആളുകൾക്ക് മാറാതിരിക്കാൻ ഒരു കാരണമായി. എന്നാൽ പാകിസ്ഥാൻ മുക്കിലെ സ്റ്റേജ് അതല്ല. ഏതാനും മേശകൾ ചേർത്തിട്ട് അതിന്റെ നാല് മൂലയിൽ നിന്നും എട്ടടിയോളം പട്ടിക കൊണ്ട് ചേർത്ത് കെട്ടി, നാലോ അഞ്ചോ സാരികൾ വിരിച്ചു മേൽക്കൂരയുണ്ടാക്കി, നാല് പട്ടികയിലും ട്യൂബ് ലൈറ്റ് വെച്ച് കെട്ടിയ സ്റ്റേജ്.

പാകിസ്ഥാൻ മുക്കിലെ ചെറിയ മൈതാനം ഇന്നില്ല. അവിടെയിപ്പോൾ കുലക്കടക്കാരൻ മാമ വെച്ച വലിയൊരു വീടാണ്. ചന്തമുക്കിലെ മലക്കറി മണി അണ്ണൻ, ചന്തയ്ക്കുള്ളിലെ വിശ്വംഭരൻ മാമൻ എന്നിവർക്ക് പഴക്കച്ചവടം കൂടി ഒറ്റയ്ക്ക് നടത്താൻ കഴിയാതിരുന്ന ഗ്യാപ്പിലാണ് എൺപതുകളുടെ തുടക്കത്തിൽ കുലക്കടക്കാരൻ മാമാ അവിടെ എത്തുന്നത്. ബിസിനസിൽ വിജയിച്ച അദ്ദേഹം കുലയോടൊപ്പം പച്ചക്കറിയുടെ ബിസിനസ് കൂടി തുടങ്ങിയപ്പോൾ ചന്തമുക്ക് ഒന്ന് കൊഴുത്തു. വക്കം ശശി സിനിമയും ടാക്സി സ്റ്റാൻഡും സുഗുണായണ്ണന്റെ കടയും വിപിനയണ്ണന്റെ മൈക്ക് സെറ്റ് കടയും കുമാറിന്റെ അപ്പായുടെ ജൂവലറിയും ഷമീർ ഹോട്ടലും അവിടത്തെ പൊറോട്ടയും ബീഫും  ഉള്ളിവൈദ്യന്റെ അച്ചാറ് കടയും ബീനാ ബേക്കറിയും മെഡിക്കൽ സ്റ്റോറും എല്ലാം കൂടി വക്കം ചന്തമുക്ക് വലിയൊരു സംഭവമായി. കുലക്കടക്കാരൻ മാമാ വക്കത്തുകാരനായി. വക്കം ആരെയും പുറന്തള്ളാറില്ല. എല്ലാവരെയും ഉൾക്കൊണ്ട ചരിത്രമാണ് വക്കം എന്ന ഗ്രാമത്തിനുള്ളത്. മാമയുടെ വീട് വരുന്നതിന് മുമ്പുള്ള കാലത്തെ കഥയാണ്.

പാകിസ്ഥാൻ മുക്കിലെ ചെറിയ മൈതാനത്തിന്റെ ചുറ്റുപാടും സാമ്പത്തികമായി മെച്ചപ്പെട്ടിട്ടില്ലാതിരുന്ന മുസ്ലിം കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. ആണുങ്ങൾ കടലിൽ പണിക്കു പോയും മീൻ കച്ചവടം ചില്ലറയായി ചെയ്തും ചന്തയിൽ കൂലിപ്പണി ചെയ്തും ഒക്കെ കുടുംബം നോക്കി. ചിലർ കയർ ഫാക്ടറികളിൽ പണിയെടുത്തു. സ്ത്രീകളിൽ ഏറെപ്പങ്കും വീട്ടുമ്മമാരായിരുന്നു. ചിലർ കയർ മേഖലയിൽ പണിയെടുത്തു. എങ്കിലും മുസ്ലീങ്ങൾക്കിടയിൽ കയർ മേഖലയിൽ പണിയെടുക്കുന്നവർ കുറവായിരുന്നു വക്കത്ത്. നബിദിനാഘോഷങ്ങൾ വരുമ്പോൾ വീടുകളിൽ ആഘോഷമാണ്. അവരുടെ പുരയിടങ്ങളിൽ നിൽക്കുന്ന തെങ്ങുകളിലാണ് മൈക്ക് വെച്ച് കെട്ടുന്നത്. അവർക്ക് വേണ്ടുവോളം പാട്ടുകൾ കേൾക്കാം. മതപ്രസംഗങ്ങളെയും മതപ്രസംഗകരേയും അടുത്ത് കേൾക്കാം കാണാം. മതപ്രസംഗകർ ഇന്നത്തെപ്പോലെ ആക്രാമകമായ പ്രസംഗങ്ങൾ നടത്തിയിരുന്നില്ല. അവർ സൗമ്യവും മധുരവുമായ ശബ്ദത്തിൽ ഖുർആനിലെ വചനങ്ങൾ ഓതി വിശദീകരിച്ചു. നന്മയോടെ ജീവിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പ്രസംഗം കഴിഞ്ഞു പോകുമ്പോൾ അവരുടെ ആത്മീയവിശുദ്ധിയുടെ സുഗന്ധം അല്പകാലത്തേക്കെങ്കിലും അവർ ഗ്രാമത്തിൽ പ്രസരിപ്പിച്ചു.



മതപ്രസംഗങ്ങൾ മാത്രമായിരുന്നില്ല നബിദിനാഘോഷങ്ങളുടെയും റംസാൻ മാസത്തിന്റെയും സവിശേഷത. അപ്പോൾ ഗാനമേളകളും കഥാപ്രസംഗവും ഉണ്ടാകും. പക്ഷെ അമ്പലങ്ങളിലെ കഥാപ്രസംഗങ്ങളെയോ ഗാനമേളകളെയോ പോലെയായിരുന്നില്ല ഇവിടത്തെ ഗാനമേളകളും കഥാപ്രസംഗങ്ങളും. പാകിസ്ഥാൻ മുക്കിലെ കഥാപ്രസംഗങ്ങളിൽ നബി തിരുമേനിയുടെ ജീവിതം ആധാരമാക്കിയതോ ബദർ യുദ്ധം പോലുള്ള ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയതോ ആയ കഥകളായിരുന്നു പറഞ്ഞിരുന്നത്. ഗാനമേളകളിൽ ഒപ്പനയും മാപ്പിളപ്പാട്ടും നിറഞ്ഞു നിന്നു. എല്ലാവരും കേൾക്കാൻ ആഗ്രഹിച്ച പാട്ടുകൾ മൈക്കിൽ നിന്ന് പുറത്ത് വന്നു. മാസ്മരികമായ ശബ്ദത്തിനുടമ അനുഗ്രഹീത ഗായികയും കാഥികയുമായ ആലപ്പുഴ ഐഷാ ബീഗത്തിന്റേതായിരുന്നു. "മലക്കുൽ തസറായി അണഞ്ഞിടും മുൻപേ, ചലനമെന്ന തടിയിൽ നിലച്ചിടും മുൻപേ മുത്ത് നബി താനെ രാളാ ശരീഫൊന്നു കണ്ണിനു കാട്ടീടണേ, ഇലാഹി കണ്ണിനു കാട്ടീടണേ." ഐഷാ ബീഗം പാടുകയാണ്.

അങ്ങനെയിരിക്കെ ഒരു ദിനം അയിഷാ ബീഗം വക്കത്ത് വന്നു; തന്റെ കഥാപ്രസംഗവുമായി. അംബാസഡർ കാറിൽ വെച്ച് കെട്ടിയ അഹുജാ മൈക്കിൽ നിന്ന് ജലദോഷം പിടിച്ച പോലെ ആരോ വിളിച്ചു പറഞ്ഞു, "ഇന്ന് പാകിസ്ഥാൻ മുക്കിൽ നബിദിന പരിപാടികളോട് അനുബന്ധിച്ച് അയിഷാ ബീഗം അവതരിപ്പിക്കുന്ന കഥാപ്രസംഗം." കുട്ടികൾക്ക് ഇത് കേട്ടത് മുതൽ ഇരിക്കപ്പൊറുതിയില്ലാതായി. ആഘോഷങ്ങളിൽ കുട്ടികൾക്കാണ് പ്രധാനമായും ഉത്സാഹം. വക്കത്ത് ഇടയ്ക്കിടെ കുട്ടികളെ കാണാതെ പോകുമായിരുന്നു. അവസാനമായി കാണുമ്പോൾ ശരീരത്തിൽ നൂൽ ബന്ധമില്ലായിരുന്നു, ഒരു നീല വള്ളിനിക്കറാണ് ധരിച്ചിരുന്നത്, ഒരു പെറ്റിക്കോട്ടിട്ടുണ്ടായിരുന്നു എന്നൊക്കെ തള്ളമാർ അലമുറയ്ക്കിടെ വിളിച്ചു പറയും. പരിസരത്തുള്ള ആണുങ്ങൾ സൈക്കിളുമെടുത്തു കൊണ്ട് നാലുപാടും പായും. അപ്പോൾ ആരെങ്കിലും ചോദിക്കും, "എങ്ങോട്ടാണ് രാഘവാ അന്തംവിട്ട്?" "മുള്ളുവിളാകത്തെ കൊച്ചിനെ കാണാനില്ല." "അതോ പേടിക്കേണ്ട, കൊച്ച് വേറൊന്നിനെയും ഇടുപ്പിൽത്തട്ടി സിനിമാപരസ്യ വണ്ടി പോയതിന്റെ പിന്നാലെ പോയിട്ടുണ്ട് . വഴി ചെന്നാൽ പിടിക്കാം." അങ്ങനെ കളഞ്ഞു പോയ തങ്കങ്ങളെയെല്ലാം നാട്ടുകാർ പലയിടങ്ങളിൽ നിന്നും പിടികൂടി.ഉത്സവ സീസണിലാണ് ഇങ്ങനെ കുട്ടികളെ കാണാതാകുന്നത്. മിക്കവാറും ഏതെങ്കിലും ഘോഷയാത്രയുടെ പിന്നാലെ പോയിട്ടുണ്ടാകും.

അന്നത്തെ കുട്ടികൾക്ക് അവർ പറഞ്ഞ വാക്കുകളും പാടിയ പാട്ടുകളും ഇപ്പോഴും ഓർമ്മയുണ്ടാകും. "സലാത്തുള്ളാ അലൽവാദീ മുഹമ്മദീ" എന്ന് തുടങ്ങുന്ന ഗാനം വരികൾ കിട്ടാതെ നാവിൽ മുട്ടുമ്പോഴും ആലാപനം സൃഷ്ടിച്ച കദനാനുഭവം മറക്കാനാകില്ലല്ലോ. ഒരു പടയുടെ കഥ പറയുമ്പോൾ ഐഷാ ബീഗം ബദർ യുദ്ധത്തിന്റെ അലയൊലികൾ തന്റെ സ്വരഗാംഭീര്യത്തിലൂടെ സൃഷ്ടിച്ചു. "ധീരന്മാരായ സഹദാക്കൾ നിന്നങ്ങു ധീരതയോടടരാടുന്നെ അമ്പ് പിന്തിരിഞ്ഞോടും ഖുറൈശികൾ പോലും അമ്പ് കൊണ്ടങ്ങതാ വീഴുന്നേ, അമ്പ് കൊണ്ടങ്ങതാ വീഴുന്നേ." ഒരു ക്ലാരിനെറ്റും തബലയും ഹാർമോണിയവും മാത്രം. വിശ്വകാഥികൻ സാംബശിവൻ മൂന്ന് ഉപകരണങ്ങൾ കൊണ്ടാണ് മലയാളിയുടെ ഹൃദയങ്ങളിൽ ലോകസാഹിത്യത്തെ വിളക്കിച്ചേർത്തത്. ആലപ്പുഴ ആയിഷാ ബീഗവും മൂന്ന് ഉപകരണങ്ങൾ കൊണ്ട്, അതിലുപരി തന്റെ ആലാപന ഭംഗി കൊണ്ട് ഖുർആനിലെ കഥകൾ പാകിസ്ഥാൻ മുക്കിലെ വിനീതമായ സ്റ്റേജിൽ നിന്ന് കൊണ്ട് വക്കത്തിന്റെ മനസ്സിലേയ്ക്ക് പകർന്നു കൊടുത്തു. കുമാരൻ ആശാന്റേയും ശ്രീനാരായണ ഗുരുവിന്റെയും കവിതകൾ ജലയാനം നടത്തുന്ന കായലിനെ തഴുകി വന്ന കാറ്റ് സ്റ്റേജിനു മേൽക്കൂരയായ സാരികളെയും ആയിഷാ ബീഗത്തിന്റെ തട്ടത്തിൽ നിന്നൂർന്ന് കിടക്കുന്ന മുടിയിഴകളെയും തഴുകി പുത്തൻ നടയിലേയ്ക്ക് കടന്നു പോയി.

-- ജോണി എം എൽ



Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)