ഒരു ഗ്രാമത്തിന്റെ കഥ 20: 'വട്ട്' രവി സാറും ആർഷജ്യോതിയുടെ സത്യാന്വേഷപരീക്ഷണങ്ങളും
മഹാത്മാ
ഗാന്ധി പറഞ്ഞത് ഗ്രാമങ്ങളിൽ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നു എന്നാണ്. ഗ്രാമസ്വരാജായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഓരോരുത്തരും അവനനവന്റെ പണി ചെയ്ത് കുടുംബത്തെയും സമൂഹത്തെയും പുലർത്തുന്ന സ്വച്ഛന്ദവും സ്വാധികാരവും ഉള്ളതായി ഗ്രാമ യൂണിറ്റുകൾ, അതായിരുന്നു ഗാന്ധിജി വിഭാവനം ചെയ്തത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ സൈദ്ധാന്തിക-പ്രയോഗ ജീവിതങ്ങളിൽ ഒരു മായാക്കളങ്കമായി നിൽക്കുന്ന ഒരു പ്രസ്താവന അദ്ദേഹത്തിന് നടത്തേണ്ടിയും വന്നത്. ചാതുർവർണ്യം നല്ലതായിരുന്നു എന്നാണ് അദ്ദേഹം മേൽപ്പറഞ്ഞ സ്വർഗ്ഗീയമായ ഗ്രാമസ്വരാജിൽ കണ്ടെത്തിയത്. അവിടെ തട്ടാൻ സ്വര്ണപ്പണി ചെയ്യുന്നത് പോലെയും കർഷകൻ കൃഷിപ്പണി ചെയ്യുന്നത് പോലെയും ക്ഷുരകൻ മുടിപ്പണി ചെയ്യുന്നത് പോലെയും മാത്രമേ ക്ഷത്രിയൻ യുദ്ധപ്പണി ചെയ്യുന്നതും ബ്രാഹ്മണൻ ദൈവപ്പണി ചെയ്യുന്നതും പഞ്ചമൻ തോട്ടിപ്പണി ചെയ്യുന്നതും ഉള്ളൂ എന്ന് ഗാന്ധിജി വളരെ വിചിത്രമായി കണ്ടെത്തി. സൂക്ഷ്മതലങ്ങളിൽ നിന്നിരുന്ന ജാതിയിലെ അസമത്വഭാവങ്ങളെയും വർഗ്ഗ-വർണ്ണ-സാമ്പത്തിക-അടിമ-ഉടമ വ്യത്യാസങ്ങളെയും അദ്ദേഹം തന്റെ ഭാവനാശക്തി കൊണ്ട് മാത്രം മായ്ച്ചു കളഞ്ഞു. ഗാന്ധിയുടെ ഗ്രാമങ്ങളിൽ എല്ലാം എല്ലാവര്ക്കും ഉള്ളതായിരുന്നു. സമ്പൂർണ്ണ സമത്വ സുന്ദര ലോകം.
ഇന്ത്യൻ
ഭരണഘടനയുടെ മുഖ്യശില്പിയായ, ലോകം കണ്ട മർദ്ദിതവർഗ്ഗത്തിന്റെ മുന്നണിപ്പോരാളികളിൽ പ്രധാനിയായ, ആഗോളതലത്തിൽ തന്നെ അതുല്യനായ സാമൂഹിക ചിന്തകനും സാമ്പത്തികകാര്യ തത്വചിന്തകനും ആയ ഡോക്ടർ ബി
ആർ അംബേദ്കർ പക്ഷെ ഗ്രാമങ്ങളെ
നേരെ മറിച്ചാണ് കണ്ടത്. ഗ്രാമജീവിതം ദളിതരെ സംബന്ധിച്ചിടത്തോളം തടവറകളാണെന്നും സാമൂഹികമായ ചലനത്തെ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള സാമൂഹിക ബന്ധങ്ങളും സാമ്പത്തിക-ഉത്പാദന ബന്ധങ്ങളുമാണ് നിലനിന്നിരുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ജാതിവിവേചനത്തിന്റെ രൂക്ഷത മുഴുവൻ കാണണമെങ്കിൽ ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് നോക്കിയാൽ മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജി ആദർശവാദിയും ചിലകാര്യങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതിൽ വിദഗ്ദനുമായിരുന്നു. ഉള്ളാൾ തികഞ്ഞ പ്രയോഗികവാദിയായി കാണപ്പെട്ടിരുന്ന ഡോക്ടർ അംബേദ്കർ ആകട്ടെ വലിയൊരു
കാല്പനികൻ കൂടെയായിരുന്നു. എല്ലാ പ്രതിസന്ധികളെയും മറികടന്നു കൊണ്ട് അദ്ദേഹം ദളിതരും മനുഷ്യരായി പരിഗണിക്കപ്പെടുന്ന ലോകത്തെ സ്വപ്നം കണ്ടു. അതിനാൽ ദളിതരോട് അദ്ദേഹം ഗ്രാമങ്ങൾ ഉപേക്ഷിച്ചു നഗരങ്ങളിലേക്ക് പോകാൻ ആവശ്യപ്പെട്ടു. സാമൂഹികമായ ചലനവും സാമ്പത്തിക-ഉത്പാദനബന്ധങ്ങളിൽ കൂടുതൽ പങ്കാളിത്തവും അവിടെ സാധ്യമായിരുന്നു. ഒരു പരിധി വരെ നഗരങ്ങളിൽ ജാതിയെ അദൃശ്യവൽക്കരിക്കാമായിരുന്നു
എന്ന് അദ്ദേഹം കരുതി.
'നാട്യപ്രധാനം
നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം' എന്ന കവിവാക്യം ഗാന്ധിജിയുടെ വീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്. എന്നാൽ അനുഭവങ്ങളിൽ നിന്ന് എല്ലാവരും മനസ്സിലാക്കുന്നത് ഗ്രാമങ്ങൾ പല തലങ്ങളിൽ തടവറകളും
ആചാരങ്ങളുടെയും പാരമ്പര്യവാദങ്ങളുടെയും അരങ്ങുകളും ആണെന്നാണ്. പുരോഗമന ചിന്തകൾ കടന്നു വന്നിട്ടുള്ള ഗ്രാമങ്ങളിൽ നിന്ന് ജാതിയും വിവേചനവും ആചാരവും ഒക്കെ പതുക്കെ കാഴ്ചവട്ടത്തിൽ നിന്ന് പിന്മാറി. സ്വാതന്ത്ര്യാനന്തര വർഷങ്ങളിൽ ജാതി വിവേചനങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനു പകരം ജാതിയെത്തന്നെ അദൃശ്യമാക്കുന്ന ഒരു നയപരിപാടിയാണ് സർക്കാരും ജനങ്ങളും എടുത്തത്. ജാതി എന്നത് സർട്ടിഫിക്കറ്റുകളിലേയ്ക്കും
സംവരണപരിപാടികളിലേയ്ക്കും
മാത്രം ഉള്ളതാണെന്ന് വ്യാജബോധ നിർമ്മിതി സമൂഹത്തിൽ ഉണ്ടായി. പക്ഷെ അതൊന്നും ഇങ്ങോട്ടും പോയില്ല എന്ന് മാത്രമല്ല നിന്നേടത്ത് തന്നെ ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകൾ നമുക്ക് ഇന്ന് എമ്പാടും കാണാൻ കഴിയും; അത് വിവാഹ കാര്യങ്ങളിൽ ആയിരുന്നാലും ആചാരസംരക്ഷണത്തിന്റെ കാര്യത്തിലായാലും സംവരണത്തെക്കുറിച്ചു പൊതു സമൂഹം എടുക്കുന്ന നിലപാടുകളുടെ കാര്യത്തിൽ ആയാലും.
ജീവിതത്തിന്റെ
ഇടം തെരഞ്ഞെടുക്കുന്നതിൽ ഗാന്ധിജിയോ ശരി അംബേദ്കറോ ശരി എന്ന് ചോദിച്ചാൽ രണ്ടുപേരുടെയും ശരിതെറ്റുകൾ തൂക്കിനോക്കി നമുക്ക് ആശയക്കുഴപ്പം ഉണ്ടാകും. അതിനാൽ നമുക്ക് വക്കം എന്ന ഗ്രാമത്തിലേക്ക് ശ്രദ്ധ തിരിക്കുക. വക്കം എന്ന ഗ്രാമം പൊതുവെ ഇതര പിന്നോക്ക വിഭാഗങ്ങൾ എന്ന് പറയാവുന്ന സമുദായങ്ങളുടെ ഭൂരിപക്ഷം ഉള്ള ഒരു ഗ്രാമമാണ്. മുസ്ലീങ്ങളും അത്രപിന്നിലല്ലാതെയുണ്ട്. പട്ടിക ജാതി പട്ടിക വര്ഗങ്ങളിലുള്ളവർ അഥവാ ദളിതർ ചെറിയൊരു ശതമാനം ഉണ്ടായിരുന്നു. ഏകദേശം ഒരു അറുപത് വർഷങ്ങൾക്കിടയിൽ കഴിവതും ജാതി-മത സ്പർദ്ധകൾ വക്കം
എന്ന ഗ്രാമത്തിൽ ഉണ്ടായിട്ടില്ല. മതമോ ജാതിയോ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ മേൽക്കോയ്മയോ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽത്തന്നെ അത് ആ സമുദായത്തിനുള്ളിൽ മാത്രം ഉള്ള
കാര്യമായി കണക്കാക്കിയിരുന്നു.തൊട്ടുകൂടായ്മയോ തീണ്ടിക്കൂടായ്മയോ ദൃഷ്ടിയിൽ പെട്ടാൽ ദോഷമുണ്ടാകുന്നവരോ ഉണ്ടായിരുന്നില്ല. വിധവകളെ അകറ്റി നിറുത്തിയിരുന്നില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ കാര്യമായി പ്രോത്സാഹിപ്പിച്ചിരുന്നു. ജനങ്ങൾ ആത്മീയകാര്യങ്ങളിൽ നിഷ്കർഷ പുലർത്തിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളെ ആന്തരവൽക്കരിച്ചു കൊണ്ട് വൃത്തിയും വെടിപ്പും സൂക്ഷിച്ചിരുന്നു. ആളുകൾ പരസ്പരം ബഹുമാനിക്കുകയും, ഹിംസ കൂടാതെയുള്ള തർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
ഇതൊക്കെ
കേൾക്കുമ്പോൾ വക്കം ഗാന്ധിജി കണ്ട ഒരു ഉട്ടോപ്യൻ ഗ്രാമം യഥാർത്ഥത്തിൽ കണ്മുന്നിൽ വന്നു നിൽക്കുകയാണോ എന്ന് തോന്നിപ്പോകും. എന്നാൽ ശാന്തമായ ഈ സാമൂഹിക വ്യവസ്ഥയ്ക്ക്
മറ്റൊരു പ്രശ്നം ഉണ്ടായിരുന്നു. തികഞ്ഞ വ്യവസ്ഥാവിധേയത്വം പുലർത്തുന്ന, സാമൂഹികമായ അധികാരി-പൗര ബന്ധങ്ങളെ പിൻപറ്റുന്ന, അദൃശ്യമായ ജാതിബന്ധങ്ങളെ ഒരു പരിധിവരെ രഹസ്യമായി കൊണ്ടാടുന്ന ഒരു സമൂഹമായിരുന്നു ഇത്. ആരെങ്കിലും ഒന്ന് വഴിതെറ്റിയാൽ അവരെ ഒന്നുകിൽ തിരികെ സമൂഹത്തിന്റെ മുഖ്യധാരാ മൂല്യങ്ങളിലേയ്ക്ക് കൊണ്ടുവരാൻ കർശനമായ നീക്കങ്ങൾ എല്ലാഭാഗത്തും ഉണ്ടായിരുന്നു. അല്ലെങ്കിൽ അവരെ നിഷ്കാസനം ചെയ്തിരുന്നു. ചിലരെ ഭ്രാന്തന്മാർ എന്ന് വിളിച്ചും, അപകടകാരികൾ എന്ന് വിളിച്ചും മാറ്റി നിറുത്തിയിരുന്നു. അത്തരം ഒരു സമൂഹത്തിൽ ധീരതയ്ക്കും സ്വാതന്ത്ര്യത്തിനും അർഥം വേറെ ആയിരിക്കും. ധീരത എന്നാൽ തികഞ്ഞ അച്ചടക്കത്തോടെ ജീവിക്കുക എന്നും സ്വാതന്ത്ര്യം എന്നാൽ, സമൂഹത്തിനു മൊത്തത്തിൽ അംഗീകരിക്കാൻ കഴിയുന്നത് മാത്രം ചെയ്യുക എന്നും മനസ്സിലാക്കപ്പെട്ടു. പക്ഷെ ധീരതയുടെയും സ്വാതന്ത്ര്യത്തിന്റെയും അർഥം അതല്ലല്ലോ.
ആരാണ്
ധീരൻ? മറ്റാർക്കും ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ സന്ദർഭോചിതമായി ചെയ്യുന്നവനാണ് ധീരൻ. തീകത്തുന്ന വീട്ടിൽ നിന്ന് ആളുകളെ രക്ഷിക്കുന്നത് ധീരതയാണ് എന്നാൽ ധീരനാണെന്ന് തെളിയിക്കാൻ വേണ്ടി ആരുടെയെങ്കിലും വീടിനു തീയിടാറില്ലല്ലോ. സ്വാതന്ത്ര്യം എന്നാൽ എന്താണ്? സ്വാച്ഛന്ദ്യം തന്നെയാണ്, സ്വാധികാരം തന്നെയാണ് സ്വാതന്ത്ര്യം. പക്ഷെ ഗ്രാമ്യത്തിൽ സ്വാതന്ത്ര്യത്തിനു താന്തോന്നിത്തം എന്ന് പറയും. തനിയ്ക്ക് തോന്നുന്നത് ചെയ്യുന്നവനാണ് താന്തോന്നി. തനിയ്ക്ക് തോന്നുന്നത് ചെയ്യാൻ കഴിയുന്നതിനുള്ള സ്വാതന്ത്ര്യമാണ് ഗാന്ധിജിയും അംബേദ്കറും സ്വപ്നം കണ്ടത്. പക്ഷെ ഗ്രാമജീവിതത്തിൽ ഇതിനെല്ലാം അർഥം മാറി മറിഞ്ഞു കൊണ്ടിരുന്നു. ധീരതയുടെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനപരമായ അർത്ഥത്തിൽ ആരെങ്കിലും ജീവിക്കുന്നുണ്ടെങ്കിൽ അവരെ സമൂഹം അംഗീകരിക്കുമോ? എന്തായാലും വക്കം എന്ന ഗ്രാമം അംഗീകരിക്കുമായിരുന്നില്ല. ഒരുപക്ഷെ ഒരു ഗ്രാമവും അംഗീകരിക്കുമായിരുന്നില്ല. ഇന്ന് ദേശഭക്തിയാണ് ധീരത. സ്വാതന്ത്ര്യം എന്നത് ഏതെങ്കിലും പ്രത്യയശാസ്ത്രത്തോടുള്ള ഭീകരവും ഭീഷണവുമായ വിധേയത്വവും. എന്നാൽ ഇതിനെയൊക്കെ മറികടന്ന് ധീരമായും സ്വതന്ത്രമായും ജീവിച്ച ഒരു മനുഷ്യൻ വക്കത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരാണ് കീഴുവിളാകത്ത് നാരായണൻ രവീന്ദ്രൻ അഥവാ രവി.
ഇങ്ങനെ
പറഞ്ഞാൽ ചിലപ്പോൾ വക്കത്തുകാർക്ക് മനസ്സിലായില്ലെന്ന് വരും. എന്നാൽ വട്ട് രവിയെന്നോ വട്ട് രവി സാറെന്നോ പറഞ്ഞുനോക്കുക. ഇപ്പോൾ ഒരു എഴുപത് എഴുപത്തിയഞ്ച് വയസ്സൊക്കെ ഉള്ളവർ മുതൽ ഒരു നാല്പത് വയസ്സുള്ളവർ വരെ അദ്ദേഹത്തെ ഓർമ്മിക്കും. അദ്ദേഹം ഒരു വ്യക്തിയായിരുന്നില്ല ഒരു നിഷേധ പ്രസ്ഥാനമായിരുന്നു. അദ്ദേഹം ഒരു കഥാപുസ്തകം ആയിരുന്നില്ല മറിച്ച് ഒരു ഇതിഹാസം ആയിരുന്നു. വക്കത്തുകാർ എന്തൊക്കെ മോശം എന്ന് പറഞ്ഞോ അതൊക്കെയും ചെയ്ത ഒരു വ്യക്തി. വക്കത്തുകാർ എന്തൊക്കെ നല്ലത് എന്ന് കരുതിയോ അതിനെയൊക്കെ തന്റെ വിമർശനത്തിന്റെ മൂർച്ചകൊണ്ട് നോവിച്ചു വിട്ടവൻ. മറ്റെല്ലാവരും ചെയ്യുന്നതിന്റെ നേരെ വിപരീതം ചെയ്തവൻ. ഒന്നാലോചിച്ചാൽ വക്കം എൻ രവി എന്ന
രവി സാർ ഇല്ലായിരുന്നെങ്കിൽ വക്കത്തിന്റെ കഥ എത്ര ശുഷ്കമായിപ്പോയേനെ.
നമുക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് ഒരു എത്തിനോട്ടം നടത്താം. അതിനു മുൻപ് അദ്ദേഹത്തിന്റെ ഔർ വാങ്മയ ചിത്രം
അവതരിപ്പിക്കുന്നത് നന്നായിരിക്കും.
കറുത്ത
നിറമുള്ള ഒരു ഹെർക്കുലീസ് സൈക്കിൾ. അതിന് ഒരു കാരിയറും അതിന്റെ അരികിൽ പിടിപ്പിച്ചിരിക്കുന്ന ഒരു പെട്ടിയും ഉണ്ട്. മുൻപിലത്തെ ബാറിൽ ഒരു കുഞ്ഞ് സീറ്റ്. മൂന്നു മക്കളുള്ള അദ്ദേഹം ചിലപ്പോൾ ഏതെങ്കിലും ഒരു കുഞ്ഞിനെ മുൻപിലത്തെ സീറ്റിൽ ഇരുത്തി പലേടത്തും കൊണ്ടുപോകും. അരണ്ട മഞ്ഞ നിറമുള്ള മുണ്ടാണ് ധരിക്കുന്നത്. ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും മുനി നാരായണ പ്രസാദിന്റെയും ഒക്കെ തത്വവിചാരങ്ങൾ പിൻപറ്റുകയും അതിനൊക്കെ തന്റേതായ വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും ചെയ്യുന്ന ഒരു ഗുരു ഭക്തൻ; സഹോദരൻ അയ്യപ്പനെപ്പോലെ. അതിനാലാകണം നേരിയ മഞ്ഞ നിറമുള്ള മുണ്ടും ഷർട്ടും. അതോ എല്ലാവരും വെള്ള മുണ്ടുടുക്കുന്ന നാട്ടിൽ താൻ വെള്ള മുണ്ടുടുക്കില്ലെന്ന വാശിയാണോ? രഹസ്യമായ ഒരു അട്ടിമറിയായിരുന്നു ആ മഞ്ഞ വസ്ത്രം.
സന്ന്യാസിയോളം അത്ര മഞ്ഞയുമല്ല, എന്നാൽ ഗൃഹസ്ഥനോളം അത്ര വെള്ളയുമല്ല. ഇവയ്ക്കിടെയിലുള്ള ആ നിർവചന-നിഷേധാത്മകമായ
ഒരു ഒരിടത്തിൽ അദ്ദേഹം തന്റെ വസ്ത്രത്തെ ഡിസൈൻ ചെയ്തെടുത്തു. നസീറും ഉമ്മറും സത്യനും മധുവും ഒക്കെ ധരിക്കുന്ന ബുഷ് ഷർട്ടുകൾ ആണ് എല്ലാ ആണുങ്ങളും ധരിച്ചിരുന്നത്. ചിലർ ഖാദർ കൊണ്ടുള്ള ജുബ്ബ. ചിലർ അരക്കയ്യൻ ഖാദർ ഷർട്ട്. എന്നാൽ വക്കം രവി തന്റെ ഉടുപ്പ് പ്രത്യേക രീതിയിൽ ഡിസൈൻ ചെയ്തു. അരക്കൈയുള്ള ആ മീഡിയം ലൂസ്
ഷർട്ടിനു രണ്ടു പോക്കറ്റുകൾ ഉണ്ടായിരിക്കും. കരയില്ലാത്ത അരണ്ട മഞ്ഞ മുണ്ട് ആദ്യം മടക്കിയുടുക്കും. എന്നിട്ട് അതിന്റെ മേലാണ് ഷർട്ട് ധരിക്കുന്നത്. അപ്പോൾ ഒരു മിഡി സ്കർട്ട് ധരിച്ചിരിക്കുന്നത് പോലെ തോന്നും. സൈക്കിളിൽ കയറുന്നത് കാൽ മുൻപിലെ ബാറിന് മുകളിലൂടെ എറിഞ്ഞാണ്. വക്കത്ത് ഭൂരിപക്ഷം പേരും സീറ്റിനു പിന്നിലൂടെ കാൽ വീശിയാണ് സൈക്കിളിയിൽ കയറിയിരുന്നത്. കൃത്യമായി എന്നും താടിയും മുടിയും കളഞ്ഞു മുഖം ക്ളീൻ ഷേവ് ആക്കിയിരിക്കും. സൈക്കിളിൽ കയറും മുൻപ് അരണ്ട മഞ്ഞ നിറമുള്ള രണ്ടാം മുണ്ട് തോളിൽ ഇട്ടിരിക്കും.
കീഴുവിളാകം
വീട്ടിൽ നാരായണന്റെയും കുഞ്ചുപിള്ളയുടെയും ഏകസന്താനമായിരുന്നു രവി. നാരായണന് തൊഴിൽ നെയ്ത്താണ്. നെയ്യുന്നത് വീട് പുലർത്താനല്ല. അത് ഒരു ഭാഗിക വരുമാനവും ഭാഗികമായ ഗാന്ധിയൻ പ്രത്യയശാസ്ത്രവും ആയിരുന്നു.വലിയ പുരയിടവും ആസ്തികളും ഒക്കെ ഉണ്ടായിരുന്നതിനാൽ മുതലാളിയുടെ മകൻ ആയിട്ടാണ് വളർന്നു വന്നത്. കുട്ടിക്കാലത്ത് തന്നെ രവി പുല്ലാങ്കുഴൽ വായിക്കാൻ പഠിച്ചു. വീടിന്റെ തൊട്ടെതിർ വശത്ത് ഒരു കാവുണ്ട്. ആ കാവിൽ ചില്ല
ചാഞ്ഞു നിലത്തു മുട്ടി നിൽക്കുന്ന ഒരു കുളമാവുണ്ട് (ബദാം മരം). ആ ചാഞ്ഞ കൊമ്പിൽ
കൗമാരക്കാരനായ രവി കയറിയിരുന്നു പുല്ലാങ്കുഴൽ വായിക്കും. ചുറ്റുവട്ടത്തുള്ള പാമ്പുകൾ ആ കുഴലൂത്ത് കേട്ട്
അവിടെയെത്തും. അത് കാവിൽ തൊഴാൻ വരുന്ന ആളുകൾക്ക് വലിയ അലോസരമുണ്ടാക്കിയെന്നു പറയപ്പെടുന്നു. അവർ ചെന്ന് നാരായണൻ മുതലാളിയോട് പറഞ്ഞു. പക്ഷെ ഫലമുണ്ടായില്ല. രവി തന്റെ പുല്ലാങ്കുഴൽ വാദനം തുടർന്നു. വട്ട് രവി എന്ന പേര് അക്കാലത്തു തന്നെ കിട്ടിയിരിക്കണം. എന്നാൽ അക്കാലത്ത് ആ പയ്യനെ ആളുകൾ
വിളിച്ചിരുന്നത് ഓടക്കുഴൽ രവി എന്നായിരുന്നു. ഓടക്കുഴൽ പോലെ മെലിഞ്ഞിരുന്നത് കൊണ്ടുകൂടിയാകണം ആ പേര് പതിഞ്ഞത്.
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പാലായിലെ ഒരു കോളേജിൽ നിന്ന് ടീച്ചേർസ് ട്രെയിനിങ് കോഴ്സ് പാസാവുകയും കായിക്കര വിളബ്ഭാഗം ആശാൻ മെമ്മോറിയൽ സ്കൂളിൽ ടീച്ചേർസ്
ട്രെയിനിങ് അധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ജോലിയിലും നാരായണഗുരു സിദ്ധാന്തങ്ങളിലും ഒരുപോലെ ശ്രദ്ധ പതിപ്പിച്ച രവി വക്കത്തെയും കായിക്കരയിലെയും പൊതുക്കാര്യങ്ങളിൽ താത്പര്യമെടുക്കാൻ തുടങ്ങി. താത്പര്യം എടുക്കുക എന്നതിനർത്ഥം താത്പര്യമെടുക്കുന്നവരെ വിമർശിക്കുക എന്നതാണ്. ഏതെങ്കിലും ഒരു കമ്മറ്റിയിൽ അംഗമായാൽ ആ കമ്മിറ്റി പോകുന്ന
വഴിയിൽ വരാവുന്ന ദുര്ഘടങ്ങളേക്കുറിച്ചു മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കും. കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷനിൽ ഗവേണിങ് ബോഡി മെമ്പർ ആയിരുന്നു. ആർ പ്രകാശം എന്ന
മുൻ എം എൽ എ
പ്രസിഡന്റും സി വി സുരേന്ദ്രൻ
സാർ സെക്രട്ടറിയുമായിരുന്ന ആശാൻ മെമ്മോറിയൽ കമ്മിറ്റിയിൽ സജീവമായി പ്രവർത്തിക്കുകയും സുരേന്ദ്രൻ സാറിനൊപ്പം ആശാൻ മെമ്മോറിയൽ പരിപാടികൾ കേവലം കായിക്കരയുടേത് മാത്രമല്ല വക്കത്തുകാരുടെ കൂടി ആക്കുകയും ചെയ്തു. രവി സാറും സുരേന്ദ്രൻ സാറുമൊക്കെ സജീവമായി പ്രവർത്തിക്കുന്ന വേളയിലാണ് കേരളത്തിലെ എല്ലാ മികച്ച കവികളും കായിക്കരയിൽ പ്രഭാഷണം ചെയ്യുകയും കവിയരങ്ങിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ളത്. വക്കത്തിനും കായിക്കരയ്ക്കും ഇടയിൽ ഒരു പാലം ഇല്ല; കടത്താണ് ഇപ്പോഴും. എന്നാൽ അദൃശ്യമായ ഒരു പാലമായി വർത്തിച്ചിരുന്നത് രവി സാറും സുരേന്ദ്രൻ സാറുമാണ്.
ഡയോജിനസ്
എന്ന തത്വചിന്തകനെപ്പോലെ ആയിരുന്നു രവി സാർ. ചന്തമുക്കിൽ സൈക്കിളിൽ വന്നിറങ്ങിയാൽ ആരെങ്കിലും ഉണ്ടാകും അപ്പോൾ ഇരയായി വീഴാൻ. ഉറക്കെയാണ് സംസാരം. ആരോടാണോ സംസാരിക്കുന്നത് അയാൾ എന്തോ ഒരു വലിയ തെറ്റു ചെയ്തവനെപ്പോലെ തലതാഴ്ത്തി നിൽക്കും കാരണം, ചുറ്റുപാടും നിൽക്കുന്നവരൊക്കെ അയാളെത്തന്നെ നോക്കുകയാവും. രവി സാർ സംസാരിക്കുന്നത് കേട്ടാൽത്തോന്നും കേൾവിക്കാരന്റെ ശകാരിക്കുകയാണ് എന്ന്. പറയുന്നത് ഇങ്ങനെയൊക്കെ ആകും. "നീയൊക്കെ ഇങ്ങനെ നടന്നാൽ മതിയോ. രാജ്യം കത്തിയെരിയുമ്പോൾ സിനിമയും കണ്ടു നടന്നാൽ മതിയോ. സമാധാനത്തിനായി ഒരു പദയാത്ര നടത്തേണ്ടതുണ്ട്." ഇതാണ് വിഷയം എങ്കിലും അവതരിപ്പിക്കുന്ന രീതി കേട്ടാൽ ഈ ലോകത്തെ മുഴുവൻ
പഴിപറയുകയാണെന്ന് തോന്നും. എന്തായാലും ലോകത്ത് സമാധാനം കുറഞ്ഞു വരികയാണെന്നും അതിനാൽ രവി സാറിന്റെ ഇടപെടൽ വേണമെന്നും തോന്നിയത് കൊണ്ടാകണം പഞ്ചാബിലെ അമൃത് സറിലേയ്ക്ക് ഒരു
ആശാൻ മെമ്മോറിയലിൽ നിന്ന് ഒരു ഡെലിഗേഷൻ പോയി. സത്യത്തിൽ അത് ആശാൻ മെമ്മോറിയലിന്റെ സമാധാന യാത്രയുടെ ഭാഗമായിട്ടായിരുന്നു. രവി സാർ ആ ഡെലിഗേഷനിൽ ഉൾപ്പെട്ടിരുന്നു
എന്ന് മാത്രം.
ലോകസമാധാനത്തിന്
വേണ്ടി പ്രവർത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ ഗാർഹിക വേദിയിൽ അസമാധാനം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞിരുന്നു. ചെറുപ്പത്തിലേ രവി സാർ കല്യാണം കഴിച്ചത് മുറപ്പെണ്ണിനെത്തന്നെ ആയിരുന്നു. അവരിൽ മൂന്നു മക്കളും ഉണ്ടായി- മനു, രാജി, റൂസോ. എന്നാൽ താമസിയാതെ ഭർത്താവിനും ഭാര്യയ്ക്കും ഇടയിൽ പൊട്ടിപ്പുറപ്പെട്ട അഭിപ്രായയുദ്ധങ്ങൾ അവരെ താത്കാലികമായ വേർപിരിയലിൽ കൊണ്ട് ചെന്നെത്തിച്ചു. ഇളയ മക്കൾ അമ്മയ്ക്കൊപ്പവും മനു വർക്കല ഗുരുകുലത്തിലും നിന്ന് വിദ്യാഭ്യാസം ചെയ്തു. രവി സാർ തന്റെ അമ്മയുമൊത്ത് കീഴ്വിളാകത്ത് ജീവിച്ചു. അങ്ങനെയിരിക്കെ അദ്ദേഹത്തിന് മനം മാറ്റം ഉണ്ടാവുകയും മനുവിനെ വക്കം സ്കൂളിൽ കൊണ്ട്
വന്നു ചേർക്കുകയും ചെയ്തു. ഇതൊക്കെ നടക്കുന്നതിനിടയിൽ അദ്ദേഹം മറ്റൊരു ബൃഹത്തായ പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
ഒരേക്കറോളം പുരയിടം ഒഴിഞ്ഞു കിടക്കുന്നു. എന്താണ് ചെയ്യേണ്ടത്. അപ്പോഴാണ് കൊക്കോ കൃഷിയുടെ മഹത്വം ചർച്ച ചെയ്യപ്പെടുന്നത്. കൊക്കോ കോഫിയിൽ ചേർക്കാനും ചോക്കലേറ്റ് ഉണ്ടാക്കാനും ഒക്കെ ഉപയോഗിച്ചിരുന്നു. എന്നാൽ അതൊക്കെ സോഴ്സ് ചെയ്ത് വിൽക്കാനുള്ള സംവിധാനമൊന്നും വക്കത്ത് ഉണ്ടായിരുന്നില്ല. പക്ഷെ രവി സാറിന്റെ ഉദ്ദേശ്യം അതൊന്നും ആയിരുന്നില്ല. കൊക്കോയിൽ നിന്ന് വീഞ്ഞുണ്ടാക്കാം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
തടി
മച്ചിൽ ഗൗളിയെയൊക്കെ കൊത്തിയുണ്ടാക്കിയ പുരാതനമായ ഒരു വീടായിരുന്നു അദ്ദേഹത്തിന്റേത്. അവിടെ മുറികളല്ല അറകളാണ് ഉണ്ടായിരുന്നത്. വീടിന്റെ തിണ്ണയിൽ നിന്ന് നോക്കിയാൽ പുരയിടത്തിന്റെ അങ്ങേയറ്റം കാണാനാകില്ല. സമൃദ്ധമായി വളർന്നു പത്തടിയോളം പൊങ്ങി നിൽക്കുന്ന കൊക്കോ മരങ്ങൾ. ഇരുണ്ടു കറുത്ത വലിയ ഇലകളാണതിന്. തായ്ത്തടിയിൽ ചേർന്ന് പപ്പായ നിറയെ പിടിച്ചു നിൽക്കും പോലെ കൊക്കോ കായകൾ. അവ കണ്ടാൽ പറിച്ചു
തിന്നാൻ തോന്നും. പൊട്ടിയ കായ്കൾ കുട്ടികൾ എടുത്തു തിന്നും. ആ തോടിനുള്ളിൽ വഴുവഴുപ്പുള്ള
ഒരു സംഗതിയും കുരുക്കളും ഉണ്ട്.ചെറിയ പുളിയുള്ള വഴുവഴുപ്പാണ് കുട്ടികൾ കഴിക്കുന്നത്. എന്നാൽ കുഞ്ചുപിള്ള അമ്മൂമ്മ കുട്ടികളെ ആ പരിസരത്തെങ്ങും വരാൻ
അനുവദിക്കില്ല. കൊക്കോയിൽ നിന്ന് വീഞ്ഞുണ്ടാക്കാനുള്ള സർവ്വ പദ്ധതിയും ആവിഷ്ക്കരിച്ചു കഴിഞ്ഞപ്പോഴാണ് സർക്കാരിൽ നിന്ന് വാറ്റാനുള്ള ലൈസെൻസ് എടുക്കേണ്ടതുണ്ടെന്ന് അറിയുന്നത്. അതറിയാഞ്ഞിട്ടല്ല, തന്റെ സ്വതസിദ്ധമായ നിഷേധത്തിലൂടെ അതിനെ മറികടക്കാം എന്ന് കരുതുകയായിരുന്നു. വലിയ തോതിൽ വാറ്റു തുടങ്ങാം എന്ന് കരുതുമ്പോൾ കൂട്ടുകാർ നല്ല ബുദ്ധി ഉപദേശിച്ചു. എക്സൈസ് പിടിച്ചു കഴിഞ്ഞാൽ വലിയ തൊന്തരവാകും എന്ന് കൂട്ടുകാർ പറഞ്ഞു. രവി സാറിന് ക്രമേണ കൊക്കോയിലുള്ള താത്പര്യം നശിച്ചു. ആ മരങ്ങളിലേയ്ക്ക് അദ്ദേഹം നോക്കുക
പോലും ചെയ്യാതെയായി. പിന്നെയും വർഷങ്ങൾ കഴിഞ്ഞ് ആ മരങ്ങളെയെല്ലാം വെട്ടിക്കളഞ്ഞു.
ഇതിനിടെ രവി
സാറിന്റെ ഭാര്യയും മക്കളും വക്കത്ത് തിരികെ വന്നു. അദ്ദേഹത്തിന് ഒരു പ്രണയബന്ധം സമാന്തരമായി ഉണ്ടായിരുന്നു. ഒരു ദളിത് സ്ത്രീയായിരുന്നു അവർ. അവരുടെ ജാതിപ്പേര് ചേർത്ത് ആളുകൾ സാറിനെ വിളിച്ചു. പുലയനയ്യപ്പൻ എന്ന് സമൂഹസദ്യ നടത്തിയതിന്റെ പേരിൽ സഹോദരൻ അയ്യപ്പന് പേര് വീണിരുന്നു. അത് പോലെ ഓടക്കുഴൽ രവി വട്ട് രവി സാർ ആവുകയും പിന്നീട് ജാതിപ്പേര് ചേർത്തുള്ള രവി എന്ന് വിളിക്കപ്പെടുകയും ചെയ്തു. രവി സാറിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും വലിയ പ്രശ്നമായിരുന്നില്ല എന്ന് മാത്രമല്ല സമൂഹത്തിന്റെ സദാചാരസംഹിതകളെ കാറ്റില്പറത്തുന്നതിനും വെല്ലുവിളിക്കുന്നതിനും അദ്ദേഹം ശ്രദ്ധ വെച്ചു. വട്ട് രവി എന്ന വിളി തന്നെ എന്തുകൊണ്ട് അലോസരപ്പെടുത്തുന്നില്ല എന്ന് അദ്ദേഹം ഒരിക്കൽ വിശദീകരിച്ചു."വട്ട് രവി എന്ന് വിളിക്കപ്പെടുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം വട്ടായത് കൊണ്ട് തന്നെ എനിയ്ക്ക് എല്ലാം തുറന്നു പറയാനുള്ള അവസരം ലഭിക്കുന്നു. രൂക്ഷമായ സത്യം എന്റെ നാവിൽ നിന്ന് കേൾക്കുമ്പോൾ ആളുകൾ ഹൃദയം തകർന്നു മരിക്കാത്തതിന് കാരണം ആ വാക്കുകൾ ഒരു
വട്ടൻ പറയുന്നതാണല്ലോ എന്ന് സ്വയം ആശ്വസിക്കുന്നത് കൊണ്ടാണ്. വട്ട് എന്നത് എനിയ്ക്ക് അസാമാന്യമായ സ്വാതന്ത്ര്യം തരുന്നു. അതുകൊണ്ട് തന്നെ എനിയ്ക്ക് ധീരമായി ജീവിക്കാനും കാര്യങ്ങൾ പറയാനും കഴിയുന്നു."
കുറെ
നാൾ കഴിഞ്ഞപ്പോൾ, ഡയോജെനിസിനെപ്പോലെ ചന്തമുക്കിൽ ചെന്ന് നിന്ന് ആളുകളെ വിചിത്ര യുക്തിയാൽ വിമർശിച്ചത് കൊണ്ട് മാത്രം തന്റെ ചിന്തകൾ എല്ലാവരിലും എത്തുന്നില്ല എന്ന് തോന്നിയ രവി സാർ ഒരു മാസിക തുടങ്ങാൻ തീരുമാനിച്ചു. മാസിക എന്നായിരുന്നു ആശയമെങ്കിലും അത് ക്വർട്ടർലി ആയി മാത്രമേ ഇറങ്ങാൻ കഴിയൂ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഗ്രാമത്തിലെ രണ്ടു പ്രിന്റിങ് പ്രെസ്സുകളിൽ ഏറ്റവും പ്രധാനപ്പെട്ട പ്രസ് സ്വദേശാഭിമാനി പ്രസ് ആയിരുന്നു. വക്കം മൗലവി ആരംഭിച്ച പത്രമാണ് സ്വദേശാഭിമാനി. അതിന്റെ അച്ചുകൂടം വക്കത്തായിരുന്നു. അതിന്റെ ഒരു ഓർമ്മത്തുടർച്ചയെന്നോണം ആണ് ആ പ്രെസ്സിന് സ്വദേശാഭിമാനി
പ്രസ് എന്ന പേര് വന്നത്. ശ്രീധരൻ എന്നൊരാളായിരുന്നു ആ പ്രസ് നടത്തിയിരുന്നത്.
ഗ്രാമത്തിന്റെ കണ്ണായ സ്ഥലത്ത്, സ്കൂളിലേക്ക് തിരിയുന്ന
ഇടത്തു തന്നെയായിരുന്നു പ്രസ്. അവിടെ വെച്ചാണ് 'ആർഷജ്യോതി' എന്ന മാസികയുടെ ബീജാവാപം നടക്കുന്നത്. മാസിക ഇറങ്ങുന്നതിന് വളരെ മാസങ്ങൾക്ക് മുൻപ് തന്നെ രവി സാർ കൂടുതൽ സമയവും പ്രെസ്സിൽ ചെലവിടാൻ തുടങ്ങി. അപ്പോഴും അദ്ദേഹം സ്കൂളിലെ അധ്യാപകരെ
പഠിപ്പിക്കുന്ന അദ്ധ്യാപകൻ ആയിരുന്നു. എങ്ങനെയെങ്കിലും ആ ജോലി വിടാനായി
അദ്ദേഹം ശ്രമിക്കുകയായിരുന്നു. ആർഷജ്യോതി തുടങ്ങി കുറച്ചു നാളുകൾക്കുള്ളിൽ അദ്ദേഹം സ്കൂളിൽ നിന്ന്
സ്വമേധയാ വിരമിച്ചു.
പേര്
സൂചിപ്പിക്കുന്നത് പോലെ തന്നെ ആർഷജ്യോതിയുടെ ഉള്ളടക്കം ദർശനപരമായിരുന്നു. ഗുരുസൂക്തങ്ങളുടെ വ്യാഖ്യാനങ്ങൾ, ആത്മീയമായ ലേഖനങ്ങൾ, പഠനങ്ങൾ, സംസ്കാരത്തെ കുറിച്ചുള്ള ഒന്നോ രണ്ടോ ലേഖനങ്ങൾ, കവിതകൾ ഒക്കെയായിരുന്നു പ്രധാനപ്പെട്ട ഉള്ളടക്കങ്ങൾ. വളരെയധികം ശ്രദ്ധ ചെലുത്തിയായിരുന്നു രവി സാർ ഈ മാസിക പ്രസിദ്ധീകരിച്ചത്.
മറ്റൊരാളിന്റെ പ്രെസ്സിൽ തന്റെ മാസിക അച്ചടിക്കുന്നത് ശരിയല്ലെന്ന് കണ്ട് രവി സാർ ആ പ്രസ് തന്നെ
സ്വന്തമായി വാങ്ങിയെടുത്തു. മൂന്നു നാല് കൊല്ലങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും ആർഷജ്യോതി മുന്നോട്ട് പോകുന്നത് പ്രയാസമായിത്തുടങ്ങി. കൈയിലുള്ള പണവും ബാങ്ക് ബാലൻസുമെല്ലാം ഈ മാസികയുടെ നടത്തിപ്പിന്
വേണ്ടി മുടക്കി. സിനിമാ നടൻ ബഹദൂറിനെക്കുറിച്ചു ഒരു കഥയുണ്ട്. തിരുവനന്തപുരത്ത് സിനിമാ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം പ്രോസസ്സ് ചെയ്യാൻ ഒരു ലാബിന്റെ അഭാവം കണ്ടു. അങ്ങനെ പ്രേം നസീറിന്റെ സഹായത്തോടെ ഒരു ലാബിൽ പണം മുടക്കി. ഏകദേശം അതെ സമയത്താണ് സിനിമകൾ പൂർണ്ണമായും കളറിലേയ്ക്ക് മാറിയത്. മുടക്കിയ പണം മുഴുവൻ നഷ്ടമായി. രവി സാറിന് സംഭവിച്ചതും അത് തന്നെയായിരുന്നു. അദ്ദേഹം സ്വന്തമായി പ്രസ് സ്വന്തമാക്കുമ്പോഴേയ്ക്കും കമ്പ്യൂട്ടർ ഡി ടി പി
പബ്ലിഷിംഗും ഓഫ്സെറ്റ് പ്രിന്റിങ്ങും ഒക്കെ പ്രചാരത്തിൽ വന്നിരുന്നു. ആർഷജ്യോതി ഓടിച്ചിരുന്നത് മൂവബിൾ ടൈപ്പ് ഉപയോഗിച്ചുള്ള, പഴയ ചവിട്ടു പ്രെസ്സിലെ പുരാതനമായ സാങ്കേതിക വിദ്യ കൊണ്ടായിരുന്നു. ആ പ്രസ് പിന്നീട
രവി സാറിന് ഒരു ഭാരമായി.
ആർഷജ്യോതി
മുടങ്ങിയതോടെ രവി സാറിന് പ്രെസ്സിലും പബ്ലിഷിങ്ങിലും താത്പര്യം നശിക്കുകയും കൂടുതൽ ദർശിനികമായ കാര്യങ്ങളിലേയ്ക്ക് അദ്ദേഹം തിരിയുകയും ചെയ്തു. പ്രെസ് തന്റെ മൂത്ത മകനായ മനുവിനെ ഏൽപ്പിച്ചു. ചന്തമുക്കിൽ നിന്ന് പ്രസ് ആങ്ങാവിളയിലേയ്ക്ക് മാറ്റി. രവി സാറിന്റെ ചില 'വട്ടുകൾ' മനുവിനും ഉണ്ടായിരുന്നു. പ്രസ് 'മുതലാളി' ആയതോടെ മനു ദിവസം ഒരു മാറ്റിനി എന്ന നിലയിൽ കണ്ടു കൊണ്ടിരുന്ന ആൾ, ദിവസം ഒരു സെക്കൻഡ് ഷോ എന്ന നിലയിലേയ്ക്ക്
മാറി. സെക്കൻഡ് ഷോ കാണാൻ മനു
ചിലപ്പോൾ ആറ്റിങ്ങലിൽ പോയി. രാത്രി ഏറെ വൈകി ടാക്സി പിടിച്ചു വീട്ടിലെ വന്നു. ചിലപ്പോൾ ടാക്സി വിളിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പോയി. ഇതിനിടെ വിവാഹിതനായ മനു, തന്റെ വിവാഹദിവസം അതിഥികളോട് എങ്ങനെയാണ് ദാർശിനികമായ ഒരു ജീവിതം നയിക്കേണ്ടത് എന്ന് ഒരു പ്രഭാഷണം നടത്തി. വിവാഹം കഴിഞ്ഞു കുറെ നാൾ കഴിഞ്ഞപ്പോൾ മനു ഇനി പ്രസ് വേണ്ടെന്നു വെച്ചു. അല്പകാലം അജ്ഞാതവാസം. ഇത് ഒരു ഫിലോസഫറുടെ ജീവിതത്തിൽ സാധ്യമാണെന്ന നിലപാടായിരുന്നു രവി സാറിന്റേത്. അദ്ദേഹം തന്റെ ജീവിതത്തിന്റെ ഗ്രാഫ് ആര്ഭാടപൂർണ്ണമായ ഒന്നിൽ നിന്ന് കൊടിയ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് കടക്കുന്നത് നിർമമനായി നോക്കി നിന്നു. ഇടയ്ക്ക് വിലപിടിച്ച കല്ലുകളുടെ ബിസിനസിൽ ഏർപ്പെടാൻ ഒരു വിഫല ശ്രമം നടത്തി. ഒടുവിൽ 2014 -ൽ രവി സാർ
അന്തരിച്ചു. കാൻസർ ആയിരുന്നു.
ആർക്ക്
ആരുടെ ജീവിതത്തിനു മേലാണ് ഒരു അന്തിമവിധി പറയാൻ കഴിയുന്നത്? തുടക്കത്തിൽപ്പറഞ്ഞത് പോലെ ധീരവും സ്വതന്ത്രവും ആയ ജീവിതമാണ് വക്കം
രവി നയിച്ചത്. ഒടുക്കം വരെയും താൻ ചെയ്തത് തെറ്റാണെന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ധീരവും സ്വതന്ത്രവുമായ ജീവിതം നയിച്ചാൽ സാമ്പത്തിക അരാജകത്വമോ ദാരിദ്ര്യമോ ഉണ്ടാകുമോ? വ്യവസ്ഥയ്ക്കുള്ളിൽ മാത്രമേ ജീവിതവിജയം സാധ്യമാകൂ എന്നുണ്ടോ? എങ്കിൽ വ്യവസ്ഥയെ പൂർണ്ണമായും അംഗീകരിച്ചു നിൽക്കുന്നവരിൽ പലരും പരാജയപ്പെടുന്നത് എന്തുകൊണ്ട്? മനു വരയ്ക്കുമായിരുന്നു; പക്ഷെ ചിത്രകാരൻ ആയില്ല. എല്ലാ ബുദ്ധിജീവികളുമായും ഒരുഘട്ടത്തിൽ മനുവിന് പരിചയമുണ്ടായിരുന്നു; പക്ഷെ ബുദ്ധിജീവി ആയില്ല. ഒരു പ്രിന്റിങ് പ്രസ് കയ്യിലുണ്ടായിരുന്നു; പക്ഷെ ഒരു പബ്ലിഷർ ആയില്ല. തേഞ്ഞു പോകുന്ന മൂവബിൾ ടൈപ്പിലെ അക്ഷരങ്ങളെപ്പോലെ മനു തന്റെ ജീവിതം ഒരു ഘട്ടത്തിൽ മാഞ്ഞു പോകുന്നത് കണ്ടു. പക്ഷെ വളരെ അന്തസ്സോടെ അവൻ ജീവിതത്തിലേയ്ക്ക് തിരികെ വന്നു. മുൻപ് ജീവിതത്തിന്റെ പ്രഹേളികകളെക്കുറിച്ചു വിചിത്രങ്ങളായ പരിഹാരങ്ങളും നിരീക്ഷണങ്ങളും മനു നടത്തുമായിരുന്നു; രവി സാറിനെപ്പോലെ. ഇപ്പോൾ മനു സ്വന്തം ജീവിതത്തിലേയ്ക്ക് നോക്കി ചിരിക്കുന്നു. മേശപ്പുറത്ത് ആർഷജ്യോതിയുടെ പന്ത്രണ്ടു ലക്കങ്ങൾ ചേർത്തു ബയന്റു ചെയ്ത ഒരു തടിയൻ പുസ്തകം. അതിൽ വട്ട് രവി എന്ന് വക്കം വിളിച്ച കീഴ്വിളാകം രവിയുടെ ദാർശിനികാന്വേഷണം മുഴുവൻ ഉണ്ട്. മനസ്സിൽ മനു ആ പുസ്തകവുമായി ചതുരംഗം
കളിക്കുകയാണ്. ജയമോ പരാജയമോ ഇല്ലാത്ത അനന്തമായ കളി.
- ജോണി
എം എൽ
Comments
Post a Comment