അത്ഭുതലോകത്തിലെ അനുപമ ഏലിയാസ്
(അനുപമ ഏലിയാസ്) 1997 - ൽ ആണ് യൂഗോസ്ലാവിയൻ കലാകാരിയായ മറീനാ അബ്രോമോവിക് ' ബാൾക്കൻ ബറോക്ക് ' എന്ന പെർഫോമൻസ് അമേരിക്കയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ അവതരിപ്പിക്കുന്നത് . ബോസ് നിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തന്റെ ആത്മവത്തയെ ക്രൂരമാം വിധം പരിശോധനയ്ക്ക് വിധേയമാക്കുകയാണ് പെർഫോമൻസ് കലയുടെ ' അമ്മ എന്ന് വിളിക്കാവുന്ന അബ്രമോവിക്ക് ഈ പെർഫോമൻസിൽ . അവരുടെ അച്ഛനും അമ്മയും ഒരു എലിപിടുത്തക്കാരനും ഒക്കെ ഇതിന്റെ വീഡിയോ പശ്ചാത്തലത്തിലെ കഥാപാത്രങ്ങളാകുന്നു . വേദിയിൽ അബ്രോമോവിക് കശാപ്പുചെയ്യപ്പെട്ട കന്നുകാലികളുടെ രക്തവും മാംസവും പുരണ്ട എല്ലുകൾ കഴുകി വൃത്തിയാക്കുകയാണ് . ലേഡി മാക്ബെത്ത് കൈകഴുകുന്നത് ഡങ്കൻ രാജാവിനെ കൊലയ്ക്ക് കൊടുത്തതിന്റെ പാപക്കറ മായാനാണ് . അറേബിയയിലെ മുഴുവൻ സുഗന്ധവും കൊണ്ടുവന്നാലും ആ കൈകൾ വൃത്തിയാകില്ലെന്നും അവൾക്കിനി ഉറങ്ങാൻ കഴിയില്ല കാരണം അവൾ നിഷ്കളങ്കമായ ഉറക്കത്തെ കൊന്നുകളഞ്ഞവളാണെന്നും ഷേക് സ് പിയർ പറയുന്നു . അബ്രോമോവിക്കിൽ ആ ദുരന്തബോധത്തിന്റെ അലകളുണ്ട് . ഇങ്ങു കേരളത്തിൽ , എറണാകുള...