ഒരു ഗ്രാമത്തിന്റെ കഥ 17: വക്കത്തെ ജിമ്മുകളും കരാട്ടെക്കാരും
(ബ്രൂസ് ലീ)
വേങ്ങയിൽ
കുഞ്ഞിരാമൻ നായനാർ എന്ന സാഹിത്യകാരൻ ഒരിക്കൽ പുരുഷലക്ഷണം എന്താണെന്ന് അല്പം ഹാസ്യാത്മകമായി നിർവചിച്ചു."കഷണ്ടി, കുമ്പ, പുറത്ത് രോമം, വെടിക്കല, അരയിൽ പിശ്ശാങ്കത്തി,"
ഇതൊക്കെ ഒരാളിൽ സമ്മേളിക്കുന്നുവെങ്കിൽ അയാൾ ഒത്തൊരു പുരുഷൻ തന്നെയെന്നായിരുന്നു നായനാരുടെ വ്യാഖ്യാനം. പക്ഷെ അദ്ദേഹം പുരുഷോത്തമന്മാർ അഥവാ പുരുഷന്മാരിൽ ഉത്തമന്മാരെക്കുറിച്ചല്ല പറഞ്ഞിരുന്നതെന്ന് വ്യക്തം. പുരുഷോത്തമൻ ആര് എന്ന ചോദ്യത്തിന് കവി പറഞ്ഞതെന്താണ്? "പ്രസാദം വദനത്തിങ്കൽ കാരുണ്യം ദർശനത്തിലും മാധുര്യം വാക്കിലും ചേർന്നുള്ളവനേ പുരുഷോത്തമൻ." ഈ രണ്ടു നിർവചനങ്ങളും
തമ്മിലൊന്നു താരതമ്യം ചെയ്തു നോക്കാം. അവ പരസ്പരം യോജിക്കുന്നില്ലല്ലോ
എന്നായിരിക്കും നമുക്ക് തിരിഞ്ഞു കിട്ടുന്നത്. പുരുഷോത്തമന് വേണ്ട ലക്ഷണമുള്ളയാൾ വെടിക്കലയും അരയിൽ പിശ്ശാങ്കത്തിയുമായി നടക്കുമെന്ന് പറയാൻ വയ്യ. കാരുണ്യവും മാധുര്യവും ഉള്ളവനുമായി യോജിക്കുന്നതല്ല പുറത്തു രോമവും
കുമ്പയും. പ്രസാദം മുഖത്തുള്ളവന് കഷണ്ടി ഉണ്ടായിക്കൂടെന്നില്ല. അല്ല ഒന്നോർത്താൽ പുരുഷോത്തമനായിരുന്ന രാമൻ കയ്യിൽ അമ്പും വില്ലുമായി നടന്നവനാണ്. എല്ലാം തലതിരിഞ്ഞു പോകുന്നുണ്ട് നിർവചനങ്ങളിൽ. ഗുണവാനും വീര്യവാനും ആയ പുരുഷൻ ആരെന്ന
ചോദ്യത്തിന് മഹർഷിമാർ പറയുന്ന ഉത്തരമാണ് രാമൻ. പക്ഷെ രാമനെക്കുറിച്ചുള്ള ചിത്രങ്ങളിൽ ഒന്നും തന്നെ കഷണ്ടിയോ കുമ്പയോ പുറത്തു രോമമോ ഇല്ല. ചുരുക്കിപ്പറഞ്ഞാൽ പുരുഷന് പുരുഷോത്തമനാകാം. എന്നാൽ പുരുഷോത്തമന് 'പുരുഷൻ' ആകാൻ കഴിയുമോ?
പ്രത്യക്ഷത്തിൽ
അസംബന്ധം എന്ന് തോന്നാവുന്ന ചോദ്യമാണിത്. പുരുഷോത്തമന് പുരുഷൻ ആകാൻ കഴിയും എന്നതിന് തെളിവല്ലേ രാമൻ. അദ്ദേഹം ഗുണവാൻ മാത്രമായിരുന്നില്ലല്ലോ വീര്യവാനും ആയിരുന്നല്ലോ. സ്വന്തം ഭാര്യയെ അന്യന്റെ ചൊല്ല് കേട്ട് കാറ്റിൽ ഉപേക്ഷിക്കാൻ പോരും വിധം ഗുണവാനും ആയിരുന്നല്ലോ. ഏതൊരു വീക്ഷണകോണിൽ നിന്ന് നോക്കിയാലും മേൽപ്പറഞ്ഞ രണ്ടു നിർവചനങ്ങളിലും അസാരം പുരുഷാധിപത്യം വിളങ്ങി നിൽക്കുന്നത് കാണാം. പുരുഷൻ എന്നത് സ്വയം പ്രത്യക്ഷനാകുന്നവനാണ്. അവൻ കാണുകയും കാണിക്കുകയും ചെയ്യുന്നു. അങ്ങനെ കാണിക്കാൻ പോന്ന ശരീരമാണ് അവനുള്ളത്. അതിൽ കഷണ്ടിയും കുമ്പയും ഒക്കെ മാറ്റ് കൂട്ടുകയേ ഉള്ളൂ. കഷണ്ടി ഉള്ളത് അനുഭവവും ആലോചനയും കൊണ്ടുണ്ടായ മൂർദ്ധാവിന്റെ വ്യാപനമാണ്. കുമ്പ എന്നത് പോഷകഗുണമുള്ള ഭക്ഷണം കഴിച്ചുണ്ടായതാണ്. പുറത്ത് രോമമാകട്ടെ മൃഗീയമായ ശക്തിവിശേഷത്തെ കാണിക്കുന്നു. വെടിക്കല എന്നത് വെടി വെയ്ക്കാനും വെടി കൊള്ളാനും പോന്നവനേ കാണൂ. മൃഗയാവിനോദം ചെയ്യന്നവനാണ് തോക്കു കൊണ്ട് നടക്കുന്നത്. മൃഗയാ എന്നത് കേവലം നായാട്ടല്ല. നാടില്ലാത്തവർ താമസിക്കുന്ന കാട്ടിലെ പെണ്ണുങ്ങളെക്കൂടി ആട്ടിപ്പിടിക്കാനുള്ള വിനോദമാണ്. ദുഷ്യന്തൻ ശകുന്തളയെ പിന്നെങ്ങനെയാണ് കണ്ടുമുട്ടുന്നത്? അരയിൽ പിശ്ശാങ്കത്തി കൊണ്ട് നടക്കുന്നത് പാക്ക് വെട്ടാനല്ല. ദുര്ബലനെ ഭയപ്പെടുത്താനും കൂടിയാണ്. സ്വയരക്ഷയ്ക്ക് എന്ന് വേണമെങ്കിൽ പറയാം. മടിയിൽ കനമുള്ളവനല്ലേ വഴിയിൽ ഭയമുള്ളൂ. അങ്ങനെ ഭയമുള്ളവനല്ലേ സ്വയം രക്ഷിക്കേണ്ടതുള്ളു. അപ്പോൾ പിശ്ശാങ്കത്തി കൊണ്ട് നടക്കുന്നവന് ചില്ലറ ആസ്തിയൊക്കെ ഉണ്ടായിരിക്കുകയും ചെയ്യും. പിന്നെ പോണ പോക്കിൽ പറഞ്ഞോട്ടെ, ഇതൊക്കെ ഉള്ളവനു മാത്രമേ ദൃശ്യതയുള്ളൂ. ബാക്കിയുള്ളവരെല്ലാം ഒരു പണിയാൾ മാത്രമാണ്. സ്ത്രീകളുടെ കാര്യമാകട്ടെ, അവർക്കുള്ളതെല്ലാം കാണാനോ കാണിക്കാനോ അല്ല. അവർ കാണപ്പെടുക മാത്രമാണ്. പുരുഷന്റെ കണ്ണിലൂടെ കാണപ്പെടുന്ന സ്ത്രീയാണല്ലോ സാഹിത്യം നിറയെ ഒരു കാലത്തുണ്ടായിരുന്നത്.
(അർണോൾഡ് ഷ്വാർസ്നെഗർ )
ഇങ്ങനെയൊരു
മുഖവുരയെന്തിനെന്നു നിങ്ങൾ അതിശയിക്കാം. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ വക്കത്താണ് ജനിച്ചിരുന്നതെങ്കിൽ ഇങ്ങനെ ഒരു പുരുഷലക്ഷണം എഴുതി വെയ്ക്കുമായിരുന്നോ എന്ന സംശയം ഉണ്ട്. അഥവാ നായനാർ വക്കം സന്ദർശിക്കാൻ ഇടയായെങ്കിൽ വക്കത്തുള്ളവർ പുരുഷന്മാർ ആണെന്ന് സമ്മതിച്ചു തരുമായിരുന്നില്ല, കാരണം വക്കത്ത് അധികം പേർക്ക് കഷണ്ടിയോ കുമ്പയോ പുറത്തുരോമമോ ഒന്നും ഉണ്ടായിരുന്നില്ല. അരയിൽ ആരെങ്കിലും പിശാങ്കത്തി കൊണ്ട് നടന്നിട്ടുണ്ടെങ്കിൽ അത് പാക്ക് വെട്ടാൻ ആയിരുന്നിരിക്കാം. ഇനി അഥവാ ഒരു കൊടുവാളാണ് അരയിൽ തൂക്കിയിട്ടിരിക്കുന്നതെങ്കിൽ
അത് തെങ്ങിൽ കയറാൻ പോകുന്ന ഒരു തണ്ടാൻ ആയിരുന്നിരിക്കാം. അവർക്കാകട്ടെ നല്ല ഉറച്ച ശരീരവും ആയിരുന്നു. സിക്സ് പാക്കെന്നൊക്കെ ശരിയായി കാണണമെങ്കിൽ വക്കത്തെ മണികണ്ഠന്റെ വയറ്റിൽ നോക്കിയാൽ മതി. അതിനും മുൻപ് സഹദേവൻ, ശിവരാമൻ, തുളസി തുടങ്ങിയവരുടെ വയറു നോക്കണം. അവർക്കെല്ലാം പണി തെങ്ങു കയറ്റമായിരുന്നു. വക്കത്ത് കുടവയറന്മാർ കുറവായിരുന്നു കാരണം നന്നായി അധ്വാനിക്കുന്നവർ ആയിരുന്നു അവർ. കയറ്റു പായ നെയ്യുന്നവരുടെ ബൈസെപ്സും ട്രൈസെപ്സും നന്നായി വികസിച്ചു. വലവലിക്കുന്നവരുടെയും സൈക്കിൾ ചവിട്ടുന്നവരുടെയും വണ്ടി വലിക്കുന്നവരുടെയും കാൽഫ് മസിലുകൾ നോക്കണം. ചന്തയിൽ ചുമടെടുക്കുന്നവരുടെ ചെസ്റ്റും നെക്കും കാണണം. കണ്ടു നിന്ന് പോകും. വെടിക്കല ആർക്കും ഉണ്ടായിരുന്നില്ല. ശരീരത്ത് എവിടെയെങ്കിലും അടയാളം ഉണ്ടായിരുന്നെങ്കിൽ അത് അധ്വാനത്തിനിടെ ഉണ്ടായ മുറിവുകളിൽ നിന്നായിരിക്കണം. വക്കം അധ്വാനിക്കുന്ന മനുഷ്യരുടെ ഗ്രാമമായിരുന്നു.
ആയിരത്തി
തൊള്ളായിരത്തി എഴുപതുകളുടെ ചരിത്രപ്രസക്തി മിക്കവാറും എല്ലാവര്ക്കും അറിയാവുന്നതാണ്. എങ്കിലും ചെറിയൊരു ഓർമ്മപ്പെടുത്തൽ. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1975 -ൽ ആയിരുന്നു. നക്സൽ
വിപ്ലവം അറുപതുകളുടെ ഒടുക്കം മുതൽ സജീവമായത് എഴുപതുകളിൽ നഗരങ്ങളിലേയ്ക്ക് പടർന്നു പിടിക്കുകയും വിപ്ലവാസക്തരായ ഒരു തലമുറ വിവിധയിനം സാംസ്കാരിക പരിപാടികളിലൂടെയും സർഗാത്മക പ്രവർത്തനങ്ങളിലൂടെയും തങ്ങളുടെ രാഷ്ട്രീയ വിശ്വാസങ്ങൾ സമൂഹത്തിനു മുന്നിൽ വെയ്ക്കുകയും ചെയ്തു. കലാപരമായ സിനിമകൾ വേണം എന്ന ആവശ്യം ഉണ്ടാവുകയും ചലച്ചിത്ര സൊസൈറ്റികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.ലിറ്റിൽ മാഗസിനുകൾ പലേടങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുകയും പുരോഗമന-വിപ്ലവാത്മക ആധുനികതാ ചർച്ചകൾക്ക് അവ വഴി തെളിക്കുകയും
ചെയ്തു. സമ്പൂർണ്ണ വിപ്ലവം എന്ന പേരിൽ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ഇന്ത്യയിലെമ്പാടും കർഷകരും വിദ്യാർത്ഥികളും തൊഴിലാളികളും സമരപാതയിലിറങ്ങി. കോൺഗ്രസിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടു. തൊഴിലില്ലായ്മ രൂക്ഷമായി. ചെറിയൊരു ഇടവേളയിലെ ജനതാ സർക്കാർ ഭരണത്തിന് ശേഷം കൊണ്ഗ്രെസ്സ് അധികാരത്തിൽ തിരിച്ചെത്തി. കേരളത്തിൽ ഗൾഫ് പണം ഒഴുകിയെത്താൻ തുടങ്ങുകയും വലിയ രീതിയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറ്റം ആരംഭിക്കുകയും ചെയ്തു.
(സിൽവസ്റ്റർ സ്റ്റാലൻ )
സിനിമാരംഗത്ത്
ഈ ഒരു കാലഘട്ടം പ്രതീകവൽക്കരിക്കപ്പെട്ടത് ക്ഷുഭിതനായ ചെറുപ്പക്കാരൻ എന്ന സങ്കല്പത്തിലൂടെയാണ്. അമിതാഭ് ബച്ചൻ എന്ന നടന്റെ ശരീരഭാഷയും കഥാപാത്രങ്ങളും വ്യവസ്ഥയോട് സമരസപ്പെടാത്ത, പുരോഗമന ചിന്താഗതിക്കാരനും അധ്വാനശീലനുമായ എന്നാൽ കാല്പനികനും ആത്മപീഢ അനുഭവിക്കുന്നവനുമായ അതിനാൽത്തന്നെ വ്യവസ്ഥയോട് അടങ്ങാത്ത രോഷം ഉള്ളിൽ സൂക്ഷിക്കുന്ന ഒരു ചെറുപ്പക്കാരനെ സിനിമകളിൽ അവതരിപ്പിച്ചു. ഏതാണ്ട് ഇതേ കാലത്താണ് ഹോളിവുഡ്, ഹോങ്കോങ് സിനിമാ രംഗത്ത് ബ്രൂസ് ലീ എന്നൊരു കരാട്ടെക്കാരൻ
ഉദയം ചെയ്യുന്നത്. ലീയുടെ എന്റർ ദി ഡ്രാഗൺ എന്ന
സിനിമ ഒരു കൾട്ട് സിനിമയായി ലോകമെമ്പാടും പടർന്നു. ബ്രൂസ് ലീ യുടെ കരാട്ടെ-കുങ്ഫു മുറകൾ ലോകത്തെ എല്ലാ സിനിമകളിലും പ്രത്യക്ഷപ്പെട്ടു. അമേരിക്കയിൽ സമത്വത്തിനുവേണ്ടി പോരാടിക്കൊണ്ടിരുന്ന കറുത്ത വർഗ്ഗക്കാരായ ചെറുപ്പക്കാർ കാഴ്ചയിലും സംസ്കാരത്തിലും തികച്ചും വ്യത്യസ്തനായ ബ്രൂസ് ലീയെയും കരാട്ടെ-കുങ്ഫു മാർഷ്യൽ ആർട്സിനെയും തങ്ങളുടെ അവകാശപ്പോരാട്ടങ്ങളുടെ ഭാഗമാക്കുകയും ബ്ലാക്ക് മാർഷ്യൽ ആർട്സ് മൂവീസ് എന്നൊരു ജനുസ്സ് തന്നെ ഉണ്ടാക്കുകയും ചെയ്തു. വെസ്ലി സ്നൈപ്സിനെപ്പോലുള്ള നടന്മാർ ഈ ഒരു പശ്ചാത്തലത്തിൽ
ഉയർന്നു വന്നു. വെളുത്ത അമേരിക്കക്കാരന്റെ ഏറ്റവും വലിയ ഫാന്റസി പുരുഷൻ ആയ ജെയിംസ് ബോണ്ട്
പോലും കരാട്ടെ കാണിക്കുന്നവരായി മാറി. ബ്രൂസ് വില്ലിസ്, ക്ളോഡ് ഡി വാൻഡാം തുടങ്ങിയ
വെളുത്ത നടന്മാരും മാർഷ്യൽ ആർട്സ് അവരുടെ പ്രത്യേകതയാക്കി മാറ്റി. ലോകമെമ്പാടും ഒരു പുതിയ ശരീര സംസ്കാരം ഉടലെടുത്തു. അർണോൾഡ് ഷ്വാർസ്നെഗർ ലോകശരീര മത്സരത്തിൽ വിജയിക്കുകയും ഹെർക്കുലീസ്, കൊനാൻ ദി ബാർബേറിയൻ തുടങ്ങിയ
സിനിമകളിൽ അഭിനയിച്ചു കൾട്ട് പദവി നേടുകയും ചെയ്തു. അതെ സമയത്തു തന്നെയാണ് പാവപ്പെട്ടവൻ സ്വന്തം ഇച്ഛാശക്തിയാൽ വളരുന്ന കഥപറയുന്ന റോക്കി ബെൽബോവ എന്ന ബോക്സിങ് ചാമ്പ്യനെ സിൽവസ്റ്റർ സ്റ്റാലൻ അനശ്വരമാക്കുന്നത്. ഇവരും പുതിയൊരു ശരീര സംസ്കാരത്തിന് ലോകത്ത് വമ്പിച്ച പ്രചാരണം നൽകി.
കേരളത്തിൽ
ജിമ്മുകളും കരാട്ടെ പഠിക്കാനുള്ള ഡോജോകളും ആരംഭിക്കുന്നത് എഴുപതുകളുടെ ഒടുവിലും എൺപതുകളുടെ തുടക്കത്തിലുമാണ്. അതിനു മുൻപ് ജിംഖാനകളോ കളരിത്തറകളോ ഉണ്ടായിരുന്നില്ല എന്നല്ല. സജീവമായ ശരീരകേന്ദ്രിത സംസ്കാരം ചെറുപ്പക്കാരുടെ ഇടയിൽ പടരുന്നതിന് മേൽപ്പറഞ്ഞ സാംസ്കാരിക സാമൂഹിക പശ്ചാത്തലം ഒരു പ്രധാന കാരണമാണ്. ബ്രൂസ് ലീയും ജയനും ആണ് മലയാളിയുടെ ശരീര സംസ്കാരത്തിന് ഒരു പുതിയ മാനം നൽകിയത്. അത് കഴിഞ്ഞേ ഷ്വാർസ്നെഗഗാറിന്റെയും സ്റ്റാലന്റെയും സ്വാധീനം വരൂ. ജിമ്മുകളിൽ പരസ്യമായി ഒരു പക്ഷെ ജയന്റെ ചിത്രം വെയ്ക്കില്ലായിരിക്കാം പക്ഷെ മലയാളി സ്വന്തം ശരീരത്തിലേയ്ക്ക് തിരിഞ്ഞൊന്നു നോക്കിയത് ജയന്റെ ശരീരം ശരപഞ്ജരത്തിൽ കണ്ടതിനു ശേഷമാണെന്ന് പറയേണ്ടിയിരിക്കുന്നു. മറ്റെവിടെയെങ്കിലും കഥ വേറൊന്നായിരിക്കാം. പക്ഷെ വക്കം
എന്ന ഗ്രാമത്തിൽ ജിമ്മുകൾ തുടങ്ങാനുള്ള പ്രധാനകാരണം ജയൻ തന്നെയായിരുന്നു. ഉടുപ്പിടാതെ വലത് കൈകൊണ്ടു ഇടതു ബൈസെപ്സിൽ സ്പർശിച്ചു നിൽക്കുന്ന ജയന്റെ ചിത്രം പ്രശസ്തമായ എല്ലാ വാരികകളുടെയും കവർ ചിത്രമായി അടിച്ചു വന്നിരുന്നു. ആ ശരീരത്തിൽ ഒരു
പക്ഷെ സ്ത്രീകളെക്കാൾ ഏറെ നോക്കിനിന്നത് പുരുഷന്മാർ തന്നെ ആയിരിക്കണം. അതിനാൽ ആണല്ലോ അവർ ജയനെപ്പോലെ നിൽക്കാനും ജയനെപ്പോലെ നടക്കാനും ജയന്റെ ബെൽബോട്ടം പാന്റ്സിന്റെ അത്തരം ബെൽ സ്വന്തം പാന്റ്സിൽ വരുത്താനും ഒക്കെ ശ്രമിച്ചത്. പക്ഷെ ജയന് സ്വന്തമായൊരു ഹെയർസ്റ്റൈൽ ഉണ്ടായിരുന്നില്ല. അതിനാൽ ആരും ജയന്റെ ഹെയർ സ്റ്റൈൽ അനുകരിക്കാൻ ശ്രമിച്ചില്ല. പക്ഷെ വക്കത്തെ സ്കൂൾ വിദ്യാർഥികൾ
അനുകരിക്കാൻ ശ്രമിച്ച ഒരു ഹെയർ സ്റ്റൈൽ ഉണ്ടായിരുന്നു അത് ബ്രൂസ് ലീയുടേതായിരുന്നു.
(അമിതാഭ് ബച്ചൻ)
തോപ്പിക്കാവിളാകത്ത്
സിമ്പൻ എന്ന് കൂട്ടുകാർ വിളിക്കുമായിരുന്ന ഒരു പയ്യന്റെ പിതാവ് ഒരു ബാർബർ ഷോപ്പ് നടത്തിയിരുന്നു. വക്കത്ത് ഏറ്റവും പുതിയ ഫാഷനിൽ മുടിവെട്ടാൻ അറിയുന്നവരിൽ ഒരാൾ ഇദ്ദേഹമായിരുന്നു. പഞ്ചായത്തോഫിസിനടുത്ത് ബാര്ബര്ഷോപ്പ് നടത്തിയിരുന്ന സത്യഅണ്ണൻ അദ്ദേഹത്തിന്റെ സഹോദരൻ പാകിസ്ഥാൻ മുക്കിലെ പുട്ട് എന്ന് വിളിക്കപ്പെടുന്ന ആൾ, പിന്നെ ചന്തമുക്കിലെ രണ്ടു സലൂണുകൾ നടത്തുന്നവർ ഇവരൊക്കെയായിരുന്നു വക്കത്തിന്റെ ക്ഷൗരകീയമായ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടിരുന്നത്. കൊല്ലിമുക്കിനടുത്തായിരുന്നു
ആദ്യം സത്യൻ അണ്ണന്റെ കട. കടിക്കുന്ന ഒരു യന്ത്രം വെച്ചാണ് കുട്ടികളുടെ മുടി വെട്ടിയിരുന്നത്. കുട്ടികളെ കസേരയിൽ കയറ്റിയിരുത്തിക്കഴിഞ്ഞാൽ നിർദാക്ഷിണ്യമായ വെട്ടാണ്. സമ്മർ കട്ട് എന്നറിയപ്പെടുന്ന ഒരു കട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോലീസിൽ ചേരാൻ പോകുന്നവർക്ക് കൊള്ളാം. പിന്നെയാണ് അമിതാഭ് ബച്ചൻ സ്റ്റൈൽ വരുന്നത്. എന്നാൽ ആണുങ്ങൾക്ക് പല ശൈലികൾ ഇത്
കൂടാതെ ഉണ്ടായിരുന്നു. അതിലൊന്ന് കുരുവിക്കൂട് ശൈലിയായിരുന്നു. കുരുവിയില്ലാതെ ഒരു കൂട് നെറ്റിയ്ക്ക് മുകളിൽ പൊങ്ങി നിൽക്കും. പിന്നെ ഹിപ്പി സ്റ്റൈൽ. ചെവിയുടെ മുകളിൽക്കൂടി തോളൊപ്പം വരുന്ന മുടി. കവിളില് താഴെ വരെയുള്ള കൃതാവുകൾ, റ മീശ. ഇതിനിടയിൽ
കുട്ടികൾക്ക് വേണ്ടി ഒരു പുതിയ ശൈലി വന്നു. അതായിരുന്നു ബ്രൂസ് ലീ കട്ട്. എൽവിസ്
പ്രെസ്ലിയുടെ കട്ട് നെറ്റിയ്ക്കു മുകളിൽ ഇടത് വശത്തായി മുടി പൊക്കി വളച്ചു ഒരു കൂന പോലെ നിറുത്തുന്നതായിരുന്നു. ദേവാനന്ദ് കട്ട് എന്നും പറഞ്ഞിരുന്നു. പക്ഷെ ബ്രൂസ് ലീ കട്ട് ചെയ്യാൻ
ഒരാൾക്കേ അറിയാവൂ. അത് സിമ്പന്റെ അച്ഛനായിരുന്നു.
വക്കം
സ്കൂളിൽ ആദ്യമായി ബ്രൂസ് ലീ കട്ടുമായി വന്നത്
ഗോപിനാഥൻ സാറിന്റെ മകൻ മനു ആയിരുന്നു. വക്കം സഹകരണ സംഘത്തിന് പഞ്ചായത്ത് ആശുപത്രി മുക്കിൽ ഒരു തുണിക്കട ഉണ്ടായിരുന്നു. അവിടെ ഏതാണ്ട് എഴുപതുകളുടെ ഒടുവിൽ ബ്രൂസ് ലീയുടെ പടമുള്ള ടി ഷർട്ട് കിട്ടുകയായിരുന്നു.
അത്രയ്ക്കുണ്ടായിരുന്നു
ബ്രൂസ് ലീയുടെ സ്വാധീനം. ടി ഷർട്ട് എല്ലാവര്ക്കും
വാങ്ങി ഇടാം. പക്ഷെ മുടി വെട്ടണമെങ്കിൽ അങ്ങനെ അയാൾ എല്ലാവര്ക്കും ഈ സ്റ്റൈൽ വെട്ടിക്കൊടുക്കില്ല.
ഒടുവിൽ മനുവിന്റെ ശുപാർശയുടെ സ്കൂളിലെ പല
കുട്ടികൾക്കും ബ്രൂസ് ലീ കട്ട് ചെയ്തു
കൊടുക്കാൻ അയാൾ തയാറായി. മറ്റുള്ള ബാർബർമാർ ഈ സ്റ്റൈൽ പഠിച്ചെടുക്കുന്നത്
വരെ മാത്രമായിരുന്നു ഈ കടയിൽ കുട്ടികൾ
പോയി കെഞ്ചിയിരുന്നത്. ക്രമേണ വക്കത്ത് ഒരു പാട് കുട്ടികൾ ബ്രൂസ് ലീ കട്ടുമായി അഭിമാനത്തോടെ
നടന്നു. നെഞ്ചിൽ പോറലിൽ നിന്ന് തുളിച്ചു വരുന്ന രക്തവുമായി ബ്രൂസ് ലീ കരാട്ടെ പോസിൽ
നിൽക്കുന്ന ചില പോസ്റ്ററുകൾ വക്കത്ത് കൊല്ലിമുക്കിലെ ശശിയണ്ണന്റെ മുറിയിൽ ഉണ്ടായിരുന്നു. അത് കണ്ട കുട്ടികൾ, അമ്മമാരുടെ ചാന്തും പൊട്ടും ഒക്കെ അവർ കാണാതെ എടുത്ത് മൂന്നു വിരൽ മുക്കി നെഞ്ചിൽ അള്ളിയ പാടുകൾ വരച്ചു ചേർത്ത ശേഷം കരാട്ടെ പോസിൽ കണ്ണാടിയുടെ മുന്നിൽ നിന്നു.കരാട്ടെ കാണിക്കുമ്പോൾ കിയാ എന്നൊരു ശബ്ദം കേൾപ്പിക്കണം എന്ന് അറിയാമായിരുന്നു. കുട്ടികൾ അതും കേൾപ്പിച്ചു. ചില തമിഴ് സിനിമകളിൽ കരാട്ടെ മണി എന്നൊരു നടൻ വരുമായിരുന്നു. അയാളെയും കമൽഹാസനെയും ഒക്കെ കണ്ട് കുട്ടികൾ ഓടുകൾ എടുത്ത് അടുക്കി വെച്ച് ഇടിച്ചു പൊട്ടിക്കാൻ ശ്രമിച്ച് കൈ നീര് വെച്ച്
വിങ്ങി നടന്നു. ഇതൊക്കെ ചെയ്തിട്ടും വക്കത്ത് ഒരു കരാട്ടെ സ്കൂൾ വന്നില്ല.
(ജയൻ)
ആദ്യമായി
വന്നത് ജിമ്മുകൾ ആയിരുന്നു. സമാന്തരമായി നിൽക്കുന്ന രണ്ടു അടയ്ക്കാമരങ്ങൾക്കു (കവുങ്ങുകൾക്ക്) കുറുകെ ഒരു കമ്പി വെച്ച് കെട്ടിയതായിരുന്നു ആദ്യത്തെ ജിമ്മിലെ പ്രധാന ഉപകരണം. പിന്നെ രണ്ടു ഡംബെല്ലുകളും കുറെ ചുടുകട്ടകളും. പിൽക്കാലത്ത് പോസ്റ്റുമാൻ ആയി മാറിയ സുശീലൻ എന്നൊരു യുവാവാണ് ആ ജിംനേഷ്യം തുടങ്ങിയത്.
ജയൻ ആയിരുന്നിരിക്കണം പ്രധാന പ്രചോദനം. 1979-ലാണ് ശരപഞ്ജരം എന്ന സിനിമ വരുന്നത്. അതിൽ ജയൻ കുതിരയെ തടവുന്ന ഒരു രംഗം ഉണ്ട്. അത് കണ്ടാൽ ജിമ്മിൽ പോകണമെന്ന് ആർക്കും തോന്നിപ്പോകുമായിരുന്നു. പക്ഷെ ഒരു ജിം തുടങ്ങാനുള്ള ഉപകരണങ്ങളോ സാമ്പത്തിക സ്വാതന്ത്ര്യമോ ആർക്കും ഉണ്ടായിരുന്നില്ല. കുറെ യുവാക്കൾ വെളുപ്പാൻ കാലത്ത് എഴുന്നേൽക്കും. കൊല്ലിമുക്കിൽ നിന്ന് അടിവാരത്തേയ്ക്ക് പോകുന്നത് ഇടവഴിയിൽ തോപ്പിക്കൂട്ടത്തിനു എതിർവശത്തുള്ള വീട്ടിലെ കിണറിനരികിലുള്ള കവുങ്ങിൽ കെട്ടിയിരിക്കുന്ന കമ്പിയിൽ പിടിച്ചു തൂങ്ങി പൊങ്ങുകയും താഴുകയും ചെയ്യും. മലയാള സിനിമയിൽ പൊക്കം എന്നത് ഒരു പ്രധാനഘടകമായിരുന്നില്ല. എന്നാൽ അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമയുടെ ഹരം ആവുകയും തുടർന്ന് വിനോദ് ഖന്ന, ശത്രുഘ്നൻ സിൻഹ. മിഥുൻ ചക്രവർത്തി തുടങ്ങിയ പൊക്കമുള്ള നടന്മാർക്ക് കേരളത്തിലും പ്രചാരം ലഭിക്കുകയും ചെയ്തപ്പോൾ പൊക്കം എന്നത് മലയാളി പുരുഷൻമാരുടെയും ഒരു ആകാംക്ഷയായി മാറി. ജിമ്മിലെ ബാറിൽ തൂങ്ങിയാൽ പൊക്കം വരും എന്നൊരു അന്ധവിശ്വാസം ഉണ്ടായിരുന്നു അതിനാലാണ് ഈ ബാറിൽ തൂങ്ങുന്നത്.
പൊക്കം
ഒരു ബാധയാകുന്നതിനും ദശകങ്ങൾക്ക് മുൻപ് തന്നെ വക്കത്ത് പലരും അഭ്യാസങ്ങളും കസർത്തുകളും യോഗയും അഭ്യസിച്ചിരുന്നു. ഇന്ത്യയിലുടനീളം ജിംഖാനകൾ ഉണ്ടാകുന്നതിനുള്ള കാരണം ഒരർത്ഥത്തിൽ ബ്രിട്ടീഷുകാരും മറ്റൊരർത്ഥത്തിൽ സ്വാമി വിവേകാനന്ദനും ആയിരുന്നു. ബ്രിട്ടീഷുകാർ അവരുടെ ആരോഗ്യസംരക്ഷണത്തിനായും ആരോഗ്യമുള്ള ഒരു സൈനിക വിഭാഗത്തെ നിലനിർത്തുന്നതിനായും ജിംഖാനകളും ജിംഖാന ക്ലബുകളും രൂപീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കം ആകുമ്പോഴേയ്ക്കും ബ്രിട്ടീഷുകാരുടെ ശരീര സംസ്കാരം ഇന്ത്യയിൽ ഒരു ചർച്ചയായിക്കഴിഞ്ഞിരുന്നു.
1905 -ലാണ് ബംഗാൾ വിഭജനം നടക്കുന്നത്. അതിനും മുൻപ് തന്നെ അവർ കൽക്കട്ട തലസ്ഥാനമാക്കിക്കൊണ്ട് ബംഗാളിന്റെ ചരിത്രപാരമ്പര്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമങ്ങൾ നടത്തിയിരുന്നു. ബംഗാളികളുടെയും ഇന്ത്യക്കാരുടെ പൊതുവെയും ദൗർബല്യങ്ങൾ കാരണമാണ് ബ്രിട്ടീഷുകാർക്ക് മേൽക്കോയ്മ നേടാൻ കഴിഞ്ഞത് എന്ന് സ്വാമി വിവേകാനന്ദൻ വിശ്വസിച്ചു. അതിനാൽ ഇൻഡ്യാക്കാർ ഒന്നാകെ ഒരു പുതിയ ശരീരസംസ്കാരം ഉണ്ടാക്കിയെടുക്കണം എന്നും കളികളിലും കായികപ്രവർത്തനങ്ങളിലും ഏർപ്പെടേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആഹ്വാനം വളരെ
ഗൗരവമായിട്ടാണ് ഇന്ത്യക്കാർ കണ്ടത്. അതിനാൽ ബംഗാളിൽ പ്രത്യേകിച്ചും ഒരു പുതിയ കായിക സംസ്കാരം ഉണ്ടായി.
(സ്വാമി വിവേകാനന്ദ)
ബ്രിട്ടീഷുകാർ
ഇന്ത്യയിൽ വരുന്നതിനു മുൻപ് തന്നെ വളരെ പുരാതന കാലം മുതൽക്കേ ഉത്തരേന്ത്യയിൽ ഗുസ്തി എന്നൊരു കായിക രൂപം വികസിച്ചിരുന്നു. കേരളത്തിൽ കളരിയും. ഇവയ്ക്ക് രണ്ടിനും അടിസ്ഥാനമായി യോഗയും വർത്തിച്ചിരുന്നു. സമഗ്രമായ ഒരു ശരീര-ആത്മീയ ക്ഷേമ ശാസ്ത്രം എന്ന നിലയിലാണ് ഇവയെയെല്ലാം കണ്ടിരുന്നത്. സന്ദര്ഭത്തിനനുസരിച്ച് മാത്രമാണ് അവയ്ക്ക് ആക്രമണം, പ്രതിരോധം, സ്വരക്ഷ, ആത്മീയത തുടങ്ങിയ അർഥങ്ങൾ ലഭിച്ചിരുന്നത്. അല്ലെങ്കിൽ ശരീര-മാനസിക പരിചരണ വൈദ്യത്തിന്റെ ഭാഗമായും ആയുർവേദത്തിന്റെ ഭാഗമായും കലയുടെ ഭാഗമായും ഇവ ഇടകലർന്നു നിന്നു.
ഉത്തരേന്ത്യയിലെ രാജാക്കന്മാർ ഗുസ്തിയെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ദ്രിയ-ധാതു സംരക്ഷണമാണ് ഗുസ്തിക്കാരുടെ വീര്യത്തിന് അടിസ്ഥാനം എന്നതിനാൽ അവർ ബ്രഹ്മചാരിയായ ഹനുമാനെ ധ്യാനിച്ചു. അതിനാൽ ഉത്തരേന്ത്യയിൽ ഉടനീളം ഹനുമാൻ ഘടികളും അഖാഡകളും ഉണ്ടായി. യോഗയും ഗുസ്തിയും പരിശീലിപ്പിക്കാൻ വിവിധ ഹിന്ദു മത വിഭാഗങ്ങളും സംന്യാസികളും
മുൻകൈ എടുത്തതോടെ ഗംഗാതടം കേന്ദ്രീകരിച്ചു അഖാഡകളും ഗുസ്തിശൈലികളും ഉണ്ടായി. സംഗീതം ഘരാനകളിലൂടെ വികസിച്ചത് പോലെ ശരീര സംസ്കാരവും വികസിച്ചു. എന്നാൽ ദക്ഷിണേന്ത്യയിൽ ഇത് പൊതുവെ വൈദ്യവുമായി ബന്ധപ്പെട്ടു മാത്രമാണ് ഉണ്ടായത്. പൊതുവെ പിന്നോക്ക സമുദായമായിരുന്ന ഈഴവരിലെ പ്രമാണിമാരിൽ പലരും സംസ്കൃതം അഭ്യസിക്കുകയും പാരമ്പര്യ വൈദ്യം ശീലിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഒരു ശരീര സംസ്കാരം യോഗാധിഷ്ഠിതമായി അവർ മുന്നോട്ടു വെച്ചു.
ഈഴവരാദി
പിന്നോക്ക സമുദായങ്ങളിൽ എല്ലാം വൈദ്യന്മാരും സംസ്കൃതം അറിയാവുന്നവരും ഉണ്ടായിരുന്നു എന്നത് വലിയൊരു സാമൂഹിക വിപ്ലവം കൂടിയായിരുന്നു. ശ്രീനാരായണ ഗുരുവും ഇത്തരത്തിൽ സംസ്കൃതം പഠിച്ച ആളായിരുന്നു. എന്നാൽ യോഗാഭ്യാസങ്ങളോട് ഗുരുവിനു അത്രപ്രതിപത്തി ഉണ്ടായിരുന്നില്ല. ധ്യാനയോഗം അദ്ദേഹം പിൻപറ്റിയിരുന്നെങ്കിലും ആസനാധിഷ്ഠിതമായ അഭ്യാസങ്ങളിൽ അദ്ദേഹം അത്രകണ്ട് താത്പര്യം എടുത്തിരുന്നില്ല. ഒരിക്കൽ ഒരു യോഗാഭ്യാസി തന്റെ കഴിവുകൾ ഗുരുവിന്റെ മുന്നിൽ പ്രകടിപ്പിക്കുകയുണ്ടായി. അത് കണ്ട ശേഷം, ശോധനയ്ക്ക് കൊള്ളാം എന്ന് ഗുരു പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് അഭ്യാസങ്ങളല്ല മൂല്യങ്ങളുടെ അനുശീലനമാണ് പ്രധാനം എന്ന് അദ്ദേഹം പറയുകയായിരുന്നു. ഗുരു ഇപ്പോഴും ന്യൂനോക്തിയിൽ അഭിരമിച്ചിരുന്ന ഒരാളായിരുന്നല്ലോ. ഗുരുവിന്റെ ശിഷ്യനായ നടരാജ ഗുരു പക്ഷെ യോഗയെ നിരുത്സാഹപ്പെടുത്തിയില്ല. നാരായണ ഗുരുകുലവും ബ്രഹ്മവിദ്യാ മന്ദിരവും പ്രവർത്തനം ആരംഭിച്ചപ്പോൾ യോഗയ്ക്കും അദ്ദേഹം പ്രാധാന്യം നൽകി. വർക്കലയിലും പരിസരത്തുമുള്ള പല ഈഴവ യുവാക്കളും
നടരാജ ഗുരുവിന്റെ പ്രവർത്തനങ്ങളാണ് യഥാർത്ഥ ഗുരു മാർഗ്ഗം എന്ന് കണ്ടെത്തിയവരായിരുന്നു. അവരിൽ പലരും യോഗയും ചില ശാരീരികാഭ്യാസങ്ങളും ശീലിച്ചിരുന്നു.
വക്കത്ത്
നിന്ന് അക്കാലത്ത് പല യുവാക്കളും ഗുരുവിന്റെ
കണ്ടെത്താനും നടരാജ ഗുരുവിലൂടെ ഗുരു മാർഗ്ഗം തെരഞ്ഞെടുക്കാനും ശിവഗിരിയിൽ പോവുകയും അവിടെ നാരായണ ഗുരുകുലത്തിലെ ബ്രഹ്മവിദ്യാ മന്ദിരത്തിലും ഇടപഴകുകയും ചെയ്യുമായിരുന്നു. അങ്ങനെ പോയിരുന്ന ഒരു യുവാവായിരുന്നു പുത്തൻ നടയിലെ ശങ്കരൻ. ശങ്കരന് ജ്യോതിഷം, ജ്യോത്സ്യം, വൈദ്യം, യോഗ, അഭ്യാസമുറകൾ എന്നിവയിൽ താത്പര്യമുണ്ടായിരുന്നു. ആത്മീയമായ വഴി തെരെഞ്ഞെടുത്തിരുന്നതിനാൽ ബ്രഹ്മചാരിയായി കഴിയാൻ നിശ്ചയിക്കുകയും ചെയ്തു. അതിനൊരു ഉറപ്പ് വരുത്തുന്നതിനായി 'വക്കം യുവജന ജിംഖാന' എന്നൊരു ജിംഖാനയും സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചു. സുകുമാരൻ മുതലാളിയുടെ റേഷൻ കടയും സത്യഅണ്ണന്റെ ബാർബർ ഷോപ്പും കിടക്കുന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള പുരയിടത്തിലായിരുന്നു ഇത്. പിന്നീട് അത് പുത്തൻ നടയിലെ ആലിന് തൊട്ടു കിഴക്കു വശത്തുള്ള വീട്ടിലേയ്ക്ക് മാറ്റി. അവിടെ നിന്ന് കുറേക്കാലം അദ്ദേഹം എസ് എൻ ഡി പി
ഹാളിൽ വെച്ചും ജിംഖാന നടത്തിയിരുന്നു. ഒരു പുതിയ ലോകത്തേയ്ക്ക് ഉണരാൻ താത്പര്യമുള്ള പല ചെറുപ്പക്കാരും അവിടെ
അഭ്യസിക്കാൻ വന്നിരുന്നു. ഇതിനിടെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ശങ്കരൻ വിവാഹം കഴിച്ചു. സിദ്ധാജി, സായൂജി, മായ .ജോഷ് പി എസ് എന്നിവരാണ്
അദ്ദേഹത്തിന്റെ മക്കൾ. നൂറ്റിയൊന്ന് സൂര്യനമസ്കാരം നടത്തിയതിനു ശങ്കരന് ശിവഗിരിയിൽ നിന്ന് സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്. കായികക്ഷേമ വകുപ്പിന്റെ പെൻഷൻ ലഭിക്കുന്നുണ്ടായിരുന്നു. തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സിലായിരുന്നു മരണം.
(പുത്തൻ നടയിലെ ശങ്കരൻ)
എഴുപതുകൾ
ഒക്കെ ആകുമ്പോഴേയ്ക്കും ശങ്കരൻ ജിംഖാനയൊക്കെ മതിയാക്കി പൂർണ്ണമായും ഗൃഹസ്ഥാശ്രമത്തിൽ മുഴുകി. പിന്നെ വക്കത്ത് ഒരു ജിം ഉണ്ടായി വരാൻ എൺപത്തിയാറു വരെ കാത്തിരിക്കേണ്ടി വന്നു. ഇരട്ടത്തെങ്ങു എന്ന പുരയിടത്തിന്റെ എതിർവശത്ത് ഇപ്പോൾ ഉള്ള കടകൾ ഉൾപ്പെടെയുള്ള കെട്ടിടം നിന്നിരുന്ന പുരയിടത്തിൽ ഒരു ചെറിയ മുറിയും വരാന്തയും ചെങ്കല്ലിൽ കെട്ടിയുണ്ടാക്കി ജിം സ്ഥാപിച്ചവരിൽ നിത്യൻ, നൗഷാദ്, പുന്നക്കുട്ടത്തിലെ സുരേഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ഒരു ബെഞ്ച് പ്രസ്, രണ്ടോ മൂന്നോ ഡംബെല്ലുകൾ, രണ്ടു റിങ്ങുകൾ, ഒരു ബാർ എന്നിവയായിരുന്നു അവിടത്തെ ഉപകരണങ്ങൾ. തേയ്ക്കാത്ത നിലത്ത് മണ്ണിളകി കിടന്നിരുന്നു. കറണ്ടില്ലായിരുന്നു. ഓലവെച്ചു മറച്ച ഒരിടത്തായിരുന്നു റിങ്ങും ബാറും. പത്താം ക്ലാസ്സ് കഴിഞ്ഞ പയ്യന്മാർ ഈ ജിമ്മിലാണ് ബോഡി
ബില്ഡിങ്ങിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. എന്നാൽ അധികം നാൾ ആ ജിമ്മിനു ആയുസ്സുണ്ടായില്ല.
ആ കെട്ടിടം കുറെ നാൾ അനാഥമായിക്കിടന്നു. പിന്നെ അതിന്റെ സ്ഥാനത്ത് വേറെ കെട്ടിടങ്ങളും വീടും ഒക്കെ വന്നു. ഇന്ന് വക്കത്ത് സൊസൈറ്റിയ്ക്കെതിരെ ഉള്ള കെട്ടിടത്തിൽ സർവ്വമാന സൗകര്യങ്ങളും ഉള്ള ഒരു ജിം പ്രവർത്തിക്കുന്നുണ്ട്. റൈറ്റർ വിളയിലേക്ക് തിരിയുന്നിടത്തും ഒരു നല്ല ജിം ഉണ്ട്. അജിത് ദുട്ടു എന്ന യുവാവ് തീവ്രമായ പരിശീലനത്തിൽ ഏർപ്പെട്ടു ലോകനിലവാരത്തിലെത്താൻ ശ്രമിക്കുന്നുണ്ട്, മറ്റൊരു ജിമ്മിൽ.
(അജിത് ദുട്ടു )
വക്കത്തെ
യുവാക്കളുടെ മനസ്സിലും ശരീരത്തിലും എത്രത്തോളം ജയൻ ബാധിച്ചിരുന്നുവോ അതിനേക്കാൾ ഏറെയായിരുന്നു ബ്രൂസ് ലീയുടെ ബാധ. എന്നാൽ കരാട്ടെ പഠിപ്പിക്കാൻ അറിയാവുന്ന ആരും തന്നെ വക്കത്ത് ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ഒരു വിവരം പുറത്തു വരുന്നത്. അണയിലുള്ള ഒരു ശിവദാസൻ എന്ന പയ്യൻ നന്നായി കരാട്ടെ ചെയ്യും. ആയുർവേദാചാര്യൻ കൂടിയായ പിതാവായിരുന്നു കരാട്ടെയിലേയ്ക്കും കളരിയിലേയ്ക്കും ശിവദാസനെ കൈപിടിച്ച്
കൊണ്ട് വന്നത്.. ചുരുങ്ങിയ
കാലയളവിനുള്ളിൽ ശിവദാസൻ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് എടുക്കുകയും ചെയ്തു. കടയ്ക്കാവൂർ എസ് എസ് പി ബി എച്
എസിലാണ് ശിവദാസൻ പഠിച്ചത്. ഭരതനാട്യവും അഭ്യസിച്ചിരുന്നു. എങ്കിലും കരാട്ടെയിലായിരുന്നു ശിവദാസന്റെ മനസ്സ് മുഴുവൻ. അങ്ങനെയാണ് കേളേജ് വിദ്യാഭ്യാസത്തോടൊപ്പം അണയിലേയ്ക്ക് പോകുന്ന വഴിയിൽ കീഴ്വിളാകം പുരയിടത്തിനടുത്തുള്ള ഒരു ഒഴിഞ്ഞ ഇടത്ത് ശിവദാസൻ തന്റെ കരാട്ടെ സ്കൂൾ തുടങ്ങുന്നത്.
അത് കരാട്ടെ സ്കൂൾ മാത്രമായിരുന്നില്ല,
ഡാൻസും സംഗീതവും ഒക്കെ പഠിക്കാമായിരുന്നു. കാമ അഥവാ കറവൻസ് മാർഷ്യൽ ആർട്ട്സ് എന്നായിരുന്നു സ്കൂളിന്റെ പേര്.
രണ്ടു കൂടാരങ്ങളും ഒരു സിമന്റിട്ട നിലവും (ഡോജോ) ആയിരുന്നു അവിടെയുണ്ടായിരുന്നത്. റോഡരികിലായി പറോട്ടയും ബീഫും മുട്ടയും ചായയും ഒക്കെ കിട്ടുന്ന ഒരു കഫെയും ഉണ്ടായി. സെമ്പായ് ശിവദാസൻ അല്ലെങ്കിൽ സെമ്പായ് ശിവ എന്നാണ് മാസ്റ്റർ അറിയപ്പെട്ടത്.
(യോഗി ശിവൻ)
ശിവദാസന്റെ
അനുജൻ ജയചന്ദ്രൻ, വക്കം സ്കൂളിലെ വിദ്യാർത്ഥികളായ
അജി, രമണീഷ്, അതുൽ തുടങ്ങി കുറെ വിദ്യാർഥികൾ അവിടെ തുടർച്ചയായി പഠിക്കുകയും ബ്ലാക്ക് ബെൽറ്റ് എടുക്കുകയും ചെയ്തു. വളരെയധികം അച്ചടക്കമുള്ള സ്ഥാപനമായിരുന്നു അത്. വക്കം പോലുള്ള ഒരു ഗ്രാമത്തിൽ നസീർ എന്ന് പറഞ്ഞാൽ ഉടൻ ഉമ്മർ എന്ന് കൂടി പറയുമല്ലോ. അതുകൊണ്ടു തന്നെ കാമ എന്ന സ്ഥാപനത്തിന് സമാന്തരമായി മറ്റൊരു സ്ഥാപനം കൊല്ലിമുക്കിനടുത്ത് തോപ്പിലേയ്ക്ക് തിരിയുന്ന ഇടത്തിൽ ഒഴിഞ്ഞു കിടക്കുന്ന ഒരു പുരയിടത്തിൽ ആരംഭിച്ചു. പുറത്ത് നിന്ന് വന്ന ഒരു മാസ്റ്റർ ആയിരുന്നു അവിടെ പഠിപ്പിച്ചത്. കാമയിൽ ഷോട്ടോകാൻ ആയിരുന്നു ശൈലിയെങ്കിൽ ഇവിടെ ഷിറ്റോ റിയൂ ആയിരുന്നു ശൈലി.എന്തായാലും ഇത്തരമൊരു സമാന്തര കരാട്ടെ സ്കൂൾ ഉണ്ടാകാൻ
കാരണം ഈ രംഗത്ത് സെമ്പായ്
ശിവയ്ക്ക് ഉണ്ടായിരുന്ന മേൽക്കൈ ആയിരുന്നു എന്നാണ് പറഞ്ഞത്. തികഞ്ഞ അച്ചടക്കം പുലർത്തുന്ന ഒരു കലാകാരൻ കൂടി ആകയാൽ യാതൊരു വിധ കുരുത്തക്കേടുകളും അദ്ദേഹം അനുവദിച്ചിരുന്നില്ല. അതിനാൽത്തന്നെ ദൈവപ്പുരയിലെ ഉത്സവത്തിന് 'ശിവദാസനെ അടിക്കണം' എന്നൊരു കിംവദന്തി പരന്നിരുന്നു. അടിച്ചോ അടിയ്ക്കാൻ ചെന്നവർ ആശുപത്രിയിൽ ആയോ എന്നൊന്നും അറിയില്ല. പുഞ്ചിരിയോടെ ശിവദാസൻ വീണ്ടും തന്റെ പ്രവർത്തനങ്ങളിൽ മുഴുകി. കൂടാതെ യോഗാ പരിശീലനം കുറേക്കൂടി തീവ്രമാക്കി.
ശിവദാസൻ
താമസിയാതെ വക്കത്തെ നാടോടിക്കഥകളിലെ ഒരു കഥാപാത്രം കൂടിയായി മാറുകയായിരുന്നു. പൊടുന്നനെ ശിവദാസൻ കരാട്ടെയൊക്കെ ഉപേക്ഷിച്ച്, പൊതുജനവുമായുള്ള സമ്പർക്കവും എല്ലാം വിട്ട് വീടിനടുത്തുള്ള ഒരിടത്ത് ഏകാന്തമായ ധ്യാനത്തിലാണെന്നു ആളുകൾ അറിഞ്ഞു. പലരും ചെന്നെങ്കിലും ധ്യാനത്തിലിരിക്കുന്ന ശിവദാസനെയല്ലാതെ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല. ക്രമേണ അയാൾ മെലിഞ്ഞു ശോഷിച്ചു. പഴയ ഗാഢമായ പേശികൾ എല്ലാം പോയി മറഞ്ഞു. ധ്യാനത്തിൽ നിന്നുണർന്ന ശിവദാസൻ യോഗി ശിവൻ എന്ന് അറിയപ്പെട്ടു. സ്വാമി ശിവജ്യോതി ധർമ്മാനന്ദ എന്ന സന്ന്യാസിയുടെ ശിഷ്യനായാണ് ശിവദാസൻ ധ്യാനത്തിലേയ്ക്ക് തിരിഞ്ഞത്. വേദോപനിഷിത്തുക്കളിൽ പ്രാവീണ്യം നേടുകയും സംസ്കൃതം സ്വായത്തമാക്കുകയും ചെയ്തു. വിദേശരാജ്യങ്ങളിൽ താമസിക്കുകയും ആത്മീയപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഇപ്പോൾ 'ഇൻഡിമസി' എന്ന ധ്യാനക്രിയയുടെ ഉപജ്ഞാതാവായ അതെ പേരുള്ള ഒരു സെന്റർ തിരുവനന്തപുരത്തു സ്ഥാപിച്ചു ആത്മീയപ്രവർത്തനങ്ങൾ നടത്തുന്നു. ബ്ലാക്ക് ബെൽറ്റ് ശിവദാസനിൽ നിന്ന് യോഗി ശിവനിലേക്കുള്ള പരിണാമം അത്ഭുതാവഹമാണ്. ശിവദാസന് ശേഷം പല മാസ്റ്റർമാരും വക്കത്ത്
കരാട്ടെ പഠിപ്പിച്ചിരുന്നു. അതൊന്നും കാമയുടെ നിലയിലേയ്ക്ക് ഉയർന്നില്ല. ക്രമേണ കാമയും ഇല്ലാതായി.
- ജോണി
എം എൽ










Comments
Post a Comment