ഒരു ഗ്രാമത്തിന്റെ കഥ 18: പതിനെട്ടാം കമ്പനിയുടെ ഉത്ഥാനപതനങ്ങൾ
"എനിയ്ക്കറിയില്ല
എന്താണ് സംഭവിക്കുന്നതെന്ന്. ഒന്നിനും ഒരു ഉറപ്പില്ലാത്തത് പോലെ," അനിൽ രാജ് പറഞ്ഞു നിറുത്തിയ ശേഷം തന്റെ മുന്നിൽ നിൽക്കുന്ന കൂട്ടുകാരന്റെ മുഖത്തേയ്ക്ക് നോക്കി. അയാളും മാറിപ്പോയിരിക്കുന്നു. ഒരുമിച്ചു പഠിച്ചവൻ. താൻ എന്തായി, അവൻ എന്തായി, അനിൽ രാജ് ആലോചിച്ചു. കൂട്ടുകാരന് അനിൽ രാജിന്റെ ഉള്ളിലെ ആശങ്കകൾ ഏറെക്കുറെ മനസ്സിലാക്കാൻ കഴിഞ്ഞത് പോലെ. അവരിരുവരും കൊല്ലിമുക്കിലെ ഇന്ദിരാ ഗാന്ധി പ്രതിമയ്ക്ക് അരികിലുള്ള ഇലക്ട്രിക് പോസ്റ്റിലെ മഞ്ഞവെളിച്ചതിനു കീഴിൽ രണ്ടു നിഴലുകളെപ്പോലെ നിന്നു. അന്ന് സണ്ണിയുടെ കടയും മനോജിന്റെ മെഡിക്കൽ സ്റ്റോറും നജീബ് ഖാന്റെ ഫാൻസി സ്റ്റോറും വന്നിട്ടില്ല. പവർ കട്ടുള്ള ദിവസങ്ങളിൽ എപ്പോഴോ ആയിരുന്നു ആ കൂടിക്കാഴ്ച. എട്ടു
മണിമുതൽ ഒമ്പത് മണിവരെയാണ് കൊല്ലിമുക്ക് മുതൽ മുന്നോട്ട് കറണ്ട് പോകുന്നത്. മറ്റൊരിടത്ത് ഏഴ് മുതൽ എട്ടു വരെയാണ്. ഗ്രാമത്തിന്റെ ഒരു ഭാഗത്ത് വെളിച്ചവും മറുഭാഗത്ത് ഇരുട്ടും. അവർ അദൃശ്യമായ ഒരു രേഖയ്ക്കിരുപുറം മുഖത്തോടു മുഖം നോക്കി നിന്നു. അനിൽ രാജ് ഒരു സിഗരറ്റ് കൊളുത്തി; ഒന്ന് കൂട്ടുകാരനും നൽകി. നിശബ്ദരായി നിന്ന് അവർ ഇരുളിലേക്ക് പുകതുപ്പി. ഒടുവിൽ അവർ ഒരുമിച്ചു നടന്നു. അനിൽ രാജ് തോപ്പിലേയ്ക്ക് തിരിയുന്ന ഇടവഴിയിൽ കയറി. കയറും മുൻപ് അവൻ സുഹൃത്തിന്റെ കൈകൾ സ്വന്തം കൈക്കുള്ളിലാക്കി ഒരു നിമിഷം നിന്നു. "നീയെന്നു തിരികെ പോകും?" അനിൽ രാജ് ചോദിച്ചു. "ഒരാഴ്ച കൂടിയുണ്ട്," കൂട്ടുകാരൻ ഉത്തരം പറഞ്ഞു.
ഗ്രാമത്തിൽ
താൻ മാത്രമേ അനിൽ രാജിനെ ആ പേരിൽ വിളിക്കാറുള്ളൂ.
മനഃപൂർവമായിരുന്നു അത്. എല്ലാവരും അവനെ വിളിക്കുന്ന പേരിൽ തനിയ്ക്ക് അവനെ വിളിക്കാൻ താത്പര്യമില്ലായിരുന്നു. തനിയ്ക്ക് പ്രിയപ്പെട്ട ചാൾസ് ആണ് അവൻ. ഒരു പക്ഷെ ആ പേരിൽ അവനെ
വിളിച്ചാൽ അവൻ പോലും അത്ഭുതത്തോടെ നോക്കും, എന്നെയാണോ വിളിച്ചതെന്ന് അവന്റെ തീക്ഷ്ണമായ കണ്ണുകൾ ചോദിക്കും. അവൻ ചുണ്ടു കൂട്ടിപ്പിടിച്ചാൽ ഒരു പുലിയുടെ രൂപം അവന്റെ മുഖത്ത് തെളിഞ്ഞു വരുമായിരുന്നുവെന്ന് കൂട്ടുകാരൻ ഓർത്തു. അവൻ ഒരു പുലിയായിരുന്നു. വെറും പുലിയല്ല ഒരു പുപ്പുലി. കൂട്ടുകാരൻ ഇരുട്ടിലേക്ക് ചിരിച്ചു. അയാൾ ആ സ്‌കൂൾ
കാലം അറിയാതെ ഓർത്ത് പോയി. അന്നവർ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. മലയാളം പാഠപുസ്തകത്തിൽ അത്ലാന്റിക് സമുദ്രത്തിനു കുറുകെ ഒരു ഒറ്റയെഞ്ചിൻ വിമാനം പറത്തിയ ചെറുപ്പക്കാരനായ ഒരു വൈമാനികനെക്കുറിച്ചു പഠിക്കാനുണ്ടായിരുന്നു. അയാളുടെ പേര് ചാൾസ് ലിൻഡ്ബെർഗ് എന്നായിരുന്നു. കുട്ടികൾക്ക് താത്പര്യമുണർത്തുന്ന വിഷയം. അധ്യാപിക നീട്ടിയും കുറുക്കിയും ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പഠിപ്പിക്കുന്ന അതെ മട്ടിലാണ് പാഠം പഠിപ്പിച്ചത്. എങ്കിലും കുട്ടികൾ ബദ്ധശ്രദ്ധരായിരുന്നു. വിമാനം, കപ്പൽ, തീവണ്ടി ഇവയെക്കുറിച്ചുള്ള ഏത് കഥയും അവർക്ക് പ്രിയങ്കരങ്ങളായിരുന്നു.
ക്ളാസ് കഴിയാനുള്ള മണിയടിച്ചു. ഇനി ഏഴു മിനിറ്റ് ഇന്റർവെൽ അഥവാ ഇന്ററീൽ ആണ്. കുട്ടികൾ പൊതുവെ ക്ലാസ്സിലേക്ക് കയറാനുള്ള വഴിയേ അല്ല ക്ലാസ്സിൽ നിന്ന് പുറത്തു പോകുന്നത്. മിക്കവാറും ജന്നൽ ചാടിയായിരിക്കും അവർ പോകുന്നത്. ജനൽ ചാടുക എന്നത് സ്കൂളിലെ പ്രധാനവിനോദങ്ങളിൽ
ഒന്നായിരുന്നു. ജനൽ എന്നത് ചാടാനുള്ളതാണെന്നല്ലാതെ കാറ്റ് വരാനുള്ളതാണെന്ന് ആരും കരുതിയിരുന്നില്ല. അനിൽ രാജ് ജന്നൽ ചാടി, പിന്നാലെ പലരും ചാടി. അടുത്ത നിമിഷം കുട്ടികൾ കാണുന്നത് കൈകൾ രണ്ടും അന്തരീക്ഷത്തിൽ വിടർത്തിപ്പിടിച്ച് അനിൽ രാജ് സ്കൂളിന്റെ അങ്കണത്തിലൂടെ
പിന്നിലെ മൈതാനിയിലേയ്ക്ക് ഓടുന്നതാണ്. തിരികെ കയറാനുള്ള ബെൽ അടിക്കുന്നത് വരെ അവൻ ഒരു പക്ഷിയെപ്പോലെ അങ്ങനെ കൈകൾ വിരിച്ചു പറന്നു കൊണ്ടിരുന്നു. പക്ഷെ അവന്റെ കാലുകൾ നിലത്ത് തൊടുന്നുണ്ടായിരുന്നു എന്ന് മാത്രം. തിരികെ വന്നപ്പോൾ കൂട്ടുകാർ ചോദിച്ചു എന്തിനാണ് നീ അങ്ങനെ ഓടിയത്.
അനിൽ രാജ് പുഞ്ചിരിച്ചു. ഒരു വി വൈമാനികന്റെ പുഞ്ചിരി.
അവനൊന്നും പറഞ്ഞില്ല. എങ്കിലും നമ്മൾ ആദ്യം കണ്ട ആ സുഹൃത്തിനോട് അവൻ
രഹസ്യമായി പറഞ്ഞു, "ഞാൻ അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ വിമാനം പറത്തുകയായിരുന്നു." കൂട്ടുകാരൻ അരുമയായി അനിൽ രാജിനെ കെട്ടിപ്പിടിച്ചു കൊണ്ട് വിളിച്ചു, "ചാൾസ്." അവൻ തിരികെ വിളിച്ചു, "പൂച്ചേ."
സ്കൂളിൽ രഹസ്യങ്ങളില്ല. താമസിയാതെ അനിൽ രാജിന്റെ ഇരട്ടപ്പേര് ചാൾസ് ആണെന്ന് എല്ലാവരും അറിഞ്ഞു. പക്ഷെ അങ്ങനെ വിളിച്ചവരെയെല്ലാം അവൻ ഇടിച്ചു. അവന്റെ കൈയിൽ നിന്ന് ഒരു പ്രാവശ്യം ഇടി കൊണ്ടവരാരും പിന്നെ രണ്ടാമത് അവനെ അങ്ങനെ വിളിക്കാൻ ധൈര്യപ്പെട്ടില്ല. എങ്കിലും ഒരു കൂട്ടുകാരൻ മാത്രം അവനെ ചാൾസ് എന്ന് വിളിച്ചു. അവനെ മാത്രം അനിൽ രാജ് ഇടിച്ചില്ല. പിന്നെ വലിയൊരു ഇടിയനായി അനിൽ രാജ് വളർന്നപ്പോഴും ആ കൂട്ടുകാരനെ മാത്രം
അവൻ കാത്തു. അവനു എന്തെങ്കിലും പ്രശ്നം ഉള്ളതായിത്തോന്നിയാൽ സൈക്കിളുമെടുത്ത് അവിടെ പാഞ്ഞെത്താൻ അവൻ മടിച്ചില്ല. അപ്പോഴേയ്ക്കും അനിൽ രാജിനെ വക്കം എന്ന ഗ്രാമം മറ്റൊരു പേരിൽ അംഗീകരിച്ചു ഭയന്ന് കഴിഞ്ഞിരുന്നു. ആ പേരാണ് "തച്ചു".
അപ്പോഴും പഴയ കൂട്ടുകാരൻ തച്ചു എന്ന പേരിൽ അവനെ വിളിക്കാൻ വിസമ്മതിച്ചു. "അനിൽ രാജ്," കൂട്ടുകാർക്കൊപ്പം നിൽക്കുമ്പോഴും ആ കൂട്ടുകാരൻ ചെന്ന്
അവനെ വിളിക്കും. കൈയിൽ വടിവാൾ ഉണ്ടെങ്കിലും അത് ആരുടെയെങ്കിലും കൈയിൽ ഏല്പിച്ചിട്ട്, വക്കം സ്കൂളിലെ ചാൾസ്
ആയി മാറി അവൻ അടുത്തെത്തും. വക്കത്തെയും പരിസരത്തുള്ള ഗ്രാമങ്ങളെയും എന്തിനു മുംബൈയെപ്പോലും വിറപ്പിക്കാൻ കഴിഞ്ഞ സാഹസികനായ ഒരു ഗുണ്ടയായി അനിൽ രാജ് എന്ന തച്ചു വളർന്നു. അവന്റെ വളർച്ച സമൂഹത്തിൽ നിന്ന് മാറിയ ഏകപക്ഷീയമായ ഒരു വളർച്ച ആയിരുന്നില്ല. വക്കം എന്ന ഗ്രാമത്തിന്റെ, കേരളം എന്ന സംസ്ഥാനത്തിന്റെ പല മാറ്റങ്ങളും ഒരു
സാധാരണ ചെറുപ്പക്കാരൻ ഒരു ഗുണ്ടയായി മാറുന്നതിനുള്ള പശ്ചാത്തല രംഗം ഒരുക്കി.
വർഷം
1986. സംഭവബഹുലമായ എസ് എസ് എൽ സി പരീക്ഷയൊക്കെ
കഴിഞ്ഞു മധ്യവേനലവധി തുടങ്ങിയിരിക്കുന്നു. അനിൽ രാജിനൊപ്പം പഠിച്ചവരൊക്കെ ഇപ്പോൾ ആറ്റിങ്ങൽ കോളേജിലും വർക്കല എസ് എൻ കോളേജിലും ഒക്കെ
പ്രീ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥികൾ ആണ്. അനിൽ രാജ് ഐ ടി ഐയിലോ
മറ്റോ പഠിക്കാൻ പോയി എന്ന് കേട്ടു. ഇതിനിടെ കാമ എന്ന കരാട്ടെ സ്കൂളിന് സമാന്തരമായി
കൊല്ലിമുക്കിനടുത്ത് തുടങ്ങിയ കരാട്ടെ ക്ളാസ് പരിസരത്തുള്ള
കുറെയധികം കൗമാരക്കാരെ ആകർഷിച്ചു കഴിഞ്ഞിരുന്നു. ഏകദേശം അതെ കാലത്താണ് ശോഭനാ പ്രെസ്സിനു തൊട്ടടുത്തുള്ള കടയിൽ ഒരു റെസ്റ്ററന്റ് ആരംഭിക്കുന്നത്. പത്തോ പതിനഞ്ചോ രൂപ കൊടുത്താൽ നാല് പറോട്ടയും ഒരു വലിയ പ്ളേറ്റ് നിറയെ ബീഫും കിട്ടും. ജിമ്മിലും ഡോജോയിലും ഒക്കെ പോയിരുന്ന കൗമാരക്കാർ അവിടെ ഒത്തു കൂടും. നന്നായി ഭക്ഷണം കഴിയ്ക്കും, നന്നായി കരാട്ടെ പ്രാക്ടീസ് ചെയ്യും. കാമയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ പൊതുവായ ഗുണം അച്ചടക്കം ആയിരുന്നെങ്കിൽ കൊല്ലി മുക്കിലെ കരാട്ടെക്കാർ അച്ചടക്കമില്ലായ്മയ്ക്ക് ഉദാഹരണം ആയിരുന്നു. ക്ളാസ് തുടങ്ങുന്നതിന്
തൊട്ടു മുൻപ് വാം അപ്പ് ചെയ്യുന്നതിനായി അവർ യൂണിഫോം ഇട്ടുകൊണ്ട് റോഡിലൂടെ ഓടും. മാസ്റ്ററും അനിൽ രാജുമായിരുന്നു മുന്നിൽ. അവർ പ്രക്ഷേപിച്ചിരുന്ന ഊർജ്ജത്തിൽ വല്ലാത്തൊരു ഭീഷണി ഉണ്ടായിരുന്നു. ക്രമേണ ആ യുവാക്കളെ ജനങ്ങൾ
അല്പം ഭയത്തോടെ നോക്കാൻ തുടങ്ങി. ഈ ഒരു പശ്ചാത്തലത്തെ
ഊട്ടിയുറപ്പിക്കാൻ എന്നോണം കരിക്കു തൊണ്ടുകൾ റോഡിൽ ചിതറിക്കിടന്നു. അതിനർത്ഥം ഈ ചെറുപ്പക്കാർ ആരുടേയും
വീട്ടിൽക്കയറി കരിക്കിട്ടു കുടിക്കും എന്നതായിരുന്നു. തൊണ്ടുകൾ റോഡിലുപേക്ഷിച്ചത് , ആരെങ്കിലും ധൈര്യമുണ്ടെങ്കിൽ ചോദിക്കടാ എന്നൊരു വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടായിരുന്നു.
അങ്ങനെയിരിക്കെ,
എല്ലാവര്ക്കും പരിചയമുള്ള ഒരു യുവാവിന്റെ ഒരു പല്ല് നഷ്ടപ്പെട്ടതായി കാണപ്പെടുന്നു. ആളുകൾ ചോദിച്ചെങ്കിലും ആരും കൃത്യമായ ഉത്തരം പറഞ്ഞില്ല. ക്രമേണ അവൻ ആ പല്ലിന്റെ വിടവിൽ
കൃത്രിമപ്പല്ലു വെച്ചടച്ചു. എങ്കിലും ചോദ്യങ്ങൾ ബാക്കി നിന്നു. മറ്റൊരു ചെറുപ്പക്കാരന്റെ മുഖത്ത് വട്ടത്തിൽ ഒരു വലിയ പാട് കാണപ്പെട്ടു. അതിന്റെയും ഉറവിടം എന്തെന്ന് ആർക്കും അറിയില്ലായിരുന്നു. പക്ഷെ രഹസ്യങ്ങൾ അധികകാലം അങ്ങനെയിരിക്കില്ലല്ലോ. അത് ചോർന്നു. കരാട്ടെക്കാരും അല്ലാത്തവരുമായ ഒരു സംഘം ആളുകൾ അനിൽ രാജിന്റെ നേതൃത്വത്തിൽ തീവണ്ടിയിൽ കയറി അല്പം അകലെയുള്ള ഒരു ഗ്രാമത്തിൽ പോവുകയും അവിടെയുള്ള കുറെ യുവാക്കളെ വെടിപ്പായി തല്ലിയിട്ടു തിരികെ വരികയും ചെയ്തു. ആ ഓപ്പറേഷനിൽ പങ്കെടുത്തവരായിരുന്നു
മേൽപ്പറഞ്ഞ യുവാക്കൾ. അപ്പോൾ ഗ്രാമത്തിൽ അവിടെ നിന്നും ഇവിടെ നിന്നും ഒക്കെയായി അടക്കിപ്പിടിച്ച സ്വരത്തിൽ അവന്മാർ 'പതിനെട്ടാം കമ്പനിക്കാർ' ആണെന്ന് പറയുന്നത് കേൾക്കാൻ തുടങ്ങി. രാത്രികാലങ്ങളിൽ റോഡിൽ അട്ടഹാസവും ബഹളവും കുപ്പികൾ എറിഞ്ഞുടയ്ക്കുന്ന ശബ്ദങ്ങളും കേട്ടു. ആരും ചോദിച്ചില്ല. പകൽ സമയത്ത് ഈ ചെറുപ്പക്കാർ റോഡിൽ
നിന്ന് വിട്ടു നിന്നു. വൈകുന്നേരമാകുന്നതോടെ അവർ രംഗത്തിറങ്ങുകയും റോഡ് കീഴടക്കുകയും ചെയ്തു. കൂടെപ്പഠിച്ചവർ പോലും ഈ യുവാക്കളെ ഒഴിവാക്കാൻ
തുടങ്ങി. ഒരു ഗുണം ഉണ്ടായിരുന്നത്, ഈ യുവാക്കൾ ആരും
തന്നെ പെൺകുട്ടികളെ കമന്റടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തില്ല എന്നുള്ളതാണ്. അതിനാൽ ഇവർക്ക് റോബിൻ ഹുഡ് പ്രതിച്ഛായ ലഭിക്കുകയും ചെയ്തു.
"പതിനെട്ടാം
കമ്പനി" എന്ന പേര് ഔദ്യോഗികമായി അനിൽ രാജ് തന്റെ സംഘത്തിന് നല്കിയതാകാൻ വഴിയില്ല. ആ പേര് പല
ഗുണ്ടാ സംഘങ്ങൾക്കും പല നാടുകളിലും ഉണ്ടായിരുന്നതായി
കേട്ടിട്ടുണ്ട്. അതൊരു പരമ്പര അല്ലെങ്കിലും അങ്ങനെയൊരു ചരിത്രപശ്ചാത്തലം അതിനുണ്ട്. പതിനെട്ടര കവികൾ എന്ന് പറയുന്നത് പോലെയോ പതിനെട്ടാം പടി എന്ന് പറയുന്നത് പോലെയോ പതിനെട്ടടവ് എന്ന് പറയുന്നത് പോലെയോ ഒക്കെ പതിനെട്ട് എന്ന സംഖ്യയ്ക്ക് ബുദ്ധിസത്തിലും ഹിന്ദുയിസത്തിലും ഒക്കെയുള്ള പ്രാധാന്യം കൊണ്ടാകാം ഒരു സംഘം ഗുണ്ടകൾക്ക് പതിനെട്ടാം കമ്പനി എന്ന പേര് ഉണ്ടായി വന്നത്. പക്ഷെ കമ്പനി എന്ന പേര് തികച്ചും കൊളോണിയൽ കാലത്തിന്റെ സൃഷ്ടിയാണ്. ഈസ്റ്റ് ഇൻഡ്യാ കമ്പനിയിലൂടെയാണ് കമ്പനി എന്ന സംവിധാനം ഇന്ത്യയിൽ വരുന്നത്. പിന്നെ പല ഗുണ്ടാസംഘങ്ങളെയും വിശേഷിപ്പിക്കാൻ കമ്പനി എന്ന
പേര് ഉപയോഗിക്കുകയുണ്ടായി. വിചിത്രമെന്നു പറയട്ടെ പട്ടാളത്തിലും കമ്പനി എന്ന പ്രയോഗം ഉണ്ട്. കമ്പനിയ്ക്ക് അങ്ങനെ പറയുമ്പോൾ ആക്രാമകമായ ഒരു സ്വഭാവം താനേ വരുന്നതായി കാണാം. സംന്യാസിമാരുടെ കമ്പനിയെന്നോ ഭജനപ്പാട്ടുകാരുടെ കമ്പനിയെന്നോ പറയാറില്ല. അതെ സമയം ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിനെ ഡി കമ്പനി എന്നാണ്
വിളിക്കുന്നത്. കമ്പനിയുടെ അക്രമസ്വഭാവം പരിഗണിച്ചാകണം വക്കത്തെ ഗുണ്ടകളുടെ സംഘത്തിന്റെയും ആളുകൾ പതിനെട്ടാം കമ്പനി എന്ന് വിളിച്ചത്. ആ പേര് പതിഞ്ഞു.
അനിൽ രാജ് അതിനെ ഔദ്യോഗിക പേരായി സ്വീകരിച്ചു.
എല്ലാ
ഗ്രാമത്തിലും എല്ലാക്കാലത്തിലും ഗുണ്ടകളും ചട്ടമ്പികളും ഒക്കെ ഉണ്ടായിരിക്കും. ഏറ്റവും ദുർബലരായ മനുഷ്യരാണ് ചട്ടമ്പികൾ ആയി മാറുന്നതെന്ന് കാണാം. അവർക്ക് വേറെ ഒരു വഴിയും ഇല്ലാതാകുമ്പോൾ ആണ് ചട്ടമ്പികൾ ആകുന്നത്. ചിലരാകട്ടെ കേവലം തടിമിടുക്ക് കൊണ്ട് ചട്ടമ്പിത്തരം കാണിക്കും. ചിലർ അധികാരികളുടെ ആശ്രിതരായി നിന്ന് കൊണ്ട് ഗുണ്ടാപ്രവർത്തനം നടത്തും. ചിലരാകട്ടെ ചെയ്യുന്ന തൊഴിലിനു അനുസരിച്ചുള്ള ചട്ടമ്പിത്തരം കാണിക്കും. കുറച്ചു കള്ളുകുടിക്കുകയും ആരെയെങ്കിലും പിടിച്ചു രണ്ടടി കൊടുക്കുകയും പെണ്ണുങ്ങളുടെ കുട്ടയിൽ പിടിച്ചു വലിക്കുകയും കൊമ്പൻ മീശ വെയ്ക്കുകയും തോന്നുന്നേടത്ത് കിടക്കുകയും നല്ല ശരീര പുഷ്ടി സൂക്ഷിക്കുകയും ഒക്കെ ചെയ്യുന്നവർ ഗുണ്ടകളായി അറിയപ്പെടും. ഒരിടത്ത് ഒരു ഗുണ്ടാ വാഴുന്നെങ്കിൽ അതിനു കാരണം അയാളെ വെല്ലുവിളിക്കാൻ വേറെ ഗുണ്ടാ ഇല്ല എന്ന ഒറ്റക്കാരണത്താൽ ആണ്. എല്ലാ ഗുണ്ടകൾക്കും അറിയാവുന്ന ഒരു കാര്യമുണ്ട്, അതായത് ഒരു ദിവസം മറ്റൊരു ഗുണ്ടാ വന്നു തന്നെ ചവുട്ടിക്കൂട്ടുന്നത് വരേയുള്ളൂ തന്റെ അപ്രമാദിത്വം. ഇടയ്ക്കിടെ പോലീസ് കൊണ്ട് പോയി ഇടിക്കുന്നത് കൊണ്ട് ഒരു ഗുണമുണ്ട്; ഒന്ന്, പോലീസിനോടുള്ള പേടി തീരും. രണ്ട്, പോലീസ് പിടിച്ചവൻ, ജയിലിൽ പോയവൻ എന്നൊക്കെയുള്ള പേര് തന്നെ സാധാരണക്കാരെ വിറപ്പിക്കാൻ ഉപയോഗിക്കാം. അത്തരം കഥാപാത്രങ്ങളെ നമ്മൾ പല സിനിമകളിലും കണ്ടിട്ടുണ്ടല്ലോ;
സ്രാങ്ക്, ദശമൂലം ദാമു തുടങ്ങിയവർ.
പഴയ
ചന്ത ഗുണ്ടകൾക്ക് സംരക്ഷകരായി ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. തുട കാട്ടിയും മീശ വിറപ്പിച്ചും കൈയിലെ മസിൽ പെരുക്കിയും ആരുടേയും നഖം പോലും ഇതുവരെ വെട്ടിയിട്ടില്ലാത്ത കത്തിയെടുത്തു വീശിയും ഒക്കെ ചന്തവട്ടം വാഴുമ്പോൾ ഈ ഗുണ്ടകൾക്കറിയാം പിന്നിൽ ആരുമില്ലെന്ന്.
തന്നെ വീഴ്ത്താൻ പറ്റിയ ഒരുത്തൻ
വരുന്നതോടെ തന്റെ കാര്യം കഴിയും എന്ന് അവനറിയാം. ഒരു ഗുണ്ടയുടെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട രണ്ടു കാര്യങ്ങളാണ്, ഒന്ന്, മറ്റൊരു ഗുണ്ടയുടെ മുന്നിൽ പച്ചപ്പകൽ നാട്ടുകാരുടെയൊക്കെ മുന്നിൽ വെച്ച് തോൽവി സമ്മതിക്കുക. രണ്ട്, തന്നെ തോൽപ്പിച്ച ഗുണ്ടയ്ക്ക് വേണ്ടി പണിയെടുക്കുക. പക്ഷെ ഇത് രണ്ടുമല്ലാതെ വേറെ വഴികൾ ഗുണ്ടയുടെ മുന്നിൽ ഇല്ല. ഒന്നുകിൽ നാടുവിട്ടു പോവുക, അല്ലെങ്കിൽ നല്ലവനാവുക, അതുമല്ലെങ്കിൽ ആത്മഹത്യ ചെയ്യുക. വക്കത്ത് ഇത്തരത്തിൽ ചില ഗുണ്ടകൾ ചന്തമുക്കിലും നിലയ്ക്കാമുക്കിലും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ഒരു വലിയ ഗുണ്ട, പ്രായം കൊണ്ടും അഭ്യാസം കൊണ്ട് ശക്തികൂടിയാവാൻ, ഉയർന്നു വരുമ്പോൾ അയാൾ മാത്രം മതി, മറ്റൊരാൾ വേണ്ട എന്ന തോന്നൽ വരും. പക്ഷെ ഇരുകൂട്ടരും പരസ്പരം കൺവെട്ടത്ത് വന്നു പെടാതെ കഴിഞ്ഞു പോകും. എങ്കിലും ആ ഒരു ദിവസം
വന്നേ പറ്റൂ.
ഉത്സവ
സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ചില അടികളും അടുത്തുള്ള ഗ്രാമങ്ങളിൽ ചെന്ന് ഒന്ന് നിരങ്ങിയ ശേഷം തിരികെ വരലും സ്ഥലം എസ് ഐ പിടിച്ചു ചില
വിരട്ടലുകളും ഒക്കെയായി പതിനെട്ടാം കമ്പനിയുടെയും അനിൽ രാജിന്റെയും ജീവിതം അങ്ങനെ സുഖകരമായി കടന്നു പോകുന്ന വേളയിലാണ് ഒരു സന്ദർഭത്തിൽ അനിൽ രാജിന്റെ മുന്നിൽ ചന്തമുക്കിലെ ഗുണ്ടാ വന്നു പെടുന്നത്. ഒന്നും രണ്ടും പറഞ്ഞു വാക്കേറ്റമുണ്ടായി. മൂപ്പ് ബലത്തിൽ അയാൾ തച്ചു എന്ന അനിൽ രാജിനെ അടിച്ചു. പിന്നെ കാണുന്നത് ഒരു പുലിയെപ്പോലെ അനിൽ രാജ് അയാളെ ആക്രമിക്കുന്നതാണ്. അയാൾ സർവ്വശക്തിയും എടുത്ത് തിരികെ അടിച്ചു. ഓരോ അടി കിട്ടുമ്പോഴും അനിൽ രാജിന്റെ വാശി കൂടി. പതിനെട്ടാം കമ്പനിയിലെ മറ്റംഗങ്ങൾ വേട്ട നായ്ക്കളെപ്പോലെ ചുറ്റും കൂടി. എന്നാൽ ഇത് എന്റെ ഇര മാത്രമാണെന്ന് പറഞ്ഞ്
അനിൽ രാജ് അവരെയൊക്കെ വിലക്കി. അടുത്ത നിമിഷം അയാൾ ഒരു കത്രികപ്പൂട്ടിട്ട് അനിൽ രാജിനെ പൂട്ടി. ഒരു കടകം മറിയലിൽ പിന്നെ നാം കാണുന്നത് അയാളുടെ കഴുത്ത് അനിൽ രാജിന്റെ കൈകളിൽ കരുങ്ങുന്നതാണ്. റേഷൻ കടയുടെ തിണ്ണയിൽ നിൽക്കുകയായിരുന്നു നമ്മൾ ആദ്യം കണ്ട സുഹൃത്ത്. അനിൽ രാജ് അവനെ കണ്ടു. രക്തം തിളയ്ക്കുന്ന അവന്റെ മുഖം ഒരു നിമിഷത്തേക്ക് മാർദ്ദവമായി. അയാളുടെ കഴുത്തു ഞെരിച്ചു കൊണ്ട് അനിൽ രാജ് തന്റെ പ്രിയ കൂട്ടുകാരനെ നോക്കി പരാതി പറയുന്നത് പോലെ പറഞ്ഞു, "കണ്ടോ," അവൻ തന്റെ നെഞ്ചിലേക്ക് ചൂണ്ടി. അവിടെ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു.
"ഈ ....മോൻ എന്റെ പാല് കടിച്ചെടുത്തു."
"ദയവായി അയാളെ വിടൂ," കൂട്ടുകാരൻ കണ്ണുകൾ കൊണ്ട് അപേക്ഷിച്ചു. അനിൽ രാജ് അയാളെ വിട്ടു. പിന്നെ അയാളോട് ഓടാൻ പറഞ്ഞു. അയാൾ ഓടി അനിൽ രാജ് അയാളെ ഓരോ ചുവടിലും അടിച്ചു വീഴ്ത്തി. വീണിടത്ത് നിന്ന് അയാൾ എഴുന്നേറ്റ് ഓടി. വീണ്ടും
അടിച്ചു വീഴ്ത്തൽ. തച്ചു എന്ന ഗുണ്ടയുടെ അവതാരം അതിന്റെ വിശ്വരൂപം പുറത്തെടുത്ത നിമിഷമായിരുന്നു അത്.
പതിനെട്ടാം
കമ്പനിയുടെ പുഷ്കല കാലമായിരുന്നു അത്. സുരേഷ്, സുഭാഷ്, സുനിലാൽ, സുന്ദരി, കുമാർ, ഷമ്മാലി തുടങ്ങി
അനേകം പേർ അതിലെ അംഗങ്ങളായി. അംഗങ്ങൾ അല്ലാത്തവർ തങ്ങൾ പതിനെട്ടാം കമ്പനിയുടെ ആളാണ് എന്ന് പറഞ്ഞു വിലസി നടന്നു. ഗൾഫ് മേഖലയിൽ നിന്ന് പണം ഒഴുകുന്ന സമയം. ഗൾഫിൽ നിന്ന് വരുന്നവർക്കെല്ലാം തച്ചുവിനെ സൽക്കരിക്കണം. സൽക്കരിച്ചില്ലെങ്കിൽ അനിൽ രാജ് ഒന്നും ചെയ്യില്ല. പക്ഷെ തച്ചു എന്ന പേരിൽ മറ്റു ജൂനിയർ അംഗങ്ങൾ പോയി ഗൾഫുകാരെ വിരട്ടി ഗുണ്ടാപ്പിരിവ് നടത്തും. ഗൾഫിൽപ്പോലും പതിനെട്ടാം കമ്പനിയുടെ പ്രശസ്തി പരന്നു. വക്കത്ത് ലീവിന് വരുന്ന ഗൾഫുകാർ പതിനെട്ടാം കമ്പനിക്കായി ഒരു പാക്കേജ് തന്നെ തയാറാക്കി. കാരണം ഗൾഫുകാർ വരുന്നത് ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടിയാണ്. വെറുതെ ഗുണ്ടകളുമായി തർക്കിക്കാൻ പോകാൻ അവർക്ക് താത്പര്യമില്ലാതിരുന്നു. ഇതൊരു അവസരമായിക്കണ്ട പതിനെട്ടാം കമ്പനിക്കാർ ഗൾഫുകാരെ നന്നായി ചൂഷണം ചെയ്തു. പണവും മദ്യവും അവർ ഒഴുക്കി. ഗുണ്ടകളെ ദൂരെ നിർത്താൻ അവർ അതെ ഗുണ്ടകളെ തീറ്റിപ്പോറ്റി. ഒരു ശരിയായ ഗ്യാങ് ലീഡറെ മാതിരി അനിൽ രാജ് ഇതിൽ നിന്നൊക്കെ വിട്ടു നിന്നു. കുളിച്ചു സുന്ദരനായി വൈകുന്നേരം അഞ്ചു മണിയോടെ അവൻ പഴയ ഡോജോയുടെ ഗേറ്റിൽ വന്നു നിൽക്കും. അങ്ങനെ സമാധാനപ്രിയനായി നിൽക്കുന്ന ആ അനിൽ രാജ്
പിന്നെ തച്ചുവായി മാറുന്നത് എപ്പോഴെന്നറിയില്ല.
ഏതെങ്കിലും
വലിയ അടിയിൽ പങ്കെടുക്കുകയോ പോലീസ് കേസിൽ പെടുകയോ ചെയ്യുമ്പോഴാണ് തച്ചു പ്രത്യക്ഷനായി എന്ന കാര്യം ആളുകൾ അറിയുന്നത്. അപ്പോഴേയ്ക്കും തച്ചുവിനെ പോലീസ് കേസിൽ നിന്ന് ഊരിയെടുക്കാൻ രാഷ്ട്രീയക്കാർ മത്സരിച്ചു. എല്ലാവിധ രാഷ്ട്രീയ തർക്കങ്ങളുടെയും പരിഹാരം തച്ചു ഇടപെടുന്നതിൽ ചെന്ന് നിൽക്കാൻ തുടങ്ങിയതോടെ എന്ത് കുറ്റകൃത്യം ചെയ്താലും തച്ചുവിന് ഒരു കുഴപ്പവുമില്ല എന്നായി. ഇതിനിടെ പതിനെട്ടാം കമ്പനിയിലെ ഇത്ര അംഗങ്ങൾ സ്വന്തം നിലകളിൽ വളര്ന്നുണ്ടായിരുന്നു. ഓരോരുത്തരും അവനവനിലെ പിശാചിനെ എത്ര സമർത്ഥമായി പുറത്തെടുക്കാമോ അത്രയും സമർത്ഥമായി പുറത്തെടുത്തു തുടങ്ങി. അതിലെല്ലാം അനിൽ രാജിന് കൈയുണ്ടായിരുന്നില്ല. എന്നാൽ തച്ചു എന്ന നേതാവ് മുന്നിൽ നിൽക്കും എന്ന ഒറ്റക്കാരണത്താൽ പലരും അവിടെയും ഇവിടെയും ഗുണ്ടാപ്രവർത്തനങ്ങൾ കാണിക്കുവാൻ തുടങ്ങി. ചിലർ ചില സ്ത്രീകളെ ഉപദ്രവിക്കുന്നതായിപ്പോലും പരാതിയുണ്ടായി. കാലം കടന്നു പോവുകയായിരുന്നു. കൗമാരക്കാർ യുവാക്കളും പിന്നെ യുവത്വം ക്രമേണ നിലനില്പിനുള്ള അങ്കലാപ്പിലേയ്ക്കും വളരുകയായിരുന്നു. സഹോദരിമാർക്ക് വിവാഹങ്ങൾ വരാതായപ്പോഴും തങ്ങൾക്ക് അതിജീവിക്കാൻ പണം ഇല്ലാതായപ്പോഴും പോലീസ് കേസുകൾ പിന്നാലെ കൂടിയപ്പോഴും പലർക്കും മനസ്സ് മടുത്തു; പലർക്കും മനസ്സ് മാറി എന്ന് പറയുന്നതാകും ശരി. പലരും എങ്കിനെയെങ്കിലും പോലീസ് കേസൊക്കെ രാജിയാക്കി ഗൾഫ് നാടുകളിലേക്ക് കടന്നു. ചിലർ നാട്ടിൽത്തന്നെ ചില ബിസിനസുകൾ തുടങ്ങി. അനിൽ രാജ് ഒറ്റപ്പെടുകയായിരുന്നു. പക്ഷെ പതിനെട്ടാം കമ്പനിയിൽ മറ്റൊരു നേതൃത്വം ഉയർന്നു വരികയായിരുന്നു.
സുന്ദരി
എന്ന് വിളിക്കുന്ന യുവാവായിരുന്നു അടുത്ത നേതൃത്വത്തിലേക്ക് വന്ന ആൾ. അപ്പോഴേയ്ക്കും അനിൽ രാജ് നാട്ടിൽ നിന്ന് അപ്രത്യക്ഷനായി. ബോംബെയിൽ പോയി എന്ന് ചിലർ പറഞ്ഞു. ഏതോ വലിയൊരു പ്രമാണിയുടെ ഒരു തർക്കം തീർക്കാൻ അനിൽ രാജ് എന്ന തച്ചുവിനെ ആളുകൾ വന്നു കൊണ്ട് പോവുകയായിരുന്നു. കുറെ നാൾ കഴിഞ്ഞു അനിൽ രാജ് തിരികെ വന്നു. അയാളുടെ ചുറ്റും വലിയൊരു ഏകാന്തത രൂപപ്പെടാൻ തുടങ്ങി. പതിനെട്ടാം കമ്പനി ശക്തിയാർജ്ജിക്കുന്ന വേളയിൽത്തന്നെ കമ്പനിയുടെ ഗുണ്ടാപ്പണികളുടെ വിജയം കണ്ടു പ്രചോദിതരായ തൊഴിലില്ലാത്ത ചെറുപ്പകാരെല്ലാം സമാനമായ കമ്പനികൾ അവരവരുടെ സ്ഥലങ്ങളിൽ രൂപീകരിക്കാൻ തുടങ്ങി. കണ്ണുനീറിയിൽ, മുക്കാലുവട്ടത്ത്, പുത്തൻ നടയിൽ, ദൈവപ്പുരയിൽ തുടങ്ങി ഓരോ മുക്കിലും കൈലിമുണ്ട് എത്ര പൊക്കി ഉടുക്കാൻ അറിയാമോ അത്രയും പൊക്കി ഉടുത്തു കൊണ്ട് ചെറിയ ഗുണ്ടകൾ ഉയർന്നു വന്നു. അതിജീവനത്തിനായി അവർ പതിനെട്ടാം കമ്പനിയുടെ രണ്ടാം നിരയായി മാത്രം നിന്നു. എങ്കിലും തച്ചുവിന്റെ നേതൃത്വത്തിലുള്ള പതിനെട്ടാം കമ്പനിയെ പൊളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു; അതിലവർ വിജയിച്ചില്ലെന്നു മാത്രം.
"എനിയ്ക്കൊരിക്കലും
അവളെ കിട്ടുകയില്ല," അകലെ നോക്കിക്കൊണ്ട് അനിൽ രാജ് പറഞ്ഞു. അവന്റെ പ്രിയമിത്രം വിദേശത്തു നിന്ന് വന്ന അവസരത്തിൽ അവർ മാത്രം ഒരുമിച്ചു കൂടിയ ഒരു പേലവമായ സ്വകാര്യ നിമിഷമായിരുന്നു അത്. കൂട്ടുകാരനും ആ പെൺകുട്ടിയെ അറിയാം.
അനിൽ രാജിന്റെ മനസ്സിൽ എന്നോ കയറിപ്പറ്റിയ ഒരു പാവം പെണ്ണ്. അവൾ പഠിക്കാൻ മിടുക്കിയായത് കൊണ്ട് തന്നെ ബിരുദപഠനത്തിനായി പോയിക്കഴിഞ്ഞു. അവളുടെ വീട്ടിൽ വിവാഹാലോചനകൾ നടക്കുന്നുണ്ടായിരുന്നു. ചത്താലും തച്ചുവിന് കെട്ടിച്ചു കൊടുക്കില്ലെന്ന് വാശി അവളുടെ വീട്ടുകാർക്കുണ്ടായിരുന്നു.
അവന്റെ ദുഃഖം നിറഞ്ഞ കണ്ണുകളിൽ ഒളിച്ചിരിക്കുന്ന ഒരു പ്രണയിയെ ആ നിമിഷത്തിൽ ആർക്കും
തിരിച്ചറിയാമായിരുന്നു.
"പക്ഷെ, എന്റെ കൂട്ടുകാരാ, അവളെ എനിയ്ക്ക് കിട്ടാതിരിക്കുന്നതാണ് നല്ലത്. ഞാനൊരു പാപിയാണ്," അനിൽ രാജ് നിറുത്തി. "നീ കരുതുമ്പോലെ ഗുണ്ടാപ്രവർത്തനം
കൊണ്ടല്ല ഞാനൊരു പാപിയായത്. ഇവിടെ ചിലരുടെ കാമം തീർക്കാൻ അവർ എന്നെ ഉപയോഗിക്കുന്നു. നോക്കൂ, ഈ മാല കണ്ടോ?"
അനിൽ രാജ് തന്റെ ഷർട്ടിനടിയിൽ നിന്ന് സാമാന്യം കനമുള്ള ഒരു സ്വർണ്ണ മാല പുറത്തെടുത്തു വിരലിൽ കോർത്തു. "ഇത് പാപത്തിന് പ്രതിഫലമാണ്. കാമസംപൂർത്തിയിൽ ഒരുവൾ എനിയ്ക്ക് അഴിച്ചു കഴുത്തിലിട്ടു തന്ന മാല," അവൻ അത് പറഞ്ഞു കൊണ്ട് മുന്നിലിരുന്ന മദ്യം അകത്താക്കി. എന്നിട്ട് കരഞ്ഞു. കൂട്ടുകാരൻ അവന്റെ തോളിൽ സ്പർശിച്ചു.
കാലം കടന്നു
പോയി. വക്കം എന്ന ഗ്രാമത്തിൽ ഓരോ ഇടത്തും ഓരോ ഗുണ്ടകൾ ഉണ്ടായി. മുൻപ് അവർ സൈക്കിളിൽ
പോയിരുന്നെങ്കിൽ അവരിപ്പോൾ ബൈക്കുകളിൽ ആണ്. പണ്ടുള്ള ഗുണ്ടകൾ കരിക്കിട്ടു കുടിച്ചിരുന്നെങ്കിൽ
ഇപ്പോഴത്തെ ഗുണ്ടകൾക്ക് ബീയർ ആയിരുന്നു പഥ്യം. അവരിറങ്ങുമ്പോൾ ആരും അറിഞ്ഞത് പോലുമില്ല,
കൂട്ടം കൂടുമ്പോൾ മാത്രം ആളുകൾ അറിഞ്ഞു, ഇവർ ശല്യക്കാരാണ്. പണ്ട് അങ്ങനെയായിരുന്നില്ല.
അനിൽ രാജ് റോഡിലിറങ്ങിയാൽ ആളുകൾ ഒന്ന് ഇളകി നിൽക്കും. പക്ഷെ അക്രമാസക്തനാകുമ്പോഴല്ലാതെ
അനിൽ രാജിനെ ആരും ശബ്ദമുയർത്തുന്ന ഒരാളായി കണ്ടിട്ടില്ല. ശാന്തനായി നിൽക്കുന്ന ഒരാൾ.
അയാളുടെ ചുറ്റും കുറെയധികം കൂട്ടുകാർ. അത്രമാത്രം. അനിൽ രാജിന്റെ അച്ഛൻ ഒരു റിട്ടയേർഡ്
പട്ടാളക്കാരനായിരുന്നു. വേണമെങ്കിൽ അനിൽ രാജിന് പട്ടാളക്കാരന്റെ വഴി തെരെഞ്ഞെടുക്കമായിരുന്നു.
പക്ഷെ അവൻ തെരെഞ്ഞെടുത്ത വഴി ഗുണ്ടാപ്രവർത്തനമായിരുന്നു. ഈ കഥ കേൾക്കുന്നവർ അനിൽ രാജിൽ
ഒരു കിരീടം സേതുവിനെ കാണുന്നുണ്ടെങ്കിൽ അവർക്ക്
തെറ്റി. സേതുവിന് ഗുണ്ടയാകാൻ ഒരു കാരണമുണ്ടായിരുന്നു. അനിൽ രാജിന്റെ മുന്നിൽ അത്തരം
ഒരു കാരണം ഉണ്ടായിരുന്നില്ല. വെറുതെ ചില കൂട്ടംകൂടലുകൾ. കൂട്ടുകാരെ തല്ലിയവരോട് പകരം
ചോദിക്കലുകൾ. അത്രമാത്രം. അതിൽ നിന്ന് കിട്ടിയ ത്രില്ലാണ് അവനെ ഗുണ്ടയാക്കിയത്. വക്കത്ത്
പിന്നെയുണ്ടായ ഗുണ്ടകൾക്ക് അനിൽ രാജിന്റെ പവറുണ്ടായിരുന്നില്ല. അനിൽ രാജ് ആരെയും കൊന്നില്ല.
പക്ഷെ വക്കത്തുള്ള ചില ഗുണ്ടകൾ ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു യുവാവിനെ തൊപ്പിക്കവിളാകത്തിട്ട്
തല്ലിക്കൊന്നു. ഗുണ്ടാപ്രവർത്തനത്തിനും വേണം ഒരു അന്തസ്സ്. അത് അനിൽ രാജിന് ഉണ്ടായിരുന്നു.
തോപ്പിൽ
ഇടവഴിയിലൂടെ വീട്ടിലേയ്ക്ക് പോകുന്ന അനിൽ രാജിനെ താൻ ഒരിക്കലും തച്ചു എന്ന് വിളിക്കാത്തതിന് കാരണം ആ കൂട്ടുകാരൻ സ്വയം
ചോദിച്ചു. തനിയ്ക്ക് പരിചയം തച്ചു എന്ന ഗുണ്ടയെയല്ല അനിൽ രാജ് എന്ന ക്ളാസ്സ്മേറ്റിനെ
ആണെന്ന് അവനെ ഓർമ്മിപ്പിക്കാൻ വേണ്ടിയായിരുന്നോ? അതോ ചാൾസ് എന്ന് തനിക്ക് വിളിക്കാൻ സ്വതന്ത്ര്യമുണ്ടായിരുന്ന കൂട്ടുകാരാനാണ് അവനെന്നു അവനെയും തന്നെയും ഓർമ്മിപ്പിക്കാൻ വേണ്ടിയായിരുന്നോ? തച്ചു അല്ല അവൻ അനിൽ രാജ് അനിൽ രാജ് എന്ന നല്ലവനായ കുട്ടി മാത്രമാണ് അവനെന്നു അവനെ ഓർമ്മിപ്പിക്കാൻ വേണ്ടിയും അവനിലെ തച്ചു എന്ന ഗുണ്ടയെ താൻ അംഗീകരിക്കുന്നില്ലെന്ന് അവനെ അറിയിക്കാൻ വേണ്ടിയും ആയിരുന്നിരിക്കണം താൻ അവനെ അനിൽ രാജ് എന്ന് മാത്രം നിർബന്ധപൂർവം വിളിച്ചത് എന്ന് അയാൾ തിരിച്ചറിഞ്ഞു. പിറ്റേന്ന് പ്രഭാതം ഒരു ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടുകൊണ്ടാണ് ഉണർന്നത്. "തച്ചു ആത്മഹത്യ ചെയ്തു." ആർക്കും അത് വിശ്വസിക്കാൻ ആയില്ല. ആ വാർത്ത കേട്ട
ഒരാൾ മാത്രം അത് സ്വാഭാവികമായി എടുത്തു. ആ കൂട്ടുകാരൻ മാത്രം.
കാരണം തലേന്ന് രാത്രി തന്നോട് സംസാരിച്ചു നിന്ന അനിൽ രാജ് ഇനിയൊരു പ്രഭാതം കാണില്ലെന്ന് അയാൾക്ക് അപ്പോഴേ തോന്നിയിരുന്നു.
- ജോണി
എം എൽ









Comments
Post a Comment