മൃതലോകത്തിലെ ചിരഞ്ജീവികളുടെ അമൃതഭാഷണം: കെ ടി മത്തായിയുടെ 'തറവാട്' ചിത്രത്തെക്കുറിച്ച്
(Artist Mathai KT) മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കുന്നവരുടെ ലോകമാണ് കെ ടി മത്തായി എന്ന ചിത്രകാരന്റെ സൃഷ്ടികളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തെളിഞ്ഞു കാണുന്നത്. പരിചിതമായ ലോകത്തിന്റെ പശ്ചാത്തലം വിടുർത്തിയിടുന്ന അടരുകളിലേയ്ക്ക് സൂക്ഷ്മയാനം നടത്തുമ്പോൾ കണ്ടുമുട്ടുന്ന മനുഷ്യരെല്ലാം ജനിമൃതികൾക്കിടയിലുള്ള ഏതോ ഇടങ്ങളിൽ അവനവൻ കടമ്പകൾ കടക്കുന്നതായും ഭൂമിയിൽ ജീവിച്ചിരുന്ന വേളയിൽ അവർ ചെയ്തതെല്ലാം തുടർന്ന് ചെയ്യുന്നതായും കാണാൻ കഴിയുന്നു. 'ചാമ്പലും എല്ലും ജലവുമായി നട്ടുച്ച നേരത്ത് എത്തുന്ന വേതാളങ്ങൾ' എന്ന് കവി (ചുള്ളിക്കാട്) പണ്ട് എഴുതിയിട്ടുള്ള 'ഭൂതായനങ്ങളുടെ' ഇരുപുറത്തുമുള്ള കാഴ്ചകളാണ് മത്തായിയുടെ 'നോബഡീസ് സീയൻസ്' എന്ന പരമ്പരയിലെ ചിത്രങ്ങളിലെ കർമ്മരംഗം തെളിയിക്കുന്നത്. (Nobody's Seance by Mathai KT and details) മത്തായി തന്റെ ചിത്രങ്ങളുമായി രംഗത്ത് വരുന്ന തൊണ്ണൂറുകളിൽ, ഗ്രാമരംഗങ്ങളിൽ കടന്നു കയറിക്കൊണ്ടിരിക്കുന്ന യന്ത്രക്കയ്യുകൾ തുരന്നെടുത്ത കുന്നിൻ പള്ളകളുടെ ഭയാനകമായ മുറിവുകളും അവയെ ശമനൗഷധങ്ങൾ കൊണ്ട് ലേപനം ചെയ്തു ആശ്വസിപ്പിക്കാൻ നിൽക്കുന്ന മരങ്ങളും നീല നിറമുള്ള പുഴകള...