ഒരു ഗ്രാമത്തിന്റെ കഥ 22: നടന്നവർ, കയറിയവർ, നടന്നു കയറിയവർ





അവൾ അതിവേഗം നടന്നു. മെലിഞ്ഞു പൊക്കമുള്ളവൾ. മൂക്കിൽ ചുവന്ന മൂക്കുത്തി. ഉച്ചിയിൽ വാരിക്കെട്ടിയ മുടി. നിറഞ്ഞതെന്നു പറയാൻ കഴിയാത്ത മാറിടത്തിന് കുറുകെ അവളൊരു തോർത്ത് അലക്ഷ്യമായി ഇട്ടിട്ടുണ്ട്. ഉള്ളതൊന്നും മറയ്ക്കാനോ ഇല്ലാത്തതിനെ ഉണ്ടെന്നു കാണിക്കാനോ അല്ല അവൾ തോർത്തിട്ടിരിക്കുന്നത്. നാട്ടിന്റെ സദാചാരം കണ്ണുപൊട്ടിത്തകർന്ന് അന്ധമായിപ്പോയാലോ എന്ന് കരുതിയാണ്. അവൾ കൊടുങ്കാറ്റ് പോലെ നടന്നു. കിഴക്കു നിന്നുള്ള സൂര്യന്റെ ആദ്യകിരണങ്ങളിൽ ഒന്ന് അവളുടെ മൂക്കുത്തിയിലെ ചുവന്ന കല്ലിൽ വീണ് പല നുറുങ്ങായി തകർന്നു.

ശാന്ത എന്നാണവളുടെ പേര്. ഒട്ടിയ വയറും മുറുക്കിയുടുത്ത കൈലിയും ചുവന്ന നിറമുള്ള ചെരിപ്പും, മുറുക്കിചുവപ്പിച്ച ചുണ്ടുകളും ഉള്ള അവൾ എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി കരുതിയിരുന്നു. ഇടവഴിയുടെ ഇരുണ്ട വളവുകളിലും രാത്രിയിൽ മരങ്ങളുടെ നിഴലുകൾക്ക് പിന്നിലും, പകൽ നിറുത്തിയിട്ടിരിക്കുന്ന ലോറിയുടെ അടിയിലും ഒക്കെ വെച്ച് തന്നോട് കൊഞ്ചുകയും കെഞ്ചുകയും ചെയ്തവർ, അത് ചെയ്യാൻ ധൈര്യപ്പെടാത്തവർ റോഡരികിൽ ഇരിപ്പുണ്ട്. അവർ തന്നെ നോക്കുന്നുണ്ട്. അവർക്കായിട്ടാണ് അവൾ പുഞ്ചിരി കരുതിയിരിക്കുന്നത്. പിന്നെ, ജീവിതത്തിനും; അഥവാ ജീവിതം വന്നു അവളുടെ പ്രാരാബ്ധങ്ങളെ നോക്കി ആസ്വദിക്കാൻ ഒരുമ്പെട്ടങ്കിലോ എന്ന് കരുതിയാൽ അത് നാണിച്ചു പോവുകയേ ഉള്ളൂ.



വിളിക്കുന്നവരുടെ തരം പോലെ അവളെ ആളുകൾ 'ഒഴുക്ക് ശാന്ത'യെന്നും, 'മശ ശാന്ത'യെന്നും, 'വെടി ശാന്ത'യെന്നും, 'പോക്ക് ശാന്ത'യെന്നും വിളിച്ചു. വിളികൾ ശാന്ത കേട്ടതായിപ്പോലും നടിച്ചില്ല. ഭാര്യയും കുട്ടികളുമായി അച്ചടക്കമുള്ള ജീവിതം നയിക്കുന്ന ഗ്രാമവാസികളുടെ ജീവിതത്തിൽ ഒരു അലോസരമായിരുന്നു ശാന്ത. സൂര്യനെതിരെയായിരുന്നു അവളുടെ സഞ്ചാരം. കിഴക്കുദിക്കുന്ന സൂര്യനെതിരെ അവൾ പടിഞ്ഞാറു നിന്ന് അതിവേഗം നടന്നു കിഴക്കുള്ള നിലയ്ക്കാമുക്കിലേയ്ക്ക് പോകും. ചിലപ്പോൾ കൈയിലൊരു കുട്ടയുണ്ടാകും, ചിലപ്പോൾ ഒരു മൺവെട്ടി. മണ്ണരിയ്ക്കാനുള്ള വലിയ അരിപ്പ തലയിൽ വെച്ച് നടന്നു പോകുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ അവൾ 'മൈക്കാട് ശാന്ത' ആയിരുന്നു.

വിവാഹിതയായിരുന്നു അവളെന്നു കേട്ടിരുന്നു. പക്ഷെ ഭർത്താവിനെ ആരും കണ്ടിട്ടില്ല. എന്നാൽ ആർക്കും നേരെ ചെന്ന് മുട്ടാനുള്ള ധൈര്യവുമില്ല. മേശിരിപ്പണിയ്ക്കിറങ്ങുന്ന പുതിയ പയ്യന്മാർ അവരുടെ ആരോഗ്യമുള്ള ഹെർക്കുലീസ് സൈക്കിളിന്റെ പിന്നിൽ ഇരുത്തി ശാന്തയെ കൊണ്ട് പോകും. അങ്ങനെയുള്ള നിമിഷങ്ങളിൽ അവൾ തികച്ചും ആഹ്ളാദിച്ചു. ശാന്തയെ അടുത്തറിഞ്ഞവരായ മേശിരിപ്പണിക്കാർ അവളുടെ മേൽ വിധിന്യായം നടപ്പാക്കാനോ അവളെ ചൂഷണം ചെയ്യാനോ ഒരുമ്പെട്ടില്ല. അവരിൽ പലരും അവളെ 'ശാന്ത ചേച്ചി' എന്ന് വിളിച്ചു. വിളി അവളെ വല്ലാതെ ആഹ്ളാദിപ്പിച്ചു കാണണം.



നടന്നു നടന്നു കാലുകളും മൺവെട്ടി പിടിച്ചു പിടിച്ചു കൈകളും പാറയും മണ്ണും സിമന്റും ചുമന്ന് കഴുത്തും ജീവിതത്തെ നോക്കി നോക്കി കണ്ണും ഉറച്ചു പോയിരുന്നു. ശാന്തയിൽപ്പിന്നെ മാംസളമായുണ്ടായിരുന്നത് എല്ലാ സ്ത്രീകൾക്കുമുള്ള അവയങ്ങൾ മാത്രമായിരുന്നു. അദ്ധ്വാനിച്ചു ജീവിക്കുന്ന കാലത്തൊന്നും അവയുടെ അടുത്ത് വരാൻ പോലും ആരെയും അവൾ അനുവദിച്ചില്ല. എങ്കിലും കാറ്റു പോലെ അവൾ വീശിയടിച്ചു പോകുമ്പോൾ പല ആൺമരങ്ങളും നിന്ന് വിറച്ചു. ചിലത് കടപുഴകി വീണു. താൻ നടന്ന വഴികളിൽ കാൽപാടുകൾ തെളിഞ്ഞു നിൽക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. തനിയ്ക്കിനി ഒരു പിൻഗാമി ഉണ്ടാകരുത്. അങ്ങനെ നടന്നു നടന്ന് ഒരു ദിവസം ശാന്ത അങ്ങ് ദൂരേയ്ക്ക് നടന്നു പോയി. പിന്നെ ഗ്രാമത്തിൽ ആരും ശാന്തയെ കണ്ടിട്ടില്ല. അതോ ശാന്ത അവിടെ എക്കാലവും ഉണ്ടായിരുന്നോ? മറ്റുള്ളവരാണോ നടന്നു നടന്നു അപ്രത്യക്ഷരായത്? ആർക്കറിയാം.

മോഹനൻ പക്ഷെ നടന്നത് ശാന്തയെപ്പോലെ ആയിരുന്നില്ല. താൻ നടക്കുകയായിരുന്നു എന്ന് മോഹനന് അറിയില്ലായിരുന്നു. രാവിലെ ഉണരുന്നു. വെളുത്ത മുണ്ടുടുക്കുന്നു. ഇളം പച്ചയിൽ കറുത്ത വരകളുള്ള ഷർട്ട് എടുത്തിടുന്നു. ഇതിനിടയിൽ ആരോ കരുണയോടെ നൽകിയ ചായ കുടിച്ചെന്നു വരുത്തുന്നു. ആരാണ് തനിയ്ക്ക് ചായയും ഭക്ഷണവും ഒക്കെ തരുന്നത്? മോഹനന് അറിയില്ല. അയാളുടെ മനസ്സിൽ വർത്തമാനകാലം ഇല്ല. നഷ്ടപ്പെട്ട ഒരു കാലം, അല്ലെങ്കിൽ വരാനിരിക്കുന്ന ഒരു കാലം. അത് അയാൾ അന്വേഷിക്കുകയായിരുന്നു. അത് നിലത്തല്ല, ആകാശത്തിലുമല്ല. അതിനാൽ അയാൾ നിലത്തും നോക്കിയില്ല ആകാശത്തും നോക്കിയില്ല. മോഹനൻ അനന്തതയിൽ നോക്കി നടന്നു.



മോഹനൻ ശാന്തയായിരുന്നില്ല. സ്ത്രീയുമായിരുന്നില്ല. മോഹനൻ കാഴ്ചയിൽ ആണായിരുന്നു. എന്നാൽ ആണ് ചെയ്യേണ്ടിയിരുന്ന ഒന്നും മോഹനൻ ചെയ്തില്ല. ജോലി ചെയ്തില്ല, സമ്പാദിച്ചില്ല, കുടുംബം നോക്കിയില്ല. മോഹനൻ വീട്ടിലുള്ളവർക്ക് ദുഃഖമല്ലാതെ മറ്റൊന്നും നൽകിയില്ല. മോഹനന്റെ ജ്യേഷ്ഠൻ, ദിവാകരൻ ഒരു പൊലീസുകാരനാണ്. പൊതുക്കാര്യങ്ങളിലൊക്കെ ഇടപെടുന്ന ഒരാൾ. തന്റെ വീട്ടിൽ ഇങ്ങനെ ഒരു ജന്മം എന്തുകൊണ്ടാകാം വന്നതെന്ന് അയാൾ സ്വയം ചോദിക്കാതിരുന്നില്ല. എങ്കിലും അയാൾ നിരന്തരം നടക്കുന്ന തന്റെ സഹോദരനെ കരുണയോടെ പരിപാലിച്ചു. അയാൾ പോകുന്ന ദിക്ക് ഏതെന്നു നോക്കിയില്ല. പക്ഷെ, അയാൾ നടക്കുന്ന ദൂരങ്ങൾ വർധിച്ചു വന്നപ്പോൾ സഹോദരന് അങ്കലാപ്പായി.

സാമാന്യ മനുഷ്യന് മനസ്സിലാകാത്ത അഭൗമമോ അവാച്യമോ അനിർവ്വചനീയമോ ആയ എന്തിനെയോ ഉറ്റു നോക്കിക്കൊണ്ട് മോഹനൻ നടക്കുകയായിരുന്നു. ചിലർ അയാളെ മണനാക്കിൽ വെച്ച് കണ്ടു. ചിലർ എലപ്പുറത്ത് വെച്ച്. ചിലർ കണ്ടപ്പോൾ അയാൾ കൊല്ലമ്പുഴ പാലത്തിനു മേൽ നിൽക്കുകയായിരുന്നു. മറ്റു ചിലർ അയാളെ കച്ചേരി നടയിൽ വെച്ച് കണ്ടു. ആറ്റിങ്ങൽ കഴിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് ദിവാകരന് ഇനി എന്തെങ്കിലും ചെയ്തേ കഴിയൂ എന്ന് തോന്നിയത്. കണ്ണിന്റെയുള്ളിൽ കാമ്പസ് ഘടിപ്പിച്ചത് പോലെ മോഹനൻ പോയവഴി തന്നെ തിരികെ വന്നിരുന്നു. എങ്കിലും ഇനി വിടേണ്ടെന്ന തീരുമാനം ദിവാകരൻ എടുത്തു. മോഹനൻ ഇപ്പോൾ വീട്ടിൽത്തന്നെയാണ്; ജ്യേഷ്ഠന്റെ പരിചരണത്തിൽ. ദൂരങ്ങൾ അയാളെ വിളിക്കുന്നുണ്ട്. കാലുകൾ നടക്കാത്തിതിനാൽ നോവുന്നുണ്ട്. മെലിഞ്ഞ ശരീരത്തിൽ ഇനിയും നടക്കേണ്ട ദൂരങ്ങൾ അറിയാനുള്ള ജീവൻ ബാക്കിയുണ്ട്. പക്ഷെ പോകാനാകുന്നില്ല. അതിനാൽ മോഹനൻ ഇപ്പോൾ ഉമ്മറപ്പടിയിലിരുന്നു ഉള്ളു കൊണ്ട് നടക്കുന്നുണ്ടാകണം. മാമം, കോരാണി, മംഗലപുരം , തോന്നയ്ക്കൽ, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം, ഉള്ളൂർ, തിരുവനന്തപുരം....കടൽ...കടലിനു മുകളിലൂടെ മോഹനനിപ്പോൾ നടന്നു പോവുകയാണ്. ആരും കാണുന്നില്ലെന്ന് മാത്രം.



തോപ്പിൽ നിന്നിറങ്ങിയ ഷിഹാബ് നടന്നു പുളിമൂട്ടിൽ അരിപൊടിക്കുന്ന മില്ലിന് മുന്നിൽ വന്നു. വെളുത്ത ഷർട്ടും മുണ്ടും സൂര്യപ്രകാശമേറ്റു തിളങ്ങി. കയ്യിൽ ചുരുട്ടിപ്പിടിച്ച വെളുത്ത തൂവാല. അത്തറിന്റെ മണം. പക്ഷെ ഷിഹാബിന്അറിയാൻ വയ്യ എങ്ങോട്ട് പോകാനാണ് താൻ വീട്ടിൽ നിന്നിറങ്ങിയതെന്ന്. കൂട്ടുകാർ, നാട്ടുകാർ, പരിചയക്കാർ...എല്ലാവരെയും മനസ്സിലാകുന്നുണ്ട്. ഒന്നിനും ഒരു മാറ്റവും ഇല്ല. ഉള്ളിവൈദ്യൻ തന്റെ കടയ്ക്കുള്ളിൽ ഇരുന്ന് അച്ചാറുകൾ തയാറാക്കുന്നു. എല്ലാം പതിവ് പോലെ. ഇന്നലെ വൈകുന്നേരം താൻ വീട്ടിലേയ്ക്ക് നടന്നു പോകുമ്പോൾ റോഡിൽ കണ്ട കറുത്ത നായ പോലും പതിവ് സഞ്ചാരം കഴിഞ്ഞ് അവിടെത്തന്നെ തിരികെ വന്നു ചുരുണ്ടു കൂടിയിരിക്കുന്നു. താൻ പക്ഷെ എങ്ങോട്ട് പോകാനിറങ്ങിയതാണ്. എത്ര ചിന്തിച്ചിട്ടും ഷിഹാബിന് മനസ്സിലാകുന്നില്ല. ആരോ വന്നു പലതും ചോദിക്കുന്നുണ്ട്. ഉത്തരം പറയണമെന്നുണ്ട്. എന്നാൽ വാക്കുകൾ വഴങ്ങുന്നില്ല. ആരോ നാവിൽ വലിയൊരു കൊളുത്ത് ഇട്ടത് പോലെ.

ഷിഹാബിന്റെ വെളുത്ത വസ്ത്രങ്ങൾ ക്രമേണ അഴുക്കു പിടിച്ചതാകുന്നത് ഗ്രാമത്തിലുള്ളവർ കണ്ടു. അവർക്ക് ഒന്നും ചെയ്യാനായില്ല. അവർ ആദ്യം മൂക്കിൽ കൈവെച്ചു സഹതപിച്ചു. അവനെ സഹായിക്കണമെന്നുണ്ടായിരുന്നു പലർക്കും. പക്ഷെ വ്യഥയും വ്യാധിയും എന്തെന്ന് തിരിച്ചറിയാതെ എന്ത് സഹായിക്കാൻ. മോഹനന്റെ വീട്ടുകാരെപ്പോലെ തന്നെ ഷിഹാബിന്റെയും വീട്ടുകാർ ദുഖിച്ചു. എന്നാൽ ഷിഹാബിനു ദുഃഖം ഇല്ലായിരുന്നു. അവൻ ദുഃഖത്തിനും ആഹ്ളാദത്തിനും ഒക്കെ അതീതമായ ഒരിടത്തായിരുന്നു. എത്ര നടന്നാലും മുന്നോട്ടു പോകാത്ത ഒരിടം. അവിടെ ലോകം വന്നു നിറയുന്നത് അവൻ കണ്ടു. ആരോടാണ് ഒന്ന് പറയുക. തനിയ്ക്ക് പോകേണ്ട ഇടമെല്ലാം തന്റെ തൊട്ടു മുന്നിൽത്തന്നെയുണ്ടെന്ന്. താൻ റോഡിനു മധ്യത്ത് നിശ്ചലമായി നിൽക്കുന്നത് തനിയ്ക്ക് പോകേണ്ടിടത്ത് താൻ എത്തിച്ചേർന്നത് കൊണ്ടാണെന്ന്. വല്ലപ്പോഴും ഒരിക്കൽ അവൻ ആരുടെയെങ്കിലും വീട്ടിൽ കയറിച്ചെന്നു. അവർ ഭയന്നില്ല. പക്ഷെ അവർ വാതിലടച്ചു. അവനൊന്നും തോന്നിയില്ല. കാരണം അവൻ ഇരുന്നത് അവൻ ഇരിക്കേണ്ടിടത്ത് തന്നെയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഷിഹാബിനെ കാണാതാകുന്നു. വക്കത്ത്, പടിഞ്ഞാറോട്ടു നീളുന്ന റോഡിൽ ഒരു അസാന്നിധ്യം. അത് അവന്റേതാണ്. എല്ലാവരും അവനെ മറക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവൻ എവിടേയ്ക്ക് പോയെന്ന ചോദ്യം ആരെയും അവനെ മറക്കാൻ അനുവദിക്കുന്നില്ല.



അയാൾ എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. അതിനാൽ ഇടവഴിയെ നടക്കുന്ന കുട്ടികൾ വളരെ കരുതലോടെ നടന്നു. മൊത്തം തുറന്നിട്ട ഉടുപ്പും, മെലിഞ്ഞ കാലുകൾ പുറത്തു കാട്ടിക്കൊണ്ടു പൊക്കിയുടുത്ത മുഷിഞ്ഞ കൈലിയുമായി ചുരുണ്ട മുടിയിൽ നിറയെ എന്ന തേച്ച് വിടർന്ന തുറു കണ്ണുകൾ ഉരുട്ടി അയാൾ ഇടവഴിയിലെ ചന്തമുക്കിലും ഒക്കെ ചിരിച്ചു നിന്നു. ശൂന്യതയെ വെല്ലുവിളിച്ചു കൊണ്ട് അയാൾ തന്റെ ചുണ്ടിലെ ബീഡി കത്തിച്ചു. ആരെയും അയാൾക്ക് ഉപദ്രവിക്കണം എന്നുണ്ടായിരുന്നില്ല. എന്നാൽ എല്ലാവരും അയാളാൽ ഉപദ്രവിക്കപ്പെടും എന്ന് കരുതി. അതിനാൽ എല്ലാവരും അയാളെ ഒഴിവാക്കി. കഞ്ചാവ് പുകയുടെ അലകൾ ഉള്ളിലേയ്ക്ക് കടന്നു ചെല്ലുമ്പോൾ അയാൾക്ക് എല്ലാവരോടും അടക്കാനാവാത്ത സ്നേഹമാണ്. അയാളുടെ സ്നേഹമാണ് ഉണ്ടക്കണ്ണുകളിലെ തിളക്കമായി പ്രത്യക്ഷപ്പെടുന്നത്. അയാൾ പാടുന്ന അവ്യക്തമായ പാട്ടുകൾ അയാൾക്ക് ലോകത്തോടുള്ള സ്നേഹപ്രകടനമാണ്. അയാൾ ശശി; കഞ്ചാവ് ശശി. അയാളെ ആർക്കും മനസ്സിലാകുന്നില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അയാൾക്ക് പോലും മനസ്സിലാകുന്നില്ല.

കഞ്ചാവ് ശശിയ്ക്ക് അച്ഛനും അമ്മയും ഇട്ട പേരിൽ കഞ്ചാവ് എന്ന വിശേഷണം ഉണ്ടായിരുന്നില്ല. അത് പിൽക്കാലത്ത് ആയാൽ സ്വീകരിച്ച പേരും അല്ല. ആളുകൾ അയാൾ വലിക്കുന്നത് കഞ്ചാവാണ് എന്ന് അറിഞ്ഞപ്പോൾ തങ്ങൾ വലിക്കുന്ന ബീഡിയിലും സിഗററ്റിലും നിന്ന് വ്യത്യസ്തമായ ഒന്നാണ് അയാൾ വലിക്കുന്നതെന്ന് പറയാൻ വേണ്ടി അയാളെ അങ്ങനെ വിളിച്ചതാണ്. അല്ലെങ്കിൽ ഗ്രാമത്തിലുള്ള മാന്യരായ അനേകം ശശിമാരിൽ നിന്ന് അയാളെ വേർതിരിച്ചു കാട്ടാൻ. ശശിയുടെ വീട് പുലിവിളാകത്തിനടുത്തുള്ള കാവിനു തൊട്ടടുത്തായിരുന്നു. ഓലമേഞ്ഞ ഒരു ചെറിയ വീട്. അവിടെ ദുഃഖിതയായ ഒരു സ്ത്രീയുണ്ടായിരുന്നു; അത് ശശിയുടെ ഭാര്യയായിരുന്നു. അയാൾക്ക് മൂന്നോ നാലോ മക്കളുണ്ടായിരുന്നു. ആണ്മക്കൾക്ക് നല്ല ജീവിതം വേണമെന്നുണ്ടായിരുന്നു. പക്ഷെ കഞ്ചാവ് ശശിയുടെ മക്കൾ എന്ന നിലയിലാണ് അവർ കാണപ്പെട്ടത്. സാമൂഹിക മൂലധനം അവർക്ക് ഉപയോഗിക്കാൻ പോന്നതായിരുന്നില്ല. സൈനികനായിരുന്നു ശശി എന്ന് കേട്ടിരുന്നു. കഞ്ചാവ് വലിക്കുമ്പോൾ അയാൾക്ക് ദേശഭക്തിയുണ്ടായത് കൊണ്ടാകണം മറ്റാർക്കും ഉള്ളതിനേക്കാൾ നാടിനോട് അയാൾക്ക് സ്നേഹം ഉണ്ടായത്. അതിനാലാകണം അയാൾ എല്ലാം ശരിയല്ലേ എന്നന്വേഷിക്കാൻ ഇടവഴികൾ തോറും കറങ്ങി നടന്നത്. അയാൾ കവിത എഴുതിയില്ല; എഴുതിയിരുന്നെങ്കിൽ തികച്ചും വ്യത്യസ്തമായ കവിതകൾ അയാളുടേതായി വന്നേനെ.



ശ്രീ നാരായണ ഗുരുവിന്റെ ചിത്രം കണ്ടിട്ടുള്ളവരെല്ലാം, തോപ്പിക്കവിളാകം റെയിൽവേ ഗേറ്റിന്റെ അപ്പുറത്ത് ഒരു വടിയും ഒറ്റവസ്ത്രവുമായി കിഴക്കുദിക്കുന്ന സൂര്യനെ നോക്കി സംസാരിക്കുന്ന വൃദ്ധൻ നാരായണ ഗുരുവിന്റെ ആരെങ്കിലുമാണോ അതോ വക്കത്തുകാരുടെ കരുണയെ പരിശോധിക്കാൻ ഗുരു തന്നെ അല്പം വേഷം മാറി വന്നു നിൽക്കുകയാണോ എന്ന് തോന്നുമായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു സാമ്യം. നല്ല ഉയരം. നരച്ച കുറ്റിരോമങ്ങൾ വളർന്ന താടിയും തലയും. വിടർന്ന ചിരി. അത് അനുകമ്പ കൊണ്ടാണോ ഉള്ളിലെ അഗാധമായ വേദനയെ മറയ്ക്കാൻ വേണ്ടിയാണോ എന്ന് ആർക്കും അറിയില്ലായിരുന്നു. ഉദിച്ചുയരുന്ന സൂര്യനോടായിരുന്നു അയാൾ സംസാരിച്ചിരുന്നത്. വക്കത്ത് സംസാരിക്കാൻ കൊള്ളാവുന്ന ഒരൊറ്റയെണ്ണം ഇല്ലെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാകാം. അയാളോടുള്ള പക തീർക്കാനാകണം അയാളെ വക്കം ഒറ്റക്കെട്ടായി 'കള്ളക്കോവാലൻ' എന്ന് വിളിച്ചത്.


കള്ളക്കോവാലനെ എല്ലാവര്ക്കും പേടിയായിരുന്നു. കുട്ടികൾക്ക് പ്രത്യേകിച്ചും. കൈയിലിരിക്കുന്ന വടി  വീശി അയാൾ അടിക്കും എന്ന് അവർ ഭയന്നിരുന്നു. കുട്ടികൾക്ക് എല്ലാത്തിനെയും ഭയമായിരുന്നു. അതിനാൽ പൊതുവെ അവർ കൂട്ടം ചേർന്നാണ് നടന്നിരുന്നത്. കള്ളക്കോവാലനെ വഴിയിൽ കണ്ടാൽ കുട്ടികൾ ഉറുമ്പുകൾ പോലെ കൂട്ടം കൂടാൻ തുടങ്ങും. അയാൾ അവരെ നോക്കും. നിസംഗമായ ചിരി ചിരിക്കും. തൊപ്പിക്കവിളകത്തിനും സൊസൈറ്റി മൂക്കിനും ഇടയിലായിരുന്നു അയാൾ നടന്നിരുന്നത്. ചിലപ്പോൾ ചന്തമുക്കിൽ വന്നേക്കും. അയാൾ ഭക്ഷണം കഴിക്കുന്നത് ആരും കണ്ടിട്ടില്ല. അയാൾ എവിടെ ഉറങ്ങി എന്ന് ആർക്കും അറിയില്ല. വക്കത്തെ ഏതോ നല്ല വീട്ടിലെ അംഗമാണെന്നു പറഞ്ഞു കേട്ടിരുന്നു. റോഡിൽ നിന്ന് സൂര്യനോട് സംസാരിച്ചു സംസാരിച്ചു ഒരു ദിവസം അയാൾ സൂര്യനോടൊപ്പം ചെന്ന് അജ്ഞേയതയിൽ അസ്തമിച്ചു. പിന്നെ നാട് അയാളെപ്പേടിക്കാതെ സ്വതന്ത്രമായി നടന്നോ? അയാളുടെ അസ്സാന്നിധ്യത്തെയായിരുന്നു പിന്നെ നാട്ടുകാർ പേടിച്ചതെന്നു തോന്നുന്നു. കള്ളക്കോവാലനില്ലാത്ത റോഡ്, അയാളുടെ സൂര്യഭാഷണം കേൾക്കാത്ത നാട്. അസ്സാന്നിദ്ധ്യം മാറാൻ കാലമേറെയെടുത്തു.



ശാന്തയും മോഹനനും കള്ളക്കോവാലനുമെല്ലാം പടിഞ്ഞാറു നിന്ന് കിഴക്കോട്ടു നോക്കിയാണ് നടന്നതെങ്കിൽ കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടന്ന മറ്റൊരാൾ ഉണ്ടായിരുന്നു വക്കത്ത്. അവിചാരിതാമായാണ് അയാൾ അവിടെ വന്നത്. മുൻപെങ്ങും കാണാതെ, സൂര്യനിൽ നിന്ന് കടപൊട്ടിയ ഒരു രശ്മി പോലെയല്ല, വേരുകൾ പറിച്ചു കളഞ്ഞു സ്വയം തെരുവിലൂടെ ഇറങ്ങി നടന്ന ഒരു വൃക്ഷം പോലെയായിരുന്നു അയാൾ. ആജാനബാഹു. കണങ്കാലോളം എത്തുന്ന പാന്റ്സ്. ചാർളി ചാപ്ലിന്റേതു പോലെ ഷൂസുകൾ. അയഞ്ഞ ഒരു അരക്കയ്യൻ ഷർട്ട്. വലിയ പൊക്കമുള്ള ആളായതിനാൽ ഭൂമിയിലുള്ളവരോട് സംസാരിക്കാനായി കുനിഞ്ഞു കുനിഞ്ഞെന്നോണം അയാളുടെ തോളുകൾ കുനിഞ്ഞു പോയിരിക്കുന്നു. കയ്യിലൊരു സൂട്ട്കേസുണ്ട്. പക്ഷെ അതുണ്ടാക്കിയിരിക്കുന്നത് തുകൽ കൊണ്ടായിരുന്നില്ല. അത് ഒരു ഇരുമ്പ് തൊട്ടിയായിരുന്നു; കിണറ്റിൽ വെള്ളം കോരാൻ ഉപയോഗിക്കുന്ന താരത്തിലുള്ളത്. അയാൾ അതും കൊണ്ട് വക്കത്തേയ്ക്ക് ഇറങ്ങി വന്നു. കുഞ്ഞിരാമൻ എന്നായിരുന്നു അയാളുടെ പേര്.

മഹദ് ജന്മങ്ങളുടെ വരവറിയിക്കാൻ ചില പ്രവാചകന്മാർ മുൻപേ വരാറുണ്ട്. അവർ വഴിയൊരുക്കാനാണ് വരുന്നത്. പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യതയില്ല എന്നവർ മനുഷ്യരോട് പറയും. കുഞ്ഞിരാമന്റെ വരവറിയിക്കാൻ എന്നോണം ചില പ്രവാചകസാന്നിധ്യങ്ങൾ വക്കത്തുണ്ടായി. രണ്ടു കുതിരകൾ. വണ്ടിയിലൊക്കെ കെട്ടുന്ന തരത്തിലുള്ള ആരോഗ്യമില്ലാത്ത രണ്ടു കുതിരകൾ. അവർ നിലയ്ക്കാമുക്ക് ഇറക്കം ഇറങ്ങി വന്നു. സാധാരണ വക്കത്ത് കുതിരകൾ വരാറുണ്ട്. അത് ദൈവപ്പുരയിലെ പടമഹോത്സവത്തിനാണ്. കേരളത്തിൽ പടമഹോത്സവം നടക്കുന്ന ഒരേ ഒരു ക്ഷേത്രമാണ് ദൈവപ്പുര ഉലകുടയപെരുമാളിന്റെ ക്ഷേത്രം. ധീരനായ പടനായകനായിരുന്നു ദൈവം. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായാണ് പട നടത്തുന്നത്. കാലാൾപ്പട, കുതിരപ്പട, പിന്നെ ചൂട്ടു കെട്ടിപ്പട. ആന കയറാത്ത ക്ഷേത്രമാണത്. രാപ്പടയും പകൽപ്പടയും ഉണ്ട്. ജനങ്ങൾ കാത്തിരിക്കുമായിരുന്നു ഉത്സവം. അന്ന് തമിഴ് നാട്ടിൽ നിന്ന് ഒരുവിധം ആരോഗ്യമുള്ള കുതിരകളെ കൊണ്ട് വരും. അതിന്റെ മേൽ നേർച്ചയുള്ള ചെറുപ്പക്കാർ രജപുത്ര വേഷം ധരിച്ചു കൂളിംഗ് ഗ്ലാസും വെച്ച് ഇരിക്കും. ഉലകുടയപ്പെരുമാളിന്റെ കാലത്ത് കൂളിംഗ് ഗ്ളാസ് ഉണ്ടായിരുന്നോ എന്ന് ചോദിക്കരുത്. കഥയിൽ ചോദ്യമില്ല. ഒരു സ്റ്റൈലിനാണെന്ന് കരുതിയാൽ മതി.



രണ്ടു കുതിരകൾ ഒരു കാരണവുമില്ലാതെ വക്കത്ത് തെരുവുകളിൽ അലയുകയും കണ്ണിൽക്കണ്ടതൊക്കെ കടിച്ചു പറിച്ചു തിന്നുകയും ചെയ്തപ്പോൾ ആളുകൾ കലണ്ടർ നോക്കി. ഇത്തവണ ദൈവപ്പുരയിൽ പടയുണ്ടോ? ഉണ്ടെങ്കിൽത്തന്നെ വരാൻ സമയമായോ? അടുത്തെങ്ങാനും സർക്കസുകാർ വന്നിട്ടുണ്ടോ? ആരാണ് കുതിരകളെ ഇവിടെ കൊണ്ട് വിട്ടത്? അവർ പരസ്പരം ചോദിച്ചു.  പട്ടികൾ, പശുക്കൾ, ആടുകൾ, എരുമകൾ, കാളകൾ ഒക്കെയാണ് വക്കത്തെ അംഗീകൃത മൃഗങ്ങൾ. കൂടിപ്പോയാൽ ഏതെങ്കിലും ഒരു വീട്ടിൽ ഒരു കുരങ്ങൻ ഉണ്ടാകും. ചിലർ പ്രാവുകളെ വളർത്തുന്നുണ്ടാകും. ഏറ്റവും വിചിത്രമായ ജീവിയെ വക്കത്തുകാർ കണ്ടിട്ടുണ്ടെങ്കിലും അത് വാങ്കോഴി എന്നറിയപ്പെടുന്ന ടർക്കി കോഴികൾ ആണ്. അങ്ങനെ പരിമിതമായ പക്ഷിമൃഗങ്ങൾ ഉള്ള ഒരു ഗ്രാമത്തിലാണ് കുതിരകൾ വന്നിറങ്ങിയിരിക്കുന്നത്. ആളുകൾക്ക് ആശയക്കുഴപ്പമായി. അപ്പോഴതാ കാര്യങ്ങൾക്ക് ഒരു തെളിമയുണ്ടാകുന്നു. കുഞ്ഞിരാമൻ എന്ന വ്യക്തിയുടേതാണ് കുതിരകൾ.

കുഞ്ഞിരാമൻ മുതലാളി എന്നാണ് വിളിക്കേണ്ടത് കാരണം കുഞ്ഞിരാമൻ സിംഗപ്പൂരിൽ നിന്ന് ഒരുപാട് പണവുമായി നാട്ടിൽ തിരികെ എത്തിയ ആളാണ്. കടയ്ക്കാവൂർ സ്വദേശി എന്നാണ് അറിഞ്ഞത്. എന്തെങ്കിലും നാടിനു വേണ്ടി ചെയ്യണം എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം. നോക്കിയപ്പോൾ പക്ഷി-മൃഗങ്ങളുടെ കാര്യത്തിൽ യാതൊരു വിധ മുന്നേറ്റവും ഇല്ലാത്ത നാടാണ് ചുറ്റും. അങ്ങനെയെങ്കിൽ പണം മുടക്കി രണ്ടു കുതിരകളെത്തന്നെ വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. തീരുമാനിച്ചത് പ്രകാരം രണ്ടു കുതിരകളെ വാങ്ങി ജനങ്ങളുടെ ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കുകയായിരുന്നു. തത്കാലം ജനങ്ങൾക്ക് കുതിരകളിൽ കയറി എങ്ങും പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വടക്കൻപാട്ട് സിനിമകൾ വരുമ്പോഴോ ജയന്റെ സിനിമകൾ വരുമ്പോഴോ ആണ് നാട്ടുകാരിൽ ചില പിള്ളേർക്ക് കുതിരപ്പുറത്ത് കയറിയാൽ കൊള്ളാമെന്നു തോന്നുന്നത്. എന്നാൽ കുതിരകൾ അങ്ങനെ വഴങ്ങുന്ന കൂട്ടത്തിലുമല്ല. ക്രമേണ കുതിരകൾ വക്കത്തിന്റെ ഒരു ഭാഗമായി മാറി; ചില ഗൂർഖകളെപ്പോലെ. അവർ അവിടെ ഉണ്ട് പക്ഷെ ആരും അവരെ മൈൻഡ് ചെയ്യാറില്ല. അവരും ആരെയും മൈൻഡ് ചെയ്യാതായി. കുതിരക്കുഞ്ഞൻ മുതലാളി രാവിലെ ഷട്ടിലിൽ കൊല്ലത്ത് പോകും; ഒപ്പം തന്റെ ഇരുമ്പു തൊട്ടിയും ഉണ്ടാകും. ഊണ് ഉച്ചയ്ക്ക് കഴിച്ച ശേഷം അടുത്ത ട്രെയിനിൽ തിരുവനന്തപുരത്ത് പോകും. ചായ അവിടന്ന് കുടിക്കും. പിന്നെ അടുത്ത ട്രെയിനിൽ കടയ്ക്കാവൂർ വന്നിറങ്ങും. ഒന്നിടവിട്ട ദിവസങ്ങളിൽ കുതിരകളെ കാണാൻ വക്കത്ത് വരും. ക്രമേണ കുതിരകളും കുഞ്ഞിരാമൻ മുതലാളിയും ഗ്രാമത്തിൽ നിന്ന് അപ്രത്യക്ഷമായി.



വക്കത്തുകാർ വക്കത്തെ കണ്ടിട്ടുള്ളത് കൺ നിരപ്പിലാണ്. രണ്ടു നിലവീടുകളിൽ കയറി നിൽക്കുന്നവർക്ക് കുറേക്കൂടി മുകളിൽ നിന്ന് കാണാം. എന്നാൽ വക്കത്തെ ഒരു പക്ഷിയുടെ കാഴ്ചപ്പാടിൽ നിന്ന് കാണുന്നത് വക്കത്തെ തെങ്ങുകയറ്റക്കാർ ആയിരുന്നു. തണ്ടാന്മാർ എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. പണിക്കന്മാർ  എന്നും പറയും. എന്നാൽ ജാതി ഒരു വിഷയം ആയിരുന്നില്ല. അവർക്കൊക്കെഏതു വീട്ടിലും കയറിച്ചെല്ലാം. എല്ലാ വിശേഷാവസരങ്ങളിലും അവർക്ക് ക്ഷണം ലഭിക്കും. അതിനാൽ അവരെ മാറ്റിനിറുത്തിക്കൊണ്ടുള്ള ജീവിതം വക്കത്തിന് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. ശങ്കരസ്വാമി ആയിരുന്നു വക്കത്തെ പ്രധാന തണ്ടാൻ. അദ്ദേഹം വളരെ വർഷങ്ങൾ തെങ്ങുകയറ്റം ചെയ്തശേഷം പുത്തൻ നടയിലെ ഒരു വെളിയിലെ പൂജാരിയായി. അകത്തെ പൂജാരിക്ക് വേണ്ട സഹായം ചെയ്യുക ക്ഷേത്രാവശ്യങ്ങൾക്ക് വേണ്ടി മാത്രം കുരുത്തോലയോ കരിക്കോ കൊണ്ട് വരിക എന്നതായിരുന്നു ശങ്കര സ്വാമിയുടെ ചുമതല. എല്ലാവരും ശങ്കര സ്വാമി എന്ന് തന്നെ അദ്ദേഹത്തെ വിളിച്ചു. അഗാധമായ ശിവഭക്തി ഉണ്ടായിരുന്ന മനുഷ്യന് ചട്ടമ്പിസ്വാമിയെപ്പോലെ നീണ്ട താടി ഉണ്ടായിരുന്നു. തീപറക്കുന്ന കണ്ണുകൾ ഉണ്ടായിരുന്നെങ്കിലും അത് കൊണ്ട് അദ്ദേഹം നോക്കിയത് കുട്ടികളെ മാത്രം ആയിരുന്നു. ശങ്കര സ്വാമി പരിസരത്തുണ്ടെങ്കിൽ കുട്ടികൾ അടുക്കില്ല. എങ്കിലും ദീപാരാധന സമയമാകുമ്പോഴേയ്ക്കും ശങ്കര സ്വാമി കുട്ടികളോട് വാത്സല്യം കാട്ടിയിരുന്നു.

കേശവൻ പണിക്കന്റെ മരണശേഷമാണ് അയാളുടെ മക്കളായ സഹദേവൻ പണിക്കനും തുളസി അണ്ണനും വക്കത്തെ പ്രധാനപ്പെട്ട തണ്ടാന്മാർ ആകുന്നത്. സഹദേവൻ പണിക്കന്റെ മകൻ മണികണ്ഠൻ ആണ് ഇപ്പോഴത്തെ വക്കത്തെ ഏറ്റവും പ്രധാനപ്പെട്ട തണ്ടാൻ. അവനു സിക്സ് പാക്കുള്ള വയറുണ്ട്. അവൻ തെങ്ങിൽ കയറാൻ വരുമ്പോൾ ജിമ്മിൽ പോകുന്ന പയ്യന്മാർ മുറിയിൽ നിന്ന് പുറത്തിറങ്ങില്ല; അവർക്ക് ഈഗോ അടിക്കും. സദാനന്ദൻ പണിക്കൻ അഥവാ കൊച്ചു പണിക്കനാണ് ഏറ്റവും സൗമ്യനായ തണ്ടാൻ. അയാൾക്ക് കുട്ടികളോട് വലിയ വാത്സല്യമായിരുന്നു. ശിവരാമൻ പണിക്കനായിരുന്നു വക്കത്തെ ഏറ്റവും മിടുക്കനായ തണ്ടാൻ. അയാളുടെ മകൻ ബാബുവും ചെറുപ്പത്തിലേ തെങ്ങുകയറ്റം തുടങ്ങി. വാണിക്കുടിയുടെ തൊട്ടുപിന്നിലായിരുന്നു അവരുടെ വീട്. എന്നാൽ അവിചാരിതമായുണ്ടായ ഒരു ദുരന്തം വീടിനെ തളർത്തിക്കളഞ്ഞു. ബാബു ഒരു ദിവസം തെങ്ങിൽ നിന്ന് വീണു. തെങ്ങു ചതിക്കില്ലെന്നാണ് പറയുന്നത്. പക്ഷെ അത് സംഭവിച്ചു. ഗ്രാമം വളരെ ദുഃഖിച്ച ഒരു ദിവസമായിരുന്നു അത്.



ഡോക്ടർ ശശീന്ദ്രബാബുവിനെ വക്കത്തുകാർക്ക് മറക്കാൻ കഴിയാത്തത് ഒരു സംഭവം കൊണ്ടുകൂടിയാണ്. ശശീന്ദ്ര ബാബു വക്കത്ത് വന്നു താമസിക്കുകയായിരുന്നു. ഒരു സൈക്കിളിൽ സഞ്ചരിക്കുന്ന വെളുത്ത സുമുഖനായ ഡോക്ടർ. കനത്ത മീശ, നിറഞ്ഞ മുടി, സൗമ്യമായ പെരുമാറ്റം. ജീവധാര എന്ന പേരിൽ അദ്ദേഹം ഒരു ആശുപത്രി തുടങ്ങി. അടിവാരത്തേയ്ക്ക് പോകുന്ന ഇടവഴിയിൽ പുരയിടം വാങ്ങി അവിടെ രണ്ടു വാർഡുകൾ കെട്ടി ആശുപത്രി പച്ച പിടിച്ചു. വക്കത്ത് ആദ്യമായി ഒരു മാരുതി 800 വന്നത് ശശീന്ദ്ര ബാബുവിന്റെ പക്കലായിരുന്നു. കാർ ആദ്യബാച്ച് മാരുതി കാറുകളിൽ ഒന്നായിരുന്നു. ചുവന്ന നിറം. എങ്കിലും സൈക്കിൾ അദ്ദേഹം ഉപേക്ഷിച്ചില്ല. മകനെ മുന്നിലിരുത്തി സൈക്കിൾ ചവുട്ടിപ്പോകുന്ന ഡോക്ടർ വക്കത്തുകാർക്ക് ഏറെ പ്രിയങ്കരനായി. പക്ഷെ അദ്ദേഹം ഒരിക്കലും വക്കത്തുകാരനായില്ല. ബാബു തെങ്ങിൽ നിന്ന് വീണ് പല ചികിത്സകളും കഴിഞ്ഞ ശേഷം തണ്ടെല്ലൊടിഞ്ഞ ചെറുപ്പക്കാരനെ ശിവരാമൻ പണിക്കനും ഭാര്യയും ജീവധാരയിൽ കൊണ്ട് വന്നു. വര്ഷങ്ങളോളം യുവാവ് അവിടെ കിടന്നു. അയാളെ ശശീന്ദ്രബാബു ഡോക്ടർ സൗജന്യമായി ചികിൽസിച്ചു. അയാളുടെ അമ്മയ്ക്ക് അവിടെ ജോലി നൽകി. ഒടുവിൽ ബാബു അവിടെ കിടന്നു മരിച്ചു. ജീവധാര ഒരു പക്ഷെ വക്കത്ത് പ്രവർത്തിച്ചത് ബാബുവിനെ ശുശ്രൂഷിക്കാൻ വേണ്ടിയായിരുന്നെന്ന് തോന്നും. അധികം കഴിയാതെ ഡോക്ടർ വക്കം ഉപേക്ഷിച്ചു നഗരത്തിലേക്ക് പോയി.

വക്കത്തെ പല തലങ്ങളിൽ അറിഞ്ഞവരുണ്ട്. അതിൽ ഏറ്റവും ഉയരത്തിൽ നിന്നുള്ള കാഴ്ച കണ്ടവരായിരുന്നു തണ്ടാന്മാർ. അതിനാൽ അവർക്ക് വക്കത്തെക്കുറിച്ചു കൂടുതൽ സത്യങ്ങൾ അറിയാമായിരുന്നു എന്ന് പറയുന്നതിൽ അതിശയോക്തിയുണ്ടാകുമായിരുന്നില്ല. പക്ഷെ വൈദ്യനോടും വക്കീലിനോടും പുരോഹിതനോടും കുമ്പസാരിക്കുന്ന രഹസ്യങ്ങൾ ഒരിക്കലും പുറത്തു പോകില്ലെന്ന് കരുതുന്നത് പോലെ, തണ്ടാൻ കാണുന്ന രഹസ്യങ്ങൾ ഒരിക്കലും പുറത്തു പോകില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. ഒരു തണ്ടാനും ഇന്നേവരെ നാട്ടിൽ ഒരു കുടുംബ കലഹം ഉണ്ടാക്കിയതായോ ആരെയെങ്കിലും കുറ്റം പറഞ്ഞതായോ അറിവില്ല. ഇക്കാലത്ത് തെങ്ങിൽ കയറുന്നവരുടെ എണ്ണം കുറവാണ്. തണ്ടാന്മാരുടെ പുതിയ തലമുറകൽ ഉദ്യോഗങ്ങൾ സ്വീകരിച്ചു ജീവിതത്തിൽ മുന്നേറിക്കഴിഞ്ഞു. ശേഷിക്കുന്നവർ അവരുടെ തൊഴിലിനു അറിഞ്ഞു കൂലി വാങ്ങുന്നു. പക്ഷെ പണ്ടത്തെ തണ്ടാന്മാർക്ക് ഓരോ വീടിന്റെയും ആവശ്യം എന്തെന്നറിയാമായിരുന്നു. എല്ലാ ആചാരങ്ങൾക്കും, പ്രത്യേകിച്ച് മരണാനന്തര ആചാരങ്ങൾക്ക് അവരായിരുന്നു മുന്നിൽ നിന്നത്. ആയുർവേദ വൈദ്യന്മാരുടെ ഉറ്റവരായിരുന്നു അവർ. പച്ചമരുന്നുകൾ തിരിച്ചറിയാവുന്നവരായിരുന്നു തണ്ടാന്മാർ. കാർത്തിക വിളക്കൊരുക്കുമ്പോൾ അവരിലെ കലാകാരൻമാർ പുറത്തു വരും. അയ്യപ്പൻ പാട്ടിൽ മുമ്പന്മാർ. നല്ല താളബോധം. പക്ഷെ പണ്ട് കുടി കെടുത്തിയ കുടുംബങ്ങൾ ആയിരുന്നു അവരുടെത്. ഇന്നത്തെ തലമുറ ശക്തിയായി കുതറി മുഖ്യധാരാജ്ജീവിതത്തിൽ എത്തിക്കഴിഞ്ഞു. അവർ ഗ്രാമത്തെ നിരന്ന കൺനോട്ടത്തിലേ ഇപ്പോൾ കാണുന്നുള്ളൂ.

- ജോണി എം എൽ




Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്