ചല്ലപ്പള്ളി സ്വരൂപ റാണിയുടെ മൂന്നു കവിതകൾ
(ചല്ലപ്പള്ളി സ്വരൂപ റാണി
ഇത്തിരിപ്പൂവേ
ചുവന്നപൂവേ
ഞാനൊരു പൊന്മാനാണ്
മുള്ളുകളിൽ
കുരുങ്ങി
വേദനപ്പെടുന്ന
പൊന്മാൻ.
ഞാനൊന്ന് അനങ്ങിയാൽ
മുള്ളുകൾ കുത്തുന്നത് എന്നെ.
ഈ മുള്ളുകൾ ഇന്നത്തേതല്ല.
തലമുറകളായി
എനിക്കുചുറ്റും വെച്ച
അനങ്ങാപ്പൂട്ടുകളാണവ.
കിണറിനും കുഴിയ്ക്കുമിടയിൽ
എന്നെന്നേയ്ക്കുമായി
കുടുങ്ങിപ്പോയ
എന്നെ അപകടങ്ങൾ എപ്പോഴും വേട്ടയാടുന്നു.
ഞാനൊന്ന് ചോദിച്ചോട്ടെ, ഞാനെന്നാണ്
എന്റെ ജീവിതം ഞാനായി ജീവിച്ചത്?
വീട്ടിൽ, പുരുഷാഹന്ത എന്നെ
ഒരു കവിളത്തടിക്കുന്നു, അപ്പോൾ
തെരുവിൽ ജാതി മേൽക്കോയ്മ
മറ്റേക്കവിളത്ത്
അടിക്കുന്നു.
വയലിൽ ഞാൻ പണിക്കു
പോയപ്പോൾ
ആസക്തിയാൽ
കണ്ണുപൊട്ടിയ യജമാനൻ
വിയർപ്പോടെ
വരുന്നൊരെന്നെ
വീഴ്ത്തുവാൻ
കാത്തിരിക്കുന്നു.
എനിയ്ക്കു
ഈ ഭൂമിയിൽ
എന്നെത്തന്നെ
വിതയ്ക്കണമെന്നുണ്ട്.
കാലങ്ങളായി
വിദ്യാഭ്യാസം
കിട്ടാതിരുന്ന ഞാൻ
ഒരു ഹോസ്റ്റലിന്റെ മടിയിൽ ചെന്ന് കയറി.
അവിടെയും ഹോസ്റ്റൽ വാർഡന്റെ
കാമാർത്തി
പെരുകിയ നോട്ടം സഹിയാഞ്ഞ്
എന്റെ ദേഹത്തെ മുഷ്ടിയിൽ ചുരുട്ടിപ്പിടിച്ച്
എങ്ങോട്ടെങ്കിലും
എറിഞ്ഞു കളയാൻ
ഞാനാഗ്രഹിച്ച.
ജനിച്ചപ്പോൾ
അവർ പറഞ്ഞു
എനിയ്ക്കു
'കുറിയില്ലെന്ന്;
വളർന്നപ്പോൾ
അവർ പറഞ്ഞു
എനിയ്ക്കു
ജാതിയില്ലെന്ന്,
ആ ഗ്രാമത്തിന്റെ ദുർഗന്ധം പൊറുക്കാതെ
മൂക്കു പൊത്താൻ ഞാൻ ആഗ്രഹിച്ചു.
രതിയ്ക്കു
പോന്ന എന്നെ
ജീവിതത്തിനു
പോരെന്നു അറിഞ്ഞപ്പോൾ
ഏതെങ്കിലും
ഓടയിൽപ്പോയി
ഒളിക്കാൻ ഞാൻ ആഗ്രഹിച്ചു.
ഈ ദുരിതത്തോടെല്ലാം സമരം ചെയ്തു
രണ്ടക്ഷരം
ഞാൻ പഠിച്ചപ്പോൾ
ഒരു തൊഴിലെനിക്കു കിട്ടിയപ്പോൾ
ഓഫിസിലേക്കുള്ള
വഴിയിൽ ഞാൻ കേട്ടു
കുശുകുശുപ്പുകൾ,
"സംവരണ വിഭാഗം?"
ഈയമുരുക്കിയൊഴിച്ച്
കാതുകളടയ്ക്കാൻ
ഞാൻ ആഗ്രഹിച്ചു.
ക്ഷമ നശിക്കുമ്പോൾ
ഒരു പുൽത്തുമ്പിനു പോലും
ഒരു സൂചിപോലെ കുത്താൻ കഴിയും.
എനിയ്ക്കിനി
ഓടാനുള്ള ക്ഷമയില്ല,
ഇനി ഞാനെന്റെ ജീവിതത്തെ
ദുരിതജ്വാലകളിൽ
കഴുകിയെടുക്കും
ഒരിത്തിരിപ്പൂ
പോലെ, ചുവന്ന പൂ പോലെ
പൂത്തു നിൽക്കും.
ഒരു നദിയെപ്പോലെ
കഠിന വനങ്ങളെ പിന്തള്ളി
ഞാൻ ഒഴുകിപ്പോകും.
തെലുങ്കിൽ
നിന്ന് ഇംഗ്ലീഷിലേക്കു മൊഴിമാറ്റം: പി ഹരി
പദ്മ റാണി
ഇംഗ്ലീഷിൽ
നിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം: ജോണി എം എൽ
ചരിത്രത്തിൽ
നിരോധിക്കപ്പെട്ടവർ
കേവലമൊരു ഭ്രൂണമായിരിക്കവേ തന്നെ
തൊട്ടുകൂടാത്തവളെന്ന്
ഞാൻ മുദ്ര കുത്തപ്പെട്ടു.
നീചജാതിയുടെ
ചാപ്പയടിച്ചാണ് ഞാൻ പിറന്നത്.
ജനിച്ച ആ നാളിൽത്തന്നെ
അശുദ്ധയെന്ന്
അവരെന്നെ തിരിച്ചറിഞ്ഞു
അന്ധവിശ്വാസങ്ങളുടെയും
അർത്ഥമില്ലാത്ത
ആചാരങ്ങളുടെയും
ഓടയിലേക്ക്
അവരെന്നെ വലിച്ചെറിഞ്ഞു,
എനിയ്ക്കവർ
ജീവിതം നിഷേധിച്ചു.
ആഹ്ലാദഗായനങ്ങളാലും
സ്നേഹത്താലും
നിറയേണ്ട എന്റെ ബാല്യം ഇന്നിതാ
മ്ലാനരാഗങ്ങൾ
പാടുന്നു,
മുള പൊട്ടുക പോലും ചെയ്യും
മുൻപേ.
മാതാപിതാക്കളുടെ
സ്നേഹലാളനങ്ങളാൽ
നനയേണ്ട എന്റെ യൗവനം
ഇതാ 'കമ്പോളത്തിലെ ഒരു പാവ'
എന്ന് അവതരിപ്പിക്കപ്പെടുന്നു,
ക്ഷേത്രത്തിലെ
ദേവി പോലും
അതിനു ദൃക്സാക്ഷിയാകുന്നു.
നാണം കേട്ട ആധുനിക യുഗത്തിൽ
നമ്മളെയവർ
നഗ്നരായി
തെരുവിൽ എഴുന്നള്ളിക്കുന്നു
ഇവിടെയാണ്
അവർ നമ്മളെ
ബലം പ്രയോഗിച്ചു മലം തീറ്റിയത്
നമ്മുടെ യുവാക്കളെ അടിച്ചു കൊന്നത്,
ആ യുഗത്തിൽ എന്റേത്
ദുഖങ്ങളുള്ള ഒരു സാധാരണകഥ
മാത്രം.
യുഗങ്ങളുടെ
അവഗണനയും
തലമുറകളുടെ
ജുഗുപ്സയും
ഞാൻ സഹിക്കുകയായിരുന്നു.
ഈ ഭൂമിയിൽ ഞാൻ കണ്ണ്
തുറക്കും മുൻപ്
എന്റെ (ശരിക്കുള്ള) പാരമ്പര്യ അവകാശമായ
'തേവിടിശ്ശി'
എന്ന പദവി ഞാൻ
ആസ്വദിക്കുകയായിരുന്നു.
ശിലായുഗങ്ങളിലെയ്ക്ക്
ഈ സൈബർ വിപ്ലവം ലജ്ജിച്ചു
തലതാഴ്ത്തേ
ഈ മഹത്തായ രാജ്യത്തിന്റെ ചരിത്രത്തിലെ
ഏത് അധ്യായത്തിലാണ്
എന്റെ കഥ ഒരല്പം
ഇടം നേടുന്നത്.
തെലുങ്കിൽ
നിന്ന് ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം: പി. ഹരി
പദ്മ റാണി
ഇംഗ്ലീഷിൽ
നിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം: ജോണി എം എൽ
മലരും മുള്ളും
ഫൂലൻ
എന്റെ തൃണപുഷ്പ സൗന്ദര്യമേ!
ഭൂമിയുടെ നിമ്നോന്നതങ്ങളിലൂടെ
ഒരു അഗാധോന്നത ഖഡ്ഗം പോലെ
നീ നിവർന്നു നടക്കുമ്പോൾ
നിന്റെ ജീവിതത്തെ ചൂഴ്ന്നു നിന്ന
ഇരുളിന്റെ കീചകരെ നീ കശാപ്പു ചെയുമ്പോൾ
ചമ്പൽത്താഴ്വര നിന്റെ ധീരതയെ
സലാം വെച്ചിരുന്നു.
വെടിയുണ്ടകളുടെ അരഞ്ഞാണം അണിഞ്ഞ്
തടിച്ചു കൊഴുത്ത ബെഹ്‌മായിയിലൂടെ
നീ പട്ടാളച്ചിട്ടയിൽ മുന്നേറുമ്പോൾ
യജമാനന്റെ വൈക്കോൽക്കൂനയിൽ
അമർന്നു പോയ, ചെളിപിടിച്ചു
പൊട്ടിയ എന്റെ ചുണ്ടുകൾ
ആർത്തിയോടെ നിന്റെ ചുവന്ന ബൂട്ടുകളെ ചുംബിച്ചു.
ഞങ്ങളെ ആ ഒരു 'അവയവം' മാത്രമല്ലാതെ
ശരീരവും മനസ്സും മേളിക്കുന്ന മനുഷ്യരായി
കാണുവാൻ കഴിയാത്ത മനുവിന്റെ
ആ പ്രിയപ്പെട്ട അംഗത്തിനെ നീ
ഒരു മരകായുധം പോലെ അരിഞ്ഞെടുത്തപ്പോൾ
എന്റെ കരിപിടിച്ച ആകാശം ചുവന്നു തുടുത്തു.
ഞങ്ങളുടെ ചാരിത്ര്യ ഗുണത്തിനും ജീവിതങ്ങൾക്കും
വില നിശ്ചയിക്കുന്ന ഖാപ് പഞ്ചായത്തിലെ
അമ്മാവന്മാർ പത്രം വായിച്ചു ഞെട്ടി
നീ ഉത്തര ഗ്രാമാന്തരങ്ങളിൽ
മോശയുടെ പഴയ നിയമങ്ങൾ ഉടയ്ക്കുകയായിരുന്നു
നിയമം നിന്റെ കൈപ്പിടിയിൽ അമരുകയായിരുന്നു.
ഫൂലൻ സിങ്! ഫൂലൻ ദേവീ!
എന്റെ ധീര ധ്വജമേ
എന്റെ ശമിച്ച മുറിവുകളെ
നിന്റെ മരണം ചുഴറ്റി ഉണർത്തുകയാണ്
ജീവനറ്റു നിലത്തുവീണ നിന്റെ ശരീരം
എന്റെ ഹൃദയത്തോട് കുശലം പറയുന്നു.
നമ്മളെ മനുഷ്യരായി കാണാൻ കഴിയാത്ത വ്യവസ്ഥയിൽ
ഒന്നും സംഭവിച്ചില്ലെന്ന വ്യാജേന
ഇനി തുടരേണ്ടതില്ല
അവർക്കു നമ്മളെ കള്ളന്മാരും
ദുർമന്ത്രവാദിനികളും അല്ലെങ്കിൽ
മാതംഗിമാരായുമേ കാണാനാകൂ.
സ്വരക്ഷയ്ക്കു വേണ്ടി മുൾക്കിരീടമണിയുന്ന
അന്ധറോസാപൂവിനെപ്പോലെ
ഇവിടെ ഫൂലൻ ദേവിമാരും
മദ്ദിക്കര മാർത്തമ്മമാരും
തീർച്ചയായും നടക്കുന്ന ആയുധപ്പുരകളാകണം.
തെലുങ്കിൽ നിന്ന് ഇംഗ്ലീഷിലേക്കു മൊഴിമാറ്റം: ഷീല സ്വരൂപ റാണി
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്ക്: ജോണി എം എൽ

Comments
Post a Comment