ഒരു ഗ്രാമത്തിന്റെ കഥ 11: ലെജെൻഡുകൾ രണ്ടാം ഭാഗം- അവിചാരിത ദുരന്തങ്ങൾ




പല വിധ നിറങ്ങളിൽ കുഴഞ്ഞു നിൽക്കുന്നൊരു സന്ധ്യ. വക്കം സ്കൂളിന്റെ സ്റ്റേജിൽ ഒരു സമ്മേളനം നടക്കുകയാണ്. മുന്നിൽ നിരത്തിയിട്ട ബെഞ്ചുകളിൽ ആളുകൾ ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങൾ അവിടെയെത്തിയിട്ടുണ്ട്. സ്കൂൾ നേടിയ പുരോഗതിയെക്കുറിച്ചും വിദ്യാർത്ഥികളും രക്ഷകർത്താക്കളും അധ്യാപകരും എങ്ങനെ ഒത്തൊരുമിച്ചു വക്കം സ്കൂളിന്റെ യശസ്സിനെ ഉയർത്താൻ പരിശ്രമിക്കുന്നുവെന്നും ഒക്കെ വേദിയിലെ പ്രമുഖർ പ്രസംഗങ്ങൾക്കിടെ വിശദീകരിക്കുന്നുണ്ട്. പ്രസംഗം കേൾക്കാനുള്ള താത്പര്യം കൊണ്ടാണോ അതോ അത് കഴിഞ്ഞുള്ള കലാപരിപാടികൾ കാണാമെന്നുള്ള പ്രതീക്ഷ കൊണ്ടാണോ ആളുകൾ ആകെ ആവേശത്തിലാണ്. ഓരോ പ്രസ്താവനയ്ക്കും അവർ കയ്യടിക്കുന്നുണ്ട്. നാസിമുദ്ദീന്റെ നേതൃത്വത്തിൽ സ്കൗട്ടുകൾ അച്ചടക്കം നിയന്ത്രിക്കുന്നുണ്ട്. രാജാമണി സാറും ശിവാനന്ദൻ സാറുമൊക്കെ വേദിയിലും അങ്കണത്തിലുമായി കാര്യങ്ങളെ നിയന്ത്രിക്കുന്നു. കൊച്ചു കള്ളനും സംഘവും പതിവിനു വിപരീതമായി ബെൽബോട്ടം പാന്റ്സുകൾ ധരിച്ചു കൊണ്ട് ഇടനാഴിയിലെ പെൺകുട്ടികളുടെ വിങ്ങിലും ഒക്കെ പ്രത്യക്ഷപ്പെടുന്നു. ഇന്നെങ്ങും വോളീബാൾ കളിയില്ലല്ലോ എന്ന് അങ്കണത്തിൽ ഇരുന്ന പലരും അതിശയിച്ചു.

"കഴിഞ്ഞ വർഷം പത്താം ക്ളാസ്സിലും മറ്റു ക്ലാസ്സുകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനമാണ് അടുത്തത്," സുരേന്ദ്രൻ സാറിന്റെ ഘനഗംഭീരമായ ശബ്ദം മൈക്കിൽ മുഴങ്ങി. "ആദ്യത്തെത് പത്താം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിയ്ക്കുള്ള സമ്മാനമാണ്, അത് ലഭിച്ചിരിക്കുന്നത്," ആളുകൾ ചെവി കൂർപ്പിച്ചു. അവർക്ക് ഇതിനകം അറിയാം ആർക്കാണ് സമ്മാനം ലഭിക്കുക എന്ന്. പത്താം ക്ലാസ്സ് പരീക്ഷാഫലം അക്കാലത്തെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായിരുന്നല്ലോ. ആരും ആഘോഷിച്ചില്ലെങ്കിലും ടൂട്ടോറിയൽ കോളേജുകൾ അവ ആഘോഷിക്കും. പത്താം ക്ലാസ്സിലെ ഫസ്റ്റ് ക്ലാസ്സുകാരുടെ പടം വെച്ച് നോട്ടീസ് അടിക്കുവാൻ ശിവകാശി വരെ പോകുന്ന ടൂട്ടോറിയൽ കോളേജുകാർ ഉണ്ടായ സ്ഥലമാണ് വക്കവും ചുറ്റുപാടുമുള്ള പഞ്ചായത്തുകളും. അത് കേവലം ബിസിനസ്സ് മാത്രമായിരുന്നില്ല; അത് ഒരു ആഘോഷവും കൂടിയായിരുന്നു. പലരും ഇതിനകം സദസ്സിലിരുന്നു പേരുകൾ അടക്കിപ്പിടിച്ചും ഉറക്കെയും ഒക്കെ പറയുന്നുണ്ട്. എങ്കിലും ഔദ്യോഗികമായ ശബ്ദത്തിൽ അവർക്കത് കേൾക്കണം. സുരേന്ദ്രൻ സാർ നാടകീയമായി കാര്യങ്ങൾ അവതരിപ്പിക്കാൻ മിടുക്കനാണ്. സദസ്സിന്റെ ആകാംക്ഷയെ നിശബ്ദതയുടെ ഒരു നൂലിൽ കെട്ടി അതിന്റെ മറുവശത്ത് നിന്ന് അദ്ദേഹം വലിച്ചൊരൊറ്റപ്പൊക്ക്! ആളുകൾ നൂൽത്തുമ്പിൽക്കിടന്നാടി.



"കുശലകുമാർ." സുരേന്ദ്രൻ സാർ പറഞ്ഞു. പിന്നെ ഒരു ആരവമായിരുന്നു. സ്റ്റേജിന്റെ ഇടത് വശത്തു നിന്ന്, കൊടിമരത്തിനരികിൽ കൂടി നിൽക്കുന്ന മുതിര്ന്ന വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ഇടയിൽ നിന്ന് കറുത്തു കൊലുന്നനെയുള്ള ഒരു കിശോരൻ മുണ്ടും ഷർട്ടും ധരിച്ച് സ്റ്റേജിലേക്ക് കയറി. ഇന്നായിരുന്നെങ്കിൽ മൊബൈൽ ഫോണുകളും ഇതര ക്യാമറകളും ഒക്കെ ചേർന്ന് ഫ്ലാഷുകളുടെ ഒരു പ്രളയം തന്നെ ഉണ്ടാകുമായിരുന്നു. അന്നതുണ്ടായില്ല. പക്ഷെ അവിടെ മുഴങ്ങിക്കേട്ടത് കയ്യടിയുടെ ഇടിയും ആഹ്ളാദാരവങ്ങളുടെ മിന്നല്പിണരുകളുമായിരുന്നു. മുഖ്യാതിഥിയുടെ മുന്നിലേയ്ക്ക് വിനീതനായി പതിനേഴുകാരൻ ചെന്ന് നിന്നു. തോൾ അല്പമൊന്ന് കുനിച്ച് അയാൾ ഉപഹാരം ഏറ്റുവാങ്ങി. നിമിഷം ബാബു സ്റ്റുഡിയോയിലെ സത്യബാബു അണ്ണൻ തന്റെ ക്യാമറയിൽ പകർത്തി. അനേകം വിവാഹങ്ങളും സമ്മാനദാനങ്ങളും പകർത്തിയിട്ടുള്ള അണ്ണൻ കൃതഹസ്തതയോടെ നിമിഷത്തിന്റെ ചരിത്രപ്രാധാന്യം ഒട്ടുമേ ചോർന്നു പോകാതെ തന്റെ ഫിലിമിൽ അനശ്വരമാക്കി. സുരേന്ദ്രൻ സാർ വീണ്ടും മുരടനക്കി. അടുത്ത സമ്മാനം....അതെന്തിന്റെതായാലും ...."കുശലകുമാർ." കിശോരൻ സ്റ്റേജിലേക്ക് തിരികെ വന്നു. ഇപ്പോൾ അവന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുണ്ട്. അടുത്ത പത്തു മിനിറ്റോളം 'കുശലകുമാർ' എന്ന പേര് ആവർത്തിച്ചു കേട്ടു. അവൻ സ്റ്റേജിലേക്ക് തിരികെ കയറി തളർന്നു. സ്റ്റേജിനു താഴെ കൂടി നിന്നവരുടെ കൈകളിൽ എല്ലാം കുശലാകുമാറിന് കിട്ടിയ സമ്മാനങ്ങൾ നിറഞ്ഞിരിക്കുന്നു.

വക്കം സ്കൂളിന്റെ ചരിത്രത്തിൽ അങ്ങനെയൊന്ന് അതിന് മുൻപും ഉണ്ടായിട്ടില്ല ശേഷവും ഉണ്ടായിട്ടില്ല. ഏതൊരു സ്കൂളിനും അധ്യാപകർക്കും നാട്ടുകാർക്കും അഭിമാനിക്കാവുന്ന ഒരു സായാഹ്നമായിരുന്നു അത്. അതിനേക്കാളേറെ അഭിമാനം നവയുവാവിന്റെ മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണം. വക്കം പഞ്ചായത്ത് ഓഫിസിനു തൊട്ടു മുൻപുള്ള ഇടവഴിയിലൂടെ അകത്തേയ്ക്ക് പോയി രണ്ടു വളവുകൾ തിരിയുമ്പോഴാണ് കുഞ്ഞിരാമൻ-മാലതി ടീച്ചർ ദമ്പതികളുടെ വീട്. ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് കുശലകുമാർ. മൂത്തവളുടെ പേര് കുസുമം. അവളും സ്കൂളിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കിയാണ് പുറത്തിറങ്ങിയത്. കുശലകുമാറിന് താഴെ മൂന്നു ആൺമക്കൾ കൂടിയുണ്ട് ദമ്പതിമാർക്ക്. കലേഷ് കുമാർ, കമനീഷ്‌, രമണീഷ്. സയൻസിലും കണക്കിലും വിദഗ്ദനായിരുന്ന കലേഷ് കുമാർ കുറച്ചു നാൾ വക്കത്ത് ശശി സിനിമയുടെ പുറകിലുള്ള ഒരു പുരയിടത്തിൽ ടൂട്ടോറിയൽ കോളേജ് നടത്തിയിരുന്നു. അതിനു ശേഷം അമേരിക്കയിലേയ്ക്ക് കുടിയേറി. കമനീഷ്സ്കൂളിലെ മികച്ച വിദ്യാർത്ഥികളിൽ ഒരാളായിരുന്നു. അല്പം വ്യത്യസ്തമായി ചിന്തിക്കുന്ന സ്വഭാവം സ്കൂൾ കാലത്തേ ഉണ്ടായിരുന്നു. ചേച്ചിയായ കുസുമത്തെ തുടർന്ന് വക്കീലായി പരിശീലനം നേടിയ കമനീഷ്തന്റെ പ്രൊഫഷനിൽ പടിപടിയായി ഉയർന്ന് ഇപ്പോൾ എറണാകുളത്തെ ജില്ലാക്കോടതിയിൽ ജഡ്ജി എന്ന പദം വഹിക്കുന്നു. രമണീഷ് ആകട്ടെ തന്റെ കോളേജ് വിദ്യാഭ്യാസത്തിനൊപ്പം തന്നെ, സ്കൂൾ കാലത്തേ പരിശീലിച്ച കരാട്ടെ അഭ്യാസം തുടരുകയും ബ്ലാക്ക് ബെൽറ്റ് നേടിയ ശേഷം കാമ എന്ന കരാട്ടെ സ്കൂളിൽ കുറെ നാൾ കുട്ടികളുടെ പരിശീലകനായി പ്രവർത്തിക്കുകയും ചെയ്ത ശേഷം ഗൾഫിലേക്ക് പോവുകയും ചെയ്തു. ഇപ്പോൾ അവിടെ ഉയർന്ന ഉദ്യോഗം വഹിക്കുന്നു.


(കമനീഷ്‌ കുഞ്ഞുരാമൻ )

വിജയത്തിന്റെ വെന്നിക്കൊടി നട്ടേണ്ടവർ പരാജയത്തിന്റെ പടുകുഴിയിൽ പതിയ്ക്കുന്നു. ചിലരാകട്ടെ ജീവിതാരംഭത്തിൽ പരാജയങ്ങളുടെ കയ്പുനീർ ഏറേക്കുടിച്ച ശേഷം വിജയത്തിലേക്ക് നടന്നു കയറുന്നു. മനുഷ്യന്റെ സ്വഭാവമാണത്. എങ്കിലും ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം എന്ന ചോദ്യം ബാക്കി നിൽക്കുന്നു. ചെറുപ്പകാലത്ത് അസാമാന്യമായ പ്രതിഭ കാണിച്ചിട്ടുള്ള ഒരാൾ അത് എങ്ങനെയാണ് പിന്നീട് ധൂർത്തടിച്ചു കളയുക? മനുഷ്യജീവിതത്തിന്റെ അസാധാരണവൈവിധ്യങ്ങൾക്കു മുന്നിൽ നിൽക്കുമ്പോൾ ഇങ്ങനെ ഉത്തരം കിട്ടാത്ത പല സമസ്യകളും വന്നു ചേരും. അതിനൊക്കെ തൃപ്തികരമായ ഉത്തരം കണ്ടെത്താൻ കഴിയാതാകുമ്പോൾ വിധിഹിതം എന്നൊക്കെ പറഞ്ഞു ആളുകൾ പിൻവാങ്ങുകയാണ് പതിവ്. പക്ഷെ കുശലകുമാറിനു സംഭവിച്ചത് വിധിയാണെന്ന് കരുതുവാൻ വക്കത്ത് അന്ന് സായാഹ്നത്തിന് സാക്ഷ്യം വഹിച്ചവർ തയാറായില്ല. ഉപരിപഠനത്തിനായി എറണാകുളത്തോ മറ്റോ പോയ കുശലകുമാറിനെ പിന്നെ വക്കത്തുകാർ കാണുന്നത് വിദൂരതയിൽ കണ്ണും നട്ട് മുഷിഞ്ഞ മുണ്ടും മടക്കിക്കെട്ടി ചന്തമുക്കിലും അടുത്തുള്ള ഇടവഴികളിലും ഒക്കെ നടക്കുന്നതായാണ്. കണ്ടവർ കണ്ടവർ പരസ്പരം ചോദിച്ചു, 'ഇത് നമ്മുടെ കുശലകുമാർ അല്ലെ?"

'നമ്മുടെ' എന്ന വാക്ക് വെറും പൊള്ളയായ ഒന്നായിരുന്നില്ല അക്കാലത്ത് ഗ്രാമങ്ങളിൽ. നമ്മുടെ കുശലകുമാർ എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അവർ അങ്ങനെ തന്നെയാണ് അർത്ഥമാക്കിയത്. ഗ്രാമത്തിന്റെ അഭിമാനമായിരുന്നു അയാൾ. എന്താണ് യുവാവിന് സംഭവിച്ചത്? ചോദ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. ഉത്തരമില്ലാത്തതിന് പോലും ഉത്തരങ്ങൾ ഉരുത്തിരിയുന്ന നാട്ടു കവലകളിലും ബാർബർ ഷോപ്പുകളിലും കുശലകുമാറിന് എന്ത് സംഭവിച്ചിരിക്കാം എന്നതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉണ്ടായി. ദുഖിതനായ കുഞ്ഞിരാമൻ എന്ന പിതാവ് വലിയൊരു നിശബ്ദത പേറി വക്കത്ത് കൂടി നടന്നു. മാലതി ടീച്ചർ പഴയത് പോലെ സ്കൂളിൽ പഠിപ്പിക്കാൻ പോയി. കലേഷും കമനീഷും റെമനീഷും സ്കൂളിൽ പതിവ് പോലെ പഠിക്കാനെത്തി. അവർ ചോദ്യത്തെ നേരിടാൻ ശ്രമിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്തില്ല. വിശദീകരിക്കാൻ കഴിയാത്ത ഒരു വിടവായിരുന്നു അന്ന് സ്റ്റേജിൽ ഓടിയോടി കയറിയ കുശല കുമാറിനും പിന്നീട് തെരുവിൽ നടന്നു പോയ കുശല കുമാറിനും ഇടയിൽ ഉണ്ടായത്. കഞ്ചാവ്, ഭ്രാന്ത്, പ്രണയ നൈരാശ്യം, കൈവിഷം, പഠിച്ചത് തലയ്ക്ക് പിടിച്ചത്, തലച്ചോറിന് ക്ഷതം... അങ്ങനെ ഗ്രാമചിന്താലയങ്ങളിൽ ഊറിക്കൂടിയ സാധ്യതകൾക്ക് കൈയും കണക്കുമില്ലായിരുന്നു. കാലം കടന്നു പോയി. കുശലകുമാറിനെ കുറിച്ചുള്ള ഓർമ്മകൾക്ക് മങ്ങലേറ്റു. വക്കം ഉപേക്ഷിച്ച അയാൾ സഹോദരിയുടെ സംരക്ഷണയിൽ കഴിയുന്നു. പക്ഷെ അന്നത്തെ സായാഹ്നത്തിന് സാക്ഷ്യം വഹിച്ചവർ കുശലകുമാറിനെ മറക്കാൻ വഴിയില്ല. ഒരു ഗ്രാമത്തിന്റെ പ്രതീക്ഷയും അത്ഭുതവും അഭിമാനവും ഒക്കെയായിരുന്നു അയാൾ. പിന്നെ എന്തോ സംഭവിച്ചോട്ടെ, ഗ്രാമത്തിന്റെ ആൽബത്തിൽ ചിരിച്ചു കൊണ്ട് സമ്മാനങ്ങൾ വാങ്ങുന്ന കിശോരന്റെ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇന്നും മങ്ങാതെ നിൽക്കുന്നു.


(രമണീഷ്  കുഞ്ഞുരാമൻ ) 

കാലം കഴിയുന്നു. ജീവിതാനദി വിഘ്നങ്ങളെയെല്ലാം തകർത്തു കൊണ്ട് ഒഴുകുകയാണ്. വക്കം സ്കൂളിലെ സ്റ്റേജ്. ഒരു മൈക്ക്. പക്ഷെ സന്ധ്യയല്ല; തെളിഞ്ഞൊരു പകൽ. മൈക്കിന് പിന്നിൽ ഒരു കറുത്ത് മെലിഞ്ഞ ഒരു ബാലൻ. കാക്കി നിക്കറും വെളുത്ത ഷർട്ടും. "അടുത്ത ഗാനം ആലപിക്കുന്നത് ബിജു" രാജാമണി സാറിന്റെ സ്വരം. ബിജു കുറെ നേരം തല കുനിച്ചു നിന്നു. സ്കൂളിലെ പല ഹീറോമാരും പാട്ടു പാടിയിട്ട് ഇറങ്ങിപ്പോയ വേദിയാണ്. ബിജു പാടാനുണ്ടെങ്കിൽ അവർക്ക് സമ്മാനം കിട്ടുന്ന കാര്യം കഷ്ടിയാണ്. ബിജു നല്ല പാട്ടുകാരനാണ്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ ബിജുവിന്റെ ശബ്ദത്തിന് അന്നേ നല്ല മുഴക്കം. പക്ഷെ പാട്ട് പഠിച്ചിട്ടില്ല. കുട്ടികൾ അക്ഷമരായിരിക്കുകയാണ്. ചിലർ പൂച്ച കരയുവാൻ തുടങ്ങി. സ്കൗട്ട് വേഷത്തിൽ നിൽക്കുന്ന ചിലർ കണ്ണുകളുരുട്ടി. "പ്രാണസഖീ....പ്രാണസഖീ.....പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ....ഗാനലോല വീഥികളിൽ വേണുവൂതുമാട്ടിടയൻ പ്രാണസഖി ഞാൻ..." ബിജു പാടി. സ്കൂൾ നിശബ്ദമായി. വയലാർ രാമവർമ്മ മാധവപ്പറമ്പിലെ ചിത എന്ന കവിതയിൽ കേസരി ബാലകൃഷ്ണപിള്ളയുടെ മരണത്തെ അനുസ്മരിച്ചു കൊണ്ട് എഴുതിയ വരികൾ, "നിശബ്ദത പോലുമന്നൂ നിശബ്ദമായ്.." "എങ്കിലുമെന്നോമലാൾക്ക് താമസിക്കാൻ എൻ കരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൾ ഞാനൊരുക്കും.." അധ്യാപികമാരും വിദ്യാർത്ഥിനികളും ഗാന കല്ലോലിനിയിൽ ഒഴുകി നടന്നു. പത്താം ക്ലാസ്സിലൊക്കെയെത്തി ചെറുതായി മീശ വന്ന പയ്യന്മാർ സ്വപ്നം കണ്ടു നിന്നു. ബിജു പാട്ടു പാടിക്കഴിഞ്ഞപ്പോൾ നിലയ്ക്കാത്ത കയ്യടി. അതിനെ എങ്ങനെ സ്വീകരിക്കണമെന്നറിയാതെ അല്പം ചുമന്ന ചുണ്ടുകൾ വിടർത്തി ചിരിച്ചു കൊണ്ട് തല കുനിച്ച് അവൻ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോന്നു. സംശയം വേണ്ട, യുവജനോത്സവത്തിനും പാട്ടിന് ഒന്നാം സ്ഥാനം ബിജുവിന് തന്നെ. ലളിത ഗാനത്തിനും സിനിമാഗാനത്തിനും ബിജുവിന് തന്നെ ഒന്നാം സ്ഥാനം.

1983 - നടന്ന ഒരു സംഭവത്തിന്റെ പുനരാവിഷ്കാരമാണ് നിങ്ങൾ കണ്ടത്. അന്ന് വക്കത്ത് എല്ലാ വീടുകളിലും ടേപ്പ് റെക്കോർഡർ ഇല്ല. കുട്ടികൾ പാട്ട് കേട്ടിരുന്നത് റേഡിയോയിൽ നിന്നോ അമ്പലങ്ങളിലെ ഉത്സവങ്ങൾ വരുമ്പോൾ ഉള്ള മൈക്ക് സെറ്റ് പാട്ടിൽ നിന്നോ ആയിരുന്നു. ഗൾഫ് മേഖലയിൽ പണിയെടുക്കാൻ പോയ ആളുകളുടെ വീടുകളിൽ ടേപ്പ് റെക്കോർഡർ ഉണ്ട്; കാസറ്റുകളും. അങ്ങനെയിരിക്കെയാണ് പുളിമൂട്ടിൽ ഒരു അമ്മൂമ്മ മാത്രം താമസിക്കുന്ന പഴയൊരു വീട്ടിലെ പൂമുഖത്തിനു ചേർന്നിരിക്കുന്ന പടിഞ്ഞാറേ മുറിയിൽ ഒരു റേഡിയോ-ടേപ്പ് റെക്കോർഡർ റിപ്പയറിങ് സെന്റർ തുടങ്ങുന്നത്. 'സെവെനെസ്സ്' എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. എത്ര ആലോചിച്ചിട്ടും ആർക്കും ഒരു എത്തും പിടിയും കിട്ടിയില്ല, എന്താണ് സെവെനെസ്സ് എന്ന്. അതിനാൽ അത് തുടങ്ങിയ, മീശ വെച്ച അണ്ണനെ കുട്ടികൾ എല്ലാവരും സെവന അണ്ണൻ എന്ന് വിളിച്ചു. സെവന അണ്ണൻ രാവിലെ വീടിന്റെ പൂമുഖത്തുള്ള അരച്ചുമരിൽ രണ്ടു കൂറ്റൻ ബോക്സുകൾ എടുത്തു വെയ്ക്കും. എന്നിട്ട് ഏറ്റവും പുതിയ പാട്ടുകൾ ഇടും. അത് കേൾക്കാനായി കുട്ടികളും വലിയവരും എല്ലാം വീടിന്റെ മുറ്റത്തും അരച്ചുമരിലും പുറത്തു റോഡിനെതിർ വശത്തുള്ള തിണ്ണയിലും വന്നിരിക്കും. ആരാധകരുടെ ആവശ്യം പ്രമാണിച്ച് ഒരു പാട്ട് തന്നെ വീണ്ടും വീണ്ടും ഇട്ടു കൊടുക്കുന്ന സംവിധാനവും ഉണ്ടായിരുന്നു.



ബിജുവിന്റെ വീട് കടയ്ക്കാവൂർ പോകുന്ന വഴിയിൽ രണ്ടാം ഗേറ്റ് കഴിഞ്ഞു അല്പം മുന്നോട്ട് നടക്കുമ്പോൾ ഒരു റേഡിയോ കിയോസ്ക് വരും. അതിന്റെ എതിർ വശത്തുള്ള പുരയിടത്തിലായിരുന്നു. അവിടെ മാതാപിതാക്കളും ബൈജു എന്ന് പേരുള്ള സഹോദരനും ഒത്തായിരുന്നു ബിജു താമസിച്ചിരുന്നത്. പാട്ട് പഠിക്കാൻ വേറെ വഴിയൊന്നുമില്ല. വക്കത്തുള്ള ഒരേ ഒരു സംഗീതജ്ഞൻ തോപ്പിക്കവിളാകത്തിനടുത്തുള്ള കരുണാകരൻ ഭാഗവതർ ആയിരുന്നു. വല്ലപ്പോഴും ചില സംഗീത സംശയങ്ങൾ ആരെങ്കിലും ചെന്ന് ചോദിച്ചാൽ നിവർത്തിച്ചു കൊടുക്കും എന്നല്ലാതെ കുട്ടികളെയൊന്നും സംഗീതം പഠിപ്പിക്കാൻ അദ്ദേഹം ഒരുമ്പെട്ടിരുന്നില്ല. ഒരു പക്ഷെ സംഗീതം എന്നത് ഒരു പ്രധാന ജീവിതമാർഗമായ ആരും എടുക്കാനുള്ള സാധ്യതയും ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. ബിജു മിക്കവാറും പാട്ടു കേട്ടിരുന്നത് വീട്ടിലുണ്ടായിരുന്ന ഒരു ട്രാൻസിസ്റ്റർ റേഡിയോയിൽ നിന്നായിരുന്നു. വല്ലപ്പോഴും ചില കടകളുടെ മുന്നിൽ ചെന്ന് നിന്ന് പാട്ട് കേൾക്കും. ഇല്ലെങ്കിൽ റേഡിയോ കിയോസ്കിൽ നിന്നുള്ള പാട്ടുകൾ കേട്ട് കൊണ്ട് അവയെ മൂളിപ്പാടി പഠിക്കാൻ ശ്രമിക്കും. ചിലപ്പോൾ സെവന അണ്ണന്റെ സ്ഥാപനത്തിൽ വന്നിരിക്കും. സെവന അണ്ണന്റെ പേര് സാബു എന്നായിരുന്നു എന്നും സെവൻ എസ് എന്നത് ഏഴ് സഹോദരങ്ങളുടെ പേരുകൾ എസ് എന്ന അക്ഷരത്തിൽ തുടങ്ങുന്നതിനെ സൂചിപ്പിച്ചാണെന്നും പിൽക്കാലത്താണ് വക്കത്തുള്ള പലർക്കും മനസ്സിലായത്. അൽപ കാലത്തിനുള്ളിൽ പുതിയ പാട്ടുകൾ ഒഴിഞ്ഞ കാസറ്റുകളിൽ സ്പീഡ് ഡബ്ബ് ചെയ്തു കൊടുക്കുന്ന പരിപാടി കൂടി സാബു അണ്ണൻ ആരംഭിച്ചതോടെ ബിസിനസ് തകൃതിയായി. വീടിന്റെ കിഴക്കു ഭാഗത്തും ഒരു മുറിയിലുണ്ടായിരുന്ന. ഒരു ദിവസം അവിടെ ഒരു വാച്ച് റിപ്പയർ ചെയ്യുന്ന സ്ഥാപനം ആരംഭിച്ചു. കറുത്ത നിറവും ഉരുണ്ട കണ്ണുകളും അതിനേക്കാൾ ഉരുണ്ട മസിലുകളും ഉള്ള ഭദ്രൻ എന്ന് പേരുള്ള ആലപ്പുഴക്കാരനായിരുന്നു സ്ഥാപനം തുടങ്ങിയത്. കണ്ണിൽ ഭൂതക്കണ്ണാടിയുമായി ഇരിക്കുന്ന ഭദ്രൻ എന്ന യുവാവിന്റെ ശരീരം കണ്ടാൽ ചെയ്യുന്ന പണിയും ശരീരവും തമ്മിൽ ഒരു ചർച്ചയും ഇല്ലെന്ന് തോന്നും. ഇദ്ദേഹം പിൽക്കാലത്ത് വക്കത്ത് നിന്ന് തന്നെ വിവാഹം കഴിച്ചു വക്കത്തുകാരനായി മാറി.

മിനി കെ എസ് എന്ന പെൺകുട്ടിയായിരുന്നു വക്കം സ്കൂളിലെ ഏറ്റവും മികച്ച ഗായിക. ബിജുവിനേക്കാൾ മൂന്നു ക്ലാസ്സിനു മുകളിലായിരുന്നു മിനി കെ എസ്സിനെ പാട്ടു പഠിപ്പിച്ചിരുന്നത് അവരുടെ ഒരു ബന്ധു കൂടിയായിരുന്ന സ്ത്രീയായിരുന്നു. മിനി കെ എസ്സിന്റെ അഭ്യർത്ഥന പ്രകാരം ബിജുവിനെ അവർ സംഗീതം അഭ്യസിപ്പിക്കുകയും അവൻ നല്ലൊരു ഗായകനായി വളരുകയും ചെയ്തു. ഇതിനിടെ വക്കത്ത് കൊന്നയിൽ എന്ന വീട്ടിലുള്ള സജീവ് എന്ന യുവാവ് വക്കം സ്കൂളിലെ പഠന കാലത്ത് പാട്ടും നാടകാഭിനയവുമായി നടക്കുന്നുണ്ടായിരുന്നു. സ്കൂൾ-കോളേജ് വിദ്യാഭ്യാസ കാലത്തിന് ശേഷം സ്വന്തമായി ഒരു ഗാനമേള ട്രൂപ്പ് സംഘടിപ്പിച്ച് വക്കത്തും പരിസരപ്രദേശങ്ങളിലും ഗാനമേളകൾ നടത്താൻ തുടങ്ങി. കൊന്നയിൽ യേശുദാസ് എന്നൊരു വിളിപ്പേരും അദ്ദേഹത്തിന് കിട്ടിയെങ്കിലും പാട്ടിലും കാഴ്ചയിലും അദ്ദേഹത്തിന് അന്നത്തെ ഉണ്ണിമേനോനോടായിരുന്നു സാദൃശ്യം. അക്കാലത്ത് ടെലിവിഷൻ ഇല്ല. റിയാലിറ്റി ഷോകൾ ഇല്ല. ഒരു ഗ്രാമീണ ഗായകന് വിജയിക്കാൻ ഗാനമേള സ്റ്റേജുകൾ മാത്രമേ ഉള്ളൂ. ബിജു പക്ഷെ ഒരു ഗാനമേള ഗായകനാകാൻ ആഗ്രഹിച്ചില്ല. അവനു ഗായകനാകണമായിരുന്നു; സ്വയം ആവിഷ്കരിക്കാൻ കഴിയുന്ന ഒരു സംഗീതജ്ഞൻ. സംഗീത കോളേജിൽ പഠിക്കാൻ പോയാൽ അത് നടക്കുമായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കൾക്കു അത് താങ്ങാൻ ആകുമായിരുന്നില്ല. അഥവാ കഴിഞ്ഞെങ്കിലും ബിജുവിന് അഡ്മിഷൻ കിട്ടുമോ എന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു.


(മിനി കെ എസ് ഇപ്പോൾ മിനി നാരായണൻ )

പത്താം ക്ലാസ്സിനു ശേഷം ബിജു പ്രീ ഡിഗ്രി പഠിക്കാൻ പോയി. ഇടയ്ക്കിടെ ചില കൂലിപ്പണികളും ചെയ്തു. പിന്നെ കാണുമ്പോൾ ബിജു തന്നതാണ് പാട്ടുകൾ മൂളിക്കൊണ്ട് ഇടവഴികളിലൂടെയും പാളത്തിനു അരികിലൂടെയും നടന്നു പോകുന്നതാണ് കാണുന്നത്. ആരെങ്കിലും സംസാരിക്കാനായി പിടിച്ചു നിറുത്തിയാൽ ബിജു തല ഉയർത്തി നോക്കില്ല. ചെറിയൊരു പുഞ്ചിരി ചുവന്ന ചുണ്ടുകളിൽ തഞ്ചുന്നുണ്ടാകും. ഒപ്പം ഒരു ചെറിയ മൂളലും. അതിൽ സംഗീതം നിറഞ്ഞിരുന്നു. ബിജു ഒന്നും പറയുമായിരുന്നില്ല. ഒരു ദിവസം ഗ്രാമം ഉറക്കമുണർന്നപ്പോൾ അവർ കേട്ടത് ബിജുവിന്റെ മരണവർത്തയായിരുന്നു. ബിജു ആത്മഹത്യ ചെയ്തു. "അവനു പണ്ടേ ചെറിയ ഒരു കുഴപ്പമുണ്ടായിരുന്നു,"ചിലർ പറഞ്ഞു. ആരും 'നമ്മുടെ ബിജു' എന്ന് പറഞ്ഞില്ല. അങ്ങനെ പറഞ്ഞവരിൽ പലരും ബിജുവിന്റെ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന സഹപാഠികളും കൂട്ടുകാരുമായിരുന്നു. ബിജുവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ എന്തായിരുന്നു കാരണം? അവസരങ്ങൾ നിഷേധിക്കപ്പെട്ടതായിരുന്നോ? തന്റെ ഉള്ളിൽ ആളുന്ന സംഗീതവുമായി മുന്നോട്ട് പോകാൻ കഴിയില്ല എന്ന വിചാരമായിരുന്നോ? തന്റെ കറുത്ത നിറവും ചുവന്ന ചുണ്ടുകളും തന്റെ ദളിതത്വം വിളിച്ചു പറഞ്ഞതിനാൽ അവസരങ്ങൾ നിഷേധിക്കപ്പെട്ട സന്ദർഭങ്ങൾ ചെറുപ്പക്കാരൻ ആരുമറിയാതെ കടിച്ചു ചവച്ചു തിന്നതിന്റെ വിഷം തലയ്ക്കു പിടിച്ചു ബോധം മറഞ്ഞതാകുമോ? ബിജുവിന്റെ ആത്മഹത്യ അന്വേഷിക്കപ്പെട്ടില്ല. സഹോദരൻ നിശബ്ദത പുലർത്തി. നാട്ടുകാരും.

അസാധാരണമാം വിധം പ്രതിഭാശാലിത്വം പുലർത്തുന്നവർക്ക് പറഞ്ഞുവെച്ചിട്ടുള്ളതാണോ പീഡനം നിറഞ്ഞ ജീവിതം. പ്രതിഭ തെളിയിക്കുന്ന വെളിച്ചം അവർക്കു മുന്നിൽ തുറന്നിട്ടത് നരകവും ഇരുട്ടും തീയും മാത്രമായിരുന്നോ? കുശലകുമാറിനെ വേട്ടയാടിയത് മറ്റൊരാൾക്കും കാണാൻ കഴിയാതിരുന്ന നരകദൃശ്യങ്ങൾ ആയിരുന്നോ? അതുകൊണ്ടാണോ തന്റെ പ്രതിഭയെ പാളം തെറ്റിയ്ക്കാൻ അയാൾ തീരുമാനിച്ചത്? ബിജുവിന്റെ ആത്മഹത്യക്ക് മുൻപ് അവൻ ചിന്തിച്ചത് എന്തായിരുന്നിരിക്കാം? ഏത് പാട്ടു മൂളിക്കൊണ്ടായിരിക്കാം അവൻ തന്റെ മരണത്തിന്റെ വാതിൽ തുറന്നു മറുലോകത്തേയ്ക്ക് കടന്നു പോയത്? അറിയില്ല അറിയില്ല അറിയില്ല എന്ന് പറഞ്ഞു കൊണ്ട് അജ്ഞതയുടെയും അജ്ഞേയതയുടെയും മുന്നിൽ വിസ്മയിച്ചും ദുരന്തബോധത്താൽ നിസഹായരായും നിൽക്കുവാൻ മാത്രമല്ലാതെ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക?

- ജോണി എം എൽ



Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്