ഒരു ഗ്രാമത്തിന്റെ കഥ 10 : വക്കം സ്കൂളിലെ ലെജെൻഡുകൾ ഒന്നാം ഭാഗം
വക്കം
സ്കൂളിന്റെ എച്ച് ആകൃതിയിലുള്ള ഓടിട്ട കെട്ടിടത്തിനും തൊട്ടടുത്തുള്ള, എപ്പോഴും ഇരുട്ട് നിറഞ്ഞു നിൽക്കുന്ന ഓല ഷെഡ്ഡിനും
ഇടയിലായി ഒരു ചെറിയൊരു അങ്കണം രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ തെക്കു പടിഞ്ഞാറേ മൂലയിലായി വലിയൊരു മയങ്ങി വൃക്ഷം നിന്നിരുന്നു. സ്‌കൂളിനും ആ
അങ്കണത്തിനും മുകളിൽ ഇരുണ്ട പച്ചപ്പിന്റെ വലിയൊരു കുട പിടിച്ചത് പോലെ അതിന്റെ തലപ്പ് പടർന്നെങ്ങും വിടർന്നു നിന്നിരുന്നു. മുകളിലേയ്ക്ക് നോക്കിയാൽ ആകാശം കാണാനുണ്ടായിരുന്നില്ല; പകരം പൊട്ടിച്ചിതറിയ ആകാശത്തിന്റെ കഷണങ്ങൾ നിലത്തു വീഴാതെ ഈ മയങ്ങിയുടെ ഇലകൾക്കിടയിൽ
തങ്ങി നിൽക്കുകയാണെന്ന് തോന്നും. വാളൻ പയറ് പോലെയുള്ള കായകളാണ് ഇതിനുണ്ടായിരുന്നത്. തീക്ഷ്ണമായ ഗന്ധം ഇവയിൽ നിന്ന് പുറത്ത് വന്നിരുന്നു. ചിലപ്പോൾ മയങ്ങി പൂക്കും. പഠിക്കാക്കള്ളനായ കുട്ടി പൊടുന്നനെ നല്ല മാർക്ക് വാങ്ങുന്നത് പോലെയുള്ള ഒരു അനുഭവമായിരുന്നു അത്. ഇരുട്ട് മാത്രം പരത്തി നിൽക്കുന്ന ഒരു മരം പെട്ടന്ന് പൂവണിയുന്നു. പക്ഷെ അതിൽ പൂ വന്നെന്ന് അറിയണമെങ്കിൽ
ആ പൂക്കൾ കൊഴിഞ്ഞു താഴെ വീഴണം. താഴെ വീണ പൂക്കളിൽ ജാലകപ്പടിയിൽ കയറിയിരുന്നു കൊണ്ട് കുട്ടികൾ ഭയപ്പാടോടെ നോക്കും. അവർക്ക് ആ മരത്തിനെ പേടിയാണ്.
എല്ലാ
ഗ്രാമങ്ങളിലും ഒരു സ്‌കൂളുണ്ടാകും. ആ
സ്‌കൂളിൽ പേടിയുണ്ടാകുന്ന ഒരിടം ഉണ്ടാകും. അതേച്ചുറ്റിപ്പറ്റി ചില കഥകളും ഉണ്ടാകും. ഒഴിവു ദിവസങ്ങളിൽ ഇടവഴിയിലൂടെ നടന്നു പോകുമ്പോൾ സ്കൂളിലേക്ക് ആളുകൾ
പാളി നോക്കും. ഒഴിവു വിട്ട സ്കൂൾ തികച്ചും
അപരിചിതമായ ഒരു കാഴ്ചയാണ്. കുട്ടികളില്ലാതെ, അവരുടെ ശബ്ദങ്ങൾ ഇല്ലാതെ, ചലനമില്ലാതെ, അനക്കങ്ങളില്ലാതെ സ്കൂൾ കെട്ടിടം
പ്രേതഭവനത്തെപ്പോലെ തലയുയർത്തി അങ്ങനെ നിൽക്കും. ഇടനാഴികളിൽ കുട്ടികളുടെ ഓർമ്മകൾ പനിച്ചു വിറച്ചു നടക്കും. ചിലപ്പോൾ സ്റ്റോർ റൂമിനപ്പുറത്ത് ഒരു ചിരി കേൾക്കാം; ആരാണത്? താഴെ വലിയ കിണറിനോട് തൊട്ടിരിക്കുന്നത് കെമിസ്ട്രി ലാബും ഫിസിക്സ് ലാബും ഒക്കെ ഉള്ള ഒരു ക്ലാസ്സ് മുറിയാണ്. സവിശേഷ സന്ദർഭങ്ങളിൽ മാത്രമേ കുട്ടികൾ അങ്ങോട്ട് പോകാറുള്ളൂ. ആ മുറിയ്ക്ക് പല
പ്രത്യേകതകളുണ്ട്. അവിടെയാണ് സ്പോർട്സ് സാധനങ്ങൾ വെയ്ക്കുന്നത്; നെറ്റുകൾ,ബാറ്റുകൾ, ജാവലിൻ, ഡിസ്കസ്, ഷോട്ട്, വോളിബാൾ, ഫുട്ട്ബാൾ അങ്ങനെ പലതും. അതിന്റെ ഉള്ളിൽ ചെറിയൊരു മുറിയുണ്ട്. അതാണ് ലാബ്. ലാബിനുള്ളിൽ പലതും ഉള്ള കൂട്ടത്തിൽ ഒരു അസ്ഥിക്കൂടവും ഉണ്ട്. ഒരു പാവം അസ്ഥികൂടം. അതുപയോഗിച്ച് ഒരു അധ്യാപകനും എല്ലുകളുടെ ഘടന പഠിപ്പിച്ചതായി ഓർമ്മയില്ല. ക്ളാസിൽ ട്യൂണിങ്
ഫോർക്കും ചുറ്റികയും ടെസ്റ്റ് ട്യൂബും കൊണ്ടുവന്നിട്ടില്ല അധ്യാപകർ പോലും ആ അസ്ഥിക്കൂടത്തിൽ തൊട്ടു പഠിപ്പിച്ചിട്ടില്ല.
അതിൽത്തൊട്ടു കളിക്കാൻ കുട്ടികൾ ധൈര്യപ്പെട്ടിട്ടുമില്ല.
ഇവ
കൂടാതെ ആ മുറിയ്ക്ക് മറ്റൊരു
ഭാഗം കൂടി സ്കൂൾ ജീവിതത്തിൽ
വഹിക്കാനുണ്ട്. അത് യുവജനോത്സവം വരുമ്പോൾ നാടകം ഉണ്ടാകും. അതിൽ അധ്യാപകരും വിദ്യാർത്ഥികളും ഒക്കെ പങ്കെടുക്കും. നാടകങ്ങളുടെ റിഹേഴ്സൽ നടക്കുന്നത് ഈ മുറിയിൽ വെച്ചാണ്.
നാടകം പഠിപ്പിക്കാൻ കടയ്ക്കാവൂരിൽ നിന്ന് അനിൽജിത്ത് എന്നൊക്കെ പേരുള്ള നാടകപ്രവർത്തകർ വരും. വക്കത്ത് നാടകം പഠിപ്പിക്കാൻ ആളില്ലാഞ്ഞിട്ടല്ല. അവർക്കും ജോലിയുണ്ട്. എല്ലാ ക്ളാസ്സിലെയും വിദ്യാർഥികൾ
നാടകം അവതരിപ്പിക്കുന്നുണ്ടാകും. അവരെ സഹായിക്കാനും നാടകം പഠിപ്പിക്കാനുമൊക്കെയായി ഇവർ വരും. മൂന്നാലുംമൂട്ടിനടുത്തുള്ള കൊച്ചുതമ്പി, വെണ്മണക്കൽ ശങ്കരൻ സാറിന്റെ മകൻ നിർമ്മൽ ദാസ്, ആങ്ങാവിളയിൽ നിന്ന് സ്കൂൾ ഓഫ്
ഡ്രാമയിൽ പഠിക്കാൻ പോയിട്ടുള്ള സുനിൽ തുടങ്ങിയ പലരും നാടകം പഠിപ്പിക്കാൻ വരും. ആ നാടകങ്ങളെക്കുറിച്ചു വിശദമായി മറ്റൊരു
അധ്യായത്തിൽ വിവരിക്കാം. ഇത് കൂടാതെ ആ മുറി സജീവമാകുന്നത്
ഒക്ടോബര് രണ്ടാം തീയതി ഗാന്ധി ജയന്തി വരുമ്പോഴാണ്. സേവനവാരം എന്നാണ് ആ ഒരാഴ്ച അറിയപ്പെടുന്നത്.
ഏഴു ദിവസം കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ സ്കൂളും പരിസരവും
വൃത്തിയാക്കുകയും കൂടാതെ സ്കൂളിന് ചുറ്റുപാടും
ചന്തമുക്ക് വരെയുള്ള സ്ഥലങ്ങൾ ചെത്തിപ്പറിച്ചു തൂത്ത് വെടിപ്പാക്കുകയും ചെയ്യും. ഇതിനു പുറമെ ഓരോ ക്ലാസ്സിനും സ്കൂളിലെ ഒഴിഞ്ഞ
ഭൂമി പതിച്ചു കൊടുക്കും. അവർ ആ സ്ഥലത്ത് ചെടികൾ
നടണം എന്ന് മാത്രമല്ല, അവയെ നട്ടു നനച്ചു വളർത്തുകയും വേണം.
സേവനവാരത്തിന്റെ
അവസാന ദിവസം കേവലം സ്കൂളിലെ വിദ്യാർത്ഥികളും
അധ്യാപകരും മാത്രമല്ല പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. അന്ന് വക്കം എന്ന ഗ്രാമത്തിന്റെ മുഴുവൻ ഉത്സവമാണ്. ഓരോ ക്ലാസിലെയും കുട്ടികൾ കൊണ്ട് വരേണ്ട സാധനങ്ങളുടെ ലിസ്റ്റ് അധ്യാപകർ ആദ്യമേ തന്നിരിക്കും.ചിലർ വിറക്, ചിലർ അരി, ചിലർ ശർക്കര, ചിലർ പയർ, ചിലർ പഴം, ചിലർ പഞ്ചസാര അങ്ങനെ പായസവും കഞ്ഞിയും ഒക്കെ ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ കുട്ടികൾ കുറേശ്ശെയായി വീടുകളിൽ നിന്ന് കൊണ്ട് വരണം. പത്തു മണി കഴിയുമ്പോൾ നാട്ടുകാരും എത്തിത്തുടങ്ങും. സ്ത്രീകൾ വന്നു അരി പാറ്റുകയും കഴുകി വൃത്തിയാക്കുകയും ചെയ്യും. അപ്പോൾ മറ്റൊരു കൂട്ടർ വലിയ പാത്രങ്ങളിൽ വെള്ളം നിറച്ച് അടുപ്പിൽ കയറ്റുന്നുണ്ടാകും. കുട്ടികൾ ഓടിത്തിമർത്ത് കളിക്കുന്നതിനിടെ ചില അധ്യാപികമാരും അമ്മമാരും തേങ്ങാ തിരുകുന്നുണ്ടാകും. അങ്ങനെ ഉച്ചയോടെ പായസവും കഞ്ഞിയുമൊക്കെ റെഡി. എല്ലാ കുട്ടികളും അധ്യാപകരും വന്നു ചേരുന്ന നാട്ടുകാരുമൊക്കെ ഒരുമിച്ചിരുന്നു ലളിതമായ ആ മധുരസദ്യ ഉണ്ണും.
അന്നത്തെ ദിവസം ആ മുറിയാണ് എല്ലാ
പ്രവർത്തനങ്ങളുടെയും കേന്ദ്രം.
മയങ്ങി
മരത്തിന്റെ ചോട്ടിൽ ഓടിട്ട കെട്ടിടത്തിൽ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്ന നികുംഭില പോലുള്ള ഒരു മുറിയുണ്ട്. അധ്യാപകർക്ക് പോലും പ്രവേശനമില്ലാത്ത ഒരു മുറി. ആ മുറിയിൽ പല
രഹസ്യങ്ങളുമുണ്ട്. ആ മുറിയിലേയ്ക്ക് കയറണമെങ്കിൽ
നിങ്ങൾ ഒരു സംഘത്തിൽ
അംഗമാകേണ്ടിയിരുന്നു.
ആ അംഗം ഒരു യൂണിഫോം ധരിക്കും. ആ അംഗം ഒരു
പാട്ടു പാടാൻ പഠിക്കും. അവനു ചില സവിശേഷ സ്ഥാനങ്ങൾ ലഭിക്കും. ചില സായാഹ്നങ്ങളിൽ ആ ഇരുണ്ട മുറി
തുറന്നു ഒരു കൂട്ടം വിദ്യാർഥികൾ പുറത്തു വരും. അവരെല്ലാം കാക്കിയോ ഇരുണ്ട നീലയോ ആയ യൂണിഫോം ധരിച്ചിരിക്കും.
അവരാണ് ബോയ്സ് സ്കൗട്ട്. "ദയാകർ
ദാൻ ഭക്തി കാ ഹമേ പരമാദ്
മാദേന ദയാ കർനാ ഹാമാരി ആത്മാ മേം ശുദ്ധതാ ദേനാ ഹാമാരെ ധ്യാൻ മേം ആവോ ആംഖോ മേം ബസ് ജാവോ അന്ധേരെ ദിൽ മേം ആ കർക്കേ പരം
ജ്യോതി ജഗാ ദേനാ." കൈകൾ ശരീരത്തിന് ഇരുപുറവും ചേർത്ത് അമർത്തിപ്പിടിച്ച്, ഞെഞ്ചും തലയും വിരിച്ചുയർത്തി കണ്ണുകൾ വിദൂരതയിൽ നട്ട് തൊണ്ട പൊട്ടി പാടണം. അതിനു ശേഷം ഓൺ മൈ ഓണർ
എന്ന് തുടങ്ങുന്ന ഇംഗ്ലീഷിലെ സ്കൗട്ട് പ്രതിജ്ഞ
ചെയ്യണം. ഒരു സ്കൗട്ട് ലീഡർ
ഉണ്ടാകും. അയാൾക്ക് സാധാരണ സ്കൗട്ടിനേക്കാൾ വലിയ
ബാഡ്ജുകൾ യൂണിഫോമിൽ ഉണ്ടായിരിക്കും. അയാളെ എല്ലാവര്ക്കും ഭയവും ബഹുമാനവും ആയിരിക്കും.
വക്കം
സ്കൂളിലെ ഏറ്റവും വലിയ സ്കൗട്ട് ലീഡർ
നാസിമുദ്ദീൻ എന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. സാധാരണ വിദ്യാര്ഥികളെക്കാൾ വലുപ്പവും പൊക്കവും ഉള്ള ഒരാളായിരുന്നു നാസിമുദ്ദീൻ. എല്ലാവരും അയാളെ നാസിമുദ്ദീൻ അണ്ണൻ എന്ന് വിളിച്ചു. എല്ലാ സ്കൗട്ട് കേഡറ്റുകളും
നിക്കർ ധരിച്ചപ്പോൾ നാസിമുദ്ദീൻ പാന്റ്സ് ധരിച്ചു. ഒരു സ്കൗട്ട് ആകാൻ
എല്ലാ വിദ്യാർത്ഥികളും കൊതിച്ചു. പക്ഷെ എല്ലാവര്ക്കും ആകാൻ വക്കം പോലൊരു ഗ്രാമത്തിന്റെ സാമ്പത്തികസ്ഥിതി അനുവദിക്കുകയില്ലായിരുന്നു.
യൂണിഫോം, തൊപ്പി, ഷൂസ്, ബ്യുഗിൾ, വിസിൽ, ചരട്, ബെൽറ്റ്, സ്കാർഫ്, ക്ലിപ്പ്, ഷൂസ് തുടങ്ങിയവ വാങ്ങാൻ പണം വേണമായിരുന്നു. ചില വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്ന്
തന്നെ ഇവ നൽകിയിരുന്നു. പക്ഷെ
അവയൊന്നും അവരുടെ ശരീരത്തിന്റെ അളവിൽ ഉള്ളവയായിരുന്നില്ല. അതിനാൽ കഴിവതും യൂണീഫോം കേഡറ്റുകൾ തന്നെ തുണിയ്ക്കുകയായിരുന്നു പതിവ്.'ട്രൂപ് സാവധാൻ' എന്ന് നാസിമുദ്ദീൻ വിളിക്കുമ്പോൾ സ്കൗട്ടുകൾ നിഗൂഢമായ
ആ മുറിയിൽ നിന്ന് വേഷം മാറി ഇറങ്ങി വന്ന് ആ ഇരുണ്ട അങ്കണത്തിൽ
നിരക്കും. 'പരേഡ് സാവധാൻ' എന്നാണ് വിളിക്കുന്നത്. വിശ്രാം എന്ന് പറയുമ്പോൾ കാലുകൾ അകറ്റി കൈകൾ പിന്നിൽ കെട്ടി നിൽക്കണം. പരേഡ് ബായെ മൂഡ് എന്ന് പറയുമ്പോൾ ഇടത്തേക്ക് തിരിഞ്ഞു വലതുകാൽ മുട്ട് നെഞ്ചോളം ഉയർത്തി ചവിട്ടണം. ദഹനേ മൂഡ് എന്ന് പറയുമ്പോൾ വലത്തേക്ക് തിരിഞ്ഞ് ഇടതു കാൽ പൊക്കി ചവിട്ടണം. പീച്ചേ മൂഡ് എന്ന് പറഞ്ഞാൽ പിന്നിലേയ്ക്ക് ഇടതു വശം വഴി തിരിയണം. ദേ ചൽ എന്ന്
പറഞ്ഞാൽ കാലുകൾ ഉയർത്തി വീശി കൈകൾ ആട്ടി മാർച്ച് ചെയ്യണം.
1907 -ൽ
ആണ് ബ്രിട്ടീഷ് ആർമി ഓഫിസറും എഴുത്തുകാരനുമായിരുന്ന ബേദൻ പോവൽ ബോയ്സ് സ്കൗട്ട് സ്ഥാപിക്കുന്നത്. ലോകത്തെമ്പാടുമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക്
സൈനികമായി അച്ചടക്കം ലഭിക്കുന്നതിനും അതിജീവനത്തിന്റെ പാഠങ്ങൾ പഠിക്കുന്നതിനും പരസ്പരം മനസ്സിലാക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. പെൺകുട്ടികൾക്കായി ഗൈഡ്സ് പ്രസ്ഥാനവും സ്ഥാപിച്ചു. വക്കം സ്കൂൾ സ്ഥാപിതമാകുന്ന
അതെ സമയത്താണ് സ്കൗട്ട് സ്ഥാപിതമായതെങ്കിലും
ഏകദേശം എഴുപതുകൾ ആകുമ്പോൾ മാത്രമാണ് വക്കം സ്കൂളിൽ സ്കൗട്ട്
പ്രസ്ഥാനം ശക്തിപ്പെടുന്നത്. അതിനുള്ള പ്രധാനകാരണം നാസിമുദ്ദീൻ എന്ന യുവാവിന് ആ പ്രസ്ഥാനത്തോടുള്ള അർപ്പണബോധവും ചെറിയ
കുട്ടികളെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാനും അവരെ പഠിപ്പിക്കാനുള്ള മനസ്സുമായിരുന്നു. എല്ലാവര്ക്കും സ്റ്റാഫ് എന്ന പേരിൽ ഒരു മുളവടി നൽകും. ഏത് സാഹചര്യത്തിലും അതിജീവിക്കുന്നതിനു വേണ്ടിയുള്ള ഉപകരണങ്ങളിൽ പ്രധാനമാണ് ആ വടി. അത്
പോലെ തന്നെ പ്രധാനമായിരുന്നു ഒരു ചരട്. ആ ചരട് കൊണ്ട്
വിവിധങ്ങളായ കെട്ടുകൾ ഇടുന്നതിനും അഴിക്കുന്നതിനും പഠിപ്പിക്കും. കൂടാതെ രണ്ടു വടികളുടെയും ചരടുകളുടെയും സഹായത്തോടെ ഒരു കൂടാരം കെട്ടിയുയർത്താൻ പഠിപ്പിക്കും. കത്തി, തീ തുടങ്ങിയവയുടെ ഫലപ്രദമായ
ഉപയോഗവും പഠിപ്പിക്കും. സ്കൗട്ടുകളെ ഇതര
സ്കൂളുകളില്ലേ സ്കൗട്ടുകൾ കൂടി
വന്നു ചേരുന്ന ക്യാമ്പുകളിൽ കൊണ്ടുപോകുന്നതും നാസിമുദ്ധീൻ ആയിരുന്നു.
പത്താം
ക്ളാസ് കഴിയുന്നതോടെ നാസിമുദ്ദീൻ സ്കൗട്ടിലെ ഒരു
രണ്ടാം നിര നേതൃത്വത്തെ ഉയർത്തിക്കൊണ്ടു വന്നിരുന്നു. സുഭാഷിണി ടീച്ചറുടെ മകനായ കിട്ടു എന്ന് വിളിക്കപ്പെടുന്ന കൃഷ്ണകുമാർ ആയിരുന്നു തുടർന്ന് വന്ന ഏറ്റവും ശക്തനായ സ്കൗട്ട് ലീഡർ.
മനോജ് ഗോപിനാഥൻ, മനു ഗോപിനാഥൻ തുടങ്ങിയവർ സ്കൗട്ടിൽ ഉണ്ടായിരുന്നു.
കിട്ടു ലീഡര്ഷിപ് ഏറ്റെടുത്തെങ്കിലും നാസിമുദ്ദീൻ സ്കൗട്ട് പരിശീലനം
നടക്കുന്ന ദിവസങ്ങളിലെ സായാഹ്നങ്ങളിൽ സ്കൂളിൽ എത്തുകയും
സ്കൗട്ട് യൂണിഫോം ധരിച്ചു കുട്ടികൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. സ്കൗട്ടുകൾ സ്കൂളിൽ ഏറ്റവുമധികം സജീവമാകുന്നത് യുവജനോത്സവത്തിനും കായികോത്സവത്തിനും ആണ്. വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കം സ്ഥാപിക്കുന്നതിനും സ്റ്റേജിനു മുന്നിൽ കുട്ടികൾക്കും നാട്ടുകാർക്കും ഇരിക്കുന്നതിന് വേണ്ടി ബെഞ്ചുകൾ പിടിച്ചിടുന്നതിനും വെള്ളം കൊണ്ട് വരുന്നതിനും ഒക്കെ സ്കൗട്ടുകൾ മുന്നിട്ടിറങ്ങുമായിരുന്നു.
എല്ലാവരെയും ഞെട്ടിച്ചത്, നാസിമുദ്ദീൻ സ്കൂളിൽ നിന്ന്
പാസായി, ഗൾഫിൽ ജോലിയായി പോയതിനു ശേഷം വക്കം സ്കൂളിന്റെ പ്ലാറ്റിനം
ജൂബിലി ആഘോഷങ്ങൾ നടക്കുന്ന വേളയിൽ ലീവെടുത്ത് തിരികെ വന്ന് സ്കൗട്ട് യൂണിഫോം
ധരിച്ചു നിന്ന് ഒരു പട്ടാള കമാണ്ടർ എന്ന പോലെ സ്കൂളിലെ സ്കൗട്ടുകളെ സേവന സന്നദ്ധരാക്കി എന്നതാണ്. പിന്നെ നാസിമുദ്ദീൻ എന്ന വ്യക്തിയെക്കുറിച്ചു ഒരു അറിവുമില്ല. വക്കം സ്കൂളിന്റെ ചരിത്രത്തിൽ
ഒരിക്കലും മറക്കാനാവാത്ത ഒരു വ്യക്തിയാണ് നാസിമുദ്ദീൻ എന്ന സ്കൗട്ട് ലീഡർ.
എല്ലാ
സ്കൂളുകളിലും ലെജെൻഡുകൾ ഉണ്ടാകും. അവർ പഠിച്ചിട്ടു വെറുതെ പോകുന്ന വിദ്യാർഥികൾ അല്ല. എക്കാലത്തേയ്ക്കും ഓർമ്മിക്കാൻ വേണ്ട പലതും അവശേഷിപ്പിച്ചു പോകുന്നവരാണവർ. കേവലം കുരുത്തക്കേടുകൾ കാട്ടി ചരിത്രത്തിൽ ഇടം നേടുന്ന വിദ്യാർഥികൾ ഉണ്ട്. പക്ഷെ വക്കം സ്കൂളിലെ ലെജെൻഡുകൾ
കളിയിലും കാര്യത്തിലും കന്നംതിരിവിലും ഒന്നാം സ്ഥാനത്തായിരുന്നു. അങ്ങനെയുള്ള ഒരു മഹാപ്രതിഭയായിരുന്നു കൊച്ചുകള്ളൻ എന്നറിയപ്പെടുന്ന ബൈജു. കൊച്ചുകള്ളന് അങ്ങനെയൊരു പേര് കിട്ടാൻ പ്രത്യേകിച്ച് കളവൊന്നും കുട്ടിക്കാലത്ത് നടത്തിയിട്ടല്ല. എന്റെ കള്ളാ എന്ന് അരുമയോടെ ആളുകൾ കുട്ടികളെ വിളിക്കാറുണ്ടായിരുന്നു. കള്ളി, കള്ളിച്ചി എന്നീ വാക്കുകൾ ആളുകൾ പരസ്പരം അരുമയായി, പ്രത്യേകിച്ച് എന്തെങ്കിലും കാര്യംസാധിക്കണമെങ്കിൽ, വിളിച്ചിരുന്നു. അതിനാൽ കൊച്ചുകള്ളൻ കൊച്ചുകള്ളനായത് ഒരു ചെല്ലപ്പേര് കാരണമാകണം. പുത്തൻനടയിൽ, കണ്ണുനീരിയിലേയ്ക്ക് പുന്നക്കുട്ടത്തിലൂടെ ഡാങ്കെ മുക്ക് വഴി കടന്നു ചെല്ലുന്ന രണ്ടു ഇടവഴികൾ ഉണ്ട്. വക്കത്തെ ഇടവഴികളെക്കുറിച്ചു പറഞ്ഞാൽ തീരാത്ത കഥകൾ ഉണ്ട്. അതിനാൽ നമുക്ക് തത്കാലം കൊച്ചുകള്ളനെ പിന്തുടരാം. ആ ഇടവഴികൾ ഒന്ന്
തുടങ്ങുന്നതിനടുത്താണ്
റേഡിയോ കിയോസ്ക്ക്. കുമാരു മേശിരിയുടെയും കുഞ്ഞിരാമൻ മുതലാളിയുടെയും ഒക്കെ വീടുകളുടെ അതിരു ചെന്ന് മുട്ടുന്നു എന്ന് തോന്നുന്നിടത്താണ് സ്റ്റേജ്. അതിനു കിഴക്ക് വശത്തായിട്ടാണ് നടരാജൻ മാസ്റ്ററുടെ ചായക്കട.
നടരാജൻ
മാസ്റ്റർക്ക് മൂന്നു മക്കൾ. അതിൽ ഏറ്റവും ഇളയവനാണ് ബൈജു അഥവാ കൊച്ചുകള്ളൻ. നടരാജൻ മാസ്റ്ററുടെ കാലിൽ കൈതക്കൂട് എന്നൊരു തരം വളർച്ചയുണ്ടായിരുന്നു. വലിയ അരിമ്പാറകൾ പോലെ. അതിനാൽ അദ്ദേഹം കടയിൽ നിന്ന് അധികം ദൂരെയെങ്ങും പോയില്ല. സിനിമാ നടൻ ജോസ്പ്രകാശിനെപ്പോലെയോ കാഥികൻ സാംബശിവനെപ്പോലെയോ ഒക്കെയായിരുന്നു നടരാജൻ മാസ്റ്ററെ കണ്ടാൽ. പുത്തൻ നടയിൽ വരുന്നവർ നടരാജൻ മാസ്റ്ററെ കാണാതെ, അവിടെ നിന്നൊരു ചായ കുടിക്കാതെ പോകില്ല. പുത്തൻ നടയിലെ മൈതാനം വക്കത്തുകാരുടെ ഹൈഡ് പാർക്കാണ്. അവിടെ ആർക്കും വന്നു അവരുടെ അഭിപ്രായം പറയാം. പ്രസംഗിക്കാം. ചീട്ടുകളിക്കാം. വോളീബാൾ കളിക്കാം. വെറുതെ സൊറ പറഞ്ഞിരിക്കാം. കുട്ടികളാണെങ്കിൽ ശീവേലിയ്ക്ക് കൊടിപിടിക്കാം. ക്ഷേത്രച്ചുമരിലെ ആയിരം കൽ വിളക്കുകളിൽ തിരി
തെളിയിക്കാം. പുത്തൻ നടയിൽ ചെന്നാൽ നിങ്ങൾക്ക് സമയം പോകുന്നത് അറിയില്ല. കുട്ടിക്കാലത്ത് തന്നെ കൊച്ചു കള്ളൻ വീട്ടിൽ ചെലവഴിക്കുന്ന സമയത്തേക്കാൾ ഏറെ പുറത്തായിരുന്നു ചെലവഴിച്ചിരുന്നത്. കൊച്ചു കള്ളന്റെ പ്രശസ്തി നാട് മുഴുവൻ പരന്നത് പുത്തൻ നടയിലെ വോളീബാൾ കോർട്ടിൽ നന്നായി വോളീബാൾ കളിക്കുന്നത് കൊണ്ടായിരുന്നു. എന്നാൽ അത് കൊണ്ട് മാത്രമായിരുന്നില്ല. വക്കത്ത് എവിടെയെങ്കിലും ചെറിയ കശപിശയുണ്ടായാൽ അതിൽ കൊച്ചു കള്ളൻ ഉണ്ടാകും. അങ്ങനെ കൊച്ചു കള്ളൻ ചെറിയൊരു ആന്റി ഹീറോ പരിവേഷവുമായാണ് വക്കം സ്കൂളിൽ പഠിച്ചിരുന്നത്.
സ്പോർട്സിൽ മിടുക്കനായത് കൊണ്ടായിരിക്കണം കൊച്ചു കള്ളൻ വക്കം സ്കൂളിൽ ഒരുപാട്
വർഷങ്ങൾ പഠിച്ചിരുന്നത് പോലെ എല്ലാവര്ക്കും തോന്നിയിരുന്നു.
കൊച്ചു
കള്ളൻ കെ എസ് യുക്കാരനായിരുന്നു.
കോൺഗ്രെസ്സുകാരൻ ആയത് വേറൊന്നും കൊണ്ടല്ല; അന്ന് കൊണ്ഗ്രെസ്സ് ആണ് പ്രധാനപാർട്ടി. വക്കം പുരുഷോത്തമനാണ് പ്രധാന നേതാവ്. പുത്തൻ നടയിൽ പക്ഷെ ജനാധിപത്യമുണ്ടായിരുന്നു. കലപ്പയേന്തിയ കർഷകൻ, നിലമുഴുവുന്ന കർഷകൻ, പശുവും കിടാവും, രണ്ടില, കൈപ്പത്തി തുടങ്ങിയ മാറിമാറി വരുന്ന കൊണ്ഗ്രെസ്സ് ചിഹ്നങ്ങളിൽ എല്ലാം കൊച്ചു കള്ളൻ ആകൃഷ്ടനായി. ചില മതിലുകളിൽ ഇതിനെയൊക്കെ ഒന്ന് ബാലൻസ് ചെയ്യുന്നതിനായിട്ടാകണം അരിവാളും നെൽക്കതിരും, അരിവാൾ ചുറ്റിക നക്ഷത്രവും, മൺവെട്ടിയും മൺകോരികയും ഒക്കെ വരച്ചു വെച്ചിരുന്നു. പിന്നെ ഒരു ഉദയസൂര്യൻ വന്നു. അന്ന് ആ ചിഹ്നത്തിൽ മത്സരിച്ചത്
അണയിലെ ദേവരാജൻ എന്ന വ്യക്തിയായിരുന്നു. എസ് എൻ ഡി പി
യുടെ പിന്തുണയുള്ള ഒരു കൊണ്ഗ്രെസ്സ് ഫ്രാക്ഷൻ ആയിരുന്നു ഉദയസൂര്യൻ എന്ന ചിഹ്നം സ്വീകരിച്ചു കൊണ്ട് തെരെഞ്ഞെടുപ്പിൽ ഇറങ്ങിയത്. വക്കം ദേവരാജൻ എല്ലാവര്ക്കും പ്രിയപ്പെട്ട ഒരു വ്യക്തിയായിരുന്നു. കൊച്ചു കള്ളൻ തന്റെ വിശ്വാസം പൂർണ്ണമായും കോൺഗ്രസിൽ അർപ്പിച്ചു കൊണ്ട് കളികളിലും കുരുത്തക്കേടുകളിലും മുഴുകി.
അതുവരെ
മുണ്ടോ പാന്റ്സോ ധരിച്ചു കൊണ്ട് നിന്ന കൊച്ചു കള്ളൻ ഇറുകിയ ചെറിയ നിക്കറും ബനിയനും ധരിച്ചു കൊണ്ട് വോളിബോൾ കോർട്ടിൽ ഇറങ്ങുന്നത് കാണാൻ ഒരു കലയുണ്ടായിരുന്നു. ഒന്നാം നിലയിൽ നിന്ന് പെൺകുട്ടികൾ കൊച്ചു കള്ളനെ നോക്കി അടക്കം പറഞ്ഞു. ആൺകുട്ടികൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കൊച്ചു കള്ളന്റെ ടീമിൽ പുത്തൻ നടയിൽ നിന്ന് തന്നെ വരുന്ന കണ്ണപ്പനും കുട്ടത്തിയും താഹിറും ഒക്കെ ഉണ്ടായിരിക്കും. പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന കണ്ണുകളും പേശികൾ പിടച്ചു നിൽക്കുന്ന കഴുത്തും അവിടെ ഓടിക്കളിക്കുന്ന സ്വനപേടകവും ബലിഷ്ഠമായ കൈകളും ചീറ്റപ്പുലിയുടേത് പോലുള്ള ഉടലുമുള്ള കൊച്ചു കള്ളൻ സർവീസ് ചെയ്യുന്നത് തന്നെ ഒരു കാഴ്ചയാണ്. സർവീസിങ് കഴിഞ്ഞ് അവൻ ഓടി നെറ്റിനടുത്തെത്തും. പിന്നെ ഒരു സ്മാഷ് ആണ്. കുട്ടികളെ മാസ്മരികമായ ഒരു ലോകത്തേയ്ക്ക് പിടിച്ചു കൊണ്ട് പോയിരുന്ന ഒരു കളിക്കാരനായിരുന്നു കൊച്ചു കള്ളൻ. കൊച്ചു കള്ളനൊപ്പം കെ എസ് യുവിലും
കളിക്കളത്തിലെ ശക്തമായ പിന്തുണയുമായി സത്യരാജമുണ്ടായിരുന്നു.
രഘുവരൻ
സാർ പാന്റ്സ് ധരിച്ചു വരുന്ന ദിവസം കുട്ടികൾ ആകപ്പാടെ ഇളകി മറിയും. അവർ എന്തോ പ്രതീക്ഷിക്കുന്നുണ്ട്. അന്ന് സ്കൂളിലെ വോളീബാൾ
ടീമിലുള്ളവരെ സ്കൂളിലെങ്ങും കാണുകയില്ല.
കുട്ടികൾക്കറിയാം എന്താണ് ഉച്ചകഴിയുമ്പോൾ സംഭവിക്കാൻ പോകുന്നതെന്ന്. ഉച്ചതിരിഞ്ഞു ആദ്യത്തെ പിരിയഡ് തുടങ്ങുമ്പോൾ സ്കൂളിന്റെ പൂമുഖത്ത്
ഒരിളക്കം. ക്ളാസിൽ നിന്ന്
കുട്ടികൾ ജനാലകളിൽ അള്ളിപ്പിടിച്ചു കയറി പുറത്തേയ്ക്ക് നോക്കുകയാണ്. അതാ സ്കൂൾ വോളീബാൾ
ടീം. പക്ഷെ അതല്ല പ്രത്യേകത. അവരെല്ലാം ബെൽ ബോട്ടം പാന്റ്സ് ധരിച്ചിരിക്കുന്നു. ഷർട്ട് ഇന്സേര്ട്ട് ചെയ്തിരിക്കുന്നു. ഷർട്ടിന്റെ ബട്ടണുകൾ ഒന്ന് രണ്ടെണ്ണം അലസമായി തുറന്നിട്ടിരിക്കുന്നു. മൂന്നോ നാലോ പേര് വോളീബോളുകൾ പിടിച്ചിരിക്കുന്നു. കൊച്ചു കള്ളൻ അവർക്കിടയിൽ ഒരു സൂപ്പർ സ്റ്റാറിനെപ്പോലെ! അതൊരു കാഴ്ച്ച തന്നെയായിരുന്നു. രഘുവരൻ സാർ തന്റെ നീല പാന്റ്സും നീല ചെക്ക് ഷർട്ടും ധരിച്ച് തിരക്കിട്ടു നടക്കുന്നുണ്ടാകും. പിന്നെ അവർ ഒരു സംഘമായി സ്കൂളിന് പുറത്തേയ്ക്ക്
പോകും.
ഹെഡ്മാസ്റ്ററുടെ
മുറിയിൽ അനേകം ഷീൽഡുകളും ട്രോഫികളും ഇരിപ്പുണ്ട്. അതിലെല്ലാം കൊച്ചു കള്ളന്റെ കൈയടയാളം പതിഞ്ഞിട്ടുണ്ട്. മടവൂർ, ആറ്റിങ്ങൽ, കിളിമാനൂർ, ആലംകോട് തുടങ്ങി അനേകം സ്കൂളുകളിൽ വക്കം
സ്കൂൾ ടീം കൊച്ചു കള്ളന്റെ നേതൃത്വത്തിൽ വോളിബാൾ കളിച്ചിട്ടുണ്ട്. കൊച്ചു കള്ളൻ കളിച്ചെങ്കിൽ ട്രോഫി വക്കത്തിനുള്ളതാണ്. അതൊരു അലിഖിത നിയമം പോലെയായിരുന്നു. ബെൽബോട്ടം പാന്റ്സ് ധരിച്ച സുന്ദരന്മാർ ഷീൽഡും ട്രോഫിയുമായി ചന്തമുക്കിൽ ബസ്സിറങ്ങുന്നത് കാണാം വക്കം ഗ്രാമം മൊത്തം വന്നു നിൽക്കും. കൊച്ചു കള്ളൻ വോളീബാൾ മാത്രമല്ല കളിച്ചത്. ലോങ്ങ് ജംപും ഹൈജംപും ഓട്ടവും ഒക്കെനടത്തി. പക്ഷെ വോളീബാൾ ആയിരുന്നു കൊച്ചു കള്ളന്റെ സാമ്രാജ്യം. ഇതേ കൊച്ചു കള്ളൻ മുണ്ടും ഉടുത്ത് സ്റ്റേജിൽ നിന്ന് സദാശിവൻ സാറിന്റെ കൈയിൽ നിന്ന് ചൂരൽ അടി വാങ്ങുന്നതും വക്കം കണ്ടു. പിന്നെ വർഷങ്ങൾ കഴിഞ്ഞതോടെ കൊച്ചു കള്ളന്റെ പേര് അരുതാത്തവയിൽ കേട്ട് തുടങ്ങി. മദ്യപാനം തുടങ്ങിയതൊടെ കളിയിൽ ശ്രദ്ധ പോയി. പിന്നെ അപചയങ്ങളുടെ നാളുകൾ. ഗൾഫിൽ പോയെന്നു കേട്ടു. നാസിമുദ്ദീനെപ്പോലെ കൊച്ചു കള്ളനും വക്കം സ്കൂളിന്റെ ചരിത്രത്തിൽ
നിറഞ്ഞു നിൽക്കുന്നു. അവർക്ക് പിൽക്കാലത്ത് സംഭവിച്ചതെന്ത് എന്നത് പ്രസക്തമല്ല. അവർ വക്കം സ്കൂളിൽ ഉണ്ടായിരുന്നു
എന്നത് മാത്രമാണ് പ്രസക്തം.
- ജോണി
എം എൽ
Comments
Post a Comment