ഒരു ഗ്രാമത്തിന്റെ കഥ 13: വക്കത്തെ സമാന്തരവിദ്യാഭ്യാസത്തിന്റെ കഥ
"കച്ച്
നഹി ദേഖാ തോ കുച്ച് നഹി
ദേഖാ." അമിതാഭ് ബച്ചൻ ഗുജറാത്ത് ടൂറിസത്തെ പ്രചരിപ്പിക്കുന്നതിനായി തയാറാക്കിയ പരസ്യത്തിൽ പറയുന്ന വാചകമാണിത്. കച്ച് കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ ഒന്നും കണ്ടിട്ടില്ല എന്നാണ് അതിന്റെ അർഥം. ഗുജറാത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഒരു ധവളഭൂമിയാണ് കച്ച്. സൈലന്റ് വാലിയുടെയും ഇടുക്കിയുടെയും ഗവിയുടെയും ഒക്കെ ഹരിതഭംഗി മനസ്സിൽ പേറിക്കൊണ്ട് കച്ച് കാണാനിറങ്ങിയാൽ നിങ്ങൾക്ക് വിഷാദമാകും വന്നു ഭവിക്കുക. അതവിടെ നിൽക്കട്ടെ. വക്കത്ത് ചില ട്യൂഷൻ ക്ലാസ്സുകൾ ഉണ്ടായിരുന്നു. അവയ്ക്കും കൂടി പറയാമായിരുന്നു പരസ്യവാചകമായിരുന്നു മേല്പറഞ്ഞതെന്ന് തോന്നും. 'ശങ്കരൻ സാറിന്റെ വീട്ടിൽ ഇംഗ്ലീഷ് പഠിച്ചില്ലെങ്കിൽ നിങ്ങൾ ഇംഗ്ലീഷെ പഠിച്ചിട്ടില്ല.' 'രാഘവൻ സാറിന്റെ വീട്ടിൽ പഠിച്ചിട്ടില്ലെങ്കിൽ നിങ്ങൾ ഹിന്ദിയേ പഠിച്ചിട്ടില്ല.' അങ്ങനെയൊക്കെയായിരുന്നു അന്നത്തെ മാതാപിതാക്കളും കുട്ടികളും പറഞ്ഞിരുന്നത്. എന്തായാലും വക്കം ഒരു സമാന്തര വിദ്യാഭ്യാസത്തിന്റെ ഗ്രാമം കൂടിയായിരുന്നു. മധുര കാണാത്തവർ മാട് എന്ന് പറയുന്നത് പോലെ ട്യൂഷൻ പഠിക്കാൻ പോകാത്തവനും മാടായിരുന്നു വക്കത്ത്. അങ്ങനെ അലഞ്ഞു തിരിയുന്ന ഒരുപാട് മാടുകളെ കാണാനാകുമായിരുന്നു. എന്നാൽ ട്യൂഷന് പോകുമായിരുന്ന മാടുകൾ ആകട്ടെ അലഞ്ഞു തിരിയുന്ന മാടുകളെ നോക്കി അസൂയ പൂണ്ടിരുന്നു. അങ്ങനെയെങ്കിൽ ഈ അധ്യായം വക്കത്തെ
ട്യൂഷൻ കേന്ദ്രങ്ങളെക്കുറിച്ച് ആകട്ടെ.
പണ്ട്
പണ്ടേ, അതായത് അമ്മമാരും അവരുടെ മൂത്ത പെൺമക്കളും ഓരോ വർഷവും ഒരേ സമയം പ്രസവിക്കുമായിരുന്ന ആ സുവർണ്ണ ഭൂതകാലത്തിലും
ഗ്രാമത്തിൽ ട്യൂഷൻ ക്ലാസ്സുകൾ ഉണ്ടായിരുന്നു. വക്കം സ്കൂളിൽ അന്ന്
നാലാം ക്ളാസ് വരെയേയുള്ളൂ.
അതായത് പ്രാഥമിക പഠനം. അത് കഴിഞ്ഞാൽ പിന്നെ അപ്പർ പ്രൈമറിയാണ് അഞ്ചാം ക്ലാസ്സ്. പക്ഷെ അന്ന് അതിനെ ഫസ്റ്റ്, സെക്കന്റ്, തേർഡ് എന്നിങ്ങനെ ഗീയർ കണക്കിനാണ് പറഞ്ഞിരുന്നത്. അത് മരുതൻ വിളാകം സ്കൂളിലെ ഉള്ളൂ.
പിന്നെ ഫോർത്ത്, ഫിഫ്ത്ത്, സിക്സ്ത് എന്നിങ്ങനെയാണ് ഇപ്പോഴത്തെ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകൾ വിശേഷിപ്പിച്ചിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ പലരും പത്താം ക്ലാസ്സ് അതായത് സിക്സ്ത് പാസാകുമ്പോഴോ തോക്കുമ്പോഴോ പതിനൊന്നു കൊല്ലം സ്കൂളിൽ കഴിച്ചു
കൂട്ടിയിരിക്കും. പിന്നെ മറ്റൊന്നും ചെയ്യാനില്ലാത്ത കാലമായതിനാൽ സ്കൂളിൽ പോകുന്നത്
തന്നെ ഒരു ദിവസം ഒന്ന് തീർന്നു കിട്ടുന്നതിന് വേണ്ടിയായിരിക്കും. പക്ഷെ ദോഷം പറയരുതല്ലോ. അന്ന് കുട്ടികൾക്കെല്ലാം പിടിപ്പത് പണിയുണ്ടായിരുന്നു. അമ്മമാർ നിത്യഗർഭിണികൾ ആയിരുന്നത് കാരണം രണ്ടു കാലിൽ നിവർന്നു നിൽക്കാൻ കഴിയുന്ന ഓരോ കുട്ടിയുടെയും ഇടുപ്പിൽ നാലുകാലിൽ ഇഴയുന്ന പരുവത്തിലുള്ള ഒരു കുട്ടി കൂടി കാണും. അത് ഒന്നുകിൽ സഹോദരനോ സഹോദരിയോ ആയിരിക്കും, അല്ലെങ്കിൽ അനന്തരവനോ അനന്തരവളോ ആയിരിക്കും. ഈ ഒരു സംഗതി
മാറ്റിയെടുക്കുന്നതിനു
വേണ്ടിയാണ് സർക്കാർ, ട്രാൻസ്പോർട്ട് ബസ്സിനുള്ളിൽപ്പോലും കുട്ടികൾ ഒന്നോ രണ്ടോ മതി എന്ന് എഴുതി വെച്ചത്.
പള്ളിക്കൂടത്തിൽ
പോകാൻ പരുവമാകുന്നതിന് മുൻപ് തന്നെ കുട്ടികളെ എഴുത്താശാൻറെ വീട്ടിൽ കൊണ്ട് ചെന്നാക്കും. അവിടെ നിലത്തെഴുതി പഠിപ്പിക്കലാണ് ആശാന്റെ ജോലി. അങ്ങനെ ആശാൻ പള്ളിക്കൂടം എല്ലാ ഗ്രാമങ്ങളിലും ഉണ്ടായിരിക്കും. മൂത്ത കുട്ടി അവിടെ പോയിത്തുടങ്ങുമ്പോൾ സ്വാഭാവികമായും ഇളയ കുട്ടിയും അനുഗമിക്കും. അങ്ങനെ മൂത്തകുട്ടിയും ഇളയകുട്ടിയും എഴുത്ത് ഒരേ സമയം പഠിച്ചു തുടങ്ങും. നിലത്തെഴുത്ത് പഠിച്ചിട്ടുള്ള കുട്ടികളുടെയെല്ലാം കയ്യക്ഷരം വളരെ നല്ലതായിരിക്കും എന്ന് വിശ്വസിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് കുട്ടികളുടെ കയ്യക്ഷരം നന്നാക്കുന്നതിനു വേണ്ടി ഉണ്ടാക്കിയതാണ് ഒറ്റ വര, ഇരട്ട വര, ഫോർ ലൈൻ അഥവാ നാല് വര നോട്ടു പുസ്തകങ്ങൾ.
ഒറ്റ വരയിലേയ്ക്ക് കേറണമെങ്കിൽ ഇരട്ടവരയിൽ എഴുതി ശീലിക്കണം. ഇംഗ്ലീഷ് അക്ഷരങ്ങൾ ആണെങ്കിൽ നാല് വരയിൽ എഴുതി ശീലിക്കണം. വലയത്തിലൂടെയുള്ള ഈ ചാട്ടം പഠിച്ചു
കഴിഞ്ഞാൽ ഒറ്റവരയിലോ വരയില്ലാത്ത നോട്ടുപുസ്തകത്തിലോ എഴുതാം. കണക്കിന് വരയില്ലാത്തതും മലയാളത്തിന് വരയുള്ളതുമാണ് നോട്ടു പുസ്തകം. കണക്ക് എങ്ങനെയെങ്കിലും പഠിച്ചാൽ മതിയെന്നായിരിക്കും. എന്തായാലും പാഠമെഴുത്ത് എന്നൊരു ഐറ്റം ഉണ്ട്. അത് പഴയ നിലത്തെഴുത്തിന്റെ പുതിയ രൂപമായിരുന്നു. ഒമ്പതാം ക്ലാസ്സ് വരെ പാഠമെഴുതണമായിരുന്നു. പത്താം ക്ളാസിൽ ആകുമ്പോൾ
ഒന്ന് നടുനിവർക്കാം. പക്ഷെ ഏഴാം ക്ളസ്സൊക്കെ ആകുമ്പോഴാണ് പെൻസിലിൽ നിന്ന് പേനയിലേയ്ക്ക് ഒരു സ്ഥാനക്കയറ്റം കിട്ടുന്നത്.
മിക്കവാറും
ആദ്യത്തെ ബാൾ പോയിന്റ് പേന എന്ന് പറയുന്നത് ഏറ്റവും വില കുറഞ്ഞ ഒന്നായിരിക്കും. പേനയായിരുന്ന അത് കാമ്പ് മാത്രം ആകുന്ന പരിവർത്തനം നമുക്ക് നേരിട്ട് കാണാമായിരുന്നു. കാമ്പ് എന്നാൽ റീഫിൽ എന്നാണ് അർഥം. കാമ്പ് കൊണ്ടെഴുതി തുടങ്ങിയാൽ പിന്നെ ഷർട്ടും നിക്കറും പാവാടയും നോട്ടുബുക്കുമെല്ലാം ഒരിക്കലും മായാത്ത മഷി കൊണ്ട് ആറാട്ടായിരിക്കും. കാരണം എഴുതി എഴുതി മഷി തീരുമ്പോൾ അത് തീർന്നോ എന്നറിയാൻ അതിന്റെ മുന ഊരി നോക്കുകയോ അല്ലെങ്കിൽ ഒരു ഈർക്കിൽ കൊണ്ട് പുട്ടു കുത്തുന്നത് പോലെ കുത്തി നോക്കുകയോ ചെയ്യുമായിരുന്നു. ഗൾഫുകാർ നാട്ടുകാർക്ക് സൗജന്യമായി കൊടുക്കുന്ന സമ്മാനങ്ങളിൽ നീല അടപ്പുള്ള കാമ്പ് പേന ഉണ്ടായിരുന്നു. മഹാഭാരത യുദ്ധം പോലെ ആദ്യമാദ്യം നിയമപ്രകാരം എഴുതിത്തുടങ്ങുന്ന ഈ പേനകളും ഒടുവിൽ
എല്ലാ നിയമവും തെറ്റിച്ചു പൊട്ടിയൊലിച്ചു നാനാവിധമാകുന്നത് കാണാം. ഭാഗ്യമുള്ളവർക്ക് മഷിപ്പേന കിട്ടും. അഞ്ചു തരം മഷിപ്പേനകളാണ് അക്കാലത്തുള്ളത്. ഒരു സൂചിത്തുമ്പ് പോലെ മുനയുള്ള ഹീറോ പേന. പരന്ന് അറ്റം കൂർത്തത് പൈലറ്റ്. അധ്യാപകർ പാർക്കർ എന്നൊക്കെ പറഞ്ഞു കേട്ടിട്ടുള്ളതാണ് മൂന്നാമത്തേത്. ഗൾഫുകാരാണ് പേനയുടെ കാര്യത്തിൽ ബ്രാഹ്മണരും ക്ഷത്രിയരും. വൈശ്യർക്ക് പറഞ്ഞിട്ടുള്ളത് ബിസ്മി എന്ന പേനയാണ്. ശൂദ്രർക്കാകട്ടെ ജൂബിലി എന്ന പേനയും. പഞ്ചമർക്ക് ഇന്നത് തന്നെയെന്നില്ല. നിനക്കുള്ളതെല്ലാം എനിക്കുള്ളതല്ലേ എന്നതാണ് അവരുടെ പോളിസി. എന്തായാലും ഈ പേനകളെല്ലാം ഒരാഴ്ചയ്ക്കുള്ളിൽ
ഒലിച്ചു തുടങ്ങും. ബ്രിൽ എന്നും ക്യാമൽ എന്നും ക്യാംലിൻ എന്നും ചെൽപ്പാർക്ക് എന്നും പേരുള്ള മഷിയാണ്. കുട്ടികൾക്ക് പേന ഊരി നോക്കുക, റിപ്പയർ ചെയ്യുക, കഴുകി വൃത്തിയാക്കുക എന്നിങ്ങനെയുള്ള വിനോദം ഉള്ളതിനാൽ ഒരുകാലത്തും അവരുടെ തള്ളവിരൽത്തുമ്പിൽ നിന്നും ചൂണ്ടുവിരലറ്റത്തു നിന്നും മഷിപ്പാടൊഴിഞ്ഞ സമയം ഉണ്ടായിട്ടില്ല.
ആശാൻ
പള്ളിക്കൂടങ്ങളുടെ കാലം കഴിയുകയും ഗ്രാമജീവിതങ്ങളുടെ സ്വഭാവം മാറുകയും കുട്ടികളുടെ എണ്ണം ദമ്പതികളൊന്നിന് രണ്ടോ മൂന്നോ നാലോ ഒക്കെയായി കുറയുകയും ചെയ്ത സാഹചര്യത്തിൽ ഈ മഷിക്കളിക്കാരെയൊക്കെ ഏതെങ്കിലും ട്യൂഷൻ
പള്ളിക്കൂടത്തിൽ കൊണ്ട് വിടുക എന്നൊരു ആവശ്യം വന്നു. അങ്ങനെയാണ് തൊഴിലില്ലാതെ, സിക്സ്ത് പാസായി നിൽക്കുന്ന അണ്ണന്മാരും ചേച്ചിമാരും ഒക്കെ ട്യൂഷൻ ക്ളാസ്സുകൾ ആരംഭിക്കുന്നത്.
ഗ്രാമത്തിലെ ആദ്യകാല ട്യൂഷൻ ക്ലാസ്സുകളിൽ പ്രധാനം സുകുമാരൻ മുതലാളിയുടെ റേഷൻ കടയുടെ എതിർ വശത്തുള്ള ഇടവഴിയെ പുത്തൻ നടയിലേയ്ക്ക് പോകുമ്പോൾ ആനന്ദൻ മുതലാളിയുടെ വീട് എത്തുന്നതിന് മുൻപുള്ള പുരയിടത്തിലെ ഒരു പഴയ വീട്ടിൽ നടന്നു വന്ന ട്യൂഷൻ ക്ലാസ്സാണ്. സർവ്വമാന കുട്ടികളെയും മാതാപിതാക്കൾ അവിടെ കൊണ്ട് വിടും. ഔദ്യോഗികമായി സ്കൂളിൽ ചേർന്നവരും
അല്ലാത്തവരും ഒക്കെയായി വലിയൊരു സംഘം കുട്ടികൾ അവിടെ കാണും. അവർ എന്ത് പഠിക്കുന്നു എന്നതല്ല പ്രധാനം; അവർ അവിടെ അത്രയും സമയം ഇരിക്കുന്നു എന്നുള്ളതാണ്. പശുക്കുട്ടികൾ ഓടുന്നതും ചാടുന്നതും മരങ്ങളിൽ കിളികൾ വരുന്നതും പോകുന്നതും കിണറ്റിൽ പാള ഇറങ്ങിപ്പോകുന്നതും കയറി വരുന്നതും ഒക്കെ കണ്ടു കുട്ടികൾ അവിടെ ഇരിക്കും. പഴയ ആശാൻ പള്ളിക്കൂടത്തിൽ നിലത്തെഴുത്തായിരുന്നെങ്കിൽ
ഇവിടെ സ്ലേറ്റിലും നോട്ടു ബുക്കിലും ഒക്കെ എന്തെങ്കിലും എഴുതുക എന്നതാണ് പ്രധാനം. എന്താണ് എഴുതിയിരുന്നതെന്ന് ആർക്കും ഓർമ്മയുണ്ടാകില്ല. പഠിപ്പിക്കുന്ന ചേച്ചിയ്ക്ക് പോലും.
കുഞ്ഞിക്കൂനൻ
എന്ന സിനിമയിൽ ദിലീപിന്റെ കൂനൻ കഥാപാത്രം താൻ എന്തുകൊണ്ടാണ് എസ് ടി ഡി ബൂത്ത്
നടത്തുന്നതെന്നും കമിതാക്കൾക്ക് സൗജന്യമായി വിളിക്കാൻ അവസരം നൽകുന്നതെന്നും വിശദീകരിക്കുന്നുണ്ട്: പശുവിന്റെ കടിയും മാറും കാക്കയ്ക്ക് കൊറിയ്ക്കാനും കിട്ടും എന്നാണ് പറയുന്നത്. അത് പോലെയാണ് വീട്ടുകാർ ട്യൂഷൻ ക്ളാസ്സുകളിൽ കുട്ടികളെ
അയച്ചിരുന്നത്. അവിടത്തെ ബേബിയ്ക്ക് അഞ്ചു കാശും കിട്ടും പിള്ളേരുടെ കുരുത്തക്കേട് വീട്ടിൽ നിന്ന് കുറെ നേരത്തേക്കെങ്കിലും അകന്ന് നിൽക്കുകയും ചെയ്യും. എന്നാൽ കാലക്രമത്തിൽ ട്യൂഷൻ പഠിക്കലിനും പഠിപ്പിക്കലിനും പുതിയ മാനങ്ങൾ വന്നു. എഴുപതുകളോടെ വക്കം എന്ന ഗ്രാമത്തിലെ സാമ്പത്തികവും സാമൂഹികവുമായ ബന്ധങ്ങളിൽ ചില മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഗൾഫിൽ ആദ്യമായി പോയ ആളുകളുടെ വീടുകളിൽ അല്പമെങ്കിലും പണം വന്നു തുടങ്ങിയ നാളുകൾ. അടുത്ത തലമുറയെ നന്നായി വിദ്യാഭ്യാസം ചെയ്യിക്കണം എന്ന ആഗ്രഹം ഈ മാതാപിതാക്കൾക്കുണ്ടായിരുന്നു. മുസ്ലിം സമുദായത്തിൽ കുറഞ്ഞ പക്ഷം ഡിഗ്രി വരെയെങ്കിലും പഠിപ്പിക്കണം എന്ന ആഗ്രഹം വളർന്നു തുടങ്ങി. ഹിന്ദു സമുദായത്തിലാകട്ടെ സർക്കാർ ജോലി ലഭിക്കുന്നതിന് അടിസ്ഥാന വിദ്യാഭ്യാസവും ഡിഗ്രിയും വേണം എന്ന ആഗ്രഹം മുളച്ചു തുടങ്ങി. എന്നാൽ ഈ രണ്ടു സമുദായങ്ങളിലെയും
തൊട്ടു മുന്നിലെ തലമുറയ്ക്ക് കുട്ടികളെ പഠിപ്പിക്കാൻ വേണ്ട വിദ്യാഭ്യാസം സിദ്ധിച്ചിരുന്നില്ല. അതിനാൽ കുട്ടികളെ എങ്ങനെയെങ്കിലും നല്ല വിദ്യാഭ്യാസം ലഭിക്കുന്ന ഒരു തലമുറയിലെ അംഗങ്ങൾ ആക്കണം എന്ന ആഗ്രഹം അവരിൽ മുളച്ചിരുന്നു. അതിനാൽ സ്കൂൾ വിദ്യാഭ്യാസത്തിന്
പുറമെ, അതിൽത്തന്നെ മെച്ചപ്പെട്ട മാർക്ക് ലഭിക്കുന്നതിനായി ട്യൂഷൻ ക്ളാസ്സുകളിൽ കുട്ടികളെ
അയക്കാൻ തുടങ്ങി.
പ്രൈമറി
ക്ളാസ്സുകളിലെ ട്യൂഷൻ വക്കത്ത് പല വീടുകളിലും ഉണ്ടായിരുന്നു.
എവിടെയൊക്കെ വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ വിവാഹിതരാകാതെ ആ സുദിനം കാത്ത്
കഴിഞ്ഞിരുന്നുവോ അവിടെയെല്ലാം ഓരോ ട്യൂഷൻ ക്ളാസ് ഉണ്ടായിരുന്നു.
എങ്കിലും റൈറ്റർ വിള സ്കൂളിലേക്ക് തിരിയുന്ന
ഇടവഴി കഴിഞ്ഞ് അരുണോദയാ വീടിനും അപ്പുറത്തായി, ശീമക്കൊന്നകൾ അതിരിട്ട ഒരു ഒരു പുരയിടത്തിന്റെ മധ്യത്തായി ഒരു പഴയ വീടുണ്ടായിരുന്നു. ആ മുറ്റത്ത് പഞ്ചാര
മണൽ വിരിച്ചിരുന്നു. അക്കാലത്ത് എല്ലാ വീടുകളുടെയും മുന്നിൽ മണലുള്ള മനോഹരമായ മുറ്റങ്ങൾ ഉണ്ടായിരുന്നു. ആ മുറ്റത്തു നിന്ന്
ഒരു തിണ്ണയിലേയ്ക്കും അവിടെ നിന്ന് തുറന്ന ഒരു ഇറയത്തേയ്ക്കുമായിരുന്നു കയറാമായിരുന്നത്. ചില പ്ലാവുകളിൽ ചക്ക ഇറുങ്ങനെ കായ്ച്ചു കിടക്കുന്നത് പോലെ അവിടെ കുട്ടികൾ കൂടിയിരുന്നു. ആ പ്ലാവിന്റെ തായ്തടിയായിരുന്നു
സുരേഷ് എന്ന യുവാവ്. എവിടെ പോകുന്നു എന്ന് ഏതു കുട്ടിയോട് ചോദിച്ചാലും, സുരേഷ് സാറിന്റെ വീട്ടിൽ എന്ന ഉത്തരം കിട്ടുമായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു സുരേഷ് സാറിന്റെ പ്രശസ്തി. റൈറ്റർ വിള സ്കൂളിൽ പഠിച്ചിരുന്ന
മിക്കവാറും എല്ലാ കുട്ടികളും സുരേഷ് സാറിന്റെ വീട്ടിൽ ട്യൂഷൻ പഠിച്ചിരുന്നു. പിൽക്കാലത്ത് സുരേഷ് സാർ വീനസ് എന്ന ട്യൂട്ടോറിയൽ അധ്യാപകനായി. അതിനു ശേഷം വക്കം സൊസൈറ്റി എന്നറിയപ്പെടുന്ന സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥനായി. ഒരു പക്ഷെ ബാങ്ക് സന്ദർശിക്കുമായിരുന്ന എല്ലാ യുവതികളും യുവാക്കളും പ്രൈമറി പഠനവേളയിൽ സുരേഷ് സാറിന്റെ വിദ്യാർഥികൾ ആയിരുന്നിരിക്കാം.
ഇംഗ്ലീഷ്
ഭാഷ ജീവിതോന്നതിയിലേക്കുള്ള ഒരു പടവായിരുന്നു. ആ ഭാഷയിലെ പ്രാവീണ്യമായിരുന്നു
ഭാവിയെ നിശ്ചയിക്കുന്നതെന്ന് എല്ലാവരും കരുതിയിരുന്നു. അക്കാലത്താണ് അങ്ങാടി എന്ന സിനിമയിൽ ജയൻ ഇംഗ്ലീഷ് പറഞ്ഞത്. "വാട്ട് ഡിഡ് യു സെ? ബഗേഴ്സ്? മേ ബി വി
ആർ പൂവർ, കൂലീസ്, ട്രോളി പുള്ളേർസ്, ബട്ട് വി ആർ നോട്ട്
ബഗേര്സ്. യു എന്ജോയ് ദിസ്
സ്റ്റാറ്റസ് ഇൻ ലൈഫ് ബിക്കോസ്
ഓഫ് ഔർ സ്വെറ്റ് ആൻഡ്
ബ്ലഡ്. ലെറ്റ് ഇറ്റ് ബി ദി ലാസ്റ്റ്
ടൈം. ഇഫ് യു ഡെയർ ട്ടോ
സെ ഒൺ മോർ ടൈം
ഐ വിൽ പുൾ ഔട്ട് യുവർ ബ്ലഡി ടങ്." ഈ ഡയലോഗ് കേട്ട്
കയ്യടിക്കാത്തവർ ആരുമുണ്ടായിരുന്നില്ല അന്ന് മലയാളികളായി. ഒരു കൂലിക്കാരൻ ഇംഗ്ലീഷ് പറയുക! മലയാളിയുടെ ആത്യന്തികമായ അഭിലാഷത്തിന്റെ ഒരു പ്രതിഫലനമായിരുന്നു ടി ദാമോദരൻ തിരക്കഥ
എഴുതി ഐ വി ശശി
സംവിധാനം ചെയ്ത അങ്ങാടിയിലെ ആ രംഗത്തിൽ കണ്ടത്.
അതിനാൽ ഇംഗ്ലീഷ് വിദ്യാഭ്യാസം എന്നത് പരമപ്രധാനമായിരുന്നു. അന്ന് ഗ്രാമത്തിൽ ഇംഗ്ലീഷ് സ്കൂളുകൾ ഇല്ല.
അതിനാൽ അധ്യാപകരുടെയും സമ്പന്നരുടെയും മക്കൾ പോലും ഗ്രാമത്തിലെ സ്കൂളുകളിൽ തന്നെയാണ്
പഠിച്ചിരുന്നത്. എങ്കിലും ഇംഗ്ലീഷ് പഠിക്കുക എന്നത് ഒരു അത്യാവശ്യ കാര്യമായി എല്ലാവരും കണ്ടു. അതോടെ പൽ ഇംഗ്ലീഷ് സ്പെഷ്യൽ ട്യൂഷൻ ക്ളാസ്സുകളും സജീവമായി.
മുക്കാലുവട്ടത്ത്
നിന്ന് വലത്തോട്ട് തിരിഞ്ഞാൽ കുമാരനാശാന്റെ കവിതകളിൽ ഒക്കെ കാണുന്നത് പോലെ ചെറിയൊരു അമ്പലവും അതിനു മുകളിലായി പടർന്നു നിൽക്കുന്ന ചെമ്പക മരവും കാണാം. അതിൽ എപ്പോഴും പൂക്കൾ ഉണ്ടാകും. കുറെയെണ്ണം തറയിൽ വീണു കിടക്കും. നല്ല മണമാണ് ആ പ്രദേശത്തിന്. ആ
ക്ഷേത്രം കടന്ന് താഴേയ്ക്കിറങ്ങിയാൽ വേറൊരു ലോകമായി. തെങ്ങുകളും ചീലാന്തികളും നിറഞ്ഞു നിൽക്കുന്ന പുരയിടത്തിനിടയിലൂടെ നടന്നു നടന്നു തെളിഞ്ഞ ഒരു താരയുണ്ട്. അതൊരു വഴിയായി ഇനിയും മാറിയിട്ടില്ല. അത് ചെന്ന് മുട്ടുന്നത് ഒരു കുളത്തിലാണ്; വെണ്മണയ്ക്കൽ കുളം എന്നാണതിന്റെ പേര്. മുക്കാലുവട്ടത്തെ തൂക്കവില്ല് പാകമാകാൻ താഴ്ത്തിയിടുന്നത് ഈ കുളത്തിൽ ആണെന്നാണ്
പറയുന്നത്. കുളത്തിന്റെ ഒരറ്റത്ത് കുളിക്കടവാണ്. പടവുകൾ ഒന്നും ഇല്ലെങ്കിലും തുണി കഴുകാനുള്ള കല്ലും ഒക്കെയായി അതൊരു കടവാണെന്ന് തോന്നും. കുട്ടികൾ അതിൽ തുടിച്ചു നീന്തും. ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളും വൈകുന്നേരമാകുമ്പോൾ അവിടെ കഴുകാനും കുളിക്കാനും ഒക്കെയായി വരും. വരുന്നവരൊക്കെ വളരെ നിശബ്ദമായാണ് കാര്യങ്ങൾ നിർവഹിക്കുന്നത്. തുടിച്ചു നീന്തിക്കുളിക്കുന്ന കുട്ടികൾ പോലും അധികം ബഹളമുണ്ടാക്കാറില്ല. അതിനു കാരണം ആ കുളത്തിനു തൊട്ടു
മുകളിലായി ഇരിക്കുന്ന വീടാണ്.
അതാണ്
വെണ്മണക്കൽ ശങ്കരൻ സാറിന്റെ വീട്. വെളുത്ത ഷർട്ടും മുണ്ടും സ്വർണ്ണ ഫ്രയിമുള്ള കണ്ണടയുമൊക്കെയായി ശങ്കരൻ സാറിനെ നാട്ടിൽ അപൂർവമായി കാണാറുണ്ട്. പക്ഷെ നാട് മുഴുവൻ, അല്ലെങ്കിൽ നാട്ടിലെ കുട്ടികൾ മുഴുവൻ സാറിനെ കാണാൻ അങ്ങോട്ട് ചെല്ലാറുണ്ട്. സാറാണ് വക്കത്തെ അതുല്യനായ ഇംഗ്ലീഷ് അധ്യാപകൻ. അവിടെ ഇംഗ്ലീഷ് പഠിക്കാൻ പോകാത്തവർക്ക് ആ ഭാഷയിൽ വലിയ
ജ്ഞാനമുണ്ടാകാൻ വഴിയില്ലെന്ന് കരുതിയിരുന്നു. എന്തായാലും ഗ്രാമത്തിലെ മിക്കവാറും കുട്ടികൾ അവിടെ എത്തി. ഗ്രാമർ ആണ് ശങ്കരൻ സാർ പഠിപ്പിക്കുന്നത്. എഴുതിയും ചൊല്ലിയും കുട്ടികൾ എത്രയോ വർഷങ്ങൾ അത് ഹൃദിസ്ഥമാക്കി. കുളത്തിൽ കുളിക്കാൻ വരുന്ന ആളുകൾക്ക് പോലും ഇംഗ്ലീഷ് ജ്ഞാനമുണ്ടാകും എന്ന് ആളുകൾ പറഞ്ഞു. സാറിന് രണ്ടു ആണ്മക്കളാണുള്ളത്. നിർമ്മൽ ദാസും സുരേഷും. നിർമ്മൽ ദാസ് പിൽക്കാലത്ത് ട്യൂട്ടോറിയൽ കോളേജ് അധ്യാപകനായും ബിസിനസുകാരനായും തുടർന്നു. സുരേഷ് സിവിൽ സപ്ലൈസ് കോർപറേഷനിൽ ഉയർന്ന ഉദ്യോഗം വഹിച്ചു. ശങ്കരൻ സാർ പഠിപ്പിച്ച കുട്ടികളിൽ മിക്കവാറും എല്ലാവര്ക്കും ഇംഗ്ലീഷിന് നല്ല മാർക്ക് നേടാൻ കഴിഞ്ഞു. ചില കുട്ടികൾക്ക് സാമ്പത്തിക കാരണങ്ങളാൽ അവിടെ പഠിക്കാൻ പോകാൻ കഴിഞ്ഞില്ല. എങ്കിലും അവർ പിൽക്കാലത്ത് വിദേശരാജ്യങ്ങളിൽ ഉദ്യോഗസ്ഥരായി പോയതിനു ശേഷം ആ ഭാഷ വളരെ
മനോഹരമായി കൈകാര്യം ചെയ്യുന്നവരായി മാറി എന്നതാണ് സത്യം.
ഇംഗ്ലീഷ്
ലോകഭാഷയാണെങ്കിൽ ഹിന്ദി രാഷ്ട്രഭാഷയാണല്ലോ. രാഷ്ട്രഭാഷയുടെ പ്രചാരണത്തിന് വേണ്ടി ജീവിതം സമർപ്പിച്ച മറ്റൊരു അധ്യാപകൻ ഉണ്ടായിരുന്നു വക്കത്ത്; മേലാർക്കഴികത്തു രാഘവൻ സാർ. ശങ്കരൻ സാർ അച്ചടക്കത്തിന്റെ മൂർത്തീകരണമാണെങ്കിൽ അതിന് വിപരീതമായിരുന്നു രാഘവൻ സാർ. ഒരു പി കുഞ്ഞിരാമൻ നായർ
കവി ശൈലിയായിരുന്നു അദ്ദേഹത്തിന്. അക്കാലത്ത് മൂന്ന് തരത്തിലുള്ള ഹിന്ദി പഠനമാണ് ഉണ്ടായിരുന്നത്. ഒന്ന് സ്കൂളിലെ ഹിന്ദി
പാഠങ്ങൾ. രണ്ടാമത്തേത് സ്കൂളിലെ തന്നെ
സുഗമ ഹിന്ദി പരീക്ഷ. സ്കൂളിലെ പാഠങ്ങൾ
തന്നെ കുറേക്കൂടി വിപുലമായി നടത്തുന്ന പരീക്ഷയാണത്. പിന്നെയുള്ളതാണ് ഹിന്ദി പ്രചാര സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾ. അതാണ് രാഘവൻ സാർ പഠിപ്പിക്കുന്നത്. വെളുത്ത ഷർട്ടും മുണ്ടും അലസമായി ധരിച്ച് രാഘവൻ സാർ ചന്തയിലൊക്കെ പോകും. പക്ഷെ വീട്ടിൽ വന്നാലുടൻ ഒരു മുണ്ടു മാത്രം ഉടുത്ത് വരുന്ന കുട്ടികളെയെല്ലാം ചുറ്റും ഇരുത്തും. പ്രാഥമികം, മധ്യമം, രാഷ്ട്രം, വിദ്വാൻ, വിശാരദ് എന്നിങ്ങനെയായിരുന്നു ഗ്രേഡുകൾ. കുട്ടികൾ സാറിനോട് ഒരു അപ്പൂപ്പനാന്റെ അരികിലെന്ന പോലെ ചേർന്നിരിക്കും. എഴുതിപ്പടിക്കുന്ന കുട്ടികൾ വിശാലമായ ആ പറമ്പിൽ എവിടെ
വേണമെങ്കിലും ഇരിക്കും. കിണറിന്റെ ആളോടിയിൽ, മരച്ചുവട്ടിൽ, അടുക്കളയുടെ അരികിൽ, മുറ്റത്ത്.. രാഘവൻ സാറിന് മൂന്ന് ആണ്മക്കളും ഒരു മകളുമാണ്. പ്രിയദർശി, സമദർശി, സുനു അണ്ണൻ, സുരഭി ചേച്ചി എന്നിവർ. മൂത്തയാൾ ഡോക്ടർ ആയിരുന്നു. അവരെല്ലാവരും സാർ ഇല്ലാത്തപ്പോൾ ഹിന്ദി പഠിപ്പിച്ചിരുന്നു. സാറിന്റെ ഭാര്യ പോലും ഹിന്ദി കേട്ട് കേട്ട് ഹിന്ദി പറയുന്നവരായി മാറിയിരുന്നു. പഠിക്കാൻ വരുന്ന കുട്ടികളെയെല്ലാം സ്വന്തം കുട്ടികളായി ആ കുടുംബം ഒന്നാകെ
കണ്ടിരുന്നു എന്നതായിരുന്നു അവിടത്തെ പ്രത്യേകത.
വക്കം
സ്കൂളിലെ അധ്യാപികയായിരുന്ന ജ്യോതിക്ഷ്മതി ടീച്ചറുടെ ഭർത്താവ് രാഘവൻ സാറും അവരുടെ മക്കളും ട്യൂഷൻ പഠിപ്പിച്ചിരുന്നു. സ്കൂൾ അവധിക്കാലത്താണ്
അവിടെ തിരക്ക് വർധിക്കുന്നത്. എല്ലാ വിഷയങ്ങളും പഠിക്കണം എന്നുണ്ടെങ്കിൽ ആ വീട്ടിലാണ് കുട്ടികൾ
പോകുന്നത്. ഇംഗ്ലീഷും ഹിന്ദിയും പോലെ ബാലി കേറാമലയാണ് കണക്ക്. അത് പഠിപ്പിക്കാൻ പലരും ധൈര്യപ്പെട്ടില്ല. ഇനി അഥവാ ധൈര്യപ്പെട്ടിരുന്നെങ്കിൽ അത് കുട്ടികൾക്ക് നല്ല റിസൾട്ട് കൊടുക്കാൻ കഴിയും എന്നുറപ്പുള്ള അധ്യാപകർ മാത്രമായിരുന്നു. കണക്ക് എന്ന വിഷയം കടുപ്പമായിരുന്നതിനാൽ അത് പഠിപ്പിച്ചിരുന്ന അധ്യാപകരെല്ലാം കടുപ്പക്കാരാണെന്ന് കരുതിയിരുന്നു. സ്വകാര്യ ട്യൂഷൻ കണക്കിന് കുറവായിരുന്നു. അതിനാൽ സ്കൂൾ അധ്യാപകർ
തന്നെ വീട്ടിൽ ട്യൂഷൻ എടുത്തിരുന്നു. അത് പൂർണ്ണമായും ഇന്നത്തെപ്പോലെ പണമുണ്ടാക്കാൻ ആയിരുന്നില്ല.സി ചെറിയൊരു ഫീസ്
കൊടുത്താൽ മതിയായിരുന്നു. പക്ഷെ വളരെ കുറച്ചു പേരെ മാത്രമേ അവർ പഠിപ്പിച്ചിരുന്നുള്ളൂ. അതിനു കാരണം വീടുകളിൽ വെച്ചായിരുന്നു അധ്യാപനം നടത്തിയിരുന്നത് എന്നതാകണം. കണക്ക് ഗോപി സാർ എന്ന് തന്നെ പേരുള്ള ഗോപി സാർ ആണ് ഇവരിൽ പ്രമുഖൻ. ഗോപി സാറിന്റെ വീട്ടിൽ കണക്ക് പഠിക്കുക എന്ന കാര്യം അഭിമാനമായി കരുതിയിരുന്നവർ ഉണ്ടായിരുന്നു. അണയിലെ പ്രഭാകരൻ സാർ കണക്കിന്റെ ഉസ്താദ് ആയിരുന്നു. അദ്ദേഹം കേവലം ഒരു ഗണിതശാസ്ത്രാധ്യാപകൻ ആയിരുന്നില്ല; ഒരു കണ്ടുപിടുത്തക്കാരൻ കൂടിയായിരുന്നു. അബാക്കസ് എന്ന ഗണിതവിദ്യ പ്രചാരത്തിൽ എത്തുന്നതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് അദ്ദേഹം മുത്തുകൾ
പിടിപ്പിച്ച ഒരു ചട്ടം ഉപയോഗിച്ച് കമ്പ്യൂട്ടിങ്ങിന്റെ മാസ്മരവിദ്യ കുട്ടികളെ പഠിപ്പിച്ചിരുന്നു
എന്ന് മാത്രമല്ല പല സ്‌കൂളുകളിലെയും ശാസ്ത്രപ്രദര്ശനങ്ങളിൽ കുട്ടികളുടെ സഹായത്തോടെ
ഈ കമ്പ്യൂട്ടിങ് വിദ്യ അദ്ദേഹം അവതരിപ്പിച്ചിരുന്നു.
വക്കം
സ്കൂളിലെ വിദ്യാർത്ഥികളുടെ എക്കാലത്തെയും പേടി സ്വപ്നവും എന്നാൽ പെൻഷൻ ആയതിനു ശേഷം ആ വിദ്യാര്ഥികളുടെയെല്ലാം പ്രിയങ്കരനായ അധ്യാപകനും ആയ സുരേന്ദ്രൻ സാർ
അദ്ദേഹത്തിന്റെ തോപ്പിക്കവിളാകത്തുള്ള രണ്ടു നില വീട്ടിൽ വെച്ച് കുറെ വിദ്യാർത്ഥികൾക്കായി കണക്ക് പഠിപ്പിച്ചു കൊടുത്തിരുന്നു. ഔപചാരികമായ രീതിയിൽ അതൊരു ട്യൂഷൻ പഠിപ്പിക്കൽ ആയിരുന്നില്ല. പഠിപ്പിച്ചാൽ ശരിയാകാൻ സാധ്യതയുണ്ട് എന്ന് അദ്ദേഹത്തിന് തോന്നിയ ചില കുട്ടികളെ പഠിപ്പിച്ചിരുന്നുവെന്ന് മാത്രം. ഇതൊന്നും സാധാരണ ട്യൂഷൻ ക്ളാസ്സിലെപ്പോലെ ഫീസ്
വാങ്ങിക്കൊണ്ടു കർശനമായ ഫീസ് ഘടന നിലനിർത്തിക്കൊണ്ടോ ആയിരുന്നില്ല. ഇതുപോലെ ഇംഗ്ലീഷിന് ട്യൂഷൻ നൽകിയിരുന്ന അധ്യാപകനായിരുന്നു റിസാ സാർ. ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനും പ്രിൻസിപ്പലും ഒക്കെയായിരുന്നു റിസാ സാർ ഉഴപ്പന്മാർ ആകാൻ സാധ്യതയുള്ള വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുത്തു എന്ന് മാത്രമല്ല, അവർ രാത്രി കുറഞ്ഞ പക്ഷം ഒമ്പത് മണി വരെ പഠിക്കുന്നുണ്ട് എന്നുറപ്പ് വരുത്താൻ മിന്നൽ സന്ദർശനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതൊക്കെയാണെങ്കിലും കണക്കിന് ഏറ്റവും പ്രശസ്തനായ സ്വകാര്യ അധ്യാപകൻ എന്ന് എല്ലാവരും അംഗീകരിച്ചിരുന്നത് കണക്ക് സുജാതൻ സാറിനെ ആയിരുന്നു. ദൈവപ്പുരയ്ക്കടുത്തുള്ള സുജാതൻ സാർ വീനസ് ട്യൂട്ടോറിയലിലെ കണക്കിന്റെ മാസ്റ്റർ ആയിരുന്നു. പിന്നീട് അദ്ദേഹം തോപ്പിക്കവിളാകത്തിനടുത്ത് പണ്ട് ഒരു ടൈപ് റൈറ്റിംഗ് ഇൻസ്റ്റിട്യൂട്ട് നടന്നിരുന്ന കെട്ടിടത്തിൽ തന്റെ സ്പെഷ്യൽ ട്യൂഷൻ
സെന്റർ നടത്തുകയും അത് വിജയകരമാവുകയും ചെയ്തു.
നസീർ
എന്ന് പറയുമ്പോൾ അറിയാതെ ഉമ്മർ എന്ന് കൂടി പറയുന്നത് പോലെ, അല്ലെങ്കിൽ അംബാസിഡർ എന്ന് പറയുമ്പോൾ ഫിയറ്റ് എന്ന് കൂടിയും ടാറ്റ എന്ന് പറയുമ്പോൾ ലൈലാൻഡ് എന്നും കെ ആർ റ്റി
എന്ന് പറയുമ്പോൾ കെ എൽ വി
എന്ന് പറയുന്നത് പോലെയും നോബിൾ എന്ന് പറയുമ്പോൾ വീനസ് എന്നും വീനസ് എന്ന് പറയുമ്പോൾ നോബിൾ എന്നും പറയുന്ന ഒരു കാലമുണ്ടായിരുന്നു. പുത്തൻ ക്ഷേത്രത്തിനടുത്താണ് നോബിൾ അക്കാദമി. നിറയെ കുട്ടികൾ ഉള്ള സ്ഥാപനം. വീനസ് തോപ്പിക്കവിളാകത്തിനു അപ്പുറത്താണ്. പടിഞ്ഞാറേ ഉള്ളവർക്ക് അല്പം ദൂരെയാണ് വീനസ്. മധ്യവേനലവധി തുടങ്ങി ഒരാഴ്ച ആകുമ്പോൾ ഈ ട്യൂട്ടോറിയലിലെ അധ്യാപകർ കുട്ടികളെ
'കാൻവാസ്' ചെയ്യാൻ ഇറങ്ങും. തൊഴിലില്ലാതെ നിൽക്കുന്ന ചെറുപ്പക്കാരാണ്. കുട്ടികളെ വിടണം എന്ന അഭ്യർത്ഥനയുമായി വരുമ്പോൾ തികഞ്ഞ സാത്വികരും ശാന്തരും. കുട്ടികളെ തട്ടി കെട്ടി മറച്ച ക്ളാസ് മുറികളിൽ
കിട്ടിയാൽ അടിച്ചു ശരിയാക്കുന്ന ഭീകരന്മാർ. പിന്നെ ഉള്ള ഗുണം എന്നത് ഇവർ നല്ല കഥകൾ പറയും, പാട്ടു പാടും, ചിലപ്പോൾ അഭിനയിച്ചു പോലും കാണിച്ചു തരും. കുട്ടികളുടെ എണ്ണം എന്നതിൽ
വീനസും നോബിളും ഒരു പോലെ മുന്നിലായിരുന്നു. പത്താം ക്ളാസ് പരീക്ഷയുടെ
റിസൾട്ട് വരുമ്പോൾ ഫസ്റ്റ്
ക്ലാസ്സുകാരുടെ പടം വെച്ച് നോട്ടീസടിക്കാൻ ഇവർ മത്സരമാണ്. നാട്ടുകാരാകട്ടെ രണ്ടു കൂട്ടരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ നോബിൾ കമ്മ്യൂണിസ്റ്റ് അനുഭാവികളുടെയും വീനസ് കോൺഗ്രസ് അനുഭാവികളുടെയും ആയിരുന്നോ എന്നൊരു സംശയം തോന്നുന്നുണ്ട്.
വീനസിലെ
പ്രധാനാധ്യാപകൻ അശോകൻ സാർ ആയിരുന്നു. ഖാദർ ഇട്ട് ചൂരലും ഹാജര് ബുക്കുമായി നടക്കുന്ന ചിരിക്കാത്ത ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ മുഖത്ത് ചിരി തെളിയുന്നത് ഫീസ് കൊടുക്കാൻ ചെല്ലുമ്പോൾ മാത്രം. ബയോളജി ആണ് പഠിപ്പിച്ചിരുന്നത്. മലയാളം പഠിപ്പിച്ചിരുന്നത് പ്രശസ്ത നടന്മാർ കൂടിയായ സുധി സാറും ജയചന്ദ്രൻ സാറും. നന്നായി പാടി അഭിനയിച്ച് ആണ് ക്ളാസ്സെടുക്കുന്നത്. ക്ലസ്സിന്റെ ഒടുവിൽ ഒന്നുകിൽ കഥ, അല്ലെങ്കിൽ പാട്ട്. ഇതിൽ രണ്ടിലൊന്ന് ഉണ്ടാകും. അതിനാൽ ഈ അധ്യാപകരുടെ ക്ളാസിൽ ഇരിക്കാൻ കുട്ടികൾക്ക് ഇഷ്ടമായിരുന്നു. സുജാതൻ സാർ കണക്കിന്റെ അധ്യാപകനാണ്. സുജാതൻ സാർ പഠിപ്പിക്കുമ്പോൾ എല്ലാം എളുപ്പമെന്നു തോന്നുന്ന കാര്യങ്ങൾ ബോർഡിൽ നിന്നിറങ്ങി നോട്ടു ബുക്കിൽ എത്തുമ്പോൾ ആകെ കൂടിക്കുഴഞ്ഞു പോയിരുന്നു. ക്ഷമകെടുമ്പോൾ മാത്രം അടിയ്ക്കുന്ന അധ്യാപകനായിരുന്നു സുജാതൻ സാർ. സാറിനു ആരും ക്ഷമ കൊടുത്തിരുന്നില്ല. പഞ്ചായത്ത് മെമ്പർ കൂടിയായ തമ്പി അണ്ണനാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. പുറത്ത് അണ്ണനും അകത്ത് സാറും ആയിരുന്നു അദ്ദേഹം. വളരെ നേരത്തെ മരിച്ചു പോയി. ഹിന്ദി പഠിപ്പിക്കാൻ സുഷമ സാർ. വീനസും നോബിളും ഇങ്ങനെ ജൈത്രയാത്ര തുടരുന്ന വേളയിലാണ് തോപ്പിക്കാ വിളാകത്തിനു ഇപ്പുറത്തായി ഒരു പുതിയ ട്യൂട്ടോറിയൽ തുടങ്ങുന്നത്. അതിന്റെ പേര് വിന്നേഴ്സ് എന്നായിരുന്നു. പക്ഷെ രണ്ട് ശക്തമായ ബ്രാൻഡുകൾ ഉണ്ടായിരുന്ന വക്കത്ത് പുതിയൊരു ബ്രാൻഡ് വേര് പിടിക്കുക പ്രയാസമായിരുന്നു.
അങ്ങനെയിരിക്കെയാണ്
1983 -ൽ വക്കത്തെ പ്രമുഖരായ വ്യക്തികളിൽ ഒരാളായ ലക്ഷ്മണ സാർ എന്നറിയപ്പെടുന്ന വക്കം ലക്ഷ്മണൻ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് പെൻഷൻ ആകുന്നത്. വക്കത്ത് അങ്ങനെ ചില ആളുകൾ ഉണ്ട്. പൊതുകാര്യ പ്രസക്തർ. അതായത് വീട്ടിൽ അടങ്ങിയിരിക്കാൻ അറിഞ്ഞു കൂടാത്തവർ. അങ്ങനെ ഒരു സംഘം ആളുകളുണ്ട്. അവരെക്കുറിച്ച് വരുന്ന അധ്യായങ്ങളിൽ വിശദമായി പറയാം. ലക്ഷ്മണ സാർ പെൻഷൻ ആയതോടെ ഇനി എന്തെന്ന് ചോദ്യം ഉണ്ടായി. അദ്ദേഹത്തിനാകട്ടെ ഒരുപിടി ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. അപ്പോഴാണ് ശങ്കരൻ സാറിന്റെ മകൻ നിർമ്മൽ ദാസ്, ഇപ്പോൾ കോൺഗ്രസിന്റെ പ്രധാന ചുമതല വഹിക്കുന്ന ബൈജു, എക്കാലത്തും കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്ന, മുൻപ് പഞ്ചായത്ത് മെമ്പർ ആയതിനാൽ മെമ്പർ എന്ന അപരനാമധേയത്താൽ അറിയപ്പെടുന്ന ഹരിദാസ്, ശിവൻ സാർ എന്നറിയപ്പെടുന്ന ശിവായണ്ണൻ, ചന്ദ്രബാബു, പിൽക്കാലത്ത്
ഐ പി എസ് പദവിയിലെത്തിയ പോലീസ് ഓഫീസർ ആയ അശോക് കുമാർ അങ്ങനെ കുറച്ചു പേരെ ചേർത്തു കൊണ്ട് ലക്ഷ്മണ സാർ ഒരു ട്യൂട്ടോറിയൽ തുടങ്ങുന്നത്. ദി ബെസ്റ്റ് എന്നായിരുന്നു
ആ സ്ഥാപനത്തിന്റെ പേര്. ഒരു ടൂട്ടോറിയലിലും പോകാതെ നടന്നവരെ ലക്ഷ്മണ സാറും മേൽപ്പറഞ്ഞ യുവാക്കളും പോയി വലയിട്ടു പിടിച്ചു ദി ബെസ്റ്റിൽ ചേർത്തു.
കാശ് കൊടുക്കാത്തതിനാൽ ക്ലാസ്സെടുക്കാൻ വരാത്ത അധ്യാപകരുടെ ഒഴിവിൽ ലക്ഷ്മണൻ സാർ അദ്ദേഹത്തിന്റെ ഭാര്യയെയും സഹോദരിയുടെ മകളെയും പത്താം ക്ലാസ്സിലെ ചില വിദ്യാർത്ഥികളെയും കയറ്റി അഡ്ജസ്റ്റ് ചെയ്തു. എന്തായാലും കുറെ നാൾ കഴിഞ്ഞപ്പോൾ ലക്ഷ്മണ സാറിനു അസുഖം വന്നു ആശുപത്രിയിലുമായി ദി ബെസ്റ്റിന്റെ ഭാവി
അവതാളത്തിലുമായി.
അതിജീവന
തന്ത്രം എന്ന നിലയിലാണ് ദി ബെസ്റ്റും വിന്നേഴ്സും തമ്മിൽ ചേർന്ന് ദി ബെസ്റ്റ് ആൻഡ്
വിന്നേഴ്സ് എന്ന ട്യൂട്ടോറിയൽ കോളേജ് തുടങ്ങിയത്. സ്കൂളിന് എതിർ
വശത്തായി പുരുഷൻ അണ്ണന്റെ വീട്ടിനു മുന്നിലുള്ള ഒഴിഞ്ഞ പുരയിടത്തിലായിരുന്നു ഈ സ്ഥാപനം കെട്ടിയുയർത്തിയത്.
സ്കൂളിന് തൊട്ടടുത്തായിരുന്നു എന്നത് തന്ത്രപരമായ മുൻതൂക്കം ഈ സ്ഥാപനത്തിന് നൽകി.
ധാരാളം കുട്ടികൾ ഇവിടെ വന്നു ചേരുകയും വളരെയധികം വർഷങ്ങൾ ഇത് വിജയകരമായി മുന്നോട്ട് പോവുകയും ചെയ്തു. ഏറ്റവും ഒടുവിലായി ഉണ്ടായ ട്യൂട്ടോറിയൽ കോളേജ് ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെക്കൂടി ഉദ്ദേശിച്ചു, വക്കം സ്കൂളിലെ തന്നെ
മുൻ വിദ്യാർത്ഥികളായ കലേഷ് കുമാറും രാജപ്പനും ചേർന്ന് തുടങ്ങിയ സ്ഥാപനമായിരുന്നു. വക്കം ശശി സിനിമയുടെ തൊട്ടു പിന്നിലായിരുന്നു ഈ ടൂട്ടോറിയൽ കോളേജ്.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ സ്വഭാവം മാറുകയും ടൂട്ടോറിയൽ കോളേജുകളിൽ പഠിപ്പിച്ചിരുന്നവരിൽ പലർക്കും സ്ഥിരജോലി ലഭിക്കുകയോ വിദേശങ്ങളിലേക്ക് പോവുകയോ ചെയ്തതോടെ വക്കത്ത് ടൂട്ടോറിയൽ പ്രസ്ഥാനങ്ങളുടെ അപചയം ആരംഭിക്കുകയും സ്പെഷ്യൽ ട്യൂഷൻ
മാത്രം നിലനിൽക്കുകയും ചെയ്തു. ശിവയണ്ണന്റെ ഹിന്ദി ക്ളാസ്സുകൾ വിജയകരമായി
ഇപ്പോഴും നടക്കുന്നു.
സ്വകാര്യ
മേഖലയിലും പൊതുമേഖലയിലെ ജോലി ഉള്ളപ്പോൾത്തന്നെ വളരെ വിജയകരമായി ട്യൂഷൻ സ്ഥാപനങ്ങൾ നടത്തിയവരിൽ വക്കവും വക്കത്തുകാരും ഉൾപ്പെടുന്നു. തിരുവനന്തപുരത്ത് നിന്ന് കെമിസ്ട്രി പഠിപ്പിക്കാൻ വക്കത്ത് എത്തുമായിരുന്ന പ്രൊഫെസ്സർ രാജേന്ദ്രൻ സാറും വർക്കല എസ് എൻ കോളേജിലെ ഫിസിക്സ്
അധ്യാപകനായിരുന്ന രാജ്മോഹൻ സാറും സൊസൈറ്റിയിലെ മാനേജിങ് ഡയറക്ടർ ആയിരുന്ന മോഹനൻ സാറിന്റെ വീട്ടിലുണ്ടാക്കിയ ഒരു ഷെഡിൽ വെച്ച് ക്ലാസ്സുകൾ എടുത്തിരുന്നു. പുറത്ത് നിന്ന് പോലും കുട്ടികൾ ഇവിടെ പഠിക്കാൻ വരുമായിരുന്നു. ഗോപാലൻ ഡോക്ടറുടെ മകനായ അനി അണ്ണൻ എന്ന് വിളിക്കപ്പെടുന്ന ഷാനവാസ്, കരിം അണ്ണൻ, പോലീസ്, ലോട്ടറി, ട്രെഷറി എന്നീ സർക്കാർ ഡിപ്പാർട്ട്മെന്റുകളിൽ ഉദ്യോഗം വഹിച്ച ഉണ്ണി, ഇപ്പോൾ ഗൾഫിൽ ആയ വെളുത്ത ഉണ്ണി,
ടൂറിസം ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന അജിത് അണ്ണൻ തുടങ്ങിയവർ ചേർന്ന് ആറ്റിങ്ങലിൽ മഹാരാജാസ് എന്നൊരു സ്ഥാപനം ആരംഭിക്കുകയും കോളേജ് വിദ്യാർത്ഥികൾക്ക് സ്വകാര്യ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനം എന്ന നിലയിൽ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. ഇപ്പോഴും വീടുകളുടെ തിണ്ണയിൽ കുട്ടികൾ കൂടിയിരുന്നു പഠിക്കുന്നത് കാണുന്ന ആളുകൾക്ക് ഗ്രാമത്തിലെ സമാന്തര വിദ്യാഭ്യാസരംഗത്തെക്കുറിച്ചോർത്ത്
വിസ്മയിക്കാതിരിക്കാൻ
കഴിയില്ല.
- ജോണി
എം എൽ









Comments
Post a Comment