ഒരു ഗ്രാമത്തിന്റെ കഥ 19: ഗ്രാമത്തിൽ നിന്നിറങ്ങിപ്പോയി ലോകത്തെ വരച്ചവർ
(ഷിബു നടേശൻ)
വക്കം
എന്ന ഗ്രാമത്തിന്റെ ദൃശ്യകലാ ബോധം എന്തായിരുന്നു? എന്ന് പറഞ്ഞാൽ എന്തെന്നു മറു ചോദ്യം ഉന്നയിക്കുന്നവർക്കായി അല്പം വിശദീകരിച്ചു കൊണ്ട് തുടങ്ങാം. ദൃശ്യം എന്ന് പറഞ്ഞാൽ കാണപ്പെടുന്നത് എന്നർത്ഥം. കാണപ്പെടുന്നതെല്ലാം നോക്കുന്നത് കൊണ്ട് ആകണമെന്നില്ല.
വെറുതെ തിരിഞ്ഞു നോക്കുമ്പോഴും പലതും നമ്മുടെ മുന്നിൽ ദൃശ്യമാകുന്നുണ്ട്. എന്നാൽ ദൃശ്യബോധം എന്ന് പറയുന്നത് ദൃശ്യത്തെക്കുറിച്ചു നമുക്കുള്ള ബോധം തന്നെയാണ്. ഒരു പൂവിനെ യാദൃശ്ചികമായി കാണുമ്പോഴാണെങ്കിൽപ്പോലും 'ആഹാ മനോഹരം' എന്ന് പറയണമെങ്കിൽ 'മനോഹരമായ ഒന്നിനെ' കുറിച്ചുള്ള ഒരു പൂർവ നിർമ്മിത ബോധം നമുക്ക് ഉണ്ടായിരിക്കണം. വൈരൂപ്യത്തെക്കുറിച്ചും ഇത് തന്നെയാണ് പറയാനുള്ളത്. അതായത് നമ്മുടെ ഉള്ളിൽ ഇതിനകം രൂഢമൂലമായിരിക്കുന്ന ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാം സൗന്ദര്യത്തെയും വൈരൂപ്യത്തെയും ഒക്കെ നിർണ്ണയിക്കുന്നത്. എന്നാൽ നോക്കുമ്പോൾ മാത്രം കാണപ്പെടുന്ന ചിലതുണ്ട്. സവിശേഷമായ നോട്ടത്തിന് വിധേയമാക്കുമ്പോൾ മാത്രം അവ ദൃശ്യപ്പെടുകയും പൂർവ നിർമ്മിത
നിർവചനങ്ങളിൽ നിന്ന് എ കാഴ്ചയുടെ ഗുണം
മാറി നിൽക്കുകയും ചെയ്യും. പൊതുബോധത്തിൽ അർത്ഥസമ്പുഷ്ടമോ സുന്ദരമോ അല്ലാത്ത ഒന്ന് സവിശേഷമായ ഒരു നോട്ടത്തിലൂടെ ആ ഗുണങ്ങൾ കൈവരിക്കുകയാണ്
ചെയ്യുന്നത്. കേവലമായ നോട്ടവും സവിശേഷമായ നോട്ടവും ഒന്നിച്ചു ചേർന്നാണ് ഒരു സ്ഥലത്തെ ദൃശ്യബോധത്തെ നിർണ്ണയിക്കുന്നത്.
നമ്മുടെ
ചോദ്യം പക്ഷെ ദൃശ്യബോധം എന്ത് എന്ന് മാത്രമായിരുന്നില്ലല്ലോ. ദൃശ്യകലാ ബോധം എന്ത് എന്നായിരുന്നു ആ ചോദ്യം. കല
എന്നൊരു വാക്ക് അതിനിടയിൽ വന്നു ചേരുന്നത് നമ്മൾ കാണുന്നുണ്ട്. അപ്പോൾ എന്താണ് ദൃശ്യകല എന്ന് കൂടി നിർവചിച്ചു കൊണ്ട് മാത്രമേ നമുക്ക് നമ്മുടെ ഗ്രാമത്തിന്റെ ദൃശ്യകലാ ബോധത്തിലേക്ക് പോകാൻ കഴിയൂ. ദൃശ്യത എന്ന സംവേദനത്തിലൂടെ അനുഭവമാകുന്ന കലാരൂപങ്ങളെയാണ് ദൃശ്യകല എന്ന് വിളിക്കുന്നത്. കേൾവിയിലൂടെ അനുഭവമാകുന്നതാണല്ലോ പാട്ട് അല്ലെങ്കിൽ സംഗീതം. നാവിലൂടെ അഥവാ രസനയിലൂടെ അനുഭവമാകുന്നതാണ് രുചി. കണ്ണ് കൊണ്ട് കാണുന്ന കലാരൂപങ്ങളെയെല്ലാം നമുക്ക് ദൃശ്യകല എന്ന് വിളിക്കാം. പക്ഷെ നാടകം, നൃത്തം, കഥകളി തുടങ്ങിയവയെ ഒക്കെ നാം കണ്ണ് കൊണ്ട് കാണുന്നെങ്കിലും അവയെ രംഗകലകൾ എന്നാണ് വിളിക്കുന്നത്. രംഗത്ത് അവതരിപ്പിക്കുന്നത് രംഗകല. ഇവയിൽത്തന്നെ ചിലത് ക്ഷേത്രങ്ങളിലാണ് പ്രധാനമായും അവതരിപ്പിക്കപ്പെടുന്നത്. ഉദാഹരണത്തിന് കൂത്ത്, പാഠകം, കൂടിയാട്ടം തുടങ്ങിയവ. അവയെ നമ്മൾ ക്ഷേത്രകലകൾ എന്ന് കൂടി വിളിക്കുന്നു. എന്നാൽ ക്ഷേത്രപരിസരങ്ങളിൽത്തന്നെ അനുഷ്ഠാനത്തിന്റെ ഭാഗമായി നടത്തുന്ന കലകളുണ്ട്; കളമെഴുത്ത്, തെയ്യം, തിറ, ചവിട്ടു നാടകം, കാക്കാരിശ്ശി നാടകം തുടങ്ങിയവ. അവയെ നമ്മൾ അനുഷ്ഠാന കലകൾ എന്നും വിളിക്കുന്നു. എന്നാൽ ഇവയ്ക്കെല്ലാം രംഗകലകൾ ആകാനുള്ള സാധ്യതകൾ കൂടുതലാണ് താനും.
(രാജ രവിവർമ്മ )
സിനിമ
ദൃശ്യകലയാണ്. കണ്ണ് കൊണ്ട് തന്നെയാണ് നാം അതിനെ കാണുന്നത്. പക്ഷെ സിനിമയാകട്ടെ ഒരൊറ്റ കലാരൂപമല്ല മറിച്ച് പല തരം കലകളുടെ
ഒരു സമാഗമസ്ഥലം ആണ്. അതിൽ നാട്യം ഉണ്ട്, നടനം ഉണ്ട്, ഗാനം ഉണ്ട്, അനുഷ്ഠാനം ഉണ്ട്. ഇവയെ എല്ലാം പകർത്താനും സന്നിവേശിപ്പിക്കാനും സാങ്കേതികവിദ്യയും ഉണ്ട്. പിന്നെയോ ഇതിനെ കാണുവാൻ വേണ്ടി സവിശേഷമായ ഒരു രംഗവും വേണ്ടി വരുന്നു. അതിനെ നമ്മൾ സിനിമാശാലകൾ എന്ന് വിളിക്കുന്നു. അപ്പോൾ സിനിമ എന്നത് രംഗകലയും ശ്രവ്യകലയും അനുഷ്ഠാനകലയും ദൃശ്യകലയും ചലന കലയും ഒക്കെയാണ്. അതിനാൽ ഇതിനെ നമ്മൾ ചലച്ചിത്ര കല എന്ന് വിളിക്കുന്നു.
ചലിക്കുന്ന ചിത്രം എന്നേ അർഥം വരുന്നുള്ളൂ എങ്കിലും മേൽപ്പറഞ്ഞ വൈവിധ്യങ്ങളെ ഒക്കെ ഉൾക്കൊള്ളാൻ പാകത്തിന് ചലച്ചിത്രകല എന്ന സംവർഗം വളർന്നിരിക്കുന്നു. അപ്പോൾ എന്താണ് ദൃശ്യകല? മേൽപ്പറഞ്ഞ ഒന്നും ദൃശ്യകല എന്നതിൽ ഒതുങ്ങി നിൽക്കാത്തതിനാൽ സാമ്പ്രദായികമായി നമ്മൾ ചിത്രകലയെയും ശില്പകലയെയും ആണ് ദൃശ്യകല എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. മറ്റെല്ലാ കലാരൂപങ്ങളും ചെയ്യുന്ന ആളുകളെ നമ്മൾ ആർട്ടിസ്റ്റുകൾ അഥവാ കലാകാരർ എന്ന് വിളിക്കുമ്പോഴും 'അയാൾ ഒരു കലാകാരനാണ്' എന്ന് കേൾക്കുമ്പോൾ അയാൾ ഒരു ചിത്രകാരനോ ശില്പിയോ ആണെന്ന് മനസ്സിലാക്കും വിധം ആ വാക്ക് ദൃശ്യകലയെ
സൂചിപ്പിക്കുന്നു എന്ന് നമ്മൾ മനസ്സിലാക്കുന്നു. ഇന്ന് കലാകാരൻ എന്ന് പറഞ്ഞാൽ കേവലം ചിത്രമോ ശില്പമോ മാത്രം ചെയ്യുന്ന ആളല്ല. മറിച്ച് അയാൾക്ക് പ്രതിഷ്ഠാപന കലയോ, പ്രകടന കലയോ, വീഡിയോ കലയോ, ആശയവാദപരമായ കലയോ ഒക്കെ ചെയ്യാം. ഒന്നും ചെയ്യാതെ ഇരുന്നിട്ട് അത് കലയാണെന്ന് വേണമെങ്കിൽ സ്ഥാപിച്ചെടുക്കാം. പക്ഷെ അത്രയും ആത്മവിശ്വാസവും ആശയപരമായ ഉറപ്പും വേണമെന്ന് മാത്രം.
ഇത്രയും
ഒരാമുഖമെന്നു പറഞ്ഞ നിലയ്ക്ക് എന്താണ് വക്കം എന്ന ഗ്രാമത്തിന്റെ ദൃശ്യകലാ ബോധം എന്ന് ചോദിച്ചാൽ ഉത്തരത്തിലേയ്ക്ക് നമ്മൾ ഏകദേശം അടുക്കുന്നു എന്നൊരു തോന്നൽ ഉളവാക്കും. കാരണം ഗ്രാമജീവികൾ എന്ന നിലയിൽ നമുക്ക് ഏകദേശം വക്കത്ത് എന്തൊക്കെയാണ് ദൃശ്യകല എന്ന നിലയിൽ വന്നിട്ടുള്ളത് എന്ന് അറിയാം. വക്കത്തെ വീട്ടിന്റെ ചുമരുകളിൽ അവിടെയുള്ളവർ എല്ലാം കാര്യങ്ങൾ കൃത്യമായി ചെയ്യുന്നോ എന്ന് അറിയാൻ ഉറ്റുനോക്കുന്നത് പോലെ ചില കാരണവന്മാരുടെ ഫോട്ടോഗ്രാഫുകൾ ഉണ്ടായിരിക്കും. ഒരു പട്ടികയിൽ താങ്ങി, അല്പമൊന്നു ചരിഞ്ഞു കുനിഞ്ഞായിരിക്കും ആ ഫോട്ടോകൾ താഴേയ്ക്ക്
നോക്കുന്നത്. ചിലപ്പോൾ അവയിൽ ദൈവങ്ങളുടെ ചിത്രങ്ങൾ കാണും. ചിലപ്പോൾ ചില രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ. സിനിമാ ഭ്രാന്തുള്ളവരുടെ വീടാണെങ്കിൽ അവരുടെ ചിത്രങ്ങൾ ഫ്രെയിം ചെയ്തു തൂക്കുന്നത് കാണാമായിരുന്നു. ചുവരിൽ ചിലപ്പോൾ തുണിക്കടകളിൽ നിന്ന് ലഭിക്കുന്ന കലണ്ടറുകൾ ഉണ്ടാകും. സുന്ദരികളായ തരുണീമണികൾ, ചില ദൈവങ്ങൾ. ഇതൊക്കെ രാജാ രവി വർമ്മയുടെ ശൈലിയിൽ പകർത്തിയതാകും. അവരെ നോക്കി നോക്കി കുട്ടിക്കാലം കഴിച്ച വക്കത്തുകാർ ഇപ്പോഴും ഉണ്ട്. പിന്നെ മരിച്ചവർ ചുവരുകളിൽ ഇരുന്നു ഒരു സീറോ വാട്ട് ബൾബിന്റെ വെളിച്ചത്തിൽ എല്ലാം നോക്കുന്നുണ്ടാകും. ഗൾഫിൽ പോയവരുള്ള വീടാണെങ്കിൽ, അവിടത്തെ അറബിയുടെ കന്തൂറ എന്ന് പേരുള്ള ഗൗൺ വാടകയ്ക്കെടുത്ത് ഇട്ട് ടൈയും കെട്ടിയിരിക്കുന്ന ഒരു ഫോട്ടോ ഉണ്ടാകും. കുട്ടികൾ നിലത്ത് മലർന്നു കിടന്നും കസേരകളിൽ ഇരുന്നും ഈ ചിത്രങ്ങളെ നോക്കും.
വക്കത്തുകാരുടെ ദൃശ്യകലാ ബോധം അബോധാത്മകമായി നിർണ്ണയിക്കുന്നതിൽ പൂമുഖത്തെ ഈ ചിത്രങ്ങൾ കുറച്ചൊന്നുമല്ല
സഹായിച്ചിട്ടുള്ളത്.
(ബേബി ആർട്ട്സ് ആർട്ടിസ്റ്റ് നടേശൻ)
വക്കത്തുകാരുടെ
വീടുകളിൽ അവരുടെ താത്പര്യങ്ങൾക്കനുസരിച്ച മാസികകൾ വാങ്ങിയിരുന്നു. അവയിലെ ചിത്രങ്ങൾ പലതും കുട്ടികളുടെയും വലിയവരുടെയും ദൃശ്യകലാബോധത്തെ സ്വാധീനിച്ചിരുന്നു. അപൂർവം ചില വീടുകളിൽ ഇല്ലസ്ട്രേറ്റഡ് വീക്കിലി വരുത്തിയിരുന്നു, ചില വീടുകളിൽ റീഡേഴ്സ് ഡൈജസ്റ്റ് എന്ന മാസിക, ചിലേടങ്ങളിൽ ഭാഷാപോഷിണി. ഇവയിലെല്ലാം ലോകപ്രശസ്തരായ ചിത്രകാരന്മാരുടെ ചിത്രങ്ങൾ അച്ചടിച്ച് വന്നിരുന്നു. ഇതൊന്നും നോക്കാൻ ആളില്ലെങ്കിലും പഴയ സിനിമാ വാരികയായ ചിത്രരമ എല്ലാവരും നോക്കിയിരുന്നു. അത് കഴിഞ്ഞാണ് നാനായും ഫിലിം മാഗസിനും ഒക്കെ വരുന്നത്. ശശി അണ്ണൻ സ്ക്രീൻ എന്നൊരു പ്രസിദ്ധീകരണവും വരുത്തിയിരുന്നു. ഓരോ കടയുടെയും മുന്നിലെ ചാക്ക് തുണിയിൽ കുത്തിവെച്ചിരുന്ന സിനിമാ പോസ്റ്ററുകൾ വക്കത്തുകാരുടെ ദൃശ്യകലാ ബോധത്തെ സ്വാധീനിച്ചിരുന്നു. പിന്നെ ഏറ്റവും വലിയ സ്വാധീനം എന്നത് ചുവരെഴുത്തുകൾ ആയിരുന്നു. തെരെഞ്ഞെടുപ്പ് കാലത്ത് പലവിധ ചിഹ്നങ്ങൾ വരയ്ക്കാൻ സ്വദേശികളും പരദേശികളും ആയ കലാകാരന്മാർ വന്നിരുന്നു.
പിന്നെ മാതൃഭൂമി, പിൽക്കാലത്ത് കലാകൗമുദി പോലുള്ള വാരികകളിൽ ഇലസ്ട്രേഷനുകൾ. ഇവയൊന്നും പോരെങ്കിൽ വക്കത്തുകാർക്ക് പ്രിയങ്കരങ്ങളായിരുന്നു ടോംസ് മനോരമയിൽ വരച്ചിരുന്നു ബോബനും മോളിയും. ലാലുലീല, ഉപ്പായിമാപ്ല, വാസുവേട്ടൻ, കപീഷ്, ഡിക്റ്ററ്റീവ് ഭദ്രൻ, കണ്ണാടി വിശ്വനാഥന്റെ ഇരുമ്പ് കൈ മായാവി, ഇന്ദ്രജാൽ
കോമിക്സിന്റെ മാന്ത്രികനായ മാൻഡ്രേക്ക്, ഫാന്റം, പൈക്കോ അമർചിത്രകഥ, അമ്പിളി അമ്മാവനിലെ ചിത്രങ്ങൾ ഒക്കെയും വക്കത്തുകാരായ കുട്ടികളുടെയും മുതിർന്നവരുടെയും ദൃശ്യകലാബോധത്തെ സ്വാധീനിച്ചിരുന്നു.
എല്ലാ
മലയാളികളുടേതുമെന്ന പോലെ വക്കത്തുകാരുടെയും ദൃശ്യകലാബോധത്തെ അഗാധമായി സ്വാധീനിച്ചത് രാജാരവി വർമ്മ വരച്ച പെയിന്റിങ്ങുകളും ഇന്ത്യയിലെ ഓരോ ഹിന്ദു ഗൃഹങ്ങളിലും വെച്ചാരാധിക്കണം എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം ഇറക്കിയ ദൈവചിത്രങ്ങളും അവയെ അനുകരിച്ചുണ്ടായ കലണ്ടർ കലയും, അതിവേഗം പ്രചാരത്തിൽ എത്തിക്കൊണ്ടിരുന്നു സിനിമ എന്ന മാധ്യമത്തിൽ രാജാരവി വർമ്മയുടെ സൗന്ദര്യശാസ്ത്രത്തിനു ലഭിച്ച മേൽക്കൈയും ആയിരുന്നു. അതുകൊണ്ടാണ് ആളുകൾ, കാണുന്ന ഒരു ദൃശ്യത്തെ അതേപടി വരയ്ക്കുന്നതിനെ മനസ്സിലാകുന്ന കല എന്നും അല്പം
സ്വതന്ത്ര്യമെടുത്ത് വരയ്ക്കുന്ന കലയെ ആധുനികമെന്നും ദുരൂഹമെന്നും വിളിക്കുന്നത്. ഗ്രാമത്തിന്റെ കലാബോധത്തെ സ്വാധീനിച്ചത് രാജാ രവി വർമ്മ തന്നെ ആയിരുന്നു. അത് അദ്ദേഹം കിളിമാനൂർക്കാരൻ ആയത് കൊണ്ടല്ല, മറിച്ച് എല്ലാവര്ക്കും മനസ്സിലാകുന്ന കലയാണ് അദ്ദേഹം വരച്ചത് എന്നത് കൊണ്ടുകൂടി ആയിരുന്നു. പക്ഷെ, രവി വർമ്മയുടെ പെയിന്റിങ്ങുകളുടെ പകർപ്പുകൾ ഗ്രാമത്തിൽ എത്താനുള്ള സാദ്ധ്യതകൾ കുറവായിരുന്നു. അതുകൊണ്ടു ഗ്രാമത്തിൽ എത്തിയത് 'യഥാതഥ' കലയെ പഠിപ്പിച്ചിരുന്ന ഒരു അധ്യാപകന്റെ കൈകളിലൂടെയായിരുന്നു. സഹദേവൻ സാർ എന്ന അത്ഭുതമനുഷ്യനാണ് അനേകം തലമുറകളെ വക്കം ഗ്രാമത്തിൽ ഡ്രായിങ് പഠിപ്പിച്ചത്.
മരുതൻ
വിളാകത്ത് നിന്ന് കടയ്ക്കാവൂർ പോകുന്ന വഴിയിലേക്ക് ഇറങ്ങുമ്പോൾ പാളങ്ങൾ ഇരട്ടിയ്ക്കുന്നതിനു സമാന്തരമായി താഴേയ്ക്ക് ഒരു വഴി പോകുന്നുണ്ട്. അവിടെ ഒരു കലുങ്കും കലുങ്കിന് ചുറ്റും പാല മരങ്ങളും ഉണ്ടായിരുന്നു. അതിന്റെ എതിർവശത്ത് ആണ് സഹദേവൻ സാറിന്റെ വീടും സ്റ്റുഡിയോയും. ബാബു സ്റ്റുഡിയോ എന്ന് പറഞ്ഞാൽ ഒരു കാലത്ത് വക്കത്തെയും പരിസരഗ്രാമങ്ങളിലെയും ഒക്കെ വിവാഹവും ഇതര പ്രധാന ചടങ്ങുകളെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റിൽ അനശ്വരമാക്കിയ ഒരു സ്ഥാപനമാണ്. സഹദേവൻ സാറാണ് അതിന്റെ ജീവാത്മാവും പരമാത്മാവും. ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രശസ്തനായിരുന്നെങ്കിലും സഹദേവൻ സാറിന്റെ യഥാർത്ഥ പ്രശസ്തി ഒരു ആർട്ടിസ്റ്റ് എന്ന നിലയിലും ആർട്ട് അധ്യാപകൻ എന്ന നിലയിലും ആയിരുന്നു. ആർട്ടിസ്റ്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കഴിവ് എന്നത് പോർട്രൈറ്റ് അഥവാ ഛായാചിത്രണത്തിൽ ആയിരുന്നു. മങ്ങിത്തുടങ്ങിയ ഫോട്ടോഗ്രാഫുകളിൽ നിന്ന് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ അദ്ദേഹം വരച്ചെടുത്തു. സ്റ്റമ്പ് വർക്ക് എന്ന പേരിൽ ഗ്രാഫൈറ്റ് ഉപയോഗിച്ച് കട്ടിപ്പേപ്പറിൽ ചെയ്തിരുന്ന ഫോട്ടോ പോലുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ വരയുടെ ശക്തിയായി ഇന്നും പല വീടുകളിലെയും ആൽബങ്ങളിൽ
ഇരിപ്പുണ്ട്. വക്കത്തുള്ള മിക്കവാറും എല്ലാ കലാകാരന്മാരെയും പ്രാഥമികമായി അഭ്യസിപ്പിച്ചത് സഹദേവൻ സാർ ആയിരുന്നു. അല്പമൊക്കെ വരയ്ക്കുന്ന കുട്ടികളെ വെക്കേഷന് വരപ്പു പഠിക്കാൻ സഹദേവൻ സാറിന്റെ വീട്ടിൽ കൊണ്ട് വിടുന്നത് പതിവായിരുന്നു.
സിനിമയെക്കുറിച്ചുള്ള
അധ്യായങ്ങളിൽ ഒരു ബേബി ആർട്സ് നടേശൻ എന്ന കലാകാരനെക്കുറിച്ചു പറഞ്ഞത് വായനക്കാർ ഓർക്കുന്നുണ്ടാകും. കുട്ടിക്കാലത്തു തന്നെ വരയിൽ അതിശയകരമായ കഴിവ് തെളിയിച്ച നടേശൻ തന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് സഹദേവൻ സാറിന്റെ അടുത്ത് നിന്നായിരുന്നു. ഒരു കലാകാരൻ ആകുന്നതിനു മുൻപ് തന്നെ പലവിധ ബിസിനസുകളിൽ ഏർപ്പെടുകയും ഒടുവിൽ ആർട്ടിസ്റ്റ് നടേശൻ സിംഗപ്പൂരിൽ പോവുകയും ചെയ്തു. അവിടെ കുറെ വർഷങ്ങൾ നിന്നശേഷം അദ്ദേഹം തിരികെ കേരളത്തിലെത്തി. ചെയ്യുന്ന കാര്യങ്ങളിൽ മനസ്സുറയ്ക്കുന്നുണ്ടായിരുന്നില്ല.
മദ്രാസിൽ കലാകാരന്മാർക്ക് പ്രത്യേക അവസരങ്ങൾ ലഭിക്കും എന്ന് കരുതി മദ്രാസിലേക്ക് പോയി. അവിടെയും അധികനാൾ നില്കാതെ വക്കത്തേയ്ക്ക് തന്നെ തിരികെ പോന്നു. ഇതിനിടെ ഒരു സർക്കാർ സ്കൂളിൽ ഡ്രായിങ്
അധ്യാപകനായി ജോലിയും കിട്ടി. പക്ഷെ അദ്ദേഹത്തിന് ഒരു സ്ഥാപനത്തിൽ ആരുടേയും കീഴിൽ പ്രവർത്തിക്കാനുള്ള ശീലം ഇല്ലായിരുന്നു. ഒരു കലാകാരന്റെ സ്വാതന്ത്ര്യം അനുഭവിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഒടുവിൽ ബേബി ആർട്ട്സ് എന്ന പേരിൽ ഒരു കലാ സ്റ്റുഡിയോ ആരംഭിക്കുന്നത്. സഹദേവൻ സാറിനെപ്പോലെ തന്നെ പോർട്രേറ്റുകൾ വരയ്ക്കുന്നതിലായിരുന്നു ആർട്ടിസ്റ്റ് നടേശന് താത്പര്യം. പക്ഷെ അദ്ദേഹം ഗുരുവിനെ ഒരു സ്റ്റെപ്പ് കടത്തിവെട്ടിക്കൊണ്ട് ഇനാമൽ എന്ന മാധ്യമത്തിലും പോർട്രേറ്റുകൾ വരയ്ക്കാൻ തുടങ്ങി. സ്വതന്ത്രകലാകാരനായി ജീവിക്കാൻ ഉദ്ദേശിച്ചു കൊണ്ട് തന്നെ തന്റെ പ്രവർത്തനങ്ങൾ വർക്കലയിലേയ്ക്ക് മാറ്റുകയും താമസിയാതെ ബേബി ആർട്ട്സ് വർക്കലയിലെ ഏറ്റവും പ്രശസ്തമായ കലാ സ്റ്റുഡിയോ ആയി മാറുകയും ചെയ്തു. ഈ സന്ദർഭത്തിലാണ് പിൽക്കാലത്ത്
പ്രധാനപ്പെട്ട മലയാള സിനിമാ സംവിധായകനായ ജോഷിയും രാഷ്ട്രീയ നേതാവായിരുന്ന ജി കാർത്തികേയനും ഒക്കെ
ബേബി ആർട്ട്സിലെ സന്ദർശകർ ആകുന്നതും ആർട്ടിസ്റ്റ് നടേശന്റെ ശിഷ്യരും സുഹൃത്തുക്കളും ആകുന്നതും.
(ഷിബു നടേശന്റെ പെയിന്റിങ്)
സ്വതന്ത്ര
കലാകാരന്മാര്ക്ക് വളരാനുള്ള മണ്ണ് വക്കത്ത് ഉണ്ടായിരുന്നില്ല. കൊമേഷ്യൽ അഥവാ തൊഴിൽ പരമായ കല, വിപണിയ്ക്ക് വേണ്ടിയുള്ള കല ചെയ്യാതെ ഒരു
കലാകാരന് അതിജീവിക്കാൻ കഴിയാത്ത ഒരു അവസ്ഥയായിരുന്നു അവിടെ. കൂടാതെ കലയെക്കുറിച്ചു കൂടുതൽ പഠിക്കാനുള്ള അവസരങ്ങളും ഗ്രാമങ്ങളിൽ ഇല്ലാതായി. സഹദേവൻ സാർ എന്ന സ്രോതസ്സിൽ നിന്ന് ലഭിക്കുന്നതിന് ഒരു പരിമിതിയുണ്ടായിരുന്നു. ഒരു കലാകാരൻ എന്നാൽ എന്തായിരിക്കണം എന്നതിന് ചങ്ങമ്പുഴയിൽ നിന്ന് സ്വീകരിച്ച ചില ഗുണങ്ങളായിരുന്നു ആളുകൾ കണ്ടിരുന്നത്. സ്വപ്നജീവി ആയിരിക്കണം. സുന്ദരനായിരിക്കണം. നിശബ്ദനും ദുഖിതനും ആയിരിക്കണം. പ്രണയപരവശനായിരിക്കണം. സിൽക് ജൂബയും വെളുത്ത മുണ്ടും ധരിക്കണം വിദൂരതയിൽ നോക്കി ഇരിക്കണം. ബീഡിയോ സിഗരറ്റോ വലിക്കണം. പക്ഷെ വിശക്കുമ്പോൾ എന്ത് ചെയ്യും. ചങ്ങമ്പുഴയെക്കുറിച്ചു എം എൻ വിജയൻ
പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്.എറണാകുളത്തെ ഒരു തുണിക്കടയിൽ എന്നും വൈകുന്നേരം ചങ്ങമ്പുഴ ചെന്നിരിക്കും. ആസ്വാദകനാണ് കടമുതലാളി. കടയുടെ ഒത്ത നടുക്ക് കസേര വലിച്ചിട്ട്, സിൽക് ജൂബയും മുണ്ടും ധരിച്ച്, കാലിന്മേൽ കാലും കയറ്റി വെച്ച്, നോക്കൂ, ചങ്ങമ്പുഴ ഇതാ ഇരിക്കുന്നു, വേണ്ടുവോളം കണ്ടു കൊള്ളൂ, എന്നായിരുന്നു ആ ഇരിപ്പിന്റെ അർഥം.
പോക്കറ്റിൽ നാലണ കാണില്ല, പക്ഷെ ആതവിശ്വാസവും രാജകീയതയും അതിഗംഭീരമായിരുന്നു. കലാകാരന്മാർ അക്കാലത്ത് ഒരു ചങ്ങമ്പുഴ ലൈനിൽ ആയിരുന്നു.
ഇങ്ങനെയൊക്കെ
നടക്കുമ്പോഴും വയറു വിശക്കുമല്ലോ. വിശക്കുമ്പോൾ എന്ത് ചെയ്യും? തൊഴിൽ ചെയ്തേ കഴിയൂ. അങ്ങനെയാണ് അക്കാലത്തെ മിക്കവാറും കലാകാരൻമാർ കൊമേഷ്യൽ ആർട്ടിസ്റ്റുകൾ ആയത്. ചിലർ സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു, ചിലർ ബോർഡെഴുത്തിലേയ്ക്ക് തിരിഞ്ഞു. മറ്റു ചിലർ പ്രോട്രേറ്റുകൾ വരച്ചു. ഗ്രാമപ്രദേശങ്ങളിൽ ഒരു ഫോട്ടോ പോലും അവശേഷിപ്പിക്കാതെ മരിച്ചു പോയ ആളുകളുടെ ശവശരീരം നോക്കി ചിത്രം വരയ്ക്കുന്ന കലാകാരന്മാർ പോലും അക്കാലത്തുണ്ടായിരുന്നു. വക്കത്തുള്ളവർക്ക് പിന്നീട് പരിചയമുണ്ടാകുന്ന പേര് 'പ്രഭൻ' ആർട്ട്സ് എന്നായിരുന്നു. കൊല്ലി മുക്കിൽ എത്തുന്നതിനു തൊട്ടു മുൻപുള്ള ഒരു രണ്ടു നില കെട്ടിടത്തിന്റെ കിഴക്ക് അഭിമുഖമായ ചുമരിൽ പ്രഭാകരൻ എന്ന പ്രഭൻ, ചെറുപ്പക്കാരനായ ഒരു കലാകാരൻ ഒരു പെൺകുട്ടിയുടെ ചിത്രം ആറടി വലുപ്പത്തിൽ വരച്ചിട്ടു. അതായിരുന്നു കുറേക്കാലത്തേയ്ക്ക് വക്കത്തുകാർക്ക് ഏറ്റവും മികച്ച ചിത്രം. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ പ്രഭൻ ആ ചിത്രം മാറ്റി
വരച്ചു. ഇത്തവണ വരച്ചത് പ്രശസ്ത സിനിമാതാരം സത്യന്റെ ഒരു ഛായാചിത്രം ആയിരുന്നു. ചിരിച്ചു കൊണ്ടിരിക്കുന്ന ആ നടന്റെ മുഖത്തിനു
റോസ് നിറമായിരുന്നു. ആളുകൾ ആ ചിത്രത്തെ നോക്കി
നടന്നത് ഒരു കാലം. പിന്നെ പ്രഭം ഗൾഫിലേക്ക് പോയി അവിടെ കൊമേഷ്യൽ ആർട്ട്സിൽ വിജയിച്ചു.
(ഷിബു നടേശന്റെ പെയിന്റിങ്)
നിശബ്ദമായി
കലാപ്രവർത്തനം നടത്തി വന്നിരുന്ന നാല് പേർ
കൂടി വക്കത്തുണ്ടായിരുന്നു പിന്നീട്. ഒരാൾ പടിഞ്ഞാറെയുള്ള റഹിം എന്ന കലാകാരനായിരുന്നു. ധാരാളം ചിത്രങ്ങൾ വരച്ചിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ജനങ്ങൾക്ക് കാണാൻ അവസരമുണ്ടായത് ചുമരെഴുത്തിന്റെയും തെരെഞ്ഞെടുപ്പ് ചിഹ്നങ്ങളുടെയും രൂപത്തിലായിരുന്നു. അദ്ദേഹത്തിനും പിന്നീട് ഗൾഫിലേക്ക് പോയി ജീവിതം കരുപ്പിടിപ്പിക്കേണ്ടി വന്നു. മൂന്നാലും മൂട്ടിലേയ്ക്ക് പോകുന്ന വഴിയ്ക്ക് മുരളി എന്നൊരു യുവാവ് ഏകദേശം ആർട്ടിസ്റ്റ് റഹീമിന്റെ തന്നെ അതെ ജീവിത ശൈലി പിന്തുടർന്നു. കുട്ടികൾക്ക് ഡ്രായിങ് ക്ളാസ് നൽകുന്നത്
കൂടാതെ ധാരാളം കൊമേഷ്യൽ വർക്കുകളും സ്ലൈഡുകളും ചെയ്തു. തികഞ്ഞ കലാകാരനായിത്തന്നെയാണ് ജീവിച്ചത്. മർഫി എന്നൊരു യുവാവും നന്നായി വരയ്ക്കുമായിരുന്നു. തെരെഞ്ഞെടുപ്പ് കാലം വന്നാൽ മാത്രം ആളുകൾ കാണുന്ന കലാകാരന്മാർക്ക് ജീവിതം ദുസ്സഹമായി തോന്നുന്നതിൽ എന്തത്ഭുതം. മുഴുവൻ സമയകലാകാരനായി ജീവിക്കാൻ ശ്രമിച്ച ഒരാളാണ് വിഘ്നേശ്വരൻ എന്ന ആളിന്റെ മൂത്തമകനായ രാജാനന്ദ്. പഴയ സൊസൈറ്റിയുടെ പിന്നിലുള്ള പഴയൊരു വലിയ വീട്ടിലായിരുന്നു രാജാനന്ദ് താമസിച്ചത്. ആ വീടിന്റെ ഒരു
മുറി തന്റെ സ്റ്റുഡിയോ ആയി പരിവർത്തിപ്പിച്ചിരുന്നു. ആധുനികതയും ദുരൂഹതയും ഒക്കെ ചേർന്ന തികച്ചും കലുഷമായ ഒരുതരം കലയാണ് രാജാനന്ദ് ചെയ്തിരുന്നത്. പക്ഷെ ഒരു കലാകാരൻ എന്ന നിലയിൽ വക്കത്ത് അതിജീവിക്കാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല.
പുത്തൻ
നടയ്ക്കടുത്ത് മണികണ്ഠവിലാസത്തിലായിരുന്നു
ബേബി ആർട്ട്സ് ആർട്ടിസ്റ്റ് നടേശൻ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും ഇളയ മകനായിരുന്ന ഷിബു റൈറ്റർ വിള സ്കൂളിൽ പഠിക്കുന്ന
കാലത്ത് തന്നെ വഴിയിലുള്ള കയ്യാലകളിൽ ചിത്രങ്ങൾ വരച്ചിടുമായിരുന്നു. ബസ്സുകൾ, കാറുകൾ, ആന എന്നതൊക്കെയായിരുന്നു വിഷയം. അതിശയകരമായ
രൂപസാദൃശ്യവും കൈത്തഴക്കവും ഷിബുവിന് ഉണ്ടായിരുന്നു. സഹപാഠികളും കളിക്കൂട്ടുകാരും ഒക്കെ, ഒരു വള്ളിനിക്കറും ഇട്ടു നിന്ന് വരയ്ക്കുന്ന ഷിബുവിനെ നോക്കി നിൽക്കും. അതുപോലെ ആർക്കും വരയ്ക്കാൻ കഴിഞ്ഞില്ല. വൈകുന്നേരമായാൽ ഷിബു പുത്തൻ നടയിലെ ശീവേലിയ്ക്ക് കൊടിപിടിക്കാൻ പോകും. അങ്ങനെയിരിക്കെ ആർട്ടിസ്റ്റ് നടേശൻ വർക്കലയിലേയ്ക്ക് സ്ഥലം മാറിപ്പോകുന്നു. ഷിബുവും പോയി വർക്കല ശിവഗിരി ഹൈസ്കൂളിൽ ചേരുന്നു. അവിടെയും വരപ്പ് തന്നെയായിരുന്നു ആ ബാലന് പ്രിയം.ഒഴിവുള്ള സമയങ്ങളിൽ വീട്ടിനടുത്തുള്ള കാവിലിരുന്ന് ദിവാസ്വപ്നങ്ങൾ കാണും, നോട്ടു പുസ്തകങ്ങളിൽ ചിത്രം വരയ്ക്കും. വൈകുന്നേരമായാൽ 'ഗണപതേ മാ പാലയ ഗൗരി
തനെയാ" എന്നുള്ള പാട്ടൊക്കെ പാടി കമ്പടി കളിയ്ക്കും. കുന്നിൻ ചെരുവിലെ ഓവിൽ കുളിയ്ക്കാൻ പോകും. തിരികെ വരുമ്പോൾ കണ്ണമ്പ എന്ന സ്ഥലത്തു നിന്ന് നല്ല കളിമണ്ണ് കൊണ്ട് വരും. പിന്നെ ആ കളിമണ്ണ് ഗണപതിയും
ശിവനും ഒക്കെ ആയി മാറുന്നതാണ് കാണുന്നത്. അച്ഛന്റെ സ്റ്റുഡിയോയിൽ നിന്ന് ഇനാമൽ പെയിന്റ് എടുത്ത് അടിച്ച് ആ ശില്പങ്ങളെ കമനീയമാക്കും.
ചിലർ അവയെ പൂജിക്കാൻ ചോദിക്കും. ഷിബു അവയെ ഓവിനു മുകളിലുള്ള കുന്നിൽ കൊണ്ട് പോയി താഴേയ്ക്ക് ഉരുട്ടും. ചെറിയൊരു നാറാണത്ത് ഭ്രാന്തൻ.
(ഷിബു നടേശന്റെ പെയിന്റിങ്)
യഥാതഥ
ചിത്രണത്തിൽ ദൈവീകം എന്ന് പറയാവുന്ന തരത്തിലുള്ള കയ്യടക്കം ഷിബുവിനുണ്ടായിരുന്നു. പിതാവിന്റെ സ്റ്റുഡിയോയിൽ ചെന്നിരുന്ന് ഒരടി വീതിയും നീളവുമുള്ള ഹാർഡ് ബോർഡ് കഷണങ്ങളിൽ ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് സിനിമാ താരങ്ങളുടെയും ദൈവങ്ങളുടെയും ചിത്രങ്ങൾ വരയ്ക്കും. പത്താം ക്ലാസ്സ് കഴിയുമ്പോഴേയ്ക്കും ഷിബു സമാന്തര കലാ സിനിമയിലും കവിതയിലും സാഹിത്യത്തിലും തത്പരനായി. അതെ സമയം വക്കത്ത് സഹദേവൻ സാറിന്റെ അടുത്ത് ഡ്രായിങ് പഠിക്കാൻ പോവുകയും ചെയ്തു. താമസിയാതെ തിരുവനന്തപുരം ഫൈൻ ആർട്സ്
കോളേജിൽ ചിത്രകലാ ബിരുദ വിദ്യാർത്ഥിയായി ചേരുകയും ചെയ്തു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ വക്കത്ത് നിന്ന് പോകുന്ന ആദ്യത്തെ വിദ്യാർത്ഥി കൂടിയായിരുന്നു ഷിബു. തിരുവനന്തപുരമാണ് ഷിബുവിനെ പുതിയൊരു കലാകാരനായി വാർത്തെടുക്കുന്നത്. അന്ന് വരെ യഥാതഥ ചിത്രണത്തിൽ കഴിവ് കാട്ടിയിരുന്ന ഷിബുവിന് ലോക ക്ലാസിക്കുകൾ കണ്ടതോടെ തന്റെ കലയിൽ വരേണ്ട മാറ്റത്തെക്കുറിച്ചുള്ള ബോധം ഒരു പ്രളയം പോലെ വന്നു കയറി. സ്വയം അഴിച്ചു പണിയലിന്റെ ദിനങ്ങളായിരുന്നു അവ. ഒരു കുട്ടിയെപ്പോലെ വരയ്ക്കാനാണ് ഏറ്റവും പ്രയാസം എന്ന് പറഞ്ഞ പിക്കാസോയെപ്പോലെ തന്നിലെ കുട്ടിയെക്കൂടിയും ഷിബു അഴിച്ചു പണിഞ്ഞു. നിറങ്ങൾക്കും വരയ്ക്കും ജീവനുണ്ടെന്നും അതിലൂടെയാണ് ലോകത്ത് കല ഉണ്ടായിരുന്നതെന്നും യഥാതഥ ചിത്രണം
മാത്രമല്ല കല എന്നും ഷിബു
മനസ്സിലാക്കി. അഞ്ചുവർഷം കഴിയുമ്പോഴേയ്ക്കും ബിരുദധാരിയാണ് ആത്മവിശ്വാസമുള്ള ഒരു കലാകാരനായും ആ യുവാവ് ഫ
ആർട്ട്സ് കോളേജിൽ നിന്ന് പുറത്തിറങ്ങി.
ഒന്നോ
രണ്ടോ വർഷം തിരുവനന്തപുരത്ത് സ്വതന്ത്രകലാകാരനായി ജീവിച്ചശേഷം ഷിബു ബറോഡയിൽ ഉപരിപഠനത്തിനായി പോയി. അവിടെ ഗ്രാഫിക് ആർട്സിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം സ്വതന്ത്രകലാകാരനായി പ്രവർത്തനം ആരംഭിക്കുകയും ബോംബെയിലും ബറോഡയിലും പ്രദർശനങ്ങൾ നടത്തുകയും ചെയ്തു. ലോകത്തെ പരുവപ്പെടുത്തി ചരിത്രത്തിന്റെ ഉള്ളടരുകൾ ആയിരുന്നു ഇക്കാലത്ത് ഷിബു തന്റെ കലയിലൂടെ അന്വേഷിച്ചു കൊണ്ടിരുന്നത്. പിന്നെ ആംസ്റ്റർഡാമിൽ റായ്ക്ക്സ് അക്കാദമിയിൽ വീണ്ടും
പഠനത്തിനായി പോയി. അവിടെ ചെലവഴിച്ച വർഷങ്ങളിൽ ഷിബു തികച്ചും അന്താരാഷ്ട്ര തലത്തിലുള്ള ഒരു കലാകാരനായി വളർന്നു. മീഡിയാറ്റിക് റീയലിസം എന്ന ശൈലി ഇന്ത്യയിൽ തുടങ്ങി വെയ്ക്കുകയും അനേകം കലാകാരന്മാർക്ക് പ്രചോദനമാവുകയും ചെയ്തത് ഷിബു ആയിരുന്നു. ലോകമെമ്പാടും പ്രദർശനങ്ങൾ നടത്തുകയും അതോടൊപ്പം തന്റെ കലയിൽ അസാമാന്യമായ പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ഷിബു, ഷിബു നടേശൻ എന്ന പേരിൽ ലോകപ്രശസ്തനായി. ഇന്ത്യൻ പെയിന്റർ എന്ന വാക്കിന് ഉത്തരാധുനിക കാലത്ത് പലവിധ നിർവചന ബഹുലതകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ റാം കിങ്കർ ബെയ്ജ്, എ രാമചന്ദ്രൻ, കെ
ജി സുബ്രമണ്യൻ എന്നിങ്ങനെയുള്ള ഒരു പരമ്പരയുടെ അവസാനത്തെ കണ്ണിയായാണ് ഷിബു നടേശൻ ദേശീയ-അന്തർദ്ദേശീയ ചിത്രകലയിൽ നിലനിൽക്കുന്നത്.
(ഷിബു നടേശന്റെ പെയിന്റിങ്)
മീഡിയാറ്റിക്
റീയലിസം എന്ന ശൈലി ഫോട്ടോയിലൂടെയും ഇതരമാധ്യമങ്ങളിലൂടെയും ലഭ്യമായ ഇമേജുകൾ വിവിധ തലങ്ങളിൽസ്വതന്ത്രമായി കൂട്ടിച്ചേർത്ത് പുതിയൊരു യാഥാർഥ്യം സൃഷ്ടിച്ചെടുക്കുകയായിരുന്നു
എങ്കിൽ അതിന്റെ അടുത്ത പടിയായി ഷിബു നടേശൻ 'ആർക്കൈവൽ റീയലിസം' എന്നൊരു ശൈലി സ്വയം സൃഷ്ടിച്ചെടുത്തു. പുരാതനമായ ആൽബങ്ങളിൽ ഉള്ള മനുഷ്യർക്ക് പെയിന്റിങ് എന്ന മാധ്യമത്തിനുള്ളിൽ ഒരു അപര ജീവിതം സാധ്യമാക്കുകയായിരുന്നു അദ്ദേഹം. ഈ രീതിയിൽ അദ്ദേഹം
വരച്ച കുമാരൻ ആശാന്റെ ഛായാചിത്രം വളരെ പ്രശസ്തമാണ്. കറുത്ത മനുഷ്യരുടെ സംഗീതത്തിലും ചരിത്രത്തിലും വിമോചനപ്പോരാട്ടത്തിലും താത്പര്യമെടുത്ത ഷിബു നടേശൻ ആ ജീവിതങ്ങളിലൂടെ ലോകത്തെമ്പാടുമുള്ള
മർദ്ദിത ജനതയുടെ ചിത്രചൈതന്യം സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ജലച്ചായത്തിൽ ഉണ്ടായ അനിർവചനീയമായ ഭ്രമം, തത്കാലത്ത് തന്നെ അദ്ദേഹം നടത്തിയിരുന്ന ആത്മീയാന്വേഷണങ്ങളുടെ പാതയിൽ കലാമാധ്യമമായി മാറി. മീഡിയാറ്റിക് റീയലിസത്തെ പൂർണ്ണമായും ഉപേക്ഷിച്ച അദ്ദേഹം തുറന്ന ഇടങ്ങളെ വരയ്ക്കാൻ തുടങ്ങി. ജാപ്പനീസ് ചിത്രകാരന്മാരും ചൈനീസ് ചിത്രകാരന്മാരും നൂറ്റാണ്ടുകൾക്ക് മുൻപ് പ്രകൃതിയിലേക്ക് നോക്കിയിരുന്നത് പോലെ ധ്യാനാത്മകമായ ഒരു ഇടപെടൽ ഷിബു
പ്രകൃതിയുമായി നടത്തി. അതിന്റെ ഫലമായാണ് അദ്ദേഹം ഇപ്പോൾ അഭിരമിക്കുന്ന പ്രകൃതിവിതാനങ്ങളുടെ ജൈവജീവിതം കലയിലൂടെ എങ്ങനെ വ്യഞ്ജിപ്പിക്കാം എന്ന രീതിയിൽ ഉള്ള ചിത്രങ്ങൾ ഉണ്ടാകുന്നത്. ചരിത്രത്തിൽ ആഘോഷിക്കപ്പെടുന്നതല്ല, ജൈവജീവിതത്തിൽ നിന്ന് കണ്ടെടുക്കപ്പെടുന്നതാണ് കല എന്ന് അദ്ദേഹം
പറയുന്നു. ഒരു ചിത്രം വരയ്ക്കുകയല്ല, പ്രകൃതി തന്നെ അതിനായി സജ്ജമാക്കുകയാണെന്ന് ഷിബു നടേശൻ വിശ്വസിക്കുന്നു. ഒരു ജീപ്പിൽ ചിത്രം വരയ്ക്കാനുള്ള സാമഗ്രികളും കെട്ടി വെച്ച് അദ്ദേഹം ഇന്ത്യയിലും വിദേശത്തുമൊക്കെ നിരന്തരം യാത്ര ചെയ്ത് ചിത്രം വരച്ചു കൊണ്ടിരിക്കുന്നു.
(ജോഷ് പി എസ്സിന്റെ പെയിന്റിങ്)
ഷിബു
നടേശന് ശേഷം വക്കം ഒരു പ്രൊഫെഷണൽ ആർട്ടിസ്റ്റിനെക്കൂടി സൃഷ്ടിച്ചു. വിചിത്രമെന്നു പറയട്ടെ ആ കലാകാരനും ജനിച്ചത്
പുത്തൻ നടയ്ക്കടുത്ത് തന്നെ. കഴിഞ്ഞ ഒരു അധ്യായത്തിൽ വക്കം യുവജന ജിംഖാന എന്ന സ്ഥാപനം നടത്തിയിരുന്ന ശങ്കരൻ എന്നൊരു വ്യക്തിയെക്കുറിച്ചു പറഞ്ഞിരുന്നല്ലോ. അദ്ദേഹം ഒരു കലാകാരൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ മായയും സായൂജിയും കുട്ടിക്കാലത്തു തന്നെ വരയ്ക്കുമായിരുന്നു. ഇളയമകനായ ജോഷ് പക്ഷെ വരയിൽ അല്പം വ്യത്യസ്തനായിരുന്നു. മനുഷ്യരുടെ സൈഡ് വ്യൂ അഥവാ പ്രൊഫൈൽ വരയ്ക്കുക എന്നതായിരുന്നു ജോഷിന്റെ ഇഷ്ട വിനോദം. പഠിക്കാനിരിക്കുമ്പോഴും ജോഷ് സഹോദരങ്ങളുടെയും ഭാവനയിൽ കണ്ട മനുഷ്യരുടെയും ഒക്കെ സൈദ് വ്യൂ നോട്ട് ബുക്കിൽ വരച്ചു വെച്ചു. ഒരിക്കൽ അവൻ ശ്രീനാരായണ ഗുരുവിന്റെ ഒരു ചിത്രം വരയ്ക്കുകയായിരുന്നു. ജോഷിന്റെ സംശയങ്ങളൊക്കെ തീർക്കാൻ അടുത്തുള്ള മറ്റൊരു വരപ്പുകാരൻ വരുമായിരുന്നു. അവൻ വന്നു കൈവെച്ചതോടെ ശ്രീ നാരായണ ഗുരു കൈവിട്ടു പോയി എന്ന് പറയാം. തിരിച്ചു പിടിക്കാൻ കഴിയാത്ത വിധം ഗുരു ആ ചിത്രത്തിൽ നിന്നിറങ്ങിപ്പോയി
എന്നാണ് പിൽക്കാലത്തു ആ ചിത്രപരീക്ഷണത്തെക്കുറിച്ചു പറഞ്ഞത്.
ഗുരുവിനെ
വരച്ചു ശരിയാക്കാൻ കഴിയാത്ത മകന് ഇനി വേണ്ടത് ഒരു ഗുരുവിന്റെ സാന്നിധ്യമാണെന്നു മനസ്സിലാക്കിയ ശങ്കരൻ ജോഷിനെ കൊണ്ട് ചെന്ന് സഹദേവൻ സാറിന്റെ അടുത്ത് ഡ്രായിങ് പഠിക്കാൻ ആക്കി. പത്താം ക്ലാസ്സ് പാസ്സായതിനു ശേഷം ജോഷ് ഫസ്റ്റ് ഗ്രൂപ്പെടുത്ത് പ്രീ ഡിഗ്രിയ്ക്ക് വർക്കല എസ് എൻ കോളേജിൽ ചേർന്നു.
എന്തായാലും തന്റെ ഭാവി ഫൈൻ ആർട്ട്സ് കോളേജിൽ തന്നെയായിരിക്കും എന്ന് തീർച്ചപ്പെടുത്തി ജോഷ് തിരുവനന്തപുരത്ത് ചിത്രകല പഠിക്കാൻ ചേർന്നു. ബിരുദമെടുത്ത ശേഷം ഉപരിപഠനം ലക്ഷ്യമാക്കി ഡൽഹിയിലേക്ക് വണ്ടി കയറി. ഒരു കാര്യം ഉറപ്പായിരുന്നു. വക്കത്ത് നിന്ന് ചിത്രം വരച്ച ശേഷം ആരെങ്കിലും മുഴുവൻ സമയകലാകാരൻ ആയില്ലെങ്കിൽ അതിനു കാരണം അവർക്ക് വക്കം വിട്ടു പോകാനുള്ള ഇച്ഛാശക്തി ഇല്ലാത്തതായിരുന്നു. ഒരു പക്ഷെ സന്ദര്ഭങ്ങളും ഒത്തുവന്നിട്ടുണ്ടാകുമായിരുന്നില്ല.
അവർ പുറത്ത് പോയത് തൊഴിൽ തേടിയായിരുന്നു. പക്ഷെ ഷിബുവും ജോഷും ഒക്കെ പുറത്തേയ്ക്ക് പോയത് ഉപരിപഠനത്തിനായും മുഴുവൻ സമയകലാകാരന്മാർ ആകാനും വേണ്ടിയായിരുന്നു.എങ്ങനെ പണമുണ്ടാക്കും എങ്ങനെ ജീവിക്കും എന്നതൊന്നുമായിരുന്നില്ല അവരെ അലട്ടിയത്. ആ അലട്ടൽ ജീവിതത്തിൽ
നിന്ന് മാറ്റി വെച്ച് ഡൽഹിയിലെത്തിയ ജോഷിനു രണ്ടു വര്ഷം ചെറിയ ആർട്ട് വർക്കുകൾ ചെയ്തു ഡൽഹിയിൽ ജീവിക്കാനുള്ള തുക കണ്ടെത്തേണ്ടിവന്നു. പിന്നെയാണ് ജാമിയ മില്ലിയാ ഇസ്ലാമിയയിൽ ചിത്രകലയിൽ ഉപരിപഠനത്തിനായി അഡ്മിഷൻ ലഭിച്ചത്.
ഡൽഹിയിൽ
പകുതി തൊഴിലാളിയും മുഴുവൻ സമയ കലാകാരനുമായും ജീവിക്കുമ്പോൾപ്പോലും ജോഷ് ചിന്തിച്ചിരുന്നത് എങ്ങനെ ലോകം ശ്രദ്ധിക്കപ്പെടുന്ന ഒരു ചിത്രകാരൻ ആകാം എന്നായിരുന്നു. ഡൽഹിയിലെ ലളിത കലാ അക്കാദമിയിലെ പുസ്തകങ്ങളിലൂടെ, ഇതര കലാകാരന്മാരുടെ ചിത്രങ്ങൾ കാണുന്നതിലൂടെ കൂട്ടുകാരുമായി സംവദിക്കുന്നതിലൂടെ ജോഷ് മുഴുവൻ സമയകലാകാരനാകാനുള്ള തയാറെടുപ്പുകൾ നടത്തി. ചിത്രകലയിൽ എം എഫ് എയ്ക്ക്
പ്രവേശനം കിട്ടുമ്പോഴേയ്ക്കും കലയെക്കുറിച്ചു പഠിക്കാനുള്ളത് ജീവിതത്തിൽ നിന്ന് പടിച്ചു കഴിഞ്ഞിരുന്നു. പഠനം കഴിഞ്ഞ ശേഷം ഡൽഹിയിൽ തുടർന്ന ജോഷ് മുഴുവൻ സമയ കലാകാരനായി മാറി. ജീവിതം ദുർഘടമായിരുന്നു. ചെറിയ സ്റ്റുഡിയോയിൽ ചെറിയ വർക്കുകൾ ചെയ്യുമ്പോഴും വലിയ സ്റ്റുഡിയോയും വലിയ ജീവിതവും സ്വപ്നം കണ്ടു. ഒരു സവിശേഷ സന്ദർഭത്തിൽ ജോഷ് താൻ
ചെയ്ത ചിത്രങ്ങൾ മുഴുവൻ ഗ്യാലറിയുടെ മധ്യത്തിൽ അടുക്കിവെച്ച ശേഷം അവയുടെ ഫോട്ടോഗ്രാഫുകൾ ചുവരിൽ പതിച്ചു കൊണ്ട് കാലപ്രദര്ശനത്തിന്റെ സാധുതയെത്തന്നെ ചോദ്യം ചെയ്യുന്ന പ്രദർശനം നടത്തി. കാലാവസ്തുക്കൾ പെട്ടിയ്ക്കുള്ളിലിരുന്നു ദ്രവിക്കുന്നതാണെന്നു കാണിക്കാൻ വേണ്ടി തറയിൽ നിറയെ പാറ്റാഗുളികകൾ വിതറി.
കലാകാരന്മാരുടെ
ദുരിതകാലം അവസാനിക്കുന്ന കാലമായിരുന്നു പുതിയ നൂറ്റാണ്ട്. പഴയ നൂറ്റാണ്ടിൽ പണിയെടുത്തവർക്ക് പുതിയ നൂറ്റാണ്ട് ചില സമ്മാനങ്ങൾ കാത്തു വെച്ചിരുന്നു. കല ചെയ്തവന് പണമുണ്ടായ
കാലമായിരുന്നു അത്. എന്നാൽ അതിലും പിടിച്ചു നിൽക്കണമെങ്കിൽ നല്ല കല ചെയ്യണമായിരുന്നു. ജോഷ് സുതാര്യതയുടെ
ദാർശിനികത എന്ന വിഷയത്തെ അധികരിച്ചു കൊച്ചിയിലൊരു പ്രദർശനം നേരത്തെ ചെയ്തിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായൊരു നീക്കമായിരുന്നു അടുത്തത്. ചരിത്രത്തിൽ മനുഷ്യനെ എവിടെയൊക്കെ സ്വേച്ഛാധികാരികൾ മർദ്ദിച്ചൊതുക്കി, ചൂളകളിൽ കയറ്റിക്കൊല്ലുകയും വാളുകൾക്ക് ഇരയാക്കുകയും ചെയ്തുവോ അവയെയൊക്കെ ഓർമ്മിച്ചെടുക്കുന്ന തുരുമ്പിന്റെ നിറമുള്ള ചിത്രങ്ങൾ ജോഷ് വരച്ചു. അത് കലാലോകം ആവേശത്തോടെ സ്വീകരിച്ചു. ജോഷിനു എല്ലാക്കാലത്തും പ്രചോദനം ഷിബു നടേശൻ ആയിരുന്നു. അതിനാൽ അവരുടെ ആശയങ്ങൾ ഇടയ്ക്കിടെ കാണാവുന്ന അത്ര അകലത്തിൽ രണ്ടു പാളങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇന്ന് ജോഷിന്റെ പരീക്ഷണങ്ങൾ രേഖകളുടെ സംക്രമണത്തിലൂടെയും സ്വതന്ത്രസഞ്ചാരങ്ങളിലൂടെയും
എങ്ങനെ ഖരാവസ്ഥയിലുള്ള രൂപങ്ങളെ അതീതപ്പെടുത്തുന്ന അവ്യാകൃതമായ രൂപങ്ങളെ സൃഷ്ടിക്കുന്നുവെന്ന അവസ്ഥയിലൂടെ കടന്നു പോവുകയാണ്.
രാജ
രവിവർമ്മയേയും കാനായി കുഞ്ഞിരാമനെയും ഒരു പക്ഷെ അറിയാവുന്ന വക്കത്തുകാർക്ക് ഒരു പക്ഷെ ഷിബു നടേശനെയും ജോഷ് പി എസിനെയും അവരുടെ
വർക്കുകളെയും കണ്ടാൽ അറിയുമോ എന്നറിയില്ല .കാരണം അവർ റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജിമാരായോ ബിഗ് ബോസ്സ് പോലുള്ള പരിപാടികളിൽ പങ്കെടുക്കുന്നവരായോ വരാറില്ല. ഷിബു നടേശൻ ലണ്ടനിലും കേരളത്തിലും ഗുജറാത്തിലും ഒക്കെയായി തന്റെ സ്റ്റുഡിയോകളെ വിന്യസിച്ചിരിക്കുന്നു. ബറോഡയിലും മൈസൂരിലും ജയ്പൂരിലും ഒക്കെ യാത്ര ചെയ്തു വരച്ചിരുന്നു രവിവർമ്മയുടെയും രാജ രാജ വർമ്മയുടെയും അനന്തരഗാമിയാണ് ഷിബു നടേശനെന്നു തോന്നും, ശൈലി വ്യത്യസ്തമെങ്കിലും. രാജ രാജവർമ്മ പ്രകൃതിചിത്രണത്തിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നതെന്നും ഓർക്കണം. ജോഷ് പി എസ് ഡൽഹിയിലാണ്
തന്റെ സ്റ്റുഡിയോ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റുഡിയോ എന്ന് പറയുമ്പോൾ മനസ്സിൽ ഫോട്ടോ സ്റ്റുഡിയോ വരേണ്ട കേട്ടോ. ചിത്രാലയങ്ങളാണ് അവ. വക്കത്ത് നിന്ന് തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ ഒരു പെൺകുട്ടി പഠിക്കാൻ പോയ കഥയുണ്ട്. കണ്ണുനീറിയിലുള്ള ബീന-ബിന്ദു സഹോദരിമാരിൽ ബിന്ദു എം എസ്സാണ് ചിത്രകല പഠിക്കാൻ പോയത്. പക്ഷെ അവർ മുഴുവൻ സമയചിത്രകാരി ആയില്ല. കേരളത്തിൽ ചിത്രകല പഠിക്കാൻ പോയ അനേകം പെൺകുട്ടികൾക്ക് മുഴുവൻ സമയചിത്രകാരികൾ ആകാനുള്ള സാമൂഹിക സാംസ്‌കാരിക സാഹചര്യം ഇനിയും ഉണ്ടായിട്ടില്ലെന്ന് മാത്രം മനസ്സിലാക്കിയാൽ മതി.
- ജോണി
എം എൽ











Comments
Post a Comment